ആധുനികശാസ്ത്രമാണ് അറിവിലേയ്ക്കുള്ള ഏകവഴിയെന്നത് ശുദ്ധതട്ടിപ്പ്.

നാട്ടുവിജ്ഞാനങ്ങളോട് കമ്പനികളുടെ സ്വകാര്യവല്‍കൃതമായ പരീക്ഷണശാലാ ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള്‍ക്ക് പലപ്പോഴായി അടിയറവു പറയേണ്ടി വന്ന സാഹചര്യത്തിലാണ് പരമ്പരാഗത അറിവുകളെ മൊത്തം പുച്ഛിച്ച് അവയൊന്നും തന്നെ അറിവല്ല എന്നു സ്ഥാപിക്കുന്നതിന് സംഘടിതവും ബോധപൂര്‍വ്വവുമുള്ള ആക്രമണം ആഗോള തലത്തില്‍ തന്നെ കമ്പനികളുടെ സംരക്ഷണത്തില്‍ ശക്തമാകുന്നത്. കേരളത്തില്‍ നവ യുക്തിവാദികള്‍, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അമരത്തിരിക്കുന്ന അലോപ്പതിമാത്ര വാദികള്‍ എന്നിവരാണ് കമ്പനി ശാസ്ത്രത്തിന്റെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നവര്‍. അറിവ് എന്നതിന് അവര്‍ നല്‍കുന്ന നിര്‍വ്വചനം പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് , പരീക്ഷണശാലയില്‍ ഗവേഷകന്‍ നിര്‍മ്മിക്കുന്ന ‘ശാസ്ത്രീയ ‘അറിവുകള്‍ മാത്രമാണ്.

നാടാകെ വസൂരി പടരുന്ന കുംഭം മീനം വേനല്‍ നാളുകളില്‍, മഞ്ഞള്‍ പിഴിഞ്ഞ മുണ്ടുടുത്ത് , തലയില്‍ വേപ്പിലയും വര്‍ണ്ണപ്പൂക്കളും നിറച്ച കുടവുമായി നൃത്തമാടിക്കൊണ്ട് , പാണ്ടിമേളത്തോടെ അമ്മന്‍ കോവിലിലെ മാരിയമ്മ ഊരുചുറ്റാനിറങ്ങും. ഗ്യാസ് ലൈറ്റിന്റെ ഇളം മഞ്ഞ വെളിച്ചം, കടുംമഞ്ഞ വസ്ത്രം ചുറ്റിയ അമ്മന്‍ കുടക്കാര്‍ . തലയില്‍ തിളങ്ങുന്ന സ്വര്‍ണ്ണ മഞ്ഞയില്‍ കുടം, അതില്‍ പച്ചയില്‍ നിറഞ്ഞിരിക്കുന്ന ആര്യവേപ്പിലകള്‍, അതില്‍ നിന്ന് ഉയര്‍ന്ന് പല വര്‍ണ്ണങ്ങളില്‍ ഈര്‍ക്കിലില്‍ നൃത്തമാടുന്ന കടലാസുപൂക്കള്‍. അമ്മന്‍ ദേവതകള്‍ക്കു ചുറ്റും കുട്ടികള്‍, മുതിര്‍ന്നവര്‍, തമിഴ് പാണ്ടിമേളക്കാര്‍ , അവര്‍ക്കു ചുറ്റും രാത്രിയുടെ ഇരുട്ടും…..

ഇടശ്ശേരിയുടെ ‘കാവിലെ പാ’ട്ടില്‍ പറഞ്ഞതുപോലെ ‘നൃത്തമാടിയാടി ‘ മാരിയമ്മ മഞ്ഞള്‍പ്രസാദവും മഞ്ഞള്‍ കലക്കിയ വെള്ളവും ആര്യവേപ്പിന്റെ ഇലകളുമായി ഓരോ വീട്ടിലും വരും. മഞ്ഞള്‍പൊടി വിതറി ഭക്തര്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കും. വേപ്പും മഞ്ഞളുമാണ് രോഗ ദുരിതങ്ങളൊഴിക്കാന്‍ അമ്മദൈവമായ ഗോത്രദേവതയുടെ ആയുധങ്ങള്‍ .

ഡങ്കല്‍ ഡ്രാഫ്റ്റ്, ഗാട്ട് കരാര്‍ , ഡബ്ലിയു ടി ഒ ചര്‍ച്ചകള്‍, ഒപ്പു വെയ്ക്കലുകള്‍, തുറന്ന വിപണി, ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കല്‍, പ്രത്യേക സാമ്പത്തിക മേഖല ഇത്യാദി എളുപ്പം പിടിതരാത്ത വിഷയങ്ങള്‍ എവിടെ നിന്നോ നമ്മുടെ ദൈനം ദിന ജീവിതത്തിലേയ്ക്കിറങ്ങി വന്നു ആഗോളീകരണം മോഹനനൃത്തമാടിയ 1990 കളില്‍ ലോക മാധ്യമങ്ങളിലൂടെ നാമറിഞ്ഞു, മാരിയമ്മയുടെ ആര്യവേപ്പും മഞ്ഞളും അമേരിക്കന്‍ കമ്പനി കൈക്കലാക്കിയിരിക്കുന്നു!

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇതേ കാലത്തു തന്നെയാണ് പല രാജ്യങ്ങളിലും നാട്ടു വിജ്ഞാനമായി ഉപയോഗത്തിലുള്ള നിരവധി ഔഷധ സസ്യങ്ങള്‍ക്കുമേല്‍ ബഹുരാഷ്ട്ര കമ്പനികള്‍ ‘ബൗദ്ധിക സ്വത്തവകാശം ‘ എന്ന ലേബലില്‍ പേറ്റന്റ് നേടിയെടുത്തത്. ജൈവചോരണം (Bio Piracy) എന്ന കുപ്രസിദ്ധമായ ഈ അധിനിവേശം ബോധ്യപ്പെടുത്തുന്നത് ഭൂമിയും അധ്വാനവും മൂലധനവും പോലെയോ അവയ്ക്കു മേലെയോ വിലപ്പെട്ടതാണ് അറിവ് എന്നതത്രേ. ‘കൊണ്ടുപോകില്ല ചോരന്മാര്‍, കൊടുക്കുന്തോറുമേറിടു ‘ന്നതാണ് വിദ്യയെന്നും അതിനാല്‍ അത് ‘സര്‍വ്വധനാല്‍ പ്രധാന ‘മെന്നുമുള്ള നാട്ടു ചൊല്ല് തിരുത്തേണ്ടതുണ്ട്. ജൈവ ചോരണമെന്നാല്‍ പരമ്പരാഗത അറിവുകളുടെ പച്ചയായ പകല്‍ക്കൊള്ളയാകുന്നു. വിജ്ഞാന സമ്പദ് വ്യവസ്ഥ (Knowledge Economy)യില്‍ ഏറ്റവുമധികം മൂല്യവത്തായത് അറിവാണ്. അത് ആരാണോ സ്വായത്തമാക്കി പേറ്റന്റിലൂടെ സ്വകാര്യവല്‍ക്കരിക്കുന്നത് അവര്‍ക്കു പിന്നാലെ അധികാരവും സമ്പത്തും വാലാട്ടിക്കൊണ്ടു വരുന്നു. അതുകൊണ്ട് 1492 ല്‍ കൊളമ്പസ് അമേരിക്ക കണ്ടുപിടിച്ചു എന്നതു പോലെ , ആഗോളീകരണത്തിന്റെ ബഹുരാഷ്ട്ര കമ്പനിയുഗത്തില്‍ അറിവിന്റെ വന്‍കരകളില്‍ ആധിപത്യമുറപ്പിക്കുന്നതിനായി ആമസോണ്‍ വനാന്തരങ്ങളിലും വയനാടന്‍ ഗോത്രങ്ങളിലുമുള്ള നാട്ടറിവുകള്‍ കൊള്ള ചെയ്യാനായി എന്‍.ജി.ഒ. വേഷത്തിലും സര്‍വ്വകലാശാലാ ഗവേഷണ രൂപത്തിലും കമ്പനികള്‍ പര്യടനം നടത്തുന്നു.

വര്‍ഷങ്ങള്‍ നീണ്ട നിയമപ്പയറ്റ് വേണ്ടി വന്നു വേപ്പിന്റെ കയ്പും ബസുമതി അരിയുടെ മണവും മഞ്ഞളിന്റെ വീര്യവും നമ്മളില്‍ നിന്നും കവര്‍ന്നുകൊണ്ടുപോയ കമ്പനികളില്‍ നിന്നും, തൊണ്ടിസഹിതം പരമ്പരാഗത ഒസ്യത്ത്, തിരികെ വീണ്ടെടുക്കാന്‍. മഞ്ഞളിന് നേടിയ മൂന്നു പേറ്റന്റുകളില്‍ ഒന്നു മാത്രമാണ് ഇപ്പോഴും റദ്ദാക്കിയിട്ടുള്ളത്. എന്നിട്ടും ഡബ്ലിയു. ടി.ഒ ക്കു ശേഷം 260 ലേറെ സമാന സ്വഭാവമുള്ള ജൈവചോരണ പേറ്റന്റുകള്‍ അവര്‍ സ്വന്തമാക്കി മാറ്റിക്കഴിഞ്ഞുവെന്ന് 1000 ലേറെ നാട്ടുനെല്‍ വിത്തുകള്‍ സംരക്ഷിക്കുന്ന ഡോ. ദെബല്‍ ദേബ് പറയുന്നു. ഇപ്രകാരം അറിവിന്റെ കൊടും കൊള്ളകള്‍ ബയോ ടെക്‌നോളജി പോലുള്ള പുത്തന്‍ സാങ്കേതികവിദ്യകളാകുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് അതീവ കൗശലത്തോടെ നടത്തി വരുമ്പോള്‍, പരമ്പരാഗത ബൗദ്ധിക സ്വത്തിന്റെ മോഷണങ്ങള്‍ക്കെതിരെ ഭൂഗോളത്തിന്റെ തെക്കേ പാതിയില്‍ നിന്നും പ്രതിരോധങ്ങളും പരാതികളും വ്യവഹാരങ്ങളും ശക്തമാകുന്ന സന്ദര്‍ഭത്തില്‍ വേണം ‘അറിവിന്റെ ഏകമാര്‍ഗ്ഗം ആധുനികശാസ്ത്രം മാത്രമാണ് ‘എന്ന വാദത്തെ പരിശോധിക്കേണ്ടത്. ഒരു വശത്ത് വേപ്പ്, മഞ്ഞള്‍ തുടങ്ങിയ അനേകം നിത്യോപയോഗ വിഭവങ്ങളെപ്പറ്റി തലമുറകള്‍ സമ്പാദിച്ചു സ്വരുക്കൂട്ടിയ പരമ്പരാഗത സമൂഹങ്ങളുടെ സ്വകാര്യവല്‍ക്കരിക്കപ്പെടാത്ത അറിവ് . മറുവശത്താകട്ടെ നവ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ജീവകോശങ്ങളെയും തന്മാത്രകളെയും വേര്‍പിരിച്ചു കൊണ്ട് കമ്പനികളുടെ പരീക്ഷണശാലയില്‍ അവരുടെ ശമ്പളം പറ്റുന്ന ഗവേഷകര്‍ നിര്‍മ്മിക്കുന്ന സ്വകാര്യവല്‍ക്കരിക്കപ്പെട്ട അറിവ്. ഒരു വശത്ത് മൂലധനം, അധികാരം, സാങ്കേതികവിദ്യ ഇവകളുടെ ത്രികക്ഷി സഖ്യം. മറുചേരിയില്‍ പരമ്പരാഗത വിജ്ഞാനങ്ങള്‍ മാത്രം കൈമുതലുള്ള നിസ്വരായ നാട്ടുസമൂഹങ്ങള്‍. ഒരു ഭാഗത്ത് പരമ്പരാഗത അറിവ് കൈക്കലാക്കി അതിലേക്ക് മൂലധനത്തെ സന്നിവേശിപ്പിച്ച് , ആ അറിവിനെ പുതിയ അറിവെന്ന വ്യാജ ബോധം വരുത്തി, അതിനെ സ്വകാര്യവല്‍ക്കരിച്ച് കൂടുതല്‍ മൂലധന സമാഹരണത്തിനും അധികാര പ്രയോഗത്തിനുമുള്ള ആയുധമാക്കിത്തീര്‍ക്കുന്നു. മറു ഭാഗത്താകട്ടെ ലോകത്തെങ്ങുമുള്ള സാമൂഹ്യാറിവുകളെ തിരച്ഛീന തലത്തിലും സ്വസമൂഹത്തിന്റെ ആര്‍ജ്ജിതവിജ്ഞാനങ്ങളെ ലംബമാനമായും സംയോജിപ്പിക്കുന്ന മൂലധന നിര്‍മുക്തമായ സാമൂഹിക അറിവ്. ഒരു ഭാഗത്ത് ഒടുങ്ങാത്ത ആര്‍ത്തിയുടെ അധിനിവേശം. എതിര്‍ ദിശയില്‍ ആകട്ടെ പങ്കുവെയ്ക്കലിന്റെയും മിതത്വത്തിന്റെയും സൗഹൃദം.

നാട്ടുവിജ്ഞാനങ്ങളോട് കമ്പനികളുടെ സ്വകാര്യവല്‍കൃതമായ പരീക്ഷണശാലാ ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള്‍ക്ക് പലപ്പോഴായി അടിയറവു പറയേണ്ടി വന്ന സാഹചര്യത്തിലാണ് പരമ്പരാഗത അറിവുകളെ മൊത്തം പുച്ഛിച്ച് അവയൊന്നും തന്നെ അറിവല്ല എന്നു സ്ഥാപിക്കുന്നതിന് സംഘടിതവും ബോധപൂര്‍വ്വവുമുള്ള ആക്രമണം ആഗോള തലത്തില്‍ തന്നെ കമ്പനികളുടെ സംരക്ഷണത്തില്‍ ശക്തമാകുന്നത്. കേരളത്തില്‍ നവ യുക്തിവാദികള്‍, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അമരത്തിരിക്കുന്ന അലോപ്പതിമാത്ര വാദികള്‍ എന്നിവരാണ് കമ്പനി ശാസ്ത്രത്തിന്റെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നവര്‍. അറിവ് എന്നതിന് അവര്‍ നല്‍കുന്ന നിര്‍വ്വചനം പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് , പരീക്ഷണശാലയില്‍ ഗവേഷകന്‍ നിര്‍മ്മിക്കുന്ന ‘ശാസ്ത്രീയ ‘അറിവുകള്‍ മാത്രമാണ്. മലേറിയയ്‌ക്കെതിരെ തദ്ദേശീയ സമൂഹം സിങ്കോണ മരത്തിന്റെ തോല് ചതച്ച് ഉപയോഗിക്കുന്നത് തികച്ചും അശാസ്ത്രീയമെന്ന് ഇക്കൂട്ടര്‍ അവഹേളിക്കും. എന്നാല്‍ ഇതേ നാട്ടറിവ് കോപ്പിയടിച്ച് സിങ്കോണയെ ലാബില്‍ കൊണ്ടുപോയി തന്മാത്രകളാക്കി പേറ്റന്റെടുത്ത് ഒരു കമ്പനി അതു കുപ്പിയിലോ കവറിലോ വെച്ചു പുതിയ പേരിട്ടു മെഡിക്കല്‍ സ്റ്റോറിലെത്തിക്കുമ്പോള്‍ മാത്രമേ അത് അറിവായി, അന്ധവിശ്വാസമല്ലാതായി അവതരിക്കൂ. അറിവ് ശാസ്ത്രീയമാകണമെങ്കില്‍ അതിന് ആദ്യമായി ഒരു ഉടമസ്ഥന്‍ ഉണ്ടാകണം ഉടമ ഒരു വ്യക്തി/ കമ്പനിയാകാത്ത ഒരറിവും ശാസ്ത്രീയമല്ല. അതിനാല്‍ തന്നെ അറിവുമല്ല. സാമൂഹ്യമായ അറിവുകള്‍ എല്ലാം തെളിയിക്കപ്പെടാത്ത വെറും വിശ്വാസങ്ങള്‍ മാത്രമാണ്. അതനുസരിച്ച് വെളിച്ചപ്പാട് നെറ്റിയിലെ മുറിവില്‍ മഞ്ഞള്‍പ്പൊടി പൊത്തുന്നത് ശുദ്ധ അസംബന്ധവും അതുകണ്ട് ഇതേ മഞ്ഞള്‍ ലാബില്‍ കൊണ്ടുപോയി കണികകളാക്കി തരംതിരിച്ചു അതിന് മുറിവുണക്കാനുള്ള ശേഷിയുണ്ടെന്നു പ്രബന്ധമെഴുതി , അത് ശാസ്ത്ര മാസികയില്‍ അച്ചടിച്ച്, വീണ്ടും ഗവേഷകസംഘം തല കുലുക്കി സമ്മതിച്ചാല്‍ മഞ്ഞളിനെപ്പറ്റി ഇതേ വരെയില്ലാത്ത അറിവ് നിര്‍മ്മിച്ചിരിക്കുന്നു , അതിനാല്‍ അതിന് പേറ്റന്റ് എടുക്കാം. ഇനി മുതല്‍ മഞ്ഞള്‍ അധിഷ്ഠിത മരുന്നുകള്‍ ആരെങ്കിലും ഉണ്ടാക്കിയാല്‍ അവര്‍ പേറ്റന്റ് നിയമപ്രകാരം റോയല്‍റ്റി /പിഴയടക്കേണ്ടിവരും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജീവനുമായി നേരിട്ടു ബന്ധമുള്ള കൃഷിയിലും ചികിത്സയിലുമാണ് ശാസ്ത്രീയം അശാസ്ത്രീയം എന്ന കള്ളികളില്‍ അറിവിനെ കെട്ടിയിടുന്നതും അതുവഴി ഈ രംഗത്തുള്ള വൈവിധ്യ സമ്പൂര്‍ണ്ണമായ നാട്ടു വിജ്ഞാനങ്ങളെ ഒന്നാകെ അറിവിന്റെ പട്ടികയില്‍ നിന്നും വെട്ടിക്കളയുന്നതും. ഇതിലൂടെ കമ്പനി ശാസ്ത്ര വക്താക്കള്‍ സാധിച്ചെടുക്കുന്നത് പ്രധാനമായും നാലു ലക്ഷ്യങ്ങളാണ്.

1. പാരമ്പര്യ വിജ്ഞാനങ്ങള്‍ എല്ലാം അബന്ധജഡിലങ്ങളും അറുപഴഞ്ചനും അത്യന്തം അപകടകരങ്ങളുമായ അന്ധവിശ്വാസങ്ങളാണെന്നു നാട്ടു സമൂഹങ്ങളെ ധരിപ്പിക്കുക. തദ്ദേശീയ സമൂഹങ്ങള്‍ക്ക് അവരുടെ പരമ്പരാഗത അറിവിന്മേലുള്ള വിശ്വാസവും അതു വഴിയുള്ള ഉപയോഗവും പാടെ നിരുത്സാഹപ്പെടുത്തുക. പാരമ്പര്യ സമൂഹങ്ങള്‍ ഒന്നും തന്നെ അറിവു നിര്‍മ്മാണത്തില്‍ ഒരു വിധത്തിലും യോഗ്യരല്ല എന്ന അപകര്‍ഷത സൃഷ്ടിച്ച് നാട്ടു സമൂഹങ്ങളെ തദ്ദേശീയ അറിവിന്റെ തലമുറയായുള്ള കൈമാറ്റത്തില്‍ നിന്നും അതിന്റെ കാലോചിതമായ പരിഷ്‌ക്കരണ സംരക്ഷണാദികളില്‍ നിന്നും അകറ്റിയോടിക്കുക.

2. ഇപ്രകാരം പരമ്പരാഗത സാമൂഹ്യവിജ്ഞാനങ്ങളെ അനാഥമാക്കുന്നതിലൂടെ, അവയ്ക്കു മേല്‍ തദ്ദേശീയ ജനത ഉയര്‍ത്തിയേക്കാവുന്ന ബൗദ്ധിക സ്വത്തവകാശത്തിനു തടയിടുക. അതു വഴി റോയല്‍റ്റി പോലും നാട്ടു ജനങ്ങള്‍ക്ക് നല്‍കാതെ, നാട്ടു വിജ്ഞാനങ്ങള്‍ തട്ടിയെടുത്തു കൊണ്ട് , ജൈവചോരണത്തിന്റെ ചോരക്കറ ആരാരും കാണാതെ കഴുകിക്കളത്ത് മോഷണക്കുറ്റത്തില്‍ നിന്നും രക്ഷപ്പെടുക.

3. അറിവുല്പാദനത്തിന്റെ ഒരേയൊരു മാര്‍ഗ്ഗം പരീക്ഷണശാലാ ശാസ്ത്രത്തിന്റെ രീതിശാസ്ത്രമാണെന്നും അതിനു യോഗ്യര്‍ പിച്ഡി ക്കാര്‍ മാത്രമാണെന്നും സ്ഥാപിക്കുക വഴി, അറിവ് നിര്‍മ്മാണത്തെ ഗവേഷണത്തിനുള്ള കോര്‍പ്പറേറ്റ് ഫണ്ടിങ്ങുമായോ സര്‍വ്വകലാശാലകളുമായോ കൊളുത്തിയിടുക. അങ്ങനെ അറിവ് നിര്‍മ്മാണമെന്നത് തികച്ചും കേന്ദ്രീകൃതവും വ്യക്തിപരവും സ്വകാര്യവും മൂലധനാധിഷ്ഠിതവുമാക്കി മാറ്റിക്കൊണ്ട് അറിവിന്റെ സാമൂഹിക പങ്കാളിത്തവും സാമൂഹികാനുഭവ പ്രസക്തിയും നിഷേധിക്കുക.

4. അറിവു നിര്‍മ്മാണത്തെ ഭരണകൂടം, മൂലധനം എന്നിവയാല്‍ സംഖ്യം ചെയ്ത് സ്ഥാപനവല്‍ക്കരിക്കുന്നതിലൂടെ അറിവുല്പാദകര്‍ ആയ ന്യൂനപക്ഷ വിദഗ്ധരുടെ അടിമകളായി ജനങ്ങളെ മാറ്റിത്തീര്‍ക്കുക. ഇപ്രകാരം അറിവിനെ അധികാരപ്രയോഗത്തിന്റെ അവയവമാക്കി നിലനിര്‍ത്തുക. അഥവാ അധിനിവേശം അറിവിന്റെ രൂപത്തില്‍ സംഭവിക്കുക.

പരിഷ്‌കൃതം /അപരിഷ്‌കൃതം, വികസിതം / അവികസിതം, ശാസ്ത്രീയം/അശാസ്ത്രീയം എന്നിങ്ങനെ സമൂഹങ്ങളെ തരം തിരിക്കുന്നതിന്റെ അധിനിവേശ മാനദണ്ഡങ്ങളെയാണ് ആദ്യം പിഴുതെറിയേണ്ടത്. കേന്ദ്രീകൃത വിദ്യാഭ്യാസത്തിലൂടെ, അതിലെ പാഠപുസ്തകങ്ങളിലൂടെയാണ് കോര്‍പ്പറേറ്റ് മാനദണ്ഡങ്ങള്‍ നമ്മിലേയ്ക്ക് ആവേശിക്കുന്നത്. അതനുസരിച്ച് ഉമിക്കരി കൊണ്ടോ വേപ്പിന്‍ തണ്ടു കൊണ്ടോ പല്ലു തേച്ചാല്‍ അപരിഷ്‌കൃതം /അവികസിതം / അശാസ്ത്രീയം ആണ്. മറിച്ച് കോള്‍ഗേറ്റ് കൊണ്ടു തേച്ചാല്‍ ’24 മണിക്കൂര്‍ ദന്തസംരക്ഷണം നിങ്ങളുടെ പൊന്നോമനയ്ക്ക് ‘ എന്നത് തികച്ചും പരിഷ്‌കൃതവും വികസിതവും ശാസ്ത്രീയവുമായി തീരുന്നു. ഇപ്രകാരം തദ്ദേശീയ ജീവിതത്തിന്റെ സ്വാശ്രിതത്വത്തെയും മിതത്വത്തെയും പരിസ്ഥിതി സൗഹൃദത്തെയും സമ്പദ് ഘടനയെയും തകര്‍ത്ത് തല്‍സ്ഥാനത്ത് കമ്പനി അറിവിന്റെ ഏകാധിപത്യത്തിലേയ്ക്ക് നമ്മെ തളച്ചിടുന്നതിനാണ് ‘ആധുനികശാസ്ത്രം അറിവിന്റെ ഏക മാര്‍ഗ്ഗം ‘ എന്നു പ്രചരിപ്പിക്കുന്നത്.

അമേരിക്ക കൊളമ്പസ് ‘കണ്ടുപിടിച്ച ‘തിനാല്‍ ആ വന്‍കരയാകെ യൂറോപ്യന്‍ അധിനിവേശത്തിന്റെ കാല്ക്കീഴിലാണ് എന്ന അതേ യുക്തിയാണ് എല്ലാ നാട്ടറിവുകള്‍ക്കു മേലും ആഗോളീകരണത്തിന്റെ കോര്‍പറേറ്റ് അധിനിവേശം ഉപയോഗിക്കുന്നത്. പൂഞ്ഞാര്‍ രാജാവില്‍ നിന്നും മൂന്നാര്‍ മലകള്‍ കൈക്കലാക്കി അവിടെ തേയിലത്തോട്ടമുണ്ടാക്കിയാല്‍ അതാണ് കണ്ടുപിടുത്തം. അതു തന്നെയാണ് സ്വകാര്യവല്‍ക്കരണവും അധികാര / ഉല്പാദന കേന്ദ്രീകരണവും. ആ വഴിക്കാണ് ഇന്നും ഹാരിസണും മറ്റും 5 ലക്ഷം ഏക്കര്‍ കേരള മലകള്‍ കൈക്കലാക്കിയിരിക്കുന്നത്. ഇന്ത്യാ മഹാരാജ്യത്തുള്ള 27 ഇനം വരുന്ന ബസുമതി അരിയില്‍, ഒരിനമെടുത്ത് അമേരിക്കയിലെ ഒരു ലാബില്‍ വെച്ച് ചില്ലറ മാറ്റങ്ങള്‍ വരുത്തിയാല്‍ , ഇനിമേല്‍ ബസുമതി അരി തങ്ങള്‍ക്ക് സ്വന്തം എന്ന് അമേരിക്കന്‍ കമ്പനി പേറ്റന്റെടുക്കുന്നതും , 500 വര്‍ഷത്തിനപ്പുറമുള്ള കൊളമ്പസിന്റെ അതേ കണ്ടുപിടുത്ത യുക്തിയിലാണ്. പരുത്തി വിത്ത് ബയോടെക്‌നോളജി പൂശി ബി.ടി. പരുത്തിയെന്ന പേരില്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് മൊണ്‍സാന്റോ കമ്പനി വിറ്റത് 400 ഗ്രാമിന് 1600 രൂപയ്ക്കാണ്. ഇതുവഴി കര്‍ഷകരെ കടക്കെണിയിലാക്കി കമ്പനി തട്ടിയെടുത്തത് 10 ബില്യന്‍ ഡോളറെന്ന് ഡോ. വന്ദന ശിവ പറയുന്നു. ഇതന്വേഷിച്ച പാര്‍ലമെന്ററി സമിതിയോട് മൊണ്‍സാന്റാ പറഞ്ഞു, ‘അധിക വില ഞങ്ങളുടെ റോയല്‍റ്റിയാണ്. വിത്തിനല്ല പേറ്റന്റിനാണ് , ബൗദ്ധികസ്വത്തിനാണ് വില. ‘

ഇതാണ് ആധുനിക ശാസ്ത്രമാണ് അറിവിലേയ്ക്കുള്ള ഏക വഴി എന്നതിന്റെ ശുദ്ധ തട്ടിപ്പ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply