ഗ്രീന്‍ലാന്റില്‍ പെയ്തത് നരകാഗ്നിയായ ഒരു കുളിര്‍ മഴ

തലക്കെട്ട് കണ്ട് തലയില്‍ കൈ വെക്കണ്ട. ഒരു തണുത്ത മഴ ശരിക്കും നരകാഗ്നി തന്നെയായ സംഭവമാണിത്.

.പാരിസ്ഥിതിക ബോധവല്‍ക്കരണത്തിനായി ഐക്യരാഷ്ട്ര സഭ 27 കൊല്ലം മുമ്പ് ആരംഭിച്ച ഒരു ദിനാചരണമായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതമായ ഓസോണ്‍ ദിനം . ഈ ദിനത്തിന് ഒരാഴ്ച മുമ്പ് കഴിഞ്ഞ ശനിയാഴ്ച പെയ്ത ഒരു മഴ ലോകമെമ്പാടുമുള്ള പരിസ്ഥിതി സ്‌നേഹികളുടെയും ശാസ്ത്രജ്ഞരുടെയും മനസില്‍ ഒരു തീമഴയായിരുന്നു. വര്‍ഷത്തില്‍ എല്ലാ ദിവസവും 24 മണിക്കൂറും മഞ്ഞ് മൂടിക്കിടക്കുന്ന ഗ്രീന്‍ലാന്റിലാണ് ആ മഴ പെയ്തത്. ഒരു ലക്ഷത്തിലേറെ സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ രണ്ട് കിലോമീറ്ററോളം കനത്തിലാണ് ഗ്രീന്‍ലാന്റിലെ ഐസ് കിടക്കുന്നത്. കഴിഞ്ഞ രണ്ടായിരം വര്‍ഷത്തിനിടയില്‍ ഇവിടത്തെ താപനില ആകെ ആറ് തവണ മാത്രമാണ് പൂജ്യത്തിനു മുകളിലെത്തിയതായി രേഖപ്പെടുത്തിയത്. അതില്‍ മൂന്ന് തവണയും കഴിഞ്ഞ 10 വര്‍ഷത്തിനിടയിലായിരുന്നു. താപനില താഴ്ന്നിരിക്കുന്നതിനാല്‍ ഇവിടെ മഞ്ഞു മാത്രമാണ് പെയ്യാറുളളത്. മഞ്ഞ് വെള്ളമാവാനുള്ള ചൂട് ഉണ്ടാവാറില്ല. എന്നാല്‍ ചരിത്രത്തിലാദ്യമായി പെയ്ത ഈ മഴ ശാസ്ത്രലോകത്തെ ഞെട്ടിച്ചു.

ആഗോള താപനം ഗുരുതരമായി ക്കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനയാണത്. -69 ഡിഗ്രി വരെ തണുപ്പ് രേഖപ്പെടുത്തിയ പ്രദേശത്ത് നാല് മണിക്കൂറോളം മഴ തുടര്‍ച്ചയായി പെയ്തു . സമ്മിറ്റ് എന്ന പേരിലുള്ള പര്യവേഷണ കേന്ദ്രം മഴയില്‍ കുളിച്ചത് ശാസ്ത്രജ്ഞര്‍ നേരിട്ടറിഞ്ഞു. ഇത് ആവര്‍ത്തിക്കുമോ എന്ന ഭീതി പടര്‍ന്നു കഴിഞ്ഞു. അങ്ങിനെയായാല്‍ അവിടെ മഞ്ഞുരുകല്‍ വിചാരിച്ചതിലും വേഗത്തിലാവും. ഭൂമിയിലെ വെള്ളത്തിന്റെ 13 ശതമാനവും തണുത്തുറഞ്ഞ ഐസാണ്. അതില്‍ വലിയൊരു ശതമാനം ആയിരക്കണക്കിന് വര്‍ഷങ്ങളായി മാറ്റമൊന്നുമില്ലാതെ അതേപടി കിടക്കുകയാണ്. ഗ്രീന്‍ലാന്റിനേക്കാള്‍ കൂടുതല്‍ ഐസുള്ള അന്റാര്‍ട്ടിക്കയിലും മഞ്ഞുരുകല്‍ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് നടക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ മനസിലാക്കിക്കഴിഞ്ഞു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഭൂമിയുടെ താപനിലയിലെ ചെറിയ മാറ്റം തന്നെ വലിയ പ്രതികരണമുണ്ടാക്കുമെന്നതിന്റെ തെളിവാണ് ഈ മഴയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ആഗോള താപനില അര ഡിഗ്രി വര്‍ദ്ധിക്കുമ്പോള്‍ തന്നെ ദുരന്തങ്ങളിലേക്ക് നയിക്കുന്ന മാറ്റങ്ങളുണ്ടായേക്കാം. ആഗോള താപനത്തിന്റെ ഫലമായി മിയാമി, ഷാന്‍ ഗായ്, ടോക്കിയോ, ലാഗോസ് , ബാങ്കോക്ക് , ന്യൂയോര്‍ക്ക് തുടങ്ങി ലോകത്തെങ്ങുമുളള അനേകം നഗരങ്ങള്‍ വെള്ളത്തിനടിയിലാവും. ലോകനഗരങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ മുംബൈ, ചെന്നൈ, കല്‍ക്കട്ട, ഗോവ ഇവയൊക്കെ മുങ്ങും . ഗുജറാത്തിലെ സൂറത്ത് , ഭാവ്‌നഗര്‍, ഭുജ്, കച്ച്, ഗാന്ധിധാം തുടങ്ങിയ തുറമുഖ നഗരങ്ങള്‍ എല്ലാം വെള്ളത്തിലാവും. കേരളത്തില്‍ കൊച്ചിയും ആലപ്പുഴയും കണ്ണൂരിലെ അഴീക്കോടും മുണ്ടേരിയും പഴയങ്ങാടിയും പിന്നെ കോട്ടയവും അമ്പലപ്പുഴയും ഹരിപ്പാടുമെല്ലാം 2050 ഓടെ ഭൂരിഭാഗവും ഇല്ലാതാവും. 2030 ഓടെ തന്നെ നിരന്തരമായ വെള്ളപ്പൊക്കങ്ങള്‍ കാരണം ദശലക്ഷക്കണക്കിനാളുകള്‍ ഭവന രഹിതരാവുമെന്നാണ് പുതിയ കണക്കുകൂട്ടല്‍.

ചിന്തിക്കാനാവുന്നതിലും വലിയ പ്രതാഘാതങ്ങളാണ് ഇതു വഴി ഉണ്ടാവാന്‍ പോകുന്നത്. സാമ്പത്തിക നഷ്ടം. തൊഴില്‍ നഷ്ടം . അഭയാര്‍ഥി പ്രവാഹം. തുടങ്ങി പല വിധ ദുരന്തങ്ങള്‍. എല്ലാ വികസന ലക്ഷ്യങ്ങളും അട്ടിമറിക്കപ്പെടും. ദാരിദ്ര്യവും പട്ടിണിയും വലിയ അളവില്‍ തിരിച്ചു വരും. ഭൂമിയില്‍ മൂന്നില്‍ രണ്ട് ഭാഗവും വെള്ളമാണ്. വെള്ളത്തിനിടയില്‍ പൊങ്ങി നില്‍ക്കുന്ന വലിയദ്വീപുകള്‍ തന്നെയാണ് ഭൂഖണ്ഡങ്ങള്‍. അതൊന്നു തുളുമ്പിയാല്‍ നമ്മളെല്ലാം വെള്ളത്തിനടിയിലാവും. ഇന്നലെയും മിനിയാന്നും ഒന്നും സംഭവിക്കാതിരുന്നതിനാല്‍ നാളെയും ഇതൊന്നും സംഭവിക്കില്ല എന്ന ഭാവത്തിലാണ് നമ്മള്‍ നടക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒന്നുമറിയാത്ത ഭാവം നടിച്ച് പരമതവിദ്വേഷങ്ങളുടെ തീ പടര്‍ത്തുമ്പോള്‍ പ്രകൃതി നമ്മുടെ സ്വയംകൃതാനര്‍ഥങ്ങളുടെ പ്രതിഫലം തന്നു തുടങ്ങുകയാണ്. തല്ലു നിര്‍ത്തി തലയുയര്‍ത്തി നോക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. പ്രകൃതി മതം നോക്കിയല്ല പ്രതികരിക്കുന്നത്.
.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply