കാസര്‍ഗോഡിനോടുള്ള അവഗണനക്ക് അറുതി വേണം

കാസര്‍ഗോഡിന്റെ പിന്നോക്കാവസ്ഥ ഇനിയെങ്കിലും നമ്മള്‍ അഭിമുഖീകരിച്ചേ പറ്റൂ. ഏതുമേഖലയെടുത്താലും അതാണ് അവസ്ഥ. റെയില്‍വേയുടെ അവഗണന ഏറെ ചര്‍ച്ച ചെയ്തതാണ്. വികസനത്തിന്റെ എല്ലാ മേഖലകളും തങ്ങളെ അവഗണിക്കുകയാണെന്ന് കാസര്‍ഗോഡുകാര്‍ പറയാന്‍ തുടങ്ങി കാലമേറെയായി. അതുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും അവിടെ നടക്കാറുണ്ട്. എന്നാല്‍ മീഡിയയും അവയെ അവഗണിക്കുന്നതിനാല്‍ ആ വാര്‍ത്തകളും പുറത്തുള്ള കേരളം അറിയാറില്ല.

കര്‍ണ്ണാടക അതിര്‍ത്തി അടച്ചതിനാല്‍ ചികിത്സ ലഭിക്കാതെ കാസര്‍ഗോഡ് ജില്ലയിലെ ആറു പേര്‍ മരണപ്പെട്ട വാര്‍ത്ത ഖേദകരം മാത്രമല്ല, നാമിനിയെങ്കിലും അഭിമുഖീകരിക്കേണ്ട ചില യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചികിത്സക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അതിര്‍ത്തിയില്‍ ആംബുലന്‍സുകള്‍ പോലും കര്‍ണ്ണാടക അധികൃതര്‍ തടഞ്ഞത്. എത്ര അപേക്ഷിച്ചിട്ടും, ഒരു വഴിക്കും പോകാന്‍ സാധ്യമായില്ല. തുടര്‍ന്ന് സ്വാഭാവികമായും അതിര്‍ത്തികളില്ലാത്ത മരണം കടന്നു വരുകയായിരുന്നു. കാസര്‍ഗോട്ടെ കോവിഡ് ബാധിതര്‍ പെരുകുന്നതാണ് കര്‍ണ്ണാടകത്തിന്റെ തീരുമാനത്തിനു കാണം. കേരള മുഖ്യമന്ത്രിയും കേന്ദ്രവും ഹൈക്കോടതിയും മംഗലാപുരത്തെ ഡോക്ടര്‍മാരും അപേക്ഷിച്ചിട്ടും കര്‍ണ്ണാടകം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

ഇത്തരമൊരു സമയത്താണെങ്കില്‍ കൂടി തികച്ചും മനുഷ്യത്വരഹിതമായ നടപടിയാണ് കര്‍ണ്ണാടകത്തില്‍ നിന്നുണ്ടായതെന്നതില്‍ സംശയമില്ല. അവശ്യവസ്തുക്കളുടെ സഞ്ചാരത്തിന് അതിര്‍ത്തികള്‍ തടസ്സമാകരുതെന്ന് പ്രധാനമന്ത്രിപോലും നിഷ്‌കര്‍ഷിച്ചിട്ടും ആംബുലന്‍സ് പോലും തടയുന്നത് ക്രൂരമായ നടപടിയാണ്. അതിനെ രൂക്ഷമായി വിമര്‍ശിക്കുമ്പോഴും മറ്റു ചില വിഷയങ്ങള്‍ കാണാതിരുന്നുകൂട. ഇപ്പോഴല്ലെങ്കില്‍ അവ ചര്‍ച്ച ചെയ്യപ്പെടുകയില്ല. അതു മറ്റൊന്നുമല്ല, കേരളത്തെ കേന്ദ്രം അവഗണിക്കുന്ന വിഷയം നിരന്തരം ചര്‍ച്ച ചെയ്യുന്നവരാണ് നാം. എന്നാല്‍ അതുപോലെതന്നെയാണ് കേരളം കാസര്‍ഗോഡിനെ അവഗണിക്കുന്നതും. അങ്ങനെയാണ് സംസ്ഥാനത്തെ ഏറ്റവും പിന്നോക്ക ജില്ലയായി കാസര്‍ഗോഡ് മാറുന്നത്. പ്രത്യേകിച്ച് ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും. എന്‍ഡോസള്‍ഫാന്റേയും കോറോണയുടേയും മറ്റും പേരില്‍ മാത്രമാണ് കാസര്‍ഗോഡ് വാര്‍ത്തകളില്‍ വരുക. ചികിത്സയും വിദ്യാഭ്യാസവുമടക്കം എന്തിനും ഏതിനും മംഗലാപുരത്തെ ആശ്രയിക്കേണ്ട അവസ്ഥ. എന്‍ഡോസള്‍ഫാനുശേഷം പോലും ഒരു മെഡിക്കല്‍ കോളേജ് ഇവിടെയില്ല. കാസര്‍ഗോഡ് സ്വദേശിയായ 15 ദിവസം പ്രായമായ കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് ആംബുലന്‍സ് തിരുവനന്തപുരത്തേക്കു പുറപ്പെട്ടതും ഇടക്ക് സര്‍ക്കാര്‍ ഇടപെട്ട് ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എറണാകുളം അമൃതയിലേക്ക് കൊണ്ടുപോയതുമൊക്കെ വലിയ വാര്‍ത്തയായിരുന്നല്ലോ. പക്ഷെ ആഘോഷത്തിനിടയില്‍ ഒരു ഹൃദയ ശസ്ത്രക്രിയക്കായി കേരളത്തിന്റെ വടക്കെ അറ്റത്തുനിന്നും തെക്കെ അറ്റംവരെ പോകേണ്ട അവസ്ഥയും അതിനായി ഒരു എയര്‍ ആംബുലന്‍സ് പോലുമില്ലാത്തതും നമ്മളാരും അഭിമുഖീകരിച്ചില്ല.

കാസര്‍ഗോഡിന്റെ പിന്നോക്കാവസ്ഥ ഇനിയെങ്കിലും നമ്മള്‍ അഭിമുഖീകരിച്ചേ പറ്റൂ. ഏതുമേഖലയെടുത്താലും അതാണ് അവസ്ഥ. റെയില്‍വേയുടെ അവഗണന ഏറെ ചര്‍ച്ച ചെയ്തതാണ്. വികസനത്തിന്റെ എല്ലാ മേഖലകളും തങ്ങളെ അവഗണിക്കുകയാണെന്ന് കാസര്‍ഗോഡുകാര്‍ പറയാന്‍ തുടങ്ങി കാലമേറെയായി. അതുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും അവിടെ നടക്കാറുണ്ട്. എന്നാല്‍ മീഡിയയും അവയെ അവഗണിക്കുന്നതിനാല്‍ ആ വാര്‍ത്തകളും പുറത്തുള്ള കേരളം അറിയാറില്ല. എന്‍ഡോ സള്‍ഫാന്‍ ഇരകള്‍ക്കുപോലും ദശകങ്ങളായിട്ടും നീതി കിട്ടിയില്ല. അവഗണനയോടൊപ്പം പരിഹാസവും നേരിടുന്ന സമൂഹമാണ് തങ്ങളുടേതെന്ന് ഇവിടത്തുകാര്‍ പറയുന്നു. ഇവിടത്തെ ഉദ്യോഗസ്ഥരില്‍ വലിയൊരു വിഭാഗം പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ആയി വന്നവരാണ്. അവരില്‍ നിന്ന് എന്തു നീതിയാണ് ഒരു സമൂഹത്തിനു ലഭിക്കുക? ഒരറ്റത്തു കിടക്കുന്നു എന്നതുകൊണ്ട് കുറ്റവാളികളായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള കാരണമാകുന്നതിന്റെ അര്‍ത്ഥവും ഇവര്‍ക്കു മനസ്സിലാകുന്നില്ല.

വിദ്യാഭ്യാസമേഖലയിലെ കാസര്‍ഗോഡിന്റെ പിന്നോക്കാവസ്ഥ മനസിലാക്കണെമെങ്കില്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസില്‍ പോയി നോക്കിയാല്‍ മതി. ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും തെക്കന്‍ ജില്ലക്കാരായിരിക്കും. ഇവരില്‍ ബഹുഭൂരിപക്ഷത്തിനും ഇവിടെ ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ല. തരം കിട്ടിയാല്‍ ട്രാന്‍സ്ഫര്‍ വാങ്ങി സ്ഥലം വിടുക മാത്രമാണ് അവരുടെ ലക്ഷ്യം. തിങ്കളാഴ്ചയും ശനിയാഴ്ചയുമൊന്നും മിക്കവാറും പേര്‍ ഓഫീസിലുണ്ടാവില്ല. മാത്രമല്ല സംസാരിക്കുന്ന ഭാഷയുടെ പേരില്‍ കാസര്‍ഗോടുകാര്‍ പലപ്പോഴും ഉദ്യോഗസ്ഥരാല്‍ അപമാനിക്കപ്പെടുന്നു. മലയാളം പറയുന്നതിന്റെ ശൈലി മാത്രമല്ല പ്രശ്നം. ജില്ലയുടെ വടക്കു ഭാഗത്തുള്ളവരില്‍ വലിയൊരു ഭാഗം കന്നഡ സംസാരിക്കുന്നവരാണ്. സര്‍ക്കാര്‍ ആഫീസുകളില്‍ പോകുമ്പോള്‍ തങ്ങളുടെ ആവശ്യങ്ങള്‍ സാധിക്കാന്‍ വലിയ പാടാണെന്നു അവര്‍ പറയുന്നു. അവരെയൊന്നും തുല്ല്യതയോടെ കാണാന്‍ പോലും നമുക്കാവുന്നില്ല എന്നതാണ് വാസ്തവം. ഭാഷാ ന്യൂന പക്ഷ ജില്ലയായി പ്രഖ്യാപിച്ചിട്ടുപോലും ഇതാണവസ്ഥ.

കാര്‍ഷിക, വാണിജ്യ, വിനോദ സഞ്ചാര കേന്ദ്രമായി വളരാനുള്ള വിഭവങ്ങളുടെ സുലഭത ഉണ്ടായിട്ടും, അധികൃതരുടെ നിസ്സംഗതയില്‍ കാര്യമായൊന്നും സംഭവിക്കുന്നില്ല. മറ്റ് ജില്ലകളിലൊന്നും കണ്ടുവരാത്ത തരത്തില്‍ കോട്ടകളാല്‍ സമ്പന്നമായ ജില്ലയാണ് കാസര്‍ഗോഡ്. ഇക്കേരി നായ്ക്കന്‍മാര്‍ പണി കഴിപ്പിച്ച ബേക്കല്‍ കോട്ടയാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ മുന്‍ പന്തിയിലെന്നിരിക്കിലും, ചന്ദ്രഗിരികോട്ട, ആരിക്കാടി കോട്ട, ഹൊസ്ദുര്‍ഗ്ഗ് കോട്ട, പൊവ്വല്‍ കോട്ട തുടങ്ങി വേറേയും കോട്ടകളുണ്ട്. എന്നാല്‍ ശ്രദ്ധ വേണ്ടത്ര ലഭിക്കാതെ കോട്ടമതിലിടിഞ്ഞും, കാടുമൂടിയും നശിക്കുകയാണിവ. മലബാറിന്റെ ഊട്ടിയെന്ന് വിശേഷിപ്പിക്കാവുന്ന റാണിപുരം വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ഇനിയും വളര്‍ന്നിട്ടില്ല. ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന മാടക്കാലും, ഇടയിലക്കാടും ടൂറിസം രംഗത്ത് ജില്ലയുടെ മറ്റൊരു സാധ്യതയാണ്. രാജ്യത്തെ ഏറ്റവും നിളം കൂടിയ തൂക്കുപാലമായിരുന്ന മാടക്കാല്‍ തൂക്കുപാലം ഉദ്ഘാടനം കഴിഞ്ഞതിന്റെ അന്‍പത്തിയെട്ടാം നാള്‍ പൊളിഞ്ഞു വീണ ചരിത്രം പോലുമുണ്ട്. ഉത്തര കാസറഗോഡിന്റെ പ്രകൃതി രമണീയമായ മറ്റൊരു പ്രദേശമാണ് പൊസടി ഗുംപെ മലനിരകള്‍, അച്ചാം തുരുത്തി, നെല്ലിക്കുന്ന് ബീച്ച് തുടങ്ങിയവ. അവയും വികസിക്കുന്നില്ല.

ഗ്രാമങ്ങളില്‍ നല്ലൊരു ശതമാനവും കാര്‍ഷിക ഗ്രാമങ്ങളാണ്. പരമ്പരാഗതമായ രീതിയില്‍ നെല്ല്, തെങ്ങ്, കവുങ്ങ്, റബ്ബര്‍, കാപ്പി, കുരുമുളക്, കന്നുകാലി വളര്‍ത്തല്‍ തുടങ്ങി വിവിധ കൃഷികളില്‍ നല്ലൊരു ശതമാനം ആളുകളുണ്ടായിരുന്നിട്ടും ഈ വിഭവങ്ങളെ ഫലവത്തായ രീതിയില്‍ ഇപയോഗിക്കാന്‍ ഇന്നും ജില്ലയ്ക്കായിട്ടില്ല. ഈ മേഖലയിലും സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവമാണ് ഇവര്‍ ചൂണ്ടികാട്ടുന്നത്. മംഗലാപുരം നഗരമാണ് വാസ്തവത്തില്‍ ഇവരുടെ ജീവിതത്തെ നിയന്ത്രിക്കുന്നതെന്നു പറയാം. ആ സാധ്യതയാണ് ഇപ്പോള്‍ നഷ്ടപ്പെടുന്നത്.

പലരും പലപ്പോഴായി ഉന്നയിച്ചിട്ടുള്ള ഒരു വിഷയം ഇപ്പോഴെങ്കിലും പരിഗണിക്കേണ്ടതാണ്. നീണ്ടകിടക്കുന്ന കേരളത്തിന്റെ ഒരറ്റത്താണല്ലോ തലസ്ഥാനം നിലനില്‍ക്കുന്നത്. ഇന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അസമത്വത്തിന് ഇതും കാരണമാണ്. വടക്കെ അറ്റത്തുള്ള കാസര്‍ഗോഡ് സ്വാഭാവികമായും ഏറ്റവും അവഗണിക്കപ്പെടും. ഈ അവസ്ഥ മാറണം. തലസ്ഥാനം മാറ്റുക എളുപ്പമല്ല. എന്നാല്‍ ചുരുങ്ങിയപക്ഷം എറണാകുളത്തും കോഴിക്കോടും എകസ്‌ടെന്‍ഷന്‍ സെന്ററുകള്‍ ഉണ്ടാക്കണം. സമീപജില്ലകളിലെ ജനങ്ങളുടേയും ഭരണകൂടസംവിധാനങ്ങളുടേയും ആവശ്യങ്ങള്‍ ഈ മേഖലാ സംവിധാനങ്ങളില്‍ നിര്‍വ്വഹിക്കാനാകണം. തെലുങ്കാന രൂപീകരണത്തിനുശേഷം ആന്ധ്രപ്രദേശ് സംസ്ഥാനം ഇത്തരത്തില്‍ മുന്നു തലസ്ഥാനങ്ങളാണ് നിര്‍മ്മിക്കുന്നതെന്ന വാര്‍ത്ത കണ്ടിരുന്നു. കേരളത്തില്‍ തന്നെ കോര്‍പ്പറേഷനുകള്‍ക്ക് മേഖലാ ഓഫീസുകള്‍ ഉണ്ടല്ലോ. അത്തരമൊരു സംവിധാനത്ിന്റഎ രൂപീകരണത്തിനും ഈ സാഹചര്യം പ്രചോദനമാകുകയാണ് വേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply