വായനക്കാരുടെ ബോധത്തിലെ സര്‍ജിക്കല്‍ ഇടപെടുകള്‍

മൂന്നു മാസങ്ങള്‍ക്കുളളില്‍ മൂന്നുപുസ്തകങ്ങളുമായി തൊടുപുഴ സ്വദേശിയും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി എന്‍ സുനില്‍. മാധ്യമങ്ങളുടെ ഉല്‍പ്പത്തിയും പരിണാമവും, വനാന്തരങ്ങളിലെ മനുഷ്യര്‍ (യാത്രകളും കുറിപ്പുകളും), അഭിമുഖങ്ങള്‍ അനുസ്മരണങ്ങള്‍ എന്നിവയാണ് ആ പുസ്തകങ്ങള്‍. അകാലത്തില്‍ പൊലിഞ്ഞ മഹേഷ് എന്ന തന്റെ മകന്റെ ഓര്‍മ്മക്കാണ് സുനില്‍ പുസ്തകങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

പതിനഞ്ചോളം ചെറിയ അധ്യായങ്ങളിലൂടെ മാധ്യമങ്ങളുടെ ഉല്‍പ്പത്തിയുടേയും പരിണാമത്തിന്റേയും ചരിത്രം വിശദീകരിക്കുന്ന പുസ്തകം ആ മേഖലയില്‍ താല്‍പ്പര്യമുള്ളവര്‍ക്കൊരു പാഠപുസ്തകമാണ്. മലയാളപത്രപ്രവര്‍ത്തകചരിത്രത്തില്‍ വിപ്ലവാത്മക നിലപാടെടുത്ത ചരിത്രമുള്ള സ്വദേശാഭിമാനിയേയും കേസരിയേയും തുടക്കത്തിലെ സുനില്‍ സ്മരിക്കുന്നു. ദേശീയപ്രസ്ഥാനത്തില്‍ പത്രങ്ങളുടെ പങ്ക്, പംക്തികളുടെ തുടക്കം, പരസ്യവും പത്രസ്വാതന്ത്ര്യവും, പ്രസ്‌ക്ലബ്ബുകളും പത്രപ്രവര്‍ത്തക യൂണിയനുകളും, ഫീച്ചര്‍, പ്രമുഖ കോളമിസ്റ്റുകള്‍, അന്വേഷാണാത്മക പത്രപ്രവര്‍ത്തനം, സമാന്തര പ്രസിധീകരണങ്ങള്‍ തുടങ്ങിയ അധ്യായങ്ങള്‍ ശ്രദ്ധേയങ്ങളാണ്. അതേസമയം മാധ്യമങ്ങളുടെ ഇന്നത്തെ അവസ്ഥയെ രൂക്ഷമായിതന്നെ സുനില്‍ വിമര്‍ശിക്കുന്നു. മാധ്യമങ്ങള്‍ നെയ്‌തെടുക്കുന്ന വലക്കു പുറത്തൊരു ജീവിതം അസാധ്യമായിരിക്കുന്നു എന്നും എന്തു ചിന്തിക്കണം, എങ്ങനെ ചിന്തിക്കണം, എന്തു ഭക്ഷിക്കണം, എന്തു ധരിക്കണം എന്നിങ്ങനെ ഒരു മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ ജീവിതത്തില്‍ മാധ്യമങ്ങള്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നും മറുവശത്ത് ഭരണകൂടങ്ങള്‍ മാധ്യമങ്ങളെ വിഴുങ്ങാന്‍ ശ്രമിക്കുകയാണെന്നും സുനില്‍ ഈ പുസ്തകത്തിലൂടെ പറയുന്നു.

പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുമ്പോള്‍ ആദിവാസി മേഖലയായ എടമലക്കുടിയിലേക്ക് മന്ത്രി ജയലക്ഷ്മിക്കും മറ്റു പത്രപ്രവര്‍ത്തകര്‍ക്കുമൊപ്പം നടത്തിയ യാത്രയുടേയും അവിടത്തെ ആദിവാസി ജീവിതത്തേയും കുറിച്ചുള്ള വിവരണമാണത്തോടെയാണ് വനാന്തരങ്ങളിലെ മനുഷ്യര്‍ എന്ന പുസ്തകം ആരംഭിക്കുന്നത്. കാടിനേയും കാടരേയും കുറിച്ചുള്ള തന്റെ കാഴ്ചകള്‍ മാത്രമല്ല, ആദിവാസിവിഭാഗങ്ങള്‍ ഇപ്പോഴും അരികുവല്‍ക്കരിക്കപ്പെടുന്ന വിഷയത്തിലേക്കും സുനില്‍ ഇതിലൂടെ ശ്രദ്ധ ക്ഷണിക്കുന്നു. തുടര്‍ന്ന് ഡെല്‍ഹിയിലേക്കും ഹിമവാന്റെ താഴ്‌വരകളായ ഹരിദ്വാറിലേക്കും ഋഷികേശിലേക്കും നടത്തിയ യാത്രാനുഭവങ്ങളും സുനില്‍ വിവരിക്കുന്നു. ഈ പ്രദേശങ്ങളിലെ യാത്രാനുഭവങ്ങള്‍ എത്രയോ പേര്‍ എഴുതിയിരിക്കുന്നു. എന്നാല്‍ സുനിലിന്റെ ഡെല്‍ഹി യാത്രാനുഭവങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ പരിണാമങ്ങള്‍ക്കൊപ്പം കൂടിയുള്ള യാത്രയാണ് എന്നതാണ് വ്യത്യാസം. ഹിമാലയത്തിന്റെ ഒരറ്റത്തുമാത്രം പോയ വിവരണമാണെങ്കിലും ഹരിദ്വാര്‍, ഋഷികേശ് വിവരണങ്ങളാകട്ടെ സംസ്‌കാരിക വൈജാത്യങ്ങള്‍ക്കൊപ്പമുള്ള യാത്രയുമാണ്. തുംഗഭദ്രാ തീരത്തുള്ള, വിജയനഗരസാമ്രാജ്യം ബാക്കിവെച്ച കരിങ്കല്‍ കൊട്ടാരങ്ങളുടേയും ക്ഷേത്രങ്ങളുടേയും നഗരമായ ഹമ്പിയിലൂടെയുള്ള യാത്രയാകട്ടെ ചരിത്രത്തിലൂടേയും. അങ്ങനെ സംസ്‌കാരത്തിലൂടേയും രാഷ്ട്രീയത്തിലൂടേയും ചരിത്രത്തിലൂടേയുമുള്ള യാത്രകളാണ് സുനില്‍ നടത്തുന്നത്.

സാധാരണനിലക്ക് ഒരു യാത്രാവിവരണഗ്രന്ഥത്തില്‍ പ്രതീക്ഷിക്കാത്ത ചില അധ്യായങ്ങളും ഈ പുസ്തകത്തിലുണ്ട്. അവയും പക്ഷെ യാത്രകള്‍ തന്നെയാണ്. ശാരീരകമായ യാത്രകളല്ല, ചിന്താപരമായ യാത്രകളാണവ. അതിലൊന്ന് കെ വേണുവിന്റെ ചിന്തകളിലൂടെയുളള യാത്രയാണ്. വര്‍ഗ്ഗസമരമല്ല, അനിവാര്യതയും യാദൃശ്ചികതയും തമ്മിലുള്ള സംഘട്ടനമാണ് മാറ്റത്തിന്റെ അടിത്തറ എന്നാണ് ആ അധ്യായത്തിന് സുനില്‍ പേരു കൊടുത്തിരിക്കുന്നത്. ഗൗരവമായ സാമൂഹിക ചരിത്രങ്ങളും ദാര്‍ശനിക സമസ്യകളും അനാവരണം ചെയ്യുന്ന വേണുവിന്റെ പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം എന്ന പുസ്‌കതത്തിലേക്കുള്ള യാത്രയാണ് ഈ അധ്യായം. ആ യാത്രയിലൂടെ സുനിലെത്തിചേരുന്നത് ജനാധിപത്യത്തിലേക്കുതന്നെയാണ്. ജനാധിപത്യത്തെ അവഗണിച്ചതാണ് എല്‍ടിടിഇക്ക് ഭീഷണിയായത്, ജനാധിപത്യം അധികാര കേന്ദ്രീകരണമല്ല, സഹവര്‍ത്തിത്വമാണ് എന്നീ അധ്യായങ്ങള്‍ അതിന്റെ തുടര്‍ച്ചയാണ്. ഒപ്പം സോമശേഖരന്‍ എഡിറ്റുചെയ്ത ഭഗവത്ഗീത, പല കാലം, പല കാഴ്ചകള്‍ എന്ന പുസ്തകത്തോടുള്ള പ്രതികരണവും പുസ്തകത്തിലെ മറ്റൊരു അധ്യായമാണ്.

അഭിമുഖങ്ങള്‍, അനുസ്മരണങ്ങള്‍ എന്ന പുസ്തകം പേരു സൂചിപ്പിക്കുന്നപോലെ പ്രമുഖവ്യക്തിത്വങ്ങളെ കുറിച്ചുള്ളതാണ്. മിക്കവാറും സുനില്‍ ജനയുഗത്തില്‍ ജോലി ചെയ്യുമ്പോള്‍ അതിലെഴുതിയതാണ്. സിനിമയുമായി ബന്ധപ്പെട്ടവയാണ് കൂടുതലും. ജെ ജി ജോര്‍ജ്ജ്, ജോണ്‍ പോള്‍, ശ്രീവിദ്യ, മുരളി എന്നിവര്‍ അവരില്‍ ചിലരാണ്. അതൊടൊപ്പം വെള്ളിത്തിരക്കുപുറകിലെ ദുരന്തകഥാപാത്രങ്ങളേയും സമാന്തരസിനമികളേയും സുനില്‍ ഓര്‍ക്കുന്നു. മാന്ത്രികനായ പി എം മിത്ര, ഓഷോ, പി ടി തോമസ് എന്നിവരെ കുറിച്ചുള്ള അധ്യായങ്ങളും പുസ്‌കത്തിലുണ്ട്. ഏടുത്തുപറയേണ്ടതായ മറ്റൊന്ന് ഏഴു വയസ്സില്‍ കൊഴിഞ്ഞുപോയ തന്റെ മകന്‍ മഹേഷിനെ കുറിച്ചുള്ള ലേഖനമാണ്. അവനുമൊത്ത് ജീവിച്ച ഹ്രസ്വകാലം തന്റെ വിചാരലോകത്ത് ഏറെ മാറ്റങ്ങളുണ്ടാക്കിയെന്നു സുനില്‍ പറയുന്നു. മഹേഷ് ആ പ്രായത്തില്‍ വരച്ച ഏതാനും ചിത്രങ്ങളും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. വായനക്കാരുടെ ബോധത്തില്‍ സൂക്ഷ്മമായി നടത്തുന്ന സര്‍ജിക്കല്‍ ഇടപെടലാണ് സുനിലിന്റെ പുസ്തകങ്ങള്‍ എന്നു പൊതുവില്‍ പറയാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply