വൈജ്ഞാനിക പ്രഭാവം വീണ്ടെടുക്കാനാകുന്നില്ലെങ്കില്‍ മാര്‍ക്‌സിസം മതഗ്രന്ഥമാകും

അമര്‍ചിത്രകഥകളിലെ പോലെയോ മറ്റോ ഒരു പള്‍പ് സാഹിത്യമല്ല മാര്‍ക്‌സിസം. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ബൗദ്ധിക വിജ്ഞാനങ്ങളോടൊപ്പം സഞ്ചരിച്ച് അവയെ പലപ്പോഴും വഴി നയിക്കാന്‍ കൂടി പ്രാപ്തമായിരുന്നു അത് അതിന്റെ ആദ്യ ദശകങ്ങളിലെങ്കിലും. മാര്‍ക്‌സിസത്തിനും അതിന്റെ വൈജ്ഞാനിക പ്രഭാവം വീണ്ടെടുക്കാനാകുന്നില്ലെങ്കില്‍ മാര്‍ക്‌സിസം മതഗ്രന്ഥമാകും

മലയാളി രാഷ്ട്രീയത്തിലെ മാര്‍ക്‌സിസത്തിന്റെ ദയനീയനില വെളിപ്പെടുത്തുന്നതാണ് ഇന്ത്യന്‍ ഭരണഘടനയുമായി ചേര്‍ന്ന് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഏറിയ പങ്കും . മാര്‍ക്‌സിസത്തെക്കുറിച്ചും ഭരണകൂടം, ഭരണഘടന, നിയമ വ്യവസ്ഥ എന്നിവയെക്കുറിച്ചുമെല്ലാമുള്ള അജ്ഞത മാത്രമാണിത് ഒരേ സമയം വെളിവാക്കുന്നത്. നിലപാടുകളിലെ വ്യത്യാസമല്ല അടിസ്ഥാന സാക്ഷരത തന്നെയാണിവിടെ പ്രശ്‌നമാകുന്നതും.

മാര്‍ക്‌സ് ഒരു മതപ്രവാചകനോ അദ്ദേഹത്തിന്റെ കൃതികള്‍ വിശുദ്ധ ഗ്രന്ഥങ്ങളോ അല്ല. സ്വന്തം ജീവിതകാലത്തു തന്നെ വളരുന്ന പുതിയ അറിവുകള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരുന്നതും പ്രശ്‌നവല്കരിക്കപ്പെട്ടവയുമാണ് അവയിലെ പല നിലപാടുകളും എന്നും കാണാം. മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും കാലത്തിനു ശേഷം ഏതാണ്ട് ഒന്നര നൂറ്റാണ്ടോളമാകുന്ന ഇക്കാലത്തിനിടയില്‍ ഉണ്ടായിക്കൊണ്ടിരുന്ന വിജ്ഞാന വിസ്‌ഫോടനങ്ങള്‍ ശ്രദ്ധിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന കാര്യം അവരുടെ ചിന്തകളെ രൂപപ്പെടുത്തിയ അന്നത്തെ ജ്ഞാന വ്യവസ്ഥാപരിസരത്തിന്റെ പിന്നോക്കനിലയാണ്. പ്രപഞ്ചം അതിന്റെ സൂക്ഷ്മത്തിലും സ്ഥൂലത്തിലും മനുഷ്യ ചരിത്രവുമെല്ലാം സ്ഥലത്തിലും കാലത്തിലും ഇന്നത്തെക്കാള്‍ അനേകമടങ്ങ് ചെറുതായിരുന്നു അന്ന് . അപ്പോഴും ഇന്നും പ്രസക്തമായ കാലത്തെ അതിജീവിക്കുന്ന ഉള്‍ക്കാഴ്ചകള്‍ സൂക്ഷിച്ചു എന്നതാണവരുടെ വലുപ്പം. എന്നാലിതവരുടെ ചിന്തകളുടെ പരിമിതിയെ തിരിച്ചറിയാതിരിക്കുന്നതിന് ന്യായീകരണവുമല്ല. ഇന്ന് നടക്കുന്ന ചര്‍ച്ചകളുമായി ചേര്‍ത്ത് ഇത്രയൊക്കെ പറയണോ എന്നത് മറ്റൊരു കാര്യമാണ്. കാരണം മാര്‍ക്‌സും എംഗല്‍സും എഴുതിയവയെ കുറിച്ചു തന്നെ വിദൂരമായ ചില കേട്ടറിവുകള്‍ക്കപ്പുറമൊന്നും ഈ ചര്‍ച്ചകളിലില്ല. ഫലത്തില്‍ സമൂഹത്തോടും മനുഷ്യനോടും വിജ്ഞാനത്തോടുമെല്ലാമുള്ള കുറ്റകരമായ അനാസ്ഥയോ പാതകങ്ങളോ ഒക്കെയായാണിവ മാറുന്നതും.

വര്‍ഗ്ഗങ്ങളും വര്‍ഗ്ഗസമരവുമാണ് മാര്‍ക്‌സിസത്തിന്റെ കേന്ദ്രപരിഗണന എന്നു പറയാം. മാര്‍ക്‌സ് സ്വയം വ്യക്തമാക്കിയിട്ടുള്ള പോലെ അന്ന് നിലനിന്നിരുന്ന ചരിത്ര പാഠങ്ങളില്‍ നിന്ന് തന്നെ സ്വീകരിച്ചതുമാണിത്. ഒരു ജ്ഞാന വ്യവഹാരം എന്നതിലപ്പുറം എംഗത്സിന്റെ ഇംഗ്ലണ്ടിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള പഠനം കാണിക്കുന്ന പോലെ ഇന്ന് ആധുനിക തൊഴിലാളിവര്‍ഗ്ഗത്തിന് ചിന്തനീയം പോലുമല്ലാത്ത അന്നത്തെ തൊഴില്‍ ജീവിത സാഹചര്യങ്ങളുടെ നേര്‍കാഴ്ചകള്‍ കൂടി ഇതില്‍ പങ്കു വഹിച്ചിരിക്കണം. ‘നാളിതു വരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വര്‍ഗ്ഗസമരങ്ങളുടെ ചരിത്രമാണ് ‘ എന്ന പ്രസ്താവനയോടെയാണ് മാനിഫെസ്റ്റോയുടെ ഒന്നാം ഖണ്ഡമാരംഭിക്കുന്നതും. എന്നാല്‍ ഈ കേന്ദ്ര നിലപാടു പോലും പില്‍ക്കാലത്ത് എംഗല്‍സ് തിരുത്തുന്നുണ്ട്. 1888 ലെ ഒരടിക്കുറിപ്പില്‍ എംഗല്‍ സെഴുതുന്നു: ‘അതായത് ലിഖിത ചരിത്രം മുഴുവനുമെന്നര്‍ത്ഥം’ മനുഷ്യസമൂഹത്തിന്റെ ലിഖിതചരിത്രത്തിന് മുമ്പുള്ള സാമൂഹ്യഘടനയെ സംബന്ധിച്ച വിവരങ്ങള്‍ 1847ല്‍ മിക്കവാറും അജ്ഞാതമായിരുന്നു ‘ .

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ന് പല ശാഖീകരണങ്ങളോടെ വികസിച്ചു കഴിഞ്ഞ ആന്ത്രോപോളജി എന്ന ജ്ഞാനശാഖ മാര്‍ക്‌സിന്റെ ജീവിതാവസാന കാലത്ത് പുറത്തിറങ്ങിയ മോര്‍ഗന്റെ കൃതിയോടെ രൂപപ്പെട്ടു വരുന്നേയുണ്ടായിരുന്നുള്ളു. അന്നീ മുമ്പുള്ള കാലം അജ്ഞാതമായിരുന്ന ‘എഴുതപ്പെട്ട മനുഷ്യചരിത്ര’ത്തിന് കുറച്ചായിരം വര്‍ഷങ്ങളുടെ ദൈര്‍ഘ്യമേ ഉണ്ടായിരുന്നുമുള്ളു. അന്ന് ‘വികസിത’ മനുഷ്യരായി കണ്ട യൂറോപിനു പുറത്തുള്ള ചരിത്രം കണ്ടെത്തുന്നതുമായി കൂടി ആന്ത്രോപോളജിയുടെ തുടക്കങ്ങളെ ചേര്‍ത്ത് വായിക്കുകയുമാകാം.

ഹോമോ സാപിയന്‍ എന്ന നാമുള്‍പെടുന്ന സ്പീഷീസിനു തന്നെ നാലു ലക്ഷം വര്‍ഷത്തിലധികം പ്രായം കണ്ടേക്കാമെന്ന് പാലിയോ ആന്ത്രോപോളജി സൂചിപ്പിക്കും. എന്നാല്‍ വാനരനില്‍ നിന്ന് നരനിലേക്കുള്ള മാറ്റം പ്രതിപാദിക്കുന്ന എംഗല്‍സിന്റെ കൃതി പറയുന്നതു വെച്ചു നോക്കിയാല്‍ അക്കാലത്തെ മനുഷ്യസങ്കല്പം ഇന്നത്തെ ഹോമോ സാപിയന്‍ മാത്രമെന്ന് പറയാനാകില്ല. ഇരു കാലില്‍ നടന്നു തുടങ്ങിയ പണിയായുധങ്ങളുപയോഗിച്ചു തുടങ്ങിയ ജീവി വംശമാണത്. അപ്പോള്‍ ചുരുങ്ങിയത് നാലു ദശലക്ഷത്തിലേറെയെങ്കിലും ദൈര്‍ഘ്യം വരുമതിന് . ആറ് ഏഴ് ദശലക്ഷത്തിനിടയില്‍ വരുമെന്നും എഴുതിക്കണ്ടിട്ടുണ്ട്. ഇതിനിടയില്‍ ഈ കുടുംബത്തില്‍ അഞ്ചോ ആറോ അതിലധികമോ സ്പീഷീസുകള്‍ ഉള്‍പെടുകയും ചെയ്യും. തീയെ മെരുക്കല്‍, കടല്‍ സഞ്ചാരം, ഭാഷയുടെ പ്രാഥമിക രൂപത്തിലെങ്കിലുമുള്ള ഉപയോഗം എന്നിവയെല്ലാം ചുരുങ്ങിയത് ഒരു ദശലക്ഷം വര്‍ഷം മുമ്പെങ്കിലും വരണം. പരിണാമവാദത്തിലെ ലാമാര്‍ക്കിസം ഏംഗല്‍സിന്റെ മേല്‍ കൃതിയിലെ പ്രധാന സ്വാധീനമായിക്കാണാം. അവയവങ്ങളുടെ സ്ഥിരമായ ഉപയോഗവും നിരുപയോഗവുമായി ചേര്‍ന്ന് വരുന്ന സ്വാഭാവികമാറ്റങ്ങള്‍ എന്ന വഴിയാണത് മനുഷ്യ പരിണാമത്തെ വിശദീകരിച്ചത്. ജനിതകശാസ്ത്രം പോലും രൂപപ്പെട്ടിട്ടില്ലാത്ത അന്നത് ഒരു പരിമിതി മാത്രമായി കാണാവുന്നതുമാണ്. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ട് കഴിഞ്ഞ് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് മാര്‍ക്‌സിസ്റ്റ് പാഠപുസ്തകത്തില്‍ പാര്‍ട്ടിയുടെ സൈദ്ധാന്തിക നേതൃത്വങ്ങളതാ വര്‍ത്തിക്കുമ്പോള്‍ അതൊരു പരിഹാസ്യമായ അജ്ഞതയായേ കാണാന്‍ പറ്റു . മോര്‍ഗന്‍ ഇന്ന് മുകളില്‍ സൂചിപ്പിച്ച വിധം ഏറെ വികസിച്ചു കഴിഞ്ഞ നരവംശശാസ്ത്രത്തിന്റെ ആദ്യാക്ഷരങ്ങളിലൊന്നു മാത്രമാണെന്ന് കാണാതെ, മോര്‍ഗനെ ആധാരമാക്കി എംഗല്‍സെഴുതിയ കുടുംബം സ്വകാര്യ സ്വത്ത് ഭരണകൂടം എന്നിവയെക്കുറിച്ചുള്ള കൃതിയാവര്‍ത്തിക്കുന്നതായിരുന്നു ഈ ലേഖകനടക്കമുള്ള തലമുറയുടെ ഏറ്റവും വലിയ പാണ്ഡിത്യഗര്‍വ്വം. മലയാളി മാര്‍ക്‌സിസ്റ്റ് പാരമ്പര്യത്തിന്റെ നിലവാരത്തെക്കുറിച്ചുള്ള തിരിച്ചറിവ് ഇന്ന് ഏറെ പ്രാധാന്യമുള്ളതാണെന്നതു കൊണ്ട് മാത്രമാണിതെഴുതുന്നതും. പ്രധാനവിഷയം ചരിത്രത്തിലും അതുവഴി സാമൂഹ്യവിശകലനത്തിലും വര്‍ഗ്ഗങ്ങള്‍ക്കും വര്‍ഗ്ഗവീക്ഷണമെന്ന പരമ്പരാഗത മാര്‍ക്‌സിസ്റ്റ് നിലപാടിനുമുള്ള പ്രസക്തി പുനര്‍ നിര്‍വചിക്കേണ്ടതുണ്ടെന്നാണ്. അല്ലാത്ത പക്ഷം അതൊരു വിദൂഷകവേഷമാകും.

മിച്ചമൂല്യത്തെക്കുറിച്ചുള്ള തൊഴിലാളി മുതലാളി ദ്വന്ദത്തില്‍ മാത്രമായി ചുരുക്കുന്ന ന്യൂനീകൃത (reductionist) വായനയാണ് മാര്‍ക്‌സിനു ശേഷം പ്രചാരം നേടിയത് എന്നതും ഇതുമായി ചേര്‍ത്തു വായിക്കണം. സോവിയറ്റ് കാലത്തടക്കം ചരക്കുല്പാദനം, മൂല്യനിയമം, മിച്ചമൂല്യം, വിപണി തുടങ്ങിയ അടിസ്ഥാന സാമ്പത്തിക ശാസ്ത്ര സംവര്‍ഗങ്ങളെക്കുറിച്ചും വ്യത്യസ്ത സാമൂഹ്യ വ്യവസ്ഥകളില്‍ അവയെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചും സൂക്ഷ്മമായ അന്വേഷണങ്ങളൊന്നും വേണ്ടത്ര ഉണ്ടായില്ല എന്നതാണ് വാസ്തവം. മാര്‍ക്‌സ് എല്ലാം ശരിയായി കണ്ടിരുന്നോ എന്നതിനെക്കാള്‍ മാര്‍ക്‌സില്‍ കാണുന്ന ആഴവും പരപ്പും പില്കാലത്ത് മാര്‍ക്‌സിസത്തിന് നഷ്ടമായി എന്നതാണ് പ്രധാനം.

മാര്‍ക്‌സിന്റെ സമ്പദ് ശാസ്ത്രത്തിലെ ഏറ്റവും വലിയ സംഭാവനയായാണ് മിച്ചമൂല്യസിദ്ധാന്തത്തെ കാണുന്നത്. എല്ലാ മൂല്യങ്ങളുടെയും അടിസ്ഥാനം അദ്ധ്വാനമാണെന്ന സിദ്ധാന്തം നേരത്തേ ക്ലാസിക്കല്‍ സാമ്പത്തിക ശാസ്ത്രത്തിലുണ്ട്. അപ്പോഴും മുതലാളിത്തലാഭം എങ്ങനെ എന്നതിനെക്കുറിച്ച് ഒരു കുറ്റമറ്റ സിദ്ധാന്തം നിലവിലുണ്ടായിരുന്നില്ല. അദ്ധ്വാനത്തെ അതിന്റെ മൂല്യത്തെക്കാള്‍ വില കുറച്ചു വാങ്ങുക വഴിയെന്ന വിധം വിനിമയത്തിലൂന്നിയാണ് റിക്കാര്‍ഡോ അതിനെ കണ്ടത്. തിരിച്ച് ഉല്പാദന പ്രക്രിയയില്‍ തന്നെ അതിന് വിശദീകരണം തേടുകയാണ് മിച്ചമൂല്യ സിദ്ധാന്തത്തിലൂടെ മാര്‍ക്‌സ് ചെയ്യുന്നത്.

തൊഴിലാളിയുടെ അദ്ധ്വാനത്തെയല്ല, ഒരു നിശ്ചിത സമയത്തേക്ക് അദ്ധ്വാന ശക്തിയെയാണ് മുതലാളി വിലക്കെടുക്കുന്നതെന്ന് മാര്‍ക്‌സ് പറഞ്ഞു. അദ്ധ്വാന ശക്തിയുടെ വിനിയോഗം അതിന്റെ മൂല്യത്തെക്കാള്‍ കവിഞ്ഞ മൂല്യത്തെ ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് എന്നതാണ് മിച്ചമൂല്യമായി മാറുന്നത്. മൂലധനം ഒന്നാം വാള്യത്തില്‍ മുതലാളിത്ത ചൂഷണമായി മാര്‍ക്‌സ് വിശദീകരിക്കുന്നതും ഇതാണ്. എന്നാല്‍ മറ്റു പല കാര്യങ്ങളിലുമെന്ന പോലെ പിന്നീട് മാര്‍ക്‌സ് ഇതിനെയും പ്രശ്‌നവല്കരിക്കുന്നുണ്ട്. മൂലധനം മൂന്നാം വോള്യത്തില്‍ മിച്ചാദ്ധ്വാനവും മിച്ചമൂല്യവുമെല്ലാം എല്ലാ സമൂഹങ്ങള്‍ക്കും പൊതുവാണെന്നും ഇത് ഉല്പാദനശക്തികളുടെ വികാസത്തിനു പയോഗിക്കപ്പെടുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

മിച്ചാദ്ധ്വാനത്തിനുള്ള ശേഷി ആദ്യത്തെ കല്ലായുധവും വേട്ടയാടലിനുള്ള സാമൂഹ്യസൂത്രങ്ങളും മുതല്‍ അവനാര്‍ജ്ജിക്കുന്ന സാങ്കേതിക വളര്‍ച്ചയുടെ നിലവാരവുമായി ചേര്‍ന്നു നില്ക്കുന്നു എന്നതാണ് ചരിത്ര വസ്തുത. അതാകട്ടെ തൊഴിലാളിയുടെ വ്യക്തിഗതമല്ല, സാമൂഹ്യമാണ്. അതത് കാലത്തെ മാത്രമല്ലാതെ വരും തലമുറകളുടെയടക്കം ജീവിതനിലവാരം ഉയര്‍ത്തുന്ന പൊതുസംസ്‌കൃതിയുടെ വളര്‍ച്ചക്ക് വേണ്ടിക്കൂടി ഉപയുക്തമാക്കേണ്ടതാണ്. അതിലെ വലിയ പങ്ക് ആദിമ മനുഷ്യ കാലം തൊട്ട് തുടങ്ങുന്ന തലമുറകളിലൂടെ കൈമാറിക്കിട്ടുന്നതാണ്. മിച്ചമൂല്യത്തെ തൊഴിലാളി മുതലാളി ദ്വന്ദത്തിനു പുറത്ത് പ്രകൃതി മനുഷ്യബന്ധങ്ങളുടെയും ശാസ്ത്ര സാങ്കേതികതയുടെയടക്കം സാമൂഹ്യചരിത്രത്തിന്റെയുമെല്ലാം കൂടുതല്‍ വിശാലമായ ഒരു പശ്ചാത്തലത്തില്‍ വിശദീകരിക്കേണ്ടതുണ്ട് എന്നാണിത് പറയുക.

സോഷ്യലിസ്റ്റെന്നറിയപ്പെട്ട വ്യവസ്ഥകളിലും മിച്ചമൂല്യം തൊഴിലാളിക്കു തന്നെ നല്കിയിട്ടില്ല. അങ്ങനെ ചെയ്യുന്ന പക്ഷം സാമൂഹ്യവളര്‍ച്ച തന്നെ അതോടെ നിലക്കും എന്നതാണ് കാര്യം. സാമൂഹ്യ സംഘാടനത്തിന്റെയും നിയമ വ്യവസ്ഥയുടെയുമൊന്നും ചട്ടക്കൂട് വ്യത്യസ്ത രൂപങ്ങളിലാകാമെങ്കിലും മനുഷ്യനുപേക്ഷിക്കാനുമാകില്ല. മിച്ചമൂല്യം സമാഹരിക്കുന്നതും കൈകാര്യം ചെയ്യുന്നതുമെല്ലാം അതിന്റെ അധികാര പരിധിക്കുള്ളില്‍ നില നിര്‍ത്തുകയും ചെയ്‌തേ മതിയാകൂ.

വര്‍ഗ്ഗങ്ങളെയും മിച്ചമൂല്യത്തെയും എല്ലാം കുറിച്ചുള്ള മേല്‍ നിലപാടുകള്‍ ഭരണകൂടം ഭരണഘടന തുടങ്ങിയവയെക്കുറിച്ചുള്ള ഇപ്പോഴത്തെ ചര്‍ച്ചകളുമായി കൂടി ചേര്‍ത്തുവായിക്കണം. വര്‍ഗ്ഗാധിപത്യത്തിന്റെ ഉപകരണമാണ് ഭരണകൂടം എന്നതാണ് പൊതുവിലുള്ള അംഗീകൃത ധാരണ. സാമാന്യമായ അര്‍ത്ഥത്തില്‍ ശരിയായിരിക്കുമ്പോള്‍ തന്നെ ഇത് മാത്രമായി ചുരുക്കുന്ന പക്ഷം ഇത്തരം പൊതുതത്വങ്ങള്‍ തെറ്റും ഏകപക്ഷീയവുമായ നിലപാടുകളിലേക്കാവും നയിക്കുക. നിര്‍ദ്ദിഷ്ടവും മൂര്‍ത്തവുമായ സാഹചര്യങ്ങളെ വിലയിരുത്തുന്നതില്‍ അതുവഴി നിസ്സഹായമായിത്തീരുകയും ചെയ്യും. ഉദാഹരണത്തിന് സമഗ്രാധിപത്യ- സ്വേഛാധിപത്യ ഭരണങ്ങളെയും ജനാധിപത്യത്തെയും തമ്മിലുള്ള വ്യത്യാസങ്ങളെ തിരിച്ചറിയാനിത് തീര്‍ത്തും അപ്രാപ്തമാകും. ഇന്നത്തെ ഇന്ത്യയിലേതു പോലുള്ള സാഹചര്യങ്ങളില്‍ ഇതെന്തുമാത്രം തെറ്റാകുമെന്ന് പറയേണ്ടതുമില്ല

മാര്‍ക്‌സും എംഗല്‍സും ഭരണകൂടത്തെ കുറിച്ച് വിശദവും സമഗ്രവുമായ ഒരു സിദ്ധാന്തം രൂപപ്പെടുത്തിയതായി പറയാനാകില്ല ബുര്‍ഷ്വാസിയുടെ മൊത്തത്തില്‍ പൊതുകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്മറ്റിയാണ് ആധുനിക ഭരണകൂടത്തിന്റെ നിര്‍വ്വാഹക സമിതി എന്ന് മാനിഫെസ്റ്റോയില്‍ അവരെഴുതുന്നുണ്ട്. പതിനെട്ടാം ബ്രൂമെയറില്‍ ബോണോപാര്‍ട്ടിസ്റ്റ് ഭരണത്തെക്കുറിച്ചെല്ലാം പറയുമ്പോള്‍ വ്യത്യസ്തമായ നിലപാടുകളും എഴുതുന്നുണ്ട്. എംഗല്‍സ് ഭരണകൂടത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള കൃതിയില്‍ ചില ഘട്ടങ്ങളില്‍ അതൊരു മദ്ധ്യസ്ഥന്റെ പങ്കു വഹിക്കുന്നതിനെക്കുറിച്ചു പറയുന്നുണ്ട്. പില്കാലത്ത് മാര്‍ക്‌സിസ്റ്റ് ഭരണകൂട സിദ്ധാന്തത്തിന്റെ ആധികാരികത നേടിയത് ലെനിന്റെ ഭരണകൂടവും വിപ്ലവവും എന്ന കൃതിയാണ്. ഇതിനദ്ദേഹം പ്രധാന ആധാരമാക്കുന്നത് പാരിസ് കമ്യൂണിന്റെ തൊട്ടടുത്ത സമയത്ത് അതിന്റെ അനുഭവപാഠങ്ങളായി മാര്‍ക്‌സെഴുതിയതാണ്. എന്നാല്‍ കമ്യൂണ്‍ നടന്ന് ഒരു ദശാബ്ദത്തിനു ശേഷം 81 ല്‍ മാര്‍ക്‌സ് അസാധാരണ സാഹചര്യത്തിലുണ്ടായ ഒരു നഗരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് മാത്രമായിരുന്നു അതെന്നും അതിനൊരിക്കലും സോഷ്യലിസ്റ്റാകാനൊന്നുമാകുമായിരുന്നില്ലെന്നും ഒരു കത്തിലെഴുതുക വഴി ഇതിനെ പ്രശ്‌നവല്കരിക്കുന്നുമുണ്ട്. ലെനിന്റെ കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാതിരുന്ന ഈ കത്ത് അദ്ദേഹം കണ്ടിരിക്കാനുമിടയില്ല.

അതത് ഘട്ടങ്ങളില്‍ ഉല്പാദന പ്രക്രിയയിലടക്കം സമൂഹത്തിന്റെ നേതൃസ്ഥാനത്തു വരുന്ന വര്‍ഗ്ഗങ്ങള്‍ക്ക് കൈവരുന്ന ആധിപത്യത്തെ കാണുമ്പോള്‍ തന്നെ സമൂഹത്തിലെ നിരവധിയായ ഗ്രൂപ്പുകളുടെയും വിഭാഗങ്ങളുടെയും ഭരണീയ വര്‍ഗ്ഗങ്ങളുടെയുമെല്ലാം ബലാബലങ്ങളില്‍ ഒരു പൊതുസമ്മതി രൂപപ്പെടുത്തിക്കൊണ്ട ല്ലാതെ ഒരു ഭരണകൂടത്തിനും പൊതുവില്‍ ദീര്‍ഘകാലം തുടരാനാകില്ല എന്നതാണ് ചരിത്രാനുഭവം. സാമ്പത്തിക വര്‍ഗ ഘടനയുമായി ചേര്‍ന്നും കെട്ടു പിണഞ്ഞും തന്നെ സമൂഹത്തില്‍ പുതുതായി ശബ്ദം നേടി വരുന്ന നേരത്തെ അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ ചെറുതും വലുതുമായ പങ്കാളിത്തവും പ്രാതിനിധ്യവും നേടുന്നത് ലോകമെങ്ങും വര്‍ത്തമാനകാല അനുഭവമാണല്ലൊ. ചലനാത്മകമായ ഇന്നത്തെ ലോക സാമൂഹ്യ സാഹചര്യത്തില്‍ ഇത് നിരന്തരമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുമുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വ്യവസ്ഥാക്രമം തന്നെ മാറുക എന്ന അര്‍ത്ഥത്തിലാണെങ്കില്‍ വര്‍ഗങ്ങളെയും വര്‍ഗസമരങ്ങളെയും കുറിച്ചെല്ലാം ഇന്നത്തെ പൊതുധാരണകളില്‍ നിന്ന് വ്യത്യസ്തമായ സങ്കീര്‍ണമായ ഒരു ചിത്രമാകും ചരിത്രത്തില്‍ നിന്ന് കിട്ടുക. അടിമകളും ഉടമകളും തമ്മിലും ഫ്യൂഡലിസവും കര്‍ഷക ജനസാമാന്യങ്ങളും തമ്മിലുമെല്ലാമുണ്ടായ വര്‍ഗസമരങ്ങള്‍ക്ക് ചരിത്രം തീര്‍പു കല്പിച്ചത് മാവോയൊക്കെ വൈരുദ്ധ്യശാസ്ത്രത്തില്‍ പറയുന്ന പോലെ ഇവയിലൊരു വര്‍ഗ്ഗം എതിര്‍വര്‍ഗ്ഗത്തെ അട്ടിമറിച്ച് ആധിപത്യത്തിലെത്തുക വഴിയല്ല. ഈ രണ്ടു വര്‍ഗ്ഗങ്ങള്‍ക്കും പകരം പുതിയ വര്‍ഗ്ഗങ്ങളെ രൂപപ്പെടുത്തിക്കൊണ്ടാണ്.
ഇന്ന് പറഞ്ഞു പോരുന്ന പോലെ അത്ര ലളിതമല്ല ചരിത്രപാഠങ്ങള്‍ എന്ന് സൂചിപ്പിക്കുകയല്ലാതെ, വിശദമായ പ്രതിപാദനം ആവശ്യമായ ഈ വിഷയങ്ങളെക്കുറിച്ചൊന്നും ഒരു തീര്‍പ്പു കല്പിക്കുക ഈ ചെറുകുറിപ്പിന്റെ ലക്ഷ്യവുമല്ല.

എന്തെങ്കിലും തരത്തിലുള്ള ഒരു സൈദ്ധാന്തിക രതിപുര്‍ത്തിയായല്ല ഇത്രയും എഴുതിയത്. ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും വര്‍ഗ്ഗീയതയുടെ കടന്നാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുകയാണ് ഇന്നത്തെ കേന്ദ്ര കടമ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ലേഖകന്‍. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വെച്ച് ഈയൊരൊറ്റ അജണ്ടക്ക് ചുറ്റും മുഴുവന്‍ പ്രതിപക്ഷ കക്ഷികളും വിഭാഗങ്ങളും വ്യക്തികളുമെല്ലാം ഒന്നിക്കാത്ത പക്ഷം അത് രാജ്യത്തിനാ പത്തായേക്കുമെന്ന് അടിയന്തിരാവസ്ഥയിലൂടെ കടന്നുവന്ന തലമുറയില്‍ പെട്ടൊരാളെന്ന നിലയില്‍ ഭയക്കുന്നൊരു വൃദ്ധന്‍. അടിയന്തിരാവസ്ഥക്ക് ആ പേര് തന്നെ സൂചിപ്പിക്കുന്ന പോലെ ഒരു താല്കാലിക സ്വഭാവമുണ്ടായിരുന്നു. ഇന്നവര്‍ വിജയിക്കുകയാണെങ്കില്‍ അത്തരമൊരു പ്രതീക്ഷക്കും പെട്ടെന്നൊരു വകയില്ല.

അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് തന്നെ പ്രവര്‍ത്തനസാദ്ധ്യത ഒരു ബഹുസ്വര ജനാധിപത്യത്തിലേ നിയമപരമായി ലഭിക്കുകയുമുള്ളു. ഇത്തരമൊരു നിര്‍ണ്ണായക സന്ധിയില്‍ മാര്‍ക്‌സിസമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന സൈദ്ധാന്തിക പദാവലികളുപയോഗിച്ചുള്ള പൊള്ളയായ വാചകമടികള്‍ എന്തു മാത്രം വഞ്ചനാപരമാണെന്ന് ഇടതുപക്ഷത്തുളളവരെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ഇതൊരാളുടെ പ്രസംഗത്തില്‍ മാത്രമായി ചുരുക്കാവുന്നതുമല്ല. തീവ്ര ഇടതുപക്ഷത്ത് നിന്നടക്കം പല കോണുകളില്‍ നിന്ന് ഭരണഘടനാ എതിര്‍പ്പിനു കിട്ടിയ പിന്തുണ ഈ വ്യാജ വിപ്ലവ മനോനിലയുടെ വ്യാപ്തിയെയാണ് തുറന്നു കാട്ടിയത്. വ്യക്തികള്‍ സ്വയമറിഞ്ഞല്ലാതെ ഇടതുപക്ഷ സമൂഹത്തിലെ പല ധാരകള്‍ ദിര്‍ഘകാലമായി നിര്‍മ്മിച്ച് നിലനിര്‍ത്തുന്ന പൊള്ളയായ വ്യാജസൈദ്ധാന്തിക പരികല്പനകള്‍ക്ക് മേലാണത് പ്രവര്‍ത്തിക്കുന്നത്.

കൊളോണിയല്‍ കാലം മുതല്‍ രൂപപ്പെട്ടു തുടങ്ങിയ ഇന്ത്യന്‍ നിയമ വ്യവസ്ഥയൊന്നും കൊളോണിയല്‍ ഔദാര്യങ്ങളായിരുന്നില്ല. നവോത്ഥാനമടക്കം സാമൂഹ്യ പരിഷ്‌കരണശ്രമങ്ങളും കാര്‍ഷിക, തൊഴില്‍ സമരങ്ങളുമുള്‍പ്പെടെ ദേശീയപ്രസ്ഥാന ചരിത്രത്തിലെ മഹാത്യാഗങ്ങളുടെ കഥകള്‍ അവക്കോരോന്നിനും പിറകിലുണ്ട്. അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെയും ഫ്രഞ്ച് വിപ്‌ളവത്തിന്റെയും ബ്രിട്ടീഷ് നീതിന്യായ ചരിത്രത്തിന്റെയുമെല്ലാം നിര്‍ണായക സ്വാധീനം ഇന്ത്യന്‍ ഭരണഘടനയിലുണ്ടെന്നത് ഒളിച്ചുവെച്ച ഒന്നല്ല അഭിമാനത്തോടെ എടുത്തു പറയുന്ന ഒന്നാണ്. അവയെല്ലാമിന്ന് ഏതെങ്കിലും ഒരു രാജ്യത്തിന്റേതല്ലാത്ത മനുഷ്യവംശത്തിന്റെയാകെ വളര്‍ച്ചയുടെ പടവുകളാണ്. ഗോള്‍വാള്‍ക്കറുടെ വിചാരധാരയില്‍ കാണുന്ന പോലെ പാദപൂജക്ക് അമേരിക്കന്‍ പ്രസിഡണ്ടും ഭരണഘടന ഭാരതീയ മനുസ്മൃതിയും എന്ന നിലയിലേക്ക് ഇടതുപക്ഷത്തിന്റെ ചെലവില്‍ ഒരാളുമെത്തിക്കൂടാ. വികസനത്തിന് പടിഞ്ഞാറന്‍ കണ്‍സല്‍ട്ടന്‍സികളും ഭരണഘടനക്ക് മതേതരത്വം ഒരു പാശ്ചാത്യ ആശയമാണെന്ന പരമേശ്വര വാദവും എന്ന നിലയിലേക്ക് കൂടി വായിക്കാവുന്ന വാചകമടികളെ ഇടതുപക്ഷ ബോധത്തില്‍ കുത്തിവെക്കുന്ന വിഷമായി തന്നെ തുറന്നു കാട്ടപ്പെടേണ്ടതുണ്ട്. പടിഞ്ഞാറു നിന്നായാലും സ്വീകരിക്കേണ്ടതെന്ത് സ്വീകരിക്കരുതാത്തതെന്ത് എന്ന ത്യാജ്യഗ്രാഹ്യവിവേചന ശക്തി നഷ്ടപ്പെടുന്നിടത്താണ് ഒരാള്‍ മറ്റു പലതുമാകുന്നത്.

അമര്‍ചിത്രകഥകളിലെ പോലെയോ മറ്റോ ഒരു പള്‍പ് സാഹിത്യമല്ല മാര്‍ക്‌സിസം. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ബൗദ്ധിക വിജ്ഞാനങ്ങളോടൊപ്പം സഞ്ചരിച്ച് അവയെ പലപ്പോഴും വഴി നയിക്കാന്‍ കൂടി പ്രാപ്തമായിരുന്നു അത് അതിന്റെ ആദ്യ ദശകങ്ങളിലെങ്കിലും. മാര്‍ക്‌സിസത്തിനും അതിന്റെ വൈജ്ഞാനിക പ്രഭാവം വീണ്ടെടുക്കാനാകുന്നില്ലെങ്കില്‍ മതഗ്രന്ഥം പോലെ ചരിത്രത്തില്‍ ജീവിക്കുന്ന ഒരു ഭൂതം മാത്രമായത് മാറും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply