ആയുര്‍വര്‍ദ്ധനയിലെ സ്‌ത്രൈണവല്‍ക്കരണം

ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് കേരളത്തില്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 72 ഉം സ്തീകളുടേത് 77.8 ഉം ആയി വര്‍ധിച്ചിട്ടുണ്ട് അറുപത് വയസ്സിന് മുകളീലുള്ളവരെയാണ് പൊതുവേ വയോജനങ്ങളായി വിശേഷിപ്പിക്കുക. അങ്ങിനെ നോക്കുമ്പോള്‍ ഏറ്റവും കുറഞ്ഞത് ജനസംഖ്യയില്‍ 15 ശതമാനം പേര്‍ കേരളത്തിലിപ്പോള്‍ വയോജനങ്ങളായി മാറിക്കഴിഞ്ഞു. ആരോഗ്യ സേവനത്തിലും മറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയാല്‍ മരണനിരക്ക് ഗണ്യമായി കുറഞ്ഞ് വരുന്നതുമൂലം അടുത്ത ഏതാനും വര്‍ഷം കൊണ്ടുതന്നെ കേരളത്തില്‍ മൂന്നിലൊന്ന് പേരും ആറുപത് വയസ്സിന് മുകളിലുള്ളവരായിരിക്കും.

കൊറോണകാലം വൃദ്ധരുടെ വിഷയങ്ങളില്‍ എടുക്കേണ്ട കൂടുതല്‍ കരുതലിനെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന കാലം കൂടിയാണല്ലോ. ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍ .ഏറെ മുന്നിലായ കേരളത്തെ സംബന്ധിച്ചിടത്തോളം ഈ വിഷയം കൂടുതല്‍ ഗൗരവപരമാണ്. അതില്‍തന്നെ സ്ത്രീകളുടെ ശരാശരി പ്രായമാണ് കൂടുതല്‍. കേരള വികസന പ്രതിസന്ധികളെ പറ്റി വ്യാപകമായി നടക്കുന്ന ചര്‍ച്ചകളില്‍ മിക്കവയിലും അതിവേഗം നരച്ചുകൊണ്ടിരിക്കുന്ന കേരളത്തെ പറ്റിയോ ജനസാഖ്യാമാറ്റത്തില്‍ അന്തര്‍ലീനമായ സ്ത്രീ ദുരിതത്തെപറ്റിയോ വേണ്ടത്ര ആഴത്തിലുള്ള വിശകലനം നടക്കുന്നില്ല എന്നാണ് കൊറോണകാലത്തിനു മുമ്പെഴുതിയ ഈ കുറിപ്പില്‍ ഡോ ബി ഇക്ബാല്‍ വിശദീകരിക്കുന്നത്.

കേരളത്തില്‍ അതിവേഗം ജനസംഖ്യാചേരുവയില്‍ വലിയ മാറ്റം സംഭവിച്ച് കൊണ്ടിരിക്കയാണ്. സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ്സ്റ്റഡിസിലെ പ്രൊഫസര്‍ ഡോ. ഇറുദയ രാജനെ പോലുള്ളവര്‍ ജനസംഖ്യാ വ്യതിയാനത്തിന്റെ ഫലമായുണ്ടാവാനിടയുള്ള സാമൂഹ്യ പ്രത്യാഘാതങ്ങളെ പറ്റി ആവര്‍ത്തിച്ച് കേരള അക്കാദമിക്ക് സമൂഹത്തെ ജാഗ്രതപ്പെടുത്താറുണ്ട്. കഴിഞ്ഞൊരു ദിവസം അദ്ദേഹത്തിന്റെ പ്രഭാഷണം കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന സെമിനാറില്‍ വച്ച് കേള്‍ക്കാനും എനിക്കവസരം കിട്ടിയിരുന്നു. എന്നാല്‍ ജനസംഖ്യാ മാറ്റത്തിന്റെ ഫലമായി ആയുര്‍ദൈര്‍ഘ്യമുള്ളവര്‍ വര്‍ധിക്കയും അതിവേഗം നരയ്ക്കുകയും ചെയ്യുന്ന കേരളീയര്‍ സാമ്പത്തിക, ആരോഗ്യ, സാംസ്‌കാരിക മേഖലകളിലെല്ലാം നേരിടുന്ന പ്രതിസന്ധികളെ പൊതുസമൂഹവും വിവിധ മേഖലകളിലെ വിദ്ഗ്ധരും അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ച് ഉചിതമായ കരുതല്‍ നടപടികള്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.

ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് കേരളത്തില്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 72 ഉം സ്തീകളുടേത് 77.8 ഉം ആയി വര്‍ധിച്ചിട്ടുണ്ട് അറുപത് വയസ്സിന് മുകളീലുള്ളവരെയാണ് പൊതുവേ വയോജനങ്ങളായി വിശേഷിപ്പിക്കുക. അങ്ങിനെ നോക്കുമ്പോള്‍ ഏറ്റവും കുറഞ്ഞത് ജനസംഖ്യയില്‍ 15 ശതമാനം പേര്‍ കേരളത്തിലിപ്പോള്‍ വയോജനങ്ങളായി മാറിക്കഴിഞ്ഞു. ആരോഗ്യ സേവനത്തിലും മറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയാല്‍ മരണനിരക്ക് ഗണ്യമായി കുറഞ്ഞ് വരുന്നതുമൂലം അടുത്ത ഏതാനും വര്‍ഷം കൊണ്ടുതന്നെ കേരളത്തില്‍ മൂന്നിലൊന്ന് പേരും ആറുപത് വയസ്സിന് മുകളിലുള്ളവരായിരിക്കും. കേരളത്തിലിപ്പോള്‍ വിവിധ മേഖലകളില്‍ തിളങ്ങിനില്‍ക്കുന്ന വ്യക്തിത്വങ്ങളില്‍ പലരും നവതി കഴിഞ്ഞവരാണ്. സഖാവ് ഗൗരിയമ്മയും സഖാവ് വി എസ് അച്യുതാനന്ദനും എം കെ സാനു മാഷും മാര്‍ ക്രിസ്‌റ്റോസം വലിയതിരുമേനിയുമെല്ലാം നവതി കഴിഞ്ഞും ശതാബ്ദിയിലേക്ക് കടന്ന് തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ സജീവരായി നിലകൊള്ളുന്നു.

വയോജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിക്കലല്ല ഈ കുറിപ്പിന്റെ ലക്ഷ്യം; ആയുര്‍വര്‍ധനയിലെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുന്ന സ്‌ത്രൈണവല്‍ക്കരണത്തെപ്പറ്റി (Feminisation of Ageing) സൂചിപ്പിക്കാനാണ്. പ്രായാധിക്യമുള്ളവരില്‍ കൂടുതലും സ്തീകളാണ്. ഇപ്പോഴത്തെ നിലയില്‍ പുരുഷന്മാരെക്കാള്‍ എറ്റവും കുറഞ്ഞത് 68 വര്‍ഷം കൂടി സ്തീകള്‍ ജീവിച്ചിരിക്കാനാണ് സാധ്യത. ലോകാരോഗ്യ സംഘടന 2030 ഓടെ മിക്കവാറും വീടുകളില്‍ പ്രായം ചെന്ന സ്തീകള്‍ ഒറ്റക്ക് ജീവിക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് പ്രവചിച്ചിട്ടുണ്ട്. കൂട്ടുകുടുംബ വ്യവസ്ഥയുടെ സ്ഥാനത്ത് അണുകുടുംബ രീതി വരികയും കുട്ടികളുടെ എണ്ണം കുറയുകയും പ്രായമായി കഴിഞ്ഞാല്‍ അവര്‍ തൊഴില്‍പരമായും മറ്റും മാതാപിതാക്കളെ വിട്ടുപോവുകയും ചെയ്യുന്നതുകൊണ്ടാണ് അനിവാര്യമായും ഇത്തരമൊരു സ്ഥിതി വിശേഷമുണ്ടാവുന്നത്. ഞാന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവല്ലായില്‍ ഡോ എം എം തോമസ് അനുസ്മരണ പ്രസംഗം നടത്തിയപ്പോള്‍ ലോകാരോഗ്യ സംഘടനയുടെ ഈ പ്രവചനത്തെ പറ്റി സൂചിപ്പിച്ചിരുന്നു. അപ്പോള്‍ തന്നെ സദസ്സിലുണ്ടായിരുന്ന ഏതാനും സ്തീകള്‍ എണീറ്റ് ‘2030 തൊന്നുമാവേണ്ട, ഞങ്ങള്‍ ഇപ്പോള്‍ തന്നെ അങ്ങിനെയാണ് ജീവിക്കുന്നതെന്ന്’ പറഞ്ഞതോര്‍മ്മ വരുന്നു.

പ്രായാധിക്യമുള്ള സ്തീകളുടെ ആരോഗ്യം അതേ പ്രായത്തിലുള്ള പുരുഷന്മാരുടേതിനേക്കാള്‍ വളരെ മോശമായിരിക്കും. മധ്യപ്രായത്തില്‍ ശരീരഘടനാപരമായ കാരണങ്ങളാല്‍ സ്തീകളുടെ ആരോഗ്യ നില മെച്ചമായിരിക്കും എന്നാല്‍ പ്രായം വര്‍ധിക്കുന്നതോടെ ഇതില്‍ മാറ്റംവരുന്നു. മാത്രമല്ല സന്ധിരോഗങ്ങള്‍, മൂത്രം അറിയാതെ പോവുക (Incontinence of Urine) തുടങ്ങിയ കാരണങ്ങളാല്‍ സ്തീകളുടെ ചലന ശേഷിയിലും കാര്യമായ തകരാറുണ്ടാവുന്നു. ഇതില്‍ മൂത്രരോഗത്തിന്റെ കാര്യം എടുത്തുപറയാനുണ്ട്. സ്തീകള്‍ പൊതുവില്‍ വൃത്തിയുള്ള ടോയിലറ്റുകള്‍ മാത്രമേ ഉപയോഗിക്കാറുള്ളു. ആവശ്യത്തിന് പൊതു ഇടങ്ങളില്‍ വൃത്തിയുള്ള ടോയിലറ്റുകളില്ലാത്തതുമൂലം സ്തീകള്‍ മൂത്രം പിടിച്ചുവയ്ക്കുന്നത് കൊണ്ട് നിരന്തരം മൂത്രാശയത്തില്‍ അണുരോഗ ബാധയുണ്ടാവുന്നതിന്റെ ഫലമായാണ് പ്രായം വര്‍ധിക്കുമ്പോള്‍ മൂത്രമറിയാതെ പോവുന്ന സ്ഥിതി നേരിടേണ്ടി വരുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ അംഗങ്ങളില്‍ വനിതാ പ്രതിനിധികള്‍ അന്‍പത് ശതമാനത്തിലേറെയാണെങ്കിലും നമ്മുടെ ഗ്രാമ-നഗര പ്രദേശങ്ങളില്‍ അവശ്യാനുസരണം ടോയിലറ്റുകള്‍ ലഭ്യമാക്കാന്‍ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല എന്നത് കേരള മാതൃകയെ പറ്റി അഭിമാനത്തോടെ പറയുമ്പോള്‍ നമ്മള്‍ ഓര്‍ത്തിരിക്കേണ്ടതാണ്, സ്തീസമത്വത്തെ പറ്റി ഏറെ പ്രസംഗങ്ങള്‍ നടക്കുന്ന നമ്മുടെ സംസ്ഥാനത്ത് വന്ദ്യ വയോജനസ്തീകളുടെ ദുരിതത്തിന് കാരണമാവുന്ന ഈ ദുസ്ഥിതിക്ക് ആരെയാണ് കുറ്റം പറയേണ്ടത്? ഇപ്പോഴിത ധനമന്ത്രി 24,000 ഇരട്ട ശൗച്യാലയങ്ങള്‍ (സ്തീകള്‍ക്കും പുരുഷന്മാര്‍ക്കും) റോഡരുകിലും പൊതുസ്ഥലത്തും നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇത് പ്രാവര്‍ത്തികമാക്കിയാല്‍ ഈ സര്‍ക്കാരിന്റെ ഏറ്റവും പ്രസക്തമായ സ്തീ സൗഹൃദ പദ്ധതിയായത് മാറും.

പ്രായമായ സ്ത്രീകളില്‍ കൂടുതലും വിധവകളായിരിക്കുമെന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്ന വസ്തുതയാണ്. ആയുര്‍ദൈര്‍ഘ്യത്തിലും വിവാഹപ്രായത്തിലുമുള്ള വ്യത്യാസം മൂലമാണ് വിധവകളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്. കേരളത്തിലിപ്പോള്‍ 60 വയസ്സിന് മുകളിലുള്ള സ്തീകളില്‍ 60 ശതമാനത്തിലേറെ പേര്‍ വിധവകളാണ്, അതേയവസരത്തില്‍ ഇതേ പ്രായത്തിലുള്ള പുരുഷന്മാരില്‍ കേവലം 12 ശതമാനം പേര്‍ മാത്രമാണ് വിഭാര്യര്‍. ഒറ്റക്കുകഴിയുന്ന സ്തീകളെ പൊതുവില്‍ കേരള സമൂഹം ഇതുവരെ അംഗീകരിച്ച് തുടങ്ങിയിട്ടില്ല. അവര്‍ വിധവകളും നിരവധി രോഗങ്ങള്‍ ബാധിച്ചവര്‍ കൂടിയാവുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക എന്നൂഹിക്കാന്‍ കഴിയുമല്ലോ. വിവിധ ജാതി-മത വിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സ്തീ വിരുദ്ധ പിന്തുടര്‍ച്ചാവകാശ നിയമങ്ങളും മക്കളില്‍ നിന്നും നേരിടേണ്ടിവരുന്ന സ്വത്തവകാശ പീഡനങ്ങളുമെല്ലാം വിധവകളുടെ ജീവിതം ദുസ്സഹമാക്കുന്നു. മാത്രമല്ല ഏത് സമൂഹത്തിലും പ്രായാധിക്യമുള്ള സ്തീകള്‍ പുരുഷന്മാരേക്കാള്‍ ദരിദ്രരുമായിരിക്കും.

കേരള വികസന പ്രതിസന്ധികളെ പറ്റി വ്യാപകമായി നടക്കുന്ന ചര്‍ച്ചകളില്‍ മിക്കവയിലും അതിവേഗം നരച്ചുകൊണ്ടിരിക്കുന്ന കേരളത്തെ പറ്റിയോ ജനസാഖ്യാമാറ്റത്തില്‍ അന്തര്‍ലീനമായ സ്ത്രീ ദുരിതത്തെപറ്റിയോ വേണ്ടത്ര ആഴത്തിലുള്ള വിശകലനം നടക്കുന്നില്ല. മുഖ്യധാരാ ജനസംഖ്യ വ്യതിയാന പാഠത്തില്‍ നിന്നും വ്യത്യസ്തമായ വയോജന സ്ത്രീപക്ഷ പാഠഭേദം രചിക്കേണ്ടിയിരിക്കുന്നു.

(പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply