ഷാപ്പുകള്‍ നവീകരിച്ചാല്‍ മാത്രം പോര മന്ത്രീ, കള്ളിന്റെ അവകാശം കര്‍ഷകര്‍ക്കാകണം

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കള്ളുഷാപ്പുകളെ ആധുനീകരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. വിദേശമദ്യത്തിനുള്ള പ്രാധാന്യം കള്ളുവ്യവസായത്തിനും നല്‍കുമെന്നും കള്ളു വ്യവസായ വികസന ബോര്‍ഡ് രൂപീകരിക്കുമെന്നും അതോടെ ചെറുപ്പക്കാര്‍ ഉള്‍പ്പെടെ കൂടുതല്‍ തൊഴിലാളികള്‍ ഈ രംഗത്തെത്തുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. വിനോദസഞ്ചാരികള്‍ക്ക് കള്ളു നല്‍കണമെങ്കില്‍ കാനായിലെ കല്യാണത്തിന് യേശു വെള്ളം വീഞ്ഞാക്കിയതുപോലെ കള്ളാക്കേണ്ടിവരുമെന്നായിരുന്നു ബാബുവിന്റെ വിവാദപരാമര്‍ശം. അതേസമയം കള്ളിന്റെ യഥാര്‍ത്ഥ അവകാശി ആരാണെന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഉന്നയിക്കാന്‍ ഇവരാരും തയ്യാറാകുന്നില്ല. അതാണ് കാതലായ പ്രശ്‌നം.

കള്ളുഷാപ്പുകളെ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം നിയമസഭയിലുണ്ടായ ചര്‍ച്ചയില്‍ മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞത് വളരെ അനിവാര്യമായ ഒന്നാണ്. അതേസമയം എല്ലാ എക്‌സൈസ് മന്ത്രിമാരും ഇടക്കിടെ പറയുന്നതു തന്നെയാണ് അദ്ദേഹവും പറഞ്ഞത്. പറയുകയല്ലാതെ ഒരിക്കലുമവ നടപ്പാവാറില്ല. അതിനാലാണല്ലോ ഓരോ മന്ത്രിമാര്‍ ചാര്‍ജ്ജെടുക്കുമ്പോഴും അവര്‍ക്കത് ആവര്‍ത്തിക്കേണ്ടിവരുന്നത്. മന്ത്രിയോട് പ്രതികരിച്ച് മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു നടത്തിയ.ഒരു പരാമര്‍ശമാകട്ടെ സഭയില്‍ ബഹളത്തിനിടയാക്കി. എന്നാല്‍ ഏറ്വും കാതലായ വിഷയത്തിലേക്ക് ഭരണപക്ഷമോ പ്രതിപക്ഷമോ വിരല്‍ ചൂണ്ടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കള്ളുഷാപ്പുകളെ ആധുനീകരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. വിദേശമദ്യത്തിനുള്ള പ്രാധാന്യം കള്ളുവ്യവസായത്തിനും നല്‍കുമെന്നും കള്ളു വ്യവസായ വികസന ബോര്‍ഡ് രൂപീകരിക്കുമെന്നും അതോടെ ചെറുപ്പക്കാര്‍ ഉള്‍പ്പെടെ കൂടുതല്‍ തൊഴിലാളികള്‍ ഈ രംഗത്തെത്തുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. വിനോദസഞ്ചാരികള്‍ക്ക് കള്ളു നല്‍കണമെങ്കില്‍ കാനായിലെ കല്യാണത്തിന് യേശു വെള്ളം വീഞ്ഞാക്കിയതുപോലെ കള്ളാക്കേണ്ടിവരുമെന്നായിരുന്നു ബാബുവിന്റെ വിവാദപരാമര്‍ശം. അതേസമയം കള്ളിന്റെ യഥാര്‍ത്ഥ അവകാശി ആരാണെന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഉന്നയിക്കാന്‍ ഇവരാരും തയ്യാറാകുന്നില്ല. അതാണ് കാതലായ പ്രശ്‌നം.

മന്ത്രി പറഞ്ഞപോലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് കള്ളിന് വലിയ പ്രാധാന്യമാണ് ഉള്ളത്, അഥവാ ഉണ്ടാകേണ്ടത്. സഞ്ചാരികള്‍ ഓരോ നാട്ടിലെത്തുമ്പോഴും അവിടത്തെ ജീവിതരീതിയും സംസ്‌കാരവുമെല്ലാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരാണ്. ഗൗരവമായി ലോകം ചുറ്റുന്നവരുടെ ലക്ഷ്യം തന്നെ അതാണ്. അതിലേറ്റവും പ്രധാനം ഭക്ഷണവും പാനീയവുമൊക്കെ തന്നെയാണ്. ഒരു നാട്ടിലെത്തുമ്പോള്‍ അവിടത്തെ ഭക്ഷണം കഴിക്കാനാണ് സഞ്ചാരികള്‍ ഇഷ്ടപ്പെടുക. അതുപോലെ തന്നെയാണ് മദ്യത്തിന്റെ കാര്യവും. സ്വന്തം നാടുകളില്‍ ലഭ്യമാകുന്ന മദ്യമല്ല, എത്തിപ്പെടുന്ന നാട്ടിലെ സ്വന്തം മദ്യമാണ് അവരില്‍ ബഹുഭൂരിഭാഗവും തിരഞ്ഞെടുക്കുക. അവര്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമല്ല നാം കൊടുക്കേണ്ടത്. കേരളത്തിന്റെ തനതു പാനീയമാണ്. പച്ചയായി പറഞ്ഞാല്‍ നമ്മുടെ സ്വന്തം കള്ളാണ്. വിദേശികളാകള്‍ ഭൂരിഭാഗവും മലയാളികളെപോലെ മദ്യം വാരിക്കോരി കുടിക്കുന്നവരുമല്ല. അവര്‍ ഇഷ്ടപ്പെടുക തീര്‍ച്ചയായും കള്ളു തന്നെയായിരിക്കും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കള്ള് അത്യാവശ്യത്തിനു മാത്രം ലഹരിയുള്ള രുചികരമായ പാനീയമാണെന്നതില്‍ സംശയമില്ല. ശുദ്ധമായ കള്ളുകുടിക്കുന്ന ഒരാളും അതിഷ്ടപ്പെടാതിരിക്കില്ല. ഇവിടെ അതു ലഭിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ശുദ്ധമായ കള്ളു ലഭിക്കുകയും നമ്മുടെ കള്ളുഷാപ്പുകള്‍ ആധുനിക കാലത്തിനനുസരിച്ച് സജ്ജീകരിക്കുകയും തന്നെയാണ് ചെയ്യേണ്ടത്. ആ അര്‍ത്ഥത്തില്‍ മന്ത്രി പറഞ്ഞത് ശരിയുമാണ്. അങ്ങനെ വരുമ്പോള്‍ ഈ വ്യവസായം പച്ചപിടിക്കുകയും കര്‍ഷകരുടെ മാത്രമല്ല, കേരളത്തിന്റെ തന്നെ സര്‍വതോന്മുഖമായ വികസനത്തിന് സഹായകരമായിരിക്കുകയും ചെയ്യും. ആ ദിശയില്‍ ചിന്തിക്കാന്‍ നാമിനിയും തയ്യാറാകുന്നില്ല എന്നതാണ് ഖേദകരം.

സംസ്ഥാനത്ത് ഇന്ന് ഉല്‍പ്പാദിപ്പിക്കുന്ന കള്ളിന്റെ അളവും വിറ്റഴിക്കുന്ന കള്ളിന്റെ അളവും തമ്മിലുള്ള അന്തരം അതിഭീമമാണെന്ന് അറിയാത്തവര്‍ ആരുമില്ല. കെ ബാബു പറഞ്ഞത് യാഥാര്‍ത്ഥ്യം തന്നെയാണ്. വിറ്റഴിയുന്നതില്‍ ഭൂരിഭാഗവും കള്ളക്കള്ളാണ്. ആ അവസ്ഥ മാറണം. ആദ്യമായി വേണ്ടത് അബ്കാരി നിയമം തന്നെ പൊളിച്ചെഴുതലാണ്. കള്ളിന്റെ ഉടമാവകാശം തെങ്ങിന്റെ ഉടമകളായ കര്‍ഷകര്‍ക്കാകണം. ചെത്തുകാര്‍ക്ക് ചെയ്യുന്ന ജോലിക്ക് മാന്യമായ കൂലിയാണ് നല്‍കേണ്ടത്. ഈ മേഖലയില്‍ നിന്ന് അബ്കാരികള്‍ എന്ന വിഭാഗത്തെ ഉന്മൂലനം ചെയ്യണം. കള്ളുഷാപ്പുകള്‍ കര്‍ഷകരുടെ മുന്‍കൈയിലുള്ള സഹകരണ മേഖലയിലാകണം. അല്ലാതെ മന്ത്രി പറഞ്ഞ ബോര്‍ഡൊന്നുമല്ല വേണ്ടത്. വിനോദസഞ്ചാരമേഖലകളില്‍ വേണമെങ്കില്‍ സര്‍ക്കാരിനുതന്നെ നേരിട്ട് ഷാപ്പുകള്‍ നടത്താം. മികച്ച രീതിയില്‍ ഭക്ഷണവും ലഭിക്കുന്ന ഇടങ്ങളാകണം കള്ളു ഷാപ്പുകള്‍. സ്ത്രീകള്‍ക്കും വന്നിരിക്കാവുന്ന സാഹചര്യം ഉണ്ടാകണം. ഇതു വഴി നട്ടെല്ലു തകര്‍ന്ന കര്‍ഷകരുടെ ഉയര്‍ത്തെഴുന്നേല്‍പ്പാകും ഉണ്ടാകുക. ടൂറിസ്റ്റുകളും ഹാപ്പിയാകും. ലഹരിയുടെ അളവു കുറവായതിനാല്‍ മദ്യം കൊണ്ടുള്ള സാമൂഹ്യവിപത്തുകള്‍ കുറയും.

ഇതോടൊപ്പം പറയേണ്ട മറ്റൊന്ന് നീരയുടെ കാര്യവും. ലഹരി വേണ്ടാത്തവര്‍ക്കായി തെങ്ങില്‍ നിന്ന് നീരയും ഉല്‍പ്പാദിപ്പിക്കണം. അതും കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകും. പലസ്ഥലത്തും ആ ദിശയില്‍ ചില ശ്രമങ്ങളുണ്ടായെങ്കിലും ്അതെല്ലാം ആത്മാര്‍ത്ഥതയില്ലാതെയയാിരുന്നു. പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ആലോചനയുമുണ്ടെന്ന് മന്ത്രി പറഞ്ഞു. അതും സ്വാഗതാര്‍ഹം. കേരളത്തില്‍ പഴവും കശുമാങ്ങയും ചക്കയുമൊക്കെ ആയിരകണക്കിന് ടണ്ണുകളാണ് ഉപയോഗശൂന്യമായി പോകുന്നത്. അതേസമയം പ്രതിവര്‍ഷം പത്തുലക്ഷം ലിറ്റര്‍ വൈന്‍ സംസ്ഥാനത്ത് ചെലവാകുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏറിയ പങ്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവയാണ്. പകരം വ്യാവസായിക അടിസ്ഥാനത്തില്‍ സംസ്ഥാനത്തു തന്നെ വൈന്‍ ഉത്പാദിപ്പിച്ചാല്‍ അത് സര്‍ക്കാരിനു വന്‍ വരുമാനമായിരിക്കും. വൈനും വീര്യം കുറഞ്ഞ മദ്യവുമായതിനാല്‍ മറ്റു മദ്യങ്ങളേക്കാള്‍ അപകടകരവുമല്ല. പക്ഷെ അതിേെന്റയും ഉടമാവകാശം കര്‍ഷകര്‍ക്കാകണം. അബ്കാരികള്‍ക്കാകരുത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാസ്തവത്തില്‍ കള്ളിനെ രക്ഷിക്കാന്‍ സുപ്രിം കോടതി തന്നെ രംഗത്ത് വന്നിരുന്നു. മദ്യത്തിന്റെ പരിധിയില്‍നിന്നു കള്ളിനെ ഒഴിവാക്കുന്നതിനായി അബ്കാരി നിയമം ഭേദഗതി ചെയ്യാനാകില്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. സുപ്രിംകോടതി ഈ വിഷയത്തില്‍ കാണിക്കുന്ന താല്‍പ്പര്യം പോലും കേരള സര്‍ക്കാരിനില്ലെന്നതാണ് കൗതുകം.

കേരളീയ സമൂഹത്തില്‍ മദ്യം സൃഷ്ടിക്കുന്ന വിപത്തുകള്‍ ഭയാനകമാണെന്നത്ില്‍ സംശയമില്ല. അതിനാല്‍ മദ്യവര്‍ജ്ജനത്തിനായുള്ള പ്രചാരണം തുടരണം. എന്നാല്‍ ഏറ്റവും ദുഖകരമായ വിഷയം മറ്റൊന്നാണ്. മദ്യപാനത്തെ സദാചാരമായി കണ്ട് എതിര്‍ക്കുന്നവരും എതിര്‍ക്കുന്നു എന്നു നടിക്കുന്നവരുമൊക്കെ ആ മേഖലയിലെ മറ്റു ചൂഷണങ്ങള്‍ ഒന്നും കാണുന്നില്ല എന്നതാണ്. സംസ്ഥാനത്ത് ഏറ്റവും കഴുത്തറപ്പന്‍ കച്ചവടം നടക്കുന്ന മേഖല ഇതല്ലാതെ മറ്റേതാണ്? അബ്കാരികളും രാഷ്ട്രീയ നേതാക്കളും യൂണിയന്‍ നേതാക്കളും ഉദ്യോഗസ്ഥരുമായി നിലനില്‍ക്കുന്ന അവിഹിത ബന്ധത്തില്‍ മറയുന്നത് കോടികളാണ്. ഒരു വന്‍മാഫിയ തന്നെ ഈ രംഗത്ത് വളര്‍ന്നു വന്നിരിക്കുന്നു. ഈ പണമെല്ലാം പോകുന്നത് മദ്യപാനികളുടെ പോക്കറ്റില്‍ നിന്ന്. എന്നാല്‍ മദ്യത്തോടുള്ള സദാചാര സമീപനം മൂലം ഈ കൊള്ളയടി ആരും ചോദ്യം ചെയ്യുന്നില്ല. ഉപഭോക്താവിന്റെ ഒരവകാശവും ലഭിക്കുന്നില്ലെങ്കിലും ഈ സദാചാരബോധം നിലനില്‍ക്കുന്നതിനാല്‍ മദ്യപാനികളും പ്രതിഷേധിക്കുന്നില്ല. അതിനാല്‍ എന്ത് അനീതിയും ഈ രംഗത്ത് നടത്താന്‍ മേല്‍പറഞ്ഞ മാഫിയക്കാകുന്നു. മദ്യപാനികളില്‍ നിന്നുള്ള പണമില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ശബളം കൊടുക്കാന്‍ പോലും സര്‍ക്കാരിനാവില്ല എന്നതും വിഷയത്തിന്റെ മറുവശം..

കള്ളുല്‍പ്പാദനവും നീരയുല്‍പ്പാദനവുമൊക്കെയായി ബന്ധപ്പെട്ട് അവയുടെ അവകാശം കര്‍ഷകര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഫാര്‍മേഴ്സ് റിലീഫ് ഫോറവും മറ്റും നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും വെള്ളക്കാര്‍ രൂപം കൊടുത്ത, കാലഹരണപ്പെട്ട് അബ്കാരി നിയമത്തെ തൊടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടില്ല എന്നും അവരെകൊണ്ടുതന്നെ ചെത്തിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു. എന്നാല്‍ മുകളില്‍ പറഞ്ഞ മാഫിയയും അവര്‍ക്കൊപ്പം നില്‍ക്കുന്ന രാഷ്ട്രീനേതൃത്വങ്ങളും അതംഗീകരിക്കില്ലല്ലോ. അക്കാര്യത്തില്‍ എം വി ഗോവിന്ദനും കെ ബാബുവും ഒന്നിക്കുന്നു. ഇത്തരമൊരു സാഹചര്യ്തതില്‍ മന്ത്രി പറഞ്ഞപോലെ കള്ഉഷാപ്പുകള്‍ നവീകരിച്ചാലും ബോര്‍ഡ് രൂപീകരിച്ചാലും പരിഹരിക്കാത്ത വിഷയങ്ങളാണ് ഈ മേഖലയിലുള്ളത്. അടിയന്തിരമായി വേണ്ടത് കള്ളിന്റെ അവകാശം തെങ്ങിന്റെ അവകാശികളായ കര്‍ഷകര്‍ക്ക് വിട്ടുകൊടുക്കുന്ന രീതിയില്‍ അബ്കാരി നിയമങ്ങള്‍ മാറ്റിയെഴുതുകയാണ്. അല്ലാത്തതെന്തും തൊലിപ്പുറത്തെ ചികിത്സയാകും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply