എലിപ്പത്തായം കീഴാള വിരുദ്ധ സിനിമയാണ്

കീഴാളസ്ത്രീയുടെ ശരീരത്തെ മാത്രമല്ല അവരുടെ ജീവിതപരിസരത്തെയും അവമതിക്കുന്നുണ്ട് എലിപ്പത്തായം. ഉണ്ണിയുടെ പറമ്പില്‍നിന്നും മോഷ്ടിക്കുന്ന മീനാക്ഷിയുടെ മകന്റെ ചിത്രീകരണത്തിലൂടെ കീഴാളജീവിതങ്ങള്‍ വ്യഭിചാരത്തിലും മോഷണത്തിലും മാത്രം ആണ്ടുമുഴുകികഴിയുന്നവരാണ് എന്ന കാഴ്ചപ്പാടാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. കഴുവേറിയുടെ മോനെ എന്ന് ആ സ്ത്രീയുടെ കുട്ടിയെ വിളിക്കുന്ന ഉണ്ണിയുടെ മനോഭാവത്തിലും ഇത് നിഴലിക്കുന്നുണ്ട്. ആര്‍ക്കും തെറി വിളിക്കാവുന്ന ഒന്നായി മാത്രമാണ് കീഴാളത ഇവിടെയും വ്യാഖ്യാനിക്കപ്പെടുന്നത്. ഉണ്ണി വേറൊരാളെയും ഈവിധം അഭിസംബോധന ചെയ്യുന്നുമില്ല

ഉല്‍കൃഷ്ടമായ ചലച്ചിത്രരചനുടെ എക്കാലത്തേയും മാതൃകയായി ഉയര്‍ത്തിക്കാട്ടുന്ന സിനിമയാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം. തകരുന്ന ഫ്യുഡല്‍ വ്യവസ്ഥയാണ് പ്രമേയം. തനിക്ക് ചുറ്റും നടക്കുന്ന പരിവര്‍ത്തനങ്ങളെ കാണാന്‍ മടിക്കുന്നയാളാണ് ഇതിലെ നായകന്‍ ഉണ്ണി (കരമനജനാര്‍ദ്ദനന്‍നായര്‍) വീട് മാത്രമാണ് അയാളുടെ ലോകം. മൂന്ന് സഹോദരിമാര്‍. മൂത്തയാളായ ജാനമ്മയെ (രാജം.കെ.നായര്‍) അകലെ വിവാഹം ചെയ്തയച്ചിരിക്കുന്നു. രണ്ടാമത്തെ സഹോദരിയായ രാജമ്മയും (ശാരദ) ഇളയസഹോദരിയായ ശ്രീദേവിയും (ജലജ) ഒത്താണ് ഒരു വലിയ നാലുകെട്ടിനകതേതൈണയാള്‍ ജീവിക്കുന്നത്.

കഴിഞ്ഞുപോയ ഫ്യൂഡല്‍ കുടുംബമഹിമയുടെ അവശേഷിപ്പുകള്‍ വീടിനകത്തും അയാളുടെ സ്വഭാവത്തിലും കാണാം. മേലനങ്ങി പണി എടുക്കാനാവാത്ത വിധം തന്നിലേക്ക് തന്നെ ചുരുങ്ങിപ്പോവുകയും ഒരു സഹോദരിയുടെ ഒളിച്ചോട്ടത്തിനും മറ്റേയാളുടെ ആകസ്മികമരണത്തിനും മൂകസാക്ഷിയായി സ്വയംഒടുങ്ങിപ്പോകുന്ന നായകജീവിതമാണ് ഉണ്ണിയുടേത്. വല്ലപ്പോഴും വന്നുപോകുന്ന വകയിലെ ഒരമ്മാവനും സഹോദരീപുത്രനുമല്ലാതെ ഒരാള്‍പോലും അതിഥികളായെത്താത്ത ഒരിടമാണ് അയാളുടെ തറവാട്. പുറംവാതിലുകള്‍ സ്വയം കൊട്ടിയടച്ചുകൊണ്ട് സ്വയം നിഷ്‌കാസിതമാകുന്ന ജീവിതമാണ് ഉണ്ണിയുടേത്. ഒടുവില്‍ എലിപത്തായത്തില്‍ കുടുങ്ങുന്ന എലിതന്നെയായി മാറുന്നുണ്ട് ഉണ്ണി.

അപൂര്‍വമായി മാത്രം വീടിനു വെളിയില്‍ ഇറങ്ങുന്ന ഉണ്ണിക്ക് മീനാക്ഷി (ജോയ്‌സി) എന്ന ഒരു കീഴാളസ്ത്രീയെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. അവരെ ആദ്യദൃശ്യത്തിലൂടെ പരിചയപ്പെടുത്തുന്നത് ഉണ്ണിയുടെ പുരയിടത്തില്‍നിന്നും കശുവണ്ടി (പറങ്കിമാവ) കട്ടുപറിക്കുന്ന കുട്ടിക്ക് കാവല്‍ നില്‍ക്കുന്നവരായിട്ടാണ്. അവിടെ എത്തുന്ന ഉണ്ണി കുട്ടിയെ അഭിസംബോധന ചെയ്യുന്നത്’ എടാ കഴുവേറ്റി നീയാണോ?’ എന്ന് ചോദിച്ചു കൊണ്ടാണ്. പിന്നീട് മീനാക്ഷി ഉണ്ണിയോട് ശൃംഗരിക്കുന്നതും അവളുടെ തോള്‍മുണ്ട് താഴേക്ക് ഉതിര്‍ന്നു വീഴുന്നതും നിറഞ്ഞ മാറിടം മനപ്പൂര്‍വ്വം ഉണ്ണിക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതും ഒക്കെ കാണിക്കുന്നു. ഉണ്ണി ആ പ്രലോഭനത്തില്‍ ഒരുനിമിഷം പതറിനിന്ന് സ്വയം പിന്‍വാങ്ങുകയാണ്.

മറ്റൊരു സീനില്‍ മീനാക്ഷി എണ്ണ ചോദിച്ചുകൊണ്ട് ഉണ്ണിയുടെ വീട്ടിലേക്ക് കടന്നുവരുന്നുണ്ട് ഉണ്ണി ആ സമയം ഉമ്മറത്തിരുന്ന് നഖംവെട്ടുകയാണ്. മീനാക്ഷിയുടെ വരവും വശ്യതയും ഉണ്ണിയെ ഭയപ്പെടുത്തുന്നു. കത്തികൊണ്ട് അയാളുടെ വിരലിന് മുറിവേല്‍ക്കുക കൂടിചെയ്യുന്നു. രാജമ്മയില്‍ നിന്നും എണ്ണ വാങ്ങി തലയില്‍ തേച്ചതിനുശേഷം തറവാട്ടിലെ കുളത്തില്‍ കുളിക്കാന്‍ മീനാക്ഷി അനുവാദം ചോദിക്കുന്നുണ്ട്. രാജമ്മ അത് അനുവദിക്കുന്നില്ല. ആ സമയം നഷ്ടപ്പെട്ട പുരുഷത്വം വീണ്ടെടുക്കാനുള്ള പത്രപരസ്യത്തിന്റെ വായനയിലാണ് ഉണ്ണി. മറ്റൊരു രാത്രിയിലും ഉണ്ണി ഇതുപോലെ മീനാക്ഷിയെ കണ്ടുമുട്ടുന്നുണ്ട്. അപ്പോഴും അവളുടെ പ്രലോഭനത്തിന് വ്വഴങ്ങാതെ അയാള്‍ അവിടെനിന്നും രക്ഷപ്പെടുന്നു.

ജാനമ്മയുടെ മകന്‍ (പ്രകാശ്) കുറച്ചുകാലം ഉണ്ണിയുടെ വീട്ടില്‍ വന്നുനില്‍ക്കുന്ന സന്ദര്‍ഭത്തിലും കൗമാരക്കാരനായ അയാള്‍ മീനാക്ഷിയെ ലൈംഗികഭാവത്തോടെ സമീപിക്കുന്നുണ്ട് . എന്നാല്‍ അവളത് അപ്പോള്‍തന്നെ നിരുത്സാഹപ്പെടുത്തുന്നു. എല്ലാവികാരങ്ങളും തന്നില്‍തന്നെ ഒതുക്കിവെക്കുന്ന ഉണ്ണി ലൈംഗികതയോടും അതേമനോഭാവമാണ് പുലര്‍ത്തുന്നത് എന്ന് വിശദീകരിക്കാനാവും മീനാക്ഷി എന്ന കഥാപാത്രത്തിലൂടെ അടൂര്‍ ഉദ്ദേശിച്ചത്. എന്നാല്‍ ലൈംഗികപ്രചോദനത്തിനായി ഒരു കീഴാളസ്ത്രീയെ തിരഞ്ഞെടുത്തു എന്നിടത്താണ് സവര്‍ണ്ണമനോഭാവത്തിന്റെ കാഴ്ചകള്‍ മറനീക്കി പുറത്തുവരുന്നത്. മീനാക്ഷിയുടെ കറുത്ത ഉടലിനെ പരമാവധി പുരുഷകാഴ്ചക്കിണങ്ങുംവിധം പരുവപ്പെടുത്തിയെടുക്കാന്‍ സിനിമ ശ്രദ്ധിക്കുന്നുണ്ട്. മാത്രമല്ല പ്രായത്തില്‍ കൂടിയ ആളാണെങ്കിലും കീഴാളസ്ത്രീയോട് സവര്‍ണ്ണവര്‍ഗ്ഗ കൗമാരത്തിനും ലൈംഗികസമീപനം ആവാം എന്നൊരു കാഴ്ചപ്പാടും ഉണ്ണിയുടെ മരുമകന്റെ പെരുമാറ്റത്തിലൂടെ സിനിമ പറഞ്ഞ് ഉറപ്പിക്കുന്നുണ്ട്.

ഉണ്ണിയുടെകൂടെ കഴിയുന്ന രണ്ട് സഹോദരിമാരും യൗവനയുക്തരാണ്. എന്നാല്‍ അവരിലാരിലും തന്നെ ലൈംഗികവികാരം പ്രതിഫലിക്കുന്നതായി സിനിമ കാണിക്കുന്നില്ല. ക്യാമറയുടെ (മങ്കടരവിവര്‍മ്മ) ആണ്‍നോട്ടത്തിലൂടെ സ്വാഭാവികമെന്നവണ്ണം രാജമ്മയുടെ ഉടല്‍സൗന്ദര്യത്തെ ഒപ്പിയെടുക്കുന്നുണ്ടെങ്കിലും അവരുടെ വിവിധ ജീവിതനിമിഷങ്ങളിലേക്ക് ലൈംഗികവിചാരങ്ങള്‍ കടന്നുവരുന്നില്ല. സവര്‍ണ്ണകുലസ്ത്രീകള്‍ക്ക് ഇത്തരം വികാരങ്ങള്‍ ഇല്ലെന്നും എന്നാല്‍ കീഴാളപെണ്ണുടലുകള്‍ വഴിപിഴച്ച വ്യവഹാരരൂപങ്ങള്‍ ആണെന്നുമാണ് ഇതിലൂടെ സിനിമ വ്യക്തമാക്കുന്നത്.

കീഴാളസ്ത്രീയുടെ ശരീരത്തെ മാത്രമല്ല അവരുടെ ജീവിതപരിസരത്തെയും അവമതിക്കുന്നുണ്ട് എലിപ്പത്തായം. ഉണ്ണിയുടെ പറമ്പില്‍നിന്നും മോഷ്ടിക്കുന്ന മീനാക്ഷിയുടെ മകന്റെ ചിത്രീകരണത്തിലൂടെ കീഴാളജീവിതങ്ങള്‍ വ്യഭിചാരത്തിലും മോഷണത്തിലും മാത്രം ആണ്ടുമുഴുകികഴിയുന്നവരാണ് എന്ന കാഴ്ചപ്പാടാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. കഴുവേറിയുടെ മോനെ എന്ന് ആ സ്ത്രീയുടെ കുട്ടിയെ വിളിക്കുന്ന ഉണ്ണിയുടെ മനോഭാവത്തിലും ഇത് നിഴലിക്കുന്നുണ്ട്. ആര്‍ക്കും തെറി വിളിക്കാവുന്ന ഒന്നായി മാത്രമാണ് കീഴാളത ഇവിടെയും വ്യാഖ്യാനിക്കപ്പെടുന്നത്. ഉണ്ണി വേറൊരാളെയും ഈവിധം അഭിസംബോധന ചെയ്യുന്നുമില്ല

ഫ്യൂഡലിസത്തിനും സവര്‍ണ്ണസംസ്‌കാരത്തിനും എതിര്‍നില്‍ക്കുന്ന ഒന്നാണ് ലോകോത്തരമായ എലിപ്പത്തായം എന്ന് വാഴ്ത്തപ്പെടുമ്പോഴും കീഴാളജീവിതങ്ങള്‍ക്കുമേല്‍ നിലനില്‍ക്കുന്ന മേലാളകാഴ്ചപ്പാടിനെ കുടഞ്ഞുകളയാന്‍ ഈ സിനിമയ്‌ക്കോ വിഖ്യാതസംവിധായകനോ കഴിയുന്നില്ല എന്നിടത്ത് അടൂരിന്റെ എലിപ്പത്തായം, ഒരു കീഴാള വിരുദ്ധ സിനിമയാണെന്നുകൂടി പറയേണ്ടിവരും.

(കോഴിക്കോട് ഇന്‍സൈറ്റ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച ‘മലയാള സിനിമയുടെ കീഴാള വായന’ എന്ന പുസ്തകത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply