ഒരു അന്താരാഷ്ട്ര ജനാധിപത്യ ദിനം കൂടി കടന്നുപോയപ്പോള്‍

ഇപ്പോഴും നൂറോളം രാജ്യങ്ങളെ മാത്രമാണ് ജനാധിപത്യ രാഷ്ട്രങ്ങള്‍ എന്നുവിളിക്കാനാവുക എന്നതാണ് യാഥാര്‍ത്ഥ്യം. അവയില്‍ പലതിലും ജനാധിപത്യം വന്‍ വെല്ലുവിളികള്‍ നേരിടുകയുമാണ്. ഹിറ്റ്‌ലറും മുസോളിനിയുമൊക്കെ ഹീറോകളായി മാറുന്ന സാഹചര്യങ്ങളാണ് പലയിടത്തും ഉരുത്തിരിയുന്നത്. ശക്തരായ ഭരണാധികാരികളുടെ നേതൃത്വത്തില്‍ സുസ്ഥിരഭരണം വേണമെന്നവശ്യപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു

ആഗോളതലത്തിലും ഇന്ത്യയിലും കേരളത്തിലും അര്‍ഹിക്കേണ്ട രീതിയില്‍ ആചരിക്കേണ്ടിയിരുന്ന, വളരെ പ്രസക്തമായ ഒരു ദിനാചരണമാണ് അധികമാരും അറിയാതെ കഴിഞ്ഞ ദിവസം കടന്നുപോയത്. അന്താരാഷ്ട്ര ജനാധിപത്യ ദിനം. 2007-ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയാണ് ഇത്തരത്തില്‍ ഒരു ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ജനാധിപത്യത്തിന്റെ തത്വങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ഉയര്‍ത്തിപ്പിടിക്കുക എന്ന ഉദ്ദേശത്തോടെ എല്ലാ അംഗരാജ്യങ്ങളെയും സംഘടനകളെയും ഈ ദിനം ഉചിതമായ രീതിയില്‍ അനുസ്മരിക്കാന്‍ യു എന്‍ ക്ഷണിക്കുകയും ചെയ്തു. അടുത്ത തലമുറയെ ശാക്തീകരിക്കുക എന്നതായിരുന്നു ഈ വര്‍ഷത്തെ അന്താരാഷ്ട്ര ജനാധിപത്യ ദിനത്തിന്റെ പ്രമേയം. ജനാധിപത്യം മുന്നോട്ട് കൊണ്ടുപോകുന്നതിലും അവരുടെ ലോകത്തില്‍ അഗാധമായ സ്വാധീനം ചെലുത്തുന്ന തീരുമാനങ്ങളില്‍ അവരുടെ ശബ്ദം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലും യുവജനങ്ങളുടെ അവശ്യ പങ്കാളിത്തമാണ് പ്രമേയം ഊന്നല്‍ നല്‍കുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ ദിനത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കാന്‍ ലോകം തയ്യാറായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ലോകം ഇന്നോളം പരീക്ഷിച്ച എല്ലാ സാമൂഹ്യ – രാഷ്ട്രീയ സംവിധാനങ്ങലിലും വെച്ച് താരതമ്യേന പുരോഗമനപരം എന്താണ് എന്ന ചോദ്യത്തിന്, എല്ലാ പരിമിതികള്‍ക്കുള്ളിലും, ഒരു പാട് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെങ്കിലും ജനാധിപത്യം തന്നെയാണ് എന്നു പറയാം. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ ഭരണമാണല്ലോ ജനാധിപത്യം. അതു തന്നെയാണ് അതിനെ മറ്റു സംവിധാനങ്ങളില്‍ നിന്നു വ്യത്യസ്ഥനാക്കുന്നതും. പ്രജകളെ പൗരന്മാരാക്കി മാറ്റിയ ഒന്നാണ് ജനാധിപത്യം. മാത്രമല്ല, തത്വത്തിലെങ്കിലും ആര്‍ക്കും ഭരണാധികാരിയാകാന്‍ കഴിയുന്ന സംവിധാനവും മറ്റൊന്നില്ല. അടിമത്തം, ഫ്യൂഡലിസം, രാജഭരണം, മതരാഷ്ട്രം തുടങ്ങിയ പല രാഷ്ട്രീയ സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജനാധിപത്യമാണ് മികച്ചതെന്ന കാര്യത്തില്‍ കാര്യമായി ആരും തര്‍ക്കിക്കുമെന്നു തോന്നുന്നില്ല. ആ സംവിധാനങ്ങളെല്ലാം പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെടുന്നതാണ്. ജനാധിപത്യത്തിലും അതിനുള്ള സാധ്യതകളുണ്ട്, നടക്കുന്നുമുണ്ട് എങ്കിലും അതല്ല മുഖ്യപ്രവണത. മറുവശത്ത് ജനാധിപത്യസംവിധാനത്തിനുശേഷം ഉടലെടുത്ത കമ്യൂണിസ്റ്റ് ഭരണമാണ് കൂടുതല്‍ മെച്ചം എന്നു വാദിക്കുന്നവര്‍ കേരളത്തിലെങ്കിലും ദാരാളമുണ്ട്. എന്നാല്‍ അത്തരം രാഷ്ട്രങ്ങളുടെ ഉദയവും പതനവും പഠിച്ചാല്‍ കാണാനാകുക, ജനാധിപത്യാവകാശങ്ങള്‍ തടഞ്ഞതാണ് അവയുടെ പതനത്തിനു കാരണമെന്നു വ്യക്തമാണ്.

ഇപ്പോഴും നൂറോളം രാജ്യങ്ങളെ മാത്രമാണ് ജനാധിപത്യ രാഷ്ട്രങ്ങള്‍ എന്നുവിളിക്കാനാവുക എന്നതാണ് യാഥാര്‍ത്ഥ്യം. അവയില്‍ പലതിലും ജനാധിപത്യം വന്‍ വെല്ലുവിളികള്‍ നേരിടുകയുമാണ്. ഹിറ്റ്‌ലറും മുസോളിനിയുമൊക്കെ ഹീറോകളായി മാറുന്ന സാഹചര്യങ്ങളാണ് പലയിടത്തും ഉരുത്തിരിയുന്നത്. ശക്തരായ ഭരണാധികാരികളുടെ നേതൃത്വത്തില്‍ സുസ്ഥിരഭരണം വേണമെന്നവശ്യപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. വിവിധ മാനദണ്ഡങ്ങളിലൂടെ ലോകരാഷ്ട്രങ്ങളിലെ ജനാധിപത്യത്തിന്റെ നിലവാരം എവിടെയെത്തി എന്ന പരിശോധനയാണ് ഈ ദിനാചരണത്തിന്റെ ഭാഗമായി നടക്കാറുള്ളത്. അത്തരം പരിശോധനയില്‍ തെളിയുന്നത് ജനാധിപത്യ സംവിധാനം ആഗോളതലത്തില്‍ വെല്ലുവിളികളെ നേരിടുന്നു എന്നു തന്നെയാണ്. ജനാധിപത്യ – പൗരാവകാശങ്ങളില്‍ ഏറെ മുന്നോട്ടുപോയി എന്നവകാശപ്പെടുന്ന വികസിത രാഷ്ട്രങ്ങളില്‍ പോലും ജനാധിപത്യത്തിന്റെ ഗുണമേന്മ വര്‍ദ്ധിക്കുന്നില്ല എന്നു മാത്രമല്ല, പുറകോട്ടുപോകുകയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ വര്‍ഷം അന്താരാഷ്ട്ര ജനാധിപത്യ ദിനാചരണം ഏറ്റവും ശക്തമായി ആചരിക്കേണ്ടിയിരുന്നത് ഇന്ത്യയിലായിരുന്നു. ഇപ്പോള്‍ തന്നെ ജനാധിപത്യ രാഷ്ട്രങ്ങളില്‍ ഏറെക്കുറെ അവസാന നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. അതാകട്ടെ അനുദിനം കൂടുതല്‍ കൂടുതല്‍ പുറകോട്ടുപോകുകയുമാണ്. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പോടെ ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കാനുള്ള പദ്ധതികളാണ് മുന്നോട്ടുപോകുന്നത് എന്ന ആശങ്ക ശക്തമായ കാലത്താണ് ഈ ദിനാചരണം കടന്നുപോയിരിക്കുന്നത്. ഏറെ കൊട്ടിഘോഷിച്ച് നിര്‍മ്മിച്ച പുതിയ പാര്‍ലിമെന്‍ര് മന്ദ്രിരത്തിന്റെ ഉദ്ഘാടന വേളയില്‍ എന്തൊക്കെയാണ് ലോകം കണ്ടത്. ഇപ്പോഴിതാ നടക്കാന്‍ പോകുന്ന പാര്‍ലിമെന്റ് സമ്മേളനം തങ്ങളുടെ ലക്ഷ്യങ്ങള്‍ വെളിവാക്കുന്ന ഒന്നാക്കി മാറ്റാനാണ് സംഘപരിവാര്‍ നീക്കമെന്നും വ്യക്തമാണ്. ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിച്ച് മനുസ്മൃതിയെ അടിസ്ഥാനമാക്കി പുതിയ ഭരണഘടന തയ്യാറാക്കി കഴിഞ്ഞു എന്ന വാര്‍ത്തിയുമുണ്ടായിരുന്നു. ബഹുസ്വരതയെ സൂചിപ്പിക്കുന്ന ഇന്ത്യ എന്ന പേരുമാറ്റി ഏകത്വത്തെ സൂചിപ്പിക്കുന്ന ഭാരതം എന്ന പേര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ജനാധിപത്യത്തിനും മതേതരത്വത്തിനും ആധുനിക കാലത്തിനും അനുയോജ്യമല്ലാത്ത സനാതന ധര്‍മ്മത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രിപോലും രംഗത്തുവരുന്നു. ഒറ്റ രാജ്യം, ഒറ്റ മതം, ഒറ്റ ഭാഷ, ഒറ്റ സംസ്‌കാരം, ഒറ്റ നികുതി എന്നിങ്ങനെ എല്ലാ വൈവിധ്യങ്ങളും ഇല്ലാതാക്കാനുള്ള നീക്കങ്ങളില്‍ ഇപ്പോഴിതാ ഒറ്റ തെരഞ്ഞെടുപ്പു വരുന്നു. പിന്നാലെ ഒറ്റ സിവില്‍ കോഡും ഒറ്റ പാര്‍ട്ടിയും ഒറ്റ നേതാവുമൊക്കെ വരാന്‍ പോകുന്നു. ഇതിനെല്ലാം ഊര്‍ജ്ജമായി ഇസ്ലാമോഫോബിയ ശക്തമാക്കുന്നു.

മറുവശത്ത് ജനാധിപത്യത്തിന്റെ അടിത്തറയായ പ്രതിപക്ഷബഹുമാനം ഒട്ടും തന്നെയില്ലാത്ത അവസ്ഥയിലാണ് ഭരണപക്ഷം. അഭിപ്രായ ഭിന്നതകളുള്ളവരെ ഭീകരനിയമങ്ങള്‍ ഉപയോഗിച്ച് തുറുങ്കിലടക്കുകയോ കൊന്നു കളയുകയോ ചെയ്യുന്നു. ഈ കുറിപ്പെഴുതുന്ന ദിവസം ഉമര്‍ ഖാലിദ് എന്ന വിദ്യാര്‍ത്ഥി വചാരണയോ ജാമ്യമോ ഇ്ല്ലാതെ മൂന്നുകൊല്ലം തികക്കുകയാണ്. ചരിത്രവും സിലബസുമൊക്കെ തിരുത്തുന്നു. എല്ലാ സ്ഥാപനങ്ങളും ജനാധിപത്യ വിരുദ്ധമായി കയ്യടക്കുന്നു. ഒപ്പം പ്രതിപക്ഷം ഭരിക്കുന്ന നിയമസഭകളും. ഭീതിദമായ ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം പോലും ഓര്‍്ക്കാതെ അന്താരാഷ്ട്ര ജനാധിപത്യ ദിനം കടന്നുപോയത്. പ്രതിപക്ഷകക്ഷികള്‍ ചേര്‍ന്നു രൂപീകരിച്ച ഇന്ത്യാ മുന്നണി തീര്‍ച്ചയായും പ്രതീക്ഷകള്‍ തരുന്നുണ്ട്. അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ച് ഫാസിസത്തിനെതിരെ ഒന്നിച്ചുപോരാടാന്‍ മുന്നണി തയ്യാറായാല്‍ ഒരുപക്ഷെ നമ്മുടെ ജനാധിപത്യം ഈ ഭീഷണികളെ അതിജീവിക്കും. അതിനായി ഇത്തവണത്തെ ജനാധിപത്യദിനത്തിന്റെ പ്രമേയമായ യുവജനങ്ങളെ രംഗത്തിറക്കാനും കഴിയണം.

കേരളത്തിലേക്കു വന്നാലും ജനാധിപത്യ വിരുദ്ധമായ പ്രവണതകള്‍ ശക്തമാകുന്ന കാഴ്ചയാണ് കാണുന്നത്. അതിനും ആശയപരമായ ഒരു കാരണമുണ്ട്. ഒറ്റ മതരാഷ്ട്രം ലക്ഷ്യം വെക്കുന്നവരാണ് കേന്ദ്രം ഭരിക്കുന്നതെങ്കില്‍ ഒറ്റപാര്‍ട്ടി ഭരണം ലക്ഷ്യം വെക്കുന്നവരാണ് സംസ്ഥാനം ഭരിക്കുന്നത്. കേരളസമൂഹത്തില്‍ ആശയപരമായ സ്വാധീനവും അവര്‍ക്കാണല്ലോ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലക്ഷ്യവും മാര്‍ഗ്ഗവും ഒരിക്കലും ജനാധിപത്യപരമല്ല. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ലോകമാകെ നാമത് കണ്ടതാണ്. ഇന്ത്യയിലെ സമകാലീന സാഹചര്യത്തില്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാലാണ് സംഘപരിവാറിനെപോലെ കമ്യൂണിസ്റ്റുകാരും ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുന്നത്. ഇത്തരമൊരു അടിത്തറയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന ജനാധിപത്യ വിരുദ്ധ പ്രവണതകള്‍ ഇവിടെ ശക്തമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ പുനപരിശോധിക്കാനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇനിയെങ്കിലും തയ്യാറാകേണ്ടത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തമ്മില്‍ ഭേദപ്പെട്ട ഭരണസംവിധാനമാണ് ജനാധിപത്യമെന്നു പറയുമ്പോഴും അത് ഒരുപാട് മുന്നോട്ടുപോകേണ്ടതുണ്ട്. അഴിമതിയും സ്വജപക്ഷപാതവും ക്രിമിനലിസവും ജനാധിപത്യത്തിനു ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. അവയെ ഫലപ്രദമായി നിയന്ത്രികാകനാകണം. വര്‍ഗ്ഗീയ കക്ഷികള്‍ക്കൊപ്പം കോര്‍പ്പറേറ്റുകളും ജനാധിപത്യത്തെ ഹൈജാക് ചെയ്യുന്ന കാഴ്ചയാണ് കാണുന്നത് അവ തമ്മില്‍ രൂപപ്പെടുന്ന അവിഹിത ബന്ധം ഇന്ത്യന്‍ ജനാധിപത്യത്തിനു ഭീഷണിയാണ്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് ഇടപെടാനുള്ള വേദികള്‍ കൂടുതലുണ്ടാകണം. വിവരാവകാശമൊക്കെ നിലനില്‍ക്കുന്നു എന്നു പറയുമ്പോഴും അതും വെല്ലുവിളി നേരിടുകയാണ്. ജനാധിപത്യത്തിന്‍െര കാവല്‍ ഭടന്മാരാകേണ്ട രാഷ്ട്രീയ പാര്‍ട്ടികളേയും വിവരാവകാശത്തിനു കീഴില്‍ കൊണ്ടുവരണം. പാര്‍ട്ടികള്‍ ഏതു പ്രധാന തീരുമാമനമെടുക്കുമ്പോഴും ജനങ്ങളോട് അഭിപ്രായം ചോദിക്കുന്ന സംവിധാനം വേണം. ആവശ്യമെങ്കില്‍ ജനപ്രതിനിദികളെ തിരിച്ചുവിളിക്കാനുള്ള സംവിധാനം വേണം. ഇന്ത്യയെ സംബനധിച്ച് പ്രസക്തമായ മറ്റൊന്നാണ് അംബേദ്കറും മറ്റുമുന്നയിച്ച സാമൂഹ്യജനാധിപത്യം. ജനാധിപത്യത്തെ ഭരണകൂടരൂപം മാത്രമായി കാണാതെ ദൈനംദിന – സാമൂഹ്യ ജീവിതത്തിലും അതു സാധ്യമാകണം. ജനാധിപത്യവിരുദ്ധമായ ജാതീയതയും മതാധിപത്യവും പുരുഷാധിപത്യവുമെല്ലാം നിലനില്‍ക്കുന്ന സമൂഹത്തില്‍ ജനാധിപത്യം കൃത്യമായി പ്രവര്‍ത്തിക്കുമെന്നു കരുതാനാവില്ല. ഇത്തരത്തില്‍ ജനാധിപത്യത്തെ കൂടുതല്‍ കരുത്തുള്ളതാക്കാനുള്ള സംവിധാനങ്ങളെ കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ സജീവമാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതാണ് ഈ വര്‍ഷത്തെ ജനാധിപത്യ ദിനാചരണത്തിന്റെ ഭാഗമായി നാം മനസ്സിലാക്കേണ്ടത്.

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply