നമ്മുടെ റിപ്പബ്ലിക് അപകടത്തിലാണ്

‘നോട്ടു നിരോധനത്തിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍’ എന്ന വിഷയത്തില്‍ സമദര്‍ശി തൃശൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹ്യനിരീക്ഷകനും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ ജീവിത പങ്കാളിയുമായ ഡോ പറക്കാല പ്രഭാകരന്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍

എല്ലാ വൈവിധ്യങ്ങള്‍ക്കുമപ്പുറം രാജ്യത്തെ ഓരോ പൗരനും അവകാശപ്പെട്ടതാണ് ഇന്ത്യ. എന്നാല്‍ നമ്മുടെ റിപ്പബ്ലിക് ഇപ്പോള്‍ അപകടത്തിലാണ്. നമ്മുടെ അടിസ്ഥാനതത്വങ്ങള്‍ക്കെതിരെയാണ് ഭരണകൂടം നീങ്ങുന്നത്. ജാതി, മതം, ഭാഷ, പ്രദേശം, ഭക്ഷണശീലങ്ങള്‍ ഇവയൊന്നും പരിഗണിക്കാതെ ഈ രാജ്യം എല്ലാവരുടേതുമാണ്. എന്നാല്‍ ഹിന്ദു്കകളുടേതുമാത്രമാണ് രാജ്യം, മറ്റെല്ലാവരും രണ്ടാംതരം. പൗരന്മാരാണെന്നാണ് ഭരണകൂടം പറയുന്നത്. റിപ്പബ്ലിക്കിന്റെ അടിസ്ഥാന ആശയങ്ങളില്‍ നിന്ന് അത് അകന്നു പോയിരിക്കുന്നു.

ആള്‍ക്കൂട്ട കൊലകളും അന്യമതവിരുദ്ധ പ്രസംഗം നടത്തുന്ന സന്യാസിമാരും മുസ്ലിമുകളെ സാമ്പത്തികമായി ഒറ്റപ്പെടുത്താനും ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്യുന്ന സ്വാമിമാരും നമ്മള്‍ സായുധരായി അന്യമതസ്ഥര്‍ക്കെതിരെ പോരാടണമെന്നാവശ്യപ്പെടുന്ന പാര്‍ലിമെന്റംഗങ്ങളും അവരുടേമേല്‍ മൂത്രമൊഴിക്കുന്നവര്‍ പോലും രാജ്യത്തുണ്ട്. കാശ്മീരിലെ മൂന്നു മുന്‍ മുഖ്യമന്ത്രിമാരെയാണ് ഒരുഘട്ടത്തില്‍ തടവിലിട്ടത്. അന്ന് കാശ്മീരില്‍ നിന്നുള്ള പല പാര്‍ലിമെന്റംഗങ്ങളേയും തടവിലാക്കിയിരുന്നു. തലേന്നുവരെ തങ്ങളുടെ കൂടെയുണ്ടായിരുന്ന അവരെ കാണാതായിട്ടും പാര്‍ലിമെന്റില്‍ ആരും തന്നെ അതുന്നയിച്ചില്ല. ഈ ദരന്തങ്ങള്‍ക്കുമുന്നില്‍ നമ്മുടെ ഭരണകൂടം നിസംഗതരാണ്. തമാശ കാണുന്നതുപോലെയാണ് അവര്‍ ഇതെല്ലാം കാണുന്നത്. മണിപ്പുര്‍ കത്തുകയാണ്. സര്‍ക്കാര്‍ അതു കാണുന്നതേയില്ല. ആ തീ അവിടെ ഒതുങ്ങില്ല. എല്ലായിടത്തേക്കും പടരും. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി മാറ്റാനുള്ള നീക്കമണ് ശക്തമായിരിക്കുന്നത്. അതിനാലാണ് നമ്മുടെ റിപ്പബ്ലിക് അപകടത്തിലാണെന്നു പറയുന്നത്. അതിനെ പ്രതിരോധിക്കണമെന്നു പറയുന്നത്. ഇന്ത്യ എല്ലാവരുടേതുമാണെന്നു നമുക്ക് ഉറക്കെ പറയാം. .

എന്നാല്‍ ചിന്തകള്‍ പോലും ഔട്ട് സോഴ്‌സ് ചെയ്യപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. പലപ്പോഴും ചാനലുകളാണ് അതു ചെയ്യുന്നത്. അയല്‍ക്കാരന്റെ വീട് കത്തുന്നത് നാം കാണില്ല. നമ്മുടെ വീട്ടില്‍ നമ്മുടെ സ്വന്തം മുറി കത്തിയാലേ നമ്മുടെ കണ്ണില്‍ പെടൂ. ആ അവസ്ഥ മാറണം. തെറ്റു ചൂണ്ടികാണിക്കുക എന്നത് ഒരു പൗരന്റെ കടമയാണ്. ഭരണകൂടം ശരിയായ എന്തെങ്കിലും ചെയ്യുന്നു എങ്കില്‍ അതിനെ പ്രകീര്‍ത്തിക്കേണ്ട ഉത്തരവാദിത്തം നമുക്കില്ല എന്നാല്‍ തെറ്റുകള്‍ ചൂണ്ടികാണിക്കണം. എന്താണ് പരിഹാരം എന്നു ചോദിച്ചാല്‍ അതു കണ്ടെത്തേണ്ടത് വിദഗ്ധരാണ്. ഭരണകൂടമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

രാജ്യത്തിന്റെ സമ്പദ്ഘടന ഇന്ന് അപകടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്പദ്വ്യവസ്ഥയെന്നല്ല, ഒന്നിനെക്കുറിച്ചും ഒരു ധാരണയുമില്ല. നോട്ട് നിരോധിച്ചാല്‍ കള്ളപ്പണം തിരിച്ചുവരുമെന്നും ഭീകരവാദത്തിന് ധനസഹായം മുടങ്ങുമെന്നും പ്രചരിപ്പിച്ചു. കള്ളപ്പണം അതേരീതിയില്‍ ആരാണ് സൂക്ഷിക്കുക? എത്രയും വേഗം അത് ഭൂമിയായോ സ്വര്‍ണ്ണമായോ മറ്റോ മാറ്റില്ലേ? അതുപോലെ ഭീകരവാദത്തെ സഹായിക്കുക ആയുധമായോ മയക്കുമരുന്നായോ മറ്റോ ആയിരിക്കും. ഈ രണ്ടു കാരണങ്ങളും തെറ്റായിരുന്നു. നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും റിസര്‍വ് ബാങ്കിലേക്ക് തിരിച്ചെത്തിയല്ലോ. പിന്നെ പറഞ്ഞത് ഡിജിറ്റലൈസേഷനെ കുറിച്ചാണ്. അതിന് നോട്ടുനിരോധിക്കണമായിരുന്നോ? നോട്ടുനിരോധിക്കുമ്പോള്‍ രാജ്യത്ത് പണമായി വിനിമയം ചെയ്തിരുന്നത് 17 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു.എ ന്നാല്‍ ഇപ്പോഴത് ഇരട്ടിയാണ്. എന്നിട്ടുമിതാ സവിശേഷ ചിപ്പുകള്‍ ഘടിപ്പിച്ചു എന്നവകാശപ്പെടുന്ന 2000 രൂപയുടെ നോട്ടുകളും നിരോധിച്ചിരിക്കുകയാണ്.

നോട്ട് നിരോധനം നടപ്പിലാക്കിയത് കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പറയാന്‍ ഇതുവരേയും കേന്ദ്രം തയ്യാറായിട്ടില്ല. നോട്ട് നിരോധനത്തിലൂടെ അസംഘടിത മേഖലയാകെ താളം തെറ്റി. ആ ദുരന്തത്തില്‍ നിന്നും ഇനിയും രാജ്യം മോചിതമായിട്ടില്ല. പിന്നാലെ വന്ന കോവിഡ് കൂടിയായപ്പോള്‍ രാജ്യത്ത് തൊഴില്‍ രഹിതരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു. അത് 45 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്നതായി. 2016 മുതല്‍ തൊഴിലില്ലായ്മയെക്കുറിച്ചുള്ള കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്നില്ല. തൊഴിലില്ലായ്മയില്‍ ലെബനോണിനേയും ഇറാനിനേയുമൊക്കെപോലെ ലോകത്തുതന്നെ ഒന്നാം നിരയിലാണ് നാം. ബംഗ്ലാദേശിന്റെ അവസ്ഥപോലും നമ്മേക്കാള്‍ മെച്ചമാണ്. നഷ്ടപ്പെട്ട തൊഴിലവസരങ്ങള്‍ തിരിച്ചുുവന്നില്ല. എല്ലാവരോടും ആവശ്യപ്പെടുന്നത് തുച്ഛം വേതനമുള്ള തൊഴിലുറപ്പു പദ്ധതിക്കു പോകാനാണ്. അതില്‍ നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണ്. നമ്മുടെ മൊത്തം സാമ്പത്തിക വളര്‍ച്ച നെഗറ്റീവ് ആവുകയും ചെയ്തു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നോട്ടുനിരോധനം മൂലമുണ്ടായ വന്‍ദുരിതങ്ങള്‍ ഇപ്പോഴും തുടരുന്നു. വിനിമയത്തിന് നോട്ടുകളെ ആശ്രയിച്ചിരുന്ന അസംഘടിത മേഖലകളില്‍ പ്രത്യേകിച്ചും. അതുമൂലം എന്താണ് നേടിയതെന്ന് ഇതുവരെയും സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. എന്തിനും ഏതിനും സ്വയം പ്രകീര്‍ത്തിക്കുന്നവരാണ് നമ്മെ ഭരിക്കുന്നതെന്നു മറക്കരുത്. ഉദാഹരണമായി നേരത്തെ ജി 20യുടെ അധ്യക്ഷ സ്ഥാനം ഇന്തോനേഷ്യക്കായിരുന്നു. പിന്നെ ഇന്ത്യക്കായി. ഇനി ബ്രസീലിനാണ്. അതൊരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. എന്നിട്ടും ലോകം അതിനു നേതൃത്വം നല്‍കാന്‍ ഇന്ത്യയെ വിളിക്കുന്നു, മോദിയെ വിളിക്കുന്നു എന്ന ആഘോഷമാണല്ലോ നടന്നത്. കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി പറഞ്ഞത് പ്രതിപക്ഷം തന്നെ 99 തവണ ആക്ഷേപിച്ചു എന്നാണ്. എത്ര കൃത്യമായ കണക്ക്. എന്നാല്‍ നോട്ടുനിരോധനത്തിന്റേയോ കൊവിഡിന്റേയോ ദുരന്തങ്ങളെ കുറിച്ച് ഒരു കണക്കുമില്ല. പകരം കൊട്ടിഘോഷിക്കുന്നത് ഗുജറാത്ത് മോഡലിനെ കുറിച്ചാണ്. അതൊരു പ്രചാരണതന്ത്രം മാത്രമാണ്അവിടെ . അടിസ്ഥാന വികസന പ്രശ്നങ്ങളിള്‍ക്ക് ഇനിയും ഒരു പരിഹാരവുമായിട്ടില്ല. ദേശീയപാത മോടി പിടിപ്പിക്കുമ്പോള്‍ ഗ്രാമീണ മേഖലയിലെ റോഡുകള്‍ തകര്‍ന്നുകിടക്കുകയാണ്. എല്ലാ മേഖലകളും അങ്ങിനെതന്നെ. ആരോഗ്യമേഖലയും വിദ്യാഭ്യാസ മേഖലയുമെല്ലാം താളം തെറ്റി കിടക്കുകയാണ്. കേരളമോഡലിനു കടകവിരുദ്ധമാണത്.

എന്റെ പുതിയ പുസ്തകത്തിന് The Crooked Timber of New India എന്ന പേരു കൊടുത്തെന്താണെന്നു പലരും ചോദിച്ചു. പ്രശ്‌സ്ത ചിന്തകന്‍ ഇമ്മാനുവല്‍ കാന്റിന്റെ പ്രയോഗമാണത്. വളഞ്ഞ തടിയില്‍ നിന്ന് നേരായ ഒന്നും ഉണ്ടാക്കാനില്ലല്ലോ. പുതിയ ഇന്ത്യ അതുപോലെയാണ്, വളഞ്ഞതാണ്. അതില്‍ നിന്നു പുതുതായി ഒന്നും സൃഷ്ടിക്കാനാവില്ല എന്നാണ് ഈ പേരിലൂടെ ഉദ്ദേശിച്ചത്.

 

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply