രാഷ്ട്രീയത്തില്‍ വേണ്ടത് സംവാദങ്ങളാണ്, കൊലകളല്ല

കേരളരാഷ്ട്രീയത്തിന് ഏറ്റവും ശാപമായ ഒന്നാണ് കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള കൊലകള്‍. അവയെ രാഷ്ട്രീയകൊലപാതകങ്ങള്‍ എന്നു വിളിക്കുന്നതേ തെറ്റാണ്. രാഷ്ട്രീയത്തില്‍ കൊലക്കെന്തു സ്ഥാനം? അവയെല്ലാം അരാഷ്ട്രീയകൊലകളാണ്. ഈ കൊലകളുടെ പ്രധാന കേന്ദ്രം കണ്ണൂരാണെങ്കിലും മറ്റു ജില്ലകളിലും നടക്കാറുണ്ട്. 80 ശതമാനത്തില്‍പരവും ഇന്ന് കേരളത്തിലേയും കേന്ദ്രത്തിലേയും ഭരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ്. പല പാര്‍ട്ടികളും പല തവണ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ മറ്റു പാര്‍ട്ടികളും പല തവണ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ റെക്കോര്‍ഡും ഒട്ടും മോശമല്ല….

തിരുവോണദിവസം കേരളം കേട്ടുണര്‍ന്നത് രണ്ടുചെറുപ്പക്കാരുടെ രക്തം കൊണ്ട് തലസ്ഥാനനഗരിയില്‍ ചോരപൂക്കളമിട്ട വാര്‍ത്തയാണല്ലോ. ഇക്കുറി കോണ്‍ഗ്രസ്സുകാരാണ് പ്രതിസ്ഥാനത്ത്. സ്വാഭാവികമായും അവരത് നിഷേധിക്കുന്നു. ഒരുപക്ഷെ കേരളത്തില്‍ ഏറ്റവുമധികം കൊലപാതകങ്ങള്‍ പരസ്പരം നടത്തുന്ന സിപിഎമ്മും ബിജെപിയും ചെയ്യാറുള്ളപോലെ കൃത്യമായ സംഘടനാ തീരുമാനമനുസരിച്ചാകില്ല ഈ കൊലപാതകങ്ങള്‍ നടന്നത്. ്അപ്പോഴും കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട ഗുണ്ടകള്‍ തന്നെയാണ് കൊലപാതകികള്‍. ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെങ്കിലും അതില്‍ പങ്കുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതേസമയം കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പുകാലം മുതല്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഈ കൊലകള്‍ എന്നും പറയുന്നു. എങ്കില്‍ പോലീസിനും ആഭ്യന്തരവകുപ്പിനും വീഴ്ച വന്നിട്ടുണ്ടോ എന്ന വിഷയവും അന്വേഷിക്കേണ്ടതാണ്.

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കുമെന്ന ഹൈക്കോടതിവിധി വന്ന് രണ്ടുദിവസത്തിനകമാണ് ഈ ഇരട്ടകൊലപാതകമെന്നതാണ് വൈരുദ്ധ്യം. കാസര്‍കോട് ജില്ലയിലെ ഏരിയാ, ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പടെ 14 സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. കോളേജില്‍ നടന്ന നിസ്സാരസംഭവങ്ങളെ തുടര്‍ന്നായിരുന്നു കൊലകള്‍ നടന്നത്. കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ രണ്ടു ചെറുപ്പക്കാരെ കശാപ്പ് ചെയ്ത കേസ് സിബിഐക്ക് വിടാതിരിക്കാന്‍ ലക്ഷകണക്കിനു രൂപയാണ് സര്‍ക്കാര്‍ ചിലവാക്കിയത്. എന്നാല്‍ കോടതി സര്‍ക്കാര്‍ നിലപാട് തള്ളുകയായിരുന്നു. ഈ വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു കോണ്‍ഗ്രസ്സുകാര്‍. ഇപ്പോഴത്തെ കൊലകള്‍ നടന്നത് കേരളത്തിന്റെ തെക്കെ അറ്റത്താണെങ്കില്‍ പെരിയ നടന്നത് വടക്കെ അറ്റത്തായിരുന്നു. രണ്ടിലും കൊലപ്പെട്ടത് ചെറുപ്പക്കാര്‍. വെഞ്ഞാറമൂടില്‍ ഡിവൈഎഫ്‌ഐക്കാരാണെങ്കില്‍ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ്സുകാരാണെന്ന വ്യത്യാസമേയുള്ളു. അന്ന് കോണ്‍ഗ്രസ്സുകാര്‍ പ്രതികരിച്ചപോലെതന്നെ ഇപ്പോള്‍ സിപിഎംകാര്‍ പ്രതികരിക്കുന്നു. അന്ന് സിപിഎംകാര്‍ പ്രതികരി്ച്ചപോലെ ഇപ്പോള്‍ കോണ്‍ഗ്രസ്സുകാരും.

കേരളരാഷ്ട്രീയത്തിന് ഏറ്റവും ശാപമായ ഒന്നാണ് കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള കൊലകള്‍. അവയെ രാഷ്ട്രീയകൊലപാതകങ്ങള്‍ എന്നു വിളിക്കുന്നതേ തെറ്റാണ്. രാഷ്ട്രീയത്തില്‍ കൊലക്കെന്തു സ്ഥാനം? അവയെല്ലാം അരാഷ്ട്രീയകൊലകളാണ്. ഈ കൊലകളുടെ പ്രധാന കേന്ദ്രം കണ്ണൂരാണെങ്കിലും മറ്റു ജില്ലകളിലും നടക്കാറുണ്ട്. പല പാര്‍ട്ടികളും പല തവണ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ 80 ശതമാനത്തില്‍പരവും ഇന്ന് കേരളത്തിലേയും കേന്ദ്രത്തിലേയും ഭരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ്. പല കൊലപാതകങ്ങളും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നവയാണ്. മാതാപിതാക്കളുടെ കണ്‍മുന്നില്‍ വെട്ടിക്കൊല്ലപ്പെട്ട സുധീഷ്, 51 വേട്ടേറ്റ് കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്‍, സ്വന്തം വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ കൊല്ലപ്പെട്ട ജയകൃഷ്ണന്‍ മാസ്റ്റര്‍, പരസ്യവിചാരണക്കുശേഷം കൊല്ലപ്പെട്ട ഷുക്കൂര്‍ തുടങ്ങിയവര്‍ ഉദാഹരണങ്ങള്‍. കമ്യൂണിസ്റ്റ് നേതാവായിരുന്ന മൊയാരത്ത് ശങ്കരനായിരുന്നു കൊലപാതകരാഷ്ട്രീയത്തിന്റെ കണ്ണൂരിലെ ആദ്യരക്തസാക്ഷി. കോണ്‍ഗ്രസ്സുകാരായിരുന്നു പ്രതികള്‍. ചീമേനിയില്‍ 5 സിപിഎം പ്രവര്‍ത്തകരെ കോണ്‍ഗ്രസ്സുകാര്‍ കൂട്ടക്കൊല നടത്തിയ സംഭവവും മറക്കാനാവില്ല. സ്വാശ്രയസമരവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പില്‍ 5 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലക്കും യഥാര്‍ത്ഥ കാരണം കക്ഷിരാഷ്ട്രീയ പകതന്നെ. മുസ്ലിം ലീഗ്, എസ് ഡി പി ഐ സംഘടനകളും പലപ്പോഴും കൊലപാതക രാഷ്ട്രീയത്തില്‍ പങ്കാളികളായിട്ടുണ്ട്.

വെഞ്ഞാറമൂട് സംഭവത്തിനുപുറകെ സംസ്ഥാനമാകെ അക്രമണ സംഭവങ്ങള്‍ അരങ്ങേറുകയാണ്. സംസ്ഥാനത്തെ പലഭാഗത്തും കോണ്‍ഗ്രസ്സ് ഓഫീസുകള്‍ ്ക്രമിക്കപ്പെടുന്നു. ചിലയിടത്ത് തിരിച്ചും. ഒരു കുറ്റകൃത്യം നടന്നാല്‍ അതന്വേഷിക്കോണ്ടത് പോലീസും ശിക്ഷവിധിക്കേണ്ടത് കോടതിയുമാണെന്ന പ്രാഥമിക ജനാധിപത്യ ധാരണ പോലും ഇല്ലാത്തവരാണ് ഇത്തരത്തില്‍ അക്രമണങ്ങള്‍ നടത്തുന്നത്. സ്വാഭാവികമായും അതേറ്റവും കൂടുതല്‍ കണ്ണൂരില്‍ തന്നെ. കണ്ണൂര്‍ എന്നതുതന്നെ പലപ്പോഴും പ്രസിദ്ധം ഇത്തരം കൊലപാതകങ്ങളുടെ പേരിലാണല്ലോ. കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ ഇന്ത്യയിലേറ്റവും കൊലകള്‍ നടക്കുന്ന സംസ്ഥാനം കേരളവും ജില്ല കണ്ണൂരുമാണ്. കണ്ണൂരിലൂടെ യാത്ര ചെയ്യുമ്പോള്‍ എത്രയോ ബലികുടീരങ്ങള്‍. എതിരാളികളാല്‍ കൊല്ലപ്പെട്ടവര്‍ മാത്രമല്ല, ബോംബുണ്ടാക്കുമ്പോള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരും അതിലുണ്ട്. ഈ അരാഷ്ട്രീയ കൊലകളില്‍ പലപ്പോഴും കൊല്ലപ്പെടുന്നത് സജീവപ്രവര്‍ത്തകരാകില്ല, അനുഭാവികളായിരിക്കും. മിക്കവാറും പേര്‍ പാവപ്പെട്ടവരും പിന്നോക്ക ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവരും. കൊല ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും പലപ്പോഴും അയല്‍ പക്കക്കാരും പരിചയക്കാരുമൊക്കെ. കക്ഷിരാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകള്‍ക്ക് അതുപോലും കാണാനാവുന്നില്ല. പരസ്പരം കൊന്നവരുടെ പേരെഴുതി സ്‌കോര്‍ ബോര്‍ഡ് വെച്ച സംഭവവും വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ണൂരിലുണ്ടായിട്ടുണ്ട്. പ്രത്യകിച്ച് തലശ്ശേരിയില്‍. രാഷ്ട്രീയ വൈരാഗ്യം കൊണ്ട് പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിലെ പാമ്പുകളെ പോലും ചുട്ടുകൊന്ന സംഭവവും ഉണ്ടായി.

സംസ്ഥാനത്ത് പാര്‍ട്ടി ഗ്രാമങ്ങള്‍ നിലനില്‍ക്കുകയും അവയുടെ എണ്ണം പറഞ്ഞ് അഭിമാനം കൊള്ളുകയും ചെയ്യുന്ന പാര്‍ട്ടികളുടെ നാടാണ് കണ്ണൂര്‍. അവിടങ്ങളില്‍ മറ്റുള്ളവരുടെ ജനാധിപത്യാവകാശങ്ങള്‍ പൂര്‍ണ്ണമായും തടയപ്പെടുന്നു. കൊല നടത്തുന്നവരല്ല പലപ്പോഴും ജയിലില്‍ പോകുക. ആ ലിസ്റ്റ് പാര്‍ട്ടികള്‍ തന്നെയുണ്ടാക്കി പോലീസിനു നല്‍കാറാണു പതിവ്. അടുത്തകാലം വരെ ഇത്തരത്തില്‍ ജയിലില്‍ പോകാന്‍ ആളുകര്‍ തയ്യാറായിരുന്നു. ജയിലില്‍ പോകുന്നവരുടെ കുടുംബം പാര്‍ട്ടികള്‍ പുലര്‍ത്തും. അടുത്തകാലത്തായി കൊല ചെയ്യാന്‍ അണികള്‍ വിസമ്മതിക്കാന്‍ തുടങ്ങിയതിനാല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ രംഗത്തുവരാന്‍ തുടങ്ങിയിട്ടുമുണ്ട്. കണ്ണൂരിലെ അങ്കചേകവന്മാരിലും സര്‍ക്കസിലും കളരിയിലുമൊക്കെ ഈ കുടിപ്പകയുടെ ഉത്ഭവം തിരയുന്ന നരവംശ ഗവേഷകരുണ്ട്. ജനാധിപത്യസംവിധാനത്തില്‍ സത്യസന്ധമായി വിശ്വസിക്കുന്നതിനുപകരം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലും മതരാഷ്ട്രത്തിലും വിശ്വസിക്കുന്നതിനാലാണ് സിപിഎമ്മും ബിജെപിയും കൂടുതല്‍ കൊലകള്‍ നടത്തുന്നതെന്ന നിരീക്ഷണവുമുണ്ട്. രണ്ടു കൂട്ടര്‍ക്കുമുള്ള ന്യായീകരണം തങ്ങള്‍ പ്രതിരോധിക്കുകയാണെന്നാണ്. ആക്രമിക്കാന്‍ വരുമ്പോള്‍ സ്വയംരക്ഷക്കായുള്ള പ്രതിരോധമാണോ നടക്കുന്നത്. അല്ല. കൃത്യമായി പ്ലാന്‍ ചെയ്ത് കൊന്നൊടുക്കുകയാണ്. പലപ്പോഴും മണിക്കൂറുകള്‍ക്കുള്ളില്‍. നേരത്തെ പറഞ്ഞപോലെ ഇത്തരത്തില്‍ പ്രതിരോധിക്കാന്‍ ജനാധിപത്യത്തില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് അവകാശമുണ്ടോ? മാത്രമല്ല, ഇത്തരത്തില്‍ കൊലപാതകങ്ങളിലൂടെ ഏതെങ്കിലും പ്രസ്ഥാനത്തെ തകര്‍ക്കാന്‍ പറ്റിയതായി ലോകചരിത്രത്തില്‍ കാണുമോ? സത്യത്തില്‍ കൊലകളിലൂടെ പരസ്പരം വളര്‍ത്തുകയാണ് ഇരുകൂട്ടരും ചെയ്യുന്നത്. അതേപാതയില്‍ ഗാന്ധിയുടെ പാരമ്പര്യമൊക്കെ ഇപ്പോഴും പറയുന്ന കോണ്‍ഗ്രസ്സടക്കമുള്ള പാര്‍ട്ടികളം എത്തുന്നു എന്നതാണ് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply