പട്ടികജാതിക്കാര്‍, വര്‍ഗ്ഗക്കാര്‍, പിന്നോക്കക്കാര്‍, സ്ത്രീകള്‍… ഇവരെക്കൂടാതെ എന്തു ജനാധിപത്യം?

പഞ്ചവത്സരപദ്ധതികളില്‍ ഹരിജനങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ആവശ്യമായ പണം പ്രത്യേകം നീക്കി വെച്ചിട്ടുണ്ട്. എന്നാല്‍ പിന്നാക്ക വര്‍ഗ്ഗക്കാരില്‍ എത്ര പേര്‍ക്ക് ഈ പദ്ധതികൊണ്ട് ഗുണം ലഭിച്ചിട്ടുണ്ട് എന്ന് ഇതുവരെ വിലയിരുത്തല്‍ നടത്തിയിട്ടില്ല. പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി മറ്റു മേഖലകളില്‍ വിലയിരുത്തല്‍ നടന്നിട്ടുണ്ട്. എനിക്കുതന്നെ ഒരുപാടു റിപ്പോര്‍ട്ടുകള്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ അതില്‍ ഒരെണ്ണത്തില്‍പോലും ഹരിജനങ്ങള്‍ക്കും ആദിവാസികള്‍ക്കും ഗുണപ്രദമായ പദ്ധതി നടപ്പിലാക്കിയതിനെക്കുറിച്ചു പരാമര്‍ശിച്ചിട്ടില്ല. പദ്ധതി പ്രകാരം ചെലവഴിച്ച പണംകൊണ്ട് ജീവിതനിലവാരം ഉയര്‍ന്ന കഥയും പറയുന്നില്ല – 1965 മാര്‍ച്ച് 12 ന് ലോകസഭയില്‍ ചെയ്ത പ്രസംഗം – പാര്‍ലിമെന്റ് രേഖകളില്‍ നിന്ന്.

ഈ സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയല്ല, കൂട്ടിക്കുഴയ്ക്കുകയാണ് ചെയ്യുന്നത്. വരള്‍ച്ച, സ്വത്തവകാശം, ഭാഷാപ്രശ്‌നം, വര്‍ഗീയത എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയല്ല, വളര്‍ന്നു വലുതാവുകയാണ്. ജാതി ഹിന്ദുക്കള്‍, പ്രത്യേകിച്ചും, ഗ്രാമപ്രദേശത്തുള്ളവര്‍, ഹരിജനങ്ങളുടേയും മറ്റു പിന്നോക്ക വര്‍ഗ്ഗങ്ങളുടേയും പുരോഗതി കണ്ട് ക്ഷോഭിച്ചിരിക്കുകയാണ്. ആകെയുള്ള 7-8 കോടി ഹരിജനങ്ങളില്‍ 70-80 ആയിരം ഹരിജനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. അവരുടെ എണ്ണം അല്പംകൂടി അധികമാകാം. എന്നാല്‍ അത് ആയിരത്തില്‍ ഒരാളില്‍ കൂടുതല്‍ വരില്ല. എന്നാലും ജാതി ഹിന്ദുക്കള്‍ക്ക് അവര്‍ കണ്ണില്‍ കരടായി അവശേഷിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം വ്യക്തമായി മനസ്സിലാക്കേണ്ട ഒരു കാര്യം ഇതാണ്. ജനങ്ങളെ ഒന്നായി കാണാനായില്ലെങ്കില്‍ രാജ്യത്തിനു പുരോഗതി കൈവരിക്കാനാവില്ല. നമ്മുടെ ഭരണത്തിന്റെ തെറ്റായ നീക്കങ്ങള്‍ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇന്നത്തെ സര്‍ക്കാര്‍ അതിന്നുത്തരവാദികളാണ്. ഈ തെറ്റായ നയം പിന്തുടര്‍ന്നുവന്നാല്‍ നമ്മളും ഇതിനു കുറ്റക്കാരായിത്തീരും. ഇന്നത്തെ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അതു ധനികര്‍ക്കു വേണ്ടിയാണ്. ആ സഹായം വോട്ടാക്കി മാറ്റാന്‍ കഴിയും. ഈ സര്‍ക്കാര്‍ നാടിനു വേണ്ടിയോ ജനങ്ങള്‍ക്കു വേണ്ടിയോ ഒന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. അതിനു പകരം സ്വാധീനമുള്ള ആളുകളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനാണ് നീക്കം. അവര്‍ക്കു വോട്ടു ചെയ്യാന്‍ കഴിയും. ഇപ്പോള്‍ ഈ 70-80 ആയിരം ഹരിജനങ്ങളാണ് മറ്റുള്ളവര്‍ക്ക് ആകര്‍ഷണകേന്ദ്രം. അവര്‍ സര്‍ക്കാരിന്റെ വോട്ടുപിടുത്തക്കാരായി മാറിയിരിക്കുന്നു.

പഞ്ചവത്സരപദ്ധതികളില്‍ ഹരിജനങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ആവശ്യമായ പണം പ്രത്യേകം നീക്കി വെച്ചിട്ടുണ്ട്. എന്നാല്‍ പിന്നാക്ക വര്‍ഗ്ഗക്കാരില്‍ എത്ര പേര്‍ക്ക് ഈ പദ്ധതികൊണ്ട് ഗുണം ലഭിച്ചിട്ടുണ്ട് എന്ന് ഇതുവരെ വിലയിരുത്തല്‍ നടത്തിയിട്ടില്ല. പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി മറ്റു മേഖലകളില്‍ വിലയിരുത്തല്‍ നടന്നിട്ടുണ്ട്. എനിക്കുതന്നെ ഒരുപാടു റിപ്പോര്‍ട്ടുകള്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ അതില്‍ ഒരെണ്ണത്തില്‍പോലും ഹരിജനങ്ങള്‍ക്കും ആദിവാസികള്‍ക്കും ഗുണപ്രദമായ പദ്ധതി നടപ്പിലാക്കിയതിനെക്കുറിച്ചു പരാമര്‍ശിച്ചിട്ടില്ല. പദ്ധതി പ്രകാരം ചെലവഴിച്ച പണംകൊണ്ട് ജീവിതനിലവാരം ഉയര്‍ന്ന കഥയും പറയുന്നില്ല. നാലാം പഞ്ചവത്സരപദ്ധതി രൂപപ്പെട്ടുകഴിഞ്ഞു. രണ്ടായിരം കോടി രൂപയാണ് ഈ പദ്ധതിയനുസരിച്ച് ചെലവഴിക്കാന്‍ പോകുന്നത്. 70-80 കോടി രൂപയായിരിക്കും ഹരിജനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ളത്. അതുതന്നെ ഒരു ചെറിയ സംഖ്യയാണ്. ഇത്തരം ഭീമാകാരമായ പഞ്ചവത്സരപദ്ധതികള്‍ ധനികരെ കൂടുതല്‍ ധനികരാക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടവന് യാതൊരു ആനുകൂല്യവും ലഭിക്കാത്ത അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇത്തരം സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഈ സമൂഹത്തോടു മൊത്തം എനിക്കൊരഭ്യര്‍ത്ഥനയുണ്ട്. ഒരു വിശാല വീക്ഷണമാണ് വെച്ചു പുലര്‍ത്തേണ്ടത്. നമ്മുടെ ജനസംഖ്യ ഇപ്പോള്‍ 48 കോടിയാണ്. അതില്‍ ഏഴെട്ടുകോടി ജനങ്ങള്‍ ഹരിജനങ്ങളാണ്. 43 കോടി ജനങ്ങള്‍ പിന്നാക്കവര്‍ഗ്ഗക്കാരായുണ്ട്. ഏതു ജാതിയില്‍ പിറന്നു എന്നു പരിഗണിക്കാതെ മുഴുവന്‍ സ്ത്രീകളെയും പിന്നാക്കവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ആകെ 43 കോടി സ്ത്രീപുരുഷന്‍മാരാണ് ഈ വിഭാഗത്തില്‍ നിലവിലുള്ളത്. ഉന്നതകുലജാതന്‍മാരിലും ദരിദ്രരുണ്ട്. അവര്‍ ഏകദേശം നാലരക്കോടി വരും. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ധനികരെന്നു പറയുവാന്‍ ആകെ 50 ലക്ഷം ജനങ്ങളാണുള്ളത്. അവരാണെങ്കില്‍ ഉയര്‍ന്നജാതിക്കാരാണ്. ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിക്കനുസരിച്ചു മനസ്സിലാക്കുന്നില്ലെങ്കില്‍ നേരത്തെ പറഞ്ഞ ഉയര്‍ന്നജാതിയില്‍ ജനിച്ചുപോയ ദരിദ്രര്‍ ആ മട്ടില്‍ തന്നെ തുടരും. അവര്‍ അവരുടെ ജാതിക്കാരാല്‍ നയിക്കപ്പെടുകയാണ്. ഒരു പുരോഗതിയും അവരില്‍ നിന്നു പ്രതീക്ഷിക്കേണ്ടതില്ല. ഈ നാലരക്കോടി ജനങ്ങള്‍ സ്വജാതിയിലെ സമ്പന്നരുമായുള്ള ബന്ധം വിടര്‍ത്തണം. 43 കോടിയിലധികം വരുന്ന പിന്നാക്ക ജാതിക്കാരുമായി ചേരണം. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഒന്നും നേടാന്‍ അവര്‍ക്കാവില്ല. 43 കോടി പിന്നാക്ക ജാതിക്കാരും നാലരക്കോടി ഉന്നതകുലജാതദരിദ്രരും ചേര്‍ന്ന് ഒരു സമൂഹമാകുമ്പോള്‍, അവര്‍ പ്രബലമായ ഒരു ശക്തിയായിത്തീരും. അരമനകളില്‍ സുഖിച്ചുകഴിയുന്ന അമ്പതുലക്ഷം സവര്‍ണ്ണ സമ്പന്നന്‍മാരുടെ മണിമന്ദിരങ്ങള്‍ അവര്‍ അടിച്ചു തകര്‍ത്ത് ചാരമാക്കി തീര്‍ക്കും. ആധുനിക ഇന്ത്യയുടെ പ്രതിരൂപം തെളിഞ്ഞു വരുന്നത് അപ്പോള്‍ മാത്രമാണ്. അതല്ലാതെ മറ്റു പോംവഴികള്‍ യാതൊന്നുമില്ല.

ഇന്ത്യ വിഭജിച്ചു പോവുകയാണെന്നിരിക്കട്ടെ, എല്ലാ പാപങ്ങള്‍ക്കും ദുഷ്‌ചെയ്തികള്‍ക്കും മുകളില്‍ ജനങ്ങളുടെ സമീപനത്തെ പിച്ചിച്ചീന്തിയ പാപമായിരിക്കും മുഴച്ചുനില്‍ക്കുന്നത്. വിഭാഗീയമല്ലാത്തതും സമഗ്രവീക്ഷണമുള്ളതുമായ ഒരു ചിന്ത എവിടേയും കാണാനില്ല. സംഘടിതമായ പ്രവര്‍ത്തനംകൊണ്ട് ഈ രാജ്യത്തിന് ഐശ്വര്യവും സമൃദ്ധിയും കൈവരിക്കാനാവുമെന്ന് ജനങ്ങള്‍ കരുതുന്നില്ല. ദേശീയ സമ്പത്തില്‍ നിന്നു തന്റെ വിഹിതം വര്‍ദ്ധിപ്പിക്കുകയെന്ന കാര്യത്തിലാണ് എല്ലാവരും ശ്രദ്ധയൂന്നുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു വിശാല വീക്ഷണം വെച്ചു പുലര്‍ത്തുന്നില്ലെങ്കില്‍ ഹരിജനങ്ങള്‍ക്കും മറ്റു പിന്നാക്ക വര്‍ഗ്ഗങ്ങള്‍ക്കും അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാതെ പോകും. ഹരിജനങ്ങള്‍ക്ക് ഐശ്വര്യമുണ്ടായാലേ മറ്റെല്ലാവര്‍ക്കും അതു നേടാനാവൂ. ഹരിജനങ്ങള്‍ക്കും പിന്നാക്കവര്‍ഗ്ഗക്കാര്‍ക്കും ജോലി കൊടുക്കുന്ന മുതലാളിമാര്‍ ചിന്തിക്കുന്നത് അവരുടെ ശമ്പളം 50-60 രൂപയായി ഉയര്‍ത്തിയാല്‍ തങ്ങളുടെ വരുമാനം കുറഞ്ഞുപോകുമല്ലോ എന്നാണ്. ഇത്തരം ചിന്താഗതി നിരുത്സാഹപ്പെടുത്തണം. ഹരിജനങ്ങള്‍ പിന്നോക്കക്കാര്‍, സ്ത്രീകള്‍, കുശവന്‍മാര്‍, വീട്ടുജോലിക്കാര്‍, അടിച്ചുവാരുന്നവര്‍ എന്നിവര്‍ക്ക് ഐശ്വര്യമുണ്ടായാല്‍ മാത്രമേ രാജ്യം പുരോഗമിക്കുകയുള്ളൂ എന്നു മനസ്സിലാക്കണം. എങ്കില്‍ മാത്രമേ ഈ പ്രശ്‌നം അവസാനിക്കുകയുള്ളൂ.

ചില സന്ദര്‍ഭങ്ങളില്‍ എനിക്ക് തോന്നാറുണ്ട് മിസ്റ്റര്‍ സ്പീക്കര്‍ സര്‍, അടിച്ചുവാരുന്നവന്റെ ശമ്പളം പ്രധാനമന്ത്രിക്കു തുല്യമാക്കണമെന്ന്, പക്ഷെ ഞാനതു പറയാന്‍ ധൈര്യപ്പെടുന്നില്ല. കാരണം പ്രധാനമന്ത്രിയുടെ ഓഫീസ് നിലനിര്‍ത്തുക എന്നതുതന്നെ ഭാരിച്ച ഒരുത്തരവാദിത്തമാണ്. കൃഷ്ണമാചാരിയെപ്പോലുള്ള ഒരു മന്ത്രിയുടെ ശമ്പളത്തിനു തുല്യമായിരിക്കണം അടിച്ചുവാരുന്നവന്റെ ശമ്പളം. ഒരു അടിച്ചുവാരുന്ന തൊഴിലാളിക്ക് 300-400 രൂപ ശമ്പളം കൊടുത്താല്‍ അതു സമൂഹത്തില്‍ വമ്പിച്ച സ്വാധീനം ചെലുത്തും. അങ്ങനെ വന്നാല്‍ ഈ ഉന്നതകുലജാതന്‍മാര്‍ കക്കൂസ് വൃത്തിയാക്കാന്‍ വരെ മുന്നിട്ടിറങ്ങും. അന്നേ ഈ രാജ്യം പുരോഗമിക്കുകയുള്ളൂ.

(1965 മാര്‍ച്ച് 12 ന് ലോകസഭയില്‍ ചെയ്ത പ്രസംഗം – പാര്‍ലിമെന്റ് രേഖകളില്‍ നിന്ന്. കടപ്പാട് അന്തര്‍ധാര)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply