ആലപ്പുഴയിലെ ധൂമസന്ധ്യാവിവാദം പുകയുന്നു

കോവിഡ് പ്രതിരോധമെന്ന പേരില്‍ മെയ് 8 ന് ആലപ്പുഴ നഗരത്തില്‍ ധൂമസന്ധ്യ സംഘടിപ്പിച്ച് നഗരസഭയുടെ നടപടിയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. ആയുര്‍വേദവിധി പ്രകാരമുള്ള അപരാജിത ചൂര്‍ണം പുകച്ചാല്‍ അന്തരീക്ഷത്തിലെ വൈറസുകളും ബാക്ടീരിയകളും ഇല്ലാതാകുമെന്നും അത് വഴി വായുവിലൂടെ പകരുന്ന പകര്‍ച്ചവ്യാധികളും ഇല്ലാതാകും എന്നും അവകാശപ്പെട്ടാണ് ധൂമസന്ധ്യ സംധടിപ്പിച്ചത്. പൊതുമേഖലാ സ്ഥാപനമായ ഔഷധിയില്‍ നിന്നുള്ള അപരാജിത ചൂര്‍ണമാണ് നഗരസഭാതിര്‍ത്തിയിലെ വീടുകളില്‍ കത്തിച്ചത്. ഇടതുപക്ഷ നഗരസഭയുടെ നടപടി അശാസ്ത്രീയമാണെന്ന് ചൂണ്ടികാട്ടി ശാസ്ത്രസാഹിത്യപരിഷത്ത് രംഗത്തുവന്നു. പരിഷത്ത് ശാസ്ത്രത്തെ മതമാക്കുകയാണെന്നാരോപിച്ച് ഓര്‍ഗാനിക് ഫാമിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഇല്ല്യാസ് കെ പിയും രംഗത്തുവന്നു.

ധൂമസന്ധ്യ അശാസ്ത്രീയമാണെന്നു ചൂണ്ടികാട്ടി പരിഷത്ത് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നതിങ്ങനെ. – കോവിഡ് പ്രതിരോധമെന്ന പേരില്‍ മെയ് 8 ന് നഗരത്തിലെ മുഴുവന്‍ വീടുകളിലും ധൂമ സന്ധ്യ സംഘടിപ്പിക്കുവാനുള്ള ആലപ്പുഴ നഗരസഭയുടെ തീരുമാനം തികച്ചും പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. ആയുര്‍വേദ വിധിപ്രകാരമുള്ള അപരാജിത ചൂര്‍ണം പുകച്ചാല്‍ എല്ലാത്തരം വൈറസുകളും ബാക്ടീരിയകളും ഇല്ലാതാകുമെന്നും അത് വഴി വായുവിലൂടെ പകരുന്ന എല്ലാ പകര്‍ച്ചവ്യാധികളും ഇല്ലാതാകും എന്നുമാണ് നഗരസഭ അച്ചടിച്ച് വിതരണം ചെയ്ത നോട്ടീസില്‍ പറയുന്നത്. മാത്രമല്ല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന പേരില്‍ നഗരത്തില്‍ വ്യാപകമായി ഹോമിയോ ഗുളികകളും വിതരണം ചെയ്യുന്നുണ്ട്. ഇത്തരം വാദങ്ങള്‍ അബദ്ധവും അശാസ്ത്രീയവും യാതൊരു അടിസ്ഥാനവുമല്ലാത്തതുമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചൂണ്ടിക്കാട്ടുന്നു.

ഇത്തരം മാര്‍ഗങ്ങളിലൂടെ കോവിഡിനെയോ മറ്റേതെങ്കിലും പകര്‍ച്ചവ്യാധിയേയോ ചെറുക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയോ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലോ കണ്ടെത്തിയിട്ടില്ല. ഇത്തരം പരിപാടി നടത്താനോ ഇതിനായി പണം മുടക്കാനോ തദ്ദേശഭരണ വകുപ്പിന്റെ ഉത്തരവുമില്ല. കോവിഡിന്റെ രണ്ടാം തരംഗത്തെ അതീവ ജാഗ്രതയോടെ പ്രതിരോധിക്കേണ്ട കാലമാണിത്. എസ്.എം.എസ്, സാമൂഹികാകലം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങളെ ജാഗരൂകരാക്കുകയാണ് ഇക്കാലത്ത് വേണ്ടത്. അതിനു പകരം അപരാജിത ചൂര്‍ണം പുകച്ചും ഹോമിയോ ഗുളിക ഉപയോഗിച്ചും കോവിഡിനെ പ്രതിരോധിക്കാം എന്ന് ഒരു നഗരസഭ തന്നെ പ്രചരിപ്പിക്കുകയാണ്. ഇത് പാലിക്കുന്ന ജനത്തിന് അതിലൂടെ തങ്ങള്‍ക്ക് പ്രതിരോധ ശേഷി ലഭിച്ചെന്ന തെറ്റിദ്ധാരണയിലെത്തും. തെറ്റായ ആത്മവിശ്വാസം ഉണ്ടാകുമ്പോള്‍, തങ്ങള്‍ കോവി ഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന നിലയില്‍ അതവരെ എത്തിക്കും. നഗരത്തിലെ കോവിഡ് പകര്‍ച്ച തീവ്രമാക്കുന്നതിന് അത് കാരണമായേക്കാം.

ദീപം കൊളുത്തിയും ചാണകവും ഗോമൂത്രവും ഉപയോഗിച്ചും കോവിഡിനെ തടയാമെന്ന് പറഞ്ഞ രാംദേവ് – യോഗി – മോഡിമാര്‍ അടക്കമുള്ള സംഘ പരിവാര്‍ പ്രചാരണങ്ങളെ പിന്‍പറ്റി ഒരു ഇടത് പക്ഷ നഗരസഭ അശാസ്ത്രീയതകള്‍ പ്രചരിപ്പിക്കരുത്. നാട് ഗുരുതരമായ വെല്ലുവിളി നേരിടുന്ന സന്ദര്‍ഭത്തില്‍ തികച്ചും നിരുത്തരവാദപരമായി പെരുമാറുന്ന നഗരസഭയെ തിരുത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. ഇത്തരം അശാസ്ത്രീയ പ്രചരണങ്ങളെ തള്ളി കളയണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് നിന്ന് ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ആലപ്പുഴ നഗരവാസികളോടും പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പരിഷത്ത് നിലപാടിനെ വിമര്‍ശിച്ച് ”ശാസ്ത്രത്തെ മതമാക്കരുത്” എന്ന തലക്കെട്ടില്‍ ഓര്‍ഗാനിക് ഫാമിങ് അസോസിേേയഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഇല്ല്യാസ് കെ പിയുടെ പോസ്റ്റില്‍ പറയുന്നതിങ്ങനെ. പോസ്റ്റിനു താഴെ ചര്‍ച്ചകളും നടക്കുന്നു. കൂടാതെ പല വാട്‌സ് ആപ് ഗ്രൂപ്പുകളിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കാന്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പഠനത്തിന്റെ ബലത്തിലാണ് അപരാജിത ധൂമചൂര്‍ണ്ണം നല്ലതാണെന്ന് നിഗമനത്തിലെത്തുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ ശ്രീ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അപരാജിത ധൂമചൂര്‍ണ്ണം അണു നശീകരണത്തിന് നല്ലതാണെന്ന് കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന 1250 കേന്ദ്രങ്ങളിലാണ് മൈക്രോബയോളജിസ്റ്റുകളുടെ സാന്നിദ്ധ്യത്തില്‍ 9 ദിവസം അപരാജിത ധൂമചൂര്‍ണ്ണം പരീക്ഷിച്ചത്. ഈ പഠനത്തില്‍ ബാക്ടീരിയയുടെയും ഫംഗസുകളുടെയും അളവ് ഗണ്യമായി കുറയുമെന്ന് കണ്ടെത്തി. വൈറസുകള്‍ക്ക് മറ്റു ജീവികളുടെ സാന്നിധ്യത്തിലാണ് പെരുകാന്‍ സാധിക്കുന്നതെന്ന് വസ്തുതയാണ്. അങ്ങനെ വരുമ്പോള്‍ എന്തുകൊണ്ടും അപരാജിത ധൂമചൂര്‍ണ്ണം ഫലപ്രദമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

ആലപ്പുഴ നഗരസഭാ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അപരാജിത ധൂമചൂര്‍ണ്ണം പുകയ്ക്കാന്‍ തീരുമാനിച്ചെതിരെ ഇപ്പോള്‍ പരിഷത്ത് രംഗത്ത് വന്നിരിക്കുകയാണല്ലോ. കോവിഡിനെ പിടിച്ചു കെട്ടാന്‍ ഇതുവരെ അലോപ്പതി വൈദ്യത്തിനു സാധിച്ചിട്ടില്ലായെന്നു മാത്രമല്ല ഇപ്പോള്‍ നടത്തുന്ന വാക്‌സിനേഷനടക്കമുള്ള ചികിത്സയെല്ലാം വെറും പരീക്ഷണങ്ങളായി മാത്രമേ നമുക്ക് കാണാനാവൂ. അങ്ങനെ വരുമ്പോള്‍ യാതൊരു പാര്‍ശ്വ ഫലവുമില്ലാത്ത ഇതര ചികിത്സാ സംവിധാനങ്ങളും രീതികളും പരീക്ഷിക്കുന്നതിലെന്താണ് തെറ്റ്? അലോപതിയല്ലാത്തതെല്ലാം അന്തവിശ്വാസമാണെന്ന് പ്രചരിപ്പിക്കുന്നത് എന്ത് ശാസ്ത്രീയ അടിസ്ഥാനത്തിലാണ്? അപരാജിത ധൂമചൂര്‍ണ്ണം ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുമെങ്കില്‍ ആലപ്പുഴ നഗരസഭ ആ മാര്‍ഗ്ഗം കൈകൊള്ളുന്നതില്‍ എന്താണ് കുഴപ്പം?

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈയടുത്ത കാലത്തായി പരിഷത്തിന്റെ പല നിലപാടുകളും കേവലയുക്തിവാദത്തിന്റെ അരിക് പറ്റി പോകുന്നതാണെന്നത് വ്യക്തമാണ്. ശാസ്ത്രമെന്നു പറഞ്ഞാല്‍ കേവല യുക്തിവാദമാണെന്നും മനുഷ്യനെന്നു പറഞ്ഞാല്‍ പലതരം രാസപദാര്‍ത്ഥങ്ങളടങ്ങിയ ഒരു വസ്തുവാണെന്നുമൊക്കെയുള്ള കേവല യുക്തിവാദികളുടെ വാദമാണ് പരിഷത്ത് കഴിഞ്ഞ കുറച്ചു കാലങ്ങളായി പിന്തുടരുന്നത്. ജൈവകൃഷിയോടുള്ള നിലപാടിലും ഈ മാറ്റം കാണാം. ഈയടുത്ത് പരിഷത്തിന്റെ ലൂക്കയില്‍ വന്ന ഡോ ജോര്‍ജ്ജ് തോമസിന്റെ ‘കാലാവസ്ഥാ മാറ്റവും ഭക്ഷ്യസുരക്ഷയും’ ലേഖനം വായിച്ചാല്‍ മനസ്സിലാകും എന്തു മാത്രം അശാസ്ത്രീയമായ കാര്യങ്ങളാണ് ജൈവകൃഷിക്കെതിരെ ശാസ്ത്രമെന്ന പേരില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് പടച്ചു വിടുന്നതെന്ന്. കുറച്ചു ശാസ്ത്രീയ വാക്കുകള്‍ ഉപയോഗിച്ചാല്‍ ഒരു ലേഖനം ശാസ്ത്രമാകില്ലെന്ന സാമാന്യ ബോധമെങ്കിലും പരിഷത്തിനു വേണ്ടതായിരുന്നു.. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ പരിസ്ഥിതി സൗഹൃദ കൃഷിയിലേക്ക് മാറണമെന്ന് ഐക്യരാഷ്ട്ര സംഘടന വരെ പറഞ്ഞു കൊണ്ടിരിക്കുകയും ഇന്ത്യയടക്കം പലരാജ്യങ്ങളിലും പരമ്പരാഗത കൃഷിയും വിത്തുകളും സംരക്ഷിക്കുന്ന അത്തരം പദ്ധതികള്‍ യു എന്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് ജൈവകൃഷി ഭക്ഷ്യ സുരക്ഷ തകര്‍ക്കുമെന്നൊക്കെയുള്ള വാദം കൊണ്ടു വരുന്നത്.

എന്നാല്‍ മുമ്പ് ജൈവകൃഷിയോടുള്ള പരിഷത്തിന്റെ നിലപാട് ഇതായിരുന്നില്ല. ‘പരിഷത്തിന്റെ വേണം മറ്റൊരു കേരളമെന്ന’ റിപ്പോര്‍ട്ടില്‍ കാര്‍ഷിക മേഖലയെ വീണ്ടെടുക്കാന്‍ മുന്നോട്ടു വെക്കുന്ന നിര്‍ദ്ദേശങ്ങളില്‍ ജൈവകൃഷി പ്രധാന വിഷയമാണ്. ‘ജൈവകൃഷി പരിശീലനം, വ്യാപനം രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതോപയോഗത്തിന്റെ പ്രശ്നങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ജൈവകൃഷിക്ക് സ്വീകാര്യത കൂടുന്നുണ്ട്. പ്രത്യേകിച്ച് ഭക്ഷ്യവിളകളുടെ കാര്യത്തില്‍ ജൈവകൃഷി ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വിപണി ലഭിച്ചുവരുന്നു. ജൈവകൃഷിരീതികള്‍ പരിശീലിപ്പിക്കുന്നതിനും കൃഷി വ്യാപിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ പഞ്ചായത്തുതലത്തില്‍ തയ്യാറാക്കാവുന്നതാണ് ‘ ഓര്‍ഗാനിക് ഉല്‍പന്നങ്ങളുടെ വിപണിയെ പ്രോല്‍സാഹിപ്പിക്കണമെന്നും പരിഷത്ത് പറയുന്നുണ്ട്. 2014 ല്‍ ഉദിനൂരില്‍ നടന്ന പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍ കാസര്‍ക്കോട്ടെ ജൈവകര്‍ഷകര്‍ ഉണ്ടാക്കിയ കപ്പയും പച്ചക്കറികളുമൊക്കെ ഉപയോഗിച്ചായിരുന്നു അവിടുത്തെ ഭക്ഷണം തയ്യാറാക്കിയിരുന്നത്.
എന്നാല്‍ ജൈവകൃഷിയെ എതിര്‍ക്കുന്ന യുക്തിവാദികള്‍ ഇടയ്ക്ക് ആളെ കൂട്ടുന്നത് കണ്ടപ്പോള്‍ പരിഷത്ത് പ്ലേറ്റ് മാറ്റുകയായിരുന്നു. ആളു കൂടുമ്പോള്‍ ശാസ്ത്രം മാറുമല്ലോ.!

കേവല ശാസ്ത്ര യുക്തിവാദികളുടെ നിലപാടാണ് ആയുര്‍വേദമടക്കമുള്ള ഇതര ചികിത്സാ രീതികളോടും പരിഷത്ത് പുലര്‍ത്തുന്നത്. യുക്തിയോ ശാസ്ത്രമോ എന്നതിനേക്കാളുപരി വിപണി കേന്ദ്രീകൃതവും പരിസ്ഥിതി വിരുദ്ധവും വൈവിധ്യങ്ങളെ അംഗീകരിക്കാത്ത ഫാഷിസ്റ്റ് കാഴ്ചപ്പാടുകളുമാണ് ഇതില്‍ മുന്നിട്ട് നില്‍ക്കുന്നെതാണെന്നാണ് വാസ്തവം!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply