യൂറോപ്പ് കുടിയേറ്റവും മുഖ്യമന്ത്രിയുടെ ആശ്ചര്യങ്ങളും……..

ജനനനിരക്ക് കേരളത്തിലും കുറയുന്നു. ശരാശരി ആയുസു കൂടിയതിനാല്‍ ജനസംഖ്യയില്‍ വൃദ്ധരുടെ ജനസംഖ്യ കൂടുന്നു. ചെറുപ്പക്കാരുടെ കുടിയേറ്റമാകട്ടെ വന്‍തോതില്‍ വര്‍ദ്ധിക്കുന്നു. മുമ്പ് ഗള്‍ഫിലേക്ക് പോയിരുന്നവര്‍ കുറെകാലം കഴിഞ്ഞാല്‍ തിരിച്ചുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ കുടിയേറുന്നവര്‍ മിക്കവാറും അവിടത്തുകാരാകുന്നു. ഇന്ത്യയില്‍ ഈ പ്രതിഭാസം ഏറ്റവും ശക്തം കേരളത്തിലാണ്. അതാകട്ടെ പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സമാനമായി കൊണ്ടിരിക്കുകയാണ്. ഇതെങ്ങിനെ ഭാവിയില്‍ കേരളത്തെ ബാധിക്കുമെന്ന വിഷയമാണ് സര്‍ക്കാര്‍ ഗൗരവത്തോടെ കാണേണ്ടത്.

യൂറോപ്പ് സന്ദര്‍ശനത്തിനുശേഷം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ കേരളത്തിന്റെ ഭാവിയെ കുറിച്ച് കാര്യമായ പ്രതീക്ഷകളൊക്കെ പ്രഖ്യാപിച്ചെങ്കിലും അവ സൂക്ഷ്മമായി പരിശോധിച്ചാല്‍ വലിയ ആഹ്ലാദത്തിനൊന്നും വകുപ്പില്ല എന്നതാണ് വസ്തുത. പഠന ഗവേഷണ മേഖലകളിലെ സഹകരണം, പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തല്‍, പ്രവാസി ക്ഷേമത്തിനായുള്ള ഇടപെടലുകള്‍, മലയാളി സമൂഹവുമായുള്ള ആശയവിനിമയം, സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കല്‍ എന്നിവയായിരുന്നു സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി കണ്ടിരുന്നതെന്നും ഇവയിലെല്ലാം പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടങ്ങള്‍ ഉണ്ടാക്കാനായെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടത്. ഫിന്‍ലന്‍ഡ്, നോര്‍വ്വേ, യു കെ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ സംഘം പങ്കെടുത്തു. വിദേശത്തുള്ള പ്രൊഫഷണലുകളുടെ കഴിവും നൈപുണ്യവും വിനിയോഗിക്കുന്നതിനുള്ള സാധ്യതകള്‍, വിദ്യാര്‍ഥി കുടിയേറ്റം, യൂറോപ്പിലേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റ്, പ്രവാസി സംഘടനകളുടെയും ലോക കേരള സഭയുടെയും പ്രവര്‍ത്തന ഏകോപനം, സ്ഥിര കുടിയേറ്റം നടത്തിയവര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നാട്ടില്‍ ലഭ്യമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, സ്‌കില്‍ മാപ്പിംഗ് ഉള്‍പ്പെടെ സാധ്യമാക്കുന്ന രീതിയില്‍ ഗ്ലോബല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വികസിപ്പിക്കുക തുടങ്ങി നിരവധി വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്തതായും ഈ നിര്‍ദ്ദേശങ്ങള്‍ ലോക കേരള സഭാ സെക്രട്ടറിയേറ്റ് പരിശോധിച്ച് സര്‍ക്കാരിനു കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യാത്രയിലെ ഏറ്റവും വലിയ നേട്ടമായി മുഖ്യമന്ത്രി പറഞ്ഞത് കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും യു.കെ യിലേയ്ക്ക് തൊഴില്‍ കുടിയേറ്റവും വിദ്യാര്‍ത്ഥികള്‍ക്ക് പഠന അവസരങ്ങളും സാധ്യമാക്കുന്നതിനുള്ള അര്‍ത്ഥവത്തായ ഇടപെടല്‍ സാധ്യമായി എന്നതാണ്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് സുഗമവും സുരക്ഷിതവുമായ കുടിയേറ്റം സാധ്യമാക്കുകയാണ് ലക്ഷ്യം. നവംബറില്‍ ഒരാഴ്ചയോളം നീളുന്ന യു.കെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. ആദ്യഘട്ടത്തില്‍ ആരോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകള്‍ക്കായി 3000 ലധികം ഒഴിവുകളിലേക്ക് ഇതുവഴി തൊഴില്‍ സാധ്യത തെളിയും. അടുത്ത മൂന്ന് വര്‍ഷത്തേക്ക് യുകെയില്‍ 42,000 നഴ്‌സുമാരെ ആവശ്യം വരും. ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തും – മുഖ്യമന്ത്രി തുടര്‍ന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആരോഗ്യരംഗത്തെ തൊഴില്‍ സാധ്യതകളേയും ഉന്നതവിദ്യാഭ്യാസ സാധ്യതകളേയും വിശദീകരിച്ചപ്പോള്‍ തനിക്കാകെ ആശ്ചര്യകരമായി തോന്നി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതുകേള്‍ക്കുമ്പോള്‍ ഈ വിഷയങ്ങള്‍ കുറച്ചെങ്കിലും ശ്രദ്ധിക്കുന്നവര്‍ക്കുപോലും ആശ്ചര്യം തോന്നും. യൂറോപ്പിലെ വിവിധരാജ്യങ്ങളിലേക്ക് സംസ്ഥാനത്തുനിന്നുള്ള ആരോഗ്യപ്രവര്‍ത്തകരുടെ കുടിയേറ്റമാരംഭിച്ച് എത്രയോ പതിറ്റാണ്ടായി. സമീപകാലത്ത്, പ്രതേകിച്ച് കൊവിഡിനുശേഷം അതു വന്‍തോതിലായെന്നതും വളരെ പ്രകടമാണ്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഈ ലേഖകന് നേരിലറിയാവുന്ന 10 പേരെങ്കിലും യുകെയില്‍ തൊഴിലിനായി പോയിട്ടുണ്ട് എന്നതില്‍ നിന്നുതന്നെ ആകെ ഇവിടെനിന്നുപോയവരുടെ എണ്ണം ഊഹിക്കാവുന്നതാണ്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയടക്കം എതിര്‍ക്കുന്നു ന്നെു പറയുന്ന (?) ആഗോളവല്‍ക്കരണ നയങ്ങളാണ് ഇതിനുള്ള ഒരു പ്രധാന കാരണം. ഈ കുടിയേറ്റത്തിനു സഹായകരമാകുന്ന കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെങ്കില്‍ നല്ലതുതന്നെ. ഈ മേഖലയില്‍ തട്ടിപ്പുകാരുണ്ടെങ്കില്‍ കണ്ടെത്തുന്നതും നന്ന്. പക്ഷെ സര്‍ക്കാര്‍ പോലും അറിയാതെ അതൊക്കെ ഒരു വശത്തുകൂടി നടക്കുന്നു എന്നതാണ് വസ്തുത.

അതേസമയം സര്‍ക്കാരിന്റെ ഉത്തരവാദിത്തം മറ്റൊന്നാണ്. ഈ പ്രതിഭാസം നാളെ ഇവിടെ സൃഷ്ടിക്കാന്‍ പോകുന്ന മാറ്റങ്ങളെന്താണെന്നും അവയെ എങ്ങനെ അതിജീവിക്കാമെന്നതുമാണത്. യുകെയിലും ഫിന്‍ലാന്റിലും മറ്റും ഇത്രമാത്രം ആരോഗ്യപ്രവര്‍ത്തകരെ ആവശ്യമായി വന്നതെന്തുകൊണ്ടെന്നു പരിശോധിച്ചാല്‍ മാത്രം മതി അക്കാര്യം മനസ്സിലാക്കാന്‍. ജനനനിരക്ക് വളരെയധികം കുറയുകയും ജനസംഖ്യയില്‍ വൃദ്ധരുടെ അനുപാതം വളരെ കൂടുകയും ചെയ്തതാണ് ഇതിനുള്ള പ്രധാന കാരണം. മിക്കവാറും യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം ഇന്‍ഷ്വറന്‍സും മറ്റു സര്‍ക്കാര്‍ സഹായങ്ങളുമുള്ളതിനാല്‍ വൃദ്ധരുടെ ജീവിതം സുരക്ഷിതമാണ്. അവര്‍ക്ക് സഹായത്തിനു ആരോഗ്യപ്രവര്‍ത്തകരെ നയമിക്കാനുള്ള സൗകര്യങ്ങളുണ്ട്. ആശുപത്രികളിലേക്കും ആരോഗ്യപ്രവര്‍ത്തകരെ ആവശ്യമുണ്ട്. ഈ സാധ്യതയാണ്, പണ്ടേ ആയിരകണക്കിനു നേഴ്‌സുമാര്‍ വിദേശത്തുപോയ ചരിത്രമുള്ള കേരളത്തിനു ഗുണകരമായിരിക്കുന്നത്.

വാസ്തവത്തില്‍ കേരളത്തിന്റെ പ്രയാണവും ഇതേ ദിശയിലാണെന്നതാണ് ഈയവസരത്തില്‍ ഓര്‍ക്കേണ്ടത്. ജനനനിരക്ക് കേരളത്തിലും കുറയുന്നു. ശരാശരി ആയുസു കൂടിയതിനാല്‍ ജനസംഖ്യയില്‍ വൃദ്ധരുടെ ജനസംഖ്യ കൂടുന്നു. ചെറുപ്പക്കാരുടെ കുടിയേറ്റമാകട്ടെ വന്‍തോതില്‍ വര്‍ദ്ധിക്കുന്നു. മുമ്പ് ഗള്‍ഫിലേക്ക് പോയിരുന്നവര്‍ കുറെകാലം കഴിഞ്ഞാല്‍ തിരിച്ചുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ കുടിയേറുന്നവര്‍ മിക്കവാറും അവിടത്തുകാരാകുന്നു. ഇന്ത്യയില്‍ ഈ പ്രതിഭാസം ഏറ്റവും ശക്തം കേരളത്തിലാണ്. അതാകട്ടെ പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സമാനമായി കൊണ്ടിരിക്കുകയാണ്. ഇതെങ്ങിനെ ഭാവിയില്‍ കേരളത്തെ ബാധിക്കുമെന്ന വിഷയമാണ് സര്‍ക്കാര്‍ ഗൗരവത്തോടെ കാണേണ്ടത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ വൃദ്ധരുടെ ജീവിതവും മരണവും അന്തസ്സുള്ളതാണെങ്കില്‍ ഇവിടെ അതിനുള്ള സാധ്യത എത്രത്തോളമുണ്ട്? കേരള സമ്പദ് ഘടന താഴോട്ടെന്ന, അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സി ഫിച്ച് റേറ്റിങ്‌സിന്റെ റിപ്പോര്‍ട്ടാണ് ഈ കുറിപ്പെഴുതുമ്പോള്‍ വാര്‍ത്തകളില്‍ കാണുന്നത്. ഭാഗ്യക്കുറിയിലും മദ്യത്തിലും മറ്റും വരുമാനം കണ്ടെത്തുന്ന ഒരു സമൂഹത്തിനു അതത്ര എളുപ്പമാകില്ലല്ലോ. കുടിയേറ്റക്കാര്‍ മിക്കവാറും അവിടങ്ങളില്‍ തന്നെ സെറ്റില്‍ ചെയ്യുമെന്നതിനാല്‍, ഗള്‍ഫുകാരെപോലെ അവരില്‍ നിന്ന് കാര്യമായ വരുമാനമൊന്നും കേരളത്തിലേക്ക് വരാനും പോകുന്നില്ല. ഈ സാഹചര്യത്തെ മുന്‍കൂട്ടി കണ്ട്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹാരങ്ങള്‍ കണ്ടെത്തലാണ് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തം. അതാകട്ടെ കാണാനുമില്ല. കേരളത്തില്‍ മനുഷ്യ – വന്യജീവി സംഘര്‍ഷങ്ങള്‍ രൂക്ഷമാകുമെന്നു എത്രയോകാലം മുമ്പ് പലരും മുന്നറിയിപ്പു നല്‍കിയിട്ടും ഒന്നും ചെയ്യാതെ ഇപ്പോള്‍ അതിരൂക്ഷമായ പ്രതിസന്ധി നേരിടുന്നതാണ് പെട്ടെന്ന് ഓര്‍മ്മവരുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ടാമത്തെ പ്രധാന വിഷയം യൂറോപ്പിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രശ്‌നമാണ്. തൊഴില്‍ മേഖലയെന്നപോലെ ഇതും സര്‍ക്കാരിന്റെ കാര്യമായ ഇടപെടലൊന്നുമില്ലാതെ വ്യാപകമായി നടക്കുന്നുണ്ട്. പോകുന്നവരില്‍ മിക്കവാറും പേര്‍, മുഖ്യമന്ത്രിയെ അത്ഭുതപ്പെടുത്തിയപോലെ പഠിക്കുമ്പോള്‍ തന്നെ പാര്‍ട്ട് ടൈം തൊഴില്‍ ചെയ്യുന്നവരും പിന്നീട് അവിടങ്ങളില്‍ തന്നെ തൊഴില്‍ കണ്ടെത്തുന്നവരുമാണ്. വാഗ്ദാനം ചെയ്യപ്പെടുന്ന തൊഴിലൊന്നും കിട്ടുന്നില്ല എന്ന പരാതിയൊക്കെ നിലവിലുണ്ട് എന്നതവിടെ നില്‍ക്കട്ടെ. ഈ വിഷയത്തിലും സമാന്തരമായി ഗൗരവപരമായ ചോദ്യം ഉയരുന്നുണ്ട്. ഇപ്പോഴും നമ്മള്‍ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ മേന്മയില്‍ ഊറ്റം കൊണ്ടിരിക്കുന്നവരാണ് എന്നതാണത്. ഉന്നതവിദ്യാഭ്യാസത്തില്‍ ഇന്ത്യയില്‍ തന്നെ ഏറെ പുറകിലാണ് നമ്മള്‍. ഉന്നതവിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താന്‍ പലതും ചെയ്യുമെന്ന പ്രസ്താവനകളല്ലാതെ നടപടികളൊന്നും കാര്യമായി കാണുന്നില്ല. പരമ്പരാഗതമായ കുറെ പ്രത്യയശാസ്ത്രശാഠ്യങ്ങള്‍ വലിച്ചെറിയാതെ അത് സാധ്യവുമല്ല. വിദ്യാര്‍ത്ഥികള്‍ പുറത്തുപോകട്ടെ. പക്ഷെ ഒപ്പം കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയുടെ നിലവാരമുയര്‍ത്താനും അതിന്റെ തുടര്‍ച്ചയായി അതിനനുസൃതമായ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും കഴിയണം. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ ഈ വിഷയത്തില്‍ കുറെ സൂചനകള്‍ ഉണ്ടെങ്കിലും അവ പ്രായോഗികമാക്കാനുള്ള നടപടികള്‍ ഉണ്ടാകുമോ എന്നു കാത്തിരുന്നു കാണേണ്ടിവരും.

മുഖ്യമന്ത്രിയുടെ മറ്റൊരു അത്ഭുതം മത്സ്യസമ്പത്ത് വന്‍തോതില്‍ വാരിയെടുക്കുന്ന നോര്‍വെയിലെ വന്‍കപ്പലുകളാണ്. ഈ വിഷയം കേരളത്തിലും ഇന്ത്യയിലുമെല്ലാം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതും നിരവധി സമരങ്ങള്‍ക്ക് വഴിതെളിയിച്ചതുമാണെന്നതും മുഖ്യമന്ത്രിക്കറിയില്ലേ? ്ആധുനിക ടെക്‌നോളജി വേണം, എന്നാല്‍ കടല്‍സമ്പത്ത് ഭീമമായ തോതില്‍ കവര്‍ന്നെടുക്കരുത്, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കടലിലെ അവകാശം അംഗീകരിക്കണം എന്നതൊക്കെയാണ് പൊതുവില്‍ നമ്മളെത്തിയിട്ടുള്ള നിലപാട്. നോര്‍വെ മോഡല്‍ അതേപടി പകര്‍ത്താന്‍ നമുക്കെങ്ങിനെ കഴിയും? ഈ വിഷയങ്ങളിലെല്ലാം ആത്യന്തികമായി മുഖ്യമന്ത്രിക്ക് ഒരു തെറ്റു സംഭവിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അത് അവിടത്തെ അവസ്ഥയൊക്കെ കണ്ട് ആശ്ചര്യം കൊള്ളുമ്പോള്‍ ഇവിടത്തെ അവസ്ഥ എന്താണെന്നും ആ ആശ്ചര്യത്തിനു പുറകില്‍ പോകുമ്പോള്‍ നമ്മുടെ ഭാവി എന്താകുമെന്നും അദ്ദേഹം തിരിച്ചറിയുന്നില്ല എന്നതാണത്. മാറ്റങ്ങള്‍ വേണം, ലോകം കൈക്കുമ്പിളില്‍ ഒതുങ്ങുമ്പോള്‍ മുഖം തിരിക്കരുത്. പക്ഷെ ആത്യന്തികമായി അത് നമ്മുടെ വികാസത്തെ ലക്ഷ്യമാക്കിയാകണം, ആ ദിശയിലുള്ള നടപടികള്‍ വേണം. അതാണ് ഒരു ജനകീയ സര്‍ക്കാരിന്റെ ഉത്തരവാദിത്തം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply