ചില ബലി വിചാരങ്ങള്‍….

പ്രതീകാത്മകവും പ്രത്യയശാസ്ത്ര പരവുമായ കൊലബലികളോട് മലയാളി സമൂഹം ഇതിനകം പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കണം. എന്നാല്‍ സംസ്‌ക്കാരത്തിന്റെ യാതൊരു മറയുമില്ലാതെ നടന്ന പച്ചയായ ബലിയായിരുന്നു ഇലന്തൂരില്‍. ഐഛികമായ ബലി. ക്രൗര്യത്തിന്റെയും കശ്മലതയുടെയും വന്യവും സ്വകാര്യവുമായ ആഘോഷം. പ്രാകൃതവും ആധുനികോത്തരവുമായ ഹിംസകള്‍ സന്ധിക്കുന്നത്. ഭയത്തെക്കാള്‍ ജുഗുപ്‌സ സൃഷ്ടിക്കുന്നത്. ”മനുഷ്യന്‍, എത്ര കശ്മലമായ പദം’ എന്ന് നമ്മെ നാണിപ്പിക്കുന്നത്.

ഇലന്തൂര്‍ സംഭവത്തോടെ ബലി എന്ന പദം മലയാളത്തില്‍ തിരിച്ചു വന്നിരിക്കുന്നു. ”രക്തസാക്ഷി”ദിനങ്ങള്‍ക്കു മാത്രമായി നാം നീക്കി വച്ച വാക്ക്. ആധുനികര്‍, മതേതരര്‍ ഉച്ചാടനം ചെയ്ത കറുത്ത വാക്ക്. പ്രാകൃതമെന്ന് കരുതപ്പെടുന്ന ഈ വാക്കിനെയും സങ്കല്പത്തെയും കുഴിച്ചു മൂടുവാനാണ് ആധുനികര്‍ ശ്രമിച്ചത്. എന്നാല്‍ കുഴിമാടങ്ങളില്‍ നിന്ന് ബലി ചെയ്യപ്പെട്ടവരുടെ മാംസവും അസ്ഥിയും, വിലാപവും ഇടയ്ക്കിടെ ഉയിര്‍ത്തെണീക്കുന്നു.

ഇലന്തൂറിലെ ബലി നമ്മെ ”ഞെട്ടിച്ചു”. ”ലജ്ജിപ്പിച്ചു”. പ്രതീകാത്മകവും പ്രത്യയശാസ്ത്ര പരവുമായ കൊലബലികളോട് മലയാളി സമൂഹം ഇതിനകം പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കണം. എന്നാല്‍ സംസ്‌ക്കാരത്തിന്റെ യാതൊരു മറയുമില്ലാതെ നടന്ന പച്ചയായ ബലിയായിരുന്നു ഇലന്തൂരില്‍. ഐഛികമായ ബലി. ക്രൗര്യത്തിന്റെയും കശ്മലതയുടെയും വന്യവും സ്വകാര്യവുമായ ആഘോഷം. പ്രാകൃതവും ആധുനികോത്തരവുമായ ഹിംസകള്‍ സന്ധിക്കുന്നത്. ഭയത്തെക്കാള്‍ ജുഗുപ്‌സ സൃഷ്ടിക്കുന്നത്. ”മനുഷ്യന്‍, എത്ര കശ്മലമായ പദം’ എന്ന് നമ്മെ നാണിപ്പിക്കുന്നത്.

ഗോത്രത്തിന്റെ, സമുദായത്തിന്റെ, മതത്തിന്റെ, ശ്രേയസ്സിനായി അപരനെ ബലികൊടുക്കലാണ് ബലിയുടെ ഏറ്റവും പ്രാകൃതവും ഹിംസാത്മകവുമായ രൂപം. അപരന്‍ ജന്തുവോ മനുഷ്യനോ ആരുമാവട്ടെ. അന്യനെ ബലിനല്‍കുന്ന പ്രാകൃതമായ ബലിസങ്കല്പത്തില്‍ നിര്‍ണ്ണായകമായ മാറ്റം സംഭവിക്കുന്നത് ക്രിസ്തുവിന്റെ പവിത്രബലിയോടെയാണ്. അപരബലിയില്‍ നിന്ന് ആത്മബലിയിലേക്കുള്ള മാറ്റം. ആരാധനാ പാത്രമായ ദൈവം/ ദൈവപുത്രന്‍ തന്നെ ഇവിടെ ബലി വസ്തുവാകുന്നു. ബലിചെയ്യപ്പെട്ട ക്രിസ്തുവിന്റെ രക്തവും മാംസവുമാണല്ലോ വീഞ്ഞും അപ്പവുമായി വിശ്വാസികള്‍ പ്രതീകാത്മകമായി ഭുജിക്കുന്നത്. എന്നാല്‍ ബലി ഇവിടെ നൈതികവും പവിത്രവും ഉദാത്തവുമാക്കപ്പെടുന്നു. ബലിയുടെ മ്യൂട്ടേഷനാണിത്.

ക്രൈസ്തവമായ ഈ ആത്മബലിയിലാണ് രക്തസാക്ഷി സങ്കല്പത്തിന്റെ വേരുകള്‍. ആത്മബലി ഇവിടെ മതേതരമാക്കപ്പെടുന്നു. ദേശീയവല്‍ക്കരിക്കപ്പെടുന്നു, രാഷ്ട്രീയവ്രല്‍ക്കരിക്കപ്പെടുന്നു. ബലിയുടെ അടുത്ത മ്യൂട്ടേഷന്‍. ഇന്ത്യന്‍ ദേശീയതയും സ്വാതന്ത്ര്യ സമരവും എല്ലാം പവിത്രീകരിക്കപ്പെട്ടതും ബലിക്കഥകളില്‍. ഭഗത് സിംഗിനെയും ഉദ്ധം സിങ്ങിനെയും പോലുള്ള നൂറു കണക്കിന് രക്തസാക്ഷികളുടെ വീരചരിതങ്ങളില്‍. ഇന്ത്യ ഒരു ദേശീയ രാഷ്ട്രമായി സ്ഥാപിതമാവുന്ന നിമിഷത്തില്‍ തന്നെ രണ്ടു തരം ബലികള്‍ നടന്നു. ഒന്ന് ഹിന്ദു മുസ്ലീമിനെയും മുസ്ലീം ഹിന്ദുവിനെയും കുരുതികൊടുത്ത വര്‍ഗ്ഗീയമായ അപരബലി. രണ്ട് രാഷ്ട്രപിതാവിന്റെ ആത്മബലി. ഒരേ സമയം ആത്മബലിയും അപരബലിയും. ക്രിസ്തുവിന്റെ ബലി പോലെ.

ബലി എന്ന സ്ഥാപനം, അനുഷ്ഠാനം, പാര്‍ട്ടിക്കൊലകളിലൂടെയും രക്തസാക്ഷി നിര്‍മ്മിതിയിലൂടെയും സജീവമായി നിലനിന്നു. ബലി എന്ന വാക്ക് വ്യവഹാരങ്ങളില്‍ നിന്നു മറവു ചെയ്യപ്പെട്ടെങ്കിലും ആധുനിക ആധുനികാനന്തര സമൂഹങ്ങളില്‍ നിയാമകതത്വമായി ബലി സങ്കല്പം ശക്തിയാര്‍ജ്ജിച്ചു. ബലി മതേതരമായപ്പോള്‍ ക്രൗര്യവും പൈശാചികതയും ഇരട്ടിച്ചു. ഹിന്ദുത്വ ഫാസിസം ഇന്ത്യയെ ഒരു ബലിപ്പറമ്പാക്കി. അപര ബലി ദേശസ്‌നേഹമായി വാഴ്ത്തപ്പെട്ടു. കുരുതിച്ചോര വോട്ടും അധികാരവും പ്രതാപവുമായി കണ്ണൂരിലെ പാര്‍ട്ടിപ്പോരുകള്‍ മതേതരമായ കുരുതികളായിരുന്നു. പ്രത്യശാസ്ത്രത്തിന്റെ തൂവാലകള്‍ ബലിച്ചോരയുടെ കറ ഒപ്പിയെടുത്തു. ചന്ദ്രശേഖരന്‍ എന്ന വിമത കമ്മ്യൂണിസ്റ്റ്കാരന്റെ കൊല, പാര്‍ട്ടിനടത്തിയ പ്രതീകാത്മകമായ നരബലി. അതി ക്രൂരമായ ഈ വധത്തിനെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വന്നു. കൊലപാതകികള്‍ ശിക്ഷിക്കപ്പെട്ടുവെങ്കിലും കൊല ചെയ്യിച്ചവര്‍ രക്ഷപ്പെട്ടു. കാരണഭൂതന്മാര്‍ അധികാരത്തില്‍ വന്നതോടെ ആ കൊലയും സാധൂകരിക്കപ്പെട്ടു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ബലിക്കൊലകള്‍ പിന്നീട് കൂടുതല്‍ ജനകീയവും വികേന്ദ്രീകൃതവും സാര്‍വ്വത്രികവുമായി. കൊലയുടെ കണ്ണൂര്‍ മോഡല്‍ കേരളാമോഡലായി വികസിക്കപ്പെട്ടു. പുതു പുതു ബലിയാടുകളെ ഭരണകൂടവും പാര്‍ട്ടികളും കണ്ടെത്തി. ഏഴോളം നക്‌സലൈറ്റുകളെ ബലിക്കിരയാക്കി വധപ്രാമാണികത്തം ഉറപ്പിച്ചു ഇടതു സര്‍ക്കാര്‍. പോലീസ് ലോക്കപ്പുകളും ബലിമുറികളായി. മധു എന്ന ആദിവാസി യുവാവ് മദ്ധ്യവര്‍ഗ്ഗ ആള്‍ക്കൂട്ടത്തിന് ബലിമനുഷ്യനായി. രാഷ്ട്രീയ കൊലപാതകങ്ങള്‍ നിലച്ചില്ല. വര്‍ദ്ധിച്ചതേയുള്ളു. എസ്.ഡി.പി.ഐ., സി.പി.എം, ബി.ജെ. പി,ആര്‍.എസ്സെസ്, കോണ്‍ഗ്രസ്സ്, വൈരത്തിന്റെ ഭാഗമായും യുവാക്കള്‍ കൊലചെയ്യപ്പെട്ടു. പാര്‍ട്ടിവളര്‍ത്താനും, പ്രതിസന്ധിയില്‍ പിടിച്ചു നല്‍കാനും രക്തസാക്ഷികളെ ആവശ്യമായി വരും എന്ന ബലിയുക്തി പൊതുവേ സ്വീകാര്യമായി.

പെരുകിപ്പെരുകി വരുന്ന ആത്മഹത്യകളിലും, ആത്മഹത്യക്കൊലകളിലും, സ്വാഭാവികമരണങ്ങളിലും എല്ലാം തന്നെ ഇന്ന് ഒരു ബലിപ്രമേയം മറഞ്ഞു കിടപ്പുണ്ട്. അണക്കെട്ടിനും വരമ്പിനും ബലം വയ്ക്കാന്‍ പണ്ട് അടിയാളര്‍ ബലികഴിക്കപ്പെട്ടിരുന്നു. വന്‍ വികസന പദ്ധതികള്‍ക്കായി ബലികഴിക്കപ്പെടുന്നവരാണ് ഇന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന ആദിവാസികളും നാട്ടുകാരും. അതി വികസനപദ്ധതികള്‍ ജനങ്ങളെ ഒന്നടങ്കം ബലിമൃഗങ്ങളാക്കുന്നു. വിഴിഞ്ഞം പദ്ധതി പോലെ മറ്റു പദ്ധതികളും വന്‍കിടബലി വാഗ്ദാനം ചെയ്യുന്നുണ്ട്. കെ.റെയില്‍ അത്തരമൊരു ബലിപദ്ധതിയാണല്ലോ. കൊല്ലാതെ കൊല്ലല്‍ എന്ന അതി നീചരൂപത്തെയും ബലിയുടെ ക്രൗര്യ മാതൃകയായി അധികാര കേന്ദ്രങ്ങള്‍ പരീക്ഷണം ചെയ്യുന്നുണ്ട്.

പ്രപഞ്ചത്തെയാകെ സ്വലാഭത്തിനായുള്ള ബലിവസ്തുവാക്കുന്ന ഒരു മഹാ ബലിയന്ത്രമാണ് ആധുനികാനന്തര കോര്‍പ്പറേറ്റ് ലോക ക്രമം.കുരുതിച്ചോരയ്ക്കായി നാവു നീട്ടിയ ഒരു നീചമൂര്‍ത്തി, അതിന്റെ യന്ത്രി. രുധിരപാനിയായ നവലോകപ്പെ രുമാള്‍. (ഈ ബലിമൂര്‍ത്തിയെ രാരിരോ പാടി മയക്കുന്ന ഒരു എതിര്‍-ആഭിചാരമുണ്ട് കെ.ജി.എസ്സിന്റെ ”കഠാര”ത്താരാട്ടില്‍). രാഷ്ട്രീയകക്ഷികളും ഭരണകൂടങ്ങളും, മതമേധാവിത്വങ്ങളും എല്ലാം ബലി ഉല്പാദിപ്പിക്കുന്ന ഫാക്ടറികളും സ്റ്റാര്‍ട്ട് അപ്പുകളും ആയി മാറി ഇന്ന്. കോര്‍പ്പറേറ്റുകളുടെ, അധികാര കൂടങ്ങളുടെ, മൂലധനവും ഉല്പന്നവുമായി ബലി.

പ്രാകൃതമായ നരബലിയുടെയും ആധുനികാനന്തര കാലത്തെ ലാഭബലിയുടെയും സംയുക്തമാണ് ഇലന്തൂറിലെ പൈശാചിക ബലി. കേരളം ഒരു ബലി സമൂഹമായിക്കഴിഞ്ഞു എന്ന അപായ സന്ദേശമാണ് ഇലന്തൂര്‍ നല്‍കുന്നത്. ബലി എന്ന വാക്കും, സങ്കല്പവും എന്നന്നേക്കുമായി നിരോധിക്കണമോ? ബലിയുടെ നിഷേധരൂപങ്ങളെയാണ് മുഖ്യമായും പരിശോധിച്ചത്. എന്നാല്‍ എല്ലാ സൃഷ്ടിയുടെയും മാറ്റത്തിന്റയും പിന്നിലെ രചനാത്മകമായ തത്വം കൂടിയാണ് ബലി. മാര്‍സല്‍ മൗസ്സ്, ഴാക് ദെറിദ തുടങ്ങിയ ചിന്തകന്മാര്‍ സമര്‍ത്ഥിക്കുന്ന പോലെ മനുഷ്യന്റെ സര്‍വ്വ തീരുമാനങ്ങളുടെയും, പ്രയത്‌നങ്ങളുടെയും മുന്നേറ്റങ്ങളുടെയും ചാലകശക്തി ബലിയുടെ ബലതന്ത്രമാണ്.

വ്യവസായവല്‍ക്കരിക്കപ്പെടുന്നതിനും കോര്‍പ്പറേറ്റുവല്‍ക്കരിക്കപ്പെടുന്നതിനും മുമ്പ്, അപരബലിയുടെയും ആത്മ ബലിയുടെയും അനുഷ്ഠാനമാകുന്നതിനു മുമ്പ്, ഗോത്ര-മത-ആചാരങ്ങളാവുന്നതിനു മുമ്പ്, ഉല്പാദന വിനിമയ ചക്രങ്ങളിലേക്ക് അവാഹിക്കപ്പെടുന്നതിനും മുമ്പു്, അതിനു ശേഷവും, എന്താണ് ബലി?ബലിയുടെ സത്യം?മൂല്യം?

ബലി ആത്യന്തികമായും ഒരു ദാന പ്രക്രിയ, സ്വയം സമ്മാനിക്കല്‍, a gift act. ഐഛികവും സര്‍ഗ്ഗാത്മകവും നിരുപാധികവുമായ ”കൊടുക്കല്‍’. തിരിച്ചൊന്നും ഇഛിക്കാത്തത്. കര്‍ത്തൃത്വം ഇല്ലാതാകുന്നത്. കൊടുക്കല്‍, വാങ്ങല്‍, എന്ന ദ്വന്ദങ്ങളില്ലാത്തത്. തിരിച്ച് കൊടുക്കലും പ്രതി ദാനവും കര്‍തൃബോധവും, എല്ലാം ദാന സംഭവത്തെ കെടുത്തുന്നു എന്ന് ദെറീദ. നല്‍കലിന്റെ ഏറ്റവും തീക്ഷ്ണവും ഉദാത്തവും പരമവുമായ രൂപമാണ് ബലി. ഏറ്റവും വിലയേറിയതിനെയാണ് അത് നല്‍കുന്നത്: സ്വജീവനെത്തന്നെ. എന്നാല്‍ ദാനം/ബലി, സ്ഥാപനവല്‍ക്കരിക്കപ്പെടുമ്പോള്‍ , അടിച്ചേല്പിക്കപ്പെടുമ്പോള്‍, വിനിമയത്തിന്റെയും വിപണനത്തിന്റെയും ചക്രങ്ങളുമായി ഘടിപ്പിക്കപ്പെടുമ്പോള്‍, വാണിജ്യവല്‍ക്കരിക്കപ്പെടുമ്പോള്‍, നിര്‍ബ്ബന്ധിതമോ ബാദ്ധ്യതയോ ആകു മ്പോള്‍, ദാനം റദ്ദാകുന്നു. ദാനത്തിനെതിരേ തിരിയുന്നു. എല്ലാ ഭാഷയിലും gift ന് വിഷം എന്ന് അര്‍ഥം വരുന്നതപ്പോഴാണ്. കെട്ടു പോയ ദാനം തിരിഞ്ഞു കൊത്തുന്നതിന്റെ കഥയല്ലേ ലോക ചരിത്രം?

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബലി/ദാനം എന്ന പദവും സങ്കല്പവും ഇന്നു(അന്നും) പൂര്‍ണ്ണമായും ദുഷിക്കപ്പെട്ടു, വിഷാണമാക്കപ്പെട്ടു. മതത്തിന്റെയും, വിപണിയുടെയും ഭരണകൂടത്തിന്റെയും പാര്‍ട്ടിയുടെയും, അധികാരത്തിന്റെയും മദ്ധ്യസ്ഥതയില്‍ നിന്ന് മോചിപ്പിക്കാനാവാത്ത വിധം. ശുദ്ധവും, ഐഛികവുമായ ”നല്‍കലി”ന്റെ സംഭവ സന്ദര്‍ഭത്തില്‍ ബലിയെത്തന്നെയാണ് ബലിചെയ്യുന്നത്. ബലിയെ ബലി കഴിക്കുവാന്‍ നമ്മെ പഠിപ്പിച്ച മഹാഗുരുക്കന്മാരാണ്, സന്യാസത്തെയും സന്യസിച്ച, നാരായണഗുരുവും ചട്ടമ്പി സ്വാമികളും. ബലിയെ, സര്‍വ്വം നല്‍കലിനെ, ജീവദാനത്തെ, രാഷ്ട്രീയ നൈതിക, പ്രയോഗമായി ഉയര്‍ത്തുന്ന വീരകഥാപാത്രങ്ങളിലൂടെ ഇതെങ്ങനെ എന്ന് കാട്ടിത്തരുന്നുണ്ട് സി.വി.രാമന്‍ പിള്ളയുടെ ആഖ്യായികകള്‍.

നവോത്ഥാനത്തിന്റെ സംഭവനേരങ്ങളില്‍ ബലി ബലിചെയ്യപ്പെട്ടു എന്നര്‍ത്ഥം. എന്നാല്‍ നവോത്ഥാനവും ഇന്ന് കെട്ടുപോയ ഒരു മഹാദാനത്തിന്റെ നാമം മാത്രം. വിഷമായി മാറിയ ദാനപ്രക്രിയയില്‍ അതും പെടും. ദാനവും ബലിയും വിഷാണമാക്കപ്പെട്ട ഒരു കാലത്തിന്റെ മരണാവിഷ്‌ക്കാരമാണ് ഇലന്തൂറിലെ ബലി. ബലി/ ദാനത്തെ മതത്തിന്റെയും അധികാരത്തിന്റെയും, വിപണിയുടെയും ഉല്പാദനത്തിന്റെയും ലാഭത്തിന്റെയും യുക്തികളില്‍ നിന്ന് മോചിപ്പിക്കുക എന്നാല്‍ ബലിയെത്തന്നെ ബലികൊടുക്കുക എന്നാണര്‍ത്ഥം. ഉപാധിയില്ലാത്ത തിരിച്ചടവില്ലാത്ത താല്പര്യരഹിതമായ ‘നല്‍കലിനെ’ വീണ്ടെടുക്കല്‍. ”നല്‍കലിന്റെ’ അനന്യ സംഭവങ്ങളാണ് എന്നും ‘ജനത’യെ നിര്‍മ്മിച്ചത്. രാജ്യത്തെ നിര്‍മ്മിച്ചത്. ആനന്ദത്തിന്റെയും സ്‌നേഹത്തിന്റെയും നീതിയുടെയും അന്തര്‍മണ്ഡലങ്ങള്‍ സൃഷ്ടിച്ചത്.

ബലി/ദാന സമൂഹത്തില്‍ നിന്ന്, ‘നല്‍കുന്ന” ജനതയിലേക്കുള്ള രൂപാന്തരണത്തിലൂടെ മാത്രമേ നരബലി ഇല്ലാതാവൂ. തന്നിലേക്ക് ഒരിക്കലും തിരിച്ചെത്താത്ത ‘നല്‍കല്‍’. കൊടുത്തവനും വാങ്ങുന്നവനും ഇല്ലാതാവുന്നത്. നിര്‍മ്മമമായത്. ദൈവേതരവും മതേതരവും ലാഭേതരവുമായ നല്‍കല്‍. സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രിയത്തിന്റെയും ഏറ്റവും ഉദാത്തമായ ആവിഷ്‌ക്കാരം. ‘ബലി’യുടെയും ‘ബലി’യാണ് അതാവശ്യപ്പെടുന്നത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply