ലോകോത്തരമാകേണ്ട, പോലീസ് ജനസുഹൃത്തായാല്‍ മതി

അടിയന്തരാവസ്ഥകാലത്തേറ്റ ക്രൂരമായ മര്‍ദ്ദനം രാഷ്ട്രീയമൂലധനമാക്കിയ നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. (അന്നു നിരവധിപേര്‍ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട നാാടണ് കേരളം എന്നതവിടെ നില്‍ക്കട്ടെ). അദ്ദേഹമാണ് ഇന്നു കേരളവും ആഭ്യന്തരവും ഭരിക്കുന്നത്, അ്‌പ്പോഴാണ് അതിക്രൂരമായ പോലീസ് മര്‍ദ്ദന വാര്‍ത്തകള്‍ പുറത്തു വരുന്നത് എന്നതാണ് ഏറ്റവും വൈരുദ്ധ്യം. കോടിയരിയും ചെന്നിത്തലയും മന്ത്രിമാരായിരുന്ന കാലത്തേക്കാള്‍ വളരെ മോശമാണ് ഇന്നത്തെ പോലീസ് എന്നതില്‍ ഒരു സംശയവുമില്ല….

ഒരുപക്ഷെ ദി ക്രിട്ടിക്കില്‍ ഏറ്റവുമധികം എഴുതിയ വിഷയത്തെ കുറിച്ചാണ് വീണ്ടും ആവര്‍ത്തിക്കുന്നത്. അതുമറ്റൊന്നുമല്ല, ആവര്‍ത്തിക്കുന്ന പോലീസ് അതിക്രമങ്ങള്‍ തന്നെ. ഒരുപക്ഷെ വി എസ് സര്‍ക്കാരിന്റെ കാലത്തും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും താരതമ്യേന വളരെ കുറച്ച് പോലീസ് അതിക്രമങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇക്കാര്യത്തില്‍ വന്‍വര്‍ദ്ധനയാണുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാകുന്നു. കഴിഞ്ഞ സര്‍ക്കാരിലെ ഏറ്റവും മോശം വകുപ്പായി പൊതുവില്‍ വിലയിരുത്തപ്പെട്ടതും ആഭ്യന്തരമായിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിനുശേഷവും ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ്. വി എസ് സര്‍ക്കാരിലും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലും ആഭ്യന്തരത്തിന് മുഴുവന്‍ സമയ മന്ത്രിമാരുണ്ടായിരുന്നു എന്നതും ഇപ്പോള്‍ മുപ്പതോളം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് ആഭ്യന്തരവും കൈകാര്യം ചെയ്യുന്നത് എന്നതാണ് ഇതുമായി കൂട്ടിവായിക്കേണ്ട പ്രധാന വിഷയം. അപ്പോഴാണ് യുവമന്ത്രിയും സൈദ്ധാന്തികനുമായ പി രാജീവ്, കേരളപോലീസ് ലോകോത്തരമാണെന്ന വാദവുമായി രംഗത്തുവന്നിരിക്കുന്നത്.

കഞ്ചാവ് കേസ് പ്രതിയെ ജാമ്യത്തിലിറക്കാനെത്തിയ സൈനികനേയും സഹോദരനേയും കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ അതിക്രൂരമായി മര്‍ദ്ദിച്ചതാണ് പോലീസ് അതിക്രമപരമ്പരയിലെ ഒടുവിലത്തെ സംഭവം. ഇവര്‍ എ.എസ്.ഐയുടെ തലയ്ക്കടിച്ചെന്ന പൊലീസിന്റെ പ്രചാരണം കള്ളമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. ലാത്തി ഒടിയുന്നതുവരെ പൊലീസുകാര്‍ ഓരോരുത്തരായി തങ്ങളെ ക്രൂരമായി അടിച്ച് അവശരാക്കുകയായിരുന്നുവെന്നാണ് മര്‍ദനമേറ്റവരുടെ വെളിപ്പെടുത്തല്‍. മര്‍ദിച്ച് അവശനാക്കിയ ശേഷം കുടിക്കാന്‍ പോലും വെള്ളം തന്നില്ലെന്നാണ് സൈനികന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കൂടാതെ എം.ഡി.എം.എ കേസിലെ പ്രതിയായും ഇദ്ദേഹത്തെ ചിത്രീകരിച്ചു. 12 ദിവസം ഇരുകൂട്ടരേയും കൊല്ലം ജില്ലാ ജയിലിലടച്ചു. സംഭവത്തെ തുടര്‍ന്ന് ചേട്ടന്റെ കല്യാണം മുടങ്ങി. 7 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം ഉറപ്പിച്ചിരുന്നത്. പതിവുപോലെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്. പലര്‍ക്കും സ്ഥലംമാറ്റമാകട്ടെ സ്വന്തം നാട്ടിലേക്കും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കഴിഞ്ഞ ദിവസമാണ് കോതമംഗലത്ത് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത് എന്തിനെന്ന് അറിയാനെത്തിയ യുവാവിന് എസ്.ഐയുടെ ക്രൂരമര്‍ദ്ദനമേറ്റത്. സംഭവം വിവാദമായതോടെ കോതമംഗലം എസ്.ഐ. മാഹിന്‍ സലിമിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. റോഷനെ ചികിത്സയ്ക്കായി കോതമംഗലെത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവുപോലെ ഈ വിഷയത്തിലും പോലീസ് കള്ളകഥകള്‍ മെനഞ്ഞെടുത്തിട്ടുണ്ട്. രണ്ടുസംഭവങ്ങളിലും മര്‍ദ്ദനമേറ്റവര്‍ സിപിഎം പ്രവര്‍ത്തകര്‍ കൂടിയാണ്. അതേസമയം കഴിഞ്ഞ ആറുവര്‍ഷത്തില്‍ കൂടുതലായി പോലീസ് മര്‍ദ്ദനമേല്‍ക്കുന്നവരില്‍ രാഷ്ട്രീയവ്യത്യാസമൊന്നുമില്ല എന്നതാണ് വസ്തുത. ഇക്കാലയളവില്‍ മര്‍ദ്ദനമേറ്റവരുടേയും കൊല്ലപ്പെട്ടവരുടേയും വലിയ പട്ടിക തന്നെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല അരനൂറ്റാണ്ടിനുശേഷം വ്യാജ ഏറ്റുമുട്ടല്‍ കൊലകളും സംസ്ഥാനത്തു നടന്നു. പല ജനകീയ സമരങ്ങള്‍ക്കെതിരേയും പോലീസ് അതിക്രമങ്ങളുണ്ടായി. എന്തിനേറെ, മാമ്പഴമോഷണവും സ്വര്‍ണ്ണാഭരണ മോഷണവും നടത്തുന്ന പോലീസിനേയും കേരളം കണ്ടു. രാത്രി മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ കൊടുത്ത ക്വാട്ട തികഞ്ഞില്ലെന്നു പറഞ്ഞ് പോലീസുദ്യോഗസ്ഥനോട് മുകളില്‍ നിന്നു വിശദീകരണം ചോദിച്ചതും കഴിഞ്ഞ ദിവസമാണ്.

അടിയന്തരാവസ്ഥകാലേേത്തറ്റ ക്രൂരമായ മര്‍ദ്ദനം രാഷ്ട്രീയമൂലധനമാക്കിയ നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. (അന്നു നിരവധിപോര്‍ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട നാാടണ് കേരളം എന്നതവിടെ നില്‍ക്കട്ടെ). അദ്ദേഹമാണ് ഇന്നു കേരളവും ആഭ്യന്തരവും ഭരിക്കുന്നത്, അ്‌പ്പോഴാണ് അതിക്രൂരമായ പോലീസ് മര്‍ദ്ദന വാര്‍ത്തകള്‍ പുറത്തു വരുന്നത് എന്നതാണ് ഏറ്റവും വൈരുദ്ധ്യം. അദ്ദേഹത്തിന്റെ സഹോദരനെന്നവകാശപ്പെടുന്ന കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ പോലീസിനെ ബഹുജനങ്ങളുടെ സുഹൃത്താക്കുന്നു എന്നവകാശപ്പെട്ട് പല പദ്ധതികളും ആരംഭിച്ചിരുന്നല്ലോ. ജനമൈത്രിപോലീസും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുമൊക്കെ ഉദാഹരണങ്ങള്‍. പിന്നീട് ചെന്നിത്തലയുടെ കാലത്തും ഈ ധാര മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമം നടന്നു. അപ്പോഴെല്ലാം പോലീസ് ജനങ്ങളുടെ സുഹൃത്താകുകയല്ല, ജനങ്ങളെ ഭയപ്പെടുത്തി നിലക്കു നിര്‍ത്തുകയാണ് വേണ്ടതെന്നായിരുന്നു സേനയിലെതന്നെ വലിയൊരു വിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്. അവരാകട്ടെ പിടിമുറുക്കി കൊണ്ടുമിരുന്നു. പോലീസിന്റെ ആത്മവീര്യമാണ് പ്രധാനമെന്നു പ്രഖ്യാപിച്ച് പിണറായി ആഭ്യന്തരമേറ്റെടുത്തതോടെ സേനയില്‍ ആധിപത്യം ആ വിഭാഗത്തിനായി എന്നതാണ് വസ്തുത. എന്തു മനുഷ്യാവകാശലംഘനവും ആത്മവീര്യത്തിന്റെ പേരില്‍ ന്യായീകരിക്കപ്പെടുമെന്ന് അവര്‍ക്കുറപ്പായിരുന്നു. വന്‍തോതില്‍ കേന്ദ്രഫണ്ട് ലഭിക്കാനായി്ട്ടായിരുന്നു എട്ടോളം വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടത്തിയതെന്നതും പകല്‍പോലെ വ്യക്തമാണല്ലോ.

പോലീസിനെതിരായ പരാതികള്‍ വര്‍ദ്ധിക്കുന്നതായി പോലീസ് കംപ്ലെയന്‍സ് അതോറിട്ടിയും മനുഷ്യാവകാശ കമ്മീഷനുമൊക്കെ സര്‍ക്കാരിനു മുന്നില്‍ നിരന്തരമായി ചൂണ്ടികാണിക്കാറുണ്ട്. അപ്പോഴെല്ലാം ലോക്കപ്പ് മര്‍ദ്ദനവും പീഡനവും സര്‍ക്കാരിന്റെ പോലീസ് നയമല്ല എന്ന പതിവു പല്ലവിയും കേള്‍ക്കാം. കഴിഞ്ഞ ദിവസം സിപിഐയുടെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രനും ഇതാവര്‍ത്തിക്കുന്നതുകേട്ടു. ആദ്യഘട്ടങ്ങളില്‍ പോലീസതിക്രമങ്ങള്‍ക്കെതിരെ ശക്തമായി അദ്ദേഹം പ്രതികരിച്ചിരുന്നു. ജനങ്ങളെ തല്ലലല്ല സര്‍ക്കാരിന്റെ പോലീസ് നയമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ജനങ്ങളെ തല്ലലാണ് തങ്ങളുടെ പോലീസ് നയമെന്ന് ഏതെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിക്കുമോ? പോലീസിന്റെ പ്രവര്‍ത്തികളും അതിനോട് സര്‍ക്കാരെടുക്കുന്ന നിലപാടുമാണ് നയം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശങ്ങള്‍ പോലീസ് തന്നെ പലപ്പോഴും നിഷേധിക്കുന്നു, അതിനു തടയിടാന്‍ സര്‍ക്കാരിനാവുന്നില്ല, അഥവാ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം. ഒരാളെ അറസ്റ്റ് ചെയ്യുകയോ, തടങ്കലിലാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുമ്പോള്‍ പോലീസ് അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങള്‍ സുപ്രീംകോടതി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അവയൊന്നും പാലിക്കപ്പെടാറില്ല എന്നതാണ് വസ്തുത.

ഇവിടെ നിലനില്‍ക്കുന്നത് രാജ്യഭരണമല്ല, ജനാധിപത്യമാണെന്ന വസ്തു തയാണ് പോലീസിന്റെ തലപ്പത്തിരിക്കുന്നവര്‍ തന്നെ മറക്കുന്നത്. ഇന്ത്യക്കാരെ ഭയപ്പെടുത്തി ഭരിക്കാനായി ബ്രിട്ടീഷുകാര്‍ രൂപം കൊടുത്ത പോലീസ് ആക്ടിലും മറ്റു സംവിധാനങ്ങളിലും ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ല. അതിന്റെ ലക്ഷ്യം എന്തായിരുന്നു എന്നു വ്യക്തം. അടിച്ചമര്‍ത്തുക എന്നതുതന്നെ. പോലീസിന്റെ പരിശീലനപരിപാടികളെല്ലാം ആ ലക്ഷ്യത്തെ മുന്നില്‍ കണ്ടുകൊണ്ടുതന്നെയാണ്. കമ്യൂണിസ്റ്റുകാര്‍ പറയാറുള്ളപോലെ പോലീസ് എന്നും ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണം തന്നെ. ഇന്നും പോലീസ് സ്റ്റേഷനില്‍ ഭയത്തോടെയല്ലാതെ കയറി പോകുവാന്‍ ധൈര്യമുള്ളവര്‍ കുറയും. ബ്രിട്ടനില്‍ അതെല്ലാം മാറിയെന്നത് വേറെ കാര്യം. കുറ്റം തെളിയിക്കാന്‍ ആധുനിക രീതികള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും കാര്യമായ നടപടികള്‍ ഇന്നുമില്ല. അതിനുള്ള മാര്‍ഗ്ഗം മര്‍ദ്ദനമാണെന്നുതന്നെയാണ് ഭൂരിഭാഗം പോലീസും ഇന്നും കരുതുന്നത്. അതാണല്ലോ വാഹനപരിശോധന നടത്തുമ്പോള്‍ ലാത്തിയെറിഞ്ഞു വീഴ്ത്തുന്നത്. കുറ്റവാളികളാണെങ്കില്‍ പോലും ശിക്ഷിക്കാന്‍ പോലീസിന് അധികാരമില്ല എന്ന പ്രാഥമികതത്വം പോലും അവര്‍ പാലിക്കുന്നില്ല. പാലിച്ചാല്‍ ലോക്കപ്പ് മര്‍ദ്ദനമേ ഉണ്ടാകില്ലല്ലോ. മമ്മുട്ടിയും സുരേഷ്ഗോപിയും പൃഥ്വീരാജും മറ്റും അഭിനയിക്കുന്ന പോലീസ് വേഷങ്ങളാണ് പല ഉദ്യോഗസ്ഥരും മാതൃകയാക്കുന്നത്. ഒരു വിഭാഗം ജനങ്ങളും അതിന് കയ്യടിക്കുന്നു. എന്തു സംഭവിച്ചാലും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല എന്നത് അനുഭവങ്ങളുടെ വെളിച്ചത്തില്‍ അറിയുന്നവരാണല്ലോ അവര്‍. പോലീസ് തന്നെ അന്വേഷിച്ചാല്‍ പോലീസ് ശിക്ഷിക്കപ്പെടുമോ? പതിറ്റാണ്ടുകള്‍ക്കുശേഷം വര്‍ഗ്ഗീസ് കൊലപാതകത്തിലെ പ്രതിയായിരുന്ന ലക്ഷ്്മണ, ഉദയകുമാര്‍ കസ്റ്റഡി കൊലപാതകത്തിലെ കുറ്റവാളികള്‍ തുടങ്ങി അപൂര്‍വ്വം പേരാണ് ഇന്നോളം ശിക്ഷിക്കപ്പെട്ടിട്ടുള്ളത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പോലീസില്‍ വലിയൊരു ഭാഗം ക്രിമിനലുകളാണെന്നു മുന്‍ ഡിജിപി പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. സ്വാധീനമില്ലാത്തവരുടെ കേസുകളോട് പലപ്പോഴും പോലീസ് ഉദാസീനരാണെന്ന് വാളയാര്‍ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു ഉന്നത ഉദ്യോഗസ്ഥയും പറഞ്ഞു. ദളിതരും ആദിവാസികളും ട്രാന്‍സ്ജെന്ററുകളും ന്യൂനപക്ഷങ്ങളും മറ്റു ദുര്‍ബ്ബല വിഭാഗങ്ങളും തന്നെയാണ്. വിനായകനേയും മറ്റും മറക്കാറായിട്ടില്ലല്ലോ. പോലീസ് അതിക്രമങ്ങള്‍ക്ക് കൂടുതല്‍ വിധേയരാകുന്നത്. ഉന്നതരെ സംരക്ഷിക്കാന്‍ ഏതറ്റം വരെപോകാനും പല ഉദ്യോഗസ്ഥരും തയ്യാറുമാണ്. മറ്റൊരു പ്രവണതയും അടുത്തയിടെ പോലീസില്‍ കാണുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ പലരും റിട്ടയര്‍ ചെയ്ത ശേഷം സംഘപരിവാറിലേക്കു പോകുന്നു എന്നതാണ്. എങ്കില്‍ പദവിലിരിക്കുമ്പോല്‍ തന്നെ അവര്‍ അതായിരിക്കണമല്ലോ. അതുകൊണ്ടാകുമല്ലോ യുഎപിഎ പോലുള്ള ഭീകരനിയമങ്ങള്‍ നിരന്തരമായി ഉപയോഗിക്കുന്നത്. സര്‍ക്കാരാകട്ടെ അതിനു കയ്യൊപ്പു ചാര്‍ത്തുന്നു. നാഴികക്കു നാല്‍പ്പതുവട്ടം സംഘപരിവാറിനെതിരെ സംസാരിക്കുന്നവര്‍ക്ക് ഇതൊന്നും തിരിച്ചറിയാന്‍ കഴിയാത്തതോ അതോ കണ്ണടക്കുന്നതോ? പോലീസില്‍ പ്രധാനപാര്‍ട്ടികളുടെയെല്ലാം വിശ്വസ്തരുണ്ടെന്നതും യാഥാര്‍ത്ഥ്യം. മാത്രമല്ല ഇപ്പോഴും ഒന്നുകില്‍ ഭരണപാര്‍ട്ടി പോലീസിനെ നിയന്ത്രിക്കുക, അല്ലെങ്കില്‍ പോലീസില്‍ ഒരു നിയന്ത്രണവും ഇല്ലാതിരിക്കുക എന്ന കുറുപ്പിന്റ നൈഞ്ചത്തോ അതോ കളരിക്കുപുറത്തോ എന്ന നയമാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പിന്തുടരുന്നത്. നിയമം നിയമത്തിന്റെ വഴിക്കുപോകണം, എന്നാല്‍ പോലീസ് ജനാധിപത്യ സംവിധാനത്തിന്റെ നിയന്ത്രണത്തിലാകണനം, പൊതുപ്രവര്‍ത്തകര്‍ക്കുമാത്രമല്ല ആര്‍ക്കും എപ്പോഴും കേറിചെല്ലാവുന്ന ഇടമായി സ്‌റ്റേഷനുകള്‍ മാറണം.

ആത്മവീര്യമുള്ള പോലീസിനെയല്ല, ജനാധിപത്യ പോലീസിനെയാണ്് കേരളം ആവശ്യപ്പെടുന്നത് എന്നാണ് സര്‍ക്കാര്‍ ആദ്യമായി തിരിച്ചറിയേണ്ടത്. അതാകട്ടെ ആധുനികകാലത്തിന് അനുയോജ്യമായിരിക്കണം. കേരളപോലീസ് ലോകോത്തരമായില്ലെങ്കിലും ജനങ്ങളുടെ സുഹൃത്തായാല്‍ മതി. അതിനനുസൃതമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നതാണ് ചോദ്യം. അതിനദ്ദേഹം ആദ്യമായി ചെയ്യണ്ടത്. ആഭ്യന്തരവകുപ്പൊഴിയുകയും ഒരു മുഴുവന്‍ സമയ മന്ത്രിയെ അതിനായി കണ്ടെത്തുകയുമാണ്. എല്ലാം തന്റെ കൈപിടിയിലൊതുങ്ങണമെന്ന ചിന്ത മുഖ്യമന്ത്രി ഉപേക്ഷിക്കാതെ ഈ ദിശയില്‍ ഒരടിപോലും മുന്നോട്ടുപോകാനാവില്ല എന്നതാണ് വസ്തുത.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply