വിദ്യാഭ്യാസം ജന്മാവകാശം

‘ആദിശക്തി സമ്മര്‍ സ്‌കൂളിന്റേയും ഗോത്രമഹാസഭയുടേയും നേതൃത്വത്തില്‍ വയനാട് നടക്കുന്ന അനശ്ചിതകാല സമരത്തി്‌ന്റെ ഭാഗമായി മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തിന്റെ പൂര്‍ണ്ണരൂപം. ആദിവാസി ദലിത് വിദ്യാര്‍ത്ഥികളോടുളള വംശീയവും ജാതീയവുമായ വിവേചനം അവസാനിപ്പിക്കുക – വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുക – നീതിക്കായുളള അഭ്യര്‍ത്ഥന:

സര്‍,

കേരളത്തിലെ ആദിവാസി – ദലിത് വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണ മെന്നാവശ്യപ്പെട്ടുകൊണ്ട് 2020, സെപ്തംബര്‍ 28 മുതല്‍ വിദ്യാര്‍ത്ഥികള്‍ ഒരു പ്രക്ഷോഭത്തിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടുകാണുമല്ലോ. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും, നാളിതുവരെ പരിഹാരമുണ്ടായിട്ടില്ല. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖലവരെ നേരിടുന്ന നിരവധി പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. ഈ വിഷയങ്ങളില്‍ ഇടപ്പെടണമെന്നും, പ്രശ്‌നപരിഹാരത്തിന് സാധ്യമായതെല്ലാം ചെയ്യണമെന്നും അഭ്യര്‍ത്ഥി ക്കുന്നു. വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിന് നല്‍കിയ കത്തുകളുടെ സംഗ്രഹം ചുവടെ ചേര്‍ക്കുന്നു.

1
ആദിവാസി- ദലിത് വിദ്യാര്‍ത്ഥികളോടുളള വംശീയവും ജാതീയവുമായ വിവേചനം അവസാനിപ്പിച്ച് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി വയനാട്ടിലും അട്ടപ്പാടിയിലും പിന്നോക്കമേഖലകളിലും പ്രത്യേക ഹയര്‍സെക്കന്ററി ബാച്ചുകള്‍ ആരംഭി ക്കുക.

പട്ടികവര്‍ഗ്ഗവിഭാഗം കുട്ടികള്‍ക്ക് സെക്കന്ററി/ഹയര്‍സെക്കന്ററി മേഖലയില്‍ 8% സീറ്റുകള്‍ സംസ്ഥാനതലത്തില്‍ വകയിരുത്തുന്നുണ്ട്. ഏകദേശം 20000 ത്തോളം സീറ്റുകളാണ് ഈ വര്‍ഷവും മുന്‍വര്‍ഷങ്ങളിലും ST വിഭാഗത്തിനുവേണ്ടി മാറ്റിവെക്കാറുളളത്. എന്നാല്‍ എസ്.എസ്.എല്‍.സി വിജയിച്ച് ഉന്നതപഠനത്തിന് അര്‍ഹരാകുന്ന ST വിദ്യാര്‍ത്ഥികള്‍ സമീപ വര്‍ഷങ്ങളില്‍ 6000-7000 കുട്ടികള്‍ മാത്രമാണ്. സാമൂഹിക പിന്നോക്കാവസ്ഥ തരണം ചെയ്ത് വിജയിച്ചുവരുന്നവരില്‍ 1/3 ഭാഗം വയനാട്ടിലാണ്. വയനാട്ടിലെ ജനസംഖ്യയില്‍ 17% വരുന്ന ആദിവാസി വിഭാഗങ്ങളില്‍ നിന്ന് ഈ വര്‍ഷം 2442 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 2009 കുട്ടികള്‍ ജയിച്ചിട്ടുണ്ട്. എന്നാല്‍ വയനാട് ജില്ലയില്‍ ഇവര്‍ക്കുവേണ്ടി മാറ്റി വച്ച സീറ്റുകള്‍ 529 എണ്ണം മാത്രമാണ്. ആദിവാസി വിഭാഗം കുട്ടികള്‍ ഏറെയും താല്‍പര്യപ്പെടുന്നത് ഹ്യുമാനിറ്റീസ് സീറ്റുകളാണ്. ഈ വര്‍ഷം ഹ്യുമാനീറ്റീസ് വിഭാഗത്തില്‍ 158 സീറ്റു മാത്രമാണുളളത്. കോമേഴ്‌സിന് 159 സീറ്റും, സയന്‍സിന് 212 സീറ്റും നല്‍കിയിട്ടുണ്ട്. ആദിവാസി വിദ്യാര്‍ത്ഥികള്‍ വിരളമായി മാത്രമെ സയന്‍സ് വിഭാഗത്തില്‍ അഡ്മിഷന്‍ എടുക്കാറുളളു. മെറിറ്റില്‍ അഡ്മിഷന്‍ കിട്ടുന്നവരും കുറവാണ്. പരിമിതമായ സീറ്റിനുവേണ്ടി മല്‍സരിക്കേണ്ടി വരുന്നതിനാല്‍ നൂറുകണക്കിന് കുട്ടികള്‍ ഓരോവര്‍ഷവും വിദ്യാഭ്യാസ മേഖലയില്‍നിന്നും പുറത്തു പോകുകയും, കൂലിപണിക്ക് പോകാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു.

ബോഡ് ഓഫ് എക്‌സാമിനേഷന്‍ വഴി എസ്.എസ്.എല്‍.സി. പാസ്സാകുന്നതു കൂടാതെ, നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ വഴി പാസ്സാകുന്നവര്‍ വേറെയുണ്ട്. വയനാട് ജില്ലയില്‍ ഐ.റ്റി.ഐ പോലുളള സ്ഥാപനങ്ങള്‍ കുറവായതുകൊണ്ടും, പട്ടികവര്‍ഗ്ഗ വകുപ്പ് ഐ.റ്റി.ഐ/ ഐ.റ്റി.സി-കള്‍ നടത്താതുകൊണ്ടും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുളള അവസരങ്ങള്‍ നിക്ഷേധിക്കപ്പെടുന്നു.

വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികളുടെ സീറ്റു നിഷേധപ്രശ്‌നം വര്‍ഷങ്ങളായി ചര്‍ച്ചചെയ്യുന്നതാണ്. പ്രതിവര്‍ഷം 20,000- ത്തോളം സീറ്റുകള്‍ ആദിവാസിവിഭാഗത്തിന് വേണ്ടി മാറ്റിവെക്കുന്നുണ്ടെങ്കിലും 6000-7000 കുട്ടികള്‍ക്ക് പഠനസൗകര്യം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. 20000 സീറ്റുകള്‍ മാറ്റിവെക്കാറുണ്ടെങ്കിലും മുഖ്യ അലോട്ടുമെന്റ് കഴിഞ്ഞാലുടന്‍ സംസ്ഥാനതലത്തില്‍ എസ്.റ്റി. വിഭാഗത്തിന് മാറ്റി വെക്കുന്ന സീറ്റുകളില്‍ മൃഗീയ ഭൂരിപക്ഷവും പൊതുവിഭാഗം കുട്ടികള്‍ക്ക് സീറ്റ് ഉറപ്പിക്കുന്നതിനായി വകമാറ്റുകയാണ് പതിവ്. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷം 16,000-ത്തോളം സീറ്റുകള്‍ നിയമവിരുദ്ധമായി മാറ്റിയിട്ടുണ്ട്. ഹയര്‍സെക്കന്ററി ഡയറക്ടേറ്റ് ഇത് ഹൈകോടതിയില്‍ സമ്മതിച്ചതാണ്. ഉത്തരമേഖലയിലെ കുട്ടികള്‍ക്കായി ബാച്ചുകളും സീറ്റുകളും വര്‍ദ്ധിപ്പിക്കുന്നത് ഇങ്ങിനെ വകമാറ്റുന്ന സീറ്റുകള്‍ കൂടി ഉപയോഗപ്പെടുത്തിയാണ്. ഇക്കാരണത്താല്‍ വയനാട്/അട്ടപ്പാടി മേഖലകളിലെ ആദിവാസികുട്ടികള്‍ ഇതര ജില്ലകളില്‍ സീറ്റു നേടാന്‍ സപ്ലിമെന്ററി അലോട്ടുമെന്റില്‍ ശ്രമിച്ചാല്‍ അവിടെയും സീറ്റുണ്ടാകില്ല.

നിരവധി വര്‍ഷങ്ങളായി ഈ അനീതി നിലനില്‍ക്കുമ്പോള്‍ സീറ്റ് നിഷേധിക്കപ്പെടുന്ന കുട്ടികള്‍ക്കുവേണ്ടി സ്‌പോട്ട് അലോട്ട്‌മെന്റ് എന്ന അശാസ്ത്രീയമായ പദ്ധതിയാണ് ആദിവാസികുട്ടികള്‍ക്ക് വേണ്ടി നടത്തി വരുന്നത്. മറ്റ് കുട്ടികള്‍ക്ക് വേണ്ടിയുളള പ്രവേശന നടപടികളെല്ലാം കഴിഞ്ഞതിന് ശേഷം എവിടെയെങ്കിലും ഒഴിവ് വരുന്ന സീറ്റിലേയ്ക്ക് നടത്തുന്ന അലോട്ടുമെന്റാണ് സ്‌പോട്ട് അലോട്ടുമെന്റ്. ആയിരത്തിലേറെ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്‌പോട്ട് അലോട്ടുമെന്റ് മേളയില്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കൂടാതെ സ്വകാര്യപാരലല്‍ കോളേജ് അധികൃതരെയും പങ്കെടുപ്പിക്കും. പൊതുവിഭാഗത്തിനുവേണ്ടി സീറ്റു വര്‍ദ്ധന കൂടി നടന്നു കഴിയുമ്പോള്‍ ഓരോ ക്ലാസ്സ്‌റൂമിലും 60-65 കുട്ടികളുണ്ടാകും. പ്രിന്‍സിപ്പല്‍മാരെ നിര്‍ബന്ധിച്ച് നാലും അഞ്ചും കുട്ടികളെ ചില സ്‌കൂളില്‍ അടിച്ചേല്‍പ്പിക്കും. കുറെ കുട്ടികളെ പാരലല്‍ കോളേജ്കാര്‍ക്കും കൈമാറും. പഴയകാല അടിമക്കച്ചവടത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നതാണ്. അധ്യയനവര്‍ഷം കഴിഞ്ഞ് 2 മാസത്തോളം പിന്നിട്ടതിനു ശേഷം 66-മത്തെ കുട്ടിയായാണ് സ്‌പോട്ട് അലോട്ടുമെന്റില്‍ അഡ്മിഷന്‍ നേടുന്ന ഓരോ ആദിവാസി കുട്ടികളും വിദൂര സ്‌കൂളിലെത്തുന്നത്. അവഗണനയും വിവേചനവും നിലനില്‍ക്കുന്നതിനാല്‍ സ്‌പോട്ട് അലോട്ടുമെന്റില്‍ വരുന്ന കുട്ടികളിലേറെയും വിട്ടുപോകുന്നു.

പാരലല്‍കോളേജുകളിലെ നിലവാരമില്ലായ്മകൊണ്ടും ഫീസ് കൃത്യസമയത്ത് നല്‍കാത്തുകൊണ്ടും അവിടെയും പഠനം നിര്‍ത്തിപോകുന്നവരാണ് ഏറെയും. കുട്ടികളുടെ താല്‍പര്യം കണക്കിലെടുക്കാതെ സയന്‍സ്/വി.എച്ച്.എസ്.സി. കോഴ്‌സുകളില്‍ ചേര്‍ക്കുന്നവരും കൊഴിഞ്ഞുപോകുന്നു.

പ്രൈമറി ക്ലാസ്സുമുതല്‍ സെക്കന്ററി തലം വരെയുളള കാലഘട്ടത്തില്‍ 90-95% ആദിവാസികുട്ടികള്‍ കൊഴിഞ്ഞുപോകുന്നതായാണ് സര്‍ക്കാര്‍ സ്ഥിതി വിവരകണക്ക്. ‘ഡ്രോപ്പ് ഔട്ട് സിന്‍ഡ്രോം’ എന്നാണ് പട്ടികവര്‍ഗ്ഗവകുപ്പ് ഇതിനെ വിശേഷിപ്പിക്കാറുളളത്. സാമൂഹിക പിന്നോക്കാവസ്ഥകൊണ്ട് മാത്രമല്ല കുട്ടികള്‍ പഠനം നിറുത്തുന്നത്. പഠിക്കാന്‍ മുന്നോട്ടുവരുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ ഇഞ്ചി പാടങ്ങളിലേയ്ക്ക് പോകാന്‍ നിര്‍ബന്ധിതമാക്കുന്ന ഒരു രീതിയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടര്‍ന്നു വരുന്നത്. 20,000 -ത്തോളം സീറ്റുകള്‍ ഇവര്‍ക്കായി മാറ്റി വെയ്ക്കുമ്പോഴും 6000-7000 കുട്ടികള്‍ക്ക് സീറ്റുനല്‍കാനുളള സംവിധാന മൊരുക്കാത്ത സര്‍ക്കാര്‍ നയം വിവേചനമാണ്. മറ്റുളളവര്‍ക്ക് അധിക സീറ്റും ബാച്ചും നല്‍കി പഠനസൗകര്യം ഉറപ്പാക്കുമ്പോള്‍ സ്വന്തമായി സ്ഥാപനവും ഭൂമിയും ആസ്തിയും ഇല്ലാത്ത ആദിവാസി-ദലിത് വിഭാഗങ്ങള്‍ക്ക് മാത്രം അവശേഷിക്കുന്ന സീറ്റുകളില്‍ മാത്രം അഡ്മിഷന്‍ എന്നത് വംശീയ വിവേചനമാണ്. ആദിവാസി കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരകണക്കിന് സീറ്റുകള്‍ പ്രതിവര്‍ഷം കച്ചവടം ചെയ്യുന്നത് മറച്ചുവെക്കാനാണ് വിദ്യാഭ്യാസ മേഖലയില്‍ തുടരാന്‍ പാടില്ലാത്ത അശാസ്ത്രീയമായ ഒരു രീതിയായ സ്‌പോട്ട് അലോട്ടുമെന്റ് വയനാട്ടില്‍ നടക്കുന്നത്.

വയനാട്ടിലെ നിലവിലുളള ബാച്ചുകള്‍ സീറ്റുവര്‍ദ്ധിപ്പിച്ചതുകൊണ്ട്മാത്രം പ്രശ്‌നപരിഹാരമാകില്ല. SC/ST വിഭാഗങ്ങള്‍ക്കുവേണ്ടി എസ്.സി. വിഭാഗത്തിന്റെ സീറ്റുകള്‍ നല്‍കിയാലും ശാശ്വതപരിഹാരമാകില്ല. ഈ വര്‍ഷം എസ്.സി. വിഭാഗത്തിന്റെ 400-ഓളം സീറ്റുകള്‍ വയനാട്ടില്‍ ST വിഭാഗത്തിന് നല്‍കിയിട്ടുണ്ട്. ഇത് നിയമവിരുദ്ധമാണ്. എസ്.സി. വിഭാഗത്തിന് സംസ്ഥാന തലത്തില്‍ 10,000-ത്തിലേറെ സീറ്റുകള്‍ കുറവാണ്.

പരിഹാരമെന്ത്?

1) നിലവിലുളള സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളകളില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥി കള്‍ക്കുമാത്രമായി അധികബാച്ചുകള്‍ ഉണ്ടാക്കണം.

2) നിലവില്‍ പട്ടികവര്‍ഗ്ഗ വകുപ്പ് നടത്തുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ (എം.ആര്‍.എസ്.) സ്‌കൂളിന്റെ റസിഡന്‍ഷ്യല്‍ സ്വഭാവം നിലനിര്‍ത്തികൊണ്ട് ഡേ സ്‌കോളേഴ്‌സിനു വേണ്ടി പ്രത്യേക ബാച്ച് തുടങ്ങണം. ‘ആശ്രമ’ സ്‌കൂള്‍പോലുളളവ അപ്‌ഗ്രേഡ് ചെയ്യണം.

3) എസ്.സി./എസ്.റ്റി. സീറ്റുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടുമെന്ന് ഉറപ്പാക്കാന്‍ പ്രോസ്‌പെക്റ്റസില്‍ (ഹയര്‍ സെക്കന്‍ഡറി) വ്യക്തത വരുത്തുകയും വ്യക്തമായ ഷെഡ്യൂള്‍ കൊണ്ടുവരികയും ചെയ്യുക; നിയമവിരുദ്ധമായ വകമാറ്റല്‍ നിര്‍ത്തലാക്കുക.

4) എസ്.എസ്.എല്‍.സി പാസ്സാകുന്നവരെ ഉള്‍കൊളളാന്‍ ഐറ്റി.ഐ/ഐ.റ്റി.സി. തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കുക.

2

ബിരുദ-ബിരുദാനന്തര കോഴ്‌സുകളില്‍ SC/ST സംവരണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുക. എല്ലാതരം ഫീസുകളും SC/ST വിഭാഗത്തിന് ഒഴിവാക്കണം.

UG/PG അഡ്മിഷന്‍ നടപടിയില്‍ വിവിധ യൂണിവേഴ്‌സിറ്റികളിലും സ്വയംഭരണ കോളേജുകളിലും സംവരണം പാലിക്കാന്‍ പ്രോസ്‌പെക്റ്റസില്‍ വ്യക്തമായ വ്യവസ്ഥകളില്ല. യൂണിവേഴ്‌സിറ്റി നടത്തുന്ന കേന്ദ്രീകൃത അലോട്ടുമെന്റ് നടപടിക്കുവേണ്ടി (SC/ST അഡ്മിഷന് വേണ്ടി) ഒരു പ്രത്യേക ഷെഡ്യൂള്‍ ഉണ്ടാകേണ്ടതുണ്ട്. ഗാന്ധിയൂണി വേഴ്‌സിറ്റി ഒഴികെയുളള യൂണിവേഴ്‌സിറ്റികള്‍ മുഖ്യ അലോട്ടുമെന്റും സപ്ലിമെന്ററി അലോട്ടുമെന്റും കഴിഞ്ഞാലുടന്‍ SC/ST സ്‌പോട്ട് അലോട്ടുമെന്റ് നടത്തി അഡ്മിഷന്‍ ക്ലോസ് ചെയ്യുന്നതായാണ് കാണുന്നത്. സ്‌പോട്ട് അലോട്ടുമെന്റ്കള്‍ നടക്കുന്നത് മതിയായ സമയം നല്‍കിയിട്ടുമല്ല. ഓണ്‍ലൈന്‍ സൗകര്യമില്ലാത്തതുകൊണ്ടും, SC/ST പ്രവേശന നടപടിക്ക് ആവശ്യമായ സമയം അനുവദിക്കാത്തതുകൊണ്ടും നിലവിലുളള സീറ്റുകളില്‍ ചെറിയ ശതമാനം മാത്രമെ പ്രവേശനം പൂര്‍ത്തീകരിക്കാറുളളു. ഗാന്ധിയൂണി വേഴ്‌സിറ്റിയില്‍ SC/ST വിഭാഗക്കാര്‍ക്ക് സ്‌പെഷ്യല്‍ അലോട്ടുമെന്റ് നടത്താറുണ്ടെങ്കിലും പ്രവേശന നടപടി സമയം കുറവായതുകൊണ്ട് ഗ്രാമീണ മേഖലകളില്‍ നിന്നും വനമേഖലകളില്‍ നിന്നും കുട്ടികള്‍ക്ക് സമയത്തിന് എത്താന്‍ കഴിയാറില്ല. സ്വയംഭരണ കോളേജുകളാകട്ടെ കൃത്യമായ വ്യവസ്ഥകള്‍ പ്രൊസ്‌പെക്ടസില്‍ വ്യക്തമാക്കിയിട്ടില്ല എന്നതുകുടാതെ, സീറ്റുകളുടെ എണ്ണം വെളിപ്പെടുത്താറില്ല. വ്യത്യസ്തസമയങ്ങളിലാണ് സ്വയം ഭരണ കേളേജുകളില്‍ അഡ്മിഷന്‍ നടക്കുന്നതെന്നതും ഗൗരവമുളള പ്രശ്‌നമാണ്. SC/ST വിഭാഗങ്ങള്‍ക്ക് വേണ്ടി നീക്കിവെക്കുന്ന സീറ്റുകള്‍ വകമാറ്റിവരുന്നു. എയ്ഡഡ്/സ്വയംഭരണകോളേജുകള്‍ 50,000 രൂപ വരെ മുന്‍കൂര്‍ ഫീസായി നല്‍കണം എന്ന് നിര്‍ബന്ധിക്കുന്നുണ്ട്. വ്യത്യസ്ഥ കോഴ്‌സുകള്‍ക്ക് ഒരേസമയം അപേക്ഷിക്കേണ്ടി വരുന്നതിനാല്‍ അപേക്ഷ ഫീസിന് വേണ്ടി മാത്രം SC/ST കുട്ടികള്‍ക്ക് ഭീമമായ തുക വേണ്ടി വരുന്നു. അപേക്ഷ സമര്‍പ്പിക്കുന്നത് പോലും പ്രയാസമായിവരുന്നു.

പരിഹാരം:-

a. യൂണിവേഴ്‌സിറ്റികളും , സ്വയംഭരണ കോളേജുകളും SC/ST വിഭാഗത്തിനുളള അഡ്മിഷന് ആവശ്യത്തിന് സമയം നല്‍കികൊണ്ടുളള ഒരു ഷെഡ്യൂള്‍ ഉണ്ടാക്കാനും ടഇ/ടഠ സീറ്റുകള്‍ ആ വിഭാഗത്തിന് തന്നെ കിട്ടി എന്ന് ഉറപ്പുവരു ത്താനുളള നിര്‍ദ്ദേശം നലകികൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണം.

b. SC/ST വിദ്യാര്‍ത്ഥികളെ സംബന്ധിച്ചുളള വിഷയങ്ങളില്‍ യൂണിവേഴ്‌സിറ്റികളും സ്വയംഭരണ കോളേജുകളുമായി ഒരു ലയ്‌സണ്‍ നിലനിര്‍ത്താന്‍ SC/ST ഡിപ്പാര്‍ട്ട് മെന്റുകള്‍ ഓരോ സ്‌പെഷ്യല്‍ ഓഫിസറെ നിയമിക്കണം. യൂണിവേഴ്‌സിറ്റി നടപടികള്‍ വകുപ്പുകള്‍ അറിയാതിരിക്കുകയോ വൈകിമാത്രം അറിയുകയോ ചെയ്യുന്നത് ഒഴിവാക്കാനും അഡ്മിഷന്‍/ഫീസ് സംബന്ധമായ കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ താല്‍പര്യംസംരക്ഷിക്കാനും ഇത് ആവശ്യമാണ്.

c. എല്ലാതരം അപേക്ഷാ ഫീസുകളും SC/ST വിഭാഗത്തിന് സൗജന്യമാക്കാനും എയ്ഡഡ്/ സ്വയംഭരണ കേളേജുകള്‍ വാങ്ങുന്ന ഫീസ് സര്‍ക്കാര്‍ തിരിച്ചു കൊടുക്കുന്ന തരത്തിലാക്കാനും, വിദ്യാര്‍ത്ഥികളില്‍ നിന്ന് മുന്‍കൂര്‍ ഫീസ് വാങ്ങുന്നത് നിര്‍ത്തലാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണം.

3
ആദിവാസി -ദലിത്- മല്‍സ്യതൊഴലാളി അധിവാസ മേഖലകളില്‍ ലോക്കല്‍ ലെവല്‍ ലേണിംഗ് സെന്ററുകള്‍ തുടങ്ങുക- മെന്റര്‍ ടീച്ചര്‍മാരെ പൊതു വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കി നിയമിക്കുക.

a) ഡിജിറ്റല്‍ സൗകര്യമില്ലാത്തതിനാല്‍ വയനാട്/ അട്ടപ്പാടി/ കാസര്‍ഗോഡ്/ ഇടുക്കി/കണ്ണൂര്‍/പത്തനംതിട്ട/തിരുവനന്തപുരം തുടങ്ങിയ എല്ലാ ജില്ലകളിലെയും ആദിവാസി ഊരുകളിലെയും പിന്നോക്കമേഖലയിലെയും കുട്ടികള്‍ പഠനത്തിന് പുറത്താകുന്നു. KITE -ന്റെ വിദ്യാഭ്യാസ പരിപാടി പിന്‍തുടരുന്ന കുട്ടികള്‍ അപൂര്‍വ്വമാണ്. ഡിജിറ്റല്‍ സൗകര്യകുറവും ഇതിനു പിന്‍തുണ നല്‍കുന്ന ടീച്ചര്‍മാരുടെ കുറവും ഇതിന് കാരണമാണ്. നിലവിലുളള മെന്റര്‍ ടീച്ചര്‍മാര്‍ക്ക് ഉത്തരവാദിത്തം നല്‍കി ഊര്തല/വാര്‍ഡ്തല ലേണിംഗ് സെന്ററുകള്‍ പ്രൈമറി/സെക്കന്ററി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം. മെന്റര്‍ ടീച്ചര്‍മാര്‍ സ്‌കൂളുമായാണ് ബന്ധിപ്പച്ചിരിക്കുന്നത്. ഇതോടൊപ്പം ഊര് തലത്തിലെ ലേണിംഗ് സെന്ററുകളില്‍ മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുകയും പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യണം. ചെറിയ ക്ലാസ്സുകളില്‍ ഗോത്രഭാഷകള്‍ പഠനമാധ്യമമാക്കുന്ന ഒരു മള്‍ട്ടിലിംഗ്വല്‍കരിക്കുലം തയ്യാറാക്കണം.

ശാസ്ത്ര വിഷയത്തിലുളള കുട്ടികളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുകയും, പരമ്പരാഗത നാട്ടറിവുകളെയും സാങ്കേതിക വിദ്യയെയും പരിപോഷിപ്പിക്കാനുളള പദ്ധതി മള്‍ട്ടി ലിംഗ്വല്‍ കരികുലത്തിന്റെ ഭാഗമായി തയ്യാറാക്കുകയും വേണം.

b. നിലവില്‍ മെന്റര്‍ ടീച്ചര്‍മാര്‍ക്ക് അലവന്‍സ് നല്‍കുന്നത് പട്ടിക വര്‍ഗ്ഗ വകുപ്പാണ്. മെന്റര്‍ ടീച്ചര്‍മാരെ ഫുള്‍ടൈം ടീച്ചര്‍മാരായി നിയമിക്കുകയും ഇവര്‍ക്കുളള ശമ്പളം വിദ്യാഭ്യാസ വകുപ്പ് നല്‍കുകയും ചെയ്യണം. ഇപ്പോള്‍ വയനാട്/അട്ടപ്പാടി/നിലമ്പൂര്‍ മേഖലയില്‍ നടക്കുന്ന സംവിധാനം സംസ്ഥാനതലത്തിലേയ്ക്ക് വ്യാപിപ്പിക്കണം. പ്രൈമറി/യു.പി. കൂടാതെ ഹൈസ്‌കൂള്‍/പ്ലസ്ടു മേഖലകളിലേക്കും മെന്ററിംഗ് വിപൂലീകരിക്കുകയും ടി.ടി.സി ക്കാരെ കൂടാതെ ബി.എഡ്കാരെയും ഇതിനായി നിയമിക്കണം. ആവശ്യത്തിന് യോഗ്യതയില്ലാത്തവരുളള മേഖലകളില്‍ മറ്റ് വിദ്യാഭ്യാസ യോഗ്യതയുളളവരെ താല്കാലികമായി നിയോഗിക്കണം.

c. ദേശീയ വിദ്യാഭ്യാസനയത്തില്‍ 3 വയസ്സു മുതല്‍ ഗുണനിലവാരമുളള വിദ്യാഭ്യാസം വേണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. LKG/UKG പഠന രീതി പിന്‍തുടരാത്തവരാണ് കേരളത്തിലെ ആദിവാസി – ദലിത് കോളനികളിലെ കുട്ടികള്‍. ആയതിനാല്‍ പുതിയ വിദ്യാഭ്യാസ നയം കൂടി കണക്കിലെടുമ്പോള്‍ ലോക്കല്‍ ലെവല്‍ ലേണിംഗ് സെന്ററുകള്‍ അനിവാര്യമാകും.

റ) എയ്ഡഡ് മേഖലയില്‍ SC/ST പ്രാതിനിധ്യമില്ല എന്നത് ഒരു വസ്തുതയാണല്ലോ. മെന്റര്‍ ടീച്ചര്‍ നിയമനത്തിലൂടെ SC/ST വിഭാഗത്തിലെ ഒരു വിഭാഗം അഭ്യസ്ഥവിദ്യരെയെങ്കിലും ഈ മേഖലയില്‍ ഉള്‍കൊളളാന്‍ കഴിയും. നിലവിലുളള മെന്റര്‍ ടീച്ചര്‍മാരെ സ്ഥിരപ്പെടുതുകയും ആദിവാസി – ദലിത് മേഖലയില്‍ നിയമിക്കപെടേണ്ട മെന്റര്‍ ടീച്ചര്‍മാര്‍ എസ്/എസ്ടി വിഭാഗത്തില്‍ പ്പെട്ടവരായിരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ച് പ്രത്യേക നിയമനം നടത്താന്‍ നിര്‍ദ്ദേശിക്കേണ്ടതാണ്. സര്‍ക്കാര്‍ പ്രഖ്വാപിച്ചിരിക്കുന്ന 50000 തൊഴില്‍ നല്‍കല്‍ പദ്ധതിയുടെ ഭാഗായി ഇത് കൂടി പരിഗണിക്കാവുന്നതാണ്.

4

ഡിജിറ്റല്‍ പഠനസൗകര്യം ഒരു വിഭാഗം കുട്ടികള്‍ക്ക് ഇല്ലെന്ന് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്ലസ്ടു/ഡിഗ്രി/പി.ജി. കോഴ്‌സുകള്‍ക്ക് പഠിക്കന്ന മുഴുവന്‍ കുട്ടികള്‍ക്കും ലാപടോപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കണം. ഇന്റര്‍നെറ്റ് ഡാറ്റാ ഉപയോഗിക്കുന്നതിനും വനമേഖലയില്‍ താമസിക്കുന്ന വിഭ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് കേബിള്‍ സംവിധാനമുള്‍പ്പെടെയുളള സംവിധാനം ഒരുക്കുകയും വേണം. നിലവില്‍ പഞ്ചായത്തുകള്‍ വഴിയോ മറ്റ് കോര്‍പ്പറേറ്റ് റസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി കിട്ടുന്ന സൗകര്യങ്ങളോ വഴിയാണ് ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതെന്ന പൊതുധാരണയാണ് നിലനില്‍ക്കുന്നത്. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഉറപ്പാക്കുകയും ടഇ/ടഠ വകുപ്പിന്റെ പിന്‍തുണകൂടി ഉപോഗിക്കുകയും വേണം.

5
പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകള്‍ ഇല്ലാത്തുകൊണ്ട് ഉന്നതപഠന മഖല കളിലേയ്ക്ക് കടക്കാന്‍ കഴിയാത്ത നിരവധി വിദ്യാര്‍ത്ഥികളുണ്ട്. പട്ടിക വര്‍ഗ്ഗ വകുപ്പ് നേരിട്ട് നടത്തുന്ന ഹോസ്റ്റലുകള്‍ 3 എണ്ണം മാത്രമെ കേരളത്തിലുളളു. വയനാട്ടില്‍ ഒന്നുപോലുമില്ല.

വയനാട്ടിലെ എല്ലാ ടൗണ്‍ഷിപ്പുകളിലും പ്ലസ്ടു/ഡിഗ്രി/പി.ജി. /ഐറ്റി.ഐ തുടങ്ങിയ കോഴ്‌സുകള്‍ക്കും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്കും പഠിക്കുന്നവര്‍ക്കായി ഹോസ്റ്റലുകള്‍ നിര്‍മ്മിക്കണം. മുളളന്‍കൊല്ലി യിലുളള പണിതീരാത്ത ഹോസ്റ്റലിന്റെ പണിപൂര്‍ത്തികരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് പോസ്റ്റ് മെട്രിക്‌ഹോസ്റ്റലുകള്‍ നിര്‍മ്മിക്കാനുളള നിര്‍ദ്ദേശം നല്‍കണം. മറ്റ് ചില ജില്ലകളില്‍ ജില്ലാപഞ്ചായത്ത് ഹോസ്റ്റല്‍ നിര്‍മ്മിച്ചിട്ടുണ്ട്. നിലവിലുളള ഹോസ്റ്റലുകള്‍ മറ്റുളളവര്‍ക്ക് കൈമാറുന്നത് അവസാനിപ്പിക്കണം (ഉദ: മൂന്നാര്‍) കൊച്ചിപോലുളള നഗരങ്ങളില്‍ ഉടനടി ഹോസ്റ്റല്‍ സൗകര്യമൊരുക്കുകയും പണിപൂര്‍ത്തീകരിച്ച ഹോസ്റ്റലുകള്‍ നടത്തിപ്പിനായി കൈമാറികയും ചെയ്യണം.

6
ഏകജാലകം വഴി സ്വന്തം ജില്ലവിട്ട് പഠനത്തിനായി പുറത്തേക്ക് പോകുന്ന ഡിഗ്രി പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് 5000 – മുതല്‍ 10000 വരെ ധനസഹായം നല്‍കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി പോകുമ്പോള്‍ തന്നെ ധനസഹായം നല്‍കാനുളള നടപടിയുണ്ടാകണം. നിരവധി നിവേദനങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുംശേഷം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ 2000 -രൂപ വളരെ വൈകിയാണ് ലഭിച്ചത്.

7
കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും പട്ടിക വര്‍ഗ്ഗ വകുപ്പില്‍ നിന്നും യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ല. നിരവധി വിദ്യാര്‍ത്ഥികള്‍ ഉന്നതപഠപത്തിന്റെ ഭാഗമായി പരീക്ഷ/ ഇന്റര്‍വ്യൂ എന്നിവയ്ക്ക് ഇതര ജില്ലകളില്‍ പോകുന്നുണ്ട്. ഇത്തരം കേസുകളില്‍ ആവശ്യമായ ധനസഹായവും വാഹനസൗകര്യവും നല്‍കി വിദ്യാര്‍ത്ഥികള്‍ക്കുളള സേവനത്തിനായി വോളന്റിയര്‍മാരെ പട്ടികവകുപ്പ് ചുമതലപ്പെടുത്തണം.

8
.ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ആദിവാസി – ദലിത് വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ പ്രവര്‍ത്തിച്ചുവരുന്ന ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ നിലവിലുണ്ട്. അത്തരം സംരംഭങ്ങള്‍ക്ക് ആവശ്യമായ പിന്‍തുണ ട്രൈബല്‍ വകുപ്പ് ഉറപ്പാക്കണം.

9
‘SAY’ പരീക്ഷ എഴുതുന്ന എല്ലാ SC/ST വിദ്യാര്‍ത്ഥികള്‍ക്കും എല്ലാ കോഴ്‌സുകള്‍ക്കും ഫീസ് സൗജന്യം ഉറപ്പു വരുത്തേണ്ടതാണ്.

10
SC/ST വിഭാഗങ്ങളില്‍ അതിപിന്നോക്കം നില്‍ക്കുന്ന most backward communities) വിഭാഗങ്ങളുണ്ട്. SC വിഭാഗത്തില്‍ വേടന്‍, നായാടി, ചക്‌ളിയ, അരുന്ധതിയാര്‍, കല്ലാടി എന്നീ വിഭാഗങ്ങളെ സര്‍ക്കാര്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആദിവാസി വിഭാഗത്തില്‍ ജഢഠഏ കൂടാതെ പണിയ, അടിയ വിഭാഗങ്ങളുണ്ട്. ഇത്തരം വിഭാഗങ്ങള്‍ക്ക് പ്രത്യേക പദ്ധതികളുണ്ടാകണം.

11
SSLC തോറ്റവര്‍ക്ക് പരീക്ഷ എഴുതുന്നതിനുളള റസിഡന്‍ഷ്യല്‍ പരിശീലന കേന്ദ്രം വയനാട് ജില്ലയില്‍ 30 കുട്ടികള്‍ക്ക് മാത്രമായാണുളളത്. ഇത് പിപൂലീകരിക്കുകയും SSLC/ പ്ലസ് 2 പരീക്ഷയില്‍ തോറ്റവര്‍ക്കുളള പരിശീലന സെന്ററുകള്‍ എല്ലാ താലൂക്കുകളിലും സ്ഥാപിക്കണം.

12
നൂറുകണക്കിന് അഭ്യസ്തവിദ്യരായ യുവതി- യുവാക്കള്‍ വയനാട്ടിലും മറ്റു ജില്ലകളിലുമുണ്ട്. തൊഴില്‍രഹിതരുടെ വിശദമായ സര്‍വ്വെ നടത്തുകയും നിലവിലുളള എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചുകളുടെ പരിമിതി കണക്കിലെടുത്ത് തൊഴില്‍ പരിശീലനത്തിനും ഗൈഡന്‍സിനും പ്‌ളയ്‌സമെന്റിനും ഒരു നൂതന സംവിധാനം വയനാട്ടില്‍ സര്‍ക്കാര്‍ നടപ്പിലാക്കണം. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന തൊഴില്‍ നല്‍കല്‍ പദ്ധതിയില്‍ SC/ST വിഭാഗക്കാര്‍ക്ക് പ്രത്യേക പാക്കേജ് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെ) നടപ്പാക്കുകയും വേണം.

13
പുതിയ വിദ്യാഭ്യാസ നയം ദേശീയതലത്തില്‍ നടപ്പിലാക്കുമ്പോള്‍ SC/ST വി ഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുളള ഒരു നയം ആവിഷ്‌കരിക്കണം.

മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ ആദിവാസി – ദലിത് വിഭാഗങ്ങളുടെ അതിജീവനത്തിന് ഈ കാലഘട്ടത്തിന് പരിഗണിക്കപ്പെടേണ്ട വിഷയങ്ങളാണെന്ന് കണക്കിലെടുത്ത് യുക്തമായ ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply