പൗരത്വം: ലിബറല്‍ ആഖ്യാനങ്ങള്‍ക്കപ്പുറം

‘പൊതുമണ്ഡലം നിക്ഷിപ്ത താല്പര്യക്കാരുടെ സ്വകാര്യ മണ്ഡലമാ’ണെന്ന് തലാല്‍ അസദ് നിരീക്ഷിക്കുന്നുണ്ട്. ‘പുതിയ സംവാദങ്ങളുടെ കടന്നുവരവ് പൊതുമണ്ഡലത്തിന്റെ ചര്‍ച്ചകളെ നിയന്ത്രിക്കുന്ന വ്യവസ്ഥാപിത ധാരണകളില്‍ വിള്ളല്‍ വീഴ്ത്തിയേക്കാം’ അതുകൊണ്ടുതന്നെയാണ് പൗരത്വനിയമവിരുദ്ധ പ്രക്ഷോഭത്തില്‍ ഇടതുപക്ഷാഖ്യാനത്തെ തള്ളിമാറ്റി സര്‍വകലാശാലയിലെ കീഴാള-മുസ്ലിം പഠിതാക്കള്‍ കൃത്യമായ രാഷ്ട്രീയം ഉയര്‍ത്തി തെരുവിലെത്തിയത് – കെ. അഷ്‌റഫിന്റെ ”പൗരത്വനിഷേധം – അധികാരം വ്യവഹാരം പ്രതിരോധം” എന്ന കൃതി സലീം ദേളി വായിക്കുന്നു

രാജ്യത്ത് സ്വത്വ പ്രതിസന്ധികളില്‍ സമുദായം നിലപാട് സ്വീകരിക്കുമ്പോള്‍ ദേശീയവാദ, ഇടതുപക്ഷ ആഖ്യാനങ്ങളുടെ സ്വാധീനങ്ങള്‍ പ്രതിഫലിക്കാറുണ്ട്. സമുദായ പ്രശ്‌നത്തെ കൃത്യമായി അഡ്രസ്സ് ചെയ്യാത്ത അത്തരം ആഖ്യാന നിര്‍മ്മിതികള്‍ പ്രശ്‌നത്തെ മനസ്സിലാക്കാനുള്ള പ്രാപ്തി നേടാറില്ല. പൗരത്വ നിയമവിരുദ്ധ സമരം ഇടതുപക്ഷത്തിന് കേവലം ഭരണഘടനാ പ്രശ്‌നം മാത്രമാണ്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം പൗരത്വ നിയമ ഭേദഗതി, വംശീയ ഉന്മൂലന അജണ്ടയുടെ പ്രാക്ടിക്കലൈസേഷനാണ്. മുസ്ലിം കര്‍തൃത്വത്തെ റദ്ദ് ചെയ്യുക എന്ന അടവുനയമാണ് ദേശീയവാദ, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ലക്ഷ്യം.

പ്രകടനപരതയില്‍ മാത്രം വളര്‍ന്നുകൊണ്ടിരിക്കുന്ന കേരളീയ പൊതുമണ്ഡലം, മുസ്ലിം പ്രശ്‌നങ്ങളെ പുറത്തു നിര്‍ത്തിയ മതേതര നരേറ്റീവുകളുണ്ടാക്കിയ കാലമുണ്ടായിരുന്നു. മുഖ്യധാരയുടെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത് പൊതുമണ്ഡലമാണ്. എത്രത്തോളം ഇടപെടാനാകുമോ അത്രത്തോളം സജീവമാകാനും ദൃശ്യത കൈവരിക്കാനും സാധ്യമാകുന്നു.പൊതുയിടങ്ങളില്‍ ഉയര്‍ന്നുവരുന്ന ചര്‍ച്ചകള്‍, അതില്‍ നിന്ന് ഉരുത്തിരിയുന്ന തീരുമാനങ്ങളാണ് പൊതുസ്വഭാവത്തെ/ പൊതുബോധത്തെ അടയാളപ്പെടുത്തുന്നത്. പൊതുബോധത്തില്‍ നിന്ന് അരികുവല്‍ക്കരിക്കപ്പെട്ട സമുദായത്തിന്റെ കര്‍തൃത്വത്തെ മത്സരിച്ചേറ്റെടുക്കലാണ് ഇടതുപക്ഷം ചെയ്യാറുള്ളത്. സമുദായ പ്രശ്‌നത്തെ ഉന്നയിക്കുമ്പോള്‍ അടിസ്ഥാന സ്വഭാവത്തിലുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താതെ ഉപരിതലത്തില്‍ സന്ധിയിലേര്‍പ്പെടുകയായിരുന്നു ഇടതുപക്ഷം.

‘പൊതുമണ്ഡലം നിക്ഷിപ്ത താല്പര്യക്കാരുടെ സ്വകാര്യ മണ്ഡലമാ’ണെന്ന് തലാല്‍ അസദ് നിരീക്ഷിക്കുന്നുണ്ട്. ‘പുതിയ സംവാദങ്ങളുടെ കടന്നുവരവ് പൊതുമണ്ഡലത്തിന്റെ ചര്‍ച്ചകളെ നിയന്ത്രിക്കുന്ന വ്യവസ്ഥാപിത ധാരണകളില്‍ വിള്ളല്‍ വീഴ്ത്തിയേക്കാം’ അതുകൊണ്ടുതന്നെയാണ് പൗരത്വനിയമവിരുദ്ധ പ്രക്ഷോഭത്തില്‍ ഇടതുപക്ഷാഖ്യാനത്തെ തള്ളിമാറ്റി സര്‍വകലാശാലയിലെ കീഴാള-മുസ്ലിം പഠിതാക്കള്‍ കൃത്യമായ രാഷ്ട്രീയം ഉയര്‍ത്തി തെരുവിലെത്തിയത്. മതേതര ഒറ്റമൂലിയില്‍ മാത്രം വിശ്വാസം പുലര്‍ത്തുന്നവരല്ല നവ മുസ്ലിം രാഷ്ട്രീയ ധാരകള്‍. പ്രത്യേകിച്ച് സര്‍വകലാശാലയിലെ സ്വത്വരാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍. അതിന്റെ തെളിവാണ് കെ. അഷ്‌റഫിന്റെ അധികാരം വ്യവഹാരം പ്രതിരോധം എന്ന കൃതി.. പൊതുമണ്ഡലത്തിലെ വ്യവസ്ഥാപിത ബോധത്തെ തകര്‍ക്കുകയും പുതിയ ആഖ്യാനത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുകയാണ് ഈ കൃതിയിലൂടെ അഷ്‌റഫ്.

 

 

 

 

 

 

 

 

മുസ്ലിം, ഇസ്ലാം ഇരകളാക്കപ്പെടുന്ന പ്രശ്‌നങ്ങളെ കേരളീയ പൊതുമണ്ഡലം എങ്ങനെ ഉള്‍ക്കൊള്ളുണ്ടുവെന്ന് അസദ് മുന്നോട്ടുവെച്ച പൊതുമണ്ഡലനിര്‍വചനം പരിശോധിച്ചാല്‍ ബോധ്യമാകും. കേരളീയ പൊതുമണ്ഡലം / മുഖ്യധാര മുസ്ലിംകളെ അടയാളപ്പെടുത്തുന്ന് എങ്ങനെയാണെന്നും തിരിച്ചറിയണം. ‘കേള്‍വിയെ നിയന്ത്രിക്കുന്ന ഘടനകളും ധാരണകളും തന്നെയാണ് പൊതുമണ്ഡലത്തിലെ പറയലിനെ രൂപപ്പെടുത്തുന്നത്’ (അസദ്). കേരളത്തില്‍ രൂപം കൊണ്ട ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന് ഇടതുപക്ഷ നിലപാടുകള്‍ കാരണമായിട്ടുണ്ട്. പരമ്പരാഗത ഭാഷ്യമനുസരിച്ച് ഇടതുപക്ഷം മുസ്ലിങ്ങളെ വര്‍ഗീയമാക്കുകയാണ് ചെയ്തത്. ലൗ ജിഹാദ്, ലെറ്റര്‍ ബോംബ്, കാശ്മീര്‍ ഏറ്റുമുട്ടല്‍, നാദാപുരം-കാസര്‍ഗോഡ് വിദ്വേഷ കലാപങ്ങള്‍….. ഇടതുപക്ഷാഖ്യാനങ്ങള്‍ മുസ്ലീങ്ങളെ നിര്‍മ്മിച്ചത് ദേശവിരുദ്ധര്‍/ സാംസ്‌കാരിക ദുഷിപ്പര്‍/ വൈദേശിക ശത്രുക്കളുമായിമായുള്ള സഹവാസം പുലര്‍ത്തുന്നവര്‍ എന്നിങ്ങനെയാണ്.

ഭാഷാ സമരത്തിലെ മുസ്ലിം വേട്ടയിലും ബീമാപള്ളി വെടിവെപ്പിലെ മുസ്ലിം വേട്ടയിലും ഇരകള്‍ക്കൊപ്പം നില്‍ക്കാതെ വര്‍ഗീയത ചുമത്തുകയായിരുന്നു കേരളത്തിലെ പൊതുബോധം. ആഖ്യാനനിര്‍മ്മിതികളിലൂടെ നല്ല മുസ്ലിം-ചീത്ത മുസ്ലിം എന്ത് ദന്ദ്വത്തെ നിര്‍മ്മിച്ച ഇടതുപക്ഷത്തിനുകീഴില്‍ അണിനിരക്കുന്നവരെ നല്ല മുസ്ലീമും നല്ല മതേതരവാദികളുമാക്കി. സെക്കുലറിസത്തില്‍ സന്ദേഹം പുലര്‍ത്തുന്നവരെ വര്‍ഗീയവാദിയും ചീത്ത മുസ്ലിമുമാക്കി. മതേതരത്വത്തിന്റെ വിപരീതം വര്‍ഗീയത എന്ന് കണക്കെടുപ്പാണ് ഇതിന്റെ അടിസ്ഥാനം. ഇതുതന്നെയാണ് ഫലത്തില്‍ സംഘപരിവാര്‍ പുലര്‍ത്തുന്ന രാഷ്ട്രീയ ദൗത്യവും. എന്നാലിപ്പോള്‍ മുസ്ലിം വിഷയികളുടെ കര്‍ത്തൃത്വം ഏറ്റെടുക്കലാണ് സമുദായ രാഷ്ട്രീയം. ആ രാഷ്ട്രീയത്തിന്റെ ഉത്തമ നിര്‍വഹണം കൂടിയാണ് ഈ കൃതി. മുസ്ലിം വിജയികളെ പുറത്തു നിര്‍ത്തുന്ന പൊതുമണ്ഡല സ്വഭാവത്തിനകത്തു നിന്നാണ് മലയാളി പൊതുബോധമുണ്ടാവുന്നത്. ഇത്തരം സമവാക്യങ്ങളില്‍ നിന്ന് അവര്‍ ആവിഷ്‌കരിച്ചിരിക്കുന്നതാണ് മതേതരത്വവും ജനാധിപത്യവും. മുസ്ലിം വിഷയികളോട് ദൂരം പുലര്‍ത്തുന്ന ജനാധിപത്യ വ്യാകരണത്തെ മാറ്റിയെഴുതുകയും കൂടിയാണ് ഈ പുസ്തകത്തിലൂടെ കെ.അഷ്‌റഫ്.

ദേശരാഷ്ട്ര വ്യവസ്ഥിതിയില്‍ പൗരത്വം അവകാശങ്ങളുടെ അടിസ്ഥാന ന്യായമാണ്. പൗരനാവാനുള്ള അവകാശം നിഷേധിക്കുന്നത്, അവകാശങ്ങളില്ലാത്ത അപരനെ (other) സൃഷ്ടിക്കാനാണ്. ബ്രാഹ്മണിക് ഹിന്ദുത്വ രാഷ്ട്രീയം നിയമപരമായി അപരനെ നിര്‍മിക്കാനുള്ള നിയമസാധുതയെയാണ് ഇപ്പോള്‍ ഭരണഘടനയില്‍ ചേര്‍ത്തിട്ടുള്ളത്. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെയും ഉദ്ദേശലക്ഷ്യങ്ങളെയും അട്ടിമറിച്ചുകൊണ്ട് ഭരണഘടനാ തിരുത്തിയെഴുതുന്ന സാഹചര്യത്തില്‍, സമരത്തിനകത്ത് നിന്നുകൊണ്ട് എങ്ങനെയാണ് ഭരണഘടനയെ സമീപിക്കേണ്ടത് എന്ന വിഷയം ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തില്‍ സമര സിംബലായി ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ സാധുതയും ട്രാന്‍സ്‌ഫോര്‍മേറ്റീവ് സാധ്യതയും മുദ്രാവാക്യങ്ങളായി മാറുന്നതിന്റെ രാഷ്ട്രീയവും.

സാംസ്‌കാരിക ചരിത്ര സാഹിതീയ മണ്ഡലങ്ങളില്‍ യുക്തിയെ നിയന്ത്രിക്കുന്ന ബ്രാഹ്മണിസമാണ് മനുഷ്യന്‍ എന്ന കര്‍തൃത്വത്തെ ഇവിടത്തെ മുസ്ലിം ദളിത് ജനതക്ക് നിഷേധിച്ചത്. പ്രകൃതിയില്‍ നിന്നും മനുഷ്യനില്‍ നിന്നും അവരെ അന്യവല്‍ക്കരിച്ചു നിര്‍ത്തി. ഇച്ഛാശക്തിയെ നിയന്ത്രിക്കാനോ നിര്‍ണയിക്കാനുള്ള അവകാശങ്ങള്‍ കാലങ്ങളായി അവര്‍ പിടിച്ചുവെക്കുകയാണ്. ബ്രാഹ്മണിസം തകരാത്ത കാലത്തോളം കീഴാള വര്‍ഗത്തിന് സ്വയം നിര്‍മ്മിതാവകാശം ലഭിക്കില്ല. ഇന്ത്യയിലെ രാഷ്ട്രീയ അക്കാദമിക വ്യവഹാരങ്ങളും സ്വയം നിര്‍മ്മിതാവകാശം കീഴാള ജനതക്ക് അനുവദിച്ചുതരുകയുമില്ല. അന്യവല്‍ക്കരിക്കപ്പെട്ട സമൂഹം എപ്പോഴും നിഷേധാത്മകമായ ഒരു സംഭവമായാണ് പരിണമിക്കുന്നത്. ഇവിടെ നാം പ്രവര്‍ത്തിക്കുകയല്ല. ആരാലോ പ്രവര്‍ത്തിക്കപ്പെടുകയാണ്. പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിലെ വിവിധ മാനങ്ങളെക്കുറിച്ച് സമ്പന്നമായ അക്കാഡമിക് ചര്‍ച്ചകള്‍ നിരന്തരം നടത്തിയ വ്യക്തിയാണ് കെ.അഷ്‌റഫ്. ന്യൂനപക്ഷ രാഷ്ട്രീയമുയര്‍ത്തുന്ന മാധ്യമങ്ങള്‍ കൃത്യമായി സംവാദത്തെ പ്രതിനിധീകരിക്കുകയും ചെയ്തു.

നമ്മള്‍ ജീവിക്കുന്ന ഇടം നമ്മെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒന്നാണ്. നമുക്ക് സ്വാഭിമാനം വെച്ചുപുലര്‍ത്താന്‍ അവകാശമില്ലാത്ത, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത, നമ്മള്‍ നിരന്തരം ആക്രമിക്കപ്പെടുന്ന, അപമാനിക്കപ്പെടുന്ന, അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ഒരു ഇടമാണ് ഇന്ത്യയില്‍ മുസ്ലിംകള്‍ക്കുള്ളത്. മുസ്ലിം എക്‌സിസ്റ്റന്‍സുമായി ബന്ധപ്പെട്ട അത്തരം സംവാദങ്ങളെ ആഗോള പശ്ചാത്തലത്തിലും ദേശീയ സാഹചര്യത്തിലും പരിശോധിച്ച് മുസ്ലിം വംശഹത്യക്ക് നിയമപരമായ അടിത്തറയൊരുക്കുന്ന സമീപനത്തെ സൈദ്ധാന്തിക അടിത്തറവെച്ച് പുനഃപരിശോധിക്കുകയാണ് യുവ ചിന്തകനും ആക്ടിവിസ്റ്റ് സ്‌കോളറുമായ കെ. അഷറഫ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply