ഹരിഹരന്‍ മാത്രമല്ല വിമര്‍ശിക്കപ്പെടേണ്ടത്

വടകരയില്‍ യുഡിഎഫ് ആര്‍എംപിഐ സംയുക്തമായി നടത്തിയ സമ്മേളനത്തില്‍ അശ്ലീല വീഡിയോ ആരോപണത്തെക്കുറിച്ച് സംസാരിക്കവെ ആര്‍എംപിഐ കേന്ദ്ര കമ്മിറ്റി അംഗം സഖാവ് കെ.എസ് ഹരിഹരന്‍ തന്റെ വിചാര ശൂന്യ നിമിഷങ്ങളില്‍ നടത്തിയ സ്ത്രീവിരുദ്ധ ധ്വനികളുള്ള പരാമര്‍ശവും അതു പറയാനുണ്ടായ രാഷ്ട്രീയ പശ്ചാത്തലവുമാണ് ഈ ലേഖനത്തിന് ആധാരം.

കേരളത്തില്‍ സ്ത്രീകളെയും സ്ത്രീപക്ഷ ജനാധിപത്യ പൊതുബോധത്തെയും ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍, തന്റെ വ്യാഖ്യാനങ്ങളില്‍ പ്രസ്താവനകളില്‍ സ്ത്രീത്വത്തിന് അപമാനകരമായ വാക്കുകള്‍ കടന്നുകൂടിയതില്‍ നിരുപാധികമായി ഹരിഹരന്‍ മാപ്പപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനയുടെ രീതിയില്‍ ചില വൈരുദ്ധ്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആ പശ്ചാത്തലത്തില്‍ അദ്ദേഹം പറയാന്‍ ഉദ്ദേശിച്ച ഗൗരവപൂര്‍ണമായ വിഷയത്തെ തമസ്‌കരിക്കാന്‍ സാധിക്കില്ല.

‘ഇവിടെ രാഷ്ട്രീയം പറയരുത് ‘ എന്ന് ചോക്കുകൊണ്ടും കരിമഷി കൊണ്ടും ചായക്കടകളിലും, കള്ള് ഷാപ്പുകളിലും, ബാര്‍ബര്‍ ഷാപ്പുകളിലും മറ്റും എഴുതി വച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇങ്ങനെ ഒരു അരാഷ്ട്രീയ കമ്പോള ദര്‍ശനരേഖയായി രാഷ്ട്രീയം വിലക്കപ്പെട്ടിരുന്നതു പോലെയാണ് ജീവിത വ്യവഹാരങ്ങളില്‍ പോര്‍ണോഗ്രഫി (pornography) ഒരു ആരോപണ വിഷയമായി കടന്നുവരുമ്പോള്‍ ലൈംഗികതയുടെ പശ്ചാത്തലത്തില്‍ അര്‍ത്ഥഭദ്രമായി അത് പറയരുത് എന്ന് വിലക്കുന്നത്. അഥവാ അത് പറയരുതാത്ത വ്യവഹാരമായി നമുക്ക് തോന്നുന്നത്. ഹരിഹരന്റെ പ്രസംഗത്തില്‍ കടന്നുവന്ന ഈ യാഥാര്‍ത്ഥ്യം സ്ത്രീവിരുദ്ധവും മ്ലേച്ഛവും ആണ് എന്ന് ഇപ്പോള്‍ നമ്മള്‍ നിര്‍വചിച്ചുകൊണ്ടിരിക്കുന്നതും ഈ പശ്ചാത്തലത്തില്‍ പരിശോധിക്കേണ്ടതുണ്ട്. അങ്ങനെ ഈ ലേഖകന്‍ പറയുന്നതിന്റെ അര്‍ത്ഥം ആധുനിക സമൂഹത്തില്‍ അദ്ദേഹത്തിന്റെ പരാമര്‍ശം ന്യായീകരിക്കപ്പെടാവുന്നതാണ് എന്ന അര്‍ത്ഥത്തിലല്ല. എന്നാല്‍ ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കേണ്ടി വരുന്നത് രാഷ്ട്രീയം ലാഭ വ്യാമോഹാധിഷ്ഠിതമായ ഒരു വ്യവഹാരമാക്കി നിര്‍ത്തി അതിന്റെ കമ്പോള സദാചാര പരിസരത്തുനിന്ന് സത്യങ്ങള്‍ പറയുന്നതിനെ വിലക്കണം എന്നാണ്.

തെരഞ്ഞെടുപ്പും പോര്‍ണോഗ്രാഫിയുടെ കമ്പോള മൂല്യങ്ങളും

തന്റെ ചിത്രം മോര്‍ഫ് ചെയ്ത് പോര്‍ണോഗ്രാഫിക് ആയി പ്രചരിപ്പിച്ചു എന്ന അതീവ ഗുരുതരമായ ആരോപണം ഗദ്ഗദകണ്ഠയായി പറഞ്ഞത് വളരെ പ്രശസ്തയായ, മുന്‍മന്ത്രി കൂടിയായ രാഷ്ട്രീയ പ്രവര്‍ത്തകയാണ്. ആ ഗൗരവതരമായ വിഷയമാണ് ഹരിഹരന്‍ ചര്‍ച്ച ചെയ്യുന്നത് എന്ന് ആരോപണങ്ങള്‍ക്കിടയില്‍ തമസ്‌ക്കരിക്കുകയാണ് ചെയ്യുന്നത്.

കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ വിപണിക്ക് മസാലക്കൂട്ടിന്റെ അഴകും മിഴിവും വര്‍ദ്ധിപ്പിക്കാനായിരുന്നു സിപിഐ(എം) ഇത്തരം ഒരു ആരോപണം ഉന്നയിച്ചത് എന്നുവേണം കരുതാന്‍. അത്തരൊര സംഭവം ഉണ്ടായിട്ടില്ല എന്നതല്ലേ സത്യം? ലോകസഭാ തിരഞ്ഞെടുപ്പ് പോലെ ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയുടെ യുദ്ധസന്നാഹത്തിന്റെ മുന്‍നിരയില്‍ സിപിഐ(എം) ഇല്ലാത്ത പോര്‍ണോഗ്രാഫി രൂപങ്ങള്‍ സൃഷ്ടിച്ചത് തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഏറ്റവും ചിലവ് കുറഞ്ഞ, എന്നാല്‍ കൂടുതല്‍ മസാലാത്മക മൂര്‍ച്ചയുള്ള ആയുധം എന്ന നിലക്കല്ലേ? അതോടൊപ്പം ഇടതുപക്ഷത്തിന്റെ സ്ത്രീശാക്തീകരണം വെറും വായ്പാ വ്യാപാര സങ്കേതമായ സ്വാശ്രയ സംഘങ്ങള്‍ മാത്രമാണെന്നും, ഇത്രയും കാലം തങ്ങള്‍ ഭരിച്ചിട്ടും രാഷ്ട്രീയ രംഗത്തെ ഉന്നത സ്ത്രീകള്‍ പോലും മോര്‍ഫ് ചെയ്ത് അപഹസിക്കപ്പെടാവുന്ന അന്തരീക്ഷമാണ് കേരളത്തില്‍ ഉള്ളത് എന്നും വ്യക്തമാക്കുകയായിരുന്നു.

യഥാര്‍ത്ഥത്തില്‍ ഇതാണ് ഹരിഹരന്‍ രാഷ്ട്രീയമായി ചോദ്യം ചെയ്യുന്നത്. എന്നാല്‍ അത് കാണാതെ സ്ത്രീയുടെ ശരീരനിഷ്ഠം എന്ന അര്‍ത്ഥത്തില്‍ ഹരിഹരന്‍ അധിക്ഷേപം ചൊരിഞ്ഞതായി മാത്രം വ്യാഖ്യാനിക്കുന്നതില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. വാളയാര്‍, പാലത്തായി, ഉള്‍പ്പെടെ പല ബാല ലൈംഗിക പീഡനങ്ങളും (pedophilia) കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അതിലെല്ലാം സിപിഎമ്മിന്റെ നിലപാടുകള്‍ നമുക്ക് അറിയാവുന്നതാണ്. അവര്‍ പ്രതികളോട് കാണിച്ച രാഷ്ട്രീയക്കൂറ് നമുക്കറിയാവുന്നതാണ്. എന്നാല്‍ വൃദ്ധരോടുള്ള ലൈംഗിക വൈകൃതം (Gerontophilia) ഇവിടെ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ വാര്‍ദ്ധക്യത്തില്‍ എത്തിയ ഒരു പ്രമുഖ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ പോര്‍ണോഗ്രാഫി ആരോപണങ്ങളില്‍ യുക്തിരാഹിത്യമുണ്ടെന്നാണ് ഹരിഹരന്‍ പറയാന്‍ ശ്രമിച്ചതായി മനസ്സിലാക്കേണ്ടത്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അത്തരം അപകടകരമായ നുണ ആരോപണങ്ങള്‍ ലൈംഗിക കമ്പോള വ്യവഹാരത്തിന് സ്ഥലം കണ്ടെത്തുന്ന പണിയാണ് എന്നു പറയാനാണ് ഹരിഹരന്‍ ശ്രമിക്കുന്നതെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇവിടെ ഇല്ലാത്ത ആരോപണം ഉന്നയിച്ച മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകയുടെ മേലാണോ, അതോ അത്തരം ആരോപണം അപകടകരമാണ് എന്ന് സൂചിപ്പിക്കുന്ന ആളുടെ മേല്‍ ആണോ ക്വാളിറ്റി ലേബല്‍ ഒട്ടിക്കേണ്ടത്..?

പോര്‍ണോഗ്രഫി ആരോപണത്തിന്റെ കമ്പോള വ്യവഹാരങ്ങളും, അതിന്റെ പ്രയുക്ത പോഷക പരിപാടികളും, വടകരയില്‍ നിറഞ്ഞാടിയപ്പോള്‍ ഒന്നും തോന്നാതിരുന്ന സ്ത്രീവിരുദ്ധത ഹരിഹരന്റെ വിശദീകരണത്തില്‍ (വാക്കുകളിലെ പിഴവ് ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ) മാത്രം കണ്ടെത്തുന്നത് വിഹിതാവിഹിതങ്ങളെ വിഭിന്നമായി നിര്‍വചിക്കാനുള്ള ഒരാളുടെ സ്വാതന്ത്ര്യത്തെ നിശ്ശബ്ദമാക്കുന്നതാണ്.

സ്ത്രീ ശരീരത്തെ മുഴുവനായി പൊതിഞ്ഞു വയ്ക്കുന്നതിനും, സ്ത്രീ ശരീരത്തെ പൂര്‍ണ്ണ നഗ്‌നമായി പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും സ്ത്രീ ലൈംഗികതയെ ചൂഷണം ചെയ്യുന്ന കമ്പോള വ്യവസ്ഥകളുടെ വക്താക്കള്‍ അവരുടേതായ ന്യായീകരണങ്ങള്‍ കണ്ടെത്താറുണ്ട്. എന്നാല്‍ ഇതിനൊക്കെ അപ്പുറമുള്ള ഒരു ആരോപണമാണ് തന്റെ ചിത്രം മോര്‍ഫ് ചെയ്ത് പോണ്‍ (porn) ആയി പ്രദര്‍ശിപ്പിച്ചു എന്നു പറയുന്ന വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിച്ച ഒരു പ്രമുഖ രാഷ്ട്രീയപ്രവര്‍ത്തകയുടെ ആരോപണം. തീര്‍ച്ചയായും കേരളത്തിന്റെ പൊതുബോധത്തെ ചോദ്യം ചെയ്യുന്നതാണ് ഈ ആരോപണം. അതാണ് അതു തന്നെയാണ് ഹരിഹരന്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നതും. സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം അതിന്റെ രാഷ്ട്രീയം പുറന്തള്ളപ്പെട്ടു കഴിഞ്ഞപ്പോള്‍ ഉണ്ടാകുന്ന ശൂന്യ സ്ഥലങ്ങളില്‍ ലൈംഗിക കമ്പോളത്തിന് നേഴ്‌സറികള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.

വിഹിത രതിവ്യവസ്ഥയുടെ അതിരുകളെ ഭേദിക്കുന്ന പ്രകോപനങ്ങളും അപഭ്രംശങ്ങളും തനിക്കെതിരെ മത്സരിക്കുന്ന രാഷ്ട്രീയ മുന്നണിയില്‍ ഉണ്ടായിക്കഴിഞ്ഞു എന്നു പറയുന്നതാണ് ‘വൃദ്ധ പോര്‍ണോഗ്രാഫി’ ആരോപണങ്ങളില്‍ കാണാന്‍ കഴിയുന്നത്. തെരഞ്ഞെടുപ്പ് മത്സരത്തിനിടയിലെ അതിശയോക്തിയും അസംബന്ധവും കലര്‍ന്ന ഈ അശ്ലീല നുണകളെ പുറത്തു കാണിക്കുക എന്ന ഉത്തരവാദിത്വമാണ് ഹരിഹരന്‍ നിര്‍വഹിക്കുന്നത്. താന്‍ ഉള്‍പ്പെടുന്ന ഒരു രാഷ്ട്രീയ മുന്നണി ഗുപ്ത ലൈംഗികവാണിഭാടിത്തറയില്‍ നിബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന ഏറ്റവും നികൃഷ്ടമായ, മാനഭയം പോലും പരിഗണിക്കാതെയുള്ള ഒരു കൊടും നുണയെ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു കാണിക്കുക മാത്രമാണ് ഹരിഹരന്‍ ഉദ്ദേശിച്ചിട്ടുള്ളത് എന്നാണ് നാം മനസ്സിലാക്കേണ്ടത്. പലപ്പോഴും നമ്മുടെ അരാഷ്ട്രീയ പൊതു മനസ്സിന് കിട്ടിയ വീര്യമുള്ള കോക്ടെയിലാണ് രാഷ്ട്രീയവും ലൈംഗികതയും എന്ന ധാരണയായിരിക്കാം സിപിഐഎമ്മിന്റെ പിആര്‍ പ്രവര്‍ത്തനങ്ങള്‍ പോര്‍ണോ ആരോപണങ്ങളായി വടകരയില്‍ അഴിഞ്ഞാട്ടം നടത്തിയത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സംസാരത്തിലെ വാഗര്‍ത്ഥ അലങ്കാര സങ്കല്പങ്ങളില്‍ വാച്യഭിന്നമായ വ്യംഗ്യാര്‍ത്ഥം ആരോപിച്ച് ഹരിഹരനെ ആക്രമിക്കുമ്പോള്‍ നാം ഇതുകൂടി ചിന്തിക്കേണ്ടതുണ്ട്. യാന്ത്രികമായ സ്ത്രീവിരുദ്ധതയല്ല നാം തൊട്ടെടുക്കേണ്ടത്. മാത്രമല്ല ചില കോണുകളില്‍ നിന്ന് വരുന്നത് അപഥ ഹിന്ദുത്വത്തിന്റെ സന്താപഗന്ധമുള്ള വിമര്‍ശനങ്ങളാണ് എന്നതും ജാഗ്രതയോടെ ശ്രദ്ധിക്കേണ്ടതാണ്.

വടകരയില്‍ ഉണ്ടായ പോര്‍ണോ നുണപ്രചരണം കുമ്പസരിച്ചു കളയാന്‍ കഴിയാത്തത്ര പാതകമാണ് സ്ത്രീസമൂഹത്തോട് ചെയ്തിട്ടുള്ളത്. തീര്‍ച്ചയായും താന്‍ അപമാനിക്കപ്പെട്ടതായി ഒരു മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തക നുണ പറയുമ്പോള്‍ അവര്‍ പാര്‍ട്ടിയുടെ പോര്‍ണോ പ്രചരണ സംഘങ്ങളെ പിന്‍കൈകൊണ്ട് ഇക്കിളിപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് രോമാഞ്ച തന്ത്രാത്മകമായ ഒരു രീതിശാസ്ത്രമാണ് തെരഞ്ഞെടുപ്പില്‍ അവര്‍ പ്രയോഗിച്ചത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ തെറ്റ് പറയാന്‍ കഴിയില്ല.

ആറു വയസ്സുള്ള ആമിന മുതല്‍ 60 വയസ്സുള്ള യോഗിനി വരെ കാവ്യ നായകന്റെ ഇരയാകുന്ന ഖസാക്കിന്റെ ഇതിഹാസത്തിലെ സങ്കല്പ ഗ്രാമമല്ല വടകര. അശ്ലീല വാണിഭത്തിന്റെ (porn Trade) ബീജ സഞ്ചാരമുള്ള തലച്ചോര്‍ അല്ല വടകരക്കാരുടേത്… അപ്പോഴും വളരെ ഗൗരവതരമായ ആ വിഷയത്തെ നിര്‍വചിക്കുന്ന ഭാഷയില്‍ അദ്ദേഹത്തിന് വന്നുഭവിച്ച നാക്കു പിഴയെ ന്യായീകരിക്കുന്നില്ല.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply