മഹാമാരിയുടെ മറവിലെ അന്താരാഷ്ട്ര കൊള്ളകള്‍

കോവിഡ് 19ന്റെയും അതിന്റെ ആഘാതത്തിന്റെയും വേളയില്‍ പോലും, ഇന്ത്യയിലെ മാത്രമല്ല മിക്ക വികസ്വര രാഷ്ട്രങ്ങളിലെയും സര്‍ക്കാരുകളുടെ സാമ്പത്തികവും ധനകാര്യവുമായ തന്ത്രങ്ങളുടെയും മറ്റും ഊന്നല്‍ വന്‍തോതിലുള്ള ഉത്പാദനത്തിലും ഭീമന്‍ പ്രോജക്ടുകളിലുമാണ്. ആരെല്ലാമാണ് ഇതില്‍ ലാഭം കാണുന്നവര്‍? എന്താണ് ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ പങ്ക് ?

മഹാമാരിയായ കൊറോണയും ലോക്ക്ഡൗണും ഇന്ത്യയിലെയും ലോകത്തിലെയും സാധാരണ പൗരന്മാരുടെ ജീവിതത്തെയും ജീവനോപാധികളെയും വരിഞ്ഞുമുറുക്കയാണ് ചെയ്തത്. അവര്‍ അടച്ചിടപ്പെടുക മാത്രമല്ല, തൊഴിലില്ലായ്മ മുതല്‍ ഭക്ഷ്യസുരക്ഷിതത്വമില്ലായ്മ വരെയുള്ള നിരവധി പ്രശ്നങ്ങളുടെ കെണിയിലകപ്പെടുക കൂടി ചെയ്യുമ്പോള്‍ ഭരണ വരേണ്യവര്‍ഗ്ഗം ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്’ സൗകര്യപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളെടുക്കുന്നതിലും നടപടികള്‍ കൈക്കൊള്ളുന്നതിലും വ്യാപൃതരാണ്. ഈ ബിസിനസ്സ് തൊഴിലാളികള്‍ക്ക് ജീവിക്കാനാവശ്യമായ വേതനവുമായും അന്തസ്സുള്ള ജീവിതനിലവാരവുമായും ബന്ധപ്പെട്ട, ഗ്രാമീണ ഇന്ത്യയിലെ വ്യക്തിഗതമോ സഹകരണാടിസ്ഥാനത്തിലോ ഉള്ള കുടില്‍ വ്യവസായങ്ങളുടേതല്ല. ഭരണഘടനയുടെ അനുഛേദം 43ല്‍ പരാമാര്‍ശിച്ചിട്ടുള്ള നിര്‍ദ്ദേശക തത്വങ്ങളനുസരിച്ച് ഭരണകൂടത്തിന്റെ കടമ ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്നതാണ്. കോവിഡ് 19ന്റെയും അതിന്റെ ആഘാതത്തിന്റെയും വേളയില്‍ പോലും, ഇന്ത്യയിലെ മാത്രമല്ല മിക്ക വികസ്വര രാഷ്ട്രങ്ങളിലെയും സര്‍ക്കാരുകളുടെ സാമ്പത്തികവും ധനകാര്യവുമായ തന്ത്രങ്ങളുടെയും മറ്റും ഊന്നല്‍ വന്‍തോതിലുള്ള ഉത്പാദനത്തിലും ഭീമന്‍ പ്രോജക്ടുകളിലുമാണ്.

അധ്വാനവര്‍ഗ്ഗത്തിന്റെ സ്വാതന്ത്ര്യാനന്തര പോരാട്ടങ്ങളുടെ നേട്ടമായ തൊഴില്‍ നിയമങ്ങളും, അതുപോലെതന്നെ പരിസ്ഥിതി നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യുന്നതിന് അല്ലെങ്കില്‍ റദ്ദാക്കുന്നതിനുള്ള ഭയലേശമില്ലാത്ത തീരുമാനങ്ങള്‍ സൂക്ഷ്മബോധവും വിവേകവുള്ള ബുദ്ധിജീവികളെയും ജനകീയ സംഘടനകളെയും തീര്‍ച്ചയായും ഞെട്ടിച്ചിരിക്കയാണ്. എന്നിരുന്നാലും ഇതിനു പിന്നിലെ ശക്തികളുടെ ഇടപെടലുകളുടെ സ്വാധീനങ്ങള്‍ പലര്‍ക്കും അജ്ഞാതമാണ്. സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിളിറ്റി പുറത്തിറക്കുന്ന ഈ പുസ്തകം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവരുടെ ദുരന്ത ധനസഹായത്തിനും ഇക്കാര്യത്തിലുള്ള പ്രത്യക്ഷവും പരോക്ഷവുമായ പങ്ക് വെളിച്ചത്തുകൊണ്ടുവരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യന്‍ പൗരന്മാര്‍ ആത്മനിര്‍ഭര്‍ ഭാരത് പോലെയുള്ള മുദ്രാവാക്യങ്ങളുടെ ഒരു പതിദ്ധ്വനി കേള്‍ക്കുമ്പോള്‍ തന്നെ വന്‍തോതിലുള്ള കടബാദ്ധ്യതകളുടെ കാര്യത്തില്‍ ധനസഹായം നല്ക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും അവരുമായുള്ള നിബന്ധനകള്‍ നിറഞ്ഞ കരാറുകള്‍ക്കുമുള്ള ഉത്തരവാദിത്തത്തെ കുറിച്ച് ഗ്രാഹ്യവും അവബോധവുമുണ്ടാക്കണം. സാമ്പത്തിക മാന്ദ്യത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ നടത്തുന്ന സംഘടനകളെക്കാളും പ്രസ്ഥാനങ്ങളെക്കാളും കൂടുതലായി ബാധിക്കപ്പെട്ടിരിക്കുന്നത് പൗരജനങ്ങളാണ്. കാരണം മൗലികവും ഭരണഘടനാപരവുമായ മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ തങ്ങള്‍ക്ക് താങ്ങായി ദശാബ്ദങ്ങളായി വര്‍ത്തിച്ചുകൊണ്ടിരുന്ന നിയമവ്യവസ്ഥ ദുര്‍ബ്ബലപ്പെടുന്നതിന്റെ തിക്തഫലം അഭിമുഖീകരിക്കുന്നത് അവരാണ്. തീര്‍ച്ചയായും അവര്‍ ‘പരിജ്ഞാനം’ നേടുകയും, തങ്ങളുടെ പോരാട്ടം പ്രാദേശികവും ദേശീയവുമായ തലങ്ങള്‍ക്കപ്പുറം അന്താരാഷ്ട്ര തലങ്ങളിലേക്ക് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുകയും ചെയ്യും.
സാമ്പത്തിക സഹായങ്ങളിലൂടെ തങ്ങള്‍ വരുതിയിലാക്കുന്ന രാഷ്ട്രങ്ങളുടെ പരിപ്രേക്ഷ്യത്തില്‍ തന്നെ അവയുടെ നയങ്ങളില്‍ തങ്ങളുടെ തന്ത്രപരമായ ഇന്‍പുട്ടുകള്‍ ഉള്‍ച്ചേര്‍ക്കുന്ന കാര്യത്തില്‍ ബഹുകക്ഷി വികസന ബാങ്കുകളുടെ പാടവം പ്രസിദ്ധമാണ്. അവരുടെ ഭാഗത്ത് നിന്നുള്ള ഘടനാപരമായത് മാത്രമല്ല, വ്യവസ്ഥയിലെയും കൈകടത്തലുകള്‍ രാജ്യങ്ങളുടെ പരമാധികാരത്തെ കുറിച്ച് അവബോധവും ഉത്കണ്ഠയുമുള്ള എല്ലാവരും വെല്ലുവിളിക്കുന്നു ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് അന്താരാഷ്ട്ര ധനകാര്യ കരാറുകളുമായി ബന്ധപ്പെട്ട ആസൂത്രണത്തിലും നിര്‍വഹണത്തിലും എന്തെങ്കിലും ജനാധിപത്യ പ്രകിയയോ അല്ലെങ്കില്‍ ഒരു പാര്‍ലമെന്ററി മേല്‍നോട്ടമോ പോലുമില്ല എന്നത് പ്രമുഖ വ്യക്തികളും സംഘടനകളും വര്‍ഷങ്ങളായി ഉന്നയിക്കുന്ന ഒരു വിഷയമാണെങ്കിലും അവര്‍ നിശബ്ദരാക്കപ്പെടുകയാണ്. ഈ പശ്ചാത്തലത്തില്‍, ഇന്ത്യയുടെ ആസൂത്രണ കമ്മിഷനില്‍ ലോകബാങ്കിന്റെ പ്രതിനിധികളെ എടുക്കുന്നതിനുള്ള നീക്കത്തെ ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ 90കളുടെ അവസാനം വിജയകരമായി വെല്ലുവിളിച്ചു. അവരുടെ അനൗപചാരികവും എന്നാല്‍ അതേസമയം തന്നെ ശക്തവുമായ ഇടപെടല്‍ ഇന്നും തുടര്‍ന്നുപോന്നു. വൈദ്യസേവനം എന്ന നിലയില്‍ ആരോഗ്യത്തിലും, ലോക്ക് ഡൗണിനെ തുടര്‍ന്നുള്ള സാമൂഹികവും സാമ്പത്തികവുമായി തകര്‍ച്ചയോടുള്ള പ്രതികരണം എന്ന നിലയില്‍ ഭക്ഷ്യസുരക്ഷാ, ജീവനോപാധി പിന്തുണയിലും നടത്തിയ നിര്‍ണായക നിക്ഷേപങ്ങളെ കുറിച്ചുള്ള വിലയേറിയ വിവരങ്ങള്‍ ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

വര്‍ത്തമാനകാലത്ത് നാം കാണുന്നത് പോലെയുള്ള ഒരു അഭൂതപൂര്‍വ്വമായ പ്രതിസന്ധിയില്‍ അന്താരാഷ്ട്ര പിന്തുണ അത്യന്താപേക്ഷിതമാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ ഇന്ത്യ മാത്രമല്ല ആക്രമണത്തിനു കീഴിലായ ചെറുതും വലുതുമായ സമ്പദ്വ്യവസ്ഥകളുള്ള പല രാജ്യങ്ങളും രണ്ടാം ലോക യുദ്ധാനന്തര ബ്രട്ടന്‍വുഡ് സ്ഥാപനങ്ങളെ ഈ യുദ്ധസമാന സാഹചര്യത്തില്‍ ആശ്രയിക്കുകയാണ്. അഞ്ച് ബില്യണ്‍ യു.എസ്. ഡോളര്‍ മൂല്യമുള്ള വായ്പകള്‍, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ലോക്ക്ഡൗണിനു കീഴിലായിരുന്നപ്പോള്‍, സാമ്പത്തികസഹായം നല്കുന്നവര്‍ക്ക് ഭരണഘടനാതീതവും ജനാധിപത്യവിരുദ്ധവുമായ ഇടവും പദവിയും സൃഷ്ടിച്ചുനല്കിയോ എന്നതാണ് ചോദ്യം. തൊഴില്‍ നിയമങ്ങളുടെ കാര്യത്തില്‍ പിന്നാക്കം പോകുന്നതും, പരിസ്ഥിതി നിയമങ്ങളിലൂടെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതും, അതുപോലെതന്നെ ഊര്‍ജ്ജ മേഖലയിലെ നിയമ ഭേദഗതികളും നമുക്കറിയാവുന്നത് പോലെ എപ്പോഴും നവലിബറല്‍ പരിഷ്‌കാര അജണ്ടയുടെ അവിഭാജ്യ ഘടകമാണ്. ലോക ബാങ്ക്, എ. ഡി. ബി. എ) ഐ.ഐ.ബി, ന്യൂ ഡവലപ്മെന്റ് ബാങ്ക് എന്നിവയുമൊത്തുള്ള കരാറുകള്‍ക്ക് മുന്നോടിയായി രാജ്യത്തെമ്പാടും പ്രതിഷേധമുയര്‍ത്തിയ ഘടനാപരമായ നയങ്ങളിലുണ്ടായ പരിഷ്‌കരണങ്ങളെ വിപ്ലവകരമായ മാറ്റങ്ങള്‍ എന്ന് വിശേഷിപ്പിച്ചിരുന്നില്ലേ? മൂന്ന് ട്രില്യന്‍ ഡോളര്‍ സമ്പദ്വ്യവസ്ഥകളെ സംബന്ധിച്ചിടത്തോളം അത്ര ഗണ്യമായ അളവിലുള്ളതായി കാണപ്പെടാത്ത ഈ ധനകാര്യ ഇന്‍പുട്ടുകള്‍ക്ക് ആരോഗ്യം, അടിസ്ഥാനഘടന, ഉല്പാദനം എന്നിവ മുതല്‍ ഭൂമി, ക്യഷി, ജലം, ഊര്‍ജ്ജം എന്നിവ വരെയുള്ള മേഖലകളില്‍ കോര്‍പറേറ്റ് വത്കരണത്തിനുള്ള വ്യാപകവും ആഴത്തിലുള്ളതുമായ ഡാറ്റാ ശേഖരണ, പരിഷ്‌കാര പിന്തുണയോടു കൂടി ആസൂത്രണത്തില്‍ ഒരു സുപ്രധാന പങ്ക് വഹിക്കുന്നതിന് വിദേശ കരങ്ങള്‍ക്കായി ഒരു അജണ്ട ഉണ്ടോ? ധനസഹായങ്ങള്‍ പൊതുമേഖലയുടെ സ്ഥാനം സ്വകാര്യ കോര്‍പറേറ്റുകള്‍ കൈയ്യടക്കുന്നതിന് ആക്കം കൂട്ടുകയും അങ്ങനെ പ്രാന്തവത്കരിക്കപ്പെട്ട സമൂഹങ്ങളെ അവരുടെ ന്യായമായ സാമ്പത്തിക സാമൂഹ്യ ആനൂകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കുകയുമാണോ? ഡാറ്റാ ബോധമുള്ള ബാങ്കുകള്‍, ഡാറ്റ ആസൂത്രണ പ്രക്രിയയില്‍ ഉപയോഗപ്രദമായ വിഭവങ്ങളാണെന്ന് വീമ്പിളക്കിക്കൊണ്ട്, നിയമപരമായ മുന്‍ഗണനകള്‍ മുതല്‍ സാങ്കേതികവിദ്യയുടെ തെരഞ്ഞെടുപ്പുകള്‍ വരെയുള്ള തീരുമാനങ്ങളില്‍ അവിഹിതമായ കൈകടത്തല്‍ നടത്താന്‍ സാദ്ധ്യതയുണ്ടോ? അനിതരസാധാരണമായ ഈ രൂപാന്തരീകരണങ്ങള്‍ തൊഴിലില്ലായ്മയും അരക്ഷിതത്വവും മൂലം ഇതിനോടകം തന്നെ പ്രഹരമേറ്റിരിക്കുന്ന സാധാരണ പൗരന്മാരുടെ താല്പര്യങ്ങള്‍ക്കും, അവകാശങ്ങള്‍ക്കും, അടിസ്ഥാന ആവശ്യങ്ങള്‍ക്കും എതിരായി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കും ഭരണ സംവിധാനത്തിനും ഹാനിവരുത്താന്‍ പോകുകയാണോ?

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഐ.എഫ്.ഐ.കളും എം.ഡി.ബി.കളും അതുപോലെതന്നെ ഉഭയകക്ഷി സാമ്പത്തികസ്ഥാപനങ്ങളും അവലംബിച്ചിരിക്കുന്ന പദാവലി ഇപ്പോള്‍ ഒട്ടുംതന്നെ പരമപവിത്രമായി കണക്കാക്കപ്പെടുന്നില്ല. സാമൂഹ്യ സുരക്ഷ, സാമൂഹ്യവും സാമ്പത്തികവുമായ പ്രവര്‍ത്തനങ്ങളുടെ വീണ്ടെടുപ്പ്, നിര്‍ണായക ആരോഗ്യ പരിചരണം, ജീവനോപാധികള്‍ക്കുള്ള പിന്തുണ എന്നിവ ആകര്‍ഷകങ്ങളാണ് എന്നതില്‍ സംശയമില്ല. എങ്കിലും കോവിഡ്-19 മൂലം ബാധിക്കപ്പെട്ടിരിക്കുന്ന ജനസാമാന്യത്തിനോ തൊഴിലിന് പ്രാധാന്യമുള്ള ചെറുകിട വ്യവസായങ്ങള്‍ക്കോ പോലും മുന്‍ഗണനാ മേഖലകള്‍ എന്ന നിലയില്‍ ഈ വായ്പകളുടെയും കരാറുകളുടെയും നേട്ടം ലഭിക്കുമെന്ന് പരിചയസമ്പത്തില്ലാതെ ഇക്കാര്യങ്ങളെ വിലയിരുത്തുന്ന നിഷ്‌കളങ്കര്‍ക്കു മാത്രമേ വിശ്വസിക്കാനാവൂ. നേപ്പാളും ഇന്ത്യാനേഷ്യയും പോലെയുള്ള രാജ്യങ്ങളില്‍ ഇതിനോടകം തന്നെ ദുരന്തനിവാരണ സാമ്പത്തിക സഹായം മുഖേന ഉളവായതും അഭിവൃദ്ധിപ്പെട്ടതും സ്വകാര്യവത്കരണമാണെന്നത് പ്രത്യക്ഷമാണ്. ഉത്തരാഖണ്ഡ്, കാശ്മീര്‍ സംസ്ഥാനങ്ങളിലും എന്തിന് കേരളത്തില്‍ പോലും ധനകാര്യ പിന്തുണയിലൂടെ കടന്നുകയറ്റങ്ങള്‍ നടക്കുന്നു എന്നത് കൂടുതല്‍ വ്യക്തമാണ്. പൊതുമേഖല, ഭരണകൂടത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളും ഉത്തരവാദിത്തവും അതുപോലെതന്നെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും അനുകൂലമായ മുന്‍ഗണനാക്രമം നിശ്ചയിക്കല്‍ എന്നിവ ബലികഴിച്ച് സ്വകാര്യ കോര്‍പറേറ്റുകളുടെയും ലാഭമെടുക്കലിന്റെയും വ്യാപകമായ അധിപത്യത്തെ ഗവേഷകര്‍ മുതല്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ വരെ തുറന്നുകാട്ടുന്നുണ്ട്. ഇവയെല്ലാം മുതലാളിത്ത സ്വഭാവത്തിലുള്ള ദുരന്ത നിവാരണത്തിന്റെയും പ്രതികരണത്തിന്റെയും പശ്ചാത്തലത്തില്‍ ശ്രദ്ധിക്കപ്പെടാതെയോ അവഗണിക്കപ്പെട്ടോ പോയിരിക്കുന്നു. ഫെഡറല്‍, ഭരണഘടനാ ചട്ടക്കൂടുകളും ജനാധിപത്യ, പരമാധികാര ആസൂത്രണ പ്രക്രിയകളും തുരങ്കം വയ്ക്കപ്പെടുന്നതാണ് നാം ഇന്ന് ദേശീയതലത്തില്‍ കണ്ടുകൊണ്ടിരിക്കന്നത് ഭരണകൂടത്തിന്റെ മാത്രമല്ല ജനങ്ങളെ മുന്‍നിര്‍ത്തിയുള്ള വികസന ആസൂത്രണങ്ങളുടെ മുന്‍കാലങ്ങളിലുണ്ടായിട്ടില്ലാത്തവിധത്തിലുളള തിരിച്ചുപോക്ക് ഈ പുസ്തകത്തില്‍ അവലോകനം ചെയ്യപ്പെടുന്ന അന്താരാഷ കരാറുകളുടെ സ്പഷ്ടമായ ലക്ഷ്യങ്ങള്‍ക്കും പ്രഖ്യാപിത ഉദ്ദേശ്യങ്ങള്‍ക്കും വിരുദ്ധമാണ്. ബാങ്കിംഗ്, എണ്ണ, വാതകം, ഡിജിറ്റലൈസേഷന്‍, ഖനനം എന്നിവ ഖജനാവ് കൊള്ളയടിക്കുന്നതിനായി കോര്‍പറേറ്റ് കളിക്കാര്‍ക്ക് കൈമാറുന്ന മേഖലകലാണ്. നര്‍മ്മദ, അമരാവതി സിറ്റി, ടാറ്റാ മൂന്‍ഡ പവര്‍ പ്രോജക്ട് എന്നിവയിലെയും അതുപോലെതന്നെ അടിസ്ഥാനഘടനാ, ജലസേചന പ്രോജക്ടുകളിലെയും എം.ഡി.ബി.കളുടെ പ്രോജക്ട് അധിഷ്ഠിതം മുതല്‍ സെക്ടറല്‍ തലത്തില്‍ വരെയുള്ള നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് അവര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ വെളിച്ചത്തുവന്നിട്ടുണ്ട്. ഈ നിക്ഷേപങ്ങള്‍ നമ്മുടെ സ്വന്തം സര്‍ക്കാരുകള്‍ മുഖേനയാണ് എത്തുന്നതെങ്കില്‍ പോലും ഇത്തരം നിയമലംഘനങ്ങള്‍ തുടരുകയാണ്. സ്റ്റിഗ്ലിറ്റ്സ് മുതലിങ്ങോട്ടുള്ളവര്‍ ഇക്കാര്യത്തില്‍ എം.ഡി.ബി.കളുടെ പങ്കും അജണ്ടയും ആഗോളതലത്തില്‍ തന്നെ വീണ്ടും വീണ്ടും വെളിപ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക അധികാരപരിധികളെ അവഗണിക്കുന്നത് മുതല്‍ തൊഴില്‍ നിയമ സംരക്ഷണത്തില്‍ ഇളവുകള്‍ നല്‍കുന്നത് വരെയുള്ള കാര്യങ്ങളില്‍ സമ്മര്‍ദ്ദവും പ്രോത്സാഹനവും ചെലുത്തപ്പെടുന്നു. ധനസഹായ വിഹിതത്തിന്റെ ഒരു ചെറിയ ശതമാനം പരാതി പരിഹാരത്തിനും നഷ്ടപരിഹാര ആനുകൂല്യങ്ങള്‍ക്കുമായി മാറ്റിവച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ലെങ്കില്‍ പോലും, അവ കാലാവസ്ഥാ വ്യതിയാനം മുതല്‍ ദുരന്തലഘൂകരണമോ നഷ്ടപരിഹാരമോ കൂടാതെയുള്ള കുടിയൊഴിപ്പിക്കല്‍ വരെയുള്ള അസ്വീകാര്യവും അന്യായവുമായ പദ്ധതികളാണ് കൊണ്ടുവരുന്നത്. വര്‍ദ്ധിതമായ ചൂഷണം, കുടിയൊഴിപ്പിക്കലുകള്‍, കാലാവസ്ഥാ വ്യതിയാനം, ചുഴലിക്കാറ്റുകളും വെള്ളപ്പൊക്കങ്ങളും പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ എന്നിവയെല്ലാം പ്രകൃതിവിഭവങ്ങളെയും ജീവനോപാധികളെയും നശിപ്പിക്കുകയും സാമൂഹ്യവും രാഷ്ട്രീയവുമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നു.

സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിളിറ്റി 30 കോടി സാധാരണ ജനങ്ങളുടെ മേല്‍ ഭാരമേല്‍പ്പിച്ചുകൊണ്ടുള്ള വായ്പാ കരാറുകളെ ആഴത്തില്‍ പരിശോധിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്ന വിലയേറിയ ഒരു കര്‍ത്തവ്യം നിര്‍വഹിച്ചിരിക്കുകയാണ്. പാര്‍ലമെന്റുകള്‍ മിക്കവാറും അടഞ്ഞുകിടക്കുകയും, ബഹുജന മുന്നേറ്റങ്ങള്‍ നിരോധിക്കപ്പെടുകയും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലും പൂട്ടിക്കിടക്കുകയും ചെയ്തിരിക്കുമ്പോള്‍ തിരശീലകള്‍ക്ക് പിന്നില്‍ നടക്കുന്ന നീക്കങ്ങള്‍ പൊതുജന സമക്ഷം അവതരിപ്പിക്കപ്പെടുകയാണ്. ഇതിന് ജാഗ്രതയുള്ള കാവല്‍ക്കാരാകാനാവുന്ന ഉത്കണ്ഠാകുലരായ പൗരന്മാരെ ബോധവാന്മാരാക്കാനും, പൗരജനങ്ങള്‍ വര്‍ഷങ്ങളോളം ചുമക്കാന്‍ പോകുന്ന കടഭാരത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്കായുള്ള കൂടുതല്‍ വിശദമായ തിരച്ചിലിന് തുടക്കം കുറിക്കാനുമാവും. അതിലും കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത് ആഗോള കോര്‍പ്പറേറ്റ് സഖ്യങ്ങള്‍, ഇന്ത്യയുടെ ജനസംഖ്യയുടെ കുറഞ്ഞത് 80 ശതമാനം വിശേഷിച്ചും സുരക്ഷിതരല്ലാത്ത അദ്ധ്വാനവര്‍ഗ്ഗം അഭിമുഖീകരിക്കുന്ന ഗുരുതരമായ അരക്ഷിതാവസ്ഥ ഇതേവരെയും പരിഹരിച്ചിട്ടില്ലാത്ത പ്രഖ്യാപിത സ്‌കീമുകളെയും ക്ഷേമ നടപടികളെയും കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ചുള്ള അവബോധത്തിനായിരിക്കും. ഈ നിര്‍ണ്ണായക അറിവ് എത്രയും പെട്ടെന്ന് താഴെത്തട്ടുകളിലെ വിജ്ഞാനമാക്കുന്നതിന് സി.എഫ്.എ.യ്ക്ക് സാധിക്കും. അവര്‍ അതിനുള്ള നടപടികള്‍ തീര്‍ച്ചയായും സ്വീകരിക്കണം.

എല്ലാ കോര്‍പ്പറേറ്റ്, നവമുതലാളിത്ത കടന്നുകയറ്റത്തിനും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളായ എം.ഡി.ബി.കളെ മാത്രമാണോ കുറ്റപ്പെടുത്തേണ്ടതെന്ന് ആരും ചോദിച്ചേക്കാം. കാര്യങ്ങള്‍ തീരുമാനിക്കുന്ന തലങ്ങളിലിരുക്കുന്ന, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ ജനപ്രതിനിധികള്‍ക്ക് ഒരുത്തവാദിത്തവുമില്ലേ? തീര്‍ച്ചയായും ഉണ്ട് ! അവരെയാണ് ആദ്യം വെല്ലുവിളിക്കേണ്ടതും, നവലിബറല്‍, നവകൊളോണിയല്‍ പരിവര്‍ത്തകര്‍ എന്ന നിലയില്‍ ആഗോള ധനവിതരണ കേന്ദ്രങ്ങളില്‍ നിന്ന് സ്വീകരിച്ചതും, സ്വരൂപിച്ചതും, ശേഖരിച്ചതുമായ പണം എവിടെ എന്ന കാര്യത്തില്‍ ചോദ്യം ചെയ്യേണ്ടതും. അവര്‍ ഇറക്കുമതി കയറ്റുമതി രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തുറന്നുകൊടുക്കുന്നത് കേവലം വിപണി മാത്രമല്ല, മറിച്ച് ധനകാര്യത്തിന് ഉപരിയായി ജനാധിപത്യ വേദിയിലെ രാഷ്ട്രീയ-സാമ്പത്തിക ഇടവും, ഭരണത്തെ പോലുമാണ്. രാജ്യം കടുത്ത നാശവും, ഒഴിവാക്കപ്പെടലും അരക്ഷിതത്വവും വഹിക്കേണ്ടി വരുന്നതിന് ആഗോളതലത്തില്‍ കളിക്കുന്നവരും അവരുടെ കളികളും ഉത്തരവാദികളായിരിക്കുമ്പോള്‍ അവരെ ചോദ്യം ചെയ്യാതിരിക്കാനാവില്ല. രാജ്യത്തെ രക്ഷിക്കാനുള്ള ഈ യഥാര്‍ത്ഥ ജനാധിപത്യ പ്രക്രിയയില്‍ സി.എഫ്.എ. തീര്‍ച്ചയായും ഒരു പ്രധാന പങ്ക് വഹിക്കും.

(സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റി പ്രസിദ്ധീകരിച്ച ‘മഹാമാരി: കടന്നുകയറ്റത്തിനുള്ള മറ’ എന്ന പുസ്തകത്തിന്റെ അവതാരിക – കടപ്പാട് കേരളീയം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply