കൊറോണയും മനുഷ്യരുടെ കപ്പല്‍ച്ചേതങ്ങളും

ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേയ്ക്ക് ,രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേയ്ക്ക് അയഥാര്‍ത്ഥ വിമാനങ്ങള്‍ പറക്കുന്നുണ്ട്. അയഥാര്‍ത്ഥ മെട്രോകള്‍ ഓടുന്നുണ്ട്. അവിടെയാണ് ഇപ്പോള്‍ നിര്‍മ്മിതികള്‍ നടക്കുന്നത്. തമാശകളും പരസ്യങ്ങളും മാളുകളും സിനിമാശാലകളും ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരിടം അതു മാത്രമായി മാറിയിരിക്കുന്നു. കണ്ണാടിയ്ക്കു മുന്നില്‍ വസ്തുവില്ലാതെ പ്രതിബിംബം രൂപപ്പെടുന്ന മട്ടില്‍. ഒരു പകുതി മുറിഞ്ഞുപോയ ലോകം മറുപകുതിയെ സജീവമാക്കും പോലെ.

കോവിഡാന്തരലോകത്തെക്കുറിച്ച് ആലോചിക്കാന്‍ കഴിയാത്ത വിധം കോവിഡ് കേന്ദ്രിത ലോകത്തില്‍ മുങ്ങിക്കിടക്കുകയാണ് നാം. . പഴയ ശീലങ്ങള്‍ തിരിച്ചു വരും എന്ന ഒരുറപ്പ് ,നമ്മള്‍ യൗവനവും കൗമാരവും ചെലവഴിച്ച ഒരു കാലത്തിന്റെ ശേഷിപ്പായി നമ്മില്‍ ഊറി നില്‍ക്കുന്നുണ്ട് എന്നത് ശരി തന്നെ. മാര്‍ക്‌സിസവും കാപിറ്റലിസവും ഫാസിസവും പ്രതിചിന്തകളും സാധ്യമാക്കിയ അതേ സാമൂഹ്യാന്തരീക്ഷത്തിന്റെ പ്രത്യുദയം നമ്മുടെ അബോധമായി വര്‍ത്തിക്കുന്നുണ്ട്. കോവിഡാന്തര ക്യാപിറ്റലിസത്തിന്റെ തകര്‍ച്ച മാര്‍ക്‌സിസ്റ്റുകള്‍ കാണുന്നു. ഏറ്റവും ചുരുങ്ങിയത് ക്യാപിറ്റലിസത്തിന്റെ ഏറ്റുപറച്ചിലെങ്കിലും . ശാസ്ത്രത്തിന്റെ അപ്രമാദിത്വത്തില്‍ വിശ്വസിച്ച് കോവിഡിന് മരുന്നോ വാക്‌സിനോ കണ്ടു പിടിക്കുന്ന ദിനത്തെ ഉറ്റുനോക്കുകയാണ് മുതലാളിത്ത ലോകം. അതോടെ ആശുപത്രി ശൃംഖലകളില്‍ നിന്ന് പൊട്ടിപ്പുറപ്പെടുന്ന ഒരു പില്‍ -പില്‍ക്കാല മുതലാളിത്തത്തില്‍ വീടുകള്‍ക്കുള്ളില്‍ വരെ വ്യാപിക്കാവുന്ന കമ്പോള ശൃംഖലയുടെ ഭാവി സ്വപ്നത്തിലാണ് അതിന്റെ യുക്തികള്‍ വിശ്വസിക്കുന്നത്. ജനതയെ ചെറിയ മുറുമുറുപ്പുകള്‍ മാത്രമുള്ള ഹൈസ്‌കൂള്‍ കുട്ടികളായി രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഫാസിസ്റ്റുകളും അര്‍ദ്ധ ഫാസിസ്റ്റുകളും. പോലീസും വാചാടോപങ്ങളും ശിക്ഷകളും നിര്‍ണ്ണയിക്കുന്ന ഒരു ലോകത്തെ കോവിഡാന്തരം നീട്ടിയെടുക്കാന്‍ സാധിച്ചാല്‍ തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ഇക്കാലത്ത് എത്തിപ്പെടാന്‍ സാധിക്കുന്ന ഏറ്റവും വലിയ ഉച്ചത പ്രാപിക്കാമെന്ന് അവര്‍ കരുതുന്നു. പ്രാരംഭത്തില്‍ ജനാധിപത്യത്തിന്റെയും അനാര്‍ക്കിയുടേയും മാധ്യമം എന്ന് തെറ്റിദ്ധരിക്കപ്പെട്ട ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ അധികാര നിരീക്ഷണത്തിന്റേയും (Surveilance) കേന്ദ്രീകരണത്തിന്റേയും ഉത്തമമായ മാധ്യമമാക്കി മാറ്റാന്‍ കഴിഞ്ഞതിന്റെ ഹര്‍ഷം ആണ് അവരുടെ ദിവസങ്ങളുടെ മുഖ്യതകള്‍ .

ഇതിനിടയില്‍ രോഗം ,ദുരിതം ,മരണം എന്ന, സിദ്ധാര്‍ത്ഥനെ പ്രബുദ്ധനാക്കിയ ,ലോകം അടിസ്ഥാന ലോകം ആയിരിക്കുന്നു. ഈ ത്രിത്വത്തെ ഒന്നിച്ച് വഹിക്കാന്‍ കഴിയുന്ന ഏക രൂപകമായി കോവിഡ് മാറിയിരിക്കുന്നു. ഇതെഴുതുമ്പോള്‍ രോഗികളുടെ എണ്ണം 4.66 ദശലക്ഷം .മരിച്ചവര്‍ 3 ലക്ഷത്തിലധികം. ദുരിതത്തിനാകട്ടെ അന്തമില്ല .ഓരോ പകലും അഭയാര്‍ത്ഥിത്വത്തിന്റെ ഏതെങ്കിലും ഒരു ആഖ്യാനത്താല്‍ എഴുതപ്പെട്ടതായിരിക്കുന്നു. ഗോളാനന്തര യാത്രകളേയും സ്‌കൈ സിറ്റികളേയും പറ്റി പറഞ്ഞ സ്ഥാനത്ത് ജന്മനാട്ടിലേയ്ക്ക് കിലോമീറ്ററുകള്‍ താണ്ടുന്ന പലായനങ്ങളുടെ ചിത്രങ്ങള്‍ ഇടം പിടിക്കുന്നു. അവരിലേയ്ക്ക് ട്രെയിനും ട്രക്കുകളും മാത്രമല്ല , പട്ടിണിയും പാഞ്ഞുകയറുന്നു. പുറപ്പെട്ടവര്‍ അല്ല ലക്ഷ്യസ്ഥാനത്ത് എത്തുന്നവര്‍. ആരോഗ്യവും സ്വസ്ഥതയും സ്വപ്നങ്ങളും നശിച്ചവര്‍ ആയിരിക്കുന്നു അവര്‍. തൊഴില്‍ എന്ന ഇന്നത്തെ ദൈവരാജ്യത്തില്‍ നിന്ന് ദിനംപ്രതി നിരവധി പേര്‍ പുറത്താക്കപ്പെടുന്നു. ഏതെങ്കിലും നിബന്ധനകളോ ചട്ടങ്ങളോ ലംഘിച്ചതിന് അല്ല ,അവര്‍ക്ക് ഈ ശിക്ഷ ലഭിയ്ക്കുന്നത്. ഭൂമിയുടെ വ്യത്യസ്ത കോണുകളില്‍ കോവിഡ് കാലം നിര്‍മ്മിച്ച പുതിയ പുതിയ ആരുടേതുമല്ലാത്ത ഭൂമികകളില്‍ (No Man’s Land ) കാലത്തിന് നേരെ തുറിച്ച് നോക്കി നിരവധി മനുഷ്യര്‍ ഇരിക്കുന്നു. ഇത്തിരി തീറ്റ കാത്ത്. ഇത്തിരി വെള്ളം കാത്ത് .ഇത്തിരി കരുണ കാത്ത്.

ഈ രോഗത്തെ ,മരണത്തെ ,ദുരിതത്തെ ഒരു ജനാവലി എന്ന നിലയില്‍ ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ എങ്ങനെ അഭിമുഖീകരിക്കാന്‍ പോകുന്നതാണ് യഥാര്‍ത്ഥത്തില്‍ കോവിഡാനന്തര ലോകത്തെ നിര്‍ണ്ണയിക്കുക. ഇത് സമീപഭൂതകാലത്ത് നമ്മുടെ ചരിത്രം പരിചയിച്ച ഒന്നല്ല. നമ്മുടെ ഊന്നലുകള്‍ വെവ്വേറെ ഇടങ്ങളില്‍ ആയിരുന്നു. ആ ഊന്നലുകള്‍ മാറ്റിപ്പണിയാതെ വരും ചരിത്രത്തില്‍ ഇടപെടാന്‍ കഴിയില്ല. ബദല്‍ പ്രത്യയശാസ്ത്രങ്ങള്‍ക്കുള്ളിലും ,ഊന്നലുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടി വരും. ഇന്നലത്തെ ബദല്‍ അല്ല നാളത്തെ ബദല്‍. കൊറോണ വൈറസും മനുഷ്യകുലവും തമ്മിലുള്ള യുദ്ധം അല്ല ,ഇത്. മനുഷ്യര്‍ക്ക് വൈറസിനെ അറിയാം. പക്ഷെ, വൈറസിന് മനുഷ്യരെ അറിയാം എന്നതിന് യുക്തിപരമായ തെളിവ് ഒന്നും ഇല്ലാത്തതിനാല്‍ യുദ്ധ സിദ്ധാന്തത്തിന് ഒരു പ്രസക്തിയും ഇല്ല.അതേസമയം രോഗവും ദുരിതവും മരണവും ജനതയില്‍ അതിന്റെ വിഭജന രേഖകളെ അതിവേഗം മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ , യുദ്ധം എന്നത് ജനങ്ങള്‍ക്കിടയില്‍ ആകുന്നു. കൊറോണ വൈറസ് വ്യാപിക്കുന്നത് ശബ്ദ വേഗത്തില്‍ ആണെങ്കില്‍ രോഗവും ദുരിതവും മരണവും വ്യാപിക്കുന്നത് പ്രകാശവേഗത്തില്‍ ആണ് എന്ന് വരും നാളുകളില്‍ സംഭവിച്ചേക്കാവുന്ന ഒന്നാണ്.

അതോടൊപ്പം തന്നെ പുതുതായി നാം അനുഭവിക്കുന്ന ബോധമണ്ഡലം , നമ്മെത്തന്നെയും ലോകത്തേയും നാം തിരിച്ചറിയുന്ന പ്രതലത്തിന് വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ‘ ഏകാന്തതയുടെ ഊടുവഴികള്‍ (The Labrynth of Solitude ) എന്ന പ്രശസ്ത ഗ്രന്ഥത്തില്‍ ഒക്ടേവിയോ പാസ് മനുഷ്യരുടെ രണ്ട് അഗ്രിമതകളായി ഏകാന്തത (solitude ) യേയും സംഘടിതത്വ ( Communion ) ത്തേയും വിവരിക്കുന്നുണ്ട്. ഒറ്റപ്പെടലും അലിഞ്ഞു ചേരലും. മലയാളികള്‍ക്ക് ഏകാന്തത എന്നാല്‍ കാല്പനികാനുഭവം ആണ്. ചരിത്രാനുഭവത്തേക്കാള്‍ . പാസ് പറയുന്ന ഏകാന്തത ‘ഏകാന്തപഥികന്‍ ഞാന്‍ ‘ എന്ന പാട്ടിലേതല്ല. ജനനവും മരണവും ഒറ്റയ്ക്ക് മാത്രം നേരിടേണ്ടി വരുന്ന ഏത് ജീവിയിലും ജനനത്തിന്റേയും മരണത്തിന്റേയും ഇടയ്ക്ക് രൂപപ്പെടുന്ന വഴിത്താരയെ ആണ്. തുടക്കം ഒറ്റയായി. അവസാനവും ഒറ്റയില്‍. അങ്ങനെയെങ്കില്‍ ഒറ്റയേയും ഒറ്റയേയും ബന്ധിപ്പിക്കുന്ന ഒരു വഴിത്താരയെ അവ അനുഭവിക്കുന്നുണ്ടാകും. വ്യക്തികള്‍ മാത്രമല്ല ,സമൂഹം ,രാജ്യം എന്നിവയും ഏകാന്തത എന്ന ചരിത്രാനുഭവത്തിലേയ്ക്ക് വഴുതി വീഴാം എന്ന് പാസ് പറയുന്നുണ്ട്. കോവിഡ് കാലത്ത് ലോകം തന്നെ ഏകാന്തത എന്ന ചരിത്രാനുഭവത്തിലേയ്ക്ക് വീണിരിക്കുകയാണ്. എല്ലാ മനുഷ്യരും തന്നെത്തന്നെ കീറി പരിശോധിക്കുന്ന ഏകാന്തത എന്ന ‘ രോഗ ‘ത്തിന്റെ ഇരകള്‍ ആയി മാറിയിരിക്കുന്നു. രാഷ്ട്രീയം ഏകാന്തതയുടെ രാഷ്ട്രീയമായും സാമ്പത്തികരംഗം ഏകാന്തതയുടെ സാമ്പത്തിക രംഗമായും മാറിയിരിക്കുന്നു. ഡോണള്‍ഡ് ട്രംപിനെപ്പോലെ ഒരാള്‍ പിച്ചും പേയും വിഡ്ഢിത്തവും വിളിച്ചു പറയുന്നതായി വിചാരിക്കുന്ന ഒരാള്‍ക്ക് ഈ മാറ്റം മനസ്സില്ലായിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍. ഏകാന്തയുടെ രാഷ്ട്രീയവും ഏകാന്തയുടെ സാമ്പത്തികതയും മനസ്സിലാക്കാന്‍ ചിക്കാഗോ സ്‌കൂളിന്റെ ചിന്തകള്‍ പോരാ എന്ന് മനസ്സിലാക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡണ്ടിന്റെ വിഭ്രാന്തിയാണ് ട്രം പിലൂടെ പുറത്ത് വരുന്നത്. പുതിയ ലോകം മുതലാളിത്തത്തിന്റെ മനസ്സില്‍ ഉണ്ടാക്കിയ വിഭ്രാന്തിയുടെ പ്രകടനം ആണിത് . ആ അര്‍ത്ഥത്തില്‍ അത് ഒരു രോഗലക്ഷണത്തിന്റെ സത്യസന്ധമായ പ്രകടനമാണ്. അവിടെ നിന്ന് വേണം കോവിഡ് ബാധിത ലോകത്തിന്റെ പാതാളം എന്തെന്നറിയാന്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു

സഞ്ചാരം ആയിരുന്നു ഇക്കഴിഞ്ഞ ദശകങ്ങളില്‍ ഏറ്റവും കൂടുതല്‍ കുതിച്ച ഒരു മാനുഷിക കര്‍മ്മം .ഓടിക്കൊണ്ടിരിക്കുന്ന നിരവധി പേടകങ്ങളില്‍ അടച്ചിടപ്പെട്ട മനുഷ്യരെയാണ് നാം കണ്ടു കൊണ്ടിരുന്നത്. പ്രതി – ക്വാറന്റൈന്‍ (Reverse Quarantine ) എന്നൊക്കെ പറയും പോലെ പ്രതി – സഞ്ചാരം (Reverse Travel) എന്ന മട്ടില്‍ പലായനങ്ങള്‍ വളര്‍ന്നുകൊണ്ടിരിയ്ക്കുന്നു. യഥാര്‍ത്ഥത്തില്‍ പലായനങ്ങള്‍ എന്നല്ല ഇതിനെ വിളിക്കേണ്ടത്. ജന്മനാട്ടിലേയ്ക്കുള്ള മടക്കം എന്നാണ്. വെക്കേഷന് വരും പോലല്ല അത്. ഇഷ്ടം കൊണ്ടുമല്ല. വ്യവസായ വിപ്ലവം തുടങ്ങി വെച്ച കുടിയേറ്റത്തിന്റെ തിരിച്ചിടല്‍ ആണത്. ചരിത്രത്തിന്റെ ഒരു യു-ടേണ്‍ . നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേയ്ക്കുള്ള മടക്കം ഒരര്‍ത്ഥത്തില്‍ നഗര കേന്ദ്രിത ലോകത്തെയും സംസ്‌കാരത്തേയും മറിച്ചിടുന്നുണ്ട്. അത് താത്കാലികമാണെന്നാണ് നമുക്കൊക്കെ വിചാരിക്കാനിഷ്ടം. പക്ഷെ ,ആ താത്കാലികത നിരന്തരം നീട്ടിവെയ്ക്കപ്പെടുകയാണ്. മാത്രമല്ല ,ഗവണ്മെന്റുകള്‍ക്ക് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ ഒന്നായി ജന്മനാട്ടിലേയ്ക്കുള്ള മടക്കം വളരുകയും ചെയ്യുന്നു. പാരീസില്‍ നിന്ന് സ്വന്തം ജന്മനാടായ മാര്‍ട്ടിനിക്കിലേയ്ക്കുള്ള മടക്കത്തിലാണ് പ്രസിദ്ധ കവി അയ്‌മേ സെസയര്‍ ജന്മനാട്ടിലേയ്ക്കുള്ള മടക്കത്തിന്റെ നോട്ടുപുസ്തകം എഴുതിയത്. ഭാവനയുടെ ലോകത്ത് , ഏറ്റവും ചുരുങ്ങിയത് മൂന്നാം ലോകഭാവനയുടെ ലോകത്തെങ്കിലും യൂറോ കേന്ദ്രിത ആധുനികതയുടെ അട്ടിമറി ആയിരുന്നു ,അത്. നെഗ്രിറ്റിയൂഡ് എന്ന വാക്ക് ,കൃതമായി പറഞ്ഞാല്‍ സങ്കല്പനം ലോകമെമ്പാടും പരത്തിയ കൃതി ആയിരുന്നു അത്. ലോകത്തില്‍ പുതിയൊരു ഭാവനത്തിര ആഞ്ഞടിക്കുകയായിരുന്നു. ആ തിരയാണ് ഇന്ത്യയില്‍ വരെ വന്നെത്തി ദളിത് ഭാവനയും മറ്റുമായി വികസിച്ചത്. ഇപ്പോള്‍ ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹതാശരായി പിന്മടങ്ങുന്ന മനുഷ്യര്‍ക്കുള്ളില്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ഭാവനയുടെ പ്രകാശനമാണ് ഇനിയുള്ള ലോകത്തെ നിര്‍ണ്ണയിക്കാന്‍ പോകുന്നതെന്ന് പറയാം. ഏറ്റവും ചുരുങ്ങിയത് മാര്‍ക്‌സിസമടക്കമുളള ബദല്‍ ഭാവനകളെ അത് ഉറച്ചു പോയ ഇടങ്ങളില്‍ നിന്ന് വിമോചിപ്പിച്ചേക്കും .

സഞ്ചരിക്കുന്ന മനുഷ്യര്‍ മെരുങ്ങിയ മനുഷ്യരായപ്പോളുണ്ടായ തളര്‍വാതത്തെ (Paralysis ) തട്ടിയുണര്‍ത്താന്‍ പ്രചോദനാത്മക പ്രഭാഷണങ്ങള്‍ ( Motivational Speech) പോരാ. പോസിറ്റീവ് തിങ്കിങ്ങ് തുടങ്ങിയ മുതലാളിത്ത ഇക്കിളികള്‍ക്ക് ഉണര്‍ത്താന്‍ കഴിയുന്ന മനസ്സുകളുടെ അസ്തമയമാണ് പതുക്കെ പതുക്കെ നാം കാണുന്നത്. ഇളവുകളും സഹായ പദ്ധതികളും പ്രഖ്യാപിച്ച് സാമ്പത്തിക ശാസ്ത്രം അതിന്റെ അവസാനത്തെ പ്രചോദന പ്രഭാഷണമാണ് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത് . ഇക്കാലം നീണ്ടു നിന്നാല്‍ അത് വിലാപകാവ്യമാകാന്‍ അധികം സമയം വേണ്ട. ഇങ്ങനെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തലത്തില്‍ നാം സ്ഥിരമെന്ന് വിശ്വസിച്ചിരുന്ന പലതും ദിനംപ്രതി നാം പറഞ്ഞു പറഞ്ഞ് താങ്ങി നിര്‍ത്തിയ ഒരു കുമിള ലോകം ആയിരുന്നു എന്ന തിരിച്ചറിവ് പതുക്കെ പതുക്കെ വ്യാപിക്കുന്നുണ്ട്. മനുഷ്യരുടെ എല്ലാ കര്‍മ്മങ്ങള്‍ക്കു മേലും സ്ഥാനത്തും അസ്ഥാനത്തും അടിച്ചേല്പിച്ചിരുന്ന സൈബര്‍ ലോകത്തിന്റെ അയഥാര്‍ത്ഥപ്രതലം ക്വാറന്റൈന്‍ തളര്‍വാതത്തില്‍ സഞ്ചാരത്തിന് ബദല്‍ പ്രതലമൊരുക്കി.

അതിലൂടെ ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേയ്ക്ക് ,രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേയ്ക്ക് അയഥാര്‍ത്ഥ വിമാനങ്ങള്‍ പറക്കുന്നുണ്ട്. അയഥാര്‍ത്ഥ മെട്രോകള്‍ ഓടുന്നുണ്ട്. അവിടെയാണ് ഇപ്പോള്‍ നിര്‍മ്മിതികള്‍ നടക്കുന്നത്. തമാശകളും പരസ്യങ്ങളും മാളുകളും സിനിമാശാലകളും ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരിടം അതു മാത്രമായി മാറിയിരിക്കുന്നു. കണ്ണാടിയ്ക്കു മുന്നില്‍ വസ്തുവില്ലാതെ പ്രതിബിംബം രൂപപ്പെടുന്ന മട്ടില്‍. ഒരു പകുതി മുറിഞ്ഞുപോയ ലോകം മറുപകുതിയെ സജീവമാക്കും പോലെ. കുറച്ചു കാലം മുമ്പ് നമ്മെ വിട്ടുപിരിഞ്ഞ ഒളിവര്‍ സാക്‌സ് എന്ന പ്രസിദ്ധനായ ന്യൂറോളജിസ്റ്റ് തലച്ചോറിന് പരിക്കുപറ്റി നിറങ്ങള്‍ കാണാതായ ചിത്രകാരനെ പറ്റി എഴുതിയിട്ടുണ്ട്. വര്‍ണ്ണങ്ങള്‍ തിരിച്ചറിയാതായ അയാള്‍ക്ക് ലോകം കറുപ്പും വെളുപ്പുമായി. ആ സത്യത്തിലേയ്ക്ക് സ്വയം പുനര്‍നിര്‍മ്മിച്ച് അയാള്‍ കറുപ്പിലും വെളുപ്പിലും വരയ്ക്കാന്‍ തുടങ്ങി. സ്വന്തം അവസ്ഥയിലേയ്ക്ക് , പഴയ കാലങ്ങളില്‍ തങ്ങി നില്‍ക്കാതെ , മാറ്റിപ്പണിയുകയായിരുന്നു ,അയാള്‍ . ഈ മെരുങ്ങലാണ് (Adaptation) മനുഷ്യരാശിയെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുക എന്നല്ല സാക്‌സ് പറയുന്നത്. മറിച്ച് , തകര്‍ന്ന ജീവിതത്തെ സഹനീയമാക്കുക എന്നാണ്. ഈ ത്വരയാണ് അയഥാര്‍ത്ഥ ലോകത്തെ സജീവമാക്കുന്നത്. ഭാവനയുടെ ഒരു മായേന്ദ്രിയം (Phantom Organ ) പോലെ നാമതില്‍ മുഴുകുന്നു. 24 X 7 സമയത്തിലും . അപ്പുറത്ത് നമ്മള്‍ ഇന്നലെ നിന്നിരുന്ന ലോകം ടൈറ്റാനിക് പോലെ മുങ്ങിത്താഴുന്നു.

ഈ മുങ്ങിത്താഴുന്ന ലോകത്തില്‍ നിന്ന് നാം എന്താണ് ഭാവിയിലേയ്ക്ക് എടുക്കേണ്ടത്? തീര്‍ച്ചയായും ജനാധിപത്യ അവബോധം തന്നെ ആയിരിക്കണം. പ്രചണ്ഡപ്രചരണത്തിന് (Propaganda) മാറ്റിമറിക്കാന്‍ കഴിവുള്ള ദുര്‍ബലമായ ,രോഗബാധിതമായ ,മരണാസന്നമായ ,ഇന്നത്തെ മനുഷ്യരാശിയെ ഓര്‍മ്മിപ്പിക്കുന്ന ആ ജനാധിപത്യത്തെ അല്ല. മാര്‍ക്‌സ് ഗോഥാ പരിപാടിയുടെ വിമര്‍ശനത്തില്‍ സാംസ്‌ക്കാരിക ചലനാത്മകത നല്‍കിയ ആ വാചകം ‘ ഓരോരുത്തരും കഴിവിന് അനുസരിച്ച് എന്നതില്‍ നിന്നും ഓരോരുത്തരും ആവശ്യത്തിന് അനുസരിച്ച് എന്നതിലേയ്ക്ക് ‘ ഇടപെടുന്ന പൊതുമണ്ഡല നിര്‍മ്മാണമാണ് മനുഷ്യരെ അവരുടെ മൂല്യത്തില്‍ നിലനിര്‍ത്തുക. ആധുനിക മൂല്യങ്ങളില്‍ നിന്ന് ഇടിഞ്ഞു വീണ മനുഷ്യര്‍ , വൈറസിനേക്കാള്‍ വിനാശകാരികള്‍ ആണ്. കോവിഡാനന്തര ലോകം – കോവിഡിനെ കീഴടക്കിയ ശേഷമുള്ള ലോകം എന്ന അര്‍ത്ഥത്തില്‍ അല്ല ഈ പ്രയോഗം ,മറിച്ച് ജനജീവിതവും കോവിഡും തമ്മില്‍ ഒരു സമതുലിതാവസ്ഥയില്‍ എത്തിച്ചേരുന്ന ലോകം എന്ന അര്‍ത്ഥത്തില്‍ ആണ് – നിരവധി വിഭജനങ്ങളും മുറിവുകളും ഉള്ള ഒരു ലോകം ആയിരിക്കും. ആ മുറിവിന്റെ ആഴങ്ങളില്‍ നിരവധി മൂല്യങ്ങളുടെ ഉപ്പ് നിറച്ചാല്‍ മാത്രമേ അത് പുതിയ സ്ഥലത്ത് തളിര്‍ക്കൂ. സ്‌നേഹത്തെക്കുറിച്ചും മനുഷ്യരുടെ പരസ്പര ബന്ധത്തെക്കുറിച്ചും കഠിനമായി ആലോചിക്കുന്ന ശില്പശാലയായി അതിനെ സാംസ്‌കാരികമായി പരിണമിപ്പിക്കേണ്ടതുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply