അന്താരാഷ്ട്ര ജനാധിപത്യ ദിനാചരണം ഓര്‍മ്മിപ്പിക്കുന്നത്.

കാര്യമായി ആരും ശ്രദ്ധിക്കാതേയും ചര്‍ച്ച ചെയ്യപ്പെടാതേയുമാണ് ഇത്തവണത്തെ അന്താരാഷ്ട്ര ജനാധിപത്യദിനം കടന്നുപോയത്. വാസ്തവത്തില്‍ മറ്റെല്ലാദിനങ്ങളേക്കാള്‍ പ്രാധാന്യത്തോടെ ആചരിക്കേണ്ട ഒരു ദിനമാണ് നമ്മള്‍ മറന്നുപോയത്. മനുഷ്യചരിത്രവികാസത്തിലെ ഏറ്റവും വലിയ നേട്ടം എന്താണെന്നു ചോദിച്ചാല്‍ പലരും തീ എന്നും വൈദ്യുതി എന്നും കമ്പ്യൂട്ടര്‍ എന്നും ഇന്റര്‍നെറ്റ് എന്നുമൊക്കെയാണ് മറുപടി പറയാറ്. അതെല്ലാം സാങ്കേതികമായി ശരിയാകാം. എന്നാലതിനേക്കാള്‍ എത്രയോ മഹത്തരവും പ്രധാനവുമാണ് രാഷ്ട്രീയസംവിധാനം എന്ന നിലയില്‍ ജനാധിപത്യത്തിന്റെ ആവിര്‍ഭാഗം. അതുവരെയും അടിമയും പ്രജയുമൊക്കെ ആയിരുന്ന മനുഷ്യന്‍ എന്തെല്ലാം പരിമിതികളുണ്ടെങ്കിലും പൗരനായി മാറി എന്നതുതന്നെയാണ് ജനാധിപത്യത്തിന്റെ ചരിത്രപരമായ പ്രസക്തി. സ്വന്തം ഭരണാധികാരികളെ തെരഞ്ഞെടുക്കാനുള്ള അവകാശം എന്നത് ചെറിയൊരു കാര്യമല്ല.

ഒരേ ഒരു വ്യക്തിമാത്രമേ ലോകത്തുള്ളു എങ്കില്‍ ഒരു ഭരണകൂടത്തിന്റെ ആവശ്യമില്ല എന്നാല്‍ രണ്ടുപേരായാല്‍ പോലും സാമൂഹ്യനിയന്ത്രണം ആവശ്യമായി വരുന്നു. അതിനായി ഒരു ഭരണകൂടവും ആവശ്യമാകുന്നു. അങ്ങനെയായിരിക്കണം ചരിത്രത്തില്‍ ഭരണകൂടങ്ങള്‍ രൂപം കൊണ്ടത്. തീര്‍ച്ചയായും ശക്തിയുള്ളവരായിരിക്കുമല്ലോ ആദ്യഭരണാധികാരികളായത്. പിന്നീട് സമ്പത്തും അധികാരവും അവരില്‍ കേന്ദ്രീകരിക്കുന്നു. കുടുംബപരമായ തുടര്‍ച്ചയും അതിനുണ്ടാകുന്നു. അടിമത്തവും ജന്മിത്തവും രാജഭരണമൊക്കെയായി കാലക്രമേണ അത് പരിവര്‍ത്തനം ചെയ്യുന്നു. അതിലൊന്നും പക്ഷെ തങ്ങളെ ആരു ഭരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ടായിരുന്നില്ല. അവര്‍ കേവലം അടിമകളും പ്രജകളുമൊക്കെയായിരുന്നു. അതേസമയം മാര്‍ക്‌സും മറ്റും ചൂണ്ടികാട്ടിയപോലെ ഓരോ വ്യവസ്ഥയിലും അതിനെ തകര്‍ക്കാനുള്ള ബീജങ്ങള്‍ അതിനുള്ളില്‍ തന്നെ രൂപപ്പെട്ടിരുന്നു. അത് ശക്തമാകുകയും ആന്തരികസംഘര്‍ഷങ്ങള്‍ അവസാനം പൊട്ടിത്തെറിച്ച് ഓരോ വ്യവസ്ഥയുടേയും തകര്‍ച്ചക്കും പുതയതിന്റെ ആവിര്‍ഭാവത്തിനും വഴിതെളിയിച്ചിരുന്നു. അതിന്റെ ചരിത്രത്തിലേക്ക് കടക്കാനല്ല ഈ കുറിപ്പില്‍ ഉദ്ദേശിക്കുന്നത്. ഫ്യൂഡലിസത്തെ തകര്‍ത്ത് രൂപം കൊണ്ടന്നു പൊതുവില്‍ കരുതപ്പെടുന്ന മുതലാളിത്ത – ജനാധിപത്യസംവിധാനത്തെയും അതിന്ന് നേരിടുന്ന പ്രതിസന്ധികളേയും കുറിച്ചാണ് പറയാനുദ്ദേശിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വാസ്തവത്തില്‍ ജനാധിപത്യത്തിന്റെ ആദ്യരൂപങ്ങള്‍ മുതലാളിത്തത്തിനുമുന്നെ കാണാനാകും. നികുതിപിരിവിനും യുദ്ധത്തിനും മറ്റും രാജാക്കന്മാര്‍ക്ക് പ്രബലരായ ജന്മിമാരുടെ സഹായം ആവശ്യമായിരുന്നു. നികുതി കൊടുക്കേണ്ടവരുടെ സമ്മതത്തോടെ അത് ഏര്‍പ്പടുത്തിയാല്‍ പിരിച്ചെടുക്കാണ്‍ എളുപ്പമുണ്ടാവും. നികുതി കൊടുക്കേണ്ടവരെ മുഴുവനും വിളിച്ചുവരുത്തി ആലോചിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ ഓരോ പ്രദേശത്തുമുള്ള, നികുതിദായകരുടെ പ്രാതിനിധ്യമുണ്ടെന്ന് അധികൃതര്‍ക്ക് തോന്നിയ വ്യക്തികളെ ക്ഷണിച്ചുവരുത്തി നികുതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും, നികുതി പിരിക്കാന്‍ ഏര്‍പ്പാടാക്കുകയും ചെയ്തു. അങ്ങനെയായിരുന്നു അധികാരത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തിന്റെ തുടക്കം. ജനങ്ങളെന്നു പറയുമ്പോള്‍ അത് സമ്പന്നരും പ്രബലരും വെളുത്തവരും പുരുഷന്മാരും തന്നെയായിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്തവരൊന്നുമായിരുന്നില്ല. ആദ്യമൊക്കെ നികുതിക്കാര്യത്തില്‍ മാത്രം ഒതുങ്ങിനിന്ന ആലോചന ക്രമേണ മറ്റു ഭരണകാര്യങ്ങളിലേക്കും വ്യാപിപ്പിച്ചു. അതാണ്‌ പാര്‍ലിമെന്റുകളുടെ തുടക്കമെന്നു പറയാം. ക്രമേണ ഈ പ്രതിനിധികള്‍ അധികാരത്തിന്റെ പങ്ക് കൂടുതല്‍ കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രാജാവ് ആ സമ്മര്‍ദ്ദത്തെ ചെറുത്തു. രാജാവും പ്രതിനിധികളും തമ്മില്‍ ബ്രിട്ടനിലും മറ്റും പല സംഘട്ടനങ്ങളും നടന്നു. അവസാനം പ്രതിനിധികള്‍ തന്നെ ജയിച്ചു. 1688-ലെ വിപ്ലവത്തോടെ ബ്രിട്ടനില്‍ ജനപ്രതിനിധിസംഘത്തിന്റെ (പാര്‍ലമെന്റ്) പരമാധികാരംസ്ഥാപിച്ചു കിട്ടി. പാര്‍ലമെന്റിന്റെ തീരുമാനങ്ങള്‍ക്കു വിധേയനായി പ്രവര്‍ത്തിക്കാന്‍ രാജാവു നിര്‍ബ്ബന്ധിതനായി. ബ്രിട്ടനിലെ ഈ മാറ്റം ഇതര യൂറോപ്യന്‍ രാജ്യങ്ങളിലെ സ്വാതന്ത്ര്യ പ്രേമികളെ ആവേശംകൊള്ളിക്കുകയും അവിടങ്ങളിലും പാര്‍ലമെന്റുകള്‍ ഉണ്ടാവുകയും ചെയ്തു.

അതേസമയം ജനങ്ങളെല്ലാവരും വോട്ടുചെയ്ത് തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന സമ്പ്രദായത്തിനു ഏറെകൊല്ലംകൂടി കാത്തിരിക്കേണ്ടിവന്നു. വോട്ടാവകാശം പുരുഷന്മാരോടൊപ്പം സ്ത്രീകള്‍ക്കു ലഭിച്ചത്, ബ്രിട്ടനില്‍ 1928-ലും, ഫ്രാന്‍സില്‍ 1946-ലും, സ്വിറ്റ്‌സര്‍ലണ്ടില്‍ 1971-ലും മാത്രമാണ്. സമാന്തരമായി നടന്നിരുന്ന മുതലാളിത്ത സംവിധാനത്തിന്റെ വികാസത്തിനു സമാന്തരമായിട്ടായിരുന്നു ആ മാറ്റങ്ങളും നടന്നത്. അതേ സമയം പ്രാചീന ജനാധിപത്യം, മധ്യകാല ജനാധിപത്യം, ആധുനിക ജനാധിപത്യം. എന്നിങ്ങന ജനാധിപത്യത്തെ ഘട്ടങ്ങളായി വേര്‍തിരിക്കാറുണ്ട്. പ്രാചീന ഗ്രീസിലായിരുന്നു ജനാധിപത്യത്തിന്റെ ഉദ്ഭവം കാണാവുന്നതെങ്കിലും അത് പരിപക്വമാകുന്നത് 1789 ലെ ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്നാണ്. ഇന്ത്യയിലാകട്ടെ ബുദ്ധന്റെ കാലത്തുതന്നെ ജനാധിപത്യത്തിന്റെ ആദ്യരൂപങ്ങള്‍ കാണാമെന്ന് ഗവേഷകര്‍ പറയുന്നു. പിന്നീട് പല രാജഭരണങ്ങളിലും ജനപ്രതിനിധികളുടെ സാന്നിദ്ധ്യവും ുണ്ടായിരുന്നു.

ഇതൊക്കെയാണെങ്കിലും അമേരിക്കയില്‍ ഒരു ആധുനിക ഭരണഘടന രൂപം കൊണ്ടതോടെയാണ് പാര്‍ലിമെന്ററി ജനാധിപത്യരൂപങ്ങള്‍ രൂപം കൊണ്ടത്. തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന്റെ രൂപങ്ങളും രാഷ്ട്രീപാര്‍ട്ടികളുമൊക്കെ രൂപംകൊണ്ടത്. ജനങ്ങള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം നല്‍കുന്ന പ്രക്രിയ ഏറെക്കുറെ പരിപക്വമാകുകയായിരുന്നു. അതേസമയം അതിനെതിരെ നിരവധി വെല്ലുവിളികളുമുയര്‍ന്നു. കൃസ്തുമതവും മുസ്ലിംമതവുമടക്കമുള്ള മതങ്ങളെല്ലാം ജനാധിപത്യത്തിലെ കുറെ ഭാഗങ്ങള്‍ സ്വീകരിച്ചിരുന്നെങ്കിലും പൂര്‍ണ്ണമായും ്അംഗീകരിച്ചിരുന്നില്ല. അതുമായി ബന്ധപ്പെട്ട് നിരവധി കലാപങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചിരുന്നു. മറുവശത്ത് ഹിറ്റ്‌ലറും മുസോളിനിയുമടക്കമുള്ള ഫാസിസ്റ്റുകളും കഴിഞ്ഞ നൂറ്റാണ്ടില്‍ രൂപം കൊണ്ട സോഷ്യലിസ്റ്റ് ഭരണകൂടങ്ങളും ജനാധിപത്യത്തെ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ തയ്യാറായില്ല. പക്ഷെ ലോകമെങ്ങും ജനാധിപത്യ പോരാട്ടങ്ങള്‍ ശക്തിപ്പെടുന്ന കാഴ്ചക്കും കഴിഞ്ഞ നൂറ്റാണ്ട് സാക്ഷ്യം വഹിച്ചു. മതരാഷ്ട്രങ്ങളും ഫാസിസ്റ്റ് ഭരണകൂടങ്ങളും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുമൊക്കെ ഒരുപരിധിവരെ ജനാധിപത്യത്തെ അംഗീകരിക്കാന്‍ തയ്യാറായി. അക്കാലത്തുതന്നെ സാമ്രാജ്യത്വഭരണത്തില്‍ നിന്നു സ്വതന്ത്രമായ ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളും അങ്ങനെതന്നെ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം ആഗോളതലത്തിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും ജനാധിപത്യം കടുത്ത വെല്ലുവിളികളെയാണ് നേരിടുന്നത്. സാമ്രാജ്യത്വശക്തികളും കോര്‍പ്പറേറ്റ് ശക്തികളും പലയിടത്തും ജനാധിപത്യത്തെ വിലക്കെടുക്കുന്നതില്‍ വിജയിക്കുന്നു. പഴയപോലെ രാഷ്ട്രങ്ങളെ കടന്നാക്രമിക്കുന്നില്ലെങ്കിലും സാമ്പത്തികനടപടികളിലൂടെയാണ് ഇത് പ്രധാനമായും സാധ്യമാകുന്നത്. മാത്രമല്ല ഐക്യരാഷ്ട്രസഭ പോലും ഇപ്പോഴും പൂര്‍ണ്ണമായി ജനാധിപത്യവല്‍ക്കരിക്കപ്പെട്ടിട്ടില്ല. ജനാധിപത്യവിരുദ്ധമായ വീറ്റോ അധികാരം ഇപ്പോഴും നിലനില്‍ക്കുന്നു. മറുവശത്ത് പഴയ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളില്‍ മിക്കവയിലും സാമ്പത്തിക സംവിധാനങ്ങളെല്ലാം മാറിയെങ്കിലും രാഷ്ട്രീയസംവിധാനം ഇപ്പോഴും ജനാധിപത്യപരമായിട്ടില്ല. മിക്ക മതരാഷ്ട്രങ്ങളിലും അങ്ങനെതന്നെ. താലിബാന്റെ തിരിച്ചുവരവാണ് ഈ വര്‍ഷം അന്താരാഷ്ട്രജനാധിപത്യദിനാചരണ വേളയിലെ പുതിയ സംഭവം. തീര്‍ച്ചയായുമത് ജനാധിപത്യത്തിനു ഭീഷണിതന്നെ. രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സ്വാഭാവികമായും ആന്തരിക ജനാധിപത്യത്തെ തകര്‍ക്കുമെന്നുറപ്പ്. പലയിടത്തും പട്ടാളഭരണ ഭീഷണിയും നിലനില്‍ക്കുന്നു. ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങളും ജനാധിപത്യത്തിനു ഭീഷണിയാണ്.

ഇന്ത്യയിലേക്കുവന്നാല്‍ പൊതുവില്‍ സ്വാതന്ത്ര്യത്തിനുശേഷം മെച്ചപ്പെട്ട ചരിത്രമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റേത്. ഇത്രമാത്രം വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് കാര്യമായ പ്രശ്‌നങ്ങളില്ലാതെ ജനാധിപത്യസംവിധാനം നിലനില്‍ക്കുന്നു എന്നത് അത്ഭുതകരം തന്നെയാണ്. ഫാസിസ്റ്റ് ശക്തികളില്‍ നിന്നു സമീപകാലത്ത് ഉയരുന്ന ഭീഷണികളെ മറന്നല്ല ഇതു പറയുന്നത്. ഇന്ത്യന്‍ ജനാധിപത്യവും ഫെഡറലിസവും സാമൂഹ്യനീതിയും മതേതരത്വവും വെല്ലുവിളികളെ നേരിടുന്നുണ്ട്. ഭരണഘടനാമൂല്യങ്ങള്‍ അട്ടിമറിച്ച് മനുസ്മൃതിമൂല്യങ്ങള്‍ പുനസ്ഥാപിക്കാനുള്ള നീക്കങ്ങളും ശക്തമാണ്. അപ്പോഴും അതിനെയെല്ലാം മറികടക്കാനുള്ള കരുത്ത് ഇന്ത്യന്‍ ജനാധിപത്യം നേടുമെന്നുതന്നെയാണ് കരുതാനാകുക.

തീര്‍ച്ചയായും ജനാധിപത്യം മറ്റു രാഷ്ട്രീയസംവിധാനങ്ങളെ പോലെ അടഞ്ഞ ഒന്നല്ല. തുറന്ന ഒന്നാണ്. അനുദിനം അതിനെ കൂടുതല്‍ ശക്തമാക്കാനും കൂടുതല്‍ കൂടുതല്‍ ജനകീയമാക്കാനും അധികാരത്തില്‍ പങ്കാളിത്തം ലഭിക്കാത്തവരിലേക്ക് എത്തിക്കാനും ശ്രമിക്കണം. സംവരണവും വിവരാവകാശനിയമവും ലോക്പാലുമൊക്കെ അതിന്റെ ഭാഗമാണ്. ആ ദിശയിലുള്ള നീക്കങ്ങള്‍ കൂടുതലുണ്ടാകണം. ഏതൊരു ഭരണസംവിധാനത്തിനും ഫാസിസവല്‍ക്കരിക്കാനുള്ള പ്രവണത അന്തര്‍ലീനമാണ്. അതിനെതിരായ ജാഗ്രത എപ്പോഴുമുണ്ടാകണം. ഭരണകൂടം ഏതായാലും, ജനാധിപത്യമായാലും, അനിവാര്യമായ തിന്മ തന്നെയാണ്. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടുന്നതാണ്. പക്ഷെ തുടക്കത്തില്‍ പറഞ്ഞപോലെ അത് അനിവാര്യവുമാണ്. അപ്പോള്‍ നമുക്കു ചെയ്യാനാവുക ഭരണകൂടാധികാരങ്ങളെ കുറച്ചുകൊണ്ടുവരുക, അധികാരത്തെ ജനങ്ങളിലേക്ക് തിരികെ സ്വാശീകരിക്കുന്ന പ്രക്രിയകള്‍ ശക്തമാക്കുക തുടങ്ങിയവയാണ്. തിരിച്ചുവിളിക്കാനുള്ള അവകാശം, ഭരണകൂടവും രാഷ്ട്രീയപാര്‍ട്ടികളെല്ലാം സുതാര്യമാകുക, പാര്‍ട്ടികള്‍ ജനപ്രതിനിധികള നിശ്ചയിക്കുമ്പോള്‍ തന്നെ ജനാഭിപ്രായം തേടുക തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്ട്. കൂടാതെ ജനാധിപത്യമെന്നത് കേവലം ഭരണകൂടരൂപമല്ല എന്നും അതിന് രാഷ്ട്രീയത്തിനു പുറമെ സാമൂഹ്യമായ വശമുണ്ടെന്നും മനസ്സിലാക്കണം. കുടുംബവും നാട്ടിന്‍പുറത്തെ സംഘടനകളും മുതല്‍ പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലുമെല്ലാം നാം പാലിക്കേണ്ടേ ജീവിതശൈലിയാണത്. ആ ദിശയിലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും അനിവാര്യമാണെന്നാണ് അന്താരാഷ്ട്ര ജനാധിപത്യ ദിനാചരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply