കുടുംബങ്ങള്‍ ലോക് ഡൗണ്‍

ഭാര്യയോടു മാത്രമല്ല വീടിനു പുറത്തെ സഹപ്രവര്‍ത്തകയോടുമുള്ള പുരുഷന്റെ മനോഭാവവും അധികാര ബന്ധവും പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. ജനപ്രതിനിധി സഭകളിലെ തുല്യ പ്രാതിനിധ്യ പ്രശ്‌നമുള്‍പ്പടെയുള്ള സ്ത്രീ പ്രശനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും അഭിമുഖീകരിക്കേണ്ടി വന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്ന് ഈ വീടക യുക്തി തന്നെയായിരുന്നു. സ്ത്രീകള്‍ നിയമനിര്‍മാണ സഭകളിലേക്കു വന്നാല്‍ വീടിനുള്ളിലെ ജോലികള്‍ എങ്ങനെ / ആരു നിര്‍വഹിക്കണം എന്നതു തന്നെയായിരുന്നു അടിസ്ഥാന പ്രശ്‌നം. അല്ലാതെ കൊട്ടിഘോഷിക്കപ്പെട്ട പോലെ സംവരണമൊന്നും ആയിരുന്നില്ല.

ലോകമാകെ കൊറോണാ ഭീതിയില്‍പ്പെട്ട ഇക്കാലത്ത് എല്ലാ സര്‍ക്കാരുകളും നിര്‍ദേശിക്കുന്നത് മനുഷ്യരോടു വീട്ടിലിരിക്കാനാണ്. സാമൂഹ്യ വ്യാപനം തടയാനുള്ള ഒരുപാധിയെന്ന നിലക്കാണ് ഇങ്ങനെയൊരു നിര്‍ദേശം വരുന്നത്. അങ്ങനെ ലോകത്തു പലയിടത്തും എന്ന പോലെ ഇന്ത്യയിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. അങ്ങനെ എല്ലാ മനുഷ്യരും വീടിനകത്തായി. ഇക്കാലഘട്ടത്തില്‍ കേരളത്തിലെ ആണും പെണ്ണുമായവര്‍ വീട്ടിലടങ്ങിയപ്പോള്‍ അപ്രസക്തമായിക്കൊണ്ടിരുന്ന അധികാര ബന്ധങ്ങളും വിവേചനങ്ങളും എത്രമേല്‍ ശക്തമായി തിരിച്ചു വന്നുവെന്നതിന് സമീപകാല എഫ് ബി പോസ്റ്റുകള്‍ തന്നെ തെളിവാണ്.

“കൊറോണക്കാലത്ത് മനസ് കൂടുതല്‍ കലുഷിതമാണ്. അടുക്കളയ്ക്ക് വലിയ മാറ്റമൊന്നുമില്ല. പണ്ടേ ഭക്ഷണത്തില്‍ ആര്‍ഭാടങ്ങള്‍ ഇല്ല. ചക്ക മാങ്ങ സീസണ്‍ ആയതോണ്ട് അതിന്റെതായ സൗഭാഗ്യങ്ങള്‍ അനുഭവിയ്ക്കുണ്ട്. പിന്നെ, വീട്ടിലിരിക്കുമ്പോള്‍ എവിടെനിന്നൊക്കെയോ നിറയെ ജോലികള്‍ പൊന്തിവരും. അടിക്കല്‍, തുടയ്ക്കല്‍, മാറാല തട്ടല്‍, പാത്രം കഴുകല്‍, അലക്കല്‍… അങ്ങനെ അങ്ങനെ. ഒരുവശത്തുനിന്ന് ഒരുക്കി വരുമ്പോഴേയ്ക്കും മറു വശത്തൂന്ന് തകിടം മറിഞ്ഞു തുടങ്ങും വീട് . എത്ര ചെറിയ വീടായാലും ശരി വൃത്തിയായും ഭംഗിയായും മാനേജ് ചെയ്യല്‍ വലിയ പാട് തന്നെയാണ്. ഉച്ച സമയങ്ങളില്‍ കുറച്ചു നേരം കിട്ടിയാലായി. അന്നേരം ഉറക്കം വരും….ഇനി, പുസ്തകം വായന. ആളുകള്‍ എന്തോരം പുസ്തകങ്ങളാ വായിച്ചു കൂട്ടുന്നത്. സത്യത്തില്‍ എനിക്കസൂയയുണ്ട്. എങ്ങനെ വായിക്കാന്‍ കഴിയുന്നു ഈ വക തടിച്ച ഗ്രന്ഥങ്ങള്‍ ഒക്കെ? ഞാന്‍ മോഹത്തോടെയും ദാഹത്തോടെയും വായിക്കുന്നത് കവിതകള്‍ മാത്രമാണ്. ഹരിശങ്കരനശോകന്റേം ശ്രീകുമാര്‍ കരിയാടിന്റേം നന്ദേട്ടന്റേം രാമേട്ടന്റേം ഒക്കെ കവിതകള്‍ എടുത്തുവച്ചിട്ടുണ്ട് വായിക്കാന്‍.പക്ഷേ, ഇതുവരെ ബുക്ക്ഷെല്‍ഫിന്റെ അടുത്തേയ്ക്ക് ഞാന്‍ എത്തീട്ടില്ല. വായിക്കാത്ത കവിതാപുസ്തകങ്ങള്‍ ഷെല്‍ഫില്‍ ഇരിക്കുന്നുണ്ടല്ലോ എന്ന ചിന്ത ആനന്ദദായകമാണ്. ……….” ( മാര്‍ച്ച് 28ന് അമ്മു ദീപ യെന്ന കവയിത്രിയുടെ പോസ്റ്റില്‍ നിന്ന്)

അമ്മു ദീപ എന്നയാള്‍ ഒരു ”വെറും വീട്ടമ്മ അല്ല. വിദ്യാഭ്യാസവും ഭേദപ്പെട്ട ഉദ്യോഗവുമുള്ളവള്‍. ഒരെഴുത്തുകാരി. നിരുപാധികമായ നീണ്ട കാല അവധി അവള്‍ക്ക് / അവളെപ്പോലുള്ളവര്‍ക്ക് എങ്ങനെയാണ് ബാധകമല്ലാതായതെന്ന് ഈ പോസ്റ്റ് വ്യക്തമാക്കുന്നു. പുസ്തകവായനയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ എത്ര ശതമാനമാണ് സ്ത്രീകളുടേതെന്നു നോക്കിയാല്‍ മതി. റീഡേഴ്‌സ് സര്‍ക്കിള്‍ പോലുള്ള ഗ്രൂപ്പുകളില്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകളില്‍ എത്ര പേരുണ്ട് സ്ത്രീകളിട്ടത്? ഇവിടെയൊക്കെയും ന്യായമുണ്ടാകാം അതിന് സ്ത്രീകളോടാരും പറഞ്ഞില്ലല്ലോ വായിക്കണ്ടാന്ന്. അവര്‍ക്കും വായിച്ചൂടെ? എഴുതിക്കൂടെ?

മധ്യവര്‍ഗവത്കരണം നടന്നു കഴിഞ്ഞ കുടുംബങ്ങളാണ് നമ്മുടേത്. അതുപോലെ ബ്രാഹ്മണ്യ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടതുമാണത്. മധ്യവര്‍ഗജീവിതം നയിക്കാത്ത അബ്രാഹ്മണരുടേതുള്‍പ്പടെയുള്ള കുടുംബങ്ങളിലെ ജീവിതരീതികളിലും അധികാര ബന്ധങ്ങളിലും ഉള്‍പ്പടെ മധ്യവര്‍ഗബ്രാഹ്മണിക്കല്‍ മൂല്യങ്ങള്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞതായി കാണാം. മിക്കവാറും എല്ലാ വിവാഹച്ചടങ്ങുകളും താലി – സിന്ദൂരങ്ങളാല്‍ മനകീകരിക്കപ്പെട്ടതിന്റെ ചരിത്രം കൂടിയാണ് കേരളത്തിലെ ഏക ദാമ്പത്യ വ്യവസ്ഥയെന്നു കാണാം. ഇന്ദുലേഖമാര്‍ മാധവന്മാരെ ശപ്പാ എന്നു വിളിച്ചതുകൊണ്ടു മാത്രം തീരുന്നതായിരുന്നില്ല മലയാളി കുടുംബങ്ങളിലെ ആണധികാര കമ്മട്ടങ്ങള്‍. അതു കൊണ്ടു തന്നെ വീടകങ്ങളിലെ സ്ത്രീ പുരുഷ ബന്ധങ്ങള്‍ അസമമായ അസ്വസ്ഥതകള്‍ എക്കാലവും പ്രകടമാക്കിയിരുന്നു. സ്ത്രീകള്‍ വിദ്യാഭ്യാസം കൊണ്ടും ഉദ്യോഗം കൊണ്ടും നേടിയെടുത്ത പുറം ജീവിതങ്ങള്‍ ഒരു പരിധി വരെ പൊള്ളയായിരിക്കാന്‍ പ്രേരണയായത് ബന്ധങ്ങളിലെ ഈ അധികാര സ്വഭാവമാണ്.

ഭാര്യയോടു മാത്രമല്ല വീടിനു പുറത്തെ സഹപ്രവര്‍ത്തകയോടുമുള്ള പുരുഷന്റെ മനോഭാവവും അധികാര ബന്ധവും പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. ജനപ്രതിനിധി സഭകളിലെ തുല്യ പ്രാതിനിധ്യ പ്രശ്‌നമുള്‍പ്പടെയുള്ള സ്ത്രീ പ്രശനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും അഭിമുഖീകരിക്കേണ്ടി വന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്ന് ഈ വീടക യുക്തി തന്നെയായിരുന്നു. സ്ത്രീകള്‍ നിയമനിര്‍മാണ സഭകളിലേക്കു വന്നാല്‍ വീടിനുള്ളിലെ ജോലികള്‍ എങ്ങനെ / ആരു നിര്‍വഹിക്കണം എന്നതു തന്നെയായിരുന്നു അടിസ്ഥാന പ്രശ്‌നം. അല്ലാതെ കൊട്ടിഘോഷിക്കപ്പെട്ട പോലെ സംവരണമൊന്നും ആയിരുന്നില്ല. വീടകത്തെയും സമൂഹത്തിലെയും സ്വന്തം അധികാര പദവികള്‍ നിലനിര്‍ത്താനും സുരക്ഷിതമാക്കാനും പെണ്ണിനെ ‘അടക്കി നിര്‍ത്തുക ‘ യായിരുന്നു ബ്രാഹ്മണിക്കല്‍ പുരുഷന്റെയും ആല്‍ഫാ പുരുഷന്റെയും മുമ്പിലുള്ള ഫലവത്തായ പോംവഴി. അതവര്‍ അകത്തും പുറത്തും ഫലവത്തായി നിര്‍വഹിക്കുകയും ചെയ്തു കൊണ്ടിരിക്കയാണ്.

ഇതിനിടയില്‍ത്തന്നെയാണ് കൊറോണാ വ്യാപനം തടയാന്‍

ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. നിരുപാധികമായ ഒഴിവു ദിവസങ്ങള്‍ വീടകങ്ങളിലെയും ആണും പെണ്ണും എങ്ങനെ അനുഭവിക്കുന്നുവെന്നതാണു പ്രധാനം.

”ക്വാറന്റയിന്‍ ,
പേര് അപരിചിതമാണെങ്കിലും
അനുഭവം അവള്‍ക്ക് ചിരപരിചിതമാണ്
‘ഒറ്റപ്പെടല്‍ ‘
പല മുറികളില്‍
കൈ അകലത്തിലെങ്കിലും
തീണ്ടാപ്പാടകലെ
മൊബൈലിന്റെ തടവില്‍
വീടിന്റെ സ്വാസ്ഥ്യം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി
മൗനത്തിന്റെ തൂവാല കൊണ്ട്
വായ മൂടി
അടുക്കള മണങ്ങളില്‍ മൂക്കും മൂടി
അവളും ക്വാറന്റയിനിലാണ്
ഇരുപത്തൊന്ന് ദിവസമല്ലെന്ന് മാത്രം.”

മാര്‍ച്ച് 28നു തന്നെ , അതായത് മേല്‍ ഉദ്ധരിച്ച അമ്മു ദീപയുടെ പോസ്റ്റ് വന്ന അതേ ദിവസം സുള്‍ഫത്ത് [Sulfath m sulu ] എന്ന മറ്റൊരു സ്ത്രീ ഫേസ് ബുക്കില്‍ എഴുതിയത് ഇങ്ങനെയായിരുന്നു.

ഇതെഴുതിയവര്‍ വ്യക്തിപരമായി ഇതനുഭവിക്കുന്നുണ്ടോ, എല്ലാ സ്ത്രീ പുരുഷ ബന്ധങ്ങളും ഒരുപോലെയാണോ ഒരു പുരുഷനും വീട്ടില്‍ ഒരു പണിയുമെടുക്കുന്നില്ലേ എന്നതൊന്നുമല്ല പ്രശ്‌നം. വ്യത്യസ്ത സ്ത്രീകള്‍ രേഖപ്പെടുത്തിയത് ഒരേ സ്ത്രീ ചരിത്രമാണ് എന്നതാണ്. ഉദ്യോഗത്തിനു പോകേണ്ടി വരാതായപ്പോള്‍ സ്ത്രീ പുരുഷന്മാര്‍ ഒരേ ജീവിതമല്ല ഒരു വീട്ടില്‍ ജീവിക്കേണ്ടി വന്നത് എന്നര്‍ഥം. വായന ഈ മഹാവ്യാധി കാലത്ത് ഒരു ഗംഭീര കാര്യമൊന്നുമല്ല. എങ്കിലും വായനയിലാണ്/ എഴുത്തിലാണ് എന്ന് വീട്ടിലെ ലൈബ്രറിയിലെ ചാരുകസേരയില്‍ പുസ്തകത്തിനടുത്തിരിക്കുന്ന സെല്‍ഫികളൊന്നും സ്ത്രീകളധികം ഇക്കാലത്ത് ഫേസ് ബുക്കില്‍ ഇട്ടു കാണുന്നില്ല എന്നത് അവരെ അങ്ങനെ ചെയ്യുന്നതില്‍ നിന്ന് ആരും വിലക്കിയിട്ടല്ല. അവര്‍ ആഗ്രഹിക്കാഞ്ഞിട്ടുമല്ല. അവര്‍ക്കതിനുള്ള സമയം കിട്ടിയില്ല എന്നതുകൊണ്ടാണത് എന്നു തിരിച്ചറിയാന്‍ മുന്‍ വിധികളില്ലാത്ത കോമ്മണ്‍സെന്‍സ് വേണം. കാരണം പൂര്‍വാധികം ശക്തിയോടെ അവരൊയൊക്കെ അടുക്കളകളും വീടകങ്ങളും ഗ്രസിച്ചു കഴിഞ്ഞിരിക്കുന്നു.

ഒരു ശരാശരി മലയാളി കുടുംബം (അങ്ങനെയൊന്നുണ്ടോ എന്ന ചര്‍ച്ച മറ്റൊരു പ്രകൃതത്തിലേക്കു മാറ്റിയിരിക്കുന്നു) അതിന്റെ അധികാര ബന്ധങ്ങളെ മറനീക്കി പ്രവര്‍ത്തികമാക്കിത്തുടങ്ങിയിരിക്കുന്നു. ആയിരത്താണ്ടുകളുടെ അബോധങ്ങള്‍ – ആണിന്റെ മാത്രമല്ല പെണ്ണിന്റെയും – അര നൂറ്റാണ്ടു കൊണ്ടു മാറ്റിത്തീര്‍ക്കാവുന്നതല്ലെന്നതാണ് ലോക് ഡൗണ്‍ കാലത്തെ കുടുംബചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഭക്ഷണം പാചകം എന്നിവയെപ്പറ്റി ഏറ്റവും കൂടുതല്‍ എഫ് ബി ടൈംലൈനില്‍ സംസാരിക്കുന്ന സ്ത്രീകള്‍ പുരുഷന്മാരെയപേക്ഷിച്ച് എത്രയോ അധികം ഇരട്ടി സ്ത്രീകളാണ് എന്നു കാണാം. ഭക്ഷണമോ പാചകമോ മോശമായതുകൊണ്ടല്ല ഈ വിഷയം ചൂണ്ടിക്കാണിക്കുന്നത്. കൂട്ടുത്തരവാദിത്തത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നവകാശപ്പെടുന്ന കുടുംബങ്ങളിലെയും സ്ത്രീകള്‍ തന്നെയാണ് അധികവും പാചകക്കുറിപ്പടികള്‍ ഇടുന്നതെന്നും കാണാം. അതായത് കുടുംബത്തിനുള്ളിലെ തൊഴില്‍ വിഭജനമെന്നത് അത്രയും ശക്തമായ ഒരു സാംസ്‌കാരിക സൂചകമാണെന്നര്‍ഥം.

അക്ഷരാര്‍ഥത്തില്‍ കേരളത്തിലെ പുറത്തിറങ്ങിയ സ്ത്രീകള്‍ പോലും വീട്ടുജോലികളിലേക്കും അടുക്കളകളിലേക്കും മടങ്ങി വന്ന കാലഘട്ടം കൂടിയാണ് കൊറോണയുണ്ടാക്കിയ  ലോക് ഡൗണ് കാലം. ഈയൊരു സന്ദര്‍ഭത്തിലാണ് ഒരു ജനാധിപത്യ ഭരണാധികാരി വീടകങ്ങളിലേക്കു നോക്കി പുരുഷന്മാരേ നിങ്ങളും സ്ത്രീകളെ വീട്ടുജോലികളില്‍ സഹായിക്കണം എന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. ആ വാക്കുകളിലെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിച്ചു കൊണ്ട തന്നെ പറയട്ടെ, എങ്ങനെയാണ് ‘സഹായിക്കുക” എന്ന വാക്കു കടന്നു വരുന്നത് എന്നതു പ്രശ്‌നം തന്നെയാണ്. അപ്പോഴും അടിസ്ഥാനപരമായി വീട്ടു ജോലികള്‍ സ്ത്രീകളുടേതാണ്, പുരുഷന്മാര്‍ സഹായിക്കുക മാത്രമേ വേണ്ടൂ! പുരുഷന്റെ ഔദാര്യമാണ് അപ്പോള്‍ ആ സഹായം.തൊഴില്‍ വിഭജന പരമായ അധികാര ബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുന്ന ”സഹായ’മാണത്. തുല്യ പങ്കാളിത്തത്തിന്റെ മര്യാദകളും നീതികളും ഈ സഹായത്തില്‍ നിന്നെത്രയോ അകലെയാണ്.

രോഗമൊക്കെ മാറി നമുക്കു പുറത്തിറങ്ങാറാകുന്ന കാലം വരുമെന്നു തന്നെ എല്ലാവരെയും പോലെ ഞാനും വിശ്വസിക്കുന്നു. കൊറോണക്കു മുമ്പുള്ള കുടുംബ ബന്ധങ്ങളേക്കാള്‍ ജനാധിപത്യപരവും സ്‌നേഹപൂര്‍ണവുമായ കുടുംബ ബന്ധങ്ങളിലേക്കാണ് വികസിക്കേണ്ടതെങ്കില്‍ മലയാളി പൗരുഷത്തിന് ആത്മവിമര്‍ശനത്തോടെ, കരുതലോടെ ഇനിയുമൊരുപാടു കാതം താണ്ടേണ്ടി വരും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply