പുതിയ വിദ്യാഭ്യാസനയം വിമര്‍ശിക്കപ്പെടണം

കേന്ദ്രസര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യം ഒരു മഹാമാരിയുടെ കെടുതിയില്‍ നിപതിച്ചിരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ മരിക്കുകയും ലോക്ഡൗണ്‍ പ്രഖ്യാപനങ്ങള്‍ മൂലം ജനങ്ങള്‍ ബന്ധിതരായിരിക്കുകയും ചെയ്യുന്ന ഒരു വിഷമകാലത്താണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ നിയമനിര്‍മ്മാണസഭകളില്‍ അവതരിപ്പിക്കുകയോ ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികളുടെ അഭിപ്രായങ്ങള്‍ ആരായുകയോ ചെയ്തതിനു ശേഷമല്ല ഈ പ്രഖ്യാപനം നടന്നിരിക്കുന്നത്. ഭരണഘടനയില്‍ വിദ്യാഭ്യാസത്തെ കണ്‍കറന്റ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നിരിക്കെ, സംസ്ഥാനങ്ങളോടു കൂടിയാലോചിക്കുന്നതിനോ അക്കാദമികപണ്ഡിതന്മാരോടും അദ്ധ്യാപകരോടും വിദ്യാര്‍ത്ഥികളോടും തുറന്നു ചര്‍ച്ച ചെയ്യുന്നതിനോ മുതിരാതെ വളരെ ഏകപക്ഷീയമായ ഒരു നയപ്രഖ്യാപനം നടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യം ഒരു മഹാമാരിയുടെ കെടുതിയില്‍ നിപതിച്ചിരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ മരിക്കുകയും ലോക്ഡൗണ്‍ പ്രഖ്യാപനങ്ങള്‍ മൂലം ജനങ്ങള്‍ ബന്ധിതരായിരിക്കുകയും ചെയ്യുന്ന ഒരു വിഷമകാലത്താണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ നിയമനിര്‍മ്മാണസഭകളില്‍ അവതരിപ്പിക്കുകയോ ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികളുടെ അഭിപ്രായങ്ങള്‍ ആരായുകയോ ചെയ്തതിനു ശേഷമല്ല ഈ പ്രഖ്യാപനം നടന്നിരിക്കുന്നത്. ഭരണഘടനയില്‍ വിദ്യാഭ്യാസത്തെ കണ്‍കറന്റ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നിരിക്കെ, സംസ്ഥാനങ്ങളോടു കൂടിയാലോചിക്കുന്നതിനോ അക്കാദമികപണ്ഡിതന്മാരോടും അദ്ധ്യാപകരോടും വിദ്യാര്‍ത്ഥികളോടും തുറന്നു ചര്‍ച്ച ചെയ്യുന്നതിനോ മുതിരാതെ വളരെ ഏകപക്ഷീയമായ ഒരു നയപ്രഖ്യാപനം നടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഈ പ്രഖ്യാപനം ഒരു ഒറ്റപ്പെട്ട കാര്യമല്ലെന്നും സംഘപരിവാര്‍ നേതൃത്വത്തിലുള്ള ഭരണകൂടം രാജ്യമെമ്പാടും എല്ലാ മേഖലകളിലും നടപ്പിലാക്കി കൊണ്ടിരിക്കുന്ന നയങ്ങളുടെ തുടര്‍ച്ചയാണെന്നും ആദ്യനോട്ടത്തില്‍ തന്നെ ആര്‍ക്കും ബോദ്ധ്യപ്പെടാവുന്നതേയുള്ളൂ. ജനാധിപത്യമൂല്യങ്ങളോടു തരിമ്പും ആഭിമുഖ്യമില്ലാത്ത നയസമീപനങ്ങളാണ് അതു പിന്തുടരുന്നത്. രാജ്യത്തിന്റെ ഫെഡറല്‍വ്യവസ്ഥയോടു അതിനു താല്‍പ്പര്യമില്ല. അത്യന്തം കേന്ദ്രീകൃതവും സ്വേച്ഛാധിപത്യപരവുമായ ഒരു രാഷ്ട്രവ്യവസ്ഥയെ നിര്‍മ്മിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദ്യാഭ്യാസത്തെ കൂടി ആ രീതിയില്‍ മാറ്റിത്തീര്‍ക്കാനുള്ള പദ്ധതികളാണ് ഈ നയപ്രഖ്യാപനത്തിലൂടെ മുന്നോട്ടു വയ്ക്കപ്പെടുന്നത്. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നതും വൈവിധ്യമാര്‍ന്ന ജീവിതസാഹചര്യങ്ങളിലും സംസ്‌കാരങ്ങളിലും ജീവിക്കുന്നതുമായ ഇന്ത്യന്‍ജനതക്ക് ഒട്ടാകെ ഏക കരിക്കുലത്തേയും പഠനപദ്ധതികളേയും മുന്നോട്ടു വയ്ക്കുന്ന ഈ പുതിയ വിദ്യാഭ്യാസനയം രാജ്യത്തിന്റെ നാനാത്വത്തേയും ബഹുസ്വരതയേയും നിഷേധിക്കുന്നതും ജനാധിപത്യപരമായ വികേന്ദ്രീകരണത്തിനു പകരം ശക്തമായ കേന്ദ്രീകരണത്തേയും അധികാരപ്രമത്തതയേയും പുല്‍കുന്നതുമാണ്.

പത്തു വര്‍ഷത്തിനുള്ളില്‍ സൗജന്യവും നിര്‍ബ്ബന്ധിതവുമായ പ്രൈമറി വിദ്യാഭ്യാസം ഭരണഘടനാവാഗ്ദാനമായി നല്‍കിയിരുന്ന ഈ രാജ്യത്ത് ഇന്നേവരെ അതു സാദ്ധ്യമായിട്ടില്ലെന്നതു പോകട്ടെ, പോകപ്പോകെ ആ ലക്ഷ്യത്തില്‍ നിന്നും നീങ്ങിപ്പോകുന്ന പ്രവണതകളാണ് നാം കണ്ടുവരുന്നത്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളേയും ഔപചാരികവിദ്യാഭ്യാസത്തിലൂടെ സാക്ഷരരാക്കാന്‍ കഴിയില്ലെന്നും അതിന് അനൗപചാരികമായ പദ്ധതികള്‍ നടപ്പിലാക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ നടപ്പിലാക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സംഘപരിവാറിന്റെ സര്‍ക്കാരിന്റെ കാലമാകുമ്പോഴേക്കും ആ ഭരണഘടനാവാഗ്ദാനത്തില്‍ നിന്നു തന്നെ പിന്‍വാങ്ങുന്ന നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടു വച്ചിരിക്കുന്നത്. എന്‍ട്രി-എക്‌സിറ്റ് പോളിസിയിലൂടെ വിദ്യാഭ്യാസരംഗത്തു നിന്നും വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോകുന്ന പ്രക്രിയയെ നിയമവല്‍ക്കരിച്ചു നല്‍കുന്ന നടപടികളാണ് സ്വീകരിക്കാന്‍ പോകുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് ഏതു ക്ലാസില്‍ വച്ചും എക്‌സിറ്റ് ചെയ്തു പോകാനുള്ള അനുമതി നല്‍കുന്നതിലൂടെ നിര്‍ബ്ബന്ധിതമായ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തില്‍ നിന്നും ജനതക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന ബാദ്ധ്യതയില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയാണെന്നു പറയാം. പ്രൈമറി വിദ്യാഭ്യാസത്തിന്റെ കാലത്തു തന്നെ തൊഴിലധിഷ്ഠിതമായ പരിശീലനം നല്‍കാനുള്ള നിര്‍ദ്ദേശവും ഈ എക്‌സിറ്റ് പോളിസിയും ഒരുമിച്ചു ചേര്‍ത്തു വായിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ അവരുടെ കഴിവുകള്‍ക്കനുസരിച്ചുള്ള തൊഴിലുകളില്‍ പ്രാവീണ്യമുള്ളവരാകുന്നതിനു വേണ്ടിയാണെന്നുള്ള വ്യാജേന തൊഴില്‍ മേഖലയില്‍ പഴയ ജാതിവ്യവസ്ഥയെ നിയമപരമായി പുനരാനയിക്കാനുള്ള ശ്രമമായി ഇതിനെ കാണേണ്ടതുണ്ട്. സ്‌കൂളുകളുടെ ക്ലസ്റ്ററുകളും വലിയ കേന്ദ്രീകൃതപാഠശാലകളും നിര്‍മ്മിക്കാനുള്ള തീരുമാനങ്ങളിലൂടെ ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നതിനും ഗ്രാമങ്ങളിലെ ദരിദ്രജനതയ്ക്ക് വിദ്യാഭ്യാസം അപ്രാപ്യമാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനുമാണ് വഴിയൊരുങ്ങുക! സാമ്പത്തികഭാരമുണ്ടാക്കുന്ന വിദ്യാലയങ്ങളെ അടച്ചു പൂട്ടുന്ന നയങ്ങളുടെ ഭാഗമായി ഇതിനകം തന്നെ സ്‌കൂളുകള്‍ അടച്ചു പൂട്ടുന്ന പ്രവണതയുണ്ട്. ഇത് വ്യാപകമാകും. ഗ്രാമങ്ങളിലെ ജനതയ്ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത്, ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള തൊഴില്‍ വിഭജനത്തെ പുനരാനയിക്കുന്ന പദ്ധതികളെ ത്വരിപ്പിക്കുന്ന പ്രവര്‍ത്തനമായിരിക്കും.

ഉന്നതവിദ്യാഭ്യാസരംഗത്ത്, സര്‍വ്വകലാശാലകളോടുള്ള കോളേജുകളുടെ അഫിലിയേഷനെ ഇല്ലാതാക്കുകയും സെല്‍ഫ് ഫൈനാന്‍സ് കോളേജുകളേയും സ്വയം ഭരണകോളേജുകളേയും പകരം വയ്ക്കുകയും ചെയ്യുന്ന സമീപനം അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. പൊതുമേഖലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും സ്വതന്ത്രവും യുക്തിപരവും സ്വാഭാവികവുമായ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സര്‍വ്വകലാശാലാ വിദ്യാഭ്യാസം ലക്ഷ്യം വച്ചിരുന്നത്. ഭരണകൂടത്തിന്റെ പോലും ഇച്ഛാനുസരണമല്ലാതെ വിവിധ വിഷയങ്ങളില്‍ സ്വതന്ത്രബുദ്ധിയോടെ അന്വേഷിക്കാനും നിഗമനങ്ങളിലെത്താനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം അക്കാദമിക് ഗവേഷണരംഗത്ത് ഒഴിച്ചു കൂടാനാവാത്തതാണ്. സര്‍വ്വകലാശാലകളുടെ സ്വാതന്ത്ര്യത്തില്‍ ഭരണകൂടങ്ങളില്‍ നിന്നുള്ള അകലം കൂടി പ്രധാനമായി കരുതപ്പെട്ടിരുന്നു. ഇപ്പോള്‍, സ്വയം ഭരണകോളേജുകള്‍ മാത്രമാക്കി ഉന്നതവിദ്യാഭ്യാസമേഖലയെ ചുരുക്കുമ്പോള്‍ സ്വകാര്യതാല്‍പ്പര്യാര്‍ത്ഥമുള്ള ഗവേഷണങ്ങള്‍ മാത്രം പ്രോത്സാഹിപ്പിക്കപ്പെടുന്ന സ്ഥിതിയായിരിക്കും സൃഷ്ടിക്കപ്പെടുന്നത്. സാമൂഹികശാസ്ത്രവും മാനവികശാസ്ത്രവും ഭാഷയും അടക്കമുള്ള മേഖലകളിലെ ഗവേഷണം വലിയ പ്രതിസന്ധികളെ നേരിടും. ശാസ്ത്രത്തിന്റെ മേഖലയില്‍ സൈദ്ധാന്തികഗവേഷണം പിന്നോട്ടടിയ്ക്കപ്പെടുകയും കോര്‍പ്പറേറ്റുകള്‍ക്കും ബഹുരാഷ്ട്രകോര്‍പ്പറേഷനുകള്‍ക്കും കമ്പോളത്തിനും താല്‍പ്പര്യമുള്ള ലാഭോന്മുഖമായ ഗവേഷണങ്ങള്‍ മാത്രം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യും. സ്വയം ഭരണത്തെ കുറച്ചു പറയുന്നുണ്ടെങ്കിലും വിദ്യാഭ്യാസരംഗത്ത് ഏറ്റവും പ്രാധാന്യമുള്ള അക്കാദമിക് ഓട്ടോണമിയെ എല്ലാ അര്‍ത്ഥത്തിലും തകര്‍ക്കുന്ന രീതിയില്‍ ഏക രാഷ്ട്രം, ഏക കരിക്കുലം എന്ന മുദ്രാവാക്യം ഇപ്പോള്‍ തന്നെ ഉയര്‍ത്തിക്കഴിഞ്ഞു. ഓരോ സമൂഹത്തിനും ഓരോ വ്യക്തിക്കും സ്വതന്ത്രമായ വളര്‍ച്ചയെ ലക്ഷ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണു വിദ്യാഭ്യാസരംഗത്തു വേണ്ടതെന്ന സമീപനത്തെ വളരെ സങ്കുചിതമായി ചുരുക്കി ഇല്ലാതാക്കുകയാണ് ഈ മുദ്രാവാക്യം ചെയ്യുന്നത്. സ്വതന്ത്രമായ ഗവേഷണത്തിനും പഠനപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അവസരം നിഷേധിക്കപ്പെടുന്നതോടെ രാജ്യത്തിന്റെ ധിഷണാശേഷിയും ബുദ്ധിജീവിതവും വലിയ ശോഷണത്തിനു വിധേയമാകും. ഉന്നതവിദ്യാഭ്യാസത്തെ ലാഭാധിഷ്ഠിതമായി മാത്രം പുന:സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഈ ഓട്ടോണമി സങ്കല്‍പ്പനത്തിനു പിന്നിലുള്ളത്. അത് ഫൈനാന്‍ഷ്യല്‍ ഓട്ടോണമിയെ സ്ഥാപിക്കാനുള്ള ശ്രമമാണ്. പണം മുടക്കാന്‍ കഴിവുള്ളവര്‍ക്കു മാത്രം വിദ്യാഭ്യാസം എന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. പൊതുവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാത്ത നയങ്ങള്‍ ദരിദ്രജനതയ്ക്ക് ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാക്കുമെന്നു പറയേണ്ടതില്ലല്ലോ?

പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ദേശീയ ശിക്ഷാ ആയോഗ് എന്നൊരു കേന്ദ്രീകൃത അധികാരസമിതി ഉണ്ടാക്കാനും രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കാനുമുള്ള തീരുമാനം ഫെഡറല്‍ തത്ത്വങ്ങളുടെ വലിയ ലംഘനമാണ്. വലിയ അധികാരകേന്ദ്രീകരണമാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്. പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള നാലു കൗണ്‍സിലുകളുടേയും നിയമനാധികാരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിക്കുന്നു. ചരിത്രപാഠപുസ്തകങ്ങളും മറ്റും വര്‍ഗീയതാല്‍പ്പര്യങ്ങള്‍ക്കനുസരിച്ചു തിരുത്തിയെഴുതുകയും പൗരത്വം, മതേതരത്വം, ജനാധിപത്യം പോലുള്ള വിഷയങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ കരിക്കുലത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്യുന്നവര്‍ ഇത്തരമൊരു കേന്ദ്രീകൃതവ്യവസ്ഥയെ എങ്ങനെയെല്ലാമായിരിക്കും ഉപയോഗിക്കുകയെന്ന് ഇപ്പോള്‍ തന്നെ ആലോചിക്കാവുന്നതേയുള്ളൂ. താഴേത്തട്ടിലുള്ള പ്രശ്‌നങ്ങളെ ശ്രവിക്കുന്നതിനോ നയരൂപീകരണത്തില്‍ അവര്‍ക്കു പങ്കാളിത്തം നല്‍കുന്നതിനോ തയ്യാറാകാത്ത ഒരു സമീപനത്തിലൂടെ മുകളില്‍ നിന്നും താഴേക്ക് അടിച്ചേല്‍പ്പിക്കുന്ന ഒരു നയമാണിതെന്നു പറയേണ്ടതുണ്ട്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലാണെന്ന കാര്യം ഉപയോഗിക്കപ്പെടുന്നത് സംസ്ഥാനങ്ങളുടെ മേല്‍ സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുന്നതിനു മാത്രമായിരിക്കും.

പ്രൈമറി വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കുമെന്ന സമീപനം നന്നെന്നു സ്വീകരിക്കപ്പെടേണ്ടതാണ്. എന്നാല്‍, അതില്‍ വെള്ളം ചേര്‍ക്കുന്ന ചില പ്രഖ്യാപനങ്ങള്‍ ഇപ്പോള്‍ തന്നെ കസ്തൂരിരംഗന്റെ ഭാഗത്തു നിന്നും വന്നു കഴിഞ്ഞിട്ടുണ്ട്. ത്രിഭാഷാപദ്ധതി കേരളത്തെ പോലുള്ള സംസ്ഥാനങ്ങള്‍ നടപ്പിലാക്കി കഴിഞ്ഞതാണ്. അത് നടപ്പിലാക്കാത്തത് ഉത്തരേന്ത്യയിലാണ്. ഇപ്പോള്‍, സംസ്‌കൃതത്തിനു പ്രാധാന്യം നല്‍കാനുള്ള പ്രഖ്യാപനം കൂടി പുതിയ നയത്തില്‍ ഉള്ളതിനാല്‍, ഉത്തരേന്ത്യയില്‍ ഹിന്ദിയും സംസ്‌കൃതവും ഇംഗ്ലീഷും ചേര്‍ന്നുള്ള ഒരു ഭാഷാപദ്ധതി നടപ്പിലാക്കാനുള്ള പരിപാടിയായിട്ടേ ഇതു കാണാന്‍ കഴിയൂ. മറ്റു പ്രാദേശികഭാഷകള്‍ക്ക് പ്രോത്സാഹനം കിട്ടാനുള്ള സാദ്ധ്യത വളരെ വിരളമാണ്. കോളേജ് തലത്തില്‍ പൊതുപ്രവേശനപരീക്ഷ നടത്താനുള്ള തീരുമാനം പണം മുടക്കുള്ള പുതിയ തരത്തിലുള്ള കോച്ചിങ് സെന്ററുകളെ പ്രോത്സാഹിപ്പിക്കുന്നതും ദരിദ്രജനതയെ ദോഷകരമായി ബാധിക്കുന്നതുമായിരിക്കും. ഇത്തരം പരീക്ഷകള്‍ക്ക് ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തുന്നതിലൂടെ, വിദ്യാര്‍ത്ഥികളുടെ വ്യാഖ്യാനത്തിനും വിമര്‍ശത്തിനുമുള്ള കഴിവുകള്‍ പരിശോധിക്കപ്പെടാതിരിക്കുകയും അവര്‍ കേവലം വിവരശേഖരണത്തിനുള്ള മസ്തിഷ്‌ക്കങ്ങളായി മാറ്റിത്തീര്‍ക്കപ്പെടുകയും ചെയ്യും. വിവരങ്ങളുടെ വ്യാഖ്യാനവും വിമര്‍ശവും സാദ്ധ്യമാകാത്ത ജനതയെ സൃഷ്ടിക്കുന്നത് ഏകാധിപതികള്‍ക്കു മാത്രം താല്‍പ്പര്യമുള്ള കാര്യമാണ്. വിമര്‍ശബുദ്ധിയുണ്ടാകുകയെന്നത് വളരാനാഗ്രഹിക്കുന്ന ഒരു ജനതയെ സംബന്ധിച്ചിടത്തോളം വളരെ അനിവാര്യമായ കാര്യമാണ്.

10+2 വ്യവസ്ഥയെ മാറ്റുന്നതിന്റേയും ഡിഗ്രി കോഴ്‌സുകള്‍ നാലു വര്‍ഷമാക്കുന്നതിന്റേയും മറ്റും പ്രശ്‌നങ്ങളായിട്ടാണ് മിക്കവാറും മാധ്യമങ്ങളും ഈ വിദ്യാഭ്യാസനയത്തെ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചത്. കേവലം ഘടനാപരമായ പുത്തന്‍ ക്രമീകരണങ്ങള്‍ എന്ന നിലക്ക് കാര്യങ്ങളെ അവതരിപ്പിക്കുകയും അതിന്റെ കാതലായ ഉദ്ദേശ്യലക്ഷ്യങ്ങളെ പരാമര്‍ശിക്കാതിരിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തനം രാജ്യത്തോടും ജനങ്ങളോടും വലിയ ദ്രോഹമാണ് ചെയ്യുന്നതെന്നു കൂടി ഇത്തരുണത്തില്‍ പറയേണ്ടതുണ്ട്. സംഘപരിവാര്‍ രാഷ്ട്രീയവും കോര്‍പ്പറേറ്റു താല്‍പ്പര്യങ്ങളും ഒരുമിച്ചു ചേര്‍ന്നു രൂപപ്പെടുത്തി നടപ്പിലാക്കാന്‍ പോകുന്ന പുതിയ വിദ്യാഭ്യാസനയത്തിനെതിരെ അക്കാദമിക്കുകളുടേയും അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും രാഷ്ട്രീയപ്രസ്ഥാനങ്ങളുടേയും നേതൃത്വത്തില്‍ അവരവരുടെ മേഖലകളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.

വി.വിജയകുമാര്‍, ഫോണ്‍: 9446152782, E-mail id: vijayakumar.niranjana@gmail.com

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 3 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

3 thoughts on “പുതിയ വിദ്യാഭ്യാസനയം വിമര്‍ശിക്കപ്പെടണം

  1. Well written

  2. Avatar for വി.വിജയകുമാര്‍

    പ്രകാശൻ

    34 വർഷത്തിന് ശേഷം ഉണ്ടായ ഈ നയത്തിന്റെ ഗുണവശങ്ങളിൽ വിമർശനം തുടങ്ങിയിരുന്നു എങ്കിൽ നന്നായിരുന്നു.നയവും അതിന്റെ നടത്തിപ്പും രണ്ടാണ്. സമ്പത്തിന്റെ നീതിപൂർവകമായ വിതരണം ഭരണഘടന വിഭാവനം ചെയ്യുന്നു. എന്നാൽ സമ്പത്തിന്റെ കേന്ദ്രീകരണം നടക്കുന്നു. അത് കൊണ്ട് ഭരണഘടനയുടെ ആ ഭാഗം മോശമെന്ന് ആരും കരുതുന്നില്ല.
    അത് പോലെ നയത്തെ, നയമായി വിമർശിക്കണം.
    ഓരോ കുട്ടിയുടെയും കഴിവും വാസനയും അനുസരിച് പഠിക്കാനുള്ള ഒരു അവസരം നയം വിഭാവനം ചെയ്യുന്നു. നിത്യ ജീവിതത്തിൽ ഏതൊരാൾക്കും കിട്ടേണ്ട സ്കിൽ വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നു. വിദ്യാഭ്യാസ അവകാശത്തിന്റെ പ്രായപരിധി 14 ൽ നിന്നും 18ആക്കുന്നു.
    ഡിഗ്രി പഠനത്തിൽ ഒരു വർഷം നന്നായി പറ്റിച്ചു പഠനം നിർത്തിയാലും അതിന്റെ അംഗീകാരമായി സർട്ടിഫിക്കേറ്റ് ലഭിക്കും. തുടർന്ന് പഠിക്കണമെന്ന് പിന്നീട് തോന്നിയാൽ വീണ്ടും പഠിക്കാം. ഇന്നത്തെ കോളേജ് വിദ്യാഭ്യാസത്തിൽ രണ്ടു വർഷം നന്നായി പറ്റിച്ചു എന്നിരിക്കിലും പഠനം നിർത്തിയാൽ തുടർന്ന് പഠിക്കാൻ അവസരം ഇല്ല (അവസാന വർഷ പരീക്ഷ എഴുതി തോറ്റാൽ വീണ്ടും എഴുതാം എന്നല്ലാതെ രണ്ടു വർഷം പഠിച്ചു നിർത്തിയാൽ വീണ്ടും അവിടെ നിന്ന് തുടങ്ങാനാകില്ല എന്ന എന്റെ ധാരണ അനുസരിച് )
    വിമർശനങ്ങളും ഒരുപാടുണ്ടാകണം. പക്ഷെ വിലയിരുത്തൽ സമഗ്രമാകാൻ അതിലെ ശരിയും തെറ്റും തുല്യ പ്രധാനത്തതോടെ അവതരിപ്പിക്കണം എന്ന് തോന്നുന്നു.

  3. Avatar for വി.വിജയകുമാര്‍

    എം.സി.പ്രമോദ് വടകര

    ഗൗരവമേറിയ ചർച്ചകൾ NEP – 2020 ആവശ്യപ്പെടുന്നുണ്ട്.ഒരു രാജ്യത്തെ വിദ്യാഭ്യാസ പദ്ധതി ഭാവിയുടെ ചൂണ്ടുപലക കൂടിയാണ്.ഇവിടെ കച്ചവടത്തിനനുസരിച്ചാണ് ഭാവി ഭാരതത്തെ രൂപപ്പെടുത്താനുദ്ദേശിക്കുന്നത് .വ്യാവസായികാടിസ്ഥാനത്തിനനു ഗുണമായ രീതിയിൽ പാഠ്യപദ്ധതിയിൽ മാറ്റം വരുത്തുന്നു. ഏക രാഷ്ട്രവും ഏകപാഠ്യപദ്ധതിയും ബഹുസ്വരതയ്‌ക്കെതിരായ രാഷ്ട്രീയ പദ്ധതിയായി മാറുന്നു.കേന്ദ്രീകൃത രീതികൾ, ഘടനാ സംവിധാനത്തിലെ പൊളിച്ചെഴുത്തുകൾ, പ്രാദേശിക ഭാഷാ – സംസ്കാര – ചരിത്ര-സാമൂഹ്യ ചിന്തകളെ തകർക്കൽ എന്നിവയെല്ലാം കടന്നു വരുന്നു. നൂതന ബോധന ശാസ്ത്ര സമീപനങ്ങളെ ആഴത്തിൽ സമീപിക്കുന്നുമില്ല – ഏതൊ പൗരാണിക ലോകത്ത് നിന്നു കൊണ്ട് മിഥ്യാ ചിന്തകൾ അവതരിപ്പിക്കുന്നു. സംസ്കൃത ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം വരുന്നു. രാജ്യം ഇതുവരെ കാത്തു സൂക്ഷിച്ച മതേതര ജനാധിപത്യ സമത്വ കാഴ്ചപ്പാടുകളിൽ നിന്ന് അകലുന്നു- ഒരു ഭാഗത്ത് ആഗോള കമ്പോള വല്ക്കരണം മറ്റൊരു ഭാഗത്ത് പൗരാണിക മായ,അശാസ്ത്രീയമായ വിവരങ്ങളുടെ സ്തുതിഗീതങ്ങൾ! പാർശ്വവത്ക്കരിക്കപ്പെടുന്നവരുടെ യഥാർഥ പ്രശ്നങ്ങൾ, പരിഹാര നിർദ്ദേശങ്ങൾ ഫലപ്രദമായ പദ്ധതികൾ… കാണാനില്ല ഒന്നും! ചെറുപ്പത്തിലേ പിടികൂടുകയാണ് കുട്ടികളെ-……

Leave a Reply