വര്‍ഗ്ഗനിരപേക്ഷവും വ്യവസ്ഥാനിരപേക്ഷവുമല്ല ശാസ്ത്രം

മുതലാളിത്തം അതിന്റെ അപ്രതിരോധ്യമായ അധീശത്വം ലോകത്തിനു മേല്‍ സ്ഥാപിക്കുന്നത് ദൈവത്തിനു പകരം, ശാസ്ത്രമെന്ന ചോദ്യം ചെയ്യാനാവാത്ത മറ്റൊരു ദൈവത്തെ മനുഷ്യ മനസ്സുകളില്‍ പ്രതിഷ്ഠിച്ചു കൊണ്ടാണ്. മുതലാളിത്തത്തിന്റെ ഉപകരണമെന്ന നിലയില്‍ മൂലധനകേന്ദ്രീകരണത്തിനും അതിനൊത്ത് മനുഷ്യരെ നിയന്ത്രിക്കാനും ഭരിക്കാനും പറ്റാത്തവയെയെല്ലാം അത് അശാസ്ത്രീയമെന്നു മുദ്രകുത്തുന്നു. അതോടൊപ്പെം മുതലാളിത്തത്തിന്റെ അധികാര- ലാഭചോദനകള്‍ക്ക് വേണ്ടി അത് സൃഷ്ടിക്കുന്നതെല്ലാം ശാസ്ത്രീയമെന്ന് സ്ഥാപിച്ചെടുക്കുന്നു.

കോവിഡ് – 19 കേരളത്തില്‍ ഇതുവരെ വരാത്ത ഒരു ചര്‍ച്ചക്ക് – രോഗത്തിന്റെ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. എം.എ.ബേബിയാണ് അതു തുടങ്ങിയത്. തീവ്രമുതലാളിത്തത്തിന്റെ സാമ്പത്തിക നയങ്ങളാണ് കോവിഡിന് കാരണം എന്നദ്ദേഹം പറഞ്ഞപ്പോള്‍ നല്ല പരിഹാസമാണ് വന്നു ചേര്‍ന്നത്. അതിന്റെ ഒന്നാമത്തെ കാരണം, രോഗത്തിന്റെ രാഷ്ട്രീയം മലയാളിക്ക് എന്നല്ല ലോകത്തിനു തന്നെ അത്ര പരിചയമുള്ള ഒരു വിഷയമല്ല എന്നതാണ്. രണ്ടാമതായി, അദ്ദേഹത്തിന്റെ ആ സംസാരത്തില്‍, എങ്ങനെയാണ് തീവ്രമുതലാളിത്തത്തിന്റെ സാമ്പത്തിക നയങ്ങള്‍ ഈ കുഴപ്പങ്ങള്‍ ഉണ്ടാക്കിയെന്നതിന് വേണ്ടത്ര വിശദീകരണമോ വ്യക്തതയോ ഉണ്ടായിരുന്നില്ല. അത് കമ്മ്യൂണിസ്റ്റുകാര്‍ എപ്പോഴും പറയുന്ന, എന്തിനും ഏതിനും പറയുന്ന ഒരു സ്ഥിരം പൊതു ഉത്തരമായി തോന്നും. മൂന്നാമതായി, കേരള സമൂഹത്തില്‍ അല്പമെങ്കിലും സാമൂഹ്യ ചിന്തകളില്‍ ഏര്‍പ്പെടുന്ന മിക്കവരും തന്നെ കേവല യുക്തിവാദത്തിലും ശാസ്ത്രവാദത്തിലും കുടുങ്ങി, അതാണ് ഏറ്റവും പുരോഗമനപരം എന്നു കരുതുന്നതിനാല്‍ രോഗത്തെപ്പറ്റി മാത്രമല്ല ചികിത്സയെപ്പറ്റിയും തികച്ചും കാലഹരണപ്പെട്ട ധാരണകള്‍ വെച്ചു പുലര്‍ത്തുന്നവരാണ്. നാലാമതായി, കേരളത്തിലെ, മിതമായാലും അമിതമായാലും ഇടതുപക്ഷവും പിന്‍തുടരുന്നത് രോഗത്തെപ്പറ്റി മുതലാളിത്തം രൂപപ്പെടുത്തി പ്രചരിപ്പിക്കുന്ന പൊതുബോധം തന്നെയാണ്. അതായത് സ്വകാര്യ മേഖലക്കു പകരം പൊതുമേഖല വന്നാല്‍ തീരാവുന്നതേയുള്ളൂ കോവിഡും അതിന്റെ പൊല്ലാപ്പുകളും എന്നവര്‍ പഴയ അതേ ശൈലിയില്‍ അഭിരമിക്കുന്നു. പ്രശ്‌നങ്ങളെ സ്വകാര്യം, പൊതു എന്നീ രണ്ടു ധ്രുവങ്ങളിലായി , ഒന്നല്ലെങ്കില്‍ മറ്റേത് എന്ന ലളിത പരമ്പരാഗത പരാജിത പോംവഴികളില്‍ കടിച്ചു തൂങ്ങി, ഇനിയും ഗൗരവത്തില്‍ നടക്കേണ്ട ആത്മപരിശോധനകളെ മുളയിലേ നുള്ളിക്കളയുന്നു.

ഇടതുപക്ഷവും ആധുനിക ശാസ്ത്രവും

രോഗത്തെപ്പറ്റി രാഷ്ട്രീയമായ തിരിച്ചറിവ് നേടണമെങ്കില്‍ അഥവാ അധികാരവും രോഗവും തമ്മിലുള്ള ബന്ധം മനസ്സിലാക്കണമെങ്കില്‍, രോഗങ്ങളെപ്പറ്റി അറിവു നല്‍കുന്ന ആധുനിക ശാസ്ത്രത്തെപ്പറ്റിയുള്ള പൊതു സമ്മത ധാരണകളെ വിമര്‍ശനാത്മകമായി സമീപിക്കേണ്ടതുണ്ട്. അതായത് മുതലാളിത്തം ശാസ്ത്രത്തെപ്പറ്റി നിര്‍മ്മിച്ചെടുത്ത അതേ ധാരണ തന്നെയാണ് ഇടതുപക്ഷവും കൊണ്ടു നടക്കുന്നതെങ്കില്‍ നമുക്ക് അധികാരം എങ്ങനെ രോഗങ്ങളെ സൃഷ്ടിക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല തന്നെ. ആധുനിക ശാസ്ത്രം വ്യവസ്ഥാ നിരപേക്ഷമാണെന്നു കരുതിയാല്‍ പിന്നെ രോഗത്തെയും ചികിത്സയെയുമെല്ലാം അതേ രീതിയില്‍ മാത്രമേ നോക്കിക്കാണാന്‍ പറ്റൂ. അതുകൊണ്ട് ആധുനിക ശാസ്ത്രത്തെ വ്യവസ്ഥയുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുകയാണ് ആദ്യം വേണ്ടത്.

കേരളത്തില്‍ ഇടതുപക്ഷം ഇതേവരെ ശാസ്ത്രത്തെ മുതലാളിത്ത ബോധത്തിനപ്പുറത്തു നിന്ന് സൂക്ഷ്മപരിശോധന നടത്തിയിട്ടില്ല. മനോരമ പത്രവും മാതൃഭൂമിയും എങ്ങനെയാണോ ശാസ്ത്ര വാര്‍ത്തകള്‍ കൊടുക്കുന്നത് അതേ പോലെ തന്നെയാണ് പുരോഗമന മാധ്യമങ്ങളിലും ഇത്തരം വാര്‍ത്തകള്‍ വരുന്നത്. ശാസ്ത്രത്തെ വര്‍ഗ്ഗനിരപേക്ഷവും വ്യവസ്ഥാ നിരപേക്ഷവുമായി പൊതുനന്മയായി പ്രതിഷ്ഠിക്കുന്നതുകൊണ്ടാണ് ഇക്കാര്യത്തില്‍ മനോരമയും എതിര്‍ദിശയിലെന്നു പറയുന്നവരും ഒന്നായിത്തീരുന്നത്.

ആധുനിക ശാസ്ത്രത്തിന്റെ ഉദയം മുതല്‍ അത് എപ്രകാരമാണ് മൂലധനവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതെന്ന പരിശോധനയാണ് നമുക്കാവശ്യം. എന്നാല്‍ ഇടതുപക്ഷ ചിന്തകള്‍ അതിലേക്കു കടക്കാത്തത് ,അത്തരമൊരു വിമര്‍ശനം ശാസ്ത്ര നിരാസത്തിലേക്കും അന്ധവിശ്വാസങ്ങളിലേക്കും അതീന്ദ്രീയതയിലേക്കും അതിനെ ചെന്നെത്തിക്കുമോ എന്ന ഉള്‍ഭയത്താലാണ്. നേരത്തേ പറഞ്ഞതുപോലെ ഒന്നുകില്‍ ‘സ്വകാര്യം’ വിപരീതം ‘പൊതു എന്നതുപോലെ ‘ആത്മീയം’ വിപരീതം ‘ഭൗതികം’ എന്ന ദ്വന്ദ്വങ്ങളില്‍ ഒന്നില്‍ മാത്രമേ നില്‍ക്കക്കള്ളിയുള്ളൂ എന്ന ധാരണ മൂലം ശാസ്ത്ര വിമര്‍ശനത്തെ എതിരാളികളായ വിശ്വാസികള്‍ക്ക് ഇടതുപക്ഷം സ്വയം വിട്ടുകൊടുത്തിരിക്കുന്നു. അങ്ങനെ മുതലാളിത്ത ആധുനികത്വം തീര്‍ത്ത കപട വൈരുദ്ധങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ് നമ്മുടെ പുരോഗമന ചിന്തകള്‍.

ഉപകരണങ്ങള്‍ നിഷ്പക്ഷമല്ല

ശാസ്ത്രവും സാങ്കേതിക വിദ്യയും അവ രൂപപ്പെടുന്ന സാമൂഹ്യ പശ്ചാത്തലത്തിന്റെ മൂല്യങ്ങളെ കൂടി ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ മൂല്യ നിരപേക്ഷമാണെന്നും അതിനാല്‍ അവയെ നന്മക്കും തിന്മക്കും ഉപയോഗിക്കാമെന്നുമാണ് ശാസ്ത്ര സാങ്കേതിക വിദ്യകളെപ്പറ്റിയുള്ള മുതലാളിത്ത ബോധം. അതായത് ഒരു കത്തി കൊണ്ട് കറിക്കരിയാനും പറ്റും, ഒരാളെ കുത്താനും പറ്റും. ശാസ്ത്രത്തിന്റെ നന്മതിന്മകള്‍ അത് പ്രയാഗിക്കുന്നവരെ ആശ്രയിച്ചിരിക്കും. ഇതാണ് മുതലാളിത്ത വ്യവസ്ഥയെ ന്യായീകരിക്കുന്ന കേവല യുക്തിവാദത്തിന്റെയും ശാസ്ത്രവാദത്തിന്റെയും നിലപാട്. എന്നാല്‍ സൂക്ഷ്മാര്‍ത്ഥത്തില്‍ ഓരോ ഉപകരണവും അതിന്റെ നിര്‍മ്മിതിയില്‍ തന്നെ അതു കൊണ്ടുള്ള ഉപയോഗങ്ങളെ ആലേഖനം ചെയ്തിട്ടുണ്ടെന്നു കാണാം. ഇതു തിരിച്ചറിയുന്നതിനാലാണ് ആറ്റംബോംബിനോടെന്ന പോലെ ആണവ നിലയങ്ങളോടും മനുഷ്യര്‍ പൊരുതുന്നത്. ഓരോ ഉപകരണത്തിന്റെയും ഘടനയും സ്വഭാവവും നിര്‍ണ്ണയിക്കുന്നതാണ് അതിന്റെ ഉപയോഗം. അഥവാ ചില പ്രത്യേക ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനു വേണ്ടിയാണ് ഓരോ ഉപകരണവും രൂപപ്പെടുത്തുന്നത്. അല്ലാതെ ഉപയോഗിക്കുന്നവന്റെ മനസ്സല്ല ഉപകരണത്തിന്റെ നന്മതിന്മകള്‍ നിശ്ചയിക്കുന്നത്. കണ്ടുപിടുത്തങ്ങള്‍ സാമൂഹ്യ വ്യവസ്ഥയില്‍ പ്രത്യേകമായ ആവശ്യങ്ങളുടെ ഫലമായി ഉണ്ടാകുന്നവയാണ്. അവയ്ക്ക് അവതാരോദ്ദേശ്യങ്ങള്‍ ഉണ്ട്. അതിനാല്‍ അവ മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

മുതലാളിത്തം അതിന്റെ അപ്രതിരോധ്യമായ അധീശത്വം ലോകത്തിനു മേല്‍ സ്ഥാപിക്കുന്നത് ദൈവത്തിനു പകരം, ശാസ്ത്രമെന്ന ചോദ്യം ചെയ്യാനാവാത്ത മറ്റൊരു ദൈവത്തെ മനുഷ്യ മനസ്സുകളില്‍ പ്രതിഷ്ഠിച്ചു കൊണ്ടാണ്. മുതലാളിത്തത്തിന്റെ ഉപകരണമെന്ന നിലയില്‍ മൂലധനകേന്ദ്രീകരണത്തിനും അതിനൊത്ത് മനുഷ്യരെ നിയന്ത്രിക്കാനും ഭരിക്കാനും പറ്റാത്തവയെയെല്ലാം അത് അശാസ്ത്രീയമെന്നു മുദ്രകുത്തുന്നു. അതോടൊപ്പെം മുതലാളിത്തത്തിന്റെ അധികാര- ലാഭചോദനകള്‍ക്ക് വേണ്ടി അത് സൃഷ്ടിക്കുന്നതെല്ലാം ശാസ്ത്രീയമെന്ന് സ്ഥാപിച്ചെടുക്കുന്നു. ( സിഗരറ്റിന്റെ ആദ്യകാല പരസ്യങ്ങളില്‍ പോലും, ഇന്ന് കോള്‍ഗേറ്റിന്റേതു പോലെ, ‘ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു ‘എന്ന് വെളുത്ത കോട്ടിട്ട് പരസ്യം വന്നിരുന്നു) ജനസാമാന്യത്തിനു എത്തിപ്പിടിക്കാന്‍ പറ്റാത്ത വലിയ മൂലധന മുടക്കു കൊണ്ടു മാത്രം പ്രാപ്യമാകുന്ന പരീക്ഷണശാലകളിലൂടെയും സര്‍വ്വകലാശാലകളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും ഫൗണ്ടേഷനുകളിലൂടെയും മുതലാളിത്തം അതിന്റെ ‘ശാസ്ത്രീയ’ സത്യങ്ങള്‍ നിര്‍മ്മിക്കുന്നു. വിപണിയുടെ സ്വച്ഛന്ദമായ ഒഴുക്കിനെ പ്രോത്സാഹിപ്പിക്കുന്ന ഗവേഷണങ്ങള്‍ക്കു മാത്രം മൂലധനം നല്‍കുന്നതു മുതല്‍ മുതലാളിത്തത്തിന്റെ ഇടപെടല്‍ ആരംഭിക്കുന്നു. ഈ വിവേചനം സര്‍വ്വ സമൂഹത്തിനും ഉതകുന്നതും ലാളിത്യമുള്ളതുമായ പല ശാസ്ത്ര പ്രയോഗങ്ങളെയും ഗര്‍ഭത്തിലേ അലസിപ്പിച്ചു കളയുന്നു. ഇങ്ങനെ മുതലാളിത്തത്തില്‍ സാമൂഹ്യവല്‍ക്കരിക്കപ്പെടുന്ന ശാസ്ത്രധാരണകള്‍ മൂലധന താല്‍പ്പര്യങ്ങളുടെ കര്‍ക്കശമായ അരിപ്പയിലൂടെ പുറത്തു വരുന്നവയാണ്. അങ്ങനെ , രാസവിഷങ്ങള്‍ കൃഷിയിടത്തില്‍ ചൊരിഞ്ഞ് പരിസ്ഥിതിയും ശരീരവും ഹാനി വരുത്തുന്ന സമ്പ്രദായത്തെ നാം ശാസ്ത്രീയ കൃഷി എന്നു വിളിക്കുകയും നമ്മുടെ കാര്‍ഷിക കോളേജുകള്‍ അത് പഠിപ്പിക്കുകയും ചെയ്യുന്നു. അനുവദനീയമായ അളവ് ( permissible limit) എന്ന മറ്റൊരു പരീക്ഷണശാലാ ശാസ്ത്രീയ സത്യം അവതരിപ്പിച്ചു കൊണ്ട് സകല വിഷങ്ങള്‍ക്കും അത് പരവതാനി കാട്ടുകയും പല വിഷങ്ങള്‍ തമ്മില്‍ ചേര്‍ന്നാലുള്ള ദുരവസ്ഥകളെപ്പറ്റി ഒരക്ഷരം മിണ്ടാതിരിക്കുകയും ചെയ്യുന്നു.

ആധുനിക ശാസ്ത്രത്തിന്റെ സന്തതിയെന്നവകാശപ്പെടുന്ന വൈദ്യശാസ്ത്രമാകട്ടെ രോഗത്തെ ജീവ ശാസ്ത്രപരമായ ഒരു വിഷയമാക്കി സങ്കോചിപ്പിച്ചു കൊണ്ട് രോഗത്തിന്റെ ചരിത്രം, സാമൂഹ്യ ശാസ്ത്രം എന്നിവയെപ്പറ്റിയുള്ള അന്വേഷണങ്ങളെ അവസാനിപ്പിച്ചു കളയുന്നു. കാരണം അത്തരം അന്വേഷണങ്ങള്‍ വിപണിയുടെ സൈ്വര്യ വിഹാരത്തിന് തന്നെ വിലങ്ങു വീഴ്ത്തുമല്ലോ. അതുകൊണ്ട് പകര്‍ച്ച രോഗങ്ങള്‍ക്കെല്ലാം അണുക്കള്‍ക്കു മേലും പകര്‍ച്ചേതര രോഗങ്ങള്‍ക്കെല്ലാം പാരമ്പര്യം, പ്രായാധിക്യം എന്നിവയിലും മാത്രം കുറ്റം ആരോപിച്ച് , വ്യവസ്ഥയെ നോവിപ്പിക്കാത സംരക്ഷിച്ചു നിര്‍ത്തുന്നു.

ബ്രിട്ടനില്‍ മുതലാളിത്ത വ്യവസ്ഥയുടെ പ്രാരംഭം ഉയര്‍ച്ച, വ്യാപനം എന്നീ ഘട്ടങ്ങള്‍ പരിശോധിച്ചാല്‍ അവ ആ സമൂഹത്തില്‍ ഓരോ ജനവിഭാഗങ്ങളിലും വരുത്തിയ ആഘാതങ്ങള്‍ക്കനുസരണമായിട്ടാണ് രോഗങ്ങളും വന്നിട്ടുള്ളതെന്നു കാണാം. ഗ്രാമങ്ങളെ പാപ്പരാക്കിയ ആദ്യ ഘട്ടത്തില്‍ അവിടെ ഗ്രാമങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പെരുകി. നഗരങ്ങള്‍ വ്യാവസായികമായി രാപ്പകല്‍ സജീവമായതോടെ, നഗരങ്ങളിലെ തൊഴിലാളികള്‍ പകര്‍ച്ച രോഗങ്ങള്‍ക്കും ഒപ്പം മലിനീകരണ രോഗങ്ങള്‍ക്കും ഇരയായി. പാശ്ചാത്യ വികസനം 20 -ാം നൂറ്റാണ്ടിലെത്തിയപ്പോള്‍ , ഭക്ഷണവും സര്‍വ്വത്ര വ്യവസായവല്‍ക്കരിക്കപ്പെട്ടതോടെ ഏവരിലും ജീവിത ശൈലീ രോഗങ്ങളും കുന്നുകൂടി. മുതലാളിത്തം കണ്ടു പിടിച്ച ‘ജീവിത ശൈലീ ‘ രോഗം എന്ന പേരു തന്നെ വളരെ ആസൂത്രിതമാണ്. രോഗത്തിന്റെ ഉത്തരവാദിത്വം വ്യക്തികളുടെ മാത്രം കുഴപ്പമാക്കി മാറ്റുന്ന പ്രയോഗമാണത്. ആധുനിക ലോകത്ത് ജീവിത ശൈലിയെന്നത് സര്‍ക്കാര്‍ നയങ്ങളുടെ ബഹിര്‍സ്ഫുരണം മാത്രമാണ്. വ്യക്തി മാറിയാല്‍ എല്ലാം റെഡിയായി എന്ന വ്യക്തിവാദത്തിലേക്ക് വഴിതെറ്റിച്ച് രോഗത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളെ അങ്ങനെ തന്നെ ഉറപ്പിക്കുക എന്നതാണ് തന്ത്രം.

കുറച്ചു ദിവസത്തെ ശരിയായ വിശ്രമത്താല്‍ മാറിപ്പോകാവുന്ന പനിക്കുപോലും , ഗുരുതര പാര്‍ശ്വഫലങ്ങളെ പാടെ അവഗണിച്ചു കൊണ്ട് മരുന്നു നല്‍കുന്നതിനു കാരണം ആ മരുന്നിന്റെ അവതാരലക്ഷ്യം മനുഷ്യനെ എത്രയും പെട്ടെന്ന്, അയാളുടെ രോഗലക്ഷണങ്ങള്‍ മാത്രം അടിച്ചമര്‍ത്തി , നേരേ തൊഴില്‍ കമ്പോളത്തിലേക്ക് ചെല്ലാന്‍ തയ്യാറാക്കുക എന്നതാണ്. കാരണം അവിശ്രമം മത്സരാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന അത്യുല്പാദന ലോകമാണ് മുതലാളിത്തം. അവിടെ മറ്റെന്തിനെക്കാളും വലുത് ചരക്ക് മാത്രമാണ്. യഥാര്‍ത്ഥത്തില്‍ മുതലാളിത്തമെന്നത് സദാ സജ്ജമായി നില്‍ക്കുന്ന ഒരു യുദ്ധമുഖമാണ്. അവിടെ സൈനികന് എഴുന്നേറ്റു നിന്ന് പോരടിക്കാനുള്ള താല്‍ക്കാലിക ആലംബങ്ങള്‍ മാത്രം മതിയാകും. മിലിറ്ററി റിസര്‍ച്ചിന്റെ അനുബന്ധമാണ് മിക്ക കണ്ടുപിടുത്തങ്ങളുമെന്ന് റോബര്‍ട്ട് എം.യങ് പറയുന്നുണ്ട്.

യൂറോപ്യന്‍ കോളനികളിലും, അവിടുത്തെ പരിസ്ഥിതിയിലും സമൂഹത്തിലും വരുത്തിയ മുതലാളിത്ത ഇടപെടലുകള്‍ക്കൊത്താണ് പകര്‍ച്ച / ദാരിദ്യ രോഗങ്ങള്‍ അവിടങ്ങളിലൊക്കെ രൂക്ഷമാകുന്നത്. കാടു വെട്ടിത്തെളിച്ച തോട്ടം കൃഷിയും കനാലുകളുടെ നിര്‍മ്മാണവും ചേര്‍ന്ന് മലമ്പനി പോലുള്ള രോഗങ്ങളെ കോളനികളില്‍ വ്യാപിപ്പിച്ചതിനെപ്പറ്റി പഠനങ്ങളുണ്ട്.

പൊതുമേഖലാ നുഴഞ്ഞു കയറ്റം

മൂലധനത്തിന്റെ കേന്ദ്രീകരണവും അത് സാധ്യമാക്കാന്‍ സ്വീകരിക്കുന്ന അടവുകളും ചേര്‍ന്ന് മനുഷ്യന്‍ നേരിടുന്ന എല്ലാ വെല്ലുവിളികളെയും അതിസങ്കീര്‍ണ്ണവും രൂക്ഷവുമാക്കുന്നതിനാല്‍, രോഗകാരികളായി മാറാവുന്ന അണുക്കളും, അസാമാന്യ കരുത്ത് ഉല്‍പ്പരിവര്‍ത്തനത്തിലൂടെ നേടിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ തല്‍ക്ഷണം ലാഭം എന്ന മുതലാളിത്ത വിജയമന്ത്രമാണ് മാരക വിഷപ്രയോഗങ്ങള്‍ വഴി അണുക്കളെ കൂടുതല്‍ മാരകങ്ങളാക്കി മാറ്റുന്നത്. അതായത് മനുഷ്യനും അണുസഞ്ചയ വൈവിധ്യവും തമ്മിലുള്ള സന്തുലിതമായ അനുരഞ്ജനത്തിന്റെ സകല സാധ്യതകളെയും മൂലധനത്തിന്റെ മാര്‍ഗ്ഗ ലക്ഷ്യങ്ങള്‍ ഛിന്നഭിന്നമാക്കിയിട്ടുണ്ട്. അതുകൊണ്ട് രോഗങ്ങള്‍ക്കെതിരെയുള്ള സമരം മൂലധനകേന്ദ്രീകരണത്തിനെതിരെയുള്ള സമരം മാത്രമായതുകൊണ്ട് കാര്യമില്ല. പകരം കേന്ദ്രീകരണത്തിന്റെ മാര്‍ഗ്ഗങ്ങളെയും അതിനുള്ള ഉപകരണങ്ങളെയും പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്. അതായത് മനുഷ്യന്റെ രോഗ പ്രതിരോധ ശക്തിയെ ക്ഷയിപ്പിക്കുന്ന മുതലാളിത്ത ഭക്ഷണം, മരുന്ന് ,പരിസ്ഥിതി നശീകരണം എന്നിവയെ പുന:ക്രമീകരിക്കുകയാണ് ആദ്യം വേണ്ടത്. ജനിതകമാറ്റം വരുത്തിയ വിളകളുടെ പരീക്ഷണവും നടത്തിപ്പും മൊണ്‍സാന്റോ എന്ന കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ ഉടമ എന്ന പൊതു ലാവണത്തിലേക്ക് മാറിയിട്ട് ഒരു ഗുണവുമില്ല. ആ സാങ്കേതിക വിദ്യ തന്നെയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. വികേന്ദ്രീകൃത അധികാരത്തിന്റെ നാട്ടു വിത്തുകളാണ് അപ്പോള്‍ സമരമാര്‍ഗ്ഗമാകുന്നത്. പൊതു ഉടമയിലായാല്‍ സോഷ്യലിസ്റ്റുകള്‍ ശാസ്ത്രത്തിനു പച്ചക്കൊടി കാണിക്കും എന്നു മുന്‍കൂട്ടി കണ്ടിട്ടു തന്നെയാണ് ‘ഹരിതവിപ്ലവ’ മെന്ന പേരില്‍ അമേരിക്കന്‍ അധിനിവേശം ഇവിടെ സര്‍ക്കാര്‍ മേഖല വഴി കടന്നു കയറിയത്.ബി.ടി.വഴുതന യുമായി വന്ന മൊണ്‍സാന്റോയെ തടഞ്ഞതു കണ്ട്, ഇപ്പോള്‍ ജി.എം.കടുക് വരാന്‍ നോക്കിയത് പൊതുമേഖലയിലൂടെയാണ്.

വികേന്ദ്രീകൃത മാര്‍ഗ്ഗങ്ങള്‍ തുണക്കട്ടെ

കോവിഡ്- 19 നു കാരണമായ വൈറസ്സിന്റെ വരവ് എങ്ങനെയെന്ന് ഇതേ വരെ വ്യക്തമല്ല. പരിസ്ഥിതിനാശം വഴി ആയാലും ജൈവായുധ ലാബില്‍ നിന്നുള്ള പുറത്തുചാട്ടമായാലും ,അതല്ല ബോധപൂര്‍വ്വപ്രവൃത്തി കൊണ്ടായാലും ഓരോന്നിലും സ്ഥാപിത താല്‍പ്പര്യങ്ങള്‍ തീര്‍ച്ചയായുമുണ്ട്. ലോകജനതയില്‍ 99% വും ഈ കുറ്റകൃത്യങ്ങളില്‍ പങ്കാളികളുമല്ല. അതിലേറെ, രോഗം മൂലം മരണനിരക്ക് ഉയരുന്നതിന് കൃത്യമായ കാരണങ്ങളുമുണ്ട്. അതില്‍ ഒന്നാമത്തേത് ഭക്ഷണ പരിസ്ഥിതികളുടെ വികലമാക്കല്‍ വഴി ദീര്‍ഘകാല രോഗങ്ങള്‍, അവയുടെ മരുന്നുകള്‍ എന്നിവ കൊണ്ട് നാഗരിക സമൂഹത്തിനു രോഗ പ്രതിരോധശേഷിയില്‍ വന്ന തകര്‍ച്ചയാണ്. മരിക്കുന്നവരില്‍ 90% ലേറെയും ഇത്തരം അവസ്ഥകള്‍ ഉള്ളവരെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്). ഈ ഭക്ഷണ-മരുന്നു വ്യവസായമാകട്ടെ യുദ്ധോപകരണങ്ങളെന്ന പോലെ ആഗോള മൂലധനശക്തികളുടെ താവളങ്ങളുമാണ്.

‘ഒരൊറ്റ ജലദോഷപ്പനി കൊണ്ടു പോലും ശ്വാസം നിലയ്ക്കുന്നവരായി മൂലധനത്തിന്റെ മാര്‍ഗ്ഗ ലക്ഷ്യങ്ങള്‍ മനുഷ്യരെ മാറ്റിയിരിക്കുന്നു. എന്നാല്‍ ഈ പ്രതിസന്ധിയും സഹജവാസനയാലെന്ന പോലെ, ആഗോള മൂലധനശക്തികള്‍ പലവിധത്തില്‍ അതിന്റെ വികട ബുദ്ധിയുടെ കരുക്കുകള്‍ മുറുക്കാനാണ് ഉപയോഗിക്കാന്‍ പോകുന്നത്. മറ്റു ചികിത്സാരീതികളെ അടിച്ചമര്‍ത്തുന്നതാണ് അതിലൊന്ന്.( കേരളത്തില്‍ ഒരു മരുന്നും കഴിക്കാതെ, സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ക്കു പോലും ഹോമിയോ മരുന്നുകള്‍ പ്രതിരോധമായി കൊടുക്കാന്‍ അലോപ്പതിക്കാര്‍ സമ്മതിച്ചില്ല ). മാത്രമല്ല, രോഗ രക്ഷയ്ക്ക് വാക്‌സിന്‍ ശരണം (കെ.വേണുവും മറ്റും ഇത് എടുത്തു പറയുന്നുണ്ട് ) എന്ന കാത്തിരുപ്പു വഴി രോഗ പ്രതിരോധ ശക്തി നേടുന്നതിന്റെ സ്വാഭാവികമായ ജീവനചര്യകളിലേക്ക് നമ്മെ നയിക്കാതിരിക്കുന്നു. അങ്ങനെ നാം പഴയപടി വിഷഭക്ഷണവും മലനീകരണവും അവയുടെ രോഗാതുരതകളും അതിനുള്ള ധ നവ്യയ ചികിത്സാ മുട്ടുശാന്തികളുമായി ഒതുങ്ങിക്കൂടും.

അതുകൊണ്ട് കോവിഡിനെതിരെയുള്ള സമരമെന്നാല്‍ മൂലധന കേന്ദ്രീകരണത്തിന്റെ പ്രച്ഛന്ന മാര്‍ഗ്ഗങ്ങള്‍ക്കെതിരെയുള്ള സമരമായിട്ടാണ് മാറേണ്ടത്. അത് നാട്ടുഭക്ഷണത്തിന്റെ സ്വാഭാവിക രുചികളെ നമ്മുടെ ഭക്ഷ്യ വൈവിധ്യം കൊണ്ടും, പരിസ്ഥിതി സൗഹൃദകൃഷി കൊണ്ടുമുള്ള സമരമാണ്. പല ചികിത്സാ ധാരകളെ പരിപോഷിപ്പിച്ചും സമന്വയിപ്പിച്ചും കൊണ്ടുമുള്ള സമരമാണ്. നാട്ടു ശാസ്ത്രങ്ങളെയും നാട്ടുസാങ്കേതിക വിദ്യകളെയും കാലാനുസൃതമാക്കി പുതുക്കി ആധുനിക ശാസ്ത്രത്തിന്റെ നന്മകള്‍ക്കൊപ്പം ചേര്‍ക്കുന്ന സമരമാണ്. രാപ്പകല്‍ ഇടതടവില്ലാതെ അത്യുല്പാദനത്തിലൂടെ, നിരന്തര മത്സരത്തെ മുന്‍നിര്‍ത്തി വിപണി വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തില്‍ എല്ലാ മനുഷ്യരുടെയും സ്വാസ്ഥ്യവും സൗഹൃദവും തട്ടിത്തെറിപ്പിക്കുന്നതിനെതിരെയുള്ള സമരമാണ്. അധികാരം ശാസ്ത്രമായും ശാസ്ത്രം അധികാരമായും വേഷം മാറുന്നതിനെതിരെയുള്ള സമരമാണത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply