അദാനിക്കൊപ്പം ചെങ്കൊടിയും കാവിക്കൊടിയും – വിഴിഞ്ഞത്തെ രാഷ്ട്രീയ അശ്ലീലം

യുഡിഎഫ് ഭരണകാലത്ത് പ്രത്യേക താല്പര്യത്തോടെ അദാനിക്കു നല്‍കിയ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠന കാലഘട്ടം മുതല്‍ പദ്ധതി സൃഷ്ടിക്കാവുന്ന പരസ്ഥിതി-സാമൂഹ്യ പ്രത്യാഘാതങ്ങളും അശാസ്ത്രീയതയും, കരാറിലെ ക്രമക്കേടുകളും പഠിക്കുകയും എഴുതുകയും ചെയ്യുന്ന എ ജെ വിജയനെ അപകീര്‍ത്തിപ്പെടുത്താനും ജനമധ്യത്തില്‍ താറടിച്ചു കാട്ടാനും ശ്രമിക്കുന്നതായും സമിതി ചൂണ്ടികാട്ടുന്നു. സമിതി പറയന്ന പോലെ വാസ്തവത്തില്‍ തീരദേശത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കാനും ശ്രമിക്കുന്നത് സമരത്തിനെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവരാണ്.

രാഷ്ട്രീയ അശ്ലീലമെന്നു വിശേഷിപ്പിക്കാവുന്ന ഒരു കാഴ്ചക്കായിരുന്നു കഴിഞ്ഞ ദിവസം തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചത്. പിറന്നുവീണ തീരത്തിന്റേയും ജീവിതമാര്‍ഗ്ഗമായ കടലിന്റേയും അവകാശത്തിനായി കോര്‍പ്പറേറ്റ് ഭീകരനായ അദാനിയോട് പോരടിക്കുന്ന വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പോരാട്ടത്തിനെതിരെ ബിജെപിയും സിപിഎമ്മും കൈകോര്‍ത്ത കാഴ്ചയാണ് ഉദ്ദേശിച്ചത്. ദേശീയപാതാ വികസനത്തിനായി മറ്റു സാധ്യതകള്‍ മുന്നോട്ടുവെച്ച്, സിപിഎം വിമതരായ വയല്‍കിളികള്‍ നയിച്ച സമരത്തിന് ഐക്യദാര്‍ഢ്യവുമായി സുരേഷ് ഗോപിയടക്കമുള്ള നേതാക്കള്‍ എത്തിയപ്പോള്‍ അധിക്ഷേപശരങ്ങളുമായി രംഗത്തുവന്നത് സിപിഎം സംസ്ഥാനനേതാക്കളടക്കമായിരുന്നു എന്നത് മറക്കാറായിട്ടില്ലല്ലോ. കഴിഞ്ഞില്ല, സമരം ചെയ്യുന്നവര്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു, വിദേശത്തുനിന്ന് പണം കൈപറ്റി വികസനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു, വിമോചന സമരത്തിനു ശ്രമിക്കുന്നു തുടങ്ങിയ സ്ഥിരം പല്ലവികളും ആവര്‍ത്തിക്കുന്നു.

വിഴിഞ്ഞം തുറമുഖം വേണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന മാര്‍ച്ചിന്റെ സമാപനത്തിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ബിജെപി നേതാവ് വിവി രാജേഷും വേദി പങ്കിട്ടത്. സമരത്തിനെതിരെ ഇരുകൂട്ടരും മത്സരിച്ച് ആഞ്ഞടിച്ചു. അതിനുമുമ്പ് സമാധാനപരമായി നടക്കുന്ന സമരം കലാപശ്രമമാണെന്ന് വിദ്യാഭ്യാസ മന്ത്രി ആരോപിച്ചിരുന്നു. നായര്‍ സര്‍വ്വീസ് സൊസൈറ്റി, എസ്എന്‍ഡിപി യോഗം, വിശ്വകര്‍മ്മസഭ, വൈകുണ്ഡ സ്വാമി ധര്‍മ്മ പ്രചാരണ സഭ, കേരള തണ്ടാന്‍ മഹാസഭ, നാടാര്‍ സര്‍വ്വീസ് സൊസൈറ്റി തുടങ്ങി സംഘടകളാണ് മാര്‍ച്ച് സംഘടിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.

വിഴിഞ്ഞം അദാനി തുറമുഖം സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ക്കെതിരെ തീരദേശ സമൂഹം നടത്തുന്ന സമരം സംസ്ഥാന തലത്തിലും കൂടുതല്‍ പിന്തുണയാര്‍ജ്ജിച്ച് മുന്നേറുന്ന സാഹചര്യത്തിലാണ് അസത്യപ്രചരണങ്ങളുമായി കോര്‍പ്പറേറ്റുകളെ പിന്താങ്ങുന്ന പാര്‍ട്ടികളും ചില മാധ്യമങ്ങളും രംഗത്തുവന്നിരിക്കുന്നതെന്ന് സമരസമിതി പറയുന്നു. അതിന്റെ ഭാഗമായി, സ്ത്രീ ശാക്തീകരണത്തിനായി മൂന്ന് പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചു വരുന്ന ഏലിയാമ്മ വിജയനെയും സഖി എന്ന സംഘടനയെയും, മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയന്‍ രംഗത്തും മത്സ്യമേഖലയിലെ ഗവേഷണ രംഗത്തും 1980 മുതല്‍ പ്രവര്‍ത്തിക്കുന്ന എ.ജെ വിജയനെയും അപകീര്‍ത്തിപ്പെടുത്തി വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങളും തുടങ്ങിയിരിക്കുന്നതായും സമിതി ചൂണ്ടികാട്ടി. സമരസമിതിയുമായി നേരിട്ട് ബന്ധമില്ലാത്ത സഖി, വിഴിഞ്ഞം സമരത്തിന് വേണ്ടി വിദേശ ഫണ്ട് സ്വീകരിച്ചു എന്ന ആക്ഷേപം നടത്തിയവര്‍ക്കെതിരെ മാനനഷ്ടത്തിനും നഷ്ടപരിഹാരത്തിനുമായി വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നൂറുദിവസം പിന്നിട്ട അതിജീവന സമരത്തെ നിര്‍വീര്യമാക്കാന്‍ തല്‍പരകക്ഷികള്‍ നിഗൂഢ ഇടപെടലുകള്‍ നടത്തുകയാണെന്ന് സമരസമിതി ജനറല്‍ കണ്‍വീനറും ലത്തീന്‍ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിന്‍ പെരേര ആരോപിക്കുന്നു. സമരത്തിന്റെ പേരില്‍ ആരെങ്കിലും വിദേശ ഫണ്ട് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തണം. എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സമരത്തിലെ ലത്തീന്‍ സഭാ നേതൃത്വത്തെ ചൂണ്ടികാട്ടി സര്‍ക്കാരിനെതിരെ വിമോചനസമരത്തിനാണ് നീക്കമെന്ന ആരോപണം ഉന്നിക്കുന്നവരേയും കണ്ടു. ചരിത്രത്തെ കുറിച്ച് ഒന്നുമറിയാത്തവരാണ് ഇതു പറയുന്നത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പോരാട്ടങ്ങളിലെല്ലാം സഭയുടെ സാന്നിധ്യമുണ്ടായിരുന്നു. എത്രയോ കന്യാസ്ത്രീകള്‍ സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. സിസ്റ്റര്‍ ആലീസിനേയും മറ്റും മറക്കാറായോ? പല സമരങ്ങളോടും ഇടതുപക്ഷവും സഹകരിച്ചിട്ടുണ്ട്. അവയാന്നും വിമോചനസമരമായിരുന്നില്ലല്ലോ. പിന്നെങ്ങിനെ അദാനിക്കെതിരായ സമരം വിമോചനസമരമാകും? ഈ സമരവും കൃത്യമായ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. അവയാകട്ടെ തകര്‍ന്നു തരിപ്പണമാകുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം തിരിച്ചുപിടിക്കാനുള്ളവ. അവക്കൊന്നും അവക്കു മറുപടി പറയാതെയാണ് ബിജെപിയമായി ചേര്‍ന്നുള്ള രാഷ്ട്രീയ അശ്ലീലത്തിനു സര്‍ക്കാരും സിപിഎമ്മും തയ്യാറായിരിക്കുന്നത്.

തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് തീരമേഖലയിലുണ്ടാക്കിയ നാശനഷ്ടങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വീകാര്യതയുള്ള വിദഗ്ദ്ധ പഠന സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നതുള്‍പ്പെടെയുള്ള 7 ആ വശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് വിഴിഞ്ഞത്ത് 105 ദിവസമായി സമരം നടക്കുന്നത്. പൊഴിയൂര്‍ ,അഞ്ചുതെങ്ങ് മേഖലകളിലെ കടലില്‍ അശാസ്ത്രീയ നിര്‍മ്മാണത്തിന്റെ ഫലമായി ഉണ്ടായ തീരശോഷണത്തിനും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ ഫലമായി ഉണ്ടായ തീരശോഷണത്തിനും ശാശ്വത പരിഹാരം കണ്ടെത്തുക, വര്‍ഷങ്ങളായി തീര ശോഷണം മൂലം വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ഗോഡൗണുകളില്‍ നിന്നും താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിക്കാന്‍ വാടക നല്‍കുക, വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ശാശ്വതമായി പുനരധിവസിപ്പിക്കാന്‍ വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുക, മണ്ണെണ്ണ വിലവര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയും തമിഴ്‌നാട് മോഡലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുക ,കാലാവസ്ഥാ മുന്നറിയിപ്പു കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടം അനുഭവിക്കുന്ന ദിവസങ്ങളില്‍ മിനിമം വേതനം നല്‍കുക, മുതലപ്പൊഴിയില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച മത്സ്യബന്ധന തുറമുഖത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക തുടങ്ങിയവയാണ് മത്സ്യത്തൊഴിലാളി സമരം ഉന്നയിക്കുന്ന മറ്റ് 6 ആവശ്യങ്ങള്‍

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സമര സമിതിയുടെ ആവശ്യങ്ങള്‍ മിക്കതും അംഗീകരിച്ചെന്ന ഭരണ നേതൃത്വത്തിന്റെ അവകാശ വാദങ്ങള്‍ തെറ്റാണെന്ന് സമരസമിതി പറയുന്നു.  കഴിഞ്ഞ ആറ് വര്‍ഷമായി ഭവനങ്ങള്‍ നഷ്ടപ്പെട്ടവരില്‍ സിമന്റ് ഗൊഡൌണുകളിലും സ്‌കൂളുകളിലും കഴിയുന്നവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതുവരെ 5500 രൂപ പ്രതിമാസ വാടക നല്‍കും, 335 കുടുംബങ്ങളെ പുനരധിവസിപ്പിക്കും, സ്വന്തമായി വീട് വെക്കാന്‍ തയ്യാറാകുന്നവര്‍ക്ക് സ്ഥലത്തിനും വീടിനുമായി 10 ലക്ഷം രൂപ അനുവദിക്കും, പുനരധിവാസത്തിന് മുട്ടത്തറയില്‍ എട്ടേക്കര്‍ ഭൂമി ഫിഷറീസ് വകുപ്പിന് കൈമാറും, അവിടെ വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ ഭവന രഹിതരായവര്‍ക്ക് മുന്‍ഗണന നല്‍കും എന്നിവ മാത്രമാണ് വ്യക്തമായി സര്‍ക്കാര്‍ രേഖാമൂലം പറയുന്ന കാര്യങ്ങള്‍. മുതലപ്പൊഴി ഫിഷിംഗ് ഹാര്‍ബര്‍ മീന്‍പിടുത്തക്കാര്‍ക്ക് സൃഷ്ടിക്കുന്ന അപകടാവസ്ഥ, മണ്ണെണ്ണ സബ്‌സിഡി പ്രശ്‌നങ്ങള്‍ തുടങ്ങിയവക്കു നേരെ ഗവണ്മെന്റ് കണ്ണടയ്ക്കുകയാണ്. തീരസംരക്ഷണത്തിന് നേരത്തെ തന്നെ ഉള്ള ചില പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്നു. പ്രധാന ആവശ്യങ്ങളില്‍ ഒരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നാണ് സമര സമിതി വിലയിരുത്തുന്നത്. അദാനിയുടെ തുറമുഖ നിര്‍മ്മാണ പ്രവൃത്തികള്‍ കാരണം തീരശോഷണം സംഭവിക്കുന്നത് അംഗീകരിക്കാന്‍ തയ്യാറാകില്ലെന്ന പിടിവാശിയാണ് ഭരണാധികാരികള്‍ പ്രകടിപ്പിക്കുന്നത്. മാത്രമല്ല 5500 രൂപ വാടക അപര്യാപ്തമാണെന്നും സ്ഥലത്തിനും വീടിനും കൂടി 10 ലക്ഷം രൂപ നല്‍കിയാല്‍ അതുകൊണ്ട് സ്ഥലം വാങ്ങി വീട് നിര്‍മിക്കാന്‍ ആവില്ലെന്നും സമരസമിതി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമരം തുടരുന്നത്. അല്ലാതെ അത് കലാപശ്രമമോ വിമോചനസമരമോ അല്ല.

യുഡിഎഫ് ഭരണകാലത്ത് പ്രത്യേക താല്പര്യത്തോടെ അദാനിക്കു നല്‍കിയ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠന കാലഘട്ടം മുതല്‍ പദ്ധതി സൃഷ്ടിക്കാവുന്ന പരസ്ഥിതി-സാമൂഹ്യ പ്രത്യാഘാതങ്ങളും അശാസ്ത്രീയതയും, കരാറിലെ ക്രമക്കേടുകളും പഠിക്കുകയും എഴുതുകയും ചെയ്യുന്ന എ ജെ വിജയനെ അപകീര്‍ത്തിപ്പെടുത്താനും ജനമധ്യത്തില്‍ താറടിച്ചു കാട്ടാനും ശ്രമിക്കുന്നതായും സമിതി ചൂണ്ടികാട്ടുന്നു. സമിതി പറയന്ന പോലെ വാസ്തവത്തില്‍ തീരദേശത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കാനും ശ്രമിക്കുന്നത് സമരത്തിനെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവരാണ്. അതിനു ശക്തിപകരുന്നതാണ് പാവപ്പെട്ട മത്സ്‌ത്തൊഴിലാകള്‍്‌ക്കെതിരെ അദാനിക്കൊപ്പം ചെങ്കൊടിയും കാവിക്കൊടിയും കൂട്ടികെട്ടുന്നതെന്നതാണ് ജനാധിപത്യാദികള്‍ തിരിച്ചറിയേണ്ടത്. അതിനാല്‍ തന്നെ ഈ പോരാട്ടത്തോടൊപ്പം നില്‍ക്കാനാണ് ജനാധിപത്യ കേരളം തയാറാകേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply