സിദ്ദീഖ് ഹസന്‍ എന്ന കേരളീയന്‍

മാനുഷിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ഉദാത്ത മാതൃകയായി മതനിരപേക്ഷതയുടെ കാവലാളായി എഴുന്നേറ്റ് നിന്ന ഒരു മഹാ മനീഷി ആയിരുന്നു കെ എ സിദ്ദീഖ് ഹസന്‍. കേരളീയ സാമൂഹിക പരിസരത്തില്‍ മതേതര ഫാഷന്‍ പരേഡില്‍ പങ്കെടുക്കാന്‍ യോഗ്യത പോലുമില്ലാത്ത ഒരാളും മത മൗലിക വാദത്തിന്റെ വക്താവായിട്ടുമാണ് നിലവിലെ യാഥാസ്ഥിക മതേതര പൊതുബോധം അദ്ദേഹത്തെ ചാപ്പ കുത്തുക. . എന്നാല്‍ ഈ ചാപ്പ കുത്തലിനെല്ലാം അപ്പുറത്ത് മതനിരപേക്ഷതയുടെയും സമുദായ സൗഹാര്‍ദത്തിന്റെയും അംബാസിഡറായി നിലകൊള്ളാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ ജീവിതം നമ്മോട് പറയുന്നത്.

മതേതര ഫാഷന്‍ പരേഡില്‍ പങ്കെടുക്കാന്‍ ഒരു മുസ്ലിമിന് സാധിക്കണമെങ്കില്‍ ഒന്നുകില്‍ അദ്ദേഹം മതത്തെ തെറിപറയുകയൊ അല്ലെങ്കില്‍ മതചിഹ്നങ്ങളെയും ആചാരങ്ങളെയും അവമതിപ്പോടെ കാണുകയും ചെയ്യണം. കൂടാതെ സവര്‍ണബോധത്തെ താലോലിച്ച് നിര്‍ത്തുകയും ചെയ്താല്‍ മതേതര മുസ്ലിം എന്ന നാമകരണത്തിന് അര്‍ഹനാവും .എന്ന് മാത്രല്ല സവര്‍ണ മതേതര വിരുന്നില്‍ മുഖ്യാതിഥിയും ഇക്കൂട്ടര്‍ തന്നെയായിരിക്കും. എണ്ണത്തില്‍ വളരെ കുറവാണെങ്കിലും തീവ്ര മതേതരത്വത്തിന്റെ ചാവേറുകള്‍ എന്ന നിലയില്‍ സവര്‍ണതയുടെ വക്താക്കള്‍ ഇക്കൂട്ടരെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യാറുണ്ട്. രണ്ടാമത്തെ കൂട്ടര്‍ മതത്തിന്റെ ആചാര ചിഹ്നങ്ങളെ സ്വാശീകരിച്ചവരും മതത്തോട് പ്രതിബന്ധതയുള്ളവരുമാണ് എന്നാല്‍ സവര്‍ണ’ ബോധത്തെ അഥവാ ഇന്ത്യാ മഹാരാജ്യം അനുഭവിക്കുന്ന ഒരു അനീതിയെ ജനാധിപത്യ രീതിയില്‍ ചോദ്യം ചെയ്യാന്‍ ത്രാണിയില്ലാത്തവരാണ്. നിലവില്‍ അദൃശ്യ ഭരണകൂടം അഥവാ സവര്‍ണത നല്‍കുന്ന ചില സൗകര്യങ്ങള്‍ ആസ്വദിച്ച് മുന്നോട്ട് പോവുകയും പലപ്പോഴും സവര്‍ണതയോട് രാജിയാവുകയും ചെയ്യുന്ന ഒരു സമീപനമാണ് ഇക്കൂട്ടരില്‍ നിന്ന് കാണാന്‍ കഴിയുക. സാമുദായിക ദേശീയ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഇതിന് നല്ല ഉദാഹരണമാണ്. ചരിത്രത്തില്‍ എത്രയെങ്കിലും സംഭവങ്ങള്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കുമെങ്കിലും ബാബരി മസ്ജിദ് തകര്‍ത്ത സന്ദര്‍ഭമായിരുന്നു അതിന്റെ ക്ലാസിക് ഉദാഹരണം.ഈ അതിക്രമത്തിനെതിരെ ഒന്ന് ചോദ്യം ചെയ്യാന്‍ പോലും കഴിയാതെ നിസ്സഹായരായി നോക്കി നില്‍ക്കാനെ ഇവര്‍ക്ക് സാധിച്ചിരുന്നുള്ളൂ. അത്‌കൊണ്ട് തന്നെ ബാബരി മസ്ജിദ് പൊളിച്ചതിനെ മൗനസമ്മതത്തോടെ ഞങ്ങള്‍ അംഗീകരിച്ചിരിക്കുന്നു എന്ന പ്രസ്താവനയോടു കൂടി ഇവര്‍ക്കും മതേതര ഫാഷന്‍ പരേഡില്‍ പങ്കെടുക്കുവാനുള്ള യോഗ്യത ലഭിച്ചു. മൂന്നാമത്തെ കൂട്ടര്‍ മതത്തെ തന്നെ ഉപേക്ഷിച്ചരും മത ആചാര ചിഹ്നങ്ങളുടെ വലിയ വിമര്‍ശകരും ആയിരിക്കും. പക്ഷെ സവര്‍ണതയെ ചോദ്യം ചെയ്യുന്നതിലും അതിന്റെ ദുരന്തങ്ങളെ കുറിച്ച് സമൂഹത്തെ നിരന്തരം ജാഗ്രത്താക്കുകയും ചെയ്യും..മതത്തെ ഉപേക്ഷിച്ചു എന്ന ഒറ്റക്കാരണത്താല്‍ മതേതര ഫാഷന്‍ പരേഡില്‍ ഇവര്‍ക്ക് സ്ഥാനമുണ്ടെങ്കിലും സവര്‍ണതയെ കടന്നാക്രമിക്കുന്നവര്‍ എന്ന നിലയിലും ഇരകളാക്കപ്പെടുന്ന സ്വത്വങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവര്‍ എന്ന നിലയിലും പലപ്പോഴും മുസ്ലിം തീവ്രവാദ പട്ടം ഇവര്‍ക്കും ചാര്‍ത്തി കൊടുത്തിട്ടുണ്ട് .. ബുദ്ധിജീവികളായിട്ടുള്ള ഇവര്‍ പലപ്പോഴും സവര്‍ണ്ണതയുടെ കയ്യേറ്റത്തിന് വിധേയമായിട്ടുണ്ട്. നാലാമത്തെ വിഭാഗത്തിന് പരേഡില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന് മാത്രമല്ല വര്‍ഗീയതയുടെയും ദേശവിരുദ്ധരുടെയും മുദ്ര ചാര്‍ത്തി കൊടുക്കുകയും ചെയ്യും. ഈ നാലാം വിഭാഗത്തിലാണ് സിദ്ദീഖ് ഹസന്‍ സാഹിബ് നില കൊണ്ടത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മതത്തെ ജീവിതത്തില്‍ സ്വാംശീകരിക്കുകയും മതമൂല്യങ്ങളെ ജീവിതത്തില്‍ ഉയര്‍ത്തികൊണ്ടുവരികയും ചെയ്തു അദ്ദേഹം. മതത്തിന്റെ വിമോചന ശാസ്ത്രപരമായ ഉള്ളടക്കത്തെ നെഞ്ചേറ്റിയത് കൊണ്ട് സവര്‍ണതയെ ചോദ്യം ചെയ്യാതെ മുന്നോട്ട് പോവാന്‍ അദ്ദേഹത്തിന് സാധ്യമായിരുന്നില്ല. മാധ്യമം പോലുള്ള ഒരു ദിനപത്രത്തിന് കേരളീയ മതനിരപേക്ഷ ഭൂമികയില്‍ സ്ഥാനം ലഭിച്ചത് നേരത്തെ പറഞ്ഞ ഫാഷന്‍ പരേഡില്‍ പങ്കെടുക്കാതെയാണ്. അഥവാ മത സ്വത്വത്തില്‍ നിന്ന് വികസിച്ച ഒരു ആശയത്തിന് അടിച്ചമര്‍ത്തപ്പെട്ടതും നിസ്സഹായവരുമായ മനുഷ്യരെ വിമോചനത്തിന്റെ പുതിയ ഗീതം രചിക്കാന്‍ സിദ്ദീഖ് ഹസന്‍ എന്ന നേതാവ് മുന്‍പന്തിയിലുണ്ടായിരുന്നു എന്നര്‍ഥം. എം.എന്‍ വിജയന്‍ മാഷ് പറഞ്ഞത് പോലെ മാധ്യമം ദിനപത്രം നിലകൊണ്ടത് മൂലക്കിരുത്തിയവര്‍ക്ക് വേണ്ടി ശബ്ദിച്ച് ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുകയായിരുന്നു. ഇത്തരുണത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി നിരന്തരം ശബ്ദിക്കുന്ന ഒരു മനുഷ്യനെ യാഥാസ്ഥിക മതേതരത്വത്തിന് ഉള്‍കൊള്ളാന്‍ കഴിയുമായിരുന്നില്ല..ഇത്തരത്തിലുള്ള മതേതര അന്ധവിശ്വാസത്തെ തകര്‍ത്തെറിഞ്ഞു കൊണ്ടാണ് മതനിരപേക്ഷതയുടെ വക്താവായി സിദ്ദീഖ് ഹസന്‍ എന്ന കര്‍മ്മയോഗി നമ്മോട് വിടപറഞ്ഞത്. അഥവാ മതേതരനാവാന്‍ സവര്‍ണതയെ ബോധത്താലൊ അബോധത്താലൊ സ്വാംശീകരിച്ചവര്‍ക്ക് മാത്രമെ സാധ്യമാവൂ എന്ന അബദ്ധ ജഡിലമായ ബോധത്തെ തകര്‍ത്തെറിഞ്ഞ് കൊണ്ടാണ് ആ കര്‍മ്മയോഗി ഇവിടെ ജീവിച്ചത്..മാറാട് കലാപാനന്തരം രണ്ട് സമുദായങ്ങള്‍ തമ്മില്‍ അകള്‍ച്ചയിലും വിഭാഗീയതയിലും കഴിയുന്ന ഒരു പ്രദേശത്തേക്ക് ധൈര്യസമേതം കയറിചെറിച്ചെല്ലാനും അവിടെ സാഹോദര്യത്തിന്റെയും മതമൈത്രിയുടെയും അംബാസിഡറായി പ്രവര്‍ത്തിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. ഭരണകൂടത്തിന്റെ വക്താക്കള്‍ക്ക് പോലും അവിടം കയറിച്ചെല്ലാന്‍ ഭയപ്പെട്ടിരുന ഒരു സന്ദര്‍ഭത്തില്‍ ചരിത്രപരമായ ഇടപെടല്‍ കൊണ്ട് ആ പ്രദേശത്തെ ശാന്തതയുടെ ലോകത്തേക്ക് കൊണ്ടുവരുവാന്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ നേതൃപരമായ പങ്കിനെ അനുസ്മരിക്കുന്നത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ്. അഥവാ മനുഷ്യ സാഹോദര്യത്തിന്റെ പുതിയ ഗീതം രചിക്കാന്‍ അദ്ദേഹം നടത്തിയ ഈ ഐതിഹാസികമായ ഇടപെടലിന് ചരിത്രത്തില്‍ വല്ല സമാനതകളും ലഭിക്കുമെങ്കില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ എന്ന സ്വാതന്ത്യ സമര പോരാളിയുടെ ജീവിതവുമായിട്ടാണ്. ഇത്തരുണത്തില്‍ മാനവ സാഹോദര്യത്തിന് വേണ്ടി തെളിമയുള്ള ഇടപെടല്‍ നടത്തി മനുഷ്യ സമൂഹത്തെ അവര്‍ഗീയമായി ചിന്തിപ്പിക്കാന്‍ ശ്രമിച്ചു അദ്ധേഹം.

മതമൈത്രി അല്ലെങ്കില്‍ മാനുഷ്യ സാഹോദര്യം എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കേവലം ഔപചാരികമായ നിലപാടായിരുന്നില്ല മറിച്ച് അതൊരു ജീവിത വീക്ഷണവും ലോകബോധവും ആയിരുന്നു. അതുകൊണ്ടാണ് അദ്ദേഹം വളര്‍ത്തിയെടുത്ത കേരളത്തിന്റെ സര്‍ഗാത്മക യൗവനം ചരിത്രത്തിലെ തങ്ക ലിപികളില്‍ എഴുതിച്ചേര്‍ത്ത ഇടപെടല്‍ നടത്തിയത്. അഥവാ പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ച് കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ചോദ്യപേപ്പര്‍ തയാറാക്കിയ ജോസഫ് മാഷിന് നേരെ നടന്ന അക്രമത്തില്‍ അവിടെ ആദ്യം ഓടിയെത്തി അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നത് സിദ്ദീഖ്ഹസന്‍ വളര്‍ത്തിയെടുത്ത കേരളത്തിന്റെ സര്‍ഗാത്മക യൗവനമായിരുന്നു.. അഥവാ ജോസഫ് മഷിന്റെ മരണംവരെ അദ്ദേഹത്തിന്റെ സിരകളിലൂടെ ഒഴുകിയ രക്തം ഈ യൗവനം നല്‍കിയതാണ്..തങ്ങളുടെ പ്രവാചകനെ ഇത്ര മാത്രം അപഹസിക്കുകയും നിന്ദിക്കുകയും ചെയ്ത ഒരദ്ധ്യാപകനെ അതിക്രമിക്കാന്‍ ആ പ്രാവാചകന്‍ അനുവദിക്കുന്നില്ല എന്ന പാഠം പഠിപിക്കപ്പെട്ടത് സിദ്ദീഖ് ഹസന്‍ എന്ന നേതാവിന്റെ നീതിബോധമായിരുന്നു. ഇതുകൊണ്ടാണ് കേരളത്തിലെ പ്രിയപ്പെട്ട സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ സിദ്ദീഖ് ഹസനെ അനുസ്മരിച്ച് കൊണ്ട് ഇങ്ങനെ എഴുതിയത്.. ‘ മതമെന്നത് പ്രസംഗിക്കാനുള്ളതല്ല പ്രയോഗിച്ച് കാണിക്കുവാനുള്ളതാണ് എന്ന് അദ്ദേഹം കരുതി. സമത്വത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ജീവിതത്തില്‍ എങ്ങിനെ പകര്‍ത്താമെന്ന് ലോകത്തെ ബോധ്യപ്പെടുത്തുക കൂടി ചെയ്ത്. എന്റെ വിശ്വാസ പ്രമാണം വിത്യസ്തമാണ്, പക്ഷെ, അതനുസരിച്ച് ജീവിക്കാന്‍ എനിക്ക് അവകാശമുണ്ട്.’ എവിടെ ജീവിക്കുമ്പോഴും നന്മ വിളയുന്ന മരത്തിന്റെ പ്രകൃതം ഇതാണ്. ഇത് താങ്കള്‍ക്കും സ്വീകര്യമല്ലാതിരിക്കാന്‍ ഒരു ന്യായയുമില്ല ‘ വിശ്വാസമെന്തായാലും മനുഷ്യനായ ഞാന്‍ താങ്കളുടെ സഹോദരന്‍ അല്ലാതാവുന്നില്ല’ എന്നൊക്കെയുള്ള നിലപാടിലാണ് അദ്ദേഹം നിന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എനിക്ക് തോന്നുന്നത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കടല്‍ കടന്ന് വന്ന ഇസ്ലാമിക പണിതന്മാര്‍ സ്വീകരിച്ച നിലപാട്തന്നെയായിരുന്നു ഇത് (മാധ്യമം).അഥവാ നൂറ്റാണ്ടുകള്‍ക്ക് മുന്നെ കടന്നുവന്ന പണ്ഡിതന്മാരുടെ ഇസ്ലാമിന്റെ സാഹോദര്യ പാരമ്പര്യത്തിന്റെ പുനരാവിഷ്‌കാരമാണ് സിദ്ദീഖ് ഹസനിലൂടെ സാധ്യമായത് എന്നാണ് അദ്ദേഹം പറഞ്ഞ് വെക്കുന്നത്. മാത്രമല്ല കൊടുങ്ങല്ലുരില്‍ അദ്ദേഹത്തിന്റെ ജനനം സംഭവിച്ചു എന്നുള്ളത് കേവലം യാദൃശ്ചികമായിരിക്കാന്‍ വഴിയില്ല എന്ന് വിശ്വസിക്കാന്‍ നമുക്ക് കഴിയുമോ എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.’ ഇങ്ങിനെ കേരളത്തിലെ കൊടുങ്ങല്ലൂരില്‍ നിന്ന് കേരളീയനായി വളര്‍ന്ന് ഇന്ത്യയോളം വികസിക്കുന്ന ഒരു ദേശീയ നേതാവിനെയാണ് നാം പിന്നീട് കാണുന്നത്. അത് തീര്‍ത്തും നിസ്സഹായവരും നിരാലംബരുമായ മനുഷ്യരുടെ രോദനങ്ങള്‍ക്കുള്ള ഉത്തരമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രയാണം. മതത്തെ കുറിച്ചൊ സംസ്‌കാരത്തെ കുറിച്ചൊ ചിന്തിക്കുന്നതിന് മുമ്പേ മനുഷ്യജീവി എന്ന നിലയിലുള്ള പ്രാഥമികമായ അവന്റെ ചോദനകളെ ശമിപ്പിക്കാന്‍ കഴിയാത്ത അഥവാ വിശപ്പടക്കാന്‍ പോലും കഴിയാത്ത തീര്‍ത്തും ഭാരിദ്ര്യത്തിന്റെ പടുകുഴിയില്‍ അകപ്പെട്ട് പോയ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടിയാണ് പിന്നീട് അദ്ദേഹത്തിന്റെ യാത്ര.ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് നിലകൊള്ളുന്നത് എന്ന ഗാന്ധിജിയുടെ പ്രസ്താവനയെ അക്ഷരം പ്രതി നടപ്പിലാക്കാനുള്ള പദ്ധതികളുമായി സിദ്ദീഖ് ഹസനും സംഘവും ഗ്രാമാന്തരങ്ങളിലേക്ക് യാത്ര തിരിച്ചപ്പോള്‍ അവിടെയുള്ള മനുഷ്യര്‍ക്ക് ജീവിതത്തിന്റ പുതിയ ഒരു ലോകം തുറന്ന് കിട്ടിയ അനുഭൂതിയായിരുന്നു. ഗ്രാമങ്ങളെ ദത്തെടുത്തു കൊണ്ട് അവിടുത്തെ ജനതയെ ഉയര്‍ത്തി കൊണ്ടു വരുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ച സിദ്ധദ്ദഖ് ഹസന്‍ എന്ന സ്ഥൂല ശരീരത്തിന്റെ പാത പിന്നീട് പല ആളുകളും സംഘടനകളും ഏറ്റെടുക്കുന്ന അനുകരണീയ മാതൃകയും നാം കാണുന്നു. ഇങ്ങിനെ ഇന്ത്യയോളം വികസിച്ച കേരളീയനായ ഒരു ദേശീയ നേതാവിനെ സംഭാവന ചെയ്യാന്‍ നമ്മുടെ നാടിന് സാധിച്ചു എന്നതില്‍ കേരളീയര്‍ എന്ന നിലയില്‍ നമുക്ക് അഭിമാനിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply