കോര്‍പ്പറേറ്റുകളുടെ കമ്പോളസിംഹക്കൂട്ടില്‍ കര്‍ഷകരെ എറിഞ്ഞുകൊടുക്കുമ്പോള്‍

കര്‍ഷക ചൂഷണത്തില്‍ അധിഷ്ഠിതമായ ഇന്നത്തെ സമ്പദ്ഘടന നിലനിര്‍ത്തുവാനുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനമാണ് എം.എസ്.പി. അഥവാ താങ്ങുവില സമ്പ്രദായം. അതിലെ വിലനിര്‍ണയ മാനദണ്ഡങ്ങള്‍ കര്‍ഷകവിരുദ്ധമാണ്. അത്‌ കാര്‍ഷികോല്‍പ്പന്നങ്ങളെ അണ്ടര്‍പ്രൈസ് ചെയ്ത്‌ (വിലയിടിച്ച്‌) വന്‍കിട വ്യവസായ മേഖലയുടെയും സംഘടിത മേഖല മുഴുവന്റെയും പോഷണത്തിനുള്ള ചാലകശക്തിയാക്കി കാര്‍ഷിക മേഖലയെ മാറ്റി. എന്നാല്‍ അത് ഏറ്റവും താഴ്ന്ന ഒരു വില ആണെങ്കിലും കര്‍ഷകര്‍ക്ക്‌ പേരിനെന്തെങ്കിലും ഉറപ്പു വരുത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ വൈറസ് രോഗവ്യാപനം, ലോക് ഡൗണ്‍ എന്നിവയുടെ പ്രത്യാഘാതങ്ങള്‍ നേരിടുവാന്‍ 20 ലക്ഷം കോടി രൂപയുടെ ഒരു പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയുടെ വിശദാംശങ്ങളും നടപടികളും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തുനിന്നും ജനങ്ങള്‍ക്ക് നേരിട്ട് പണമായി നല്‍കുന്ന നടപടികള്‍  ഇല്ലായെന്നാണ് പ്രധാനമായി ഉയര്‍ന്ന ഒരു വിമര്‍ശനം. ആ വിമര്‍ശനം ശരിയാണ്. കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരത്തിന്റെ വിമര്‍ശനം യഥാര്‍ഥ പാക്കേജ് അവകാശപ്പെടുന്നതു
പോലെ അത് 10% വരില്ലെന്നും ജി.ഡി.പി. യുടെ കേവലം ഒരു ശതമാനം മാത്രമാണെന്നുമാണ്. എന്നാല്‍ കാര്യങ്ങള്‍ അവിടെ തീരുന്നില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് 2000 രൂപയുടെ 4 ഗഡുക്കളായി 6000 രൂപ കര്‍ഷകര്‍ക്ക നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച് ഒരു ഗഡു വിതരണം ചെയ്തിരുന്നു. ആ പദ്ധതിയിലെ ഒരു വിഹിതമായ കേവലം രണ്ടായിരം രൂപ മാത്രം നല്‍കുമെന്നതാണ് കര്‍ഷകര്‍ക്കുള്ള ഒരേയൊരു ആനുകൂല്യം. പിച്ചച്ചട്ടിയിലെ ചില്ലിക്കാശ് പോലെയാണത്. അത് പോലും മുഴുവന്‍ കര്‍ഷകര്‍ക്കും ലഭ്യമല്ല.
അതുപോലെ 16,000 കോടി രൂപ ജന്‍ധന്‍ അക്കൗണ്ട് വഴി സ്വയം സഹായ സംഘങ്ങളിലൂടെയും മറ്റും വിതരണം ചെയ്യുമെന്ന് പറയുന്നു.  അത്‌ എട്ടുകോടി ജനങ്ങള്‍ക്ക്  പ്രയോജനമുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

സുരേഷ് തെണ്ഡുല്‍ക്കര്‍ കമ്മറ്റി മാനദണ്ഡപ്രകാരം പ്രകാരം 2011-ല്‍ ഇന്ത്യയില്‍ ഏതാണ്ട് 27 കോടി ജനങ്ങളാണ്‌.  ദാരിദ്ര്യ രേഖയുടെ താഴെ കഴിയുന്നവര്‍. ദാരിദ്ര്യ രേഖയുടെ താഴെ കഴിയുന്നവരെ മുകളിലാക്കാന്‍ സര്‍ക്കാര്‍ പല മാനദണ്ഡങ്ങളും മാറ്റി വരച്ചതിനു ശേഷമാണ ഈ കണക്ക്. നഗരമേഖലയില്‍ പ്രതിമാസം 1000 രൂപയും ഗ്രാമീണ മേഖലയില്‍ 816 രൂപയും വരുമാനം ഇല്ലാത്തവരാണ്‌. കമ്മിറ്റി നിഗമന പ്രകാരം ദരിദ്യരേഖക്ക് താഴെയുള്ളവര്‍. എന്നാല്‍ ഇന്ത്യയില്‍ കുറഞ്ഞത് നാല്പതു കോടി ജനങ്ങളെങ്കിലും ദാരിദ്ര്യത്തില്‍ കഴിയുന്നവരാണ്. ലോകത്തെ ഏറ്റവും വലിയ ദരിദ്രരായ ജനക്കൂട്ടം നമ്മുടെ രാജ്യത്താണ്. അതില്‍ കേവലം 8 കോടി ജനങ്ങള്‍ക്ക് 2000 രൂപവെച്ച് വിതരണം ചെയ്യുമെന്ന്‌ പറയുന്ന മോദി എത്രയോ നിഷ്ഠൂരനായ ഭരണാധികാരിയാണ്. എന്നാല്‍ തൊണ്ണൂറായിരം കോടി രൂപ വൈദ്യുതി വിതരണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ പണമായി നല്‍കും. ആ തുക വിതരണ കമ്പനികള്‍ വാങ്ങി ഊര്‍ജ ഉല്പാദന കമ്പനികള്‍ക്ക് അവ വരുത്തിയ കുടിശിക തുകകള്‍ നല്‍കുന്നതിനാണ്‌. നരേന്ദ്ര മോദിയുടെ പ്രധാന കോര്‍പറേറ്റ്‌ സഹകാരിയായ ഗൗതം അദാനി ഉള്‍പ്പടെയുള്ള ഊര്‍ജ്ജോല്പാദന കമ്പനികള്‍ക്കാണ് സര്‍ക്കാര്‍ പണം നല്‍കുന്നത്. ക്രെഡിറ്റ് റേറ്റിംഗ് കുറഞ്ഞ സ്ഥാപനങ്ങള്‍ക്ക് നാല്പത്തയ്യായിരം കോടി രൂപ നല്‍കും. കോര്‍പ്പറേറ്റുകള്‍ക്ക് നേരിട്ട് പണമായി നല്കുന്നതു തന്നെ എത്രയോ അധികമാണെന്ന്‌ കാണാവുന്നതാണ്. 13,000 കോടി രൂപ കന്നുകാലികളുടെ 100% വാക്‌സിനേഷന് ചെലവഴിക്കുമെന്ന്‌പറയുന്നതും കോര്‍പ്പറേറ്റ് പദ്ധതി താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ്‌.  മറ്റുള്ളവയെല്ലാം കണക്കിലെ കളികള്‍ മാത്രമാണ്‌.

കര്‍ഷകര്‍ക്ക് വായ്പ നല്‍കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. കര്‍ഷകര്‍ക്ക് വായ്പ വര്‍ദ്ധിപ്പിച്ച് കൊടുത്ത് കടക്കെണിയില്‍ പെട്ട് അവരെ ഊരാക്കുടുക്കില്‍ ആക്കാമെന്നല്ലാതെ മറ്റൊരു പ്രയോജനവും അതുകൊണ്ട് ഇല്ല. ഒന്നാം യു.പി.എ. സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതിന് തൊട്ടുമുമ്പുള്ള വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് വ്യാപകമായ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാവുകയും കര്‍ഷകരുടെ പാപ്പരീകരണം രാജ്യത്തെ ഒരു സുപ്രധാന വിഷയം ആവുകയും ചെയ്തതിന്റെയും പശ്ചാത്തലത്തിലാണ്‌. കര്‍ഷകരുടെ വായ്പകള്‍  എഴുതിത്തള്ളി കര്‍ഷകര്‍ക്ക് കടാശ്വാസം നല്കണമെന്നൊരു ചിന്ത രാജ്യത്ത് ഒട്ടാകെയുണ്ടായി. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകളുണ്ടായ ആന്ധ്രാപ്രദേശിലും ഭരണം പിടിക്കാനിരുന്ന കോണ്‍ഗ്രസ് കടാശ്വാസം വന്‍ പ്രചാരണ ആയുധമാക്കിയിരുന്നു. അത് 2004-ല്‍ ഒന്നാം യു.പി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കടം എഴുതി തള്ളേണ്ട ഒരു സാഹചര്യമുണ്ടായി. അതിനുമുമ്പ്, രാജീവ്‌ ഗാന്ധിയുടെ കാലത്ത്, കോണ്‍ഗ്രസ് നയങ്ങളിലൂടെ കര്‍ഷകര്‍ക്കുണ്ടായ വ്യാപകമായ പാപ്പരീകരണം വായ്പ എഴുതി തള്ളണമെന്ന ഒരു ദേശിയ അജണ്ടയിലേക്ക്‌ അന്ന് രാജ്യത്തെ കൊണ്ടുവന്നു. 1989ല്‍ തുടര്‍ന്ന് അധികാരത്തില്‍ വന്ന ജനതാദള്‍ സര്‍ക്കാര്‍ രാജ്യത്ത് ഒട്ടാകെ കര്‍ഷകരുടെ ഒരു ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി. അതിന് യഥാര്‍ത്ഥ കാരണം കര്‍ഷക പ്രേമി ദേവിലാലിന്റെയും പഴയ ലോക്ദള്‍ ധാരയുടെയും സ്വാധീനമാണ്. രൂപയുടെ മൂല്യം കണക്കിലെടുത്തു പറഞ്ഞാല്‍ 1899 ലെ ജനതാ ദള്‍ സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷിക വായ്പകള്‍ എഴുതി തള്ളിയ അളവ് 2004ലെ ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായില്ല. എന്നാല്‍ കടം എഴുതി തള്ളിയ ശേഷവും മന്‍മോഹന്‍ സര്‍ക്കാര്‍ ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങളിലൂടെ കര്‍ഷകരെ പാപ്പരാക്കുകയാണ് ചെയ്തത്.

മാറിമാറി അധികാരത്തില്‍ വന്നവരെല്ലാം ഈ നയങ്ങള്‍ തുടര്‍ന്നതിനാല്‍ അന്ത്യമില്ലാത്ത കര്‍ഷക ആത്മഹത്യകളാണ് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കര്‍ഷകരുടെ യഥാര്‍ഥ പ്രശനങ്ങള്‍ പരിഹരിക്കാതെ കര്‍ഷകര്‍ നല്‍കുന്ന വായ്പയുടെ അളവ് വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ് കര്‍ഷക വിരുദ്ധരായ ഭരണാധികാരികള്‍ ചെയ്യുന്നത്‌. യു.പി.എ. സര്‍ക്കാരിന്റെ അവസാനം കര്‍ഷകര്‍ക്കുള്ള വായ്പകള്‍ ഒരു ലക്ഷം കോടി രൂപയായി ധനമന്ത്രി ചിദംബരം വര്‍ദ്ധിപ്പിച്ച ് കര്‍ഷകര്‍ക്ക് എന്തോ വലിയ കാര്യം ചെയ്തതായി അവകാശപ്പെട്ടിരുന്നു. അതുപോലെ ബി.ജെ.പി.യുടെ ധനമന്ത്രി പരേതനായ അരുണ്‍ ജയ്റ്റ്‌ലിയും അതെവിധത്തില്‍ കര്‍ഷകര്‍ക്കുള്ള വായ്പ രണ്ടു ലക്ഷം കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. പിന്നീട്‌ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കര്‍ഷകര്‍ക്കുള്ള വായ്പ പത്ത് ലക്ഷം കോടി രൂപയായി 2018-2019 ബജറ്റില്‍ ഉയര്‍ത്തി. മാറിമാറി വരുന്നവരൊന്നും കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പുവരുത്താതെ പലിശയും കൂട്ടുപലിശയുമായി കര്‍ഷകരെ കടക്കെണിയിലാക്കുക മാത്രമാണ് ചെയ്യുന്നത്. വായ്പകള്‍ എഴുതി തള്ളിയാലും കര്‍ഷക സമൂഹത്തിന്റെ കട ബാധ്യതകളില്‍ ചെറിയൊരു ശതമാനം വരുന്ന പൊതുമേഖല, ഷെഡ്യൂള്‍ഡ്‌, സഹകരണ ബാങ്കുകളുടേത് മാത്രമാണ് എഴുതി തള്ളുന്നത്. സ്വകാര്യപണമിടപാടുകളും കര്‍ഷികേതരമായ വായ്പകളുമാണ് ഏറെയും. കടാശ്വാസം പ്രധാനമാണെങ്കിലും അതോടൊപ്പം പലിശരഹിത വായ്പകളും  ഉല്പനങ്ങള്‍ക്കുള്ള ന്യായവിലയുമാണ്‌ നല്‍കേണ്ടത്. കടക്കെണിയിലകപ്പെട്ട കര്‍ഷകര്‍ക്ക് ശാശ്വതമായ മോചനം നല്‍കുവാന്‍ അതാണ് വേണ്ടത്. ഭരണകര്‍ത്താക്കളൊന്നും അതു ചെയ്യാന്‍ സന്നദ്ധരാകുന്നില്ല. ബാങ്കുകളുടെ ഓഹരികള്‍ കോര്‍പ്പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്ക് വായ്പ ഉയര്‍ത്തുന്നത് സര്‍ക്കാരിനും കോര്‍പ്പറേറ്റ്‌ ശക്തികള്‍ക്കും ഒരുമിച്ച്‌ പലിശക്കൊള്ള നടത്തുന്നതിനും കര്‍ഷകരുടെ കടക്കെണി ഒരിക്കലും പരിഹരിക്കാതെ വര്‍ദ്ധിപ്പിക്കുന്നതിനും ഉപകരിക്കും എന്ന ഉദ്ദേശ്യമാണ് കാര്‍ഷിക വായ്പ ഉയര്‍ത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.

കൊറോണ വൈറസ്‌ രോഗത്തിന്റെ പകര്‍ച്ചവ്യാധിയെ മറയാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ച നയപരിപാടികളും നടപടികളുമാണ് കൂടുതല്‍ ഗൗരവമായി കാണേണ്ടത്‌. രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 72% വരെയാക്കി വര്‍ദ്ധിപ്പിച്ചു. കല്‍ക്കരി ഖനികളെല്ലാം കോര്‍പ്പറേറ്റുകളെ ഏല്പിക്കും. മറ്റു ഖനികളും അവര്‍ക്കായി തുറന്നു കൊടുക്കും. 1955ലെ അവശ്യ സാധന നിയമം ഭേദഗതി ചെയ്യുക, കരാര്‍ കൃഷിക്ക് പുതിയ നിയമം കൊണ്ടുവരിക തുടങ്ങിയ രാജ്യത്തിന്റെ സര്‍വ്വ മേഖലകളിലും കൂടുതലായി കോര്‍പ്പറേറ്റുകള്‍ക്ക് വിഹരിക്കാനുള്ള നയങ്ങളാണ് പാക്കേജിന്റെ സാരാംശം. അനവധിയായ അവശ്യ വസ്തുക്കള്‍/
ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ പരിധിയില്ലാതെ കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിട ഇടനില കച്ചവടക്കാര്‍ക്കും പൂഴ്ത്തിവെക്കാനും  കരിഞ്ചന്ത കച്ചവടം നടത്തുവാനും സഹായമൊരുക്കുന്ന നടപടികളും കോര്‍പ്പറേറ്റുകള്‍ക്ക്‌ പ്രകൃതി വിഭവങ്ങള്‍ തീറെഴുതുവാനും രാജ്യത്തിന്റെ സമ്പത്ത് കവര്‍ന്നെടുക്കുവാനും സഹായിക്കുന്ന നടപടികളും രാജ്യ രക്ഷയുടെ സുപ്രധാനമായ മേഖലയില്‍ കോര്‍പ്പറേറ്റുകളുടെ ഇടപെടല്‍ വിപുലീകരിക്കുവാനുമാണ് മോദി സര്‍ക്കാര്‍ ഈ സന്ദര്‍ഭം ഉപയോഗിക്കുന്നത്. കാര്‍ഷിക മേഖല ഇപ്പോള്‍തന്നെ ആഗോളവല്‍ക്കരണ നയങ്ങളില്‍ സമ്പൂര്‍ണമായി പാപ്പരീകരിക്കപ്പെടുകയും കോര്‍പ്പറേറ്റുകളുടെ കരാര്‍ കൃഷി വ്യാപിച്ചു കൊണ്ടിരിക്കുകയും വിദേശങ്ങളില്‍ ലക്ഷകണക്കിന് ഏക്കര്‍ കോര്‍പ്പറേറ്റുകള്‍ കൃഷി ചെയ്ത് കാര്‍ഷികോല്പന്നങ്ങള്‍ രാജ്യത്തിനകത്തേക്ക് തള്ളുകയും ചെയ്യുന്ന ഒരു സ്ഥിതി വിശേഷത്തെ ഇനിയും കടുപ്പമുള്ളതാക്കും.

മോദി സര്‍ക്കാര്‍ മൂന്ന് ഓര്‍ഡിനന്‍സുകളാണ് കാര്‍ഷികമേഖല ബന്ധപ്പെട്ട് ഇറക്കിയത്. ദി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്റ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്റ് ഫസിലിറ്റേഷന്‍) ഓര്‍ഡിനന്‍സ് 2020, ദി ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ഫാം സര്‍വ്വീസസ് ഓര്‍ഡിനന്‍സ് 2020, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ്‌ (അമന്‍മെന്റ്) ഓര്‍ഡിനന്‍സ് 2020 എന്നിവയാണ് അവ. മോദി സര്‍ക്കാരിന്റെ
കര്‍ഷക്കെതിരെയുള്ള ശരിക്കുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആണ് സര്‍ക്കാരിന്റെ ആ ഓര്‍ഡിനന്‍സുകള്‍. അപ്രതീക്ഷിതമായി ശത്രുവിന്റെ താവളത്തില്‍ കയറിയുള്ള ഒരു ആക്രമണമാണല്ലോ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌. . മഹാമാരി രാജ്യമൊട്ടാകെ പടര്‍ന്ന് പിടിച്ച് സമ്പദ്ഘടന മരവിച്ച് മന്ദീഭവിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിടുപണി ചെയതു കൊണ്ട് കര്‍ഷക വിഭാഗത്തിന്റെ സമ്പൂര്‍ണമായ ഉന്മൂലനം അതിവേഗത്തിലാക്കുന്ന ഓര്‍ഡിന്‍സുകള്‍ ആണ് ഇറക്കുകയെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുകയില്ല. അപ്രതീക്ഷിതമായി മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ ഇരുട്ടടി മാത്രമാണിത്. എന്നാല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ പഞ്ചാബില്‍ പെപ്‌സി കമ്പനിക്ക് ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങുവാന്‍ കൃഷിഭൂമി നല്‍കിയതും തുടര്‍ന്ന് വന്ന ജനതാദളിന്റെ വി.പി.സിംഗ് സര്‍ക്കാര്‍ ഭക്ഷ്യ സംസ്‌കരണ വകുപ്പ് മന്ത്രി ശരദ് യാദവിന്റെ നേതൃത്വത്തില്‍ അതിന് ഒത്താശ ചെയ്തു കൊടുത്തതും സി.പി.ഐ.എം, സി.പി.ഐ., ആര്‍.എസ്.പി., ഫോര്‍വേഡ് ബ്ലോക്ക് കക്ഷികളുടെ ഇടതുമുന്നണി സര്‍ക്കാര്‍ പടിഞ്ഞാറന്‍ ബംഗാളില്‍ പെപ്‌സി കമ്പനിക്ക് ഉരുളക്കിഴങ്ങ് കൃഷിക്ക് അന്‍പതിനായിരം ഏക്കര്‍ നല്‍കിയതും കരാര്‍ കൃഷിയുടെ മുന്നോടിയാണ്‌. യു.പി..എ. യുടെ ഡോ.മന്‍മോഹന്‍ സിംഗ് സര്‍ക്കാരിലെ ധനകാര്യ മന്ത്രി പി. ചിദംബരം അവതരിപ്പിച്ച ബജറ്റുകളില്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ച കരാര്‍ കൃഷി പ്രത്യേക നിയമനിര്‍മ്മാണത്തിന്റെ പിന്‍ബലമില്ലാതെ വളരെ സാവധാനം പച്ചപിടിക്കുകയായിരുന്നു. മോദി സര്‍ക്കാരിന്റെ നിയമനിര്‍മാണത്തിലൂടെ കോര്‍പ്പറേറ്റുകളുടെ കരാര്‍ കൃഷി വ്യാപകമായി ആരംഭിക്കാം.

കര്‍ഷക ചൂഷണത്തില്‍ അധിഷ്ഠിതമായ ഇന്നത്തെ സമ്പദ്ഘടന നിലനിര്‍ത്തുവാനുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനമാണ് എം.എസ്.പി. അഥവാ താങ്ങുവില സമ്പ്രദായം. അതിലെ വിലനിര്‍ണയ മാനദണ്ഡങ്ങള്‍ കര്‍ഷകവിരുദ്ധമാണ്. അത്‌ കാര്‍ഷികോല്‍പ്പന്നങ്ങളെ അണ്ടര്‍പ്രൈസ് ചെയ്ത്‌ (വിലയിടിച്ച്‌) വന്‍കിട വ്യവസായ മേഖലയുടെയും സംഘടിത മേഖല മുഴുവന്റെയും പോഷണത്തിനുള്ള ചാലകശക്തിയാക്കി കാര്‍ഷിക മേഖലയെ മാറ്റി. എന്നാല്‍ അത് ഏറ്റവും താഴ്ന്ന ഒരു വില ആണെങ്കിലും കര്‍ഷകര്‍ക്ക്‌ പേരിനെന്തെങ്കിലും ഉറപ്പു വരുത്തിയിരുന്നു. പുതിയ ഓര്‍ഡിനന്‍സിലൂടെ രാക്ഷസീയ ശക്തികളായ കോര്‍പ്പറേറ്റുകള്‍ വാഴ്ച നടത്തുന്ന കമ്പോളത്തിന് സിംഹക്കൂട്ടില്‍ എറിഞ്ഞവരെപ്പോലെ കര്‍ഷകരെ വിട്ടുകൊടുത്തിരിക്കുകയാണ്. ഇന്ത്യ ഒട്ടാകെ ഒരു കമ്പോളമാക്കുന്ന ഓണ്‍ലൈന്‍ വ്യാപാരം കോര്‍പ്പറേറ്റുകള്‍ക്ക് വിഹരിക്കുന്നതിനുള്ള ഒരു പദ്ധതിയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാവുക. കര്‍ഷകരുടെ നിര്‍മ്മൂലനം അതിവേഗത്തില്‍ നേടിയെടുക്കുന്നതിന് സഹായിക്കുന്ന ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് അല്ലാതെ മറ്റൊന്നുമല്ല മോദി സര്‍ക്കാരിന്റെ നടപടി. വിലയിടിവും കര്‍ഷക ആത്മഹത്യകളും വേട്ടയാടിയ കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത്‌ നരേന്ദ്ര മോദി വാഗ ്ദാനം ചെയ്ത ഒന്നര മടങ്ങ് വിലയെങ്കിലും നല്‍കണമെന്ന മുറവിളി ഉണ്ടായിട്ടും താങ്ങുവില ആ നക്കാപ്പിച്ച വര്‍ദ്ധനവ് പോലും നല്‍കാതിരുന്നതിന്റെ കാരണം ഇപ്പോഴെങ്കിലും അതിന്റെ പിന്നാലെ പോയവര്‍ മനസിലാക്കണം.

സംഘടിത മേഖലയുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ നിമിത്തമുള്ള വിലയിടിവില്‍ ശ്വാസം മുട്ടുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന സാമ്പത്തിക സഹായമില്ല. പട്ടിണിപ്പാവങ്ങളായ അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കര്‍ഷകോല്പന്നങ്ങള്‍ക്ക്‌ ന്യായവില ഉറപ്പുവരുത്തുന്ന നയസമീപനങ്ങളും നിയമനിര്‍മ്മാണങ്ങളും മോദി സര്‍ക്കാരിന്റെ പായ്‌ക്കേജില്‍ ഇല്ല. ലോക  വ്യാപാര സംഘടനയുടെ വ്യവസ്ഥകളനുസരിച്ച് ഇറക്കുമതിയില്‍ നടുവൊടിയുന്ന കര്‍ഷകര്‍ക്ക് അനുകൂലമായി നയം മാറ്റമില്ല. കടക്കെണിയില്‍പെട്ട് വഴിമുട്ടി ആത്മഹത്യയില്‍ ശരണം പ്രാപിക്കുന്ന കര്‍ഷകര്‍ക്ക് കടാശ്വാസം ഇല്ല. ഗ്രാമീണ മേഖലയില്‍ നിന്നും തൊഴിലിന് വേണ്ടി വന്‍നഗരങ്ങളിലേക്ക ് പലായനം ചെയ്യേണ്ടി വരുന്ന ഗ്രാമീണര്‍ക്ക് ഗ്രാമങ്ങളില്‍ തൊഴില്‍ നല്‍കുന്ന നയസമീപനങ്ങള്‍ ഒന്നുമില്ല. വിനാശ വികസനത്തിനും ചെലവേറിയ ഭരണ നിര്‍വഹണത്തിനുമായി കടം വാങ്ങിയതിന്റെ നികുതി ഭാരത്താല്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന വിധം കടബാദ്ധ്യതകള്‍ ഇല്ലാത്ത വികേന്ദ്രീകരണ വികസനം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറുമല്ല. വന്‍കിട വികസന പദ്ധതികളാലും ഖനന പദ്ധതികളാലും വ്യാപകമായി കര്‍ഷകരെയും ഗ്രാമീണരെയും ആദിവാസികളെയും കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കുവാന്‍ നടപടികള്‍ ഇല്ല.

എന്നാല്‍ കര്‍ഷകരുടെയും ഗ്രാമീണരുടെയും ആദിവാസികളുടെയും ദുരിതങ്ങള്‍ക്ക് കാരണക്കാരായ കോര്‍പ്പറേറ്റുകള്‍ക്ക് അത് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട നയങ്ങളും നിയമനിര്‍മ്മാണങ്ങളും നടത്തുന്നതാണ് മോദി സര്‍ക്കാരിന്റെ പാക്കേജ്. പട്ടിണിപ്പാവങ്ങള്‍ക്കല്ല ചൂഷകരായ കോര്‍പ്പറേറ്റ്‌ ശക്തികള്‍ക്ക് ധനസഹായം നല്‍കുവാനാണ് ആ പാക്കേജില്‍ തുനിയുന്നത്‌.  കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കുവാനുള്ള ഒത്താശ നടത്തുകയും അതിന്റെ പ്രത്യാഘാതത്തില്‍ തകര്‍ന്നടിഞ്ഞതും രോഗാതുരവുമായ സമ്പദ്ഘടനയില്‍ മരണാസന്നരായ കര്‍ഷകര്‍, നെയ്ത്തുകാര്‍, മത്സ്യത്തൊഴിലാളികള്‍, കൈവേല ചെയ്യുന്നവര്‍, പാവങ്ങള്‍, താഴ്ന്ന വരുമാനക്കാര്‍ തുടങ്ങിയവര്‍ക്ക്‌ തലക്കടി നല്‍കുന്നതുമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പാക്കേജ്. മോദി ഭരണത്തില്‍ രക്തമൂറ്റി കുടിക്കുന്നവര്‍ക്ക്‌ സമാനമായി ദീനീകള്‍ക്ക്‌ തലക്കടിയേല്‍ക്കുന്ന സ്ഥിതവിശേഷത്തിലാണ് നാം. തട്ടുതട്ടായും തിരശ്ചീനമായും ഇന്ത്യയുടെ ജാതിവിഭജനവും കടുത്ത ലിംഗവിവേചനവും ഉള്‍ച്ചേരുന്ന സാമൂഹിക അസമത്വം നിലനില്‍ക്കുവോളം എന്തെല്ലാം നടപടികള്‍ സാമ്പത്തിക രംഗത്ത് കൈക്കൊണ്ടാലും ഒരു നല്ല ഇന്ത്യ രൂപം കൊള്ളില്ല എന്ന സംഗതിയും ഓര്‍മ്മിക്കണം.

(ലേഖകന്‍ കോട്ടയം ബാറിലെ അഭിഭാഷകനാണ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply