C U SOON വെര്‍ച്വലല്ല, റിയലാണ്

കൊവിഡ് കാലത്തെടുത്തതല്ലെങ്കിലും പ്രശസ്ത സ്‌ക്രീന്‍ ബേസ്ഡ് ഹോളിവുഡ് ചിത്രമായ സെര്‍ച്ചിംഗ് ഈ സിനിമയുടെ പ്രചോദനമായിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമായിട്ടുണ്ട്. അതേസമയം സാങ്കേതികമായി ഒരു ഹോളിവുഡ് സിനിമയുടെ നിലവാരത്തിലേക്ക് സി യു സൂണ്‍ ഉയരുന്നു.

ദുരന്തകാലത്ത് മനോഹരമായ പാട്ടുകളുണ്ടാകുമോ എന്നാശങ്കപ്പെടുന്നവരോട് ദുരന്തത്തെ കുറിച്ചുതന്നെ മനോഹരമായി പാടാമല്ലോ എന്ന മറുപടിചോദ്യം ഉന്നയിച്ചതായി കേട്ടിട്ടുണ്ട്. എന്നാല്‍ ആ ചോദ്യവും ഉത്തരവും പൂര്‍ണ്ണമായി ശരിയല്ല എന്നതിന്റെ പ്രഖ്യാപനമാണ് സി യു സൂണ്‍ എന്ന സിനിമ. ഈ സിനിമ പറയുന്നത് ഈ ദുരന്തകാലത്തെ കുറിച്ചല്ല. മാത്രമല്ല ദുരന്തകാല നിയന്ത്രണങ്ങളുടെ പരിമിതികളെ പോലും അപ്രസക്തമാക്കിയിരിക്കുന്നു. ‘ഇതുവരെ കണ്ടത് കഥാപാത്രങ്ങളുടെ വിര്‍ച്വല്‍ ജീവിതമാണെന്നും റിയല്‍ ജീവിതം അധികം താമസിക്കാതെ തിയറ്ററില്‍ കാണാമെന്ന് സിനിമയുടെ അവസാനം സൂചിപ്പിക്കുന്നതുപോലും ശരിയല്ല. കാരണം ഈ സിനിമയോ ഇതിലെ കഥയോ കഥാപാത്രങ്ങളോ വിര്‍ച്വല്‍ അല്ല, റിയല്‍ തന്നെയാണ്. ഓ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതുകൊണ്ടുമാത്രം സിനിമയും കഥാപാത്രങ്ങളും വിര്‍ച്വലും തിയറ്ററുകളിലാണെങ്കില്‍ റിയലുമാകുന്നതെങ്ങിനെ?

കൊവിഡ് കാലത്തെടുത്തതല്ലെങ്കിലും പ്രശസ്ത സ്‌ക്രീന്‍ ബേസ്ഡ് ഹോളിവുഡ് ചിത്രമായ സെര്‍ച്ചിംഗ് ഈ സിനിമയുടെ പ്രചോദനമായിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമായിട്ടുണ്ട്. അതേസമയം സാങ്കേതികമായി ഒരു ഹോളിവുഡ് സിനിമയുടെ നിലവാരത്തിലേക്ക് സി യു സൂണ്‍ ഉയരുന്നു. സിനിമയുടെ ഇതിവൃത്തത്തേയും കഥയയും അസ്പദമാക്കിയുള്ള നിരൂപണങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ലെന്നും ഈ സിനിമ പറയുന്നു. അതേസമയം വളരെ പ്രസക്തമായ സാമൂഹ്യവിഷയം തന്നെ ഈ സിനിമ ഉന്നയിക്കുന്നുമുണ്ട്. ഈ സിനിമയിലെ പോലെ കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീട്ടുപണിക്കെന്ന പേരില്‍ പെണ്‍കുട്ടികളെ വഞ്ചിച്ച് കൊണ്ടുപോയി, പീഡിപ്പിച്ച് ലൈംഗികത്തൊഴിലിനുപയോഗിച്ച എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗള്‍ഫ് യുദ്ധകാലത്തു നഴ്‌സുമാരുടെ ജീവിതത്തെ പ്രമേയമാക്കി ടേക്ക് ഓഫ് എന്ന സിനിമ സംവിധാനം ചെയ്ത മഹേഷ് നാരായണന്‍ തന്നെയാണ് പ്രസക്തമായ ഈ വിഷയം ഈ സിനിമയുടെ പ്രമേയമാക്കിയത്. അതിനേക്കാളുപരി ആധുനിക സാങ്കേതിക വിദ്യയുടെ ഫലമായി ലോകം കൈവിരലില്‍ ഒതുക്കാമെന്നു പറയുമ്പോഴും മറുവശത്ത് എല്ലാവിധ സ്വകാര്യതയും നഷ്ടപ്പെട്ട്, സാമൂഹ്യമായി പൂര്‍ണ്ണനഗ്നരായാണ് നാമിന്ന് ഈ ലോകത്തിനു മുന്നില്‍ നില്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യവും സിനിമയുടെ ഇതിവൃത്തമാണ്. ഐ ടി വിദഗ്ദനായ കെവിന്‍ (ഫഹദ് ഫാസില്‍) ഒരു ഘട്ടത്തില്‍ ഈ വിഷയം തുറന്നു തന്നെ പറയുകയും മറ്റുള്ളവരുടെ സ്വകാര്യതയിലേക്കു കടന്നു ചെല്ലാന്‍ വിസമ്മതിക്കുന്നുമുണ്ട്.

പിന്നീട് ബന്ധുകൂടിയായ ജിമ്മി (റോഷന്‍ മാത്യു) എത്തിച്ചേര്‍ന്ന പ്രതിസന്ധിയില്‍ നിന്നു രക്ഷിക്കാനായി അതിനയാള്‍ തയ്യാറാകുകയാണ്. തുടര്‍ന്നാണ് ഓരോ വ്യക്തിയുടേയും ഭൂതകാലത്തെ അയാള്‍ വര്‍ത്തമാനത്തേക്ക് കൊണ്ടുവരുന്നത്. കഥാപാത്രങ്ങളെല്ലാം ലോകത്തു പലയിടത്തുമിരിക്കുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ലോകത്തിന്റെ അനന്തമായ സാധ്യതയില്‍ അവരും അവരുടെ വര്‍ത്തമാനവും ഭൂതവുമൊക്കെ മോണിറ്ററില്‍ തെളിയുന്നു. അതിനെ വിര്‍ച്ച്വല്‍ എന്നെങ്ങിനെ വിശേഷിപ്പിക്കും? അവയെല്ലാം പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ മാത്രം. ഒരു മാറ്റത്തിനു വേണമെങ്കില്‍ വിര്‍ച്ച്വല്‍ റിയാലിറ്റി എന്നു വിളിക്കാം. ഒരര്‍ത്ഥത്തില്‍ തിയറ്ററിലെ സിനിമയും അതുതന്നെയാണല്ലോ. വ്യക്തിബന്ധങ്ങളെ മാത്രമല്ല, ലോകത്തെ സാമൂഹ്യ, രാഷ്ട്രീയ ജീവീതങ്ങളും ജനകീയ പ്രക്ഷോഭങ്ങളെയുമെല്ലാം ഇന്നു നിയന്ത്രിക്കുന്നതും ഈ റിയാലിറ്റിയാണല്ലോ.

ഏറെ പരിമിതികള്‍ക്കുള്ളിലാണ് ഈ സിനിമ നിര്‍മ്മിച്ചതെങ്കിലും ഒരു പ്രേക്ഷകനും അങ്ങനെ തോന്നുക പോലുമില്ല എന്നതുതന്നെ മലയാള സിനിമയുടെ വികാസത്തിന്റെ സൂചകമാണ്. സാമൂഹ്യപ്രതിബദ്ധതയുള്ള ആധുനികകാല ഐ ടി വിദഗ്ധനായി ഫഹദും വര്‍ത്തമാനകാലത്തെ ടിപ്പിക്കല്‍ ചെറുപ്പക്കാരനായി റോഷന്‍ മാത്യവും ഒരു ജീവിതെ കെട്ടിപ്പടുക്കാമെന്ന പ്രതീക്ഷയില്‍ ഗള്‍ഫിലെത്തുകയും വഞ്ചിക്കപ്പെടുകയും നിരവധി ദുരന്തങ്ങലിലൂടെ കടന്നുപോകുകയും ചെയ്ത അനുവായി ദര്‍ശന രാജേന്ദ്രനും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ഒരു പരിമിതിയും തങ്ങള്‍ക്കില്ല എന്ന മട്ടില്‍ സിനിമക്കു പുറകിലെ എല്ലാ സാങ്കേതിക പ്രവര്‍ത്തകരും തങ്ങളുടെ ജോലി ഭംഗിയായി നിര്‍വ്വഹിച്ചു. അവസാനം ജിമ്മിയോടു മാത്രമല്ല, മുഴുവന്‍ മലയാളികളോടുമായുള്ള കെവിന്റെ ഒരു ചോദ്യത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. സിനിമ കാണുന്നതോടൊപ്പം ആ ചോദ്യത്തിനുള്ള മറുപടി പറയാനും നാം ബാധ്യസ്ഥരാണ് എന്നു കൂടി പറഞ്ഞുവെക്കട്ടെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply