നടപ്പാക്കണം രോഗികളുടെ അവകാശ പത്രികയും

2012 ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ഭേദഗതി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാണ് മന്ത്രിസഭാ തീരുമാനം.

ഏറെ കാലമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്ന ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓര്‍ഡിനന്‍സ് അവസാനം തയ്യാറായതായി ആരോഗ്യമന്ത്രി അറിയിച്ചിരിക്കുന്നു. അതിനായി ഒരു പെണ്‍കുട്ടിയുടെ ജീവന്‍ ബലി കൊടുക്കേണ്ടി വന്നു എന്നതു വേറെ കാര്യം. അതേസമയം ഏറെകാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന രോഗികളുടെ അവകാശ പത്രിക (Charter of patients rights) ഇനിയും നടപ്പായിട്ടില്ല. ഈയവസരത്തില്‍ തന്നെ അക്കാര്യത്തിലുള്ള പ്രഖ്യാപനവും നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പ്രത്യേകിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ അനാസ്ഥമൂലം വര്‍ഷങ്ങളായി വേദന തിന്നു ജീവിക്കുന്ന ഹര്‍ഷിന എന്ന യുവതി മന്ത്രി വാക്കുപാലിക്കാനാവശ്യപ്പെട്ട് നീതിക്കായുള്ള സമരം പുനരാരംഭിക്കുന്ന സാഹചര്യത്തില്‍. The charter of rights of patients should be implemented along with the hospital care law amendment ordinance in the wake of Dr Vandana’s murder

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പരമാവധി ഏഴുവര്‍ഷം വരെ തടവ്, അഞ്ചു ലക്ഷം വരെ പിഴ ലഭിക്കുന്ന രീതിയിലാണ് നിയമ ഭേദഗതി. കേസുകള്‍ പരിഗണിക്കാന്‍ എല്ലാ ജില്ലയിലും സ്‌പെഷ്യല്‍ കോടതിയുണ്ടാകും.. ഡോക്ടര്‍മാര്‍ മാത്രമല്ല, സെക്യൂരിറ്റി, പാരാ മെഡിക്കല്‍ സ്റ്റാഫ് എല്ലാവരും നിയമത്തില്‍ ഉള്‍പ്പെടും. ആക്രമിക്കുന്നവര്‍ക്കെതിരെ മിനിമം ശിക്ഷ ഉറപ്പാക്കും. അന്വേഷണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. അതിനായി ഒരു സ്‌പെഷ്യല്‍ കോര്‍ട്ടും പ്രോസിക്യൂട്ടറെയും ഗവണ്‍മെന്റ് നിയമിക്കും. ആക്ടിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഓഫീസര്‍ അന്വേഷിക്കും. കേസന്വേഷണം പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്ന തീയതി മുതല്‍ 60 ദിവസത്തിനകം പൂര്‍ത്തീകരിക്കും.

2012 ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ഭേദഗതി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാണ് മന്ത്രിസഭാ തീരുമാനം. നിലവിലുള്ള നിയമത്തില്‍ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രജിസ്റ്റര്‍ ചെയ്ത (താല്‍ക്കാലിക രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള) മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, രജിസ്റ്റര്‍ ചെയ്ത നേഴ്സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരുന്നത്. പുതുക്കിയ ഓര്‍ഡിനന്‍സില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. ആരോഗ്യ രക്ഷാ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കല്‍ ജീവനക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാനേജീരിയല്‍ സ്റ്റാഫുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരും കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരും ഇതിന്റെ ഭാഗമാകും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

രോഗികള്‍ മരിക്കുമ്പോള്‍ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമൊക്കെ ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നിയമം വളരെ അനിവാര്യമാണ്. വൈകിയാണെങ്കിലും അതിനു തയ്യാറായതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. ഏതുമേഖലയിലുമെന്നപോലെ സുരക്ഷിതമായ സാഹചര്യങ്ങളില്‍ ജോലി ചെയാനുള്ള ഡോക്ടര്‍മാരുടെ അവകാശം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അതുപൂര്‍ണ്ണമായി അംഗീകരിച്ചുകൊണ്ടതന്നെ പറയട്ടെ, രോഗികളുടെ അവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. പ്രത്യേകിച്ച് രോഗികള്‍ അസംഘടിതരും ദുര്‍ബ്ബലരുമായ സാഹചര്യത്തില്‍. എന്നാല്‍ ഏറെകാലമായി ചര്‍ച്ച ചെയ്യുന്നതാണെങ്കിലും വൈകിക്കൊണ്ടിരിക്കുന്ന ഒന്നാണ് രോഗികളുടെ അവകാശപത്രിക നടപ്പാക്കല്‍. ആശുപത്രികളില്‍ രോഗികളെ ചൂഷണം ചെയ്യുന്നത് തടയാനും മെഡിക്കല്‍ സേവനങ്ങള്‍ വിവേചനരഹിതമായി എല്ലാവര്‍ക്കും ലഭിക്കാനും കേന്ദ്രസര്‍ക്കാരാണ് രോഗികളുടെ അവകാശപത്രിക പുറപ്പെടുവിച്ചത്. 2018ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാക്കിയ, രോഗികള്‍ക്കും കൂട്ടിരി്പപുകാര്‍ക്കും അവകാശപ്പെട്ട 17 വ്യവസ്ഥകള്‍ അടങ്ങിയ അവകാശപത്രിക കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പ് സംസ്ഥാനത്തിനു അയച്ചുകൊടുത്തിട്ട് നാലു വര്‍ഷം കഴിഞ്ഞു. എന്നാലിതുവരേയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഉടനടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ മനുഷ്യാവകാശദിനത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

വിവരങ്ങളും റെക്കോഡും റിപ്പോര്‍ട്ടും ലഭിക്കാന്‍, അടിയന്തിര സേവനം ലഭിക്കാന്‍, സമ്മതപത്രം ഉറപ്പാക്കാന്‍, സ്വകാര്യത ഉറപ്പാക്കാന്‍, വിദഗ്ധ അഭിപ്രായം തേടാന്‍, നിരക്കുകളും സേവനങ്ങളും സംബന്ധിച്ച് സുതാര്യത ഉറപ്പാക്കാന്‍, വിവേചന രാഹിത്യം ഉറപ്പാക്കാന്‍, നിശ്ചിത നിലവാരവും സുരക്ഷയും ഉറപ്പാക്കാന്‍, ബദല്‍ ചികിത്സാ സാധ്യതകള്‍ തേടാന്‍, മരുന്നുകള്‍ സ്വന്തം ഇഷ്ടപ്രകാരം വാങ്ങാന്‍, പരിശോധനകള്‍ ഇഷ്ടമുള്ളിടത്തു നടത്താന്‍, റഫറലും ആശുപത്രി മാറ്റലിനുമുള്ള നടപടികള്‍ ലളിതമാക്കാന്‍, ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാവുന്നവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ബോയോ മെഡിക്കാല്‍ ഗവേഷണങ്ങളില്‍ ഉള്‍പ്പെടുന്നതിന്, ആശുപത്രിയില്‍ നിന്നു വിടുതല്‍ തേടുന്നതിനും മൃതദേഹം ഏറ്റുവാങ്ങുന്നതിനും, രോഗികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാന്‍, പരാതി പിരഹാരത്തിനുള്ള സംവിധാനത്തിന്….. ഇതിനെല്ലാമുള്ള രോഗികളുടെ അവകാശം പത്രിക ഉറപ്പുനല്‍കുന്നു. കേന്ദ്രത്തിന്റെ ഈ പത്രിക പോയിട്ട് സസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ആരോഗ്യ സ്ഥാപന നിയന്ത്രണ നിയമം പോലും നടപ്പാക്കാനായിട്ടില്ല എന്നതാണ് വസ്തുത. കാരണമാകട്ടെ ഐ എം എ ഉള്‍പ്പടെയുള്ള സംഘടനകളുടെ എതിര്‍പ്പാണത്രെ.

ഏറ്റവും അസംഘടിതരും ദുര്‍ബ്ബലരുമാണല്ലോ രോഗികള്‍. രോഗികളുടെ മുന്നില്‍ കാണപ്പെട്ട ദൈവങ്ങളാണ് ഡോക്ടര്‍മാര്‍. ഒരു അന്ധവിശ്വാസിയെ പോലെയാണ് അവര്‍ ഡോക്ടര്‍മാരെ കാണുന്നത്. പല ഡോക്ടര്‍മാരുമാകട്ടെ മരുന്നു നിര്‍മ്മാതാക്കളുടേയും ചികിത്സോപകരണ നിര്‍മ്മാതാക്കളുടേയും ഏജന്റുമാരെപോലെയാണ് പ്രവര്‍ത്തിക്കുന്നത്. സംശയമുള്ളവര്‍ക്ക് സുഹൃത്തുക്കളായ മെഡിക്കല്‍ റപ്രസന്ററ്റീവുമാരോട് ചോദിച്ചാലറിയാവുന്നതാണ്. സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് ക്വാട്ട പോലും നല്‍കുന്നുണ്ടെന്നത് പരസ്യമാണല്ലോ. രോഗികളില്‍ നിന്നു കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാരെ കുറിച്ചുള്ള വാര്‍ത്തകളും കുറവല്ല. മറുവശത്ത് ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം ജീവിതം നഷ്ടപ്പെട്ടവരും നരകതുല്യമായി ജീവിക്കുന്നവരും ഒരുപാടാണ്. ഈ കുറിപ്പെഴുതുമ്പോള്‍ വരുന്ന വാര്‍ത്ത അത്തരത്തിലൊന്നാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ അനാസ്ഥമൂലം വര്‍ഷങ്ങളായി വേദന തിന്നു ജീവിക്കുന്ന ഹര്‍ഷിന, മന്ത്രി വാക്കുപാലിക്കാനാവശ്യപ്പെട്ട് നീതിക്കായുള്ള സമരം പുനരാരംഭിക്കുന്നു എന്ന വാര്‍ത്തയാണത്. അവിടെ നടന്ന ശസ്ത്രക്രിയയില്‍ വയറിനകത്ത് കത്രിക മറന്നു വെക്കുകയായിരുന്നു. അതുമായി ആറുവര്‍ഷത്തോളമാണ് അവര്‍ വേദന സഹിച്ചത്. കാര്യങ്ങള്‍ വ്യക്തമായതിനെ തുടര്‍ന്ന് ഏതാനും മാസം മുമ്പ് സമരരംഗത്തിറങ്ങിയ ഹര്‍ഷിനയോട് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ നടപ്പായില്ല. ഈ സാഹചര്യത്തിലാണ് അവര്‍ വീണ്ടും സമരമാരംഭിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചികിത്സയെ കുറിച്ച് പരാതിയുണ്ടെങ്കില്‍ നിയമനപടി സ്വീകരിക്കാമല്ലോ എന്നാണ് പൊതുവില്‍ ഐഎംഎയും മറ്റും പറയാറുള്ളത്. ശരിയാണെന്നു തോന്നുന്ന മറുപടി. പക്ഷെ ഡോക്ടര്‍ക്കു വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുക വേറെ ഡോക്ടറായിരിക്കും. ഒരു പോലീസ് മറ്റൊരു പോലീസിനെതിരെ റിപ്പോര്‍ട്ട് എഴുതില്ല എന്നതുപോലെ ഡോക്ടറും അതു ചെയ്യുമോ? സാധാരണഗതിയില്‍ സാധ്യതയില്ല. ചികിത്സയെകുറിച്ചൊന്നും അറിയാത്ത കോടതി വിധി പറയുക ആ റിപ്പോര്‍ടിനെ ആശ്രയിച്ചും. ഈ രീതി മാറാതെ രോഗികള്‍ക്ക് കോടതിയില്‍ നിന്നു നീതി ലഭിക്കുമെന്നു വിശ്വസിക്കാനാവില്ല. കൂടാതെ സംഭവമുണ്ടാകുമ്പോഴേക്കും ഡോക്ടര്‍ക്ക് വീഴ്ചയില്ല എന്നു പറഞ്ഞ് രംഗത്തിറങ്ങുന്ന സ്ഥിരം പരിപാടി സംഘടനകള്‍ അവസാനിപ്പിക്കുകയും വേണം. അടുത്ത കാലത്ത് ചില സംഭവങ്ങളിലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിച്ചപ്പോള്‍ ചില സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തിറങ്ങിയിരുന്നു.

മുകളില്‍ സൂചിപ്പിച്ച രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നു ചോദിച്ചാല്‍ പൊതുവില്‍ ഇല്ല എന്നുതന്നെയല്ലേ മറുപടി? രോഗിക്ക് വായിച്ചാല്‍ മനസ്സിലാകുന്ന രീതിയില്‍ മരുന്നുകളുടെ പേരുപോലും എഴുതാന്‍ ഡോക്ടര്‍മാര്‍ തയ്യാറല്ല. ബില്ലുകള്‍ പോലും പലപ്പോഴും ലഭിക്കില്ല. ചികിത്സാനിരക്കുകളില്‍ ഏകീകരണമില്ല. ആരോഗ്യം മൗലികാവകാശവും മനുഷ്യാവകാശവുമായി ഇന്ത്യന്‍ ഭരണഘടനയും അന്താരാഷ്ട്ര ഉടമ്പടികളും അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍തന്നെ രോഗിയുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടത് സേവനദാതാക്കളായ ആശുപത്രി മാനേജ്‌മെന്റുകളുടേയും ഡോക്ടറും നേഴ്‌സുമാരുമടങ്ങുന്ന സ്റ്റാഫിന്റേയും ഉത്തരവാദിത്തമാണ്. അതുറപ്പുവരുത്താനുളള ബാധ്യത സര്‍ക്കാരിനുണ്ട്. പക്ഷെ രോഗങ്ങളെകുറിച്ചും ചികിത്സകളെ കുറിച്ചും കാര്യമായി അറിയാത്തതിനാല്‍ വെറും ഗിനിപ്പന്നികളായി മാറേണ്ട അവസ്ഥയാണ് ഇന്നു രോഗികളുടത്. . പ്രതിഷേധിക്കാനോ പ്രതികരിക്കാനോ അഭിപ്രായം പറയാനോ പോലും ഒരു സാധ്യതയുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നത്. അതിനാല്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുമ്പോള്‍ രോഗികളുടെ അവകാശങ്ങളും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply