ഒരു കിറ്റക്‌സ് പോയാല്‍ 100 കിറ്റക്‌സ് വരണം – അതിനായി നാം അടിമുടി മാറണം

കിറ്റക്‌സുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന വിവാദങ്ങള്‍ കേരളത്തിന്റെ വികസനത്തേയും തൊഴില്‍ സാധ്യതകളേയും കുറിച്ചുള്ള പുതിയ സമീപനങ്ങള്‍ ആവശ്യപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിന്റെ സാമൂഹ്യരംഗത്ത് സമീപകാലത്തു നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളുമായി ബന്ധപ്പെടുത്തിവേണം ഈ വിഷയം ചര്‍ച്ച ചെയ്യാന്‍. എന്നാല്‍ അത്തരത്തില്‍ ആഴത്തിലുള്ള ഒരു പരിശോധനയും നടക്കുന്നില്ല എന്നതാണ് വാസ്തവം. ഈ സാഹചര്യത്തിലെങ്കിലും അത്തരമൊരു സംവാദത്തിനു തുടക്കമിടാന്‍ കേരളത്തിന്റെ വികസനത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് കഴിയണം.

കിറ്റക്‌സ് വിവാദവുമായി ബന്ധപ്പെട്ട് ഒറ്റനോട്ടത്തില്‍ കാണുന്ന വിഷയങ്ങള്‍ തീര്‍ച്ചയായും ആദ്യം പരിഗണിക്കണം. അത് കുറെകൂടി നിക്ഷേപസൗഹാര്‍ദ്ദമാകുക എന്നതാണത്. കക്ഷിരാഷ്ട്രീയമടക്കമുള്ള വിഷയങ്ങളുടെ പേരില്‍ സംരംഭകരോട് പ്രതികാരനടപടികള്‍ സ്വീകരിക്കാതിരിക്കണം. കിറ്റക്‌സ് വിഷയത്തില്‍ അതു സംഭവിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല. ഒരു മാസത്തില്‍ 11 തവണ ഒരു സ്ഥാപനത്തില്‍ റെയ്ഡ് ചെയ്യുന്നതിന്റെ ലക്ഷ്യം പരിസ്ഥിതി സ്‌നേഹമോ തൊഴിലാളി സ്‌നേഹമോ നിയമങ്ങളോടുള്ള പ്രതിബദ്ധതയോ അല്ല എന്നു വ്യക്തം. ആയിരുന്നെങ്കില്‍ പെരിയാര്‍ തീരത്തെ പല കമ്പനികളിലും എന്നും റെയ്ഡ് ചെയ്യേണ്ടിവരും. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ബാങ്കുകളും ഇപ്പോഴും നിക്ഷേപകരോട് പുലര്‍ത്തുന്ന നിഷേധാത്മക നിലപാടിന്റെ തിക്തഫലം അനുഭവിക്കുന്നവര്‍ കേരളത്തില്‍ നിരവധിയാണ്. അതിനൊരു മാറ്റം വരുത്തിയേ പറ്റൂ. കിറ്റക്‌സ് സംഭവം അത്തരത്തിലൊരു തീരുമാനമെടുക്കാന്‍ നിമിത്തമാവുമെങ്കില്‍ നന്ന്. കേരളത്തില്‍ ഏറെ ജനകീയ സമരങ്ങള്‍ക്കു കാരണമായ മാവൂര്‍, പ്ലാച്ചിമട, കാതിക്കുടം പോലുള്ള സ്ഥലങ്ങളില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ ആഗോള – അഖിലേന്ത്യാകുത്തകകള്‍ക്ക് ഒപ്പമായിരുന്നു എന്നതും മറക്കാറായില്ല. വിഴിഞ്ഞത്ത് മുഖ്യമന്ത്രി അദാനിയെ നേരില്‍ കണ്ടാണ്, മുമ്പ് തങ്ങള്‍ എതിര്‍ത്തിരുന്ന ആനുകൂല്യങ്ങളെല്ലാം നല്‍കുമെന്ന് അറിയിച്ചത്. ഇവിടെയാകട്ടെ സാബുവിനെ അദ്ദേഹം ഒന്നു വിളിച്ചിരുന്നെങ്കില്‍ വിഷയം ഇത്രയും രൂക്ഷമാകുമായിരുന്നില്ല.

പ്രത്യക്ഷത്തില്‍ കാണുന്ന ഈ വിഷയത്തിനപ്പുറം ആഴത്തിലുള്ള നിരവധി വിഷയങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. അവയെ കൂടി പരിശോധനാവിഷയമാക്കേണ്ട സമയമാണിത്. അല്ലെങ്കില്‍ വികസനത്തിലും തൊഴില്‍രംഗത്തുമൊക്കെ ആഗോളരംഗത്ത് നടക്കുന്ന മത്സരങ്ങളില്‍ നമ്മള്‍ പുറകോട്ടാകും. കൂടുതല്‍ കൂലിക്കായി ലക്ഷകണക്കിന് ഇതരസംസ്ഥാനക്കാര്‍ കേരളത്തില്‍ വന്ന് തൊഴില്‍ ചെയ്യുന്നു എന്ന് അഹങ്കരിക്കുന്നവരാണല്ലോ നമ്മള്‍. യാഥാര്‍ത്ഥ്യമെന്താണ്? നമ്മുടെ തുണിക്കടകളിലും പല സ്വകാര്യസ്ഥാപനങ്ങളിലും അണ്‍എയ്ഡഡ് സ്‌കൂളുകളിലും മറ്റും ജോലി ചെയ്യുന്നവരുടെ വേതനം എത്രയാണ്….? കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന മിക്ക എഞ്ചിനിയര്‍മാരുടേയും വേതനം ആ മേഖലയിലെ തൊഴിലാളികളേക്കാള്‍ എത്രയോ കുറവാണ്. ഇതരസംസ്ഥാനക്കാര്‍ ഇങ്ങോട്ടു വരുന്ന പോലെതന്നെ, മികച്ച വേതനം കേരളത്തില്‍ കിട്ടാത്തതിനാല്‍ ഇന്ത്യയിലെ മഹാനഗരങ്ങളിലേക്കും ഗള്‍ഫിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കും മറ്റും മലയാളികള്‍ ഇപ്പോഴും പൊയ്ക്കൊണ്ടേയിരിക്കുന്നു. കൂടിയ കൂലിയുണ്ടെങ്കിലും നമ്മള്‍ ജോലിചെയ്യാന്‍ മടിക്കുന്ന മേഖലകളിലാണ് ആളെകിട്ടാത്തതിനാല്‍ ഇതരസംസ്ഥാനക്കാര്‍ വന്ന് ജോലിചെയ്യുന്നത് എന്നതാണ് വസ്തുത. നിര്‍മ്മാണമേഖലയും കൃഷിയും ഹോട്ടലുകളുമൊക്കെ ഉദാഹരണം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ലോകം വിരല്‍ത്തുമ്പിലെത്തിയിരിക്കുന്ന ഇക്കാലത്ത് എവിടേയും പോയി ജൊലി ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ജോലിക്കായി മാത്രം താല്‍പ്പര്യമില്ലെങ്കിലും നാടുവിടേണ്ടിവരുന്ന അവസ്ഥ മാറണം. അതിനായി നമ്മുടെ നാട്ടില്‍ പുതുസംരംഭങ്ങള്‍ ഉണ്ടായേ തീരു, സംരംഭകരെ ശത്രുക്കളായി കാണുന്ന സമീപനം അവസാനിപ്പിക്കണം. പ്രത്യകിച്ച് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ബാങ്കുകളും. ഇതിനര്‍ത്ഥം പരിസ്ഥിതി നിയമങ്ങളോ മിനിമം വേജസ് നിയമങ്ങളോ ലംഘിക്കാന്‍ കൂട്ടുനില്‍ക്കണമെന്നല്ല. അവയിലൊന്നും വിട്ടുവീഴ്ച ചെയ്യാതെതന്നെ സംരഭകരോട് മാന്യമായി പെരുമാറാനാകണം. കെ എസ് ആര്‍ ടി സിയെ പോലെ സര്‍ക്കാര്‍ നേരിട്ടുനടത്തുന്ന സ്ഥാപനങ്ങള്‍ പോലും കോടികള്‍ നഷ്ടത്തിലാകുന്ന കാലമാണിതെന്നു മറക്കരുത്.

സര്‍ക്കാരിനെ തൊഴില്‍ദായകരായി കാണുന്ന സമീപനം തന്നെയാണ് ആദ്യം മാറേണ്ടത്. സര്‍ക്കാരിന്റെ വരുമാനത്തിന്റെ ഭീമമായ ഭാഗവും വേതനവും പെന്‍ഷനുമായി നല്‍കുന്ന ഇപ്പോഴത്തെ രീതിയും മാറണം. ഒഴിവാക്കാനാവാത്ത മേഖലകളില്‍ മാത്രമേ സര്‍ക്കാരിനു സ്ഥിരം ജീവനക്കാരെ ആവശ്യമുള്ളു. ബാക്കി മേഖലകളില്‍ കരാറടിസ്ഥാനത്തിലുള്ള നിയമനങ്ങളെ സാധ്യമാകൂ. വരുമാനത്തിന്റഎ ഭൂരിഭാഗവും വേതനവും പെന്‍ഷനുമായി കൊടുക്കുന്നതിനാല്‍ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് പണം ഉണ്ടാകുന്നില്ല. ദുര്‍ബ്ബലവിഭാഗങ്ങളെ സംരക്ഷിക്കാനാവുന്നില്ല. പുതിയ തലമുറ പഴയതുപോലെയല്ല എന്നതും ശ്രദ്ധിക്കണം. മുമ്പൊക്കെ സര്‍ക്കാര്‍ ജോലികളിലേക്ക് വന്നിരുന്നവര്‍ ഏറ്റവും മിടുക്കരായിരുന്നെങ്കില്‍ ഇപ്പോഴത് രണ്ടാം നിരയാണ്. സര്‍ക്കാര്‍ ജോലിയിലെ ആകര്‍ഷണീയമായ സ്ഥിരംജോലിയും ആനുകൂല്യങ്ങളും പെന്‍ഷനുമൊന്നും ആഗ്രഹിക്കാത്തവരാണ് ഇന്നത്തെ ചെറുപ്പക്കാരില്‍ ഭൂരിഭാഗവും. ജോലി ചെയ്യുന്ന സമയത്ത് മികച്ച വേതനമാണവരുടെ ലക്ഷ്യം. അവരൊന്നും ഒരു ജോലിയിലോ ഒരു സ്ഥലത്തോ ജീവിതം മുഴുവന്‍ ജോലി ചെയ്യുന്നവരല്ല. അതുകൊണ്ടാണല്ലോ ടെക്‌നോപാര്‍ക്കിലും മറ്റും യൂണിയനുകള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാത്തത്. മാറ്റത്തിനായുള്ള പുതിയ തലമുറയുടെ ഈ ആവേശത്തെയാണ് നമ്മള്‍ പ്രോത്സാഹിപ്പിക്കേണ്ടത്. മിടുക്കരായ കുട്ടികള്‍ ഭൂരിഭാഗവും ഉന്നതവിദ്യാഭ്യാസത്തിനായി സംസ്ഥാനവും രാജ്യവും വിട്ടുപോകുന്നതും നമ്മള്‍ കാണുന്നു. ഇന്നും കേരളത്തില്‍ ശക്തമായ പുരുഷാധിപത്യത്തിന്റെ ഫലമായി പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ മടിക്കുന്നതിനാലാണ് നമ്മുടെ കലാലയങ്ങളില്‍ ഇപ്പോഴും പഠിക്കാനാളുണ്ടാകുന്നത്. ബാങ്കിലും സ്‌കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും നേഴ്‌സുമാരായും ജോലിചെയ്യാനെത്തുന്നവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാകുന്നതിനും കാരണം അതുതന്നെ. പെണ്‍കുട്ടികള്‍ ജോലി ചെയ്യണമെന്നത് ശരിയാണെങ്കിലും അവിടേയും വിവേചനം നിലനില്‍ക്കുന്നു എന്നതാണ് വസ്തുത. ചില ജോലികള്‍ അവര്‍ക്കായി മാറ്റിവെക്കുന്നു. വിദ്യാസമ്പന്നരായ സ്ത്രീകളില്‍ തൊഴിലില്ലാത്തവര്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണുതാനും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് സ്വന്തമായ വ്യവസായ, വാണിജ്യസ്ഥാപനങ്ങളോ കുറികമ്പനികളോ നടത്തുകയല്ല. സര്‍ക്കാര്‍ ജോലികളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കലുമല്ല. പുതിയ സംരംഭകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്ത് മികച്ച വ്യവസായിക – തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കലാണ്. പരിമിതമായ നിയന്ത്രണങ്ങളോടെ ആരോഗ്യകരമായ മത്സരം ഉറപ്പുവരുത്തണം. കാര്‍ഷികരംഗത്തെ മുരടിപ്പിനെ മറികടക്കാനും ഉദാരമായ സമീപനം വേണം. അതേസമയം വിദ്യാഭ്യാസ, ആരോഗ്യ, കുടിവെള്ള, മാലിന്യസംസ്‌കരണ മേഖലകളില്‍ സര്‍ക്കാരിന്റെ പ്രത്യേക നിയന്ത്രണം ആവശ്യമാണ്. (അതാകട്ടെ ഇവിടെയില്ല. സ്വകാര്യമേഖലക്ക് ഇഷ്ടംപോലെ തുറന്നുകൊടുത്തിരിക്കുന്നു. ) അത്തരത്തിലാണ് പുതുകാലത്ത് ആഗോളതലത്തിലെ മത്സരത്തിനു കേരളം തയ്യാറാകേണ്ടത്. തീര്‍ച്ചയായും തുടക്കത്തില്‍ പറഞ്ഞപോലെ നിര്‍മ്മാണമേഖലയിലും മറ്റും ജോലി ചെയ്യാന്‍ മലയാളികള്‍ കുറയുമെന്നതിനാല്‍ പുറമെനിന്നുള്ളവരുടെ പ്രവാഹമുണ്ടാകും. അതു നടക്കട്ടെ. നമ്മള്‍ പുറത്തുപോകുന്നപോലെതന്നെയാണല്ലോ അതും. അപ്പോഴും ചെയ്യേണ്ടതായ ഒന്നുണ്ട്. ഈ മേഖലയെല്ലാം ആധുനികവല്‍ക്കരിക്കുക എന്നതാണത്. അക്കാര്യത്തില്‍ നമ്മളിപ്പോഴും തമിഴ്‌നാടിനേക്കാള്‍ പുറകിലാണ്. വികസിതരാജ്യങ്ങളില്‍ റോബോട്ടുകള്‍ ചെയ്യുന്ന ജോലികളൊക്കെ എത്ര പ്രാകൃതമായ നിലയിലാണ് നമ്മള്‍ ചെയ്യുന്നത്. സംരംഭകത്തോടെന്നപോലെ യന്ത്രവല്‍ക്കരണത്തോടും ഒരു കാലത്ത് നാം പുലര്‍ത്തിയ നിഷേധാത്മക സമീപനം ഇനിയും പൂര്‍ണ്ണമായും മാറിയിട്ടില്ല എന്നതും ഇതിനു കാരണമാണ്. കൊയത്തുയന്ത്രത്തിനും മെതിയന്ത്രത്തിനുമൊക്കെ നാമി്‌പ്പോഴും തമിഴ് നാട്ടില്‍ പോകേണ്ട അവസ്ഥയാണല്ലോ. കഴിഞ്ഞ ദിവസം യാതൊരു മുന്‍കരുതലുമില്ലാതെ 100ഓളം അടി താഴ്ചയുള്ള കിണറിലിറങ്ങിയ നാലുപേര്‍ മരിച്ച സംഭവം തന്നെ ഇതിനു ദൃഷ്ടാന്തമാണ്.

കേരളത്തിലെ ജനസംഖ്യയിലെ സമകാലിക മാറ്റങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ശരാശരി ആയുസിലെ വര്‍ദ്ധനയെ തുടര്‍ന്ന്, പല യൂറോപ്യന്‍ രാഷ്ട്രങ്ങളേയും പോലെ വൃദ്ധരുടെ എണ്ണം കൂടിവരുന്ന അവസ്ഥയാണ് കേരളത്തിന്റേത്. ചെറുപ്പക്കാരുടേയും കുട്ടികളുടേയും എണ്ണം കുറഞ്ഞുവരുന്നു. ചെറുപ്പക്കാരില്‍ കൂടുതല്‍ പേര്‍ പുറത്തുപോകുന്നു. പോകുന്നവരില്‍ കൂടുതല്‍ പുരുഷന്മാരായതിനാല്‍ സ്ത്രീകളുടെ എണ്ണം കൂടുന്നു. അതേസമയം ഇതരസംസ്ഥാനക്കാരില്‍ ഭൂരിപക്ഷവും പുരുഷന്മാരാണ്. വയോജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന നയങ്ങളായിരിക്കണം നടപ്പാക്കേണ്ടത്. പെന്‍ഷന്‍ പ്രായം കൂട്ടുന്നതുമുതല്‍, അശരണരായ വൃദ്ധരുടെ സംരക്ഷണം പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണം. 60 കഴിഞ്ഞാലും ആരോഗ്യമുള്ളവര്‍ക്ക് തൊഴില്‍ ചെയ്യാവുന്ന തൊഴില്‍ മേഖലകള്‍ തുറക്കാനുള്ള സാഹചര്യമൊരുക്കണം. പുതിയ കോസ്‌മോ കള്‍ചറല്‍ സാഹചര്യത്തില്‍ മലയാളഭാഷക്കായുള്ള അന്ധമായ വാശി മാറ്റിവെക്കണം. കേരളത്തിനു കൂടുതല്‍ സാധ്യതയുള്ള ഐടി, ടൂറിസം, ആയുര്‍വേദം പോലുള്ള മേഖലകളില്‍ കൂടുതല്‍ സംരഭകരെ കണ്ടെത്തണം. അതേസമയം സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ കുറയുമ്പോള്‍ സംവരണം ഇല്ലാതാകുമെന്ന പ്രശ്‌നമുയര്‍ന്നു വരുന്നുണ്ട്. സ്വകാര്യമേഖലയില്‍ സംവരണം നടപ്പാക്കുക മാത്രമേ അതിനു പരിഹാരമുള്ളു. അതിനുള്ള നിയമനടപടികള്‍ സ്വീകരിക്കണം. ഒപ്പം പരിസ്ഥിതി സംരക്ഷണവും തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളും ഉറപ്പു വരുത്തണം. ഇത്തരത്തില്‍ പുതിയ കാലത്തിനൊപ്പം നടന്ന്, പുതിയ കാലത്തെ അഭിമുഖീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനാണ് കേരളം തയ്യാറാകേണ്ടത്. ഇതാകട്ടെ സര്‍ക്കാരിനെ കൊണ്ടുമാത്രം നടക്കുന്ന കാര്യമല്ല. സംരംഭകര്‍ ആവശ്യമാണ്. ഈ ദിശയിലുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തികൊണ്ടുവരാനാണ് ഈയവസരത്തില്‍ ഏതൊരു കേരളീയനും ശ്രമിക്കേണ്ടത്. അല്ലാതെ കിറ്റക്‌സിന്റെ പേരുപറഞ്ഞുള്ള ചക്ലാത്തി പോരാട്ടം തുടരുകയല്ല. ഒരു കിറ്റക്‌സ് പോയാല്‍ 100 കിറ്റക്‌സ് വരാനുള്ള അന്തരീക്ഷമൊരുക്കുകയാണ് ഈ സമയത്തെ നമ്മുടെ രാഷ്ട്രീയ ഉത്തരവാദിത്തം.

(വി ടി ബല്‍റാം, ജെ എസ് അടൂര്‍, മുരളി തുമ്മാരക്കുടി തുടങ്ങിയവരെല്ലാം പങ്കെടുത്ത ഒരു ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ കേട്ട ചില ആശയങ്ങളോട് കടപ്പാട്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply