രണ്ടു രാമരാജ്യങ്ങള്‍ക്കിടയിലെ ദലിത് ജീവിതങ്ങള്‍

തൊണ്ണൂറുകളില്‍ ഹിന്ദുത്വ ശക്തികള്‍ രാമജന്മഭൂമി വാദമുയര്‍ത്തിയപ്പോള്‍ ഉത്തര്‍്പ്രദേശില്‍ കാന്‍ഷിറാം സവര്‍ണ്ണ ഹിന്ദു ആശയങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള ദലിത് ബിംബങ്ങളെ പുരാണങ്ങളില്‍ നിന്നും ഇതിഹാസങ്ങളില്‍ നിന്നും പ്രാദേശിക ദലിത് ചരിത്രത്തില്‍ നിന്നുമൊക്കെ കണ്ടെത്തി അവയെകൊണ്ട് സവര്‍ണ്ണ ഹിന്ദു ജാതിബോധത്തെ പ്രതിരോധിച്ചു .ശംബൂകന്‍, ഉദാദേവി, ഏകലവ്യന്‍, ജല്‌കോരിഭായി, രബിദാസ് തുടങ്ങിയ നിരവധി ദലിത് ബിംബങ്ങളെ മുന്‍നിര്‍ത്തി ദലിത് പ്രതിരോധത്തിന്റെ് വലിയ ഉരുക്കുകോട്ട തീര്‍ക്കുന്നതില്‍ കാന്‍്ഷിറാം വിജയിച്ചിരുന്നു. എന്നാല്‍ ഇന്ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിടുമ്പോള്‍ മായാവതി അതിനെ പിന്തുണയ്ക്കുമ്പോള്‍ കാന്‍ഷിറാം തീര്ത്ത ദലിത് പ്രതിരോധത്തിന്റെ കോട്ടകളില്‍ വലിയ വിള്ളലുകള്‍ വീഴുന്നു

പ്രതീകാത്മക കര്‍സേവയാണ് 1992 ഡിസംബര്‍ ആറിന് അയോദ്ധ്യയില്‍ നടക്കാന്‍ പോകുന്നതെന്നും അതില്‍ അസ്വാഭാവികമായ യാതൊന്നും ഇല്ലെന്നും ആയിരുന്നു അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പത്രങ്ങളോട് പറഞ്ഞത് .കര്‍സേനവയ്ക്കായി തിരഞ്ഞെടുത്ത സ്ഥലത്തേക്ക് അന്നേ ദിവസം രാവിലെ തന്നെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളും പുരോഹിതന്മാരും മറ്റും എത്തിയിരുന്നു . സമയം ചെല്ലുന്തോറും ആളുകളുടെ എണ്ണം കൂടുകയും പോലീസ് കെട്ടിപ്പൊക്കിയ ബാരിക്കേഡുകള്‍ തകര്‍ത്ത് ജനം കര്‍സേവക്കായി നിശ്ചയിച്ച സ്ഥലത്തേക്ക് തള്ളിക്കയറാന്‍ തുടങ്ങിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന സ്ഥലം കളക്ടറോട് ഒരു പത്രക്കാരന്‍ ”കാര്യങ്ങള്‍ നിയന്ത്രണാതീതം ആകുന്നല്ലോ” എന്ന് ചോദിച്ചപ്പോള്‍ കളക്ടര്‍ പറഞ്ഞത് ”കാര്യങ്ങള്‍ എല്ലാം നിയന്ത്രണാധീനം” തന്നെയാണ്, കാണുന്നില്ലേ ആളുകളുടെ ഉല്‍സാഹവും ആഹ്ലാദവും അതിന്റെ് ഒരല്‍പ്പം ആശയകുഴപ്പവും മാത്രമേ ഉള്ളൂ .സമീപത്ത് നിന്ന പോലീസുകാരനോട് ഇതേ ചോദ്യം പത്രക്കാരന്‍ ചോദിച്ചപ്പോള്‍ ആളുകള്‍ ജയ് ശ്രീറാം എന്ന് വിളിച്ച് തിരക്ക് കൂട്ടുമ്പോള്‍ ഞങ്ങള്‍ക്കെന്ത് ചെയ്യാന്‍ കഴിയും എന്നാണ് പോലീസുകാരന്‍ പറഞ്ഞത് .നിയമവാഴ്ചയെ ഉറപ്പിക്കേണ്ട അധികാരകേന്ദ്രങ്ങള്‍ അന്നേ ദിവസം പുലര്‍ത്തിയ നിലപാടുകളുടെ പൊതുസ്വഭാവത്തെ സൂചിപ്പിക്കുന്ന പ്രതികരണങ്ങള്‍ തന്നെയായിരുന്നു മുകളില്‍ കൊടുത്ത രണ്ടു മറുപടികളും .ആളുകളുടെ അമിതമായ ഉത്സാഹമായി ഒരാള്‍ ആള്‍ക്കൂട്ടത്തിന്റെ വരവിനെ കണ്ടപ്പോള്‍ മറ്റൊരാള്‍ പറഞ്ഞത് ജയ് ശ്രീറാം മന്ത്രം വിളിക്കുന്നവരെ ഞങ്ങള്‍ക്കെന്ത് ചെയ്യാന്‍ കഴിയും എന്നാണ് .ഉച്ചയോടെ മഞ്ഞ തലക്കെട്ടോടുകൂടിയ ആയിരകണക്കിന് ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടാന്‍ തുടങ്ങി .ഏതാനും പോലീസുകാര്‍ ബാബറി മസ്ജിദിന് മുമ്പില്‍ കാവല്ക്കാ രായി ഉണ്ടായിരുന്നു .പുറത്ത് നേതാക്കളും സന്യാസിമാരും ആള്‍കൂട്ടവും കര്‍സേവയ്ക്കയുള്ള സ്ഥലത്തും നിന്നു .ഏതാണ്ട് പന്ത്രണ്ട് മണിയോടെ ആള്‍കൂട്ടം മസ്ജിദിന് നേരെ കല്ലെറിയാന്‍ തുടങ്ങി. പൊടുന്നനെ ആളുകള്‍ കൂട്ടത്തോടെ മസ്ജിദിലേക്ക് ഇരച്ചുകയറുകയും അടുത്ത അഞ്ചുമണിക്കൂര്‍ കൊണ്ട് പള്ളി പൂര്‍ണ്ണമായും തകര്‍പ്പെടുകയും ചെയ്തു..

നൂറ്റാണ്ടുകള്‍ നിലനിന്ന പള്ളി വലിയൊരു ആള്‍കൂട്ടം തകര്‍ത്തെറിഞ്ഞു .പതിനായിരകണക്കിന് ആളുകള്‍ സ്ഥലത്ത് തടിച്ചു കൂടുകയും കല്ലും മറ്റായുധങ്ങളും ഉപയോഗിച്ച് പള്ളി തകര്‍ക്കുകയും ചെയ്തു. അന്നേ ദിവസം രാത്രി അയോദ്ധ്യയില്‍ വലിയൊരു സമ്മേളനം നടക്കുകയും ചെയ്തിരുന്നു .പല ടെലിവിഷന്‍ ചാനലുകളും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരും ആ ദിവസം അയോദ്ധ്യയില്‍ നടന്ന കാര്യങ്ങള്‍ ലൈവായി സംപ്രേഷണം ചെയ്തിരുന്നു .ആളുകള്‍ തങ്ങളുടെ ഇഷ്ടപ്രകാരം സ്ഥലത്തേക്ക് വരികയും വൈകാരികമായി ഉത്തേജിതരാകുകയും അതിന്റൈ ഫലമായി മസ്ജിദ് തകര്‍ക്കപ്പെട്ടു എന്ന സിദ്ധാന്തമാണോ അതോ ആസൂത്രിതമായ പരിശ്രമങ്ങളുടെ ഫലമായി ബോധപൂര്‍വ്വം തകര്‍ക്കപ്പെട്ടതാണോ എന്ന സംശയം കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം നമ്മുടെയൊക്കെ മനസ്സില്‍ ഉണ്ടായിരുന്നു .എന്നാല്‍ അത്തരം ചിന്താകുഴപ്പങ്ങളൊക്കെ അവസാനിപ്പിച്ചുകൊണ്ട് ഇപ്പോള്‍ കോടതി പറഞ്ഞിട്ടുള്ളത് പള്ളി പൊളിച്ചത് സാമൂഹ്യവിരുദ്ധരാണ് .അവര്‍ വല്ല ഗൂഢാലോചനയും പള്ളി പൊളിക്കാനായി നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല .അതുകൊണ്ട് ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് വന്ന ആരെയും ശിക്ഷിക്കാനുള്ള യാതൊരു തെളിവുകളും കോടതി മുമ്പാകെ എത്തിയിട്ടില്ല .അങ്ങനെ കരുതാന്‍ പറ്റുന്നതെന്ന് പറഞ്ഞ് കൊണ്ടുവന്നതില്‍ മിക്കതും വിശ്വസനീയമായ തെളിവുകള്‍ അല്ല താനും എന്നൊക്കെയാണ് ബഹുമാനപ്പെട്ട കോടതിയുടെ കണ്ടെത്തലുകള്‍ .

പള്ളി ഇരുന്ന സ്ഥലം എന്ത് ചെയ്യണം എന്ന് ഇന്ത്യയിലെ പരമാധികാര കോടതി തീര്‍പ്പ് കല്പ്പിച്ചതിന് പുറകെ വന്ന പള്ളി പൊളിക്കല്‍ കേസിലെ വിധി ഇപ്പോള്‍ വന്ന വിധിയില്‍ നിന്നും വ്യത്യസ്ഥമായ മറ്റൊന്നായിരിക്കും എന്ന് ആരെങ്കിലും കരുതിയിരുന്നുവോ എന്നറിയില്ല .സ്വയം ഞാനങ്ങനെ കരുതാതിരുന്നതിനാല്‍ ഈ വിധി എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല . എന്നാല്‍ ദൈവങ്ങളെ നിയമപരമായ അധികാരങ്ങളും അവകാശങ്ങളും ഉള്ള വ്യക്തിത്വങ്ങള്‍ ആയി അംഗീകരിക്കുകയും അവരുടെ ജന്മെസ്ഥലവും ജനന സര്‍ട്ടിഫിക്കറ്റും കൊടുക്കുന്ന രീതിയിലേക്ക് കോടതികള്‍ മാറുന്നതും, ഏതെങ്കിലും ഒരു മതത്തിന്റെ ആരാധനാലയം പണിയാന്‍ സ്റ്റേറ്റ് തന്നെ മുന്നിട്ടിറങ്ങുന്നതില്‍ അസ്വാഭാവികത കാണാതിരിക്കുകയും ചെയ്യുന്നത് എന്നെ അലോസരപ്പെടുത്തുന്നുണ്ട് .

വാമനമൂര്‍ത്തിയെ അപമാനിച്ചു എന്ന് പറഞ്ഞ് കേരളത്തിലെ ഒരു സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്ക് പോലീസ് സ്റ്റേഷനില്‍ വെച്ച് മാപ്പു പറയേണ്ടി വന്ന കാര്യം ആരും മറന്നിട്ടുണ്ടാവില്ലല്ലോ. അതുപോലെ തന്നെ ഏതാനും വര്‍ഷം പുറകിലാണ് പശുവിനെ കൊന്നെന്നും പറഞ്ഞ് ഗുജറാത്തിലെ ഉനയില്‍ ഏതാനും ദലിത് യുവാക്കളെ ആള്‍കൂട്ടം തല്ലികൊല്ലാറാക്കിയത് .എന്തുകൊണ്ട് വാമനന്‍ മഹാബലിയെ ചവിട്ടി താഴ്ത്തി എന്ന് പറയാന്‍ പാടില്ല അല്ലെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയില്‍ പശുവിനെ കൊല്ലാന്‍ പറ്റില്ല എന്നുള്ള ചോദ്യങ്ങള്‍ പോലും ആര്‍ക്കും ഉന്നയിക്കാന്‍ പറ്റാത്ത രീതിയില്‍ രാജ്യത്തെ പൊതുമണ്ഡലം മതവല്‍ക്കരിക്കപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ കണ്ടില്ലെന്നു നടിക്കരുത് . പൊതുസമൂഹത്തിന്റെ ഇത്തരം നിസംഗതകള്‍ രാജ്യത്തെ മതേതര ജനാധിപത്യ ചട്ടകൂടുകളെ കൂടുതല്‍ കൂടുതല്‍ ദുര്‍ബലമാക്കുകയേയുള്ളൂ . ഭൂരിപക്ഷ മതത്തിലെ ഒരു ന്യൂനപക്ഷത്തിന്റെ സവര്‍ണ്ണ മൂല്യബോധത്തെ നിയമപരമായി തന്നെ ഉറപ്പിച്ചെടുക്കാനുള്ള വലിയ ശ്രമങ്ങള്‍ രാജ്യത്ത് പല തലങ്ങളിലായി നടക്കുന്നുണ്ട് . അത്തരം ശ്രമങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ പൊതുസമൂഹത്തില്‍ നിന്നും വരാത്ത സാഹചര്യത്തില്‍ ജനാധിപത്യസ്ഥാപനങ്ങളും ഒഴുക്കിനൊപ്പം നീങ്ങും എന്നതില്‍ യാതൊരു സംശയവുമില്ല .അത്തരം സ്ഥാപനങ്ങളില്‍ ഉള്ളവരും മനുഷ്യര്‍ തന്നെയാണ് . അവര്‍ക്കും ജാതിയും മതവും സ്ഥാപിത താല്പ്പര്യങ്ങളും ഉണ്ടായിരിക്കും .എന്നാല്‍ അത്തരം താല്പ്പര്യങ്ങളെയൊക്കെ മാറ്റി വെച്ചുകൊണ്ട് നീതിയുടെ ഭാഗത്ത് അടിയുറച്ച് നില്ക്കാനുള്ള ആത്മധൈര്യം അവര്‍ക്ക് കൊടുക്കുന്നതില്‍ സമൂഹമനസ്സിന് വലിയ പങ്കുണ്ട്

.രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളില്‍ നടക്കുന്ന അനാരോഗ്യ പ്രവണതകളോട് സന്ധിചെയ്യുകയോ അവകളെ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്ന ഒരു പൊതുസമൂഹം ഇന്ത്യയില്‍ വളര്‍ന്നു വന്നിട്ടുണ്ട് എന്നത് നഗ്നമായ സത്യമാണ് .അത്തരമൊരു പൊതുസമൂഹം ജനാധിപത്യത്തെ ദുര്‍ബലമാക്കും എന്നതില്‍ യാതൊരു തര്‍ക്കവുമില്ല .കോടതികള്‍ തങ്ങളുടെ മുമ്പി്‌ലെത്തുന്ന തെളിവുകളെ ആധാരമാക്കിയാണല്ലോ വിധികള്‍ പുറപ്പെടുവിക്കുന്നത്. സ്വഭാവികമായും തെളിവുകള്‍ ഹാജരാക്കുന്നതില്‍ അന്വേഷണ ഏജന്‍സികള്‍ പുറകോട്ടു പോകുകയോ അവര്‍ അധികാര സ്ഥാനങ്ങളില്‍ ഉള്ളവരുടെ താല്പ്പര്യങ്ങള്‍ക്കൊപ്പം നില്ക്കുകയോ ചെയ്യുമ്പോഴും നീതി എന്നത് പ്രഹസനം ആയി മാറും .

ഒരുവശത്ത് നവലിബറല്‍ മുതലാളിത്തം കൊണ്ടുവരാന്‍ പോകുന്ന ഉയര്‍ന്ന ജീവിത നിലവാരത്തെ പറ്റിയുള്ള വലിയ അവകാശവാദങ്ങള്‍ ഉയര്‍ത്തുകയും മറുവശത്ത് രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്ത അതിന്റെ മതേതര സോഷ്യലിസ്റ്റ് ചട്ടകൂടുകളെ ദുര്‍ബലപ്പെടുത്തുകയും അങ്ങനെ ചെയ്യുന്നതാണ് രാജ്യത്തിന് ഗുണകരമെന്ന ന്യൂനപക്ഷ സവര്‍ണ്ണചിന്ത രാജ്യത്തിന്റെ് പൊതുബോധമായി ഉയര്ത്തുകയും ചെയ്യുന്നതില്‍ ഹിന്ദുത്വ രാഷ്ട്രീയം വിജയിച്ചിട്ടുണ്ട് .സവര്‍ണ്ണമുതലാളിത്തവും സവര്‍ണ്ണ ദേശീയതയും മതേതരത്വ അലര്‍ജിയുള്ള ഭരണകൂടവും ചെയ്യുന്ന മുഴുവന്‍ കാര്യങ്ങളും ഇന്ത്യയിലെ ആദിവാസി ദലിത് പിന്നോക്ക ഹിന്ദു ജനതകളുടെ ജീവിതവും കിടപ്പാടവും ജീവിതായോധനവും ഇല്ലാതാക്കുന്നതാണ് .എന്നാല്‍ സാമ്പത്തികമായി തങ്ങള്‍ ചവിട്ടി അരയ്ക്കപ്പെടുകയാണ് എന്ന വലിയ യഥാര്ത്ഥ്യം നിത്യജീവിതത്തില്‍ നിമിഷംപ്രതി അനുഭവിക്കുമ്പോഴും ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന ഹിന്ദു സ്വത്വബോധത്തിലൂടെ ”വികസനത്തിന്റെ് ”പുതു ജീവിതം തങ്ങള്‍ക്കുണ്ടാവുമെന്ന മിഥ്യാധാരണ കീഴാള ജനതകളില്‍ ഉണ്ടാക്കുന്നതില്‍ ഹിന്ദുത്വ രാഷ്ട്രീയം വിജയിച്ചിട്ടുണ്ട് .ജാതിയെ പറ്റിയുള്ള, അയിത്തത്തേയും അസ്പ്രശ്യതയേയും പറ്റിയുള്ള ഏതൊരു ചര്‍ച്ചയോടും കീഴാള ജാതികളില്‍ പെട്ടവര്‍ തന്നെ വലിയ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതും ,അതൊക്കെ ഞങ്ങളുടെ ആഭ്യന്തര പ്രശ്‌നമാണ് എന്ന മട്ടില്‍ അത്തരം ചര്‍ച്ചകളുടെ സാംഗത്യം തന്നെ ഇല്ലാതാക്കുന്ന മട്ടില്‍ പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നത് സംസ്‌കൃതവല്‍ക്കരണം കീഴാളജാതികളെ എത്രമാത്രം രാഷ്ട്രീയമായി ദുര്‍ബലരാക്കി എന്ന് വെളിപ്പെടുത്തുന്നു .

ഹിന്ദുത്വ സാംസ്‌കാരിക ദേശീയത എന്ന കെട്ടുകാഴ്ചയുമായി സന്ധിച്ചേരുന്ന കീഴാള ജാതികളുടെ രാഷ്ട്രീയ ദിശാബോധമില്ലായ്മയെ ചരിത്രകാരനായ ബദ്രി നാരായണന്‍ ഇങ്ങനെ നിരീക്ഷിക്കുന്നു. ‘തൊണ്ണൂറുകളില്‍ ഹിന്ദുത്വ ശക്തികള്‍ രാമജന്മഭൂമി വാദമുയര്‍ത്തിയപ്പോള്‍ ഉത്തര്‍്പ്രദേശില്‍ കാന്‍ഷിറാം സവര്‍ണ്ണ ഹിന്ദു ആശയങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള ദലിത് ബിംബങ്ങളെ പുരാണങ്ങളില്‍ നിന്നും ഇതിഹാസങ്ങളില്‍ നിന്നും പ്രാദേശിക ദലിത് ചരിത്രത്തില്‍ നിന്നുമൊക്കെ കണ്ടെത്തി അവയെകൊണ്ട് സവര്‍ണ്ണ ഹിന്ദു ജാതിബോധത്തെ പ്രതിരോധിച്ചു .ശംബൂകന്‍, ഉദാദേവി, ഏകലവ്യന്‍, ജല്‌കോരിഭായി, രബിദാസ് തുടങ്ങിയ നിരവധി ദലിത് ബിംബങ്ങളെ മുന്‍നിര്‍ത്തി ദലിത് പ്രതിരോധത്തിന്റെ് വലിയ ഉരുക്കുകോട്ട തീര്‍ക്കുന്നതില്‍ കാന്‍്ഷിറാം വിജയിച്ചിരുന്നു. എന്നാല്‍ ഇന്ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിടുമ്പോള്‍ മായാവതി അതിനെ പിന്തുണയ്ക്കുമ്പോള്‍ കാന്‍ഷിറാം തീര്ത്ത ദലിത് പ്രതിരോധത്തിന്റെ കോട്ടകളില്‍ വലിയ വിള്ളലുകള്‍ വീഴുന്നു . പരശുരാമന്റെ നൂറ്റിയെട്ട് അടിയുള്ള ഒരു പ്രതിമ ഞങ്ങളുണ്ടാക്കും എന്ന് സമാജ് വാദി പാര്‍ട്ടി പറയുമ്പോള്‍ അതിനേക്കാള്‍ ഉയരമുള്ള പരശുരാമ പ്രതിമ ഞങ്ങളുണ്ടാക്കും എന്ന് മായാവതി വാഗ്ദാനം ചെയ്യുമ്പോള്‍ ഓര്‍ക്കുക മായാവതി ബ്രഹ്മണ ഹിന്ദുത്വം മുന്നോട്ട് വയ്ക്കുന്ന സവര്ണ്ണ ഹിന്ദു ദേശീയത എന്ന കെണിയില്‍ വീണ് കഴിഞ്ഞിരിക്കുന്നു’ . [ഹിന്ദു ന്യൂസ്‌പേപ്പര്‍ സെപ്റ്റംബര്‍ 20,2020]

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ദലിത് ബഹുജന്‍ പാര്‍ട്ടിയുടെ നേതാവ് മുന്നോട്ടുവയ്ക്കുന്ന സവര്‍ണ്ണ പ്രീണന രാഷ്ട്രീയം ആത്യന്തികമായി ദലിത് ബഹുജനങ്ങളെ രാഷ്ട്രീയമായും സാംസ്‌കാരികമായും കൂടുതല്‍ ബലഹീനര്‍ ആക്കുകയെ ഉള്ളൂ .കാരണം ഇന്ത്യയിലെ കീഴാള ജനതകള്‍ ഇപ്പോള്‍ തന്നെ ഹിന്ദുത്വം മുന്നോട്ടുവയ്ക്കുന്ന സാംസ്‌കാരിക ദേശീയതയില്‍ ഊന്നിയ നവഹിന്ദു ഭാവുകത്വത്തില്‍ ലയിച്ചു ചേര്‍ന്ന് നിര്‍വൃതി അനുഭവിക്കുകയാണ് .ആ നിലയ്ക്ക് മായവതിയെ പോലുള്ള ഒരു നേതാവിന്റെ രാമക്ഷേത്ര നിര്‍മ്മിതിയുടെ പിന്തുണയ്ക്കല്‍ ഫലത്തില്‍ ആര്‍ക്കായിരിക്കും ഗുണം ചെയ്യുക എന്നറിയാന്‍ പാഴൂര്‍ പടിക്കല്‍ പോയി പഞ്ചാംഗം നോക്കേണ്ടതില്ലല്ലോ . ഈ വിശാലമായ പശ്ചാത്തലത്തില്‍ വേണം ഭരണകൂടത്തെയും കോടതികളേയും നമ്മള്‍ വിലയിരുത്തുവാന്‍ .

ഗാന്ധി വിഭാവനം ചെയ്ത ”രാമരാജ്യം” നവഹിന്ദുത്വം വിഭാവനം ചെയ്യുന്ന രാമരാജ്യവുമായി വിയോജിക്കുന്നോ എന്നെനിക്കറിയില്ല .എന്നാല്‍ പൂനാപാക്റ്റിലേക്ക് അംബേദ്കറെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതില്‍ ഗാന്ധി കാട്ടിയ മെയ് വഴക്കം രണ്ടു രാമരാജ്യങ്ങള്‍ക്കും ഇടയില്‍ വലിയ വ്യത്യാസങ്ങളൊന്നും ദലിതര്‍ക്ക് അനുഭവിക്കാന്‍ കഴിയുമായിരുന്നില്ല എന്ന് ഞാന്‍ കരുതുന്നു .യുപിയിലെ ഹത്രയില്‍ സവര്‍ണ്ണവരാല്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ട പെണ്കുട്ടിയുടെ അവസ്ഥയെ പ്രതിരോധിക്കാന്‍ ,അത്തരം ബലപ്രയോഗങ്ങളെ താത്വികമായി ന്യായീകരിക്കുന്ന ജാതി മൂല്യബോധത്തിന്റെ ഉടമകളുമായുള്ള രാഷ്ട്രീയബാന്ധവത്തിലൂടെ സാധിക്കുമെന്ന ചിന്ത എത്രത്തോളം ബാലിശവും വിവരക്കേടും ആത്മഹത്യാപരവുമാണെന്ന് ഇനിയെങ്കിലും ചിന്തിക്കാന്‍ അയോധ്യ കോടതിവിധി അവരെ പ്രേരിപ്പിക്കട്ടെ . ജയ് ശ്രീറാം വിളിക്കുന്ന ആളുകളെ എന്ത് ചെയ്യാന്‍ പറ്റുമെന്ന് നിസ്സഹായത പ്രകടിപ്പിച്ച പോലീസുകാരന്‍ ഒരു സൂചകമാണ് .ഏതൊരു പ്രവര്‍ത്തിയേയും മതത്തിന്റെ് യുക്തികളെ മുന്‍നിര്‍ത്തി ന്യായീകരിക്കാമെന്ന അവസ്ഥയിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ അത് ഫലത്തില്‍ നമ്മുടെ ജനാധിപത്യത്തെയും ,നിയമവാഴ്ചയേയും ജനങ്ങളുടെ സൈ്വര്യജീവിതത്തേയും ഇല്ലാതാക്കും. ഭരണകൂട ചെയ്തിക്കെതിരെയുള്ള ഏതൊരു പ്രതിഷേധത്തെയും ഒരു ജയ് കൊണ്ട് തടയാം എന്നത് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ആദിവാസി ദലിത് പിന്നോക്ക ഹിന്ദുജനതകള്‍ക്ക് ഗുണകരം അല്ലേയല്ല .

ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് മുമ്പ് അയോദ്ധ്യയില്‍ ഉണ്ടായ ഒച്ചപ്പാടും ബഹളവും ആളുകളുടെ ഉല്‍സാഹം മാത്രമാണെന്ന സ്ഥലം കളക്ടറുടെ വാക്കുകള്‍ ശരിയായിരുന്നുവെന്ന് കോടതി സാക്ഷ്യപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ കാണുന്ന പൌരത്വ നിയമങ്ങളും ,പുതിയ വിദ്യാഭ്യാസ നയവും പാരിസ്ഥിതി നിയമങ്ങളുമൊക്കെ ഒരു നവ ആഹ്‌ളാദം ആയിതന്നെ കണ്ടാല്‍ മതി. ആ ആഹ്ലാദത്തില്‍ ഒന്നും തകര്‍ന്നുവീഴില്ലെന്നും അഥവാ വല്ലതും തകര്‍ന്നാല്‍ തന്നെ അതിലൊരു ഗൂഡാലോചനയും ഉണ്ടായിരിക്കില്ല എന്നും നമുക്ക് ഇപ്പോള്‍ തന്നെ ഉറപ്പിക്കാം .

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply