തരംഗമാകുന്ന ചെറുധാന്യങ്ങള്‍

ശരീരത്തിന്റെ നിലനില്‍പ്പിനും ആരോഗ്യത്തിനും ആവശ്യമായ പോഷകങ്ങളുടെയും രോഗപ്രതിരോധശേഷിക്ക് അത്യന്താപേക്ഷിതമായ ഘടകങ്ങളുടെയും കലവറയാണ് ചെറുധാന്യങ്ങള്‍. ജീവിതശൈലീ രോഗങ്ങളാല്‍ നട്ടം തിരിയുന്ന നാടാണല്ലോ കേരളം. ഈ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ചെറുധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് സാധിക്കും

മില്ലറ്റുകള്‍ അഥവാ ചെറുധാന്യങ്ങള്‍ ആണ് ഇപ്പോള്‍ താരങ്ങള്‍. ആധുനിക രാസകൃഷിയുടെ വ്യാപനത്തെ തുടര്‍ന്നും അതിനനുസൃതമായി രൂപപ്പെടുത്തിയ കാര്‍ഷികനയങ്ങളുടെ സ്വാധീനത്താലും അരികുവല്‍ക്കരിക്കപ്പെട്ട, പരുക്കന്‍ ധാന്യങ്ങളെന്നും പഴഞ്ചനെന്നും മുദ്രകുത്തി അവമതിക്കപ്പെട്ട, ആഫ്രിക്കയിലെയും ഏഷ്യയിലെയും ദരിദ്രരുടെ ഭക്ഷണം മാത്രമായി ചുരുങ്ങിപ്പോയ ചെറുധാന്യങ്ങള്‍ ഈയിടെയായി തിരിച്ചുവരവിന്റെ പാതയിലാണ്. ലോകം ഇന്ന് ചെറുധാന്യങ്ങളുടെ പിറകെയാണ്. ലോകരാജ്യങ്ങള്‍ ചെറുധാന്യങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞിരിക്കുന്നു. നമ്മുടെ കൃഷിയിടങ്ങളിലേക്കും ഭക്ഷണക്രമത്തിലേക്കും ചെറുധാന്യങ്ങള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.

സ്വതന്ത്ര ഇന്ത്യയുടെ കാര്‍ഷിക നയം അടുത്തകാലം വരെയും അരിയ്ക്കും ഗോതമ്പിനും ആയിരുന്നു പ്രാമുഖ്യം നല്‍കിയിരുന്നത്. ഹരിതവിപ്ലവത്തിനു (1965-66) മുമ്പുള്ള കാലഘട്ടത്തില്‍ 36.90 ദശലക്ഷം ഹെക്ടറില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്തിരുന്നു. എന്നാല്‍, 2016-17 ആയപ്പോഴേക്ക് ചെറുധാന്യങ്ങളുടെ കൃഷിയുടെ വിസ്തൃതി 14.72 ദശലക്ഷം ഹെക്ടറായി കുറഞ്ഞു. കേരളത്തിലും സ്ഥിതി വിഭിന്നമായിരുന്നില്ല.

കേരളത്തിലെ കൃഷി വകുപ്പ് പുറത്തിറക്കിയ ‘എ കോമ്പന്‍ഡിയം ഓഫ് അഗ്രികള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കേരളം – 2023’ല്‍ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു. 2002-03ല്‍ കേരളത്തില്‍ 1,320 ഹെക്ടറില്‍ റാഗി കൃഷി ഉണ്ടായിരുന്നുവെങ്കില്‍ 2020-21ല്‍ 230 ഹെക്ടറായി കുറഞ്ഞു. റാഗിയുടെ ഉല്‍പ്പാദനം ഇതേ കാലയളവില്‍ 1,068 ടണ്ണായിരുന്നത് 330 ടണ്ണായും കുറഞ്ഞു. 2016-17ല്‍ റാഗി കൃഷിയുടെ മൊത്തം വിസ്തൃതി 33 ഹെക്ടറായും ഉല്‍പ്പാദനം 42 ടണ്ണായും കുറഞ്ഞ് ഏറ്റവും താഴ്ന്ന നിലയിലെത്തി. സമാനമായ രീതിയില്‍ തന്നെ മണിച്ചോളകൃഷിയുടെ വിസ്തൃതിയും ഉല്‍പ്പാദനം കുറഞ്ഞു. 2002-03ല്‍ 2,571 ഹെക്ടറില്‍ മണിച്ചോളം കൃഷിചെയ്തിരുന്നുവെങ്കില്‍ 2007-08ല്‍ 3,083 ഹെക്ടറായി ഉയര്‍ന്നെങ്കിലും പിന്നീട് കുറയാന്‍ തുടങ്ങി. 2020-21ല്‍ മണിച്ചോളം കൃഷി 231 ഹെക്ടറായി ചുരുങ്ങി. 2002-2003, 2020-21 കാലയളവില്‍ ഉല്‍പ്പാദനം 1,311 ടണ്ണില്‍നിന്ന് 204 ടണ്ണായി താഴ്ന്നു. 2016-17 ല്‍ മണിച്ചോള കൃഷിയുടെ വിസ്തൃതി 140 ഹെക്ടറായി കുറഞ്ഞ് ഏറ്റവും താഴ്ന്ന നിലയിലെത്തി. മറ്റ് ചെറുധാന്യങ്ങളുടെ കൃഷിയും 2012-13ല്‍ 62 ഹെക്ടറായിരുന്നത് 2020-21ല്‍ 51 ഹെക്ടറായും ഉത്പാദനം 61 ടണ്ണില്‍ നിന്ന് 38 ടണ്ണായും കുറഞ്ഞു.

നയപരമായ സ്വാധീനത്തോടൊപ്പം ഉപഭോഗക്രത്തിലും ഭക്ഷണ ശീലങ്ങളിലും വന്ന മാറ്റങ്ങളും കുറഞ്ഞ വിളവും ആവശ്യകതയില്‍ ഉണ്ടായ കുറവും ജലസേചിത പ്രദേശങ്ങള്‍ അരി, ഗോതമ്പ് എന്നിവയുടെ കൃഷിക്കായി പരിവര്‍ത്തനം ചെയ്തതും ചെറുധാന്യങ്ങള്‍ അരികുവല്‍ക്കരിക്കപ്പെടുന്നതിന് കാരണമായി. എങ്കിലും ഏഷ്യയിലെയും ആഫ്രിക്കയിലെയും ഗ്രാമീണരായ ദശലക്ഷക്കണക്കിന് ആളുകള്‍ ചെറുധാന്യങ്ങളെ ഭക്ഷണത്തിനായി ആശ്രയിക്കുന്നത് തുടര്‍ന്നു.

എന്നാല്‍ ആരോഗ്യത്തെ കുറിച്ചും നല്ല ഭക്ഷണത്തെ കുറിച്ചും ലോകത്താകമാനമുള്ള പരിസ്ഥിതി, പ്രതിരോധ, ജനകീയാരോഗ്യ പ്രസ്ഥാനങ്ങളും മറ്റും പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ ഉള്‍ക്കാഴ്ചയും സുക്ഷിതഭക്ഷണത്തെ കുറിച്ചും പോഷകാഹാര സരക്ഷയെ സംബന്ധിച്ചും ജനങ്ങള്‍ക്കിടയില്‍ ഉണ്ടായ അവബോധവും ആധുനിക രാസകൃഷിയുടെയും ഹരിതവിപ്ലവത്തിന്റെയും അനിവാര്യമായ പതനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളും സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് രാഷ്ട്രങ്ങള്‍ക്കും രാഷ്ട്രകൂട്ടായ്മകള്‍ക്കും ഉണ്ടായ ബോധ്യങ്ങളും ഏറ്റവുമൊടുവില്‍ ആഗോളകാലാവസ്ഥാ മാറ്റത്തെ തുടര്‍ന്നുള്ള കാര്‍ഷിക മേഖലയിലെ സന്ദിഗ്ധാവസ്ഥയും എല്ലാം കൂടിയായപ്പോള്‍ ആദിവാസികളുടെയും ഗ്രാമീണരുടെയും സ്വന്തം ഭക്ഷണമായ ചെറുധാന്യങ്ങള്‍ക്ക് ‘സൂപ്പര്‍ഫുഡ്’ എന്ന വിശേഷണത്തോടെ തിരിച്ചുവരവിന് കളമൊരുങ്ങുകയായിരുന്നു.

രണ്ടായിരത്തി പതിനെട്ടാമാണ്ട് ഇന്ത്യ ചെറുധാന്യ വര്‍ഷമായി ആചരിച്ചു. അതേ തുടര്‍ന്ന് ചെറുധാന്യങ്ങളുടെ കൃഷി വ്യാപിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളും തുടങ്ങി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്‌സ് റിസര്‍ച്ച് എന്ന സ്ഥാപനം സാങ്കേതികവും ധനപരവുമായ സഹായങ്ങള്‍ നല്‍കി ചെറുധാന്യകൃഷിയുടെ വ്യാപനത്തിന് നേതൃത്വം നല്‍കി. 2021 ആയപ്പോഴേക്കും ചെറുധാന്യങ്ങളുടെ ഉല്‍പ്പാദനം 164 ലക്ഷം ടണ്ണില്‍നിന്ന് 176 ലക്ഷം ടണ്ണായി ഉയര്‍ന്നു. ലോകത്തേറ്റവും കൂടുതല്‍ ചെറുധാന്യങ്ങളുടെ ഉല്‍പ്പാദനം നടക്കുന്നതും ഇന്ത്യയില്‍ തന്നെ. ഇന്ത്യയുടെകൂടി സ്വാധീനത്തിന്റെ ഫലമായി 2023, അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.

എന്താണ് ചെറുധാന്യങ്ങള്‍?

പ്രധാന ധാന്യങ്ങളായ നെല്ല്, തോതമ്പ്, ചോളം എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ ധാന്യമണികളോടു കൂടിയതും എന്നാല്‍ പോഷകങ്ങളാല്‍ അതീവ സമ്പന്നവും പുല്‍വര്‍ഗമായ പൊവേസീ (Poaceae) സസ്യ കുടുബത്തില്‍ പെടുന്നതുമായ വിളകളാണ് ചെറുധാന്യങ്ങള്‍. ഇന്ത്യയില്‍ കൃഷിചെയ്യുന്ന ചെറുധാന്യങ്ങളില്‍ മുഖ്യമായവയെ പരിചയപ്പെടുത്തുന്നു.

റാഗി (Finger Millet)

കഞ്ഞിപ്പുല്ല്, പഞ്ഞപ്പുല്ല്, മുത്താറി എന്നൊക്കെ ഇതിന് അപരനാമധേയമുണ്ട്. Eleusine coracana എന്നാണ് ശാസ്ത്രനാമം. കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ‘ദരിദ്രരുടെ പാല്‍’ എന്ന് വിശേഷിപ്പിക്കാറുണ്ട്. കൂടാതെ വൈറ്റമിന്‍ ഡി യും ഇരുമ്പും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. അതിനാല്‍ത്തന്നെ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കും വിളര്‍ച്ച തടയുന്നതിനും സഹായിക്കുന്നു. ഈ തിരിച്ചറിവു കൊണ്ടായിയിരിക്കാം പരമ്പരാഗതമായി കുഞ്ഞുങ്ങള്‍ക്ക് കുറുക്കായി റാഗി നല്‍കിയിരുന്നത്.

ചാമ (Little Milltet)

പുല്ലരി എന്ന പേരിലും അറിയപ്പെടുന്നു. Panicum sumatrense എന്നാണ് ശാസ്ത്രനാമം. നെല്‍പ്പാടങ്ങളില്‍ കൊയ്ത്തിനുശേഷം ഇടവിളയായി പണ്ട് കാലങ്ങളില്‍ ചാമ കൃഷിചെയ്തിരുന്ന ഒരു സമ്പ്രദായം കേരളത്തില്‍ ഉണ്ടായിരുന്നു. ആയുര്‍വേദവിധി പ്രകാരം കഫം, പിത്തം എന്നിവ ശമിപ്പിക്കുന്നതിന് ചാമ കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്.

തിന (Foxtail Millet)

ഇറ്റാലിയന്‍ മില്ലറ്റ് എന്നും ജര്‍മ്മന്‍ മില്ലറ്റ് എന്നും അറിയപ്പെടുന്നു. Setaria italica എന്ന് ശാസ്ത്രനാമം. ലോകത്തിലെ ഏറ്റവും പുരാതന വിളകളിലൊന്നാണെന്നൊരു വിശേഷണം ഇതിനുണ്ട്. കാല്‍സ്യം, ഇരുമ്പ് എന്നിവയാല്‍ സമ്പന്നം.

പനിവരക് (Proso millet)

Panicum miliaceum എന്നാണ് പനിവരകിന്റെ ശാസ്ത്രനാമം. നിയാസിന്‍, ബികോംപ്ലക്‌സ്, ഫോളിക് ആസിഡ് എന്നീ വിറ്റാമിനുകളാലും കാല്‍സ്യം, സിങ്ക്, ഇരുമ്പ് തുടങ്ങിയ ധാതുക്കളാലും അവശ്യ അമിനോ ആസിഡുകളാലും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നം.

കമ്പ്/കമ്പം (Pearl millet)

ബജ്‌റ എന്നും അറിയപ്പെടുന്നു. പവിഴച്ചോളം എന്നും വിളിപ്പേരുണ്ട്. Pennisetum glaucum എന്നതാണ് ശാസ്ത്രനാമം. ആംഗലേയത്തിലെ പേര് സൂചിപ്പിക്കുന്നതുപോലെ മുത്തുപോലുള്ള മണികളാണ് ഇതിന്്. അപൂരിത കൊഴുപ്പിനാല്‍ സമ്പന്നമാണ് കമ്പ്. ഒമേഗ 3 ഫാറ്റിആസിഡ് ഇതില്‍ അടങ്ങിയിട്ടുണ്ട്. അത് രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കുന്നതിന് ഉപകാരപ്രദമാണ്. ചെറുധാന്യങ്ങളില്‍ ഏറ്റവും കൂടുതല്‍ നിയാസിന്‍ അടങ്ങിയിരിക്കുന്നത് കമ്പിലാണ്. കൂടാതെ ഫോളിക്കേറ്റ്, മഗ്‌നീഷ്യം, ഇരുമ്പ്, ചെമ്പ്, സിങ്ക്, വിറ്റാമിന്‍ ഇ, ബികോംപ്ലക്‌സ് എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. അപൂരിത കൊഴുപ്പും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

കുതിരവാലി (Indian Barnyard milltet)

കവടപ്പുല്ല് എന്നും അറിയപ്പെടുന്നു. Echinochloa frumentacea എന്നാണ് ശാസ്ത്രനാമം. പ്രോട്ടീന്‍ സമൃദ്ധവും കലോറി മൂല്യം ഏറെ കുറഞ്ഞതുമായ ചെറുധാന്യം.

വരക് (Kodo Millet)

Paspalum scrobiculatum എന്നാണഅ വരകിന്റെ ശാസ്ത്രനാമം. പ്രോട്ടീന്‍, ഡയറ്ററി ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നം.

കോരലു (Browntop millet)

Brachiaria deflexa എന്നാണ് ശാസ്ത്രനാമം. കാല്‍സ്യം, അയേണ്‍, ഫോസ്ഫറസ് എന്നിവയാല്‍ സമ്പന്നം.

മണിച്ചോളം (Sorghum/Jowar/Great Millet)

സോര്‍ഗം, ജോവര്‍, ഗ്രേറ്റ് മില്ലറ്റ് എന്നൊക്കെ അിയപ്പെടുന്ന മണിച്ചോളത്തിന്റെ ശാസ്ത്രനാമം Sorghum bicolor എന്നാണ്. ചെറുധാന്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ ധാന്യമണികള്‍ മണിച്ചോളത്തിന്റേതാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ മണിച്ചോളത്തിന് ചിലതരം ക്യാന്‍സറുകളുടെ സാധ്യത കുറയ്ക്കാനുള്ള കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്്.

പോഷകസമ്പുഷ്ടം ആരോഗ്യദായകം

ശരീരത്തിന്റെ നിലനില്‍പ്പിനും ആരോഗ്യത്തിനും ആവശ്യമായ പോഷകങ്ങളുടെയും രോഗപ്രതിരോധശേഷിക്ക് അത്യന്താപേക്ഷിതമായ ഘടകങ്ങളുടെയും കലവറയാണ് ചെറുധാന്യങ്ങള്‍. ഉയര്‍ന്ന അളവില്‍ പ്രോട്ടീനും ആന്റിഓക്‌സിഡന്റുകളും ചെറുധാന്യങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ചെറുധാന്യങ്ങള്‍ മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ എസന്‍ഷ്യല്‍ അമിനോ ആസിഡുകള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഇവ പ്രോട്ടീന്റെ ബില്‍ഡിങ് ബ്ലോക്‌സ് ആണ്. അപകടകരമായ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ധത്തില്‍നിന്ന് ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിന് സംരക്ഷണം നല്‍കുന്നു. കാല്‍സ്യം, ഇരുമ്പ്, സിങ്ക് എന്നിവയാല്‍ സമ്പുഷ്ടമാണ് ഇവ. പ്രത്യേകിച്ചും ബജ്‌റയില്‍ ഇരുമ്പിന്റെ അളവ് വളരെ കൂടുതലാണ്. പാലിന്റെ ഇരട്ടി പ്രോട്ടീന്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. മറ്റു ധാന്യത്തേക്കാളും കൂടുതല്‍ കാല്‍സ്യം ചെറുധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്നു. ഇക്കൂട്ടത്തില്‍ റാഗിയാണ് ഏറ്റവും മുമ്പില്‍. പാലിനേക്കാള്‍ മൂന്നിരട്ടി കാല്‍സ്യം റാഗിയില്‍ അടങ്ങിയിട്ടുണ്ട്. ഗോതമ്പ്, ചോളം എന്നിവയില്‍ അടങ്ങിയിരിക്കുന്ന നാരുകളുടെ (dietary fiber) മൂന്നിരട്ടിയും അരിയുടെ പത്തിരട്ടിയും വരകില്‍ അടങ്ങിയിട്ടുണ്ട്. മണിച്ചോളം വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഈ ധാന്യത്തിന് ചില ക്യാന്‍സറുകളുടെ (വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന കാന്‍സര്‍/colorectal cancer) സാധ്യത കുറയ്ക്കാനുള്ള കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്്.

നാരുകളാല്‍ സമ്പന്നമാണ് ചെറുധാന്യങ്ങള്‍. നാരുകള്‍ അടങ്ങിയ ഭക്ഷണം ദഹനത്തെ സഹായിക്കുന്നു, വിസര്‍ജ്ജന പ്രക്രിയയെ എളുപ്പമാക്കുന്നു, മലബന്ധം തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ ഇല്ലാതാക്കുന്നു, കൂടാതെ രക്തത്തിലെ കൊളസ്‌ട്രോളിന്റെയും പഞ്ചസാരയുടെയും അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.

ചെറുധാന്യങ്ങളില്‍ നിയാസിന്‍ (വെറ്റമിന്‍ B3) ധാരാളമായുണ്ട്. അത് നമ്മുടെ ശരീരത്തിലെ നാനൂറിലേറെ എന്‍സൈം റിയാക്ഷന്‍സിനെ മാനേജ് ചെയ്യാന്‍ സഹായിക്കുന്നു. ആരോഗ്യമുള്ള ത്വക്കിനും അവയവങ്ങളുടെ ധര്‍മ്മപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് പ്രധാനപ്പെട്ടതാണ്.

ചെറുധാന്യങ്ങള്‍, പ്രത്യേകിച്ച് ഇരുണ്ട ഇനങ്ങള്‍ ബീറ്റാ കാരോട്ടിന്റെ നല്ല ഉറവിടങ്ങളാണ്. ഈ സ്വാഭാവിക പിഗ്മെന്റ് ആന്റിഓക്‌സിഡന്റ് ആണ്, ഫ്രീ റാഡിക്കല്‍സിനെതിരെ പൊരുതാനും കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.

ചെറുധാന്യങ്ങള്‍ ഗ്ലൂറ്റന്‍ (gluten) മുക്തമാണ്. അതിനാല്‍ ഗ്ലൂട്ടന്‍ അലര്‍ജിയുള്ളവര്‍ക്ക് അഥാവാ സീലിയാക്ക് രോഗികള്‍ക്ക് സുരക്ഷിതമായി ഇവ കഴിക്കാവുന്നതാണ്.

ജീവിതശൈലീ രോഗങ്ങള്‍ നിയന്തിക്കുന്നതിന് ഉത്തമം

ജീവിതശൈലീ രോഗങ്ങളാല്‍ നട്ടം തിരിയുന്ന നാടാണ് കേരളം. ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ചെറുധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് സാധിക്കും. ഉദാഹരണത്തിന് നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായിക്കഴിഞ്ഞ പ്രമേഹരോഗത്തിന് കാരണമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിന് ചെറുധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണം ഉപകരിക്കും. മറ്റ് ധാന്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറുധാന്യങ്ങളുടെ ഗ്ലൈസെമിക് സൂചിക (Glycemic Index – GI) താഴ്ന്നതോ മിതമായതോ ആണ്. വരക്, കുതിരവാലി എന്നിവയുടെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് താഴ്ന്നതും (Low GI – < 55) ചാമ, തിന, റാഗി, കമ്പ്, മണിച്ചോളം എന്നിവയുടെ മിതമായ അളവിലുമാണ് (Moderate GI – 55-70). ഈ സവിശേഷത പ്രമേഹത്തെ തടയാനോ നിയന്ത്രിക്കാനോ സഹായിക്കുന്നു.

കാര്‍ബോഹൈഡ്രേറ്റുകളുടെ ദഹനവുമായി ബന്ധപ്പെട്ട് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുണ്ടാകുന്ന സ്വാധീനത്തെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളുടെ ഒരു റാങ്കിംഗാണ് ഗ്ലൈസെമിക് സൂചിക (Glycemic index (GI). ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ എത്ര വേഗത്തില്‍ ഗ്ലൂക്കോസായി മാറുന്നുവെന്നും ഒരു വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഏത് പ്രത്യേക ഭക്ഷണം വര്‍ദ്ധിപ്പിക്കുന്നുവെന്നും ഗ്ലൈസെമിക് സൂചിക അളക്കുന്നു.

ചെറുധാന്യങ്ങളില്‍ സിമ്പിള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ താരതമ്യേന കുറവാണ്. എന്നാല്‍ കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു. ചെറുധാന്യങ്ങള്‍ നാരുകളാലും, നോണ്‍ സ്റ്റാര്‍ച്ചി പോളിസാക്കറൈഡുകളാലും സമ്പുഷ്ടമാണ്. രണ്ടുതരത്തിലുള്ള ദഹിക്കാത്ത (undigestable) കാര്‍ബോഹൈഡ്രേറ്റുകള്‍ ആണിവ. അങ്ങനെ താഴ്ന്ന ഗ്ലൈസിമിക്ക് ഇന്‍ഡക്‌സ് ഉള്ള ഭക്ഷണമായി ഇവ മാറുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഗോതമ്പമായും അരിയുമായും താരതമ്യപ്പെടുത്തുമ്പോള്‍ ചെറുധാന്യങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നു. കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്‌സ് ഉള്ള (Low glycemic Index) ഭക്ഷണങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നവയാണ്, അതിനാല്‍ നമ്മുടെ രക്തത്തിലേക്ക് പഞ്ചസാര സാവധാനത്തിലേ സ്വതന്ത്രമാക്കുകയുള്ളൂ. ഇത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു.

കുറഞ്ഞതും മിതമായതുമായ ഗ്ലൈസെമിക് ഇന്‍ഡക്‌സ് ഉള്ള ഭക്ഷണങ്ങള്‍ അടങ്ങിയ ചെറുധാന്യങ്ങളുടെ ഉപയോഗം ടൈപ്പ് 2 പ്രമേഹം തടയുന്നതിനും നിയന്ത്രിക്കുന്നതിനും അതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിനും സഹായിക്കും. 2019 ഓഗസ്റ്റില്‍ ജേര്‍ണല്‍ ഓഫ് ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യന്‍ ഡിസോര്‍ഡേഴ്‌സില്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രകാരം, ആരോഗ്യമുള്ള വ്യക്തികളിലും ടൈപ്പ് 2 പ്രമേഹരോഗികളിലും ചെറുധാന്യങ്ങള്‍ ശീലമാക്കുന്നതുവഴി ഉപവാസത്തിനും ശേഷവും (fasting) ഭക്ഷണത്തിനു ശേഷവുമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ചെറുധാന്യങ്ങളുടെ മറ്റു മേന്മകള്‍

വിവിധോദ്ദേശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന മേന്മ ചെറുധാന്യങ്ങള്‍ക്കുണ്ട്. അവയുടെ തണ്ടുകള്‍ കാലിത്തീറ്റയായും ജൈവ ഇന്ധനമായും മദ്യം ഉണ്ടാക്കുന്നതിലും ഉപയോഗിക്കാം. ചെറുധാന്യങ്ങള്‍ പോഷകസമൃദ്ധം മാത്രമല്ല, വരള്‍ച്ചയെ അതിജീവിക്കുന്ന വിളകള്‍ കൂടിയാണ്. ചൂടുകൂടിയ കാലാവസ്ഥയിലും മഴ കുറഞ്ഞ അല്ലെങ്കില്‍ വെള്ളം കുറഞ്ഞ പ്രദേശങ്ങളിലും വളരും. അവയ്ക്ക് ചോളത്തേക്കാള്‍ 30 ശതമാനം കുറവ് വെള്ളവും നെല്ലിനേക്കാള്‍ 70 ശതമാനം കുറവും വെള്ളമേ ആവശ്യമുള്ളൂ. ജലസേചനമില്ലാത്ത സാഹചര്യങ്ങളില്‍ 200 മില്ലീമീറ്ററിനും 500 മില്ലീമീറ്ററിനും ഇടയില്‍ വളരെ കുറഞ്ഞ മഴ അനുഭവപ്പെടുന്ന അവസ്ഥകളില്‍ പോലും ചെറുധാന്യങ്ങള്‍ക്ക് വളരാന്‍ കഴിയും. വരള്‍ച്ചയില്‍ പിടിച്ചുനില്‍ക്കുന്ന അവസാനത്തെ വിളകളെന്ന് അവയെ വിശേഷിപ്പിക്കാം. പോഷക ദാരിദ്ര്യം ഉള്ള മണ്ണുകളിലും ഉപ്പുരസമുള്ള മണ്ണുകളില്‍പോലും ചെറുധാന്യങ്ങള്‍ കൃഷിചെയ്യാം. കുറച്ചുമാത്രം കൃത്രിമവളങ്ങളും കീടനാശിനികളും ഉപയോഗിച്ച് അല്ലെങ്കില്‍ ഇവയൊന്നുംതന്നെ ഉപയോഗിക്കാതെ, ഗോതമ്പ് വിളവെടുക്കുന്നതിന്റെ പകുതിയോളം സമയംകൊണ്ട് ചെറുധാന്യങ്ങള്‍ വളരും. അവയുടെ കാര്‍ബണ്‍. പാദമുദ്രയും (Carbon Foot Print) ജല പാദമുദ്രയും (Water Foot Print) താഴ്ന്നതാണ്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ തീക്ഷ്ണാവസ്ഥകളെ പ്രതിരോധിക്കുന്നതില്‍ ഏറ്റവും കാര്യക്ഷമമായ വിളകളാണ് അവ. ആഗോള കാലാവസ്ഥാ വ്യതിയാനം, ജലദൗര്‍ലഭ്യം, നീണ്ടുനില്‍ക്കുന്ന വരള്‍ച്ച എന്നീ വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളില്‍ വരണ്ട കാലാവസ്ഥയില്‍ ജീവിക്കുന്ന ആളുകള്‍ക്ക് സുസ്ഥിരമായ ഭക്ഷ്യസുരക്ഷ പ്രദാനം ചെയ്യുന്ന ബദലാണ് ചെറുധാന്യങ്ങള്‍. പോഷകാഹാരക്കുറവിനെതിരെയും അമിത പോഷകാഹാരത്തിനെതിരെയും പോരാടാന്‍ ചെറുധാന്യങ്ങള്‍ സഹായിക്കുന്നു.

വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയെ കാര്യക്ഷമമായി പോഷിപ്പിക്കാന്‍ കഴിയണമെങ്കില്‍, ചെറുധാന്യങ്ങളുടെ ഉല്‍പാദനവും ആവശ്യവും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാന്‍, നമുക്ക് കൂടുതല്‍ പ്രതിരോധശേഷിയുള്ളതും പ്രകൃതിവിഭവങ്ങള്‍ ധാരാളമായി ആവശ്യമില്ലാത്തതുമായ വിളകള്‍ ആവശ്യമാണ്. ചെറുധാന്യങ്ങള്‍ക്ക് താപനില വ്യതിയാനങ്ങള്‍, ഈര്‍പ്പത്തിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയുമായി പൊരുത്തപ്പെടാന്‍ കഴിയും. കൃത്രിമ ജലസേചനമില്ലാതെത്തന്നെ അവ വളരുകയും വിളയുകയും ചെയ്യും. ഇതെല്ലാം ഒത്തുചേര്‍ന്ന് ‘ഭാവി സ്മാര്‍ട്ട് ഫുഡ്’ എന്ന വിശേഷണം അക്ഷരാര്‍ത്ഥത്തില്‍ അവയ്ക്ക് ചേരുന്നു.

കേരളത്തില്‍ അട്ടപ്പാടിയിലും മറയൂരിലും കാന്തല്ലൂരിലുമൊക്കെ ചെറുധാന്യങ്ങള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ആദിവാസി മേഖലകളില്‍ മാത്രമല്ല, കേരളത്തിലെവിടെയും ചെറുധാന്യങ്ങള്‍ നമുക്ക് എളുപ്പം കൃഷിചെയ്യാവുന്നതാണ്. വിളവെടുപ്പിനു ശേഷമുള്ള സംസ്‌കരണം മാത്രമാണ് പ്രശ്‌നമായി വരുന്നത്. എന്തായാലും ചെറുധാന്യങ്ങളെ വിവേകപൂര്‍വം നമുക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അട്ടപ്പാടിയിലും മറയൂരിലും കാന്തല്ലൂരുമൊക്കെ ചെറുധാന്യങ്ങള്‍ തിരിച്ചുവരവിന്റെ പാതയിലാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply