പുത്തന്‍ വിദ്യാഭ്യാസനയത്തിലേത് സാമൂഹ്യനീതിയെ ഉന്മൂലനം ചെയ്യുന്ന ഭാഷാസാങ്കേതികത

കോവിഡ് 19 സമയത്ത് സാമൂഹ്യശാസ്ത്ര പാഠ്യപദ്ധതിയില്‍ നിന്നും വെട്ടിക്കുറച്ച പാഠഭാഗങ്ങള്‍ സൂചിപ്പിക്കുന്ന രാഷ്ട്രീയ സാധ്യതകള്‍ ഗൗരവമായി പരിഗണിച്ചുകൊണ്ടുതന്നെ വേണം പുതിയ വിദ്യാഭ്യാസ പദ്ധതിയെ സമീപിക്കാന്‍. അന്തര്‍ദേശീയ സാഹചര്യങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് രൂപംകൊടുത്തു എന്നുപറയുന്ന, വാഴ്ത്തപ്പെടുന്ന NEP 2020 ന്റെ ഏതെങ്കിലും ഒരിടത്ത് കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട അന്തര്‍ദേശീയ ഉടമ്പടികളില്‍ പറഞ്ഞിരിക്കുന്ന നിര്‍ണായകമായ അവകാശങ്ങള്‍ പഠനവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ട് നിലനിര്‍ത്തുവാനും പുരോഗമിയ്ക്കാനുമുള്ള സാഹചര്യം കൊടുക്കുന്നില്ല എന്നത് വളരെ വ്യക്തമാണ് കുട്ടികളുമായി ബന്ധപ്പെട്ട അനേകം നൈസര്‍ഗിക അവകാശങ്ങളെപ്പറ്റി വ്യക്തമായ ഒരു സൂചനയും ഈ നയത്തിന്റെ ആമുഖത്തിലും ഉള്ളടക്കത്തിലും ഇല്ല.

ഇന്ത്യ എന്ന സങ്കല്‍പ്പത്തിന് ബഹുസ്വരതയിലും മതനിരപേക്ഷതയിലും സാമൂഹ്യനീതിയിലുമധിഷ്ഠിമായ ഭരണ പദ്ധതികള്‍ ഉണ്ടാക്കുക, പ്രാദേശിക ജനവിഭാഗങ്ങളുടെ സംസ്‌കാരത്തിനും ജീവിതരീതികള്‍ക്കും അനുസൃതമായ രീതിയില്‍ പ്രവര്‍ത്തിക്കുക, ന്യൂനപക്ഷങ്ങള്‍ക്ക് നീതി ഉറപ്പാക്കുക, സാമൂഹ്യമായി പിന്തള്ളപ്പെട്ടവരും മര്‍ദ്ദിതരുമായ ജനവിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന രീതിയില്‍ പുതിയ പദ്ധതികള്‍ രൂപീകരിക്കുക എന്നീ അതിപ്രധാനമെന്ന് ഭരണഘടന പറയുന്ന എന്തെങ്കിലും ഒരു ഉറപ്പ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കണ്ടെത്തുക അസാധ്യമാണ് .

ഭരണകൂടം നിയന്ത്രിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ പ്രത്യയശാസ്ത്രവും
വിദ്യാഭ്യാസനയങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമം ഏകാധിപത്യ ഫാസിസ്റ്റ് രാജ്യങ്ങളില്‍ യഥേഷ്ടം കാണാന്‍ സാധിക്കും. കേന്ദ്രീകൃത അധികാരവും അധികാരത്തോട് മമത പുലര്‍ത്തുന്ന ബുദ്ധിജീവി വര്‍ഗ്ഗവും ഒരുമിച്ച് സൃഷ്ടിക്കുന്ന നയപരിപാടികള്‍ ജീവിതത്തിലെ എല്ലാ മേഖലകളിലും തുറന്ന സംസാരം, ഡയലോഗ്, ഡെലിബറേഷന്‍ എന്നീ ആശയങ്ങളെ പൂര്‍ണമായും ഒഴിവാക്കുന്നതാണ്. വിദ്യാഭ്യാസത്തെ മാനവശേഷി വികസനം എന്ന രീതിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന 1980കള്‍ മുതല്‍തന്നെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് നിന്നും മാറി മാര്‍ക്കറ്റിന് യോജിക്കുന്ന വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റം പൂര്‍ണമായിരുന്നു. എന്നാല്‍ ഇന്ന് ആഗോളീകരണം എന്ന ആശയം മുന്‍നിര്‍ത്തി രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഒറ്റയടിക്ക് തിരുത്തി എഴുതുവാനുള്ള ശ്രമമാണ് നടക്കുന്നത്. .ആഗോളീകരണവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നത് സാങ്കേതികമായി വിമര്‍ശിക്കുന്നവര്‍ പോലും ഉന്നയിക്കുന്ന ന്യായങ്ങള്‍, സംശയങ്ങള്‍, അതിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലും NEP 2020 യുടെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നത് ഗുരുതരമായ ഒരു പ്രശ്‌നമായി അവശേഷിക്കുന്നു.

പൗരസമൂഹത്തെ വിഭവസാധ്യതയായി മാത്രം ചുരുക്കി എഴുതുന്ന പുതിയ സാങ്കേതിക വിദ്യകള്‍ക്ക് സാധ്യത കൊടുക്കുകയും സാമൂഹ്യനീതി എന്ന സജീവമായ ആശയത്തെ, ഭരണഘടനാമൂല്യത്തെ നയപരിപാടികള്‍ക്ക് പുറത്താക്കുകയും ചെയ്യുക എന്നതാണ് ഈ നയം വ്യക്തമായും ചെയ്തിരിക്കുന്നത്. ദളിത് ആദിവാസി വിഭാഗങ്ങളുടെ സാമൂഹ്യസ്ഥിതിയെ പറ്റിയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്ന അവസരത്തിലെ കമ്മിറ്റിയുടെ ഭാഷാപരമായ സാങ്കേതിക അഭ്യാസം (technology of language) തന്നെ ഭരണഘടനയില്‍ വിഭാവനം ചെയ്തിരിക്കുന്നതും നമ്മുടെ സാമൂഹ്യ യഥാര്‍ത്ഥത്തില്‍ പകല്‍ പോലെ വ്യക്തമായിരിക്കുന്നതുമായ അനേകം അടിയന്തര സാഹചര്യങ്ങളെ കുറിച്ചുള്ള തീര്‍ത്തും വികലമായ വീക്ഷണമാണ്.

പോളിസിയുടെ 6.2 ,6.2.1, 6.2.3,6.16 എന്നീ ഭാഗങ്ങള്‍ വായിച്ചുനോക്കിയാല്‍
ചില കാര്യങ്ങള്‍ വ്യക്തമാകും. socio economic disadvantage group (എസ് ഐ ഡി ജി) എന്ന പരികല്പനയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചരിത്രപരമായി മര്‍ദ്ദിതരായ ജനങ്ങളെയും ഗ്രാമങ്ങളില്‍നിന്നും ചെറു നഗരങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന മഹാനഗരങ്ങളില്‍ നിന്നുമുള്ള കുട്ടികളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. .ഏതു രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ചരിത്രപരമായ അക്രമങ്ങള്‍ക്ക് വിധേയരായവരുടെ അനുഭവങ്ങളും ഒരുമിക്കുന്നത് എന്നത് അതിശയകരമായ ഭാഷാ ടെക്‌നോളജിയായി നില്‍ക്കുന്നു. എന്തു പാണ്ഡിത്യമാണ് ഇതിന് വഴിവെച്ചത് എന്നത് വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

വിദ്യാഭ്യാസ പദ്ധതിയുടെ part 6.2 ല്‍ ജാതിയെ കാണുന്നത് സാമൂഹിക-സാംസ്‌കാരിക ഘടകം എന്ന രീതിയിലാണ്. ജാതി, മനുഷ്യവിരുദ്ധമായ സമ്പ്രദായമാണെന്നും മനുഷ്യവിരുദ്ധമായ സമ്പ്രദായം നിലനില്‍ക്കുന്ന സാഹചര്യങ്ങളെ മാറ്റാനുള്ള ഉത്തരവാദിത്തം വിദ്യാഭ്യാസത്തിന്‍നുണ്ടെന്നുമുള്ള വീക്ഷണം രേഖയില്‍ കൊണ്ടുവരാന്‍ ഈ പോളിസിക്കു കഴിയുന്നില്ല എന്നുള്ളത് വളരെ ഗൗരവമായ ഒരു കുറവ് തന്നെയാണ്. അടുത്ത ഘട്ടത്തില്‍ പറയുന്ന ദളിത് ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോകും ആയി ബന്ധപ്പെട്ട കണക്കുകള്‍ തന്നെ വളരെ സംശയം ജനിപ്പിക്കുന്നതാണ്

ആധികാരികമായ സ്വതന്ത്ര അന്വേഷണങ്ങള്‍ വഴി ഔദ്യോഗിക കണക്കുകള്‍ നിരവധി തവണ പരിഷ്‌കരിക്കപ്പെട്ട അവസരങ്ങള്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തില്‍ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, കേരള ഗവണ്‍മെന്റ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ലഭ്യതയുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച വിദ്യാര്‍ഥികളുടെ എണ്ണം, ആ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ ശരിയായ എണ്ണത്തിന്റെ എത്രയോ ചെറിയ ശതമാനം മാത്രമാണെന്ന് ഈ അടുത്ത കാലത്ത് തന്നെ വ്യക്തമായല്ലോ. ഇത്തരം സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ് ആധികാരികമായി ഒരു സാഹചര്യത്തെ ലോകത്തിനും സമൂഹത്തിനും മനസ്സിലാക്കി കൊടുക്കേണ്ട പോളിസിയില്‍ സംഭവിക്കുന്ന പിഴവുകളില്‍ (technology) മറച്ചുവെക്കുന്നത്. ഇത്തരം പിഴവുകളാണ് വാസ്തവത്തില്‍ ദളിത് ആദിവാസി വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഈ നയരേഖയുടെ വിവിധ ഖണ്ഡികകളില്‍ ഉള്ളത് .6.23 എന്ന ഖണ്ഡികയില്‍ പറയുന്ന വാചകങ്ങള്‍ ”നവപാണ്ഡിത്യത്തിന്റെ’ സാങ്കേതികവിദ്യ വളരെ വ്യക്തമായും അടയാളപ്പെടുത്തുന്നതാണ്. സാമൂഹ്യനീതിയെ ഉന്മൂലനം ചെയ്യുന്ന ഭാഷാ സാങ്കേതികതയാണ് പോളിസിയില്‍ ഉടനീളം കാണുന്നത്. ‘ ‘ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ പല നിലകളില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന വര്‍ഗ്ഗങ്ങള്‍” എന്ന രീതിയിലാണ് ദളിത് ആദിവാസി വിദ്യാര്‍ഥികളെ പറ്റി സൂചിപ്പിക്കുന്നത്. അതിനോടൊപ്പം ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തെ സാമാന്യേന അപ്രധാനവും തങ്ങളുടെ ജീവിത വ്യവസ്ഥയ്ക്ക് പുറത്തുള്ളതുമായി കാണുന്നുവെന്നും സാംസ്‌കാരികമായും അക്കാദമികമായും ഈ അവസ്ഥ തുടരുന്നു എന്നുമാണ് പറയുന്നത്. . ഇത്തരം ഭാഷാ പ്രയോഗ ടെക്‌നോളജിയില്‍ അടങ്ങിയിട്ടുള്ള മുന്‍വിധികളുടെയും മറച്ചുവെക്കലിന്റേയും അംശങ്ങള്‍ ഒരു ദേശീയ നയത്തിന് എത്രമാത്രം യോജിച്ചതാണ് എന്ന് പ്രത്യേകിച്ചും ഈ സമൂഹങ്ങളിലെ കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഗുരുതരമായ പുനര്‍വിചാരണത്തിന് വിധേയമാക്കേണ്ടതുണ്ട്

പങ്കാളിത്തപരമായ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തില്‍ ആഘോഷപൂര്‍വ്വം ഉദാരമായ വിദ്യാഭ്യാസം എന്ന പദ്ധതി നിലവില്‍ വന്നപ്പോള്‍ അടിസ്ഥാന വിവരം സംക്രമണം നടന്നില്ല. മാത്രമല്ല സ്വാഭാവികമായും ക്ലാസ്സ് റൂമിനുള്ളിലെ മാറിവരുന്ന സാഹചര്യത്തില്‍ മാനസികമായ തുറവിയോടു കൂടി പങ്കെടുത്ത് നിലനില്‍ക്കാനുള്ള സാമൂഹ്യ സാഹചര്യം ട്രൈബല്‍ കുട്ടികള്‍ക്ക് ഇല്ലായിരുന്നു. അതിനാല്‍ തന്നെ അവരുടെ പങ്കാളിത്തം ഇല്ലാതാവുകയും ഒറ്റപ്പെടല്‍ കൂടുതലാകുകയും ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് പല ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രൈമറി എഡ്യൂക്കേഷന്‍ പ്രോഗ്രാമിന് ഭാഗമായി വയനാട് ജില്ലയില്‍ 1993 ഓഗസ്റ്റ് മുതല്‍ ഏതാണ്ട് രണ്ടു വര്‍ഷത്തോളം നടത്തിയ ഗവേഷണത്തിന്റെ ഭാഗമായുള്ള യാത്രകളില്‍ കാണാന്‍ കഴിഞ്ഞ പല ഉദാഹരണങ്ങളും സ്‌കൂളുകളില്‍ ആദിവാസി വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന വളരെ മോശമായ പെരുമാറ്റ രീതികളാണ്. തങ്ങള്‍ ഒന്നിനും കൊള്ളില്ലാത്തവരാണെന്ന് സ്വയം തീരുമാനിക്കുന്ന രീതിയില്‍ നിരന്തരമായി ഉല്‍പ്പാദിപ്പിച്ച കൊണ്ടിരിക്കുന്ന സാംസ്‌കാരിക ആക്രമണത്തിന്റെ വേദികളാണ് സ്‌കൂളുകള്‍ എന്നത് വ്യക്തമായിരുന്നു. അപരിചിതരും ഔദ്യോഗിക സ്ഥാനമുള്ളവരുമായവരുടെ മുന്നില്‍ വച്ച് അപമാനം ഇത്രയാണെങ്കില്‍ സ്വകാര്യതയില്‍ എന്തായിരിക്കും അവസ്ഥ? ഇപ്പോഴും അത്തരമൊരവസ്ഥയില്‍ മാറ്റമില്ലെന്നു വ്യക്തമാക്കുന്ന പല സംഭവങ്ങളും ആവര്‍ത്തിക്കുന്നു. കുട്ടികളെ കൊഴിഞ്ഞുപോക്കിലേക്കും മാനസികമായ തകര്‍ച്ചയിലേക്കും ആത്മഹത്യയിലേക്കും കൊണ്ടുപോകുന്ന ഇത്തരം സമ്പ്രദായങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് പുതിയ വിദ്യാഭ്യാസപദ്ധതി അതിനെയൊന്നും അഭിസംബോധന ചെയ്യാത്തത്.

നിയോലിബറല്‍ കര്‍മ്മങ്ങള്‍ കൊണ്ട് സ്വന്തം കുടുംബങ്ങളുടെ വരുമാനം പതിന്മടങ്ങായി വര്‍ദ്ധിപ്പിക്കാനും അനേകം തലമുറകളുടെ സുരക്ഷിതത്വം ഉറപ്പിക്കാനും കഴിവുള്ള ജനവര്‍ഗ്ഗങ്ങളുടെ ദേശം എന്ന സങ്കല്പം, ദേശീയത എന്ന സങ്കല്‍പമല്ല ചരിത്രപരമായ വെല്ലുവിളികളും ഉന്മൂലന പദ്ധതികളും നേരിട്ട ജനങ്ങളുടെതെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ആര്‍ജ്ജവം പോലും ഈ പോളിസിയില്‍ ഉണ്ടാകുന്നില്ല. ഇതിവിടത്തെ മാത്രം പ്രശ്‌നവുമല്ല. അന്താരാഷ്ട്ര സമൂഹങ്ങളിലെ മര്‍ദ്ദിത ജനവിഭാഗങ്ങളെ ഒഴിവാക്കുന്ന പദ്ധതികളെല്ലാം ഇതുപോലെ തന്നെയാണ്.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുകൊണ്ട് നേരിട്ടുള്ള പഠനങ്ങള്‍ നടത്തിയില്ല എന്നതാണ് ഈ കമ്മിറ്റിയുടെ വളരെ വ്യക്തമായ ഒരു ന്യൂനതയായി പറയാന്‍ പറ്റുന്നത് .യശ്പാല്‍ കമ്മിറ്റി പോലെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിറ്റികളുടെ പ്രവര്‍ത്തന സമയത്ത് ബസുകളില്‍ കയറി വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം പോലും അളന്നിരുന്നു. ചെറിയ പ്രായത്തിലുള്ള ഒരു കുട്ടിക്ക് കൊണ്ടു നടക്കാന്‍ പറ്റുന്ന ഭാരത്തില്‍ എത്രയോ കൂടുതലാണ് പുസ്തകങ്ങളുടെ ഭാരം എന്ന് നേരിട്ട് തൊട്ടറിഞ്ഞ്, അതില്‍ ഊന്നിക്കൊണ്ടുള്ള പരിഷ്‌കരണങ്ങള്‍ ആയിരുന്നു നടന്നത്. എന്നാലിപ്പോള്‍ അത്തരത്തിലുള്ള പഠനങ്ങളൊന്നും നടന്നിട്ടില്ല. പ്രാഥമിക മേഖലയില്‍ പണിയെടുക്കുന്ന അധ്യാപകരുമായോ വിഭിന്നങ്ങളായ വിദ്യാഭ്യാസ രീതികള്‍ പ്രയോഗിച്ച് വിജയിച്ച വ്യക്തികളുമായോ സമൂഹങ്ങളുമായോ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ഘടനാപരമായ വ്യത്യാസങ്ങളെ പറ്റി, ഒരുപക്ഷേ മറ്റു രാജ്യങ്ങളില്‍ നടക്കുന്ന വിദ്യാഭ്യാസ പരിഷ്‌കരണങ്ങളിലൂടെ ആ സമൂഹങ്ങളില്‍ വന്നിരിക്കുന്നു പുരോഗമനപരമായ മാറ്റങ്ങള്‍ മുന്‍നിര്‍ത്തി പെട്ടെന്നുതന്നെ സംസാരിക്കാന്‍ സാധിക്കുമായിരിക്കാം. എന്നാല്‍ സ്ഥാപനക്രമവും സാമൂഹികക്രമവും പൊതുസംസ്‌കാരവും വളരെ വ്യത്യസ്തമായ സ്ഥലങ്ങളിലാണ് അത്തരം കാര്യങ്ങള്‍ നടക്കുന്നത് എന്നുകൂടി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്

NEP 2020നു രൂപം കൊടുത്ത കമ്മിറ്റിയിലെ പ്രധാനപ്പെട്ട പല അംഗങ്ങള്‍ക്കും വിദ്യാഭ്യാസത്തിന്റെ മൗലിക മേഖലയായ മൂല്യവ്യവസ്ഥയുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളുമായി ബന്ധമില്ലാത്തവരാണ്. അതിലെ മൂന്ന് വ്യക്തികള്‍ വലിയ ഔദ്യോഗിക വ്യക്തിത്വങ്ങള്‍ ആയിരിക്കാം. എന്നാല്‍ അതൊന്നും ഈയൊരു മേഖലയിലേക്കുള്ള അര്‍ഹതയുടെ മാനദണ്ഡമല്ല. വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും മൗലികസംഭാവനകളോ കൃതികളോ ഇവരുടേതായി പുറത്തുവന്നിട്ടുണ്ടോ? ഇവര്‍ കേവലം അടര്‍ത്തി മാറ്റപ്പെട്ട വ്യക്തിത്വങ്ങളായാണ് നിലനില്‍ക്കുന്നത്.

വിദ്യാഭ്യാസമെന്നത് മാനവനന്മയ്ക്ക് വേണ്ടിയുള്ള അടിസ്ഥാന പദ്ധതി എന്ന നിലയില്‍ നിന്ന് മാറി, വിദ്യാഭ്യാസം നേടുന്നയാളെ ഒരു പ്രത്യേക സാമ്പത്തിക സാമൂഹ്യവ്യവസ്ഥിതിയിലെ മനുഷ്യ വിഭവശേഷിയുള്ള ഒന്നായി കണക്കാക്കുന്ന സങ്കല്പം അതിനു മുമ്പുണ്ടായിരുന്ന ആശയ ലോകത്തുനിന്നും വളരെ വ്യത്യസ്തവും നയപരമായും നിയമപരമായും ഉറപ്പിക്കപ്പെട്ടതുമാണ് ഒരു സംവിധാനത്തിനുള്ളില്‍ ഗൗരവമായ ഈ മാറ്റം സംഭവിക്കുന്നത് ധാരാളം സാമൂഹികമാറ്റങ്ങളുടെ തുടര്‍ച്ചകള്‍ക്ക് ഒടുവിലാണ്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയൊരു നയം രംഗത്തെത്തുന്നത്. ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള നിര്‍ണായകമായ ചില വസ്തുതകളുടെ പരിശോധനയാണ് ഇതാവശ്യപ്പെടുന്നത്. പലതരം വിശദാംശങ്ങള്‍ കൂട്ടിച്ചേര്‍ക്കാം. എങ്കിലും ഇത്തരത്തിലുള്ള ആലോചനകളുടെ പിന്നില്‍ വര്‍ത്തിച്ച ആഗോളീകരണം എന്ന് പൊതുവേ വിളിക്കപ്പെട്ട ആശയ പ്രപഞ്ചത്തിനു താഴെയാണ് ഈ നവീകരണങ്ങള്‍ വന്നത്. ഔപചാരികവും അനൗപചാരികവും ആയ വിദ്യാഭ്യാസത്തിന് ധാരാളം മാറ്റങ്ങള്‍ നിര്‍ണയിക്കുന്ന്, പാണ്ഡിത്യവും ഭരണാധികാരവും തമ്മിലുള്ള നിരന്തര ബന്ധത്തിന്റെ സമകാലിക ഉദാഹരണമായാണ് ഇതിനെ മനസ്സിലാക്കേണ്ടത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായി വന്ന ഈ ബന്ധത്തില്‍ രണ്ടു വ്യത്യസ്ത താല്‍പര്യങ്ങളുള്ള ഭരണവര്‍ഗങ്ങള്‍ തമ്മിലുള്ള നിരന്തരമായ കൊടുക്കല്‍ വാങ്ങലുകള്‍ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. വിക്രമാദിത്യ സദസ്സിലെ വരരുചിയുടെ കഥയിലെന്നപോലെ, തന്നെ വിവാഹം കഴിക്കാന്‍ സാധ്യതയുള്ള ചണ്ഡാല പെണ്‍കുട്ടിയെ ഇല്ലാതാക്കുവാന്‍ വേണ്ടി അന്ന് പിറന്ന എല്ലാ കുഞ്ഞുങ്ങളെയും കൊല്ലണമെന്ന ആവശ്യം രാജാവില്‍ നിന്ന് വാങ്ങി കൊടുത്ത പണ്ഡിതന്‍ പക്ഷേ അറിവ് നേടിയത് അവളുടെ ജനനത്തെപ്പറ്റിയുള്ള വാര്‍ത്തയില്‍ നിന്നു തന്നെയാണെന്നുള്ള വൈരുദ്ധ്യം പോലെയാണ് കാര്യങ്ങള്‍ ഇന്നും പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

ആരാധനാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിനു പോലും സജീവമായ വിലക്ക് നിലനില്‍ക്കുകയും ജീവന്‍ തന്നെ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം തുടര്‍ന്നു പോകുന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യം മറന്നുകൊണ്ട് വിദ്യാഭ്യാസനയത്തിന് നിലനില്‍ക്കാനാവില്ല. ഒരു ദേശീയനയത്തിന്റെ അടിയന്തര പരിഗണന അത് വിഭാവനം ചെയ്യുന്ന മൂല്യങ്ങളുടെ നടത്തിപ്പിന് തടസ്സം നില്‍ക്കുന്ന സാമൂഹ്യ ഘടകങ്ങളുടെ ഉന്മൂലനത്തിനുള്ള സാധ്യതകള്‍ വ്യക്തമായി വിവരിച്ചുകൊണ്ടാവണം. എന്നാല്‍ ഓരോ വ്യക്തിയെയും തൊഴിലിന് ഉപകരിക്കുക എന്ന രീതിയില്‍ പുറമേ വളരെയധികം മനോഹരമായി തോന്നുന്ന വ്യാജയുക്തിയില്‍ പൊതിഞ്ഞ് ഓരോ നിലയിലും കൊഴിഞ്ഞു പോകുന്നവര്‍ക്ക് അക്കാദമികമായ അംഗീകാരം കൊടുക്കുന്നു എന്ന വ്യാജേന കൊഴിഞ്ഞുപോക്ക് ന്യായീകരിക്കുന്ന സംവിധാനമാണ് പുതിയ രീതിയില്‍ ഉള്ളത്. ഇന്ത്യയിലെ ദളിത് ആദിവാസി പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കുമായി ബന്ധപ്പെട്ട ഏതെങ്കിലും രീതിയിലുള്ള ജൈവപഠനങ്ങളുമായി ബന്ധപ്പെടുത്തിയാണോ ഈ പോളിസി ഉണ്ടായിരിക്കുന്നത് എന്നത് തികച്ചും സംശയിക്കേണ്ടതുണ്ട്. തരംതാഴ്ന്ന പദവികള്‍ ഒഴിഞ്ഞു പോകുന്നവര്‍ക്ക് കൊടുത്ത്, അവരില്‍ വ്യാജബോധം സൃഷ്ടിച്ച്, കൊഴിഞ്ഞുപോക്ക് നിലനിര്‍ത്തുന്ന സാമൂഹ്യസാഹചര്യങ്ങള്‍ തിരുത്തേണ്ട ഉത്തരവാദിത്വത്തില്‍നിന്ന് ഭരണനിര്‍വഹണ മേഖലയെ തന്നെ ഒഴിവാക്കി കൊടുക്കുന്നതാണ് ഈ നയത്തിന്റെ പ്രധാന ലക്ഷ്യവും ഉദ്ദേശവും. വിശേഷിച്ചും സാമ്പ്രദായിക രീതികളില്‍ ശൈശവ വിവാഹം വരെ നടക്കുന്ന ഇന്ത്യയില്‍ കൊഴിഞ്ഞു പോകാനുള്ള അവസരം ലഭ്യമാകുന്നത് വഴി, വിവാഹത്തിന് ശേഷമുള്ള പഠനം എന്ന വ്യാജ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കൂടും. ഇരട്ട ചതിയിലേയ്ക്കാണ് ഈ നയം സ്ത്രീകളുടെ വിദ്യാഭ്യാസത്തെ തള്ളിവിടുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “പുത്തന്‍ വിദ്യാഭ്യാസനയത്തിലേത് സാമൂഹ്യനീതിയെ ഉന്മൂലനം ചെയ്യുന്ന ഭാഷാസാങ്കേതികത

  1. Avatar for ബിജുലാല്‍ എം വി

    എം.സി.പ്രമോദ് വടകര

    നല്ല നിരീക്ഷണങ്ങൾ! പുതിയ ദേശീയപാഠ്യപദ്ധതി കൂടുതൽ സമഗ്രമായ വിശകലനങ്ങൾ, ചർച്ചകൾ ആവശ്യപ്പെടുന്നുണ്ട്.

Leave a Reply