ഭക്ഷ്യ സ്വയംപര്യാപ്തതയുടെ അവസാനത്തെ സ്വാശ്രയത്വവും വടിച്ചുനീക്കുന്ന കാര്‍ഷികബില്ലുകള്‍

കരാര്‍ കൃഷി വഴി തങ്ങള്‍ക്കാവശ്യമുള്ള കാര്‍ഷിക വിഭവങ്ങള്‍ മാത്രം കര്‍ഷകരെ കൊണ്ട് കൃഷി ചെയ്യിക്കാന്‍ കുത്തകകള്‍ക്ക് അവസരമുണ്ടാകുന്നു. അത് അവര്‍ നിശ്ചയിച്ച വിലയ്ക്ക് വാങ്ങാനും കഴിയും. രാജ്യത്തെ ജനങ്ങളുടെ ഭക്ഷ്യാവശ്യങ്ങളല്ല പകരം ഭക്ഷ്യ -ഭക്ഷണ കമ്പനികളുടെ ആഗോള കച്ചവട താല്‍പര്യങ്ങള്‍ക്ക് ആയിരിക്കും ഇവിടെ മുന്‍ഗണന. ഭക്ഷ്യ സംസ്‌കരണ കമ്പനികള്‍ വെച്ചുവിളമ്പുന്ന ഭക്ഷണം നമ്മുടെ അടുക്കളകളെ കീഴ്‌പ്പെടുത്തും. പ്രാദേശിക ഭക്ഷ്യ സ്വയംപര്യാപ്തതയുടെ അവസാനത്തെ സ്വാശ്രയത്വവും വടിച്ചു നീക്കപ്പെടുന്നതായിരിക്കും ഇത്.

ഇപ്പോള്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കി നിയമമാക്കപ്പെടുന്ന കൃഷിയുമായി ബന്ധപ്പെട്ട 3 ബില്ലുകള്‍ ഇന്ത്യയിലെ കര്‍ഷക സമൂഹത്തെ മാത്രം ബാധിക്കുന്നതല്ല, രാജ്യത്തെ 140 കോടി ജനങ്ങളുടെ ജീവിതത്തിലും ഈ ബില്ലുകള്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാളിനും വര്‍ഗീയ ധ്രുവീകരണത്തിനും വേണ്ടി പേജും സമയവും നീക്കിവയ്ക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളായിരിക്കും ഈ സന്ദര്‍ഭത്തില്‍ യാഥാര്‍ത്ഥ്യം ജനങ്ങളെ അറിയിക്കാത്തതിന്റെ കൂട്ടുപ്രതികള്‍ .

ഈ മൂന്നു ബില്ലകള്‍ കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന വാദ്യഘോഷത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒന്നാമത്തെ ബില്ല് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാര്‍ഷിക വിഭവങ്ങളുടെ സംഭരണ -വില്‍പ്പന കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതാണ്. ഇന്ന് പ്രധാനമായും രണ്ടുവിധത്തിലാണ് കാര്‍ഷികോല്പന്ന വിപണി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.

1)കാര്‍ഷിക ഉല്‍പ്പന്ന വിപണന സമിതി (Agriculture Produce Market Committee) കള്‍ വഴി. :സംസ്ഥാനങ്ങളാണ് ഈ തരത്തില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് വേണ്ടി പൊതു മാര്‍ക്കറ്റുകള്‍ സ്ഥാപിച്ചത്. (ഒന്നുകില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അല്ലെങ്കില്‍ സഹകരണ ചന്തകള്‍ വഴിയാണ് സംഭരണം) കൃഷിക്കാര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഇത്തരം ചന്തകളില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ലേലം ചെയ്താണ് വില്‍ക്കുന്നത്. അതുവഴി കൃഷിക്കാര്‍ക്ക് ഇത്തിരിയെങ്കിലും വില ഉറപ്പാക്കപ്പെടുന്നു. വന്‍കിട കച്ചവടക്കാരുടെയും ഇടനിലക്കാരുടെയും ചൂഷണത്തില്‍നിന്ന് കര്‍ഷകരെ രക്ഷിക്കുക എന്നുള്ളതാണ് ഇത്തരം കാര്‍ഷിക ചന്തകള്‍ സംസ്ഥാനങ്ങള്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ചതിന്റെ നേട്ടം.

കര്‍ഷകരുടെ ആവശ്യവുമായി തട്ടിച്ചുനോക്കിയാല്‍ രാജ്യത്തുള്ള ഇത്തരം ചന്തകളുടെ എണ്ണം തീരെ കുറവാണെങ്കിലും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിലയിടിവ് അത്രയധികം ഉണ്ടാകാതെ പിടിച്ചുനിര്‍ത്തുന്നതിന് ഇവ സഹായിക്കുന്നുണ്ട്. മാത്രമല്ല കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില നിശ്ചയിക്കുന്നതും വിലയിടിവുണ്ടാകാതെ കര്‍ഷകര്‍ക്ക് രക്ഷ നല്‍കുന്നു. 2012 -2013 ലെ നാഷണല്‍ സാമ്പിള്‍ സര്‍വേ പ്രകാരം രാജ്യത്ത് ഉല്‍പാദിപ്പിച്ച കരിമ്പിന്റെ നല്ലൊരുപങ്കും സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയോ കര്‍ഷക സൊസൈറ്റികള്‍ വഴിയോ മേല്‍പ്പറഞ്ഞ സംവിധാനത്തിലാണ് കര്‍ഷകര്‍ക്ക് വില്‍ക്കാന്‍ സാധിച്ചത്.

2) ചെറുകിട വ്യാപാരികള്‍ മുഖേനയുള്ള കച്ചവടം: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാര്‍ഷിക വില്‍പ്പന സംവിധാനങ്ങള്‍ അപര്യാപ്തം ആയതിനാല്‍ മിക്ക ഉല്പന്നങ്ങളും ചെറുകിട ഇടത്തട്ടുകാര്‍ വഴിയാണ് കര്‍ഷകര്‍ വില്‍ക്കുന്നത്. അതായത് 2012 – 13 കാലത്തെ വില്‍പ്പന നോക്കിയാല്‍ നെല്ലിന്റെ 64 ശതമാനവും സ്വകാര്യ കച്ചവടക്കാരാണ് കൃഷിക്കാരില്‍ നിന്ന് വാങ്ങിയിരിക്കുന്നത്. ബാക്കി മാത്രമാണ് സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവില പ്രകാരം കര്‍ഷകര്‍ക്ക് വില്‍പന നടത്താന്‍ കഴിഞ്ഞത്. അതില്‍തന്നെ 18% നെല്ല് ചന്തകള്‍ വഴിയും, ബാക്കി 6% നെല്ല് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയുമാണ് സംഭരിക്കപ്പെട്ടത്. പയര്‍, പരിപ്പ് വര്‍ഗ്ഗങ്ങള്‍, മറ്റു വിളകള്‍ നോക്കിയാല്‍ അവയില്‍ നല്ലൊരുപങ്കും സംഭരിക്കുന്നത് ഇടത്തട്ടുകാര്‍ തന്നെയാണ്. ഇത്തരം ഇടത്തട്ടുകാര്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ മറ്റൊരു പങ്കുകൂടി വഹിക്കുന്നുണ്ട്. ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് കൂടാതെ കൃഷിയിറക്കുന്നതിന് ഉള്ള വായ്പ നല്‍കിയും ഇവര്‍ കാര്‍ഷിക മേഖലയില്‍ നിലകൊള്ളുന്നു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ചെറുകിട കര്‍ഷകരും ഭൂരഹിത കര്‍ഷകരും ഈ ഇടത്തരക്കാരെ ആണ് വായ്പയ്ക്കും വില്‍പനക്കും ആശ്രയിക്കുന്നത്.

ചരിത്രം പുറകോട്ട് പോകുന്നു

പുതിയ കാര്‍ഷിക വിപണന ബില്ല് കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവിലയെയും സര്‍ക്കാര്‍ സംഭരണത്തെയും കര്‍ഷക സംഘങ്ങളുടെ സംഭരണത്തെയും മാത്രമല്ല ചെറുകിടക്കാരായ ഇടത്തരക്കാരുടെ സംഭരണത്തെയും ഒറ്റയടിക്ക് റദ്ദാക്കുന്നു . പകരം വന്‍കിട കച്ചവടക്കാര്‍ക്ക് ചുളുവിലയ്ക്ക് കാര്‍ഷികോല്‍പന്നങ്ങള്‍ കിട്ടുന്നതിനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് 1886 ല്‍ ഹൈദരാബാദ് പ്രവിശ്യയിയിലാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാര്‍ഷിക വിപണന മാര്‍ക്കറ്റ് ആദ്യമായി കൊണ്ടുവരുന്നത്. അന്ന് അതിന്റെ ലക്ഷ്യം, രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പരുത്തി ഏറ്റവും കുറഞ്ഞ വിലയ്ക്ക് ,ഇടനിലക്കാര്‍ വഴി ബ്രിട്ടണിലെ മാഞ്ചസ്റ്ററിലുള്ള തുണിമില്‍ ഉടമകള്‍ക്ക് ലഭ്യമാക്കുക എന്നതായിരുന്നു. പിന്നീട് സ്വതന്ത്ര ഇന്ത്യയില്‍ 1960 -1970 കാലത്താണ് , മുതലാളിമാര്‍ക്ക് പകരം കര്‍ഷകര്‍ക്ക് ന്യായവില കിട്ടാവുന്ന വിധത്തില്‍ താങ്ങുവിലയും സംഭരണ സംവിധാനവും സംസ്ഥാനങ്ങള്‍ ഒരുക്കണമെന്ന് കേന്ദ്രം നിയമനിര്‍മാണം കൊണ്ടുവരുന്നത്. ദശകങ്ങളോളം പ്രവര്‍ത്തിച്ച ഈ കര്‍ഷക സൗഹൃദ സംവിധാനത്തെയാണ് പുതിയ കാര്‍ഷിക വിപണന നിയമം അട്ടിമറിച്ചത്. പകരം അന്ന് ബ്രിട്ടീഷുകാര്‍ ചെയ്തതുപോലെ, കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വന്‍കിട കമ്പനികള്‍ക്കും പുത്തന്‍ വ്യാപാര ശൃംഖലകള്‍ക്കും എത്തിച്ചു കൊടുക്കുന്നതിനുള്ള ചാനലാണ് ഈ പുതിയ നിയമം. അങ്ങനെ കാര്‍ഷിക മേഖലയിലേക്ക് കടന്നുവന്ന വിദേശികളും സ്വദേശികളുമായ പുതിയ കുത്തകകള്‍ക്കും വ്യാപാര ശൃംഖലകള്‍ക്കും പരവതാനി വിരിച്ചിരിക്കുന്നു.

ചെറു കൃഷിക്കാരുടെ ഉന്മൂലനം

ഉല്‍പ്പന്നങ്ങളുടെ വിലയിടിവും അതുവഴി വന്നു ചേരുന്ന കടബാധ്യതകളും മൂലം കാര്‍ഷിക ആത്മഹത്യകളുടെ പെരുമഴ തന്നെ സംഭവിക്കുന്ന ഇന്ത്യയില്‍ ഈ പുതിയ നിയമം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കൂടി ഉണ്ടാക്കുന്നുണ്ട്. ചെറുകിട കര്‍ഷകര്‍ എന്ന വര്‍ഗ്ഗത്തെ അത് തുടച്ചു മാറ്റും. അവരെയെല്ലാം കാര്‍ഷികവൃത്തിയില്‍ നിന്ന് അടര്‍ത്തിമാറ്റി നഗരങ്ങളിലെ ചേരികളിലേക്കും പുതിയ ഇന്ത്യയുടെ നിര്‍മ്മാണ വൃത്തികളിലേക്കും പണിക്കാരായി വീണ്ടും വീണ്ടും തെളിച്ചു കൊണ്ടുവരും.അങ്ങനെ 1992ല്‍ ആരംഭിച്ച പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തും. ഇതു തന്നെയാണ് ലോകബാങ്ക് അന്നുതൊട്ടേ ഇന്ത്യയോട് ആവശ്യപ്പെടുന്നതും. അതായത് കാര്‍ഷികവൃത്തിയില്‍ ഉപജീവനം തേടുന്ന 60 ശതമാനം വരുന്ന ഇന്ത്യക്കാരെ – ഗ്രാമീണ മനുഷ്യരെ അവിടെനിന്ന് കുടിയിറക്കണം. അങ്ങനെയാണ് അമേരിക്കയും യൂറോപ്പും വികസിച്ചത് ! അമേരിക്കയില്‍ കൃഷിക്കാരുടെ എണ്ണം എണ്ണം 1.3 ശതമാനമാക്കി അവര്‍ കുറച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയിലും കൃഷിക്കാരുടെ എണ്ണം കുറയ്ക്കണം. എന്നുവച്ചാല്‍ ചെറുകിട കൃഷിക്കാര്‍ എന്ന വര്‍ഗ്ഗത്തെ ഉന്മൂലനം ചെയ്യണം. അവരുടെ ഭൂമി വന്‍കിടക്കാരിലേക്ക് എത്തണം. പതിനായിരക്കണക്കിന് ഏക്കര്‍ ഉള്ള വന്‍കൃഷിനിലങ്ങള്‍ രൂപപ്പെടണം. അങ്ങനെ അഗ്രി ബിസിനസിനും അതിന്റെ തുടര്‍ച്ചയായ ഭക്ഷ്യ -ഭക്ഷണ കമ്പനികള്‍ക്കും റീട്ടെയില്‍ ഭീമന്മാര്‍ക്കും വേണ്ടി കാര്‍ഷിക മേഖല ഉടച്ചുവാര്‍ക്കപ്പെടണം. സര്‍ക്കാര്‍ കാര്‍ഷിക സബ്‌സിഡികള്‍ മുഴുവന്‍ ചെന്നെത്തേണ്ടത് ഈ കമ്പനികളിലേക്കാണ്. ഇതാണ് കാര്‍ഷിക വികസനത്തിനെ പാശ്ചാത്യ മാതൃക. അതോടെ ഇന്ത്യയുടെ കാര്‍ഷിക ഭൂമി സ്വദേശി-വിദേശി വ്യത്യാസമില്ലാതെ സമ്പൂര്‍ണ്ണമായി ആഗോള കുത്തകകളുടെ കയ്യിലമരും. അതിനുള്ള ആദ്യത്തെ മരുന്നാണ് കാര്‍ഷിക വിപണന മാര്‍ക്കറ്റില്‍ നിന്ന് പ്രാദേശിക സര്‍ക്കാരുകളെ പിന്‍വലിക്കുന്ന ബില്ല് . അതോടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ പെട്ടവിലയ്ക്ക് തട്ടിയെടുക്കുന്നത് കാര്‍ഷിക കുത്തകകള്‍ ആയിരിക്കും.

കാര്‍ഷിക വിപണന ബില്ലിനൊപ്പം സര്‍ക്കാര്‍ കൊണ്ടുവന്ന മറ്റ് രണ്ട് ബില്ലുകള്‍, (ഒന്ന് കോണ്‍ട്രാക്ട് ഫാമിംഗിന് സൗകര്യമൊരുക്കുന്ന ബില്ല് ,മറ്റേത് കാര്‍ഷിക വിഭവങ്ങള്‍ -ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, സവാള ,ഉരുളക്കിഴങ്ങ് എന്നിവയെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന ബില്ല് ) കൂടിച്ചേരുമ്പോള്‍ കാര്‍ഷിക കുത്തകകളുടെ അധിനിവേശം പൂര്‍ണമാകുന്നു.

കരാര്‍ കൃഷി വഴി തങ്ങള്‍ക്കാവശ്യമുള്ള കാര്‍ഷിക വിഭവങ്ങള്‍ മാത്രം കര്‍ഷകരെ കൊണ്ട് കൃഷി ചെയ്യിക്കാന്‍ കുത്തകകള്‍ക്ക് അവസരമുണ്ടാകുന്നു. അത് അവര്‍ നിശ്ചയിച്ച വിലയ്ക്ക് വാങ്ങാനും കഴിയും. രാജ്യത്തെ ജനങ്ങളുടെ ഭക്ഷ്യാവശ്യങ്ങളല്ല പകരം ഭക്ഷ്യ -ഭക്ഷണ കമ്പനികളുടെ ആഗോള കച്ചവട താല്‍പര്യങ്ങള്‍ക്ക് ആയിരിക്കും ഇവിടെ മുന്‍ഗണന. ഭക്ഷ്യ സംസ്‌കരണ കമ്പനികള്‍ വെച്ചുവിളമ്പുന്ന ഭക്ഷണം നമ്മുടെ അടുക്കളകളെ കീഴ്‌പ്പെടുത്തും. പ്രാദേശിക ഭക്ഷ്യ സ്വയംപര്യാപ്തതയുടെ അവസാനത്തെ സ്വാശ്രയത്വവും വടിച്ചു നീക്കപ്പെടുന്നതായിരിക്കും ഇത്. അങ്ങനെ ഒരു വശത്ത് ഇന്ത്യയുടെ പ്രാദേശിക ഭക്ഷ്യാവശ്യങ്ങള്‍ നിറവേറ്റുന്ന ചെറുകിട കര്‍ഷകരെ ഇല്ലാതാകുമ്പോള്‍ മറുവശത്ത് ഭക്ഷ്യ ഉപഭോഗവും കമ്പനികളുടെ വരുതിയില്‍ എത്തുന്നു. അതുപോലെ നിത്യോപയോഗ വിഭവങ്ങള്‍ വില നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ നിലവിലുള്ള കയറ്റുമതി ഇറക്കുമതി നിയന്ത്രണങ്ങള്‍ ഇല്ലാതെയാകും. ഇതും കര്‍ഷകര്‍ക്കു തിരിച്ചടിയാകും. തുറന്ന വിപണിയുടെ താല്പര്യങ്ങള്‍ക്ക് സമ്പൂര്‍ണമായി കാര്‍ഷിക മേഖല കീഴ്‌പ്പെടും.

ഈ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പൊതുസമൂഹത്തെ എങ്ങനെയാണ് ബാധിക്കുക എന്നുകൂടി പറയേണ്ടിയിരിക്കുന്നു. ഇതേപറ്റി കാര്‍ഷികബില്ലിനെ എതിര്‍ക്കുന്ന കര്‍ഷക സംഘടനകളോ രാഷ്ട്രീയപ്രസ്ഥാനങ്ങളോ ബുദ്ധിജീവികളോ ഒട്ടും തന്നെ ചിന്തിച്ചിട്ടുമില്ല. കൃഷി, ഭക്ഷ്യസംസ്‌കരണം, ഭക്ഷണോല്‍പാദനം ഇതു മൂന്നും വലിയ പൊളിച്ചെഴുത്തുകള്‍ക്ക് വിധേയമാക്കുമ്പോള്‍ അമേരിക്കയില്‍ എന്നപോലെ സാധാരണ ജനങ്ങള്‍ക്ക് കിട്ടുക പോഷകദരിദ്രവും രോഗങ്ങള്‍ വിളിച്ചു വരുത്തുന്നതുമായ ചവറുഭക്ഷണമായിരിക്കും. അതായത് വൈവിധ്യമാര്‍ന്ന ഇന്ത്യയുടെ ഭക്ഷണ സംസ്‌കാരം ഭക്ഷ്യ കമ്പനികളാല്‍ ഏകീകരിക്കപ്പെടും. എല്ലാവരും കോള കുടിക്കുന്നവരും ഹാംബര്‍ഗ് കഴിക്കുന്നവരും ആയി മാറും. 140 കോടി ജനങ്ങളെ ആണ് ആഗോള ഭക്ഷണ കമ്പനികള്‍ക്ക് കിട്ടാന്‍ പോകുന്നത്. പുതിയ റീടൈല്‍ ശൃംഖലകള്‍ ഭക്ഷണ വില്പനക്ക് വല വിരിക്കും.

വിലകുറഞ്ഞതും പോഷകദരിദ്രവുമായ ഭക്ഷണം മാര്‍ക്കറ്റില്‍ എത്തിക്കണമെങ്കില്‍ അതിനുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഏറ്റവും വിലകുറച്ച് സര്‍ക്കാര്‍ സബ്‌സിഡിയോടെ കമ്പനികള്‍ക്കു കിട്ടണം. അതാണ് ഈ കാര്‍ഷിക ബില്ലകളുടെ അന്തിമലക്ഷ്യം. അതോടെ ഇന്ത്യാമഹാരാജ്യം ഭക്ഷ്യ മരുഭൂമി ( Food Desert) ആയിത്തീരും. ആഗോള ഭക്ഷ്യകമ്പനികള്‍ വെച്ചു വിളമ്പുന്ന കൃത്രിമരുചിക്കൂട്ടുകളുടെ മനുഷ്യതീറ്റ നമ്മുടെ പാത്രങ്ങളില്‍ എത്തും. രാജ്യത്ത് സമ്പന്നവര്‍ഗം മാത്രം വിഷരഹിതവും പോഷകസമ്പന്നവുമായ ഭക്ഷണം കഴിക്കുകയും ബഹുഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യര്‍ ഈ വികല മാര്‍ക്കറ്റ് ഭക്ഷണം കഴിച്ച് രോഗാതുരരായി നരകിക്കുകയും ചെയ്യും. ഇതാണ് മേല്‍പ്പറഞ്ഞ കാര്‍ഷിക പരിഷ്‌കാരങ്ങള്‍, അറുപതുകള്‍ മുതല്‍ അതിവിദഗ്ധമായി നടപ്പിലാക്കി വിജയിച്ച, ഇന്ന് ഇന്ത്യയുടെ ഉറ്റസുഹൃത്തായ അമേരിക്ക നല്‍കുന്ന പാഠം. ചെറുകൃഷിക്കാരെ ഉന്മൂലനം ചെയ്തു കാര്‍ഷിക -ഭക്ഷണ കമ്പനികള്‍ അവിടം അടക്കി വാഴുമ്പോള്‍ സാധാരണ മനുഷ്യര്‍ ഈ മാര്‍ക്കറ്റ് ഭക്ഷണം കഴിച്ച് ലോകത്തെ ഏറ്റവും രോഗാതുരമായ സമൂഹമായി കഴിയുന്നു. അങ്ങോട്ടേക്കാണ് സര്‍ക്കാര്‍ നമ്മളെ കൊണ്ടു പോകുന്നത്. അതായത് പ്രാദേശിക സാംസ്‌കാരിക വൈവിധ്യങ്ങള്‍ നിര്‍വീര്യമാക്കി കപടസംസ്‌കാരത്തിന്റെ ഏകഭാരതം സൃഷ്ടിക്കുന്ന ഭരണം ആത്യന്തികമായി നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന കാര്‍ഷിക-ഭക്ഷ്യ -ഭക്ഷണവൈവിധ്യത്തിന്റെ കടക്കലും കത്തിവെക്കുന്നു. നാമറിയാതെ നമ്മളെ ആഗോള കുത്തകകളുടെ കളിപ്പാവയായ വെറും മനുഷ്യനാക്കി മാറ്റുന്നു.

അതുകൊണ്ട് കൃഷിക്കാര്‍ മാത്രമല്ല സകലമാന ജനങ്ങളും ഈ പുതിയ കാര്‍ഷിക നിയമത്തെ ചെറുക്കേണ്ടതുണ്ട്. പകരം ചെറുകൃഷിക്കാരെ സംരക്ഷിക്കുന്ന നിലവിലുള്ള കാര്‍ഷിക വിപണന സംവിധാനങ്ങള്‍, താങ്ങുവില, അവശ്യസാധനങ്ങളുടെ നിയമം എന്നിവ കുറേക്കൂടി കാര്യക്ഷമമാക്കുന്നു വിധത്തില്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ ഇതില്‍ ചെറുകിട കൃഷിക്കാര്‍ക്ക് വരുമാനം ഉറപ്പാക്കാതെ രാജ്യത്തിനുതന്നെ സാമ്പത്തികഭദ്രത സാധ്യമല്ല. അതിന് മതവും ജാതിയും കക്ഷിരാഷ്ട്രീയവും അധികാരഭ്രാന്തും തന്ന് സമൂഹത്തെ ഭിന്നിപ്പിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ജനത ഒരുമിക്കേണ്ടത് അടിയന്തിരമാണ്. മാത്രമല്ല ഇപ്പോള്‍ പാസാക്കിയ നിയമത്തെ അട്ടിമറിക്കുന്ന വിധത്തില്‍ കര്‍ഷകരുടെയും ജനങ്ങളുടെയും മുന്‍കൈയില്‍ സമാന്തര കാര്‍ഷിക വിപണന സംവിധാനങ്ങള്‍ നിര്‍മ്മാണാത്മകമായി രൂപപ്പെടുത്തേണ്ടതുണ്ട്. സമൂഹത്തിന് വിഷമുക്തമായ ഭക്ഷണം കൊടുക്കുന്ന കര്‍ഷക സമൂഹവും അവരെ സംരക്ഷിക്കുന്ന പൊതുസമൂഹവും ആണ് ഇന്ന് ഇന്ത്യ ആവശ്യപ്പെടുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 3 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

3 thoughts on “ഭക്ഷ്യ സ്വയംപര്യാപ്തതയുടെ അവസാനത്തെ സ്വാശ്രയത്വവും വടിച്ചുനീക്കുന്ന കാര്‍ഷികബില്ലുകള്‍

  1. well written.

  2. Avatar for അശോകകുമാര്‍ വി.

    Dr.Shajee Damodaran

    ലേഖനം ലേഖനം വളരെ ഗൗരവമുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത് തീർച്ചയായും ഇത് ജനങ്ങൾ മനസ്സിലാക്കേണ്ടതാണ്

  3. കർഷകനേയും കൃഷിയേയും കോർപ്പറേറ്റുകൾക്കു അടിയറ വച്ചാൽ സർവ്വനാശമായിരിക്കും ഫലം.

Leave a Reply