രോഗികളുടെ അവകാശങ്ങള്‍ അംഗീകരിക്കുമ്പോഴാണ് ഡോക്ടേഴ്‌സ് ഡേക്ക് പ്രസക്തിയുണ്ടാകുന്നത്

ഏറെ ആഘോഷത്തോടെയായിരുന്നു ഈ വര്‍ഷത്തെ ഡോക്ടേഴ്‌സ് ഡേ കടന്നുപോയത്. കൊവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തില്‍ ഒന്നരവര്‍ഷമായി ജീവന്‍ കൈപിടിച്ചു സ്വന്തം ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നവരാണ് വലിയൊരു വിഭാഗം ഡോക്ടര്‍മാരും. അതിനാല്‍ തന്നെ സമൂഹത്തിലെ വലിയൊരു വിഭാഗത്തില്‍ നിന്നുള്ള വൈകാരികമായ പിന്തുണ അവര്‍ക്കൊപ്പമുണ്ട്. അതാവശ്യവുമാണ്. അതേസമയം തങ്ങളില്‍ സമൂഹം കാണുന്ന പ്രതീക്ഷക്കൊപ്പം ഉയരാന്‍ ഡോക്ടര്‍മാര്‍ക്കാകുന്നുണ്ടോ എന്ന ആത്മപരിശോധനയും ഇത്തരമൊരു ദിനാഘോഷത്തില്‍ അനിവാര്യമായിരുന്നു. അതുപക്ഷെ എവിടേയും കാണുകയുണ്ടായില്ല. രോഗികളുടെ അവകാശങ്ങളോട് ഡോക്ടര്‍മാര്‍ എത്രമാത്രം നീതി പുലര്‍ത്തുന്നുണ്ട് എന്നതാണ് അവരെ വിലയിരുത്തേണ്ട ആദ്യമാനദണ്ഡം. വിദ്യാര്‍ത്ഥികളോടുള്ള അധ്യാപകരുടെ ഉത്തരവാദിത്തം പോലെതന്നെ. അത്തരമൊരു വിഷയം പക്ഷെ ഒരു ഡോക്ടേഴ്‌സ് ഡേക്കും ചര്‍ച്ചയാകാറില്ല.

ഡോക്ടര്‍മാരും മരണപ്പെടുന്ന രോഗികളുടെ ബന്ധുക്കളുമായുളള സംഘര്‍ഷം കേരളത്തില്‍ വര്‍ദ്ധിച്ചുവരുകയാണ്. ആശുപത്രികളും ഡോക്ടര്‍മാരും പലപ്പോഴഉം അക്രമിക്കപ്പെടുന്നു. കഴിഞ്ഞ ദിവസവും അത്തരമൊൈരു സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി ഡോക്ടര്‍മാരുടെ സമരം നടന്നു. തീര്‍ച്ചയായും നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. അപ്പോഴും അതിനൊരു മറുവശമുണ്ട്. ചികിത്സാപിഴവെന്ന ആരോപണങ്ങളില്‍ നിയമത്തിന്റെ വഴിയെപോയി നീതി ലഭിക്കുക എളുപ്പമല്ല. കോടതികള്‍ ആശ്രയിക്കുക ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകളെ തന്നെയാണല്ലോ. വേണ്ടത് അത്തരത്തിലുള്ള സംശയങ്ങള്‍ ഉണ്ടാകാനിടയുള്ള അവസരങ്ങള്‍ ഇല്ലാതാക്കുകയാണ്. അവിടെയാണ് രോഗികളുടെ അവകാശങ്ങളുടെ പ്രസക്തി. അവ അംഗീകരിച്ച് അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായാല്‍ ഇത്തരം ആരോപണങ്ങള്‍ ഉയരില്ല എന്നുറപ്പ്. ഡോക്ടര്‍മാര്‍ സംഘടിതരും രോഗികള്‍ അസംഘടിതരമാണെന്നതും മറക്കരുത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

രോഗിയുടെ പ്രശ്നങ്ങള്‍ വിശദമായി കേള്‍ക്കാന്‍ പോലും മിക്കപ്പോഴും സമയമില്ലാത്തവരാണ് നമ്മുടെ ഡോക്ടര്‍മാര്‍. അതുവഴി രോഗിയുടെ സ്വാഭാവികമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ്. എന്താണ് രോഗം, നല്‍കാന്‍ പോകുന്ന ചികിത്സ എന്തൊക്കെ, തുടര്‍നടപടികള്‍ എന്തായിരിക്കും, ഭവിഷ്യത്തുക്കള്‍ ഉണ്ടെങ്കില്‍ അവയുടെ സാധ്യത എത്രത്തോളം. ചിലവ് എത്രത്തോളം എന്നിവയെല്ലാം രോഗി/അടുത്ത ബന്ധുക്കള്‍ എന്നിവരെ അറിയിക്കാന്‍ ഡോക്ടര്‍മാര്‍ ബാധ്യസ്ഥരാണ്. അത് രോഗികളുടെ അവകാശമാണ്. കഴിഞ്ഞില്ല, രോഗത്തിന്റെ സ്വഭാവവും രോഗിയുടെ സാമൂഹ്യ-സാമ്പത്തിക-ഗാര്‍ഹിക പാശ്ചാത്തലവും പരിഗണിച്ച്, ആശുപത്രിയിലോ സമീപപ്രദേശത്തോ ലഭ്യമായ സാന്ത്വന ചികിത്സയെക്കുറിച്ചും രോഗിയെ/ബന്ധുക്കളെ അറിയിക്കണം, രോഗിക്ക് ലഭി ക്കേണ്ട ആദരം, സ്വകാര്യത, മാന്യത, രോഗിയുടെ ശരീരം, ആത്മാഭിമാനം, സ്വകാര്യത ഇവയെല്ലാം ആദരിക്കപ്പെടണം. രോഗത്തിന് ലഭ്യമായ അലോപ്പതി ചികിത്സാവിധികള്‍ക്ക് പുറമെ ലഭ്യമായ മറ്റ് രോഗനിവാരണമാര്‍ഗ്ഗങ്ങള്‍ (ആയുര്‍വ്വേദം, ഹോമിയോ, പ്രകൃതിജീവനം തുടങ്ങിയവ) സംബന്ധിച്ച വിവരവും രോഗികള്‍ക്ക് നല്‍കണം, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സൗജന്യ ചികിത്സാപദ്ധതികള്‍, ഇന്‍ഷുറന്‍സ് സേവനങ്ങള്‍, അതത് കാലങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ ബഡ്ജറ്റില്‍ പ്രഖ്യാപിക്കുന്ന ഇതര സൗജന്യ ചികിത്സാ പദ്ധതികള്‍ എന്നിവ സംബന്ധിച്ച് രോഗിയെ/ ബന്ധുക്കളെ ധരിപ്പിക്കണം, ചികിത്സിക്കുന്ന ഡോക്ടറുടെ പേര്, സവിശേഷ യോഗ്യതകള്‍ എന്നിവ അറിയിക്കണം, ഏതൊരു ഘട്ടത്തിലും ചികിത്സ നിഷേധിക്കാനുള്ള അവകാശം, മറ്റൊരു ഡോക്ടറേയോ ആശുപത്രിയിലോ ബന്ധപ്പെട്ട് വിദഗ്ദ്ധാഭിപ്രായം തേടാനുള്ള അവകാശം എന്നിവയും രോഗിക്ക് ലഭ്യമാകണം, ചികിത്സ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന രോഗിക്ക് തന്റെ രോഗം സംബന്ധിച്ച കണ്ടെത്തലുകള്‍ എന്തൊക്കെ, നല്‍കപ്പെട്ട ചികിത്സകള്‍ എന്തൊക്കെ, തുടര്‍ചികിത്സകള്‍, രോഗസാധ്യതകള്‍, എന്നിവ സംബന്ധിച്ച വ്യക്തമായ റിപ്പോര്‍ട്ട് രേഖാമൂലം ലഭിക്കണം, പരാതികളുണ്ടെങ്കില്‍, ആരുടെ പക്കല്‍ എപ്രകാരം നല്‍കണം, അതിന്റെ രഹസ്യ സ്വഭാവം സംരക്ഷിക്കപ്പെടുമോ, പരാതിയിന്മേല്‍ നടത്തപ്പെട്ട അന്വേഷണം, സ്വീകരിച്ച നടപടികള്‍-എന്നിവ സംബന്ധിച്ച വ്യക്തത രോഗിക്ക് ലഭിക്കണം. ബില്‍ തര്‍ക്കങ്ങളുടെ പേരില്‍ രോഗിയേയോ മൃതദേഹത്തേയോ തടഞ്ഞുവെക്കരുത്. രോഗിക്കും അവരുടെ ഉറ്റവര്‍ക്കും കാണത്തക്കവിധം ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയ പരസ്യബോര്‍ഡുകള്‍ ആശുപത്രിയുടെ കവാടത്തിലും, വിവരങ്ങള്‍ നല്‍കുന്ന ഫ്രണ്ട് ഓഫീസിന്റെ സമീപത്തും സ്ഥാപിക്കണം. രോഗികളുടെ ഇത്തരം അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നുതന്നെയല്ലേ മറുപടി? രോഗിക്ക് വായിച്ചാല്‍ മനസ്സിലാകുന്ന രീതിയില്‍ മരുന്നുകളുടെ പേരുപോലും എഴുതാന്‍ ഡോക്ടര്‍മാര്‍ തയ്യാറല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബില്ലുകള്‍ പോലും പലപ്പോഴും ലഭിക്കില്ല. ചികിത്സാനിരക്കുകളില്‍ ഏകീകരണമില്ല.

ആരോഗ്യം മൗലികാവകാശവും മനുഷ്യാവകാശവുമായി ഇന്ത്യന്‍ ഭരണഘടനയും അന്താരാഷ്ട്ര ഉടമ്പടികളും അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍തന്നെ രോഗിയുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടത് സേവനദാതാക്കളായ ആശുപത്രി മാനേജ്‌മെന്റുകളുടേയും ഡോക്ടറും നേഴ്‌സുമാരുമടങ്ങുന്ന സ്റ്റാഫിന്റേയും ഉത്തരവാദിത്തമാണ്. അതെത്രമാത്രം നല്‍കാന്‍ തങ്ങള്‍ക്കാവുന്നു എന്നായിരുന്നു ഡോക്ടേഴിസ് ദിനത്തിലെങ്കിലും ഡോക്ടര്‍മാര്‍ പിരിശോധിക്കേണ്ടിയിരുന്നത്. എന്നാല്‍ വന്‍കിട ആശുപത്രി മാനേജ്‌മെന്റുകളുടേയും മരുന്നു കമ്പനികളുടേയും മറ്റും ഏജന്റുമാരായി മാറുന്ന അവസ്ഥയാണ് പലപ്പോഴും ഡോക്ടര്‍മാരുടേത്. ്അതിനായി അനാവശ്യമായ പരിശോധനകളും ചികിത്സകളും അടിച്ചേല്‍പ്പിക്കുന്ന കാര്യം പരസ്യമായ രഹസ്യമാണല്ലോ. സാമ്പത്തികമായി ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന വിഭാഗമാണ് ഇന്നു രോഗികള്‍. രോഗങ്ങളെകുറിച്ചും ചികിത്സകളെ കുറിച്ചും കാര്യമായി അറിയാത്തതിനാല്‍ വെറും ഗിനിപ്പന്നികളായി മാറേണ്ട അവസ്ഥ. പ്രതിഷേധിക്കാനോ പ്രതികരിക്കാനോ അഭിപ്രായം പറയാനോ പോലും ഒരു സാധ്യതയുമില്ല. സര്‍ക്കാര്‍ സംവിധാനങ്ങളാകട്ടെ ഇപ്പോഴും ദുര്‍ബ്ബലമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് തുടക്കത്തില്‍ പറഞ്ഞപോലെ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നത്. രോഗികളുടെ അവകാശങ്ങള്‍ അംഗീകരിച്ച ചികിത്സിച്ചാല്‍ മാത്രം മതി, അവ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുമെന്നുറപ്പ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡ് കാലത്തുപോലും രോഗികളോട് പ്രതിബദ്ധത പുലര്‍ത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറാകാതിരുന്ന ഒരുദാഹരണം പറയാം. സംസ്ഥാനത്ത് കൊവിഡും കൊവിഡാനന്തര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട മരിച്ച നിരവധി പേര്‍ കൊവിഡ് മരണലിസ്റ്റില്‍ പെട്ടിട്ടില്ല എന്ന വിവരം ഏറെകാലമായി ചര്‍ച്ച ചെയ്യുന്നതാണല്ലോ. മരണത്തിന്റെ എണ്ണം കുറക്കുക എന്നതായിരുന്നു അതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത് എന്നതും വ്യക്തം. എന്നാലതിലൂടെ കൊവിഡ് മരണവുമായി ബന്ധപ്പെട്ടു നല്‍കുന്ന സര്‍ക്കാര്‍ സഹായങ്ങളാണ് മരിച്ചവരുടെ വീട്ടുകാര്‍ക്ക് നഷ്ടപ്പെടുന്നത്. ഏതൊരു രോഗിയുടേയും മരണം സ്ഥിരീകരിക്കാനും കാരണം പ്രഖ്യാപിക്കാനുമുള്ള അവകാശം ചികിത്സിച്ച ഡോക്ടര്‍ക്കായിരിക്കെ, സംസ്ഥാനത്ത് അത് നിഷേധിക്കപ്പെടുകയായിരുന്നു. മറിച്ച് സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ചില ഏജന്‍സികളാണ് അതു തീരുമാനിച്ചിരുന്നത്. തങ്ങളുടെയും രോഗികളുടേയും അവകാശങ്ങള്‍ നിഷേധിച്ചിരുന്ന ഈ നടപടിക്കെതിരെ ഡോക്ടര്‍മാര്‍ കാര്യമായൊന്നും പ്രതികരിച്ചില്ല എന്നതല്ലേ സത്യം? പ്രതിപക്ഷവും ജനങ്ങളും ശക്തമായി പ്രതികരിച്ചപ്പോഴാണ് ആ തീരുമാനം മാറ്റിയത്. ഇപ്പോഴിതാ മരിച്ചവരുടെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന് സുപ്രിംകോടതി വിധി വന്നിരിക്കുന്നു. പക്ഷെ നൂറുകണക്കിനുപേര്‍ക്ക് അതുനിഷേധി്ക്കപ്പെടുന്ന അവസ്ഥയാണുള്ളത്. പ്രാദേശികമായ ഒരു സംഭവത്തിന്റെ പേരില്‍ സംസ്ഥാനവ്യാപകമായി സമരം നടത്തിയവര്‍ ഈ ഗുരുതരമായ വിഷയത്തെ കുറിച്ച് മൗനമായിരുന്നു. സുപ്രിംകോടതിവിധിക്കു ശേഷമിതാ മുന്‍മരണങ്ങളുടെ കാര്യത്തില്‍ പരാതികളുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി പറയുന്നു. ഇത്തരമൊരു വീഴ്ചയില്‍ ഡോക്ടര്‍മാര്‍ക്കും അവരുടെ സംഘടനകള്‍ക്കും ഉത്തരവാദിത്തമുണ്ട് എന്നു പറയാതിരിക്കാനാവില്ല. രോഗികളുടെ അവകാശങ്ങള്‍ അംഗീകരിക്കുക എന്നതാണ് ഏതൊരു ഡോക്ടറുടേയും പ്രാഥമികകടമ. അതേകുറിച്ചു പക്ഷെ ഡോക്ടഴേസ് ദിനത്തിലെങ്കിലംു ആരും പറഞ്ഞില്ല എന്നുമാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply