കൊറോണകാലത്തും വയനാട്ടില്‍ സംഭവിക്കുന്നത്

വയനാട്ടിലെ പൊതുസമൂഹം ആദിവാസികളെ പ്രത്യേകിച്ച് അവരിലെ അടിസ്ഥാന വിഭാഗങ്ങളെ എങ്ങനെ കാണുന്നു, അവരോട് എങ്ങനെ അയിത്തം പാലിക്കുന്നു എന്നതിന്റെ നല്ലൊരു ദൃഷ്ടാന്തമാണ് സില്‍വര്‍ വുഡ്‌സ് റെസ്‌റ്റോറന്റില്‍ നടന്ന സംഭവം. നല്ല വൃത്തിയും വെടിപ്പും സൗകര്യങ്ങളുമൊന്നും അനുഭവിക്കാന്‍ പണിയരടക്കമുള്ള ആദിവാസികള്‍ക്ക് അവകാശമില്ല അല്ലെങ്കില്‍ അവര്‍ക്കതിന് അര്‍ഹതയില്ല എന്ന ചിന്താഗതിയായിരിക്കും അവരെ നയിച്ചത്. പണിയര്‍ താമസിച്ച റിസോര്‍ട്ട് എന്നത് ഭാവിയിലെ കച്ചവടത്തെ ബാധിച്ചാലോ എന്ന പേടിയും അവര്‍ക്കുണ്ടായിട്ടുണ്ടാവാം.

വയനാട് ജില്ലയില്‍ കല്പറ്റയ്ക്കടുത്ത് പടിഞ്ഞാറത്തറയില്‍ സില്‍വര്‍ വുഡ്‌സ് എന്നു പേരായി ഒരു റിസോര്‍ട്ടുണ്ട്. അടുത്തയിടെ പ്രസ്തുത സ്ഥാപനം വാര്‍ത്തയിലിടം നേടി. ഒരു റിസോര്‍ട്ട് എന്നൊക്കെയായിരുന്നു പത്രത്തില്‍ വന്നത്. വയനാട് ജില്ലയില്‍ കോവിഡ് 19 മായി ബന്ധപ്പെട്ട ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റയിന്‍ കേന്ദ്രങ്ങള്‍ അധികവും റിസോര്‍ട്ടുകളായിരുന്നു. എല്ലാവിധ സൗകര്യങ്ങളും ഉള്ള ഏകാന്തവാസത്തിന് പറ്റിയ ഇത്തരം സ്ഥാപനങ്ങള്‍ വയനാട്ടില്‍ ധാരാളമുണ്ട്. കൊറോണക്കാലം തുടങ്ങിയപ്പോള്‍ തന്നെ ഈ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ക്വാറന്റയിന്‍ കേന്ദ്രങ്ങളാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അത്തരത്തിലൊന്നായിരുന്നു മേല്‍പ്പറഞ്ഞ സില്‍വര്‍ വുഡ്‌സും. കുടകില്‍ കൊറോണ സ്ഥിരീകരിച്ചതിനു ശേഷം അവിടെ പണിക്കു പോയിരുന്ന ആദിവാസികളില്‍ ചിലരെ തിരിച്ചു കൊണ്ടുവന്ന് ഇവിടെ ക്വാറന്റയിനിലാക്കിയിരുന്നു. എന്നാല്‍ പണിയരെ റിസോര്‍ട്ടില്‍ താമസിപ്പിക്കാന്‍ പറ്റില്ലെന്ന് ഉടമകള്‍ ശഠിക്കുകയായിരുന്നു. വയനാട് കളക്ടര്‍ അദീല അബ്ദുള്ള ശക്തമായ നടപടികളിലേക്ക് നീങ്ങിയപ്പോഴാണ് റിസോര്‍ട്ട് ഉടമകള്‍ പത്തി മടക്കിയത്.

വയനാട്ടിലെ പൊതുസമൂഹം ആദിവാസികളെ പ്രത്യേകിച്ച് അവരിലെ അടിസ്ഥാന വിഭാഗങ്ങളെ എങ്ങനെ കാണുന്നു, അവരോട് എങ്ങനെ അയിത്തം പാലിക്കുന്നു എന്നതിന്റെ നല്ലൊരു ദൃഷ്ടാന്തമാണ് ഈ സംഭവം. നല്ല വൃത്തിയും വെടിപ്പും സൗകര്യങ്ങളുമൊന്നും അനുഭവിക്കാന്‍ പണിയരടക്കമുള്ള ആദിവാസികള്‍ക്ക് അവകാശമില്ല അല്ലെങ്കില്‍ അവര്‍ക്കതിന് അര്‍ഹതയില്ല എന്ന ചിന്താഗതിയായിരിക്കും അവരെ നയിച്ചത്. പണിയര്‍ താമസിച്ച റിസോര്‍ട്ട് എന്നത് ഭാവിയിലെ കച്ചവടത്തെ ബാധിച്ചാലോ എന്ന പേടിയും അവര്‍ക്കുണ്ടായിട്ടുണ്ടാവാം.

വയനാട്ടില്‍ പണിയരും അടിയരും കാട്ടുനായ്ക്കരുമൊക്കെയടങ്ങുന്ന ആദിവാസി സമൂഹത്തോട് പൊതുസമൂഹം, പ്രത്യേകിച്ചും കുടിയേറ്റക്കാരായ സവര്‍ണര്‍,് പുലര്‍ത്തുന്ന അയിത്തവും മേധാവിത്വവും അതേപടി ഇപ്പോഴും നിലനില്‍ക്കുന്നു എന്നതിന്റെ നിദര്‍ശനം കൂടിയാണിത് ഈ സംഭവം. ഇന്നും ആദിവാസി തൊഴിലാളികളെ വീട്ടില്‍ കയറ്റാത്ത തൊഴിലുടമകളാണധികവും. ആദിവാസികളുടെ കുടിലുകളിലേക്ക് പോകുകയോ അവിടന്നെന്തെങ്കിലും കഴിക്കുകയോ ചെയ്യുന്ന കുടിയേറ്റക്കാരുണ്ടാവില്ല. അയിത്തം നിയമം മൂലം നിരോധിച്ച ഒരു നാട്ടിലാണിതൊക്കെ നടക്കുന്നത് എന്നതോര്‍ക്കണം.

ആദിവാസികളോട് അധികാരികളുടെ വിവേചനത്തിനും ഉദാഹരണങ്ങള്‍ നിരവധി. കഴിഞ്ഞ ദിവസം ഞാന്‍ വയനാട് ജില്ലാ കാന്‍സര്‍ സെന്ററില്‍ പോയിരുന്നു. മാനന്തവാടി കുറ്റ്യാടി റോഡില്‍ നിന്ന് പത്ത് കിലോമീറ്ററോളം മാറി നല്ലൂര്‍ നാടെന്ന സ്ഥലത്താണത്. നല്ലൂര്‍ നാട് അംബേദ്കര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിനോട് ചേര്‍ന്നാണ് WCC ഉള്ളത്. കവാടത്തില്‍ തന്നെ 2 ബോര്‍ഡുകള്‍ കാണാം. ഒന്ന് കാന്‍സര്‍ സെന്ററിന്റേത് മറ്റൊന്നു് വയനാട് ജില്ലാ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടേത്. ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ രണ്ട് ആശുപത്രികള്‍ ഒരുപക്ഷേ ഇവിടെ മാത്രമായിരിക്കും കാണുക. ആദിവാസി വികസന പദ്ധതികളുടെ നിര്‍വഹണത്തിന്റെ പരിതോവസ്ഥയുടെ സ്മാരകം കൂടിയാണിത്. 1980 ല്‍ കേന്ദ്ര ഗവണ്‍മെന്റ് വയനാട്ടില്‍ ആദിവാസികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി ആശുപത്രി തുടങ്ങുന്നതിനു് 2 കോടിരൂപ അനുവദിച്ചിരുന്നു. എന്നാല്‍ നമ്മുടെ ആദിവാസി ഉദ്ധാരക ഉദ്യോഗസ്ഥര്‍ പ്രസ്തുത ആശുപത്രി നല്ലൂര്‍നാട് MRS കോമ്പൗണ്ടില്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുന്നു. നല്ലൂര്‍ നാട് വയനാടിന്റെ വടക്കുപടിഞ്ഞാറേ മൂലയാണ്. ആദിവാസികളധികമുള്ള പ്രദേശമല്ല. വയനാട്ടിലെ ഏറ്റവുമധികം ആദിവാസികളുള്ള തിരുനെല്ലിയില്‍ നിന്നും നൂല്‍പ്പുഴയില്‍ നിന്നും വലിയ ദൂരം യാത്ര ചെയ്ത് വേണം അവിടെയെത്താന്‍. അതും ബസുകള്‍ മാറിക്കയറി. പിന്നെ ഓട്ടോറിക്ഷയും പിടിക്കണം. മാനന്തവാടിയില്‍ നിന്നൊഴികെ വയനാട്ടിലെ ഏതു പ്രദേശത്തു നിന്നും അവിടെ എത്തിച്ചേരുക ദുഷ്‌കരമാണ്. അതായിരിക്കും ഒരുപക്ഷേ ട്രൈബല്‍ വകുപ്പ് പ്രധാനമായിട്ടെടുത്തത്. ഫണ്ട് ചെലവഴിക്കണം പക്ഷേ ഗുണഭോക്താവിനു പ്രയോജനപ്പെടരുത്. വയനാട്ടിലെങ്കിലും ആദിവാസി ഉദ്ധാരണ വകുപ്പിന്റെ മുദ്രാവാക്യം അതാണോ എന്നാരും സംശയിച്ചു പോകും അവരുടെ പ്രവര്‍ത്തനം കണ്ടാല്‍.

എന്തായാലും 1980 ല്‍ അനുവദിച്ച രണ്ട് കോടി രൂപ കൊണ്ട് ഒരു കെട്ടിടം പണിതിട്ടിട്ട് മുപ്പത് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു ആശുപത്രി ഉദ്ഘാടനത്തിന്. അതും മാധ്യമങ്ങളില്‍ വാര്‍ത്തയായതിനു് ശേഷം. ട്രൈബല്‍ സ്പഷ്യാലിറ്റിയായതുകൊണ്ടോ എന്തോ ആ ആശുപത്രിയില്‍ തന്നെ ജില്ലാ ക്യാന്‍സര്‍ സെന്റര്‍ കൂടി പ്രവര്‍ത്തിപ്പിക്കാമെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു ബോര്‍ഡും ഒ.പിയും മാത്രമാണിപ്പോള്‍ ആദിവാസി സവിശേഷം. ബാക്കിസ്ഥലം പൂര്‍ണമായും കാന്‍സര്‍ സെന്ററാണ്. ആദിവാസികളായ കാന്‍സര്‍ രോഗികളും ഇവിടെ ചികിത്സക്കെത്തുന്നുണ്ട്. 1980 ലെ 2 കോടി ഒരു ചെറിയ തുകയല്ല. അന്നത്തെ നിലയ്ക്ക് നല്ലൊരു ആശുപത്രി സംവിധാനത്തിന് അടിത്തറയിടാന്‍ ആ തുക ധാരാളം മതി. എല്ലാ ഭാഗത്തു നിന്നും എത്തിച്ചേരാന്‍ പറ്റുന്നൊരു സ്ഥലത്ത് അന്നത് തുടങ്ങിയിരുന്നെങ്കില്‍ ഇന്നത്തെ മെഡിക്കല്‍ കോളേജ് മുറവിളിക്ക് അന്നേ പരിഹാരമായേനെ. എല്ലാ ആദിവാസി സമുദ്ധാരണ പദ്ധതികളേയും പോലെ അതും ഒടുങ്ങി. കൊറോണയുടേയും സിക്കിള്‍സെല്‍ കാന്‍സര്‍ വ്യാപനത്തിന്റേയുമൊക്കെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ എത്ര വലിയ പാതകമാണ് അന്നതു ചെയ്തവര്‍ നടത്തിയതെന്നു ആലോചിച്ചു നോക്കൂ. അതാണ് കേരളത്തിന്റെ യഥാര്‍ത്ഥമുഖം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply