കോവിഡ് കാലത്തെ ഇന്ത്യന്‍ ജനാധിപത്യം

അധികാരികള്‍ അത്യന്തം സന്തുഷ്ടരാണ്. തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന അനുസരണാശീലരായ ഒരു ജനത, ജനസമൂഹം എത്ര എളുപ്പത്തിലാണ് സൃഷ്ടിക്കപ്പെട്ടത് എന്നവര്‍ അത്ഭുതം കൂറുന്നുണ്ടാവും. യു.പി.എ കാലത്ത് ജനങ്ങളുടെ അവകാശങ്ങളെ മുന്‍നിര്‍ത്തിയാണ് രാഷ്ട്രീയം ഉരുത്തിരിഞ്ഞുപോന്നിരുന്നതെങ്കില്‍ മോഡിയുടെ കാലത്ത് ഭരണകൂടം ജനങ്ങളോട് അവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാനാണ് പറയുന്നത്. പ്രധാനമന്ത്രിയുടെ ടെലിവിഷന്‍ അവതരണങ്ങളില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കായി എന്തുചെയ്യും എന്ന് പറയാറില്ല. പകരം ജനങ്ങള്‍ ജനങ്ങള്‍ക്കായി എന്തു ചെയ്യണം എന്നതിനെക്കുറിച്ചാണ് വിശദീകരണം ഉണ്ടാകാറുള്ളത്.

രണ്ടാം ലോക മഹായുദ്ധകാലത്ത് ഉറുദു കവി മഖ്ദൂം മൊഹിയുദ്ദീന്‍ ഒരു കവിതയെഴുതുകയുണ്ടായി. ബ്രിട്ടീഷ് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ ആഹ്വാനം ചെയ്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന മഖ്ദൂം ആ കവിതയെഴുതിയത്. പില്‍ക്കാലത്ത് മന്നാഡേ ഈ കവിത സിനിമയില്‍ പാടിയിട്ടുണ്ട്. ഇങ്ങനെ പോകുന്നു കവിത:

ജാനേ വാലേ സിപാഹി സേ പൂച്ഛോ
വൊ കഹാം ജാ രഹാഹെ
കോന്‍ ദുഖിയാ ഹേ ജോ ഗാ രഹീഹെ
ഭൂഖെ ബച്ചോം കോ ബഹ്‌ലാ രഹീഹെ
ലാഷ് ജല്‍നെ കി ബൂ ആ രഹീഹെ
സിന്ദഗി ഹെ കെ ചില്ലാ രഹീഹെ
ജാനെ വാലേ സിപാഹി സേ പൂച്ഛോ
വോ കഹാം ജാ രഹാഹെ!

(നടന്നകലുന്ന പടയാളിയോട് തിരക്കൂ, അയാളുടെ പ്രയാണം എവിടേക്കാണെന്ന്. ഏതൊരു ദുഃഖാര്‍ത്തനാണ് ആ പാടുന്നത്? വിശന്നുവലയുന്ന കുട്ടികളെ ആരാണ് സാന്ത്വനിപ്പിക്കുന്നത്? ശവം കത്തുന്ന മണം അടുത്തേക്ക് വരുന്നല്ലോ. അലറിവിളിക്കുന്നത് ജീവിതം തന്നെയാണ്. നടന്നകലുന്ന പടയാളിയോട് തിരക്കൂ, അയാളുടെ പ്രയാണം എങ്ങോട്ടാണെന്ന്.)

ലോക്ഡൗണിന്റെ ആദ്യനാളുകളില്‍ പത്രമാപ്പീസിലെ പണികഴിഞ്ഞ് രാത്രിയില്‍ മടങ്ങുമ്പോള്‍ എന്തിനേയും വിഴുങ്ങാന്‍ തയ്യാറായിക്കിടക്കുന്ന പെരുമ്പാമ്പുപോലുള്ള നെടുംപാതയുടെ ഓരത്തുകൂടി നടന്നുനീങ്ങുന്ന മനുഷ്യരെ കാണാമായിരുന്നു. തോളത്തോ ഒക്കത്തോ കുഞ്ഞുങ്ങള്‍, ചെറിയ മാറാപ്പും എയര്‍ബാഗും, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കുന്നു എന്ന മട്ടില്‍ ചെറിയ അകലം വിട്ട് നിരയായി അനേക കാതം ദൂരെയുള്ള തങ്ങളുടെ ഗ്രാമം ലക്ഷ്യമാക്കി നീങ്ങുന്ന ആ മനുഷ്യരെ കാണുമ്പോള്‍ മഖ്ദൂമിന്റെ വരികള്‍ ഓര്‍മ്മവന്നിരുന്നു: ജാനേ വാലേ സിപാഹി, കഹാം ജാ രഹാഹേ?

പട്ടിണിയും വറുതിയുമാണ് സ്വാതന്ത്ര്യസമരം ജ്വലിച്ചുനിന്നിരുന്ന 1930 കളിലും നാല്പതുകളിലും ഇന്ത്യക്കാരെ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാന്‍ പ്രേരിപ്പിച്ചിരുന്നത്. നന്തനാരുടെയും മറ്റും കഥകളില്‍ വിശപ്പു കാരണം നാടുവിട്ട് പട്ടാളത്തില്‍ ചേര്‍ന്ന മനുഷ്യരുടെ ജീവിതം നമ്മള്‍ കണ്ടിട്ടുണ്ട്. 1980 കളും 90 കളിലുമാണ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍നിന്നും വന്‍തോതില്‍ മനുഷ്യര്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് തൊഴിലന്വേഷിച്ച് നീങ്ങിത്തുടങ്ങിയത്. അതിനുമുമ്പും ബോംബെയിലേക്കും ദില്ലിയിലേക്കും കല്‍ക്കത്തയിലേക്കുമൊക്കെ പല കാരണങ്ങളാല്‍ ഗ്രാമങ്ങളില്‍നിന്നും മനുഷ്യര്‍ തൊഴിലന്വേഷിച്ച് പോയിരുന്നു. എന്നാല്‍ ഉദാരവല്‍ക്കരണത്തിന്റെ ദശകങ്ങളില്‍ കാര്‍ഷിക സമ്പദ്‌വ്യവസ്ഥ തകരുകയും നഗരകേന്ദ്രിതമായി ചെറുകിട വ്യവസായങ്ങളും കെട്ടിടനിര്‍മ്മാണം പോലുള്ള തൊഴിലുകള്‍ ഉണ്ടാവുകയും ചെയ്തു. നഗരങ്ങള്‍ ക്രമാതീതമായി വളരുകയും ഈ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഞെരുങ്ങിക്കഴിയാന്‍ ഇടംനല്‍കുകയും ചെയ്തു. അസംഘടിതരായ ഈ തൊഴിലാളികളുടെ തൊഴില്‍ ജീവിതത്തിന് ഒരു കെട്ടുറപ്പും ഉണ്ടായിരുന്നില്ല. ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നതുകൊണ്ട് തൊഴില്‍നിയമങ്ങളും സര്‍ക്കാര്‍ ഒരുക്കിപ്പോന്ന പല വെല്‍ഫെയര്‍ പദ്ധതികളും ഇവരെ തൊട്ടതേയില്ല. ജൃീഹലലേൃശമലേ എന്നതിനേക്കാള്‍ ജൃലരമൃശമലേ എന്ന വിളിപ്പേരില്‍ നിലകൊണ്ടുപോന്ന ഇവരുടെ ചോരയും വിയര്‍പ്പുമാണ് പുതിയ നൂറ്റാണ്ടിലെ പുതിയ ഇന്ത്യയുടെ പല തിളക്കങ്ങള്‍ക്കും കാരണം. എന്നാല്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് താളംതെറ്റിയപ്പോള്‍ ഇവര്‍ ചിത്രത്തില്‍നിന്നുതന്നെ തുടച്ചുമാറ്റപ്പെട്ടു. പ്രധാനമന്ത്രിയുടെ ടെലിവിഷന്‍ പ്രകടനങ്ങളില്‍ ഇവര്‍ക്കായി ഒന്നുമുണ്ടായിരുന്നില്ല. നാലു മണിക്കൂറിന്റെ ഇടവേള മാത്രം നല്‍കി മോഡി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ഇവരെ സര്‍ക്കാര്‍ ഓര്‍ത്തതേയില്ല. തൊഴിലിടങ്ങള്‍ അടഞ്ഞതോടെ വേതനമില്ലാതെ പട്ടിണിയുടെ തടവുകാരായി മാറിയതോടെ ഇവര്‍ തങ്ങളുടെ ഊരുകളിലേക്ക് നടകൊണ്ടു. ബീഹാറിലേക്കും ഝാര്‍ഖണ്ഡിലേക്കും യു.പിയിലേക്കുമൊക്കെ അവര്‍ ബോംബെയില്‍നിന്നും ദില്ലിയില്‍നിന്നും സൂറത്തില്‍നിന്നും ഹൈദരാബാദില്‍നിന്നുമൊക്കെ നടന്നുതുടങ്ങി. എത്രയോപേര്‍ വഴിയരികില്‍ വീണുമരിച്ചിരിക്കുന്നു. കുട്ടികള്‍, വൃദ്ധര്‍, മധ്യവയസ്‌കര്‍, ചെറുപ്പക്കാര്‍ – കോവിഡ് 19 ആരെയും അവഗണിക്കുന്നില്ല എന്ന് പറയുന്നതുപോലെ നെടുംപാതകളില്‍ മരണം പിടികൂടിയവര്‍ പല പ്രായക്കാര്‍, പല ദേശക്കാര്‍. ഇവര്‍ക്കായി ആരും പാത്രം കൊട്ടുന്നില്ല, വിളക്കുകള്‍ അണയ്ക്കുന്നില്ല, സൈന്യം പുഷ്പവൃഷ്ടി നടത്തുന്നില്ല. ചരിത്രത്തില്‍ ഒരടിക്കുറിപ്പുപോലുമാകുന്നില്ല ഇവരുടെ മരണങ്ങള്‍.

2016-17 ലെ ഇക്കണോമിക് സര്‍വ്വെ പ്രകാരം 2016 ല്‍ ഇന്ത്യയിലെ തൊഴില്‍സേന 482 മില്യണ്‍ ആയിരുന്നു. അതില്‍ 100 മില്യണ്‍ (10 കോടി) കുടിയേറ്റത്തൊഴിലാളി (Migrant Labourer) കളാണ്. സെന്‍സസ് നമ്പറുകളില്‍നിന്നും സര്‍വ്വെ കണക്കാക്കിയത് 2001-2011 കാലയളവില്‍ 60 മില്യണ്‍ ജനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് തൊഴിലന്വേഷകരായി പോയിട്ടുണ്ടെന്നാണ്. മുമ്പുള്ള വര്‍ഷങ്ങളില്‍നിന്ന് ഇത് വര്‍ദ്ധിച്ചുവരികയാണെന്ന് സര്‍വ്വെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സര്‍വ്വെ ഉയര്‍ത്തുന്ന ഒരു ചോദ്യം വളരെ പ്രസക്തമാണ്. സാമ്പ്രദായിക ചിന്ത പറയുന്നത് പ്രതിശീര്‍ഷ വരുമാനം കുറഞ്ഞ ഇടങ്ങളില്‍നിന്ന് അത് കൂടിയിരിക്കുന്ന സ്ഥലങ്ങളിലേക്കുള്ള കുടിയേറ്റം വരുമാനത്തിലും ഉപഭോഗത്തിലും ഉള്ള ഗണ്യമായ അന്തരം ഇല്ലാതാക്കുമെന്നാണ്. എന്നാല്‍ ഇന്ത്യന്‍ അവസ്ഥയില്‍ തൊഴില്‍കുടിയേറ്റം ഈ മാതൃക പിന്തുടരുന്നില്ലത്രെ. അതായത്, ഇന്ത്യക്കകത്തെ കുടിയേറ്റം (പ്രധാനമായും ഉത്തര്‍പ്രദേശ്, ബീഹാര്‍, ബംഗാള്‍) സാമ്പത്തിക അന്തരം കുറയ്ക്കുന്നില്ല എന്ന കാര്യമാണ് സര്‍വ്വെ എടുത്തുകാട്ടിയത്. (ആഭ്യന്തര മണിയോര്‍ഡര്‍ മാര്‍ക്കറ്റ് ഒന്നരലക്ഷം കോടി വരും എന്നാണ് സാമ്പത്തിക സര്‍വ്വെ കണക്കാക്കിയത്.)

മേല്‍പ്പറഞ്ഞ നിരീക്ഷണത്തിന് ബലം നല്‍കുന്നതാണ് ഇപ്പോള്‍ നാം കാണുന്ന കുടിയേറ്റ തൊഴിലാളികളുടെ ദരിദ്രവല്‍ക്കരണം. ഒന്നരമാസക്കാലത്തെ തൊഴിലില്ലായ്മ കൊണ്ടുമാത്രം പട്ടിണിയിലേക്ക് വീഴുന്ന ദശലക്ഷക്കണക്കിന് മനുഷ്യര്‍ ഇന്ത്യയിലുണ്ട് എന്നാണ് കോവിഡ് നമുക്ക് നല്‍കുന്ന പ്രധാന പാഠങ്ങളിലൊന്ന്. 1991 ന് ശേഷം ഇന്ത്യ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ അഭൂതപൂര്‍വ്വമായ പുരോഗതി കൈവരിച്ചുവെന്ന് കണക്കുകള്‍ പറയാറുണ്ട്. എന്നാല്‍ ദാരിദ്ര്യരേഖക്ക് അല്പം മുകളിലേക്ക് ഉയരുക മാത്രമാണ് ഇതില്‍ ഭൂരിപക്ഷം പേരുടെ കാര്യത്തിലുമുണ്ടായ ‘പുരോഗതി’ എന്ന് പുതിയ സ്ഥിതിവിശേഷത്തില്‍ നിന്നും നമുക്ക് അനുമാനിക്കാം. മൂന്ന് പതിറ്റാണ്ട് പിന്നിലേക്ക് ഇന്ത്യ മടങ്ങുകയാണ് എന്ന് പല സാമ്പത്തിക വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നതിന്റെ അടിസ്ഥാനം കുടിയേറ്റ തൊഴിലാളികളുടെയും നാടോടി തൊഴിലാളികളുടെയും ജീവിതാവസ്ഥ തന്നെയാണ്.

ഇവര്‍ ഒരു സംഘടിത വര്‍ഗ്ഗം അല്ലാത്തതുകൊണ്ടാവണം എണ്ണത്തില്‍ ഏറെയുണ്ടെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും റഡാറില്‍ വരാതിരുന്നത്. ഒരു ശിഥിലഗണം മാത്രമായ ഇവര്‍ തെരഞ്ഞെടുപ്പു ഫലങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് തീര്‍ച്ചയില്ല. നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും രാഷ്ട്രീയ അജണ്ടയില്‍ ഇവര്‍ വിസ്മൃതരായതും അതുകൊണ്ടു തന്നെയാവണം. ഹിന്ദു ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ആഘോഷക്കമ്മിറ്റി ആയ മധ്യവര്‍ഗ്ഗത്തിനോടു മാത്രം സംസാരിക്കുന്ന ഒരു ഭരണകൂടത്തിന് കുടിയേറ്റത്തൊഴിലാളി അജ്ഞാതനാണ്. തങ്ങളുടെ തൊഴിലിടങ്ങളിലെ സര്‍ക്കാരുകളുടെ ഔദാര്യം മാത്രമാണ് കോവിഡ് കാലത്ത് അവര്‍ക്ക് ലഭ്യമായിരിക്കുന്നത്. അതാതിടങ്ങളിലെ രാഷ്ട്രീയ നൈതികത അനുസരിച്ച് അവര്‍ക്ക് സൗകര്യങ്ങള്‍ ലഭിക്കുകയോ ലഭിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ട്. സാമൂഹ്യനീതിയും സ്വയം മര്യാദയും രാഷ്ട്രീയ നൈതികതയായി കണ്ട പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ച സമൂഹങ്ങളില്‍ – കേരളം, തമിഴ്‌നാട് ഉദാഹരണം – അവര്‍ അവകാശങ്ങളുള്ള മനുഷ്യരായി കണക്കാക്കപ്പെട്ടു പോരുന്നു. മറ്റിടങ്ങളില്‍ ഭൂതദയ മാത്രമാണ് അവര്‍ക്ക് ആശ്രയം. ആരുടെ ഉത്തരവാദിത്തമാണ് കുടിയേറ്റ തൊഴിലാളിയും നാടോടി തൊഴിലാളിയും എന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. ഇവരെ അറിയുകയേയില്ല എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. പൊതുസമൂഹം അവരെ നോക്കിക്കൊള്ളണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയൊരു വിടവിലേക്കാണ് (fault line) കോവിഡ്കാല രാഷ്ട്രീയ പ്രതികരണങ്ങള്‍ വിരല്‍ചൂണ്ടുന്നത്. സംസ്ഥാനങ്ങളും ദില്ലിയും തമ്മിലുള്ള സംഘര്‍ഷം ഇത്രമേല്‍ തെളിഞ്ഞ് അടുത്തകാലത്തൊന്നും കാണപ്പെട്ടിട്ടില്ല. ജിഎസ്ടി – അനന്തരകാലത്ത് നികുതിപിരിവ് സംസ്ഥാനങ്ങള്‍ക്ക് പരിമിതപ്പെട്ടിരിക്കുന്നു. പണാധികാരം കേന്ദ്രത്തില്‍ നിക്ഷിപ്തമായിരിക്കുന്ന ഈ കാലത്ത് സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒട്ടുമേ തയ്യാറല്ല. ധാന്യപ്പുരകളില്‍ സൂക്ഷിച്ചുപോരുന്ന അരിയും ഗോതമ്പും പട്ടിണിക്കാര്‍ക്ക് നല്‍കാനും സര്‍ക്കാര്‍ വിമുഖത കാണിക്കുന്നു. (ഈ വിഷയത്തില്‍ പണ്ടേ സുപ്രീം കോടതി വിധി പറഞ്ഞതാണ്.) തകര്‍ന്നു തുടങ്ങിയിരിക്കുന്ന ചെറുകിട വ്യവസായങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ എല്ലാ സാമ്പത്തിക വിദഗ്ദ്ധരും ആവശ്യപ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. പണമില്ലാതെ ഞെരുങ്ങുന്ന സംസ്ഥാന സര്‍ക്കാരുകള്‍, കോവിഡാനന്തര വ്യവസായലോകവും തൊഴില്‍ സമ്പ്രദായങ്ങളും എന്തായിരിക്കും എന്നറിയാതെ അങ്കലാപ്പില്‍ കഴിയുന്ന ഉല്പാദകരും തൊഴിലാളികളും. എല്ലായിടത്തും ശമ്പളക്കിഴിച്ചിലുകള്‍ വന്നുതുടങ്ങിയിരിക്കുന്നു, തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയുമെന്ന ഭീഷണിയും വിപണിയില്‍ മുഴങ്ങുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എന്ന കേളന് കുലുക്കമൊന്നുമില്ല.

എല്ലാം പൊളിഞ്ഞടങ്ങിയശേഷം പുതിയ ഭാരതം നിര്‍മ്മിക്കാം എന്നതാവുമോ പദ്ധതി? അതിന്റെ തുടക്കമായിരിക്കുമോ ഇരുപതിനായിരം കോടി മുടക്കിയുള്ള പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണവും പ്രധാനമന്ത്രിക്കായുള്ള പുതിയ വസതിയും മറ്റും? തൊഴിലുകള്‍ ഇല്ലെങ്കില്‍ ദീനകാലത്ത് തൊഴിലാളികളെക്കൊണ്ട് കുഴികുത്തി മണ്ണ്മാറ്റി വീണ്ടും കുഴി നികത്തി തൊഴിലുകള്‍ സൃഷ്ടിക്കേണ്ടിവരുമെന്ന് സാമ്പത്തികശാസ്ത്രജ്ഞന്‍ ജോണ്‍ മെയ്‌നാര്‍ഡ് കെയിന്‍സ് പറഞ്ഞിട്ടുണ്ട്. ഇന്നത്തെ ദില്ലിയുടെ ഹൃദയഭാഗം തുരന്ന് പുത്തന്‍ മന്ദിരങ്ങള്‍ നിര്‍മ്മിക്കാന്‍ മോദി പറഞ്ഞേക്കാം; ഇതാ എത്രയോ പുതിയ തൊഴിലവസരങ്ങള്‍ താന്‍ സൃഷ്ടിക്കുന്നു എന്ന്.

ഒരു വലിയ രാഷ്ട്രവും ജനതയും കൗശലക്കാരനായ ഒരു രാഷ്ട്രീയക്കാരന്റെ കളിപ്പാവയായി മാറുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് യൂറോപ്യന്‍ ചിന്തകന്‍ Guy Debord സ്‌പെക്ടക്കിള്‍ സൊസൈറ്റികളെപ്പറ്റി പറയുകയുണ്ടായി. കെട്ടുകാഴ്ചകളില്‍ അഭിരമിക്കുന്ന ഒരു സമൂഹത്തിന് സംവേദനശക്തി ഇല്ലാതാവും. ജാലവിദ്യക്കാരന്റെ കണ്‍കെട്ടുവിദ്യയില്‍ എന്നപോലെ നേതാവിന്റെ വായ്ത്താരിയില്‍ മതിമറന്ന് ഒരു ജനത തങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും ഇഷ്ടത്തോടെ തന്നെ നഷ്ടപ്പെടുത്താന്‍ തയ്യാറാവുന്നു. തെരഞ്ഞെടുക്കപ്പെട്ട സമഗ്രാധിപത്യത്തെ പൗരസമൂഹം അംഗീകരിച്ചുതുടങ്ങുന്നു; അവരതില്‍ വൈരുദ്ധ്യങ്ങള്‍ കാണുന്നില്ല. ലോകമെമ്പാടും അധികാരപ്രമത്തന്മാരായ ഭരണാധികാരികള്‍ കൂടുതല്‍ ശക്തന്മാരാവുകയാണ് എന്ന് പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ അവസ്ഥയില്‍ അധികാര കേന്ദ്രീകരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയില്‍, മുഖ്യമന്ത്രിമാരില്‍ അധികാരം അടിഞ്ഞുകൊണ്ടിരിക്കുന്നു.

അധികാരികള്‍ അതുകൊണ്ട് അത്യന്തം സന്തുഷ്ടരാണ്. തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന അനുസരണാശീലരായ ഒരു ജനത, ജനസമൂഹം എത്ര എളുപ്പത്തിലാണ് സൃഷ്ടിക്കപ്പെട്ടത് എന്നവര്‍ അത്ഭുതം കൂറുന്നുണ്ടാവും. യു.പി.എ കാലത്ത് ജനങ്ങളുടെ അവകാശങ്ങളെ മുന്‍നിര്‍ത്തിയാണ് രാഷ്ട്രീയം ഉരുത്തിരിഞ്ഞുപോന്നിരുന്നതെങ്കില്‍ മോഡിയുടെ കാലത്ത് ഭരണകൂടം ജനങ്ങളോട് അവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാനാണ് പറയുന്നത്. പ്രധാനമന്ത്രിയുടെ ടെലിവിഷന്‍ അവതരണങ്ങളില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കായി എന്തുചെയ്യും എന്ന് പറയാറില്ല. പകരം ജനങ്ങള്‍ ജനങ്ങള്‍ക്കായി എന്തു ചെയ്യണം എന്നതിനെക്കുറിച്ചാണ് വിശദീകരണം ഉണ്ടാകാറുള്ളത്. പൗരാവകാശം എന്നത് ഒരു സ്റ്റേറ്റ് വിരുദ്ധ വിചാരമായി കണക്കാക്കപ്പെടുന്നത് സ്വാഭാവികം മാത്രം. അതുകൊണ്ടാണ് ആനന്ദ് തെല്‍തുംദേയും ഗൗതം നവലാഖയും കോവിഡ് കാലത്ത് ജയിലുകളിലേക്ക് അയക്കപ്പെട്ടത്. മഹാമാരിയുടെ ഭീതിയില്‍ അമിത്ഷായുടെ പോലീസുകാര്‍ ജാമിയയിലെ കുട്ടികളെ കലാപത്തിന് പ്രേരണ നല്‍കി എന്ന കുറ്റം ആരോപിച്ചുകൊണ്ട് ദേശസുരക്ഷാനിയമം മുന്‍നിര്‍ത്തി അറസ്റ്റുചെയ്യുന്നത്. കലാപത്തിന് കാരണക്കാര്‍ എന്ന് കലാപബാധിത പ്രദേശത്ത് പലരും ആരോപിച്ച ബിജെപി നേതാക്കള്‍ക്ക് എതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. എന്തിന്, കോവിഡ് പോലും ഉത്തര്‍പ്രദേശിലും മറ്റും നിലനില്‍ക്കുന്ന മുസ്‌ലിം വിരുദ്ധവികാരത്തെ ജ്വലിപ്പിക്കാനാണ് ഹിന്ദുത്വരാഷ്ട്രീയ ശക്തികള്‍ ശ്രമിച്ചുപോന്നത്. നൈതികമായതെന്തും അന്യമായിക്കഴിഞ്ഞിരിക്കുന്ന ഒരു ഭരണകൂടവും അതിന് പുറകില്‍ നിലകൊള്ളുന്ന ഒരു ജനതയും കോവിഡിന് എത്രയോ മുമ്പുതന്നെ രോഗഗ്രസ്തരായി എന്ന് നമ്മള്‍ അറിയുന്നുണ്ടോ?

ഈ അനീതിക്കെതിരെ മനുഷ്യര്‍ കലാപം ചെയ്യാത്തതെന്തുകൊണ്ട് എന്ന് ചോദിച്ചപ്പോള്‍ അലഹബാദുകാരന്‍ ബംഗാളി സുഹൃത്ത്, പഥിക്, മാര്‍ക്‌സിനെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു: shame is a revolutionary sentiment. ഇന്ത്യന്‍ ജനതയ്ക്ക് മാനക്കേട് എന്ന വികാരം അജ്ഞാതമാണ് എന്ന്. മാര്‍ക്‌സ് പറഞ്ഞത് ഇങ്ങനെയാണ്: (1843 letter to Arnold Ruge) shame is a kind of anger turned in on itself. And if a whole nation were to feel ashamed it would be like a lion recoiling in order to spring. മാനക്കേട് തന്നെയായിരുന്നു ബാബാസാഹബ് അംബേദ്ക്കറെ വിപ്ലവകാരിയാക്കിയതും ദളിതരെ രാഷ്ട്രീയ പ്രബുദ്ധരാക്കിയതും. നാരായണഗുരുസ്വാമികളിലും ഗാന്ധിജിയിലുമൊക്കെ മാനക്കേട് വിപ്ലവത്തിന്റെ തീപ്പൊരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അരുവിപ്പുറത്ത് സ്വാമികള്‍ കണ്ടെടുത്തതും ദക്ഷിണാഫ്രിക്കയിലെ റെയില്‍പ്പുരയില്‍ ഗാന്ധിജി തിരിച്ചറിഞ്ഞതും തീയാടിപ്പെണ്‍കുട്ടിയുടെ കണക്കിലെ സംശയത്തിന് മുമ്പില്‍ പകച്ചുനിന്നപ്പോള്‍ വി.ടി.മനസ്സിലാക്കിയതും ഈ മാനക്കേട് തന്നെയാണ്. കണ്‍മുന്നിലൂടെ രാജ്യത്തെ ഏറ്റവും ദരിദ്രര്‍ പട്ടിണിമൂലം നഗരങ്ങള്‍ ഉപേക്ഷിച്ചു പലായനം ചെയ്യുമ്പോള്‍ ഏറ്റവും പാവപ്പെട്ട തൊഴിലാളികള്‍ ആട്ടയ്ക്കും എണ്ണയ്ക്കും കൈ നീട്ടുമ്പോള്‍ കണ്ണടച്ചിരിക്കുന്ന ജനത മാനക്കേട് എന്തെന്നറിയാത്ത നാണംകെട്ട ജനതയാണ്.

ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ തന്റെ കോളത്തില്‍ സുഹാസ് പാല്‍ഷിക്കര്‍ എഴുതുകയുണ്ടായി: ”We now have a template for undermining democracy. Talk about a public cause, about public wellbeing and to obtain approval for abandoning core principles of democracy.” കഴിഞ്ഞ നൂറ്റാണ്ടില്‍ ജനാധിപത്യം അതിന്റെ പ്രധാന തത്വങ്ങളായി സ്വീകരിച്ചത് അധികാര വികേന്ദ്രീകരണം, സംവാദം, വിയോജിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയാണ് എന്ന് പാല്‍ഷിക്കര്‍ പറയുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ ഇന്ത്യന്‍ ജനാധിപത്യത്തിന് ഈ മൂല്യങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആരോഗ്യസേതു പോലെയൊരു ൗെൃ്‌ലശഹഹമിരല സംവിധാനത്തിന് കൈവന്നിരിക്കുന്ന പൊതുസമ്മതി നോക്കൂ. നമ്മളെത്ര വേഗത്തിലാണ് സര്‍വ്വവ്യാപിയായ സ്റ്റേറ്റിനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നത്!

ശിക്ഷാപുരുഷനെ രക്ഷാപുരുഷനായി കണ്ട് ഇഷ്ടപ്പെട്ടുതുടങ്ങുന്ന ഒരു ജനതയാണിന്ന് നമ്മള്‍. അതുകൊണ്ടാണ് ചോദ്യങ്ങള്‍ ചോദിക്കാന്‍ നമ്മള്‍ വിമുഖത കാണിക്കുന്നത്. അഥവാ രക്ഷാപുരുഷന്റെ ശിക്ഷണ നടപടികളെ നുണകളെ മറക്കാന്‍ നമ്മള്‍ വെമ്പല്‍ കൊള്ളുന്നത്. മെയ്മാസത്തില്‍ മാര്‍ക്കറ്റ് നിരക്കില്‍ ട്രെയിന്‍ ടിക്കറ്റ് വാങ്ങി നാടുപിടിച്ച നാടോടിത്തൊഴിലാളികളെ നമ്മള്‍ കണ്ടതാണ്. എങ്കിലും, ടിക്കറ്റിന്റെ എണ്‍പത്തഞ്ചു ശതമാനം തങ്ങള്‍ വഹിച്ചുവെന്ന കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുടെ പെരുംനുണ പത്രമാധ്യമങ്ങള്‍ ചോദ്യംചെയ്യാതെ വിഴുങ്ങി. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ഭരിക്കുന്ന ബംഗാളിലും മഹാരാഷ്ട്രയിലും ഗവര്‍ണ്ണര്‍മാര്‍ക്ക് ഇരിപ്പുറക്കുന്നില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബംഗാളില്‍ ഗവര്‍ണ്ണര്‍ക്ക് ശത്രു മമതാ ബാനര്‍ജിയാണ്. രാഷ്ട്രീയ കണക്കുകള്‍ തീര്‍ക്കാന്‍ ഒരു കാരണം മാത്രമാണ് അയാള്‍ക്ക് കോവിഡ്. രോഗികളുടെ കണക്കുകളെ മുന്‍നിര്‍ത്തി വര്‍ഗ്ഗീയത പരത്താന്‍ ശ്രമം വേറെയും. വാസ്തവത്തില്‍ മുസ്‌ലിം അന്യവല്‍ക്കരണത്തിന്റെ ആഴം തെളിയിച്ചുതന്നിരിക്കുന്നു കോവിഡ്. തമിഴ്‌നാട്ടില്‍ നിന്നും 1500 പേര്‍ ദില്ലിയിലെ തബ്‌ലീഗ് ജമാത്തില്‍ പങ്കെടുത്തുവെന്നാണ് കണക്ക്. അതില്‍ 1100 പേര്‍ തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇവരില്‍ ചിലരെങ്കിലും രോഗബാധിതരോ വൈറസ് വാഹകരോ ആണെന്ന് മനസ്സിലാക്കിയപ്പോള്‍ യാത്ര ചെയ്തവര്‍ ടെസ്റ്റിന് ഹാജരാകണമെന്ന് മുഖ്യമന്ത്രി പളനിസ്വാമി അഭ്യര്‍ത്ഥന നടത്തി. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഏറെക്കുറെ എല്ലാവരും ടെസ്റ്റിന് റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ പലരും തയ്യാറായില്ല. അവരുടെ മേല്‍ ഡഅജഅ ചുമത്താന്‍ ആദിത്യനാഥ് ഭരണകൂടം തിരക്കുകൂട്ടി. മധ്യപ്രദേശില്‍ ഇന്‍ഡോറില്‍ ചികിത്സാസംഘത്തെ ആക്രമിച്ചവര്‍ അത് ചെയ്തത് സംശയവും പേടിയും കൊണ്ടാണ്. തങ്ങളെ ഉപദ്രവിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ സംവിധാനം എന്ന ധാരണ – അത് തെറ്റിദ്ധാരണയാണ് എന്ന് പറയാന്‍ കഴിയാത്തത്ര വിഷലിപ്തമാണ് ഇവിടങ്ങളിലെ ഭരണവര്‍ഗ്ഗത്തിന്റെ പ്രവര്‍ത്തികള്‍ – കാരണമാണ് ആക്രമണമുണ്ടായത്. തമിഴ്‌നാട്ടില്‍ കേരളത്തിലെന്നപോലെ എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരിനെ വിശ്വസിക്കുന്നു. തങ്ങളുടേതുകൂടിയാണ് സര്‍ക്കാര്‍ എന്ന വിശ്വാസമാണ് തമിഴ്‌നാട്ടിലെ ഭരണനടപടികള്‍ സുഗമമാക്കുന്നതെങ്കില്‍ ഈ വിശ്വാസത്തിന്റെ അഭാവം കൊണ്ടാണ് ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും സര്‍ക്കാര്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കേണ്ടിവരുന്നത്. ഇതിന്റെ കാരണക്കാര്‍ അന്നാടുകളിലെ ഭരണവര്‍ഗ്ഗം തന്നെയാണ്. ഒരു ജനതയും ഭരണാധികാരിയും അല്ലെങ്കില്‍ ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ നിര്‍ണ്ണയിക്കുന്നത് ഭയം ആകരുത്. വിമര്‍ശനത്തിനും വിശകലനത്തിനും ഇടം നല്‍കുന്ന വിശ്വാസ്യതയാവണം ജനാധിപത്യത്തിലെ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഇടപാടിന്റെ ആധാരം. ഈ ഉടമ്പടി തകര്‍ന്നിരിക്കുന്നു. അധികാരം അനുശാസിക്കുന്നതെന്തും അനുസരിക്കണം ജനങ്ങള്‍ എന്നത് അസാധാരണമല്ലാത്ത സ്ഥിതിവിശേഷമായി മാറുമ്പോഴാണ് ഉണര്‍ന്നിരിക്കുന്നതിന്റെ പേരില്‍ ചെറുപ്പക്കാര്‍ തടവിലാക്കപ്പെടുന്നത് – അവരുടെ പേര് സഫൂറ സര്‍ഗ്ഗര്‍ എന്നായിരിക്കാം. അലന്‍ അല്ലെങ്കില്‍ താഹ എന്നുമായിരിക്കാം.

ഈ കോവിഡ് കാലത്ത് ഉരുത്തിരിഞ്ഞുവരുന്ന ജനാധിപത്യത്തെ ഏറ്റവും ഭംഗിയായി എം.ഗോവിന്ദന്റെ ഈ കവിത വിശദീകരിക്കുന്നുണ്ട്. നിന്റെ ആവശ്യങ്ങള്‍ എന്ന ആ കവിത ഇങ്ങനെയാണ്:

‘നിനക്ക് വേണ്ടത്
നെടിയൊരു വടി
നിന്നെ പിടിക്കാന്‍
– അവന്റെ കൈയില്‍
നിനക്കു വേണ്ടത്
നീളന്‍ മുള്ളുള്ള ബൂട്ട്
നിന്നെ ചവിട്ടാന്‍
– അവന്റെ കാലില്‍
നിനക്ക് വേണ്ടത്
നിന്റെ ശിരസ്സില്‍
ആധാരം കുറിക്കാന്‍
കൂരിയൊരെഴുത്താണി
– അവന്റെ കീശയില്‍
നിനക്ക് വേണ്ടത്
നിറച്ചുമധികാരം
അവന് ഭരിക്കാന്‍
ഏവനും മരിക്കാന്‍.’

അവന്റെ കാലമാണിത്.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply