ബീമാപള്ളി വെടിവെപ്പ് : ദുരന്തകാലത്ത് വിസ്മൃതിയിലാകുന്ന ദുരന്തങ്ങള്‍

ചെറിയതുറ പള്ളിയെ കേന്ദ്രീകരിച്ച കൃസ്ത്യാനികളും ബീമാ പള്ളിയെ കേന്ദ്രീകരിച്ച മുസ്ലിംകളുമായുള്ള സംഘര്‍ഷമാണ് വെടിവെപ്പിനു കാരണമായി പ്രചരിക്കപ്പെട്ടതെങ്കിലും അതിനുള്ള തെളിവുകളൊന്നും പോലീസിനുപോലും ലഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മറിച്ച് അത്തരത്തിലൊന്നു സൃഷ്ടിക്കാന്‍ ചില ഗുണ്ടകള്‍ ശ്രമിച്ചിരുന്നു.

ഏതൊരു ദുരന്തകാലവും മറ്റു പല ദുരന്തങ്ങളേയും വിസ്മൃതിയാഴ്ത്തുമെന്നു പറയുന്നത് എത്ര ശരി. അതാകട്ടെ ആ ദുരന്തങ്ങളിലെ വില്ലന്മാര്‍ക്ക് ആഹ്ലാദവും ഇരകള്‍ക്ക് വേദനയുമായി മാറുന്നു. അത്തരമൊരു സംഭവമാണ് കൊവിഡിന്റെ മറവില്‍ കഴിഞ്ഞ ദിവസം നാമെല്ലാം മറന്നു കളഞ്ഞത്. ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു ക്രൂരതയുടെ ഓര്‍മ്മകള്‍.

ഐക്യ കേരളം കണ്ട രണ്ടാമത്തെ ഏറ്റവും വലിയ വെടിവെപ്പിനെയാണ് സൂചിപ്പിക്കുന്നത്. 2009 മെയ് 17ന് തിരുവനന്തപുരത്ത് ബീമാപള്ളി പരിസരത്തായിരുന്നു ആറ് പേര്‍ സംഭവസ്ഥലത്തുവെച്ചും പരിക്കേറ്റ മൂന്നുപേര്‍ പിന്നീടും കൊല്ലപ്പെട്ട പോലീസ് വെടിവെപ്പ് നടന്നത്. വെടിവെയ്പ്പിനെകുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാകട്ടെ പുറംലോകം കാണാതെ എവിടേയോ ചിതല്‍ പിടിച്ചു കിടക്കുന്നു. അതേ കുറിച്ച് ചോദിക്കാന്‍ പോലും തയ്യാറാകാത്ത രീതിയില്‍ കേരളത്തിന്റെ സാമൂഹ്യ മനസാക്ഷി മരവിച്ചുപോയിരിക്കുന്നു.

വര്‍ഗ്ഗീയലഹളയെന്നു ഒരിക്കലും പറയാനാവാത്ത, എന്നാല്‍ അങ്ങനെ ചിത്രീകരിക്കപ്പെട്ട ഒന്നായിരുന്നു അന്ന് ബീമാപള്ളി പരിസരത്ത് നടന്നത്. 6 പേര്‍ സംഭവസ്ഥലത്തുവെച്ചു മരിച്ചതിനു പുറമെ നിരവധി പേര്‍ക്ക് പരിക്കേറ്റു. വെടിയുണ്ടകള്‍ കഴിയുന്നതുവരെ എഴുപതോളം റൗണ്ടാണ് പോലീസ് വെടിവെച്ചത്. 27ഓളം പേര്‍ക്ക് വെടിയേറ്റ പരിക്കുതന്നെയുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ചെറിയ ചില പ്രശ്‌നങ്ങളൊഴികെ കാര്യമായ അസ്വാരസ്യങ്ങളോ വര്‍ഗ്ഗീയ പ്രശ്‌നങ്ങളോ അവിടെയില്ലായിരുന്നു. ബഹളം കേട്ട് ഓടിവന്നവര്‍ക്കും ഫുട്‌ബോള്‍ കളിച്ചിരുന്നവര്‍ക്കും മറ്റുമാണ് പ്രധാനമായും പരിക്കേറ്റത്. മരിച്ചവരെല്ലാം ഒരു സമുദായത്തില്‍ പെട്ടവര്‍ തന്നെ. കൗതുകകരമായ കാര്യം ഇത്രയും രൂക്ഷമായ വെടിവെപ്പുണ്ടായിട്ടും അതിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാന്‍ കേരളം തയ്യാറായില്ല എന്നതാണ്. മാധ്യമങ്ങളും ഏറെക്കുറെ നിശബ്ദരായിരുന്നു.

ചെറിയതുറ പള്ളിയെ കേന്ദ്രീകരിച്ച കൃസ്ത്യാനികളും ബീമാ പള്ളിയെ കേന്ദ്രീകരിച്ച മുസ്ലിംകളുമായുള്ള സംഘര്‍ഷമാണ് വെടിവെപ്പിനു കാരണമായി പ്രചരിക്കപ്പെട്ടതെങ്കിലും അതിനുള്ള തെളിവുകളൊന്നും പോലീസിനുപോലും ലഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മറിച്ച് അത്തരത്തിലൊന്നു സൃഷ്ടിക്കാന്‍ ചില ഗുണ്ടകള്‍ ശ്രമിച്ചിരുന്നു. മെയ് 8ന് സ്ഥലത്തെ പ്രധാനപ്പെട്ട ഒരു ഗുണ്ട ബീമാപള്ളി പരിസരത്തെ ഒരു കടയില്‍ കയറി പ്രശ്‌നമുണ്ടാക്കിയിരുന്നു. പിന്നീട് 15ന് ഇയാള്‍ ബീമാപള്ളിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനെത്തിയ ഒരാളില്‍ നിന്ന് കാര്‍ പാര്‍ക്കിംഗിനെന്ന പേരില്‍ പണം വാങ്ങാന്‍ ശ്രമിച്ചതില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കാമെന്ന് പോലീസ് പറഞ്ഞെങ്കിലും അതു പാലിച്ചില്ല. 16ന് രാത്രി ഗുണ്ടയുടെ സംഘവും ബീമാപള്ളിക്കടുത്തെ എതാനും പേരും പൂന്തുറ റോഡില്‍ ഏറ്റുമുട്ടി. 17ന് ബീമാപള്ളിയിലേക്കുള്ള വാഹനങ്ങള്‍ ഗുണ്ടയും സംഘവും തടയുകയായിരുന്നു. ഉറൂസ് മഹാമഹം നടക്കാനിരിക്കെയായിരുന്നു വാഹനങ്ങള്‍ തടഞ്ഞത്. പോലീസ് ഇടപെടാതിരുന്നതിനെ തുടര്‍ന്ന് കടളെല്ലാം അടച്ചു.

ഈ സമയത്ത് അധികാരികളും പോലീസും സമചിത്തതയോടെ ഇടപെട്ടിരുന്നെങ്കില്‍ പിന്നീടുണ്ടായ സംഭവങ്ങള്‍ ഒഴിവാക്കപ്പെടുമായിരുന്നു. എന്നാല്‍ സംഭവിച്ചതതല്ല. ബീമാപള്ളിയില്‍ നിന്ന് വന്‍സംഘം അക്രമം നടത്താന്‍ ചെറിയതുറയിലേക്കു പോകുന്നു, അവരുടെ കൈവശം ബോംബുകളടക്കമുള്ള ആയുധങ്ങളുണ്ട് എന്ന കിംവദന്തി പരത്തുകയായിരുന്നു സാമൂഹ്യദ്രോഹികള്‍ ചെയ്തത്. അതേകുറിച്ച് അന്വേഷിക്കുകയോ മുന്നറിയിപ്പുകള്‍ നല്‍കുകയോ ചെയ്യാതെ പോലീസ് തുരുതുരാ വെടിവെക്കുകയായിരുന്നു.

ബീമാപള്ളിയില്‍ നടന്ന ഈ നരനായാട്ടിനുനേരെ കണ്ണടക്കുകയാണ് പൊതുവില്‍ കേരളീയ സമൂഹം ചെയ്തത്. ഏതാനും മനുഷ്യാവകാശപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി അന്വേഷിച്ച് റിപ്പോര്‍ട്ടൊക്കെ പ്രസിദ്ധീകരിച്ചെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുഖ്യാധാരാ മാധ്യമങ്ങളുമെല്ലാം പൊതുവില്‍ മൗനത്തിലായിരുന്നു. പിന്നീട് സംഭവിച്ചതും അതുതന്നെയായിരുന്നു. സംഭവത്തെ കുറിച്ച് കൃത്യമായ ഒരന്വേഷണം നടക്കുകയോ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്തില്ല. അന്ന് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ച പത്ത് ലക്ഷം രൂപ പിന്നീടുള്ള വര്‍ഷങ്ങളില്‍ മരിച്ചവര്‍ക്ക് ലഭിച്ചില്ല. വെടിവെപ്പില്‍ പരിക്കേറ്റ പലരും ഇപ്പോഴും ചികിത്സയുമായി കഴിയുകയാണ്. അന്വേഷണ കമ്മിഷന്‍ 2014 ജനുവരിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതുവരെയും അത് പുറംലോകം കണ്ടിട്ടില്ല. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടുക, പിന്നീടുള്ള വര്‍ഷങ്ങളില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഇപ്പോഴും ഉത്തരം കിട്ടാതെ തന്നെ നിലനില്‍ക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply