മഹാമാരികാലത്താവശ്യം yes/no ഉത്തരങ്ങളല്ല

ഒന്നുകില്‍ വാക്സിന്‍, അല്ലെങ്കില്‍ കൊറോണക്കൊപ്പമുള്ള ജീവിതം എന്നാണ് ലോക്കൗട്ടിലിരിക്കുമ്പോള്‍ നാം കേള്‍ക്കുന്നത്. അപ്പോഴും ഫാസിസ്റ്റ് കോര്‍പ്പറേറ്റ് ശക്തികള്‍ നമ്മെ തുറിച്ചുനോക്കി നില്‍ക്കുന്നതും കാണാം. ആദ്യം കൊറോണ, പിന്നെ ഈ കൂട്ടുകെട്ട് എന്ന സമീപനം മാറണം. ഇവരണ്ടും നമ്മുടെ ജീവിതത്തെ വെല്ലുവിളിക്കുന്നു എന്ന തിരിച്ചറിവുണ്ടാകണം. ഈ ദുരന്തകാലത്ത് നമ്മുടെ സൂക്ഷ്മതയും സര്‍ഗ്ഗാത്മകതയും നഷ്ടപ്പെടരുത്. മഹാമാരിയെ സൂക്ഷ്മാര്‍ത്ഥത്തില്‍ നാം തിരിച്ചറിയുന്നുണ്ടോ? ഇല്ലെന്നു തോന്നുന്നു. ഭരണകൂടാധികാരം കൊറോണയുടെ മറവില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ നാം കാണുന്നതേയില്ല – കൊവിഡ് – കൊവിഡാനന്തരകാലത്തെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് കെ ഇ എന്‍ എഴുതുന്നത്.

നമ്മുടെ പ്രത്യക്ഷത്തിലുള്ള രാഷ്ട്രീയ – സാമൂഹ്യ – സാംസ്‌കാരിക പ്രവര്‍ത്തനങ്ങള കൊവിഡ് തടഞ്ഞിട്ടുണ്ടെന്നതു ശരിയാണ്. മാത്രമല്ല, ഈ സാഹചര്യമുപയോഗിച്ച് അത്തരം പ്രവര്‍ത്തനങ്ങള്‍ ഭാവിയിലും തടയാനുള്ള നീക്കമുണ്ട്. അധോമുഖമനുഷ്യരെ, അരാഷ്ട്രീയവാദികളെ ആദര്‍ശമാക്കി മാറ്റാനുള്ള പ്രവണത ശക്തമാകുകയാണ്. അപകടകരമായ ഈ നീക്കത്തെ ചെറുക്കലായിരിക്കമം വരുംകാല സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ കാതല്‍. മനുഷ്യരെ മാത്രം പൂട്ടി അകത്തിരുത്തിയവര്‍ കോര്‍പ്പറേറ്റ് – ഫാസിസ്റ്റ് കൂട്ടുകെട്ടിനെ തൊട്ടിട്ടില്ല എന്നു തിരിച്ചറിയണം. നാമിന്ന് മാസ്‌ക് ധരിക്കുമ്പോള്‍ മുമ്പുതന്നെ ഭീമാകാരമായ മാസ്‌ക് ധരിച്ചവരാണ് ഈ കൂട്ടുകെട്ട് എന്നോര്‍ക്കണം. ഈ കൂട്ടുകെട്ടിനുമുന്നില്‍ കറൊണപോലും മാസ്‌ക് ധരിച്ചു നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്.

ഒന്നുകില്‍ വാക്‌സിന്‍, അല്ലെങ്കില്‍ കൊറോണക്കൊപ്പമുള്ള ജീവിതം എന്നാണ് ലോക്കൗട്ടിലിരിക്കുമ്പോള്‍ നാം കേള്‍ക്കുന്നത്. അപ്പോഴും ഫാസിസ്റ്റ് കോര്‍പ്പറേറ്റ് ശക്തികള്‍ നമ്മെ തുറിച്ചുനോക്കി നില്‍ക്കുന്നതും കാണാം. ആദ്യം കൊറോണ, പിന്നെ ഈ കൂട്ടുകെട്ട് എന്ന സമീപനം മാറണം. ഇവരണ്ടും നമ്മുടെ ജീവിതത്തെ വെല്ലുവിളിക്കുന്നു എന്ന തിരിച്ചറിവുണ്ടാകണം. ഈ ദുരന്തകാലത്ത് നമ്മുടെ സൂക്ഷ്മതയും സര്‍ഗ്ഗാത്മകതയും നഷ്ടപ്പെടരുത്. മഹാമാരിയെ സൂക്ഷ്മാര്‍ത്ഥത്തില്‍ നാം തിരിച്ചറിയുന്നുണ്ടോ? ഇല്ലെന്നു തോന്നുന്നു. ഭരണകൂടാധികാരം കൊറോണയുടെ മറവില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ നാം കാണുന്നതേയില്ല

രഘുനാഥിന്റെ സഖാവ് ഡ്രാക്കുള എന്ന സമീപകാല കഥ നോക്കുക. അതിലെ ഒരു വാചകം ഇങ്ങനെയാണ്. ‘ഈയിടെയായി ജീവിതം മഹാവാക്യമല്ലാതായി മാറിയിരിക്കുന്നു. ആ വാക്യമുരുക്കി രണ്ടു കഴുമരങ്ങള്‍ പണിതിട്ടുണ്ട്. യെസ് / നോ, പിന്തുണക്കുന്നോ /ഇല്ലയോ, ഇഷ്ടമാണോ /അല്ലയോ, ജീവിതമോ / മരണമോ.. രണ്ടിലൊരുത്തരം അധികം ചിന്തിക്കാനൊന്നും നില്‍ക്കാതെ പറഞ്ഞേതീരൂ. മധ്യവര്‍ഗ്ഗ മൗനത്തിനുപോലും മരണമാണ് ശിക്ഷ’ – രഘുനാഥിന്റെ ഈ വാക്യം വായിച്ചപ്പോള്‍ 30കളിലെ ജര്‍മ്മന്‍ അവസ്ഥയെ കുറിച്ചുള്ള ഒരു പുസ്തകമാണ് ഓര്‍മ്മ വന്നത്. ജോര്‍ജ് ആന്‍ഗന്‍ മോററിന്റെ Germany put the clock back എന്ന പുസ്തകമാണ് ഉദ്ദേശിക്കുന്നത്. simple people എന്ന ആശയത്തെ കുറിച്ചാണ് അതില്‍ പറയുന്നത്. simple people want unqualified answers to their questions.. right/no, yes/no, german/foreign, political/non political എന്നിങ്ങനെ പോകുന്നു അത്. ഈ കഥയിലെ പ്രയോഗങ്ങള്‍ക്ക് ഇതിനോട് സാമ്യമുണ്ട്. കൊറോണകാലത്തെ ആശയസംവാദത്തിന്റെ രീതിയും yes/no എന്ന മട്ടില്‍ തന്നെ. simple people പോലെതന്നെയാണ് corona people ഉം ഉണ്ടാകുന്നത്. ഒന്നുകില്‍ കൊറോണയെ പ്രതിരോധിക്കുക, അല്ലെങ്കില്‍ സമ്പൂര്‍ണ്ണമായി കീഴടങ്ങുക. ഈ രണ്ടിനു സാധ്യതകള്‍ക്കുമിടയില്‍ simple people, അല്ലെങ്കില്‍ corona people അഥവാ അരാഷ്ട്രീയ മനുഷ്യര്‍ അവസാനിക്കും.

അതേസമയം കൊറോണയാകട്ടെ പ്രകൃതിയിലും രാഷ്ട്രീയത്തിലെല്ലാം വ്യാപിക്കുകയാണ്. WHO വിനെതിരായ സംഘടിത നീക്കങ്ങള്‍ ഉദാഹരണം. അമേരിക്കയില്‍ നിന്നോ കോര്‍പ്പറേറ്റുകളില്‍ നിന്നോ മാത്രമല്ല ഈ നീക്കമുണ്ടാകുന്നത്. ഇന്ത്യന്‍ ഫാസിസ്റ്റുകളുടെ പ്രസിദ്ധീകരണങ്ങളിലും ഇതേ നിലപാട് കാണാം. ജനാധിപത്യത്തിനെതിരായ കോര്‍പ്പറേറ്റുകളുടേയും ഫാസിസ്റ്റുകളുടേയും നിലപാടല്ലാതെ മറ്റൊന്നുമല്ല അത്. നിരന്തരപ്രചരണത്തിലൂടെ ഈ നിലപാട് ലോകമാസകലം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി നടക്കുന്നു. ഈ സാഹചര്യത്തില്‍ കോറോണ പ്രതിരോധം കൊറോണയിലവസാനിക്കുന്നില്ല. അങ്ങനെ കൊറോണയിലവസാനിക്കേണ്ട ഒന്നല്ല അത്. yes/no ഉത്തരത്തിലവസാനിക്കേണ്ടതുമല്ല. കൊവിഡിനെ കുറിച്ചുള്ള ഏകഭാഷണവുമല്ല വേണ്ടത്. മനുഷ്യസമൂഹം നേരിടുന്ന മറ്റുവിഷയങ്ങളും സംവാദത്തിലെത്തിക്കണം. സംവാദങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കണം. ദളിതരേയും കുടിയേറ്റക്കാരേയും പ്രവാസികളേയും കറുത്തവരേയും ഏഷ്യാക്കാരേയും മറ്റും രോഗവാഹകരും കുറ്റവാളികളുമായി ചിത്രീകരിക്കാനുള്ള നീക്കങ്ങളെ ചെറുക്കണം.

സമ്പത്തും ലാഭവുമാണല്ലോ മുതലാളിത്തത്തിന്റെ എത്തിക്‌സ്. അതിനുപകരം ആരോഗ്യകരമായ ജീവിതമാക്കണം നമ്മുടെ എത്തിക്‌സ്. സ്‌നേഹത്തിനും സൗഹാര്‍ദ്ദത്തിനും അന്വേഷണങ്ങള്‍ക്കുമുള്ള നിരന്തരശ്രമങ്ങളായിരിക്കണം ജീവിതം. അതിന് ആരോഗ്യമുള്ള സമൂഹമാണ് ആവശ്യം. ആഗോഗ്യമെന്നാല്‍ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല. സാമൂഹ്യമായ സുരക്ഷയും സംതൃപ്തിയും സാക്ഷാല്‍ക്കാരവുമാണത്. രോഗമില്ലെങ്കില്‍ ആരോഗ്യമുണ്ടെന്നോ രോഗമുണ്ടെങ്കില്‍ ആരോഗ്യമില്ലെന്നോ പറയാന്‍ കഴിയില്ല. ആഗോഗ്യമെന്നത് ശരിയായ ജീവിതാവബോധമാണ്. സമ്പത്തിനെ ആത്യന്തികമൂല്യമാക്കിയ മുതലാളിത്തത്തില്‍ നിന്നത് വ്യത്യസ്ഥമാണ്. സാമ്രാജ്യത്വത്തിന്റെ കമ്പോളയുക്തിയേയും നവഫാസിസത്തിന്റെ സങ്കുചിത ദേശീയതയേയും പ്രതിരോധിക്കുന്നതായിക്കണം അത്. അത്തരത്തിലേ മഹാമാരിയെ ചെറുക്കാനാവൂ.

ഇത്തരമൊരു ബോധ്യത്തെ വികസിപ്പിക്കുന്നതായിരിക്കണം വരും കാല സാംസ്‌കാരിക പ്രവര്‍ത്തനം. ഇതിലൂടെ മഹാമാരിയെ മാത്രമല്ല നാം ചെറുക്കുന്നത്. മനുഷ്യസംസ്‌കാരത്തിനെതിരായ എല്ലാ കടന്നാക്രമങ്ങളേയുമാണ്. ഈ ചെറുക്കലാകട്ടെ ബഹുസ്വരതയെ മാനിച്ചുകൊണ്ടാവണം. മഹാമാരികള്‍ വരും പോകും. എന്നാല്‍ ലോകമിതോടെ അവസാനിക്കില്ല. അതിനാല്‍ തന്നെ മനുഷ്യന്റെ ഇടപെടലുകളും. രാഷ്ട്രീയപ്രബുദ്ധത, മാനവികത, മതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങളായിരിക്കണം ഈ ഇടപെടലുകളുടെ, നമ്മുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ അടിത്തറയായി വര്‍ത്തിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply