ആംബേഡ്കറിസ്റ്റ്-മാര്‍ക്സിസം സാധ്യമല്ല, മാര്‍ക്‌സിസ്റ്റ്-ആംബേഡ്ക്കറിസവും അത്രതന്നെ അസാധ്യം

ഭിന്ന ഉപാധികളും യുക്തികളും നിഗമനങ്ങളുമുള്ള രണ്ട് ആശയശാസ്ത്രങ്ങളെന്ന നിലയ്ക്ക് മാര്‍ക്‌സിസവും ആംബേഡ്കറിസവും സമന്വയിപ്പിക്കാനാവില്ല. എന്നാല്‍ ആശയശാസ്ത്രങ്ങളെന്ന നിലയ്ക്കുതന്നെ പരസ്പരം പഠിക്കാന്‍ അവയ്ക്ക് കഴിയും, കഴിയണം, സ്വന്തം നിലപാടില്‍ നിന്നുള്ള സങ്കലനമാണ് വേണ്ടത്. കൂട്ടിചേര്‍ക്കലാകരുത്.

‘ഫെമിനിസ്റ്റുകള്‍ മാര്‍ക്സിസത്തിന്റെ വിമര്‍ശനത്തിലൂടെ ഒരു മാര്‍ക്സിസ്റ്റ്-ഫെമിനിസ്റ്റ് സമീപനത്തിന് തുടക്കമിട്ടത് പോലെ, ജ്ഞാന-ഭവശാസ്ത്ര തലങ്ങളുള്ള അംബേദ്കറിസ്റ്റ് വിമര്‍ശനത്തിലൂടെ അംബേദ്കറിസ്റ്റ്-മാര്‍ക്സിസം വികസിപ്പിക്കുക എന്നതാണ് ഇവിടുത്തെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ വെല്ലുവിളി.” എന്ന് ടിടി ശ്രീകുമാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ‘മാര്‍ക്സ്-അംബേദ്കര്‍ സമന്വയം’ എന്ന ലക്ഷ്യമാണ് ഇതിന് പ്രചോദനം. അത് സാധ്യമല്ലെന്നാണ് പ്രതികരിച്ചിരിക്കുന്നവരില്‍ ഭൂരിപക്ഷവും കരുതുന്നത്. അതാണ് എന്റെയും അഭിപ്രായം. ആംബേഡ്കറിസ്റ്റ്-മാര്‍ക്സിസം എന്നൊന്ന് ഉണ്ടാവുക സാധ്യമല്ല. മാര്‍ക്‌സിസ്റ്റ്-ആംബേഡ്ക്കറിസവും അത്രതന്നെ അസാധ്യമാണ്.

ജനാധിപത്യം ബലപ്രയോഗം മുതലായ കാര്യങ്ങളെ കുറിച്ച് മാര്‍ക്‌സും ആംബേഡ്കറും പുലര്‍ത്തിയിരുന്ന ഭിന്ന വീക്ഷണങ്ങള്‍ ചിലര്‍ ചുണ്ടികാട്ടിയിട്ടുണ്ട്. അതുമാത്രമല്ല മറ്റു പല വിഷയങ്ങളിലും ഇത് കാണാം. അതിലേറ്റവും പ്രധാനം, എനിക്ക് തോന്നിയിട്ടുള്ളത്, അധികാരത്തിന്റെ പ്രശ്‌നമാണ്. മാര്‍ക്‌സിസം രാഷ്ടീയാധികാരത്തെ (ഭരണകൂടത്തെ) ഭരണരൂപങ്ങളില്‍നിന്ന്, സര്‍ക്കാരില്‍നിന്ന്, വേര്‍തിരിച്ചുകാണുന്നു. തൊഴിലാളിവര്‍ഗം ബലംപ്രയോഗിച്ച് രാഷ്ട്രീയാധികാരം പിടിച്ചെടുക്കണം എന്ന് മാര്‍ക്‌സിസം പഠിപ്പിച്ചപ്പോള്‍ നിലവിലുള്ള ഏതെങ്കിലും സര്‍ക്കാരിനെ പുറന്തള്ളി തൊഴിലാളികള്‍ സ്വന്തം സര്‍ക്കാര്‍ സ്ഥാപിക്കുന്ന കാര്യമല്ല, ഭരണകൂടാധികാരമാണ് ഉദ്ദേശിച്ചത്. നിലവിലുള്ള ഭരണകൂടയന്ത്രത്തെ തകര്‍ക്കണം എന്നുകൂടി മാര്‍ക്‌സിസം പഠിപ്പിക്കുന്നു.

അധികാരത്തെ കുറിച്ചും, അധികാരം കൈക്കലാക്കുന്നതിനേ കുറിച്ചും അതായിരുന്നില്ല ആംബേഡ്കറുടെ ധാരണ. സര്‍ക്കാര്‍ അധികാരം ആണ് അദ്ദേഹം എന്നും അര്‍ത്ഥമാക്കിയിരുന്നത്. ആംബേഡ്കര്‍ അംഗീകരിച്ചിരുന്ന ഉദാര ബൂര്‍ഷ്വാ ജനാധിപത്യ ആശയചട്ടകൂട് അങ്ങനെയാണ് ഈ വിഷയത്തെ കാണുന്നത്. 1960-’70 കാലത്ത് മഹാരാഷ്ട്രയില്‍ രൂപംകൊണ്ട ദലിത് പാന്തര്‍ പ്രസ്ഥാനം ദലിത് യുവജനങ്ങള്‍ക്കിടയില്‍ മാത്രമല്ല പുരോഗമന, ഇടതു ചിന്താഗതിക്കാരായ വിഭാഗങ്ങള്‍ക്കിടയിലും വലിയ ചലനം സൃഷ്ടിച്ചിരുന്നു. മഹാരാഷ്ടയിലെ ബ്രാഹ്മണ്യവിരുദ്ധ, ജനാധിപത്യ പോരാട്ടപാരമ്പര്യത്തിന് ഇങ്ങനെ പുതിയ ഉത്തേജനം നല്കിയപ്പോഴും ഈ പ്രസ്ഥാനം ആംബേഡ്കറുടെ നിലപാടുകളില്‍ നിന്ന് അകന്നിരിക്കുന്നൂവെന്ന് പല തലമുതിര്‍ന്ന ആംബേഡ്കര്‍ അനുയായികളും വിമര്‍ശിച്ചു. ബലംപ്രയോഗിച്ച് അധികാരം പിടിച്ചെടുക്കുന്നതിനെകുറിച്ച് ദലിത് പാന്തറുകള്‍ സ്വീകരിച്ച സമീപനമായിരുന്നു പ്രധാന പ്രശ്‌നം.

ഭിന്ന ഉപാധികളും യുക്തികളും നിഗമനങ്ങളുമുള്ള രണ്ട് ആശയശാസ്ത്രങ്ങളെന്ന നിലയ്ക്ക് മാര്‍ക്‌സിസവും ആംബേഡ്കറിസവും സമന്വയിപ്പിക്കാനാവില്ല. എന്നാല്‍ ആശയശാസ്ത്രങ്ങളെന്ന നിലയ്ക്കുതന്നെ പരസ്പരം പഠിക്കാന്‍ അവയ്ക്ക് കഴിയും, കഴിയണം, എന്നാണ് എന്റെ അഭിപ്രായം. സ്വന്തം നിലപാടില്‍ നിന്നുള്ള സങ്കലനമാണ് വേണ്ടത്. കൂട്ടിചേര്‍ക്കലാകരുത്.

മഹാരാഷ്ട്രയുടെ ബ്രാഹ്മണ്യവിരുദ്ധ ഭക്തിപ്രസ്ഥാനങ്ങളിലുള്ള സ്വന്തം വേരുകളും ആധുനിക ജനാധിപത്യ ചിന്തകളെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കാനുള്ള സൃഷ്ടിപരമായ ഉദ്യമവും സമൂഹത്തിന്റെ അടിതട്ടിലെ ജനങ്ങളോടുള്ള കൂറും എല്ലാം ചേര്‍ന്ന് ആംബേഡ്കറിന്റെ സിദ്ധാന്തത്തിനും പ്രയോഗത്തിനും ഒരു ജനപക്ഷ സ്വഭാവം നല്കുന്നു. അതുകൊണ്ട്, സൈദ്ധാന്തിക തലത്തില്‍ തന്നെ, നിലപാടുകളിലും സൈദ്ധാന്തിക ഉപകരണങ്ങളിലും അതില്‍ നിന്നുള്ള സങ്കലനം സാധ്യവും അവശ്യവുമാണ്. തൊഴിലാളികളുടെ വിഭജനം എന്നനിലയ്ക്കുള്ള ജാതിയുടെ സ്വഭാവത്തെ കുറിച്ചുള്ള നിരീക്ഷണവും, മുതലാളിത്തവും ബ്രാഹ്മണ്യവുമാണ് തൊഴിലാളികളുടെ ഇരട്ട ശത്രുക്കളെന്ന തിരിച്ചറിവും വര്‍ഗബോധമുള്ള ഒരു തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് ദിശനല്കുന്നതില്‍ സുപ്രധാനമാണ്. ബ്രാഹ്മണ്യത്തിന്റെ ശ്രേണിബദ്ധ സദാചാരത്തിന്റെ വിമര്‍ശനം സാമൂഹ്യപഠനങ്ങള്‍ക്ക് സങ്കല്പനപരമായ ഉപാധികള്‍ നല്കുന്നു. ഇതുകൂടാതെ ഇനിയും പലതും ചൂണ്ടികാട്ടാനാകും.

അതാത് ആശയശാസ്ത്രങ്ങളുടെ അടിസ്ഥാന നിലപാടുകളില്‍ ഉറച്ചുനില്കുന്നവര്‍ക്കേ സങ്കലനം സാധ്യമാകു. ഉദാഹരണത്തിന്, മാര്‍ക്‌സിസത്തിന്റെ വര്‍ഗസമര നിലപാടിനു പകരം വര്‍ഗസഹകരണ നിലപാടിലേയ്ക്ക് അധപതിച്ചവര്‍ക്ക് ഇത് സാധ്യമാവില്ല. ആംബേഡ്കറിസ്റ്റ് ജാതിനശീകരണ നിലപാടിന്റെ കാര്യം എടുക്കാം. ഇത് ആവശ്യപ്പെടുന്ന എല്ലാ രംഗങ്ങളിലുമുള്ള, സര്‍വതലസ്പര്‍ശിയായ, വ്യവസ്ഥാവിരുദ്ധത വര്‍ഗസഹകരണപാതക്ക് എന്നും വര്‍ജ്യമായിരിക്കും.

ആംബേഡ്കറുടെ വീക്ഷണങ്ങള്‍ അംഗീകരിക്കുന്നതായി അവകാശപ്പെടുന്നവര്‍ക്കിടയിലും ഇതേപോലുള്ള വേര്‍തിരിവുണ്ട്. ആംബേഡ്കര്‍ക്ക് ജാതി നശീകരണം മൗലികമായിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളിലെ ജനാധിപത്യവല്‍കരണം സംബന്ധിച്ച് ഒരു സുപ്രധാന സംഭാവനയായിരുന്നു അത്. എന്നാല്‍, തത്വത്തില്‍ തന്നെ അത് കൈയ്യൊഴിഞ്ഞിട്ടും തങ്ങള്‍ ആംബേഡ്കറിസ്റ്റാണെന്ന് അവകാശപ്പടുന്നവരെ ഇന്നു കാണാം. ജനാധിപത്യവാദികളായി ഇവര്‍ സ്വയം കരുതുന്നു. പക്ഷെ ആംബേഡ്കറുടെ നിലപാടുകള്‍ വച്ച് അളന്നാല്‍ തന്നെ ഇത് ഖണ്ഡിക്കപ്പെടും. ഈ വ്യതിയാനത്തെ സംബന്ധിച്ചിടത്തോളം മൗലികമാറ്റത്തിന്റെ ഏതുതരത്തിലുള്ള നിലപാടും പ്രയോഗവും അസഹനീയമാവും. അവയില്‍ നിന്ന് അതിനൊന്നും തന്നെ ഉള്‍കൊള്ളാനാവില്ല.

ആശയശാസ്ത്രതലത്തിലെ സങ്കലനങ്ങള്‍ മാത്രമല്ല, അവയുടെ മാര്‍ഗദര്‍ശനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് പല കാര്യങ്ങളിലും ഐക്യപ്പെട്ട് പ്രവര്‍ത്തിക്കാനുമാകും. ഇന്ത്യയുടെ ചില പ്രദേശങ്ങളില്‍ അത് ഇപ്പോള്‍തന്നെ ദൃശ്യവുമാണു്. ബ്രാഹ്മണ്യവാദ ഹിന്ദുഫാസിസം ഭീഷണ സാന്നിധ്യമായ ഇന്ന് ഇത്തരം ഐക്യപ്പെട്ട പ്രവര്‍ത്തനത്തിന് അടിയന്തിരത്തം കൈവന്നിരിക്കുന്നു.

also read

ജാതിയും വര്‍ഗ്ഗവും : അംബേദ്കറിസ്റ്റ് മാര്‍ക്‌സിസം സാധ്യമാണോ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply