കേരളപിറവിയും കസവുവേഷവും

മറുവശത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രത്തിന്റേയും സംഘപരിവാറിന്റേയും ഒത്താശയോടെ ഗവര്‍ണര്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് ഇത്തവണത്തെ ഹൈലൈറ്റ്. എന്നാലതിനെ ഒറ്റക്കെട്ടായി നേരിടാന്‍ നമുക്കാവുന്നില്ല. ചില പ്രസ്താവനകള്‍ നടത്തുന്നു എന്നതല്ലാതെ സര്‍ക്കാരും അതിനെ നിയന്ത്രിക്കുന്ന മുന്നണിയും തന്നെ അതിനു മുന്‍കൈ എടുക്കുന്നില്ല.

ഏറ്റവും നിരാശകരമായ അന്തരീക്ഷത്തിലാണ് ഇക്കുറി കേരളീയര്‍ കേരളപ്പിറവി ദിനം ആഘോഷിക്കുന്നത്. തലസ്ഥാനത്തു നടന്ന അവിശ്വസനീയമായ കൊലപാതകമാണ് കേരളപ്പിറവിയില്‍ ചര്‍ച്ച ചെയ്യുന്ന ഏറ്റവും പ്രധാന വാര്‍ത്ത. ഒറ്റപ്പെട്ട, വ്യക്തിപരമായ ഒന്നല്ല അതെന്നതാണ് പ്രധാനം. അറിഞ്ഞിടത്തോളം രണ്ടുമുന്നു ഘടകങ്ങളാണ് കൊലക്കു കാരണമായിട്ടുള്ളത്. ഏറ്റവും പ്രധാനം ജാതി തന്നെ. അതാണ് ഗ്രീഷ്മയും വീട്ടുകാരും വിവാഹത്തെ ചെറുക്കാന്‍ കാരണമെന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി. കൂടെ പറഞ്ഞ, ആദ്യഭര്‍ത്താവ് മരിക്കുമെന്ന കഥ ചിലപ്പോള്‍ കെട്ടുകഥയാകാം. അല്ലയെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന മറ്റൊരു നരബലിയായിരിക്കുന്നു ഈ സംഭവം. ഷാരോണിന്റെ മൊബൈലിലുള്ള ദൃശ്യങ്ങളും കൊലക്കു കാരണമാണെന്ന വാര്‍ത്തയുമുണ്ട്. ഈ മൂന്നു ഘടകങ്ങളും നമ്മള്‍ എവിടെയെത്തിയിരിക്കുന്നു എന്നതിന്റെ യഥാര്‍ത്ഥ ചിത്രം നല്‍കുന്നുണ്ട്. അന്ധവിശ്വാസ, അനാചാര നിരോധന നിയമം നടപ്പാക്കുന്നതിനെ കുറിച്ചാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച എന്നതില്‍ നിന്നുതന്നെ കേരളം എവിടെയെത്തിയിരിക്കുന്നു എന്നത് വ്യക്തമാണ്. എന്തെല്ലാം നേടിയെന്ന് നാം അഹങ്കരിച്ചിരുന്നോ അവയെല്ലാം ഒന്നൊന്നായി നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് കസവുവസ്ത്രങ്ങള്‍ ധരിച്ചും കേരളത്തെ കുറിച്ചും മലയാളത്തെ കുറിച്ചും പൊള്ളയായ വചനങ്ങള്‍ പറഞ്ഞും നമ്മള്‍ കേരളപിറവി ആഘോഷിക്കുന്നത്. ജാതിക്കൊലകള്‍ പോലും നടക്കുമ്പോള്‍ ഇതു യുപിയല്ല എന്നു പറഞ്ഞ് അഹങ്കരിക്കുന്നവരാകട്ടെ ന്യായീകരിക്കുന്നത് ഈ ജീര്‍ണ്ണതയെയും.

മറുവശത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രത്തിന്റേയും സംഘപരിവാറിന്റേയും ഒത്താശയോടെ ഗവര്‍ണര്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് ഇത്തവണത്തെ ഹൈലൈറ്റ്. എന്നാലതിനെ ഒറ്റക്കെട്ടായി നേരിടാന്‍ നമുക്കാവുന്നില്ല. ചില പ്രസ്താവനകള്‍ നടത്തുന്നു എന്നതല്ലാതെ സര്‍ക്കാരും അതിനെ നിയന്ത്രിക്കുന്ന മുന്നണിയും തന്നെ അതിനു മുന്‍കൈ എടുക്കുന്നില്ല. മറിച്ച് കോണ്‍ഗ്രസ്സ് ഇതര സര്‍ക്കാരുകളിലെ മുഖ്യമന്ത്രിമാര്‍ ബഹിഷ്‌കരിച്ച, കേന്ദ്രം വിളിച്ച യോഗത്തില്‍, യുപി മുഖ്യമന്ത്രിക്കടുത്തിരുന്ന് പങ്കെടുക്കുകയാണ് കേരള മുഖ്യമന്ത്രി ചെയ്തത്. ഒരു നികുതി, ഒരു ഭാഷ, ഒരു മതം, ഒരു പാര്‍ട്ടി, ഒരു പോലീസ്, ഒരു സിവില്‍ കോഡ് എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുമായി, ഇന്ത്യയിലെ വൈവിധ്യങ്ങളെ കുഴിച്ചുമൂടാനും തങ്ങളുടെ അജണ്ടയിലെ ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുമുള്ള നീക്കങ്ങളുമായി സംഘപരിവാര്‍ പിടിമുറുക്കുമ്പോള്‍ ശക്തമായ ഒരു പ്രതിരോധവും ഉയര്‍ത്താനാകാതെയാണ് ഇക്കുറി കേരളപ്പിറവി ദിനം കടന്നു വന്നിരിക്കുന്നത്. അതേസമയം ചടങ്ങു സമരങ്ങള്‍ സംഘടിപ്പിച്ച് ഇവിടെ നടക്കുന്ന അഴിമതികളെ വെള്ളപൂശാനും ശ്രമിക്കുന്നു. സമീപകാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിച്ച പുസ്തകം സ്വപ്‌ന സുരേഷിന്റേതാണ് എന്നതും കേരളപ്പിറവി ദിനത്തില്‍ ഓര്‍ക്കാവുന്നതാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സാമ്പത്തികരംഗത്തേക്കുവന്നാല്‍ സ്ഥിതി അതിനേക്കാള്‍ ഭീകരമാണ്. പ്രവാസികള്‍ അയക്കുന്ന പണവും പല സംസ്ഥാനങ്ങളും നിരോധിച്ചിട്ടുള്ള ലോട്ടറിയില്‍ നിന്നും മദ്യത്തില്‍ നിന്നുമുള്ള നികുതിയുമാണ് നമ്മുടെ പ്രധാന വരുമാന സ്രോതസ്സ്. ഒപ്പം ഓരോ മാസവും കടം കൂടുന്നു. വരുമാനത്തിലെ പ്രധാനഭാഗമാകട്ടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വേതനവും പെന്‍ഷനും. മറുവശത്ത് വന്‍കടമെടുത്തും കൊട്ടാരസദൃശ്യമായ വീടുകള്‍ നിര്‍മ്മിച്ചും ലക്ഷങ്ങള്‍ ചിലവഴിച്ച് വിവാഹങ്ങള്‍ നടത്തിയും നമ്മള്‍ പൊങ്ങച്ചം കാണിക്കുന്നു. പല വിവാഹങ്ങളും സ്ത്രീധന കൊലകളില്‍ അവസാനിക്കുന്നു. ഒരു കാലത്ത് നേട്ടമുണ്ടാക്കിയ ആരോഗ്യ – വിദ്യാഭ്യാസ മേഖലകളെല്ലാം തകര്‍ന്നിരിക്കുന്നു. കഴുത്തറപ്പന്‍ കച്ചവടമാണ് അവിടെ നടക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിനും വിദഗ്ധ ചികിത്സക്കും കേരളം വിട്ടുപോകേണ്ട ഗതികേട്. പിണറായിയും ഉമ്മന്‍ ചാണ്ടിയും പോലും വിദഗ്ധ ചികിത്സക്ക് കേരളം വിടുന്നത് നല്‍കുന്ന സൂചന ശുഭകരമല്ല. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി നാടുവിടുന്ന ചെറുപ്പക്കാരുടെ എണ്ണവും കൂടുന്നു. ആയിരകണക്കിനു പേര്‍ക്ക് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാനവസരം ഉണ്ടാക്കുന്നത് വലിയ ഭരണനേട്ടമായിപോലും അവതരിപ്പിക്കപ്പെടുന്നു. അധികം താമസിയാതെ ചെറുപ്പക്കാരേക്കാള്‍ വയോജനങ്ങള്‍ നിറഞ്ഞ, ആരോഗ്യകരമല്ലാത്ത അവസ്ഥയിലേക്ക് കേരളം മാറുമെന്നുറപ്പ്. മറുവശത്ത് സംരംഭസൗഹൃദമെന്നു പറയുമ്പോഴും ചെറുകിടസംരംഭങ്ങളെല്ലാം പൂട്ടുന്നു, അല്ലെങ്കില്‍ പൂട്ടിക്കുന്നു. ഐടിയിലും ടൂറിസത്തിലും പോലും പ്രതീക്ഷിക്കുന്ന മെച്ചങ്ങള്‍ ഉണ്ടാകുന്നില്ല. മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, ദളിതര്‍, ആദിവാസികള്‍ തുടങ്ങിയ അടിസ്ഥാനവിഭാഗങ്ങളുടെ അവസ്ഥ ഇപ്പോഴും ഏറ്റവും മോശമായി തുടരുന്നു. കടല്‍, തോട്ടം, ഭൂമി, വനം തുടങ്ങി സ്വന്തം വിഭവങ്ങളില്‍ അവര്‍ക്കുള്ള അധികാരം നിഷേധിക്കപ്പെടുന്നു. ആയിരകണക്കിനു ഏക്കര്‍ ഭൂമി ഇപ്പോഴും കോര്‍പ്പറേറ്റുകള്‍ കൈവശം വെച്ചിരിക്കുന്നു.

വാസ്തവത്തില്‍ ഇന്ത്യയെന്നത് വൈവിധ്യമാര്‍ന്ന നിരവധി ദേശീയതകളുടെ സമുച്ചയമാണ്. കൊളോണിയല്‍ കാലഘട്ടമില്ലായിരുന്നെങ്കില്‍ വ്യത്യസ്ത രാഷ്ട്രങ്ങള്‍ തന്നെ ഇവിടെ ഉണ്ടാകുമായിരുന്നു. യൂറോപ്പില്‍ നിലനിന്നിരുന്ന ലാറ്റിന്‍ ആധിപത്യത്തിനെതിരെ പ്രാദേശികഭാഷകള്‍ വളര്‍ന്നുവരുകയും അവസാനം ദേശീയരാഷ്ട്രരൂപീകരണത്തില്‍ എത്തുകയും ചെയ്തപോലുള്ള സംഭവവികാസങ്ങള്‍ ഇവിടേയും ആരംഭിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ കൊളോണിയല്‍ ആധിപത്യം. ചരിത്രഗതിയെ വഴിമാറ്റിവിട്ടു. പിന്നീട് കൊളോണിയല്‍ വിരുദ്ധ സമരത്തിലുണ്ടായ ഐക്യമാണ് ഇന്ത്യയെന്ന രാജ്യത്തിന്റെ രൂപീകരണത്തിന്റെ അടിത്തറയായത്. പക്ഷെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ചരിത്രപരമായ വളര്‍ച്ച വളറെയധികം വ്യത്യസ്ഥമാണ്. ഇന്നും അങ്ങനെതന്നെ. അവ തമ്മില്‍ താരതമ്യം ചെയ്ത് നമ്മള്‍ മുന്നിലാണ്, അവര്‍ പിന്നിലാണ് എന്ന വാദം തന്നെ അര്‍ത്ഥരഹിതമാണ്. നമ്മുടെ പ്രയാണം മുന്നോട്ടോ പുറകോട്ടോ എന്നാണ് പരിശോധിക്കേണ്ടത്. അപ്പോള്‍ കാണുന്നത് നിരാശ മാത്രമാണ്. ക്രസമാധാനം, സാമുദായിക സാഹോദര്യം, ഭരണക്ഷമത, അഴിമതിയില്ലായ്മ, മനുഷ്യവികസന സൂചികകള്‍, സാക്ഷരത, ആളോഹരി വരുമാനം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ കേരളം മുന്നിലാണെന്ന അവകാശവാദം ശരിയായിരിക്കാം. എന്നാല്‍ ഇവയില്‍ മിക്കതിലും അടുത്ത കാലത്തായി കേരളം പുറകോട്ടടിക്കുകയാണെന്നതാണ് വസ്തുത.

സാമൂഹിക രംഗത്തും പ്രാഥമിക വിദ്യാഭ്യാസരംഗത്തും ജീവിതനിലവാരരംഗത്തും കേരളം താരതമ്യേന മുന്നിലാവാനുള്ള കാരണത്തെ കുറിച്ചുള്ള അവകാശവാദങ്ങള്‍ നിരന്തരം കേള്‍ക്കുന്നതാണല്ലോ.. ഇരുമുന്നണികളും ഏറെക്കുറെ തുല്ല്യകാലമാണ് ഭരിച്ചതെങ്കിലും തങ്ങളാണ് ഈ പുരോഗതികള്‍ക്ക് കാരണമെന്നു സ്ഥാപിക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടുണ്ട്. വാസ്തവമെന്താണ്? കേരളത്തിന്റെ സാമൂഹികപുരോഗതിക്കു പ്രധാന കാരണം ഈ പ്രസ്ഥാനങ്ങള്‍ക്കുമുന്നെ ആരംഭിച്ച, സമൂഹത്തെ അടിത്തട്ടില്‍ നിന്നുള്ള നവോത്ഥാന മുന്നേറ്റങ്ങളാണ്. ആ മുന്നേറ്റങ്ങളെ മുന്നോട്ടുകൊണ്ടുപോകാതിരിക്കുകയാണ് ഇവരെല്ലാം ചെയ്തത്. അതിന്റെ ഫലമാണ് അന്ധവിശ്വാസ – അനാചാര നിരോധന നിയമം പാസാക്കേണ്ട അവസ്ഥയിലേക്ക് നമ്മളെത്തിയത്. പ്രാഥമിക വിദ്യാഭ്യാസപുരോഗതിക്കാകട്ടെ പ്രധാന കാരണം, മോശപ്പെട്ട പല പ്രവണതകള്‍ക്കും തുടക്കമിട്ടെങ്കിലും മിഷണറിമാരായിരുന്നു. സ്ത്രീപുരുഷ ബന്ധങ്ങളെ വിക്ടോറിയന്‍ സദാചാരത്തിലേക്കു കൊണ്ടുപോകുകയും ഇന്ന് സദാചാര പോലീസിങ്ങിലെത്തിക്കുകയും ചെയ്തതിന് ഒരു കാരണം ഈ വിദ്യാഭ്യാസമാണ്. ജീവിതനിലവാരം മെച്ചപ്പെടാന്‍ പ്രധാന കാരണം ഇന്നും തുടരുന്ന പ്രവാസമാണ്. പ്രവാസത്തിനു പ്രധാന കാരണം കേരളത്തില്‍ കാര്‍ഷിക – വ്യവസായ വികസനം നടക്കാത്തതായിരുന്നു. അതിനുള്ള ഒരു കാരണം ഉല്‍പ്പാദനശക്തികളുടെ വികാസത്തിനും സംരംഭകത്വത്തിനും സാങ്കേതികവിദ്യകള്‍ക്കും സഹായകരമല്ലാത്ത നിലപാടുകളായിരുന്നു. ഉല്‍പ്പാദന ശക്തികളുടെ വികാസമാണ് സമൂഹത്തെ മുന്നോട്ടുനയിക്കുക എന്ന മാര്‍ക്സിസ്റ്റ് ആശയത്തിനു വിരുദ്ധമായിരുന്നു ഇടതുപക്ഷമടക്കമുള്ളവരുടെ നിലപാട്. എന്നിട്ടും എന്തൊക്കെ അവകാശവാദങ്ങളാണ് കേള്‍ക്കുന്നത്…..!

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ അവകാശവാദമുന്നയിക്കുന്നവര്‍ നടത്തിയ ദീര്‍ഘവീക്ഷണമില്ലാത്ത നടപടികളാണ് സത്യത്തില്‍ കേരളത്തെ ഈയവസ്ഥയില്‍ എത്തിച്ചത്. കൃഷി മുന്നോട്ടു കൊണ്ടുപോകാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാതെ നടത്തിയ ഭൂപരിഷ്‌കരണം, അതില്‍ നിന്ന് ഒഴിവാക്കിയ തോട്ടങ്ങള്‍, ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളില്‍ ഭൂമി എത്താതിരുന്നതും അവരെ കോളനികളില്‍ ഒതുക്കുകയും ചെയ്തത്, കേരളത്തിന്റെ പരിസ്ഥിതിക്കും കാലവസ്ഥക്കും സ്വാശ്രയവികസനത്തിനും അനുയോജ്യമല്ലാത്ത രീതിയില്‍ ആദിത്യ ബിര്‍ളയെ പോലുള്ളവരെയും പിന്നീട് കൊക്കക്കോള പോലുള്ളവരേയും ക്ഷണിച്ചുകൊണ്ടുവന്നുള്ള വ്യവസായ വികസനം, വൈദ്യുതി തന്നെ അസംസ്‌കൃത വസ്തുവായ വ്യവസായശാലകള്‍, തൊഴിലാളി വര്‍ഗ്ഗത്തിന്റെ പേരില്‍ പരിഗണിക്കാതിരുന്ന പരിസ്ഥിതിനാശം, തൊഴിലില്ലായ്മയുടെ പേരുപറഞ്ഞ് യന്ത്രവല്‍ക്കരണത്തെ ചെറുക്കല്‍, വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പേരില്‍ സ്ത്രീ, ദളിത്, ആദിവാസി, ന്യൂനപക്ഷ അസ്തിത്വങ്ങള്‍ നിഷേധിക്കല്‍, വനനശീകരണത്തേയും ആദിവാസി ജീവിതത്തേയും കണക്കിലെടുക്കാതെ നടന്ന കുടിയേറ്റത്തെ പ്രകീര്‍ത്തിക്കല്‍, അധ്വാനത്തോടുള്ള ഫ്യഡല്‍ മനോഭാവവും വൈറ്റ് കോളര്‍ തൊഴിലിനോടുള്ള ആഭിമുഖ്യവും, അവകാശങ്ങളോടൊപ്പം കടമകളെ കുറിച്ച് മിണ്ടാതിരുന്ന തൊഴിലാളി പ്രസ്ഥാനങ്ങള്‍, സംവരണം നടപ്പാക്കാത്ത എയ്ഡഡ് സ്ഥാപനങ്ങള്‍ തുടങ്ങി ഈ പട്ടിക എത്രവേണമെങ്കിലും നീട്ടാനാകും. മറ്റു പല സംസ്ഥാനങ്ങളും ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുമ്പോള്‍ അത്തരക്കാരെ നിരുത്സാഹപ്പെടുത്തുന്ന സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്. സര്‍ക്കാര്‍ വരുമാനത്തിന്റെ വലിയൊരു ഭാഗം വേതനമായി വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാടിന്റെ വികസനത്തില്‍ ഒരു താല്‍പ്പര്യവുമില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. .

ഉല്‍പ്പാദമേഖല വികസിക്കാതെ ഒരു സമൂഹത്തിനു മുന്നോട്ടുപോകാമെന്നതിന്റെ മാതൃകയായി കേരള മോഡല്‍ ചൂണ്ടികാട്ടുന്നതില്‍ ഒരു കാലത്ത് ലോകമെങ്ങും മത്സരം നടന്നു. അതിന്റെ ഉദ്ദേശ്യമറിയാതെ അതിന്റെ പിതൃത്വമേറ്റെടുക്കാന്‍ ഇവിടേയും മത്സരം നടന്നു. സ്വാഭാവികമായും ഉപഭോഗസംസ്‌കാരമായി നമ്മുടെ മുഖമുദ്ര. ഉല്‍പ്പാദിപ്പിക്കുന്നതൊന്നും ഉപയോഗിക്കാതിരിക്കുകയും ഉപയോഗിക്കുന്നതൊന്നും ഉല്‍പ്പാദിപ്പിക്കാതിരിക്കുകയും ചെയ്യുന്ന സമൂഹമായി കേരളം മാറി. ഇവിടത്തെ വ്യവസായവല്‍ക്കരത്തിനുപയുക്തമാക്കേണ്ട അസംസ്‌കൃത വസ്തുക്കളും അധ്വാനശേഷിയും പുറത്തേക്കൊഴുകി. മറുവശത്ത് പുറത്തുനിന്നുള്ള ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് കീഴടക്കി. പാടുപെട്ട് ഇവിടെ ചെറുസംരംഭങ്ങള്‍ ആരംഭിച്ചവര്‍ തകര്‍ന്നു. പ്രവാസികള്‍ അയക്കുന്ന പണം പോലും ഉല്‍പ്പാദന മേഖകളിലേക്ക് തിരിയാതെ പുറത്തേക്കൊഴുകി. നമ്മുടെ ബാങ്കുകളും സ്റ്റോക് എക്സ്ചേഞ്ചും മറ്റും പണം പുറത്തു കടത്തുന്ന ഏജന്‍സികളായി മാറി. പ്രവാസികളാകാന്‍ തയ്യാറാകാതിരുന്നവരാകട്ടെ ടെസ്റ്റുകളെഴുതി സര്‍ക്കാര്‍ ജോലിക്കുമാത്രം കാത്തിരുന്നു. ഈ അവസ്ഥകള്‍ക്ക് ഇപ്പോഴും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. അതോടൊപ്പമാണ് തുടക്കത്തില്‍ സൂചിപ്പിച്ചപോലെ സാമൂഹ്യ – സാംസ്‌കാരിക മേഖലകളിലും നമ്മള്‍ പുറകോട്ടുപായുന്നത്. ആ പുറകോട്ടുപോക്കിന്റെ ചിഹ്നമാണ് സത്യത്തില്‍ ഇന്നു നമ്മള്‍ ധരിക്കുന്ന കസവുവേഷം എന്നാണ് ഈ കേരളപ്പിറവി ദിനത്തിലെങ്കിലും തിരിച്ചറിയേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply