മുസ്ലിം സ്ത്രീ രക്ഷകരുടെ അതിശയോക്തിക്ക് പിന്നില്‍ ഇസ്ലാമോഫോബിയ

മുസ്ലിം സ്ത്രീ അനുഭവിക്കുന്ന പ്രയാസങ്ങളെ സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് അവരുടെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുവാനുള്ള ആഗ്രഹത്തില്‍ നിന്നല്ല പുതിയകാലത്തെ മുസ്ലിം രക്ഷകരുടെ എഴുത്തുകളെ മനസ്സിലാക്കേണ്ടത്. മറിച്ച് തികഞ്ഞ ഇസ്ലാമോഫോബിയ (ISLAMOFOBIA) പ്രസരിപ്പിക്കാനുള്ള ക്യാപ്‌സൂളുകള്‍ നല്‍കുന്ന എഴുത്തുകള്‍ എന്ന നിലക്കാണ്. ഇപ്പോള്‍ ഓണ്‍ലൈന്‍ മീഡിയയിലൂടെ നടന്നുകൊണ്ടിരിക്കുന്ന പുതിയ മുസ്ലിം രക്ഷകവേഷങ്ങളുടെ അതിശയോക്തികള്‍ മുസ്ലിം സ്ത്രീയെ രക്ഷിക്കാനുള്ളതല്ല എന്നും നോമ്പിനെ പൈശാചികവല്‍ക്കരിക്കാനുള്ള കുറിപ്പടികള്‍ മാത്രമാണ് എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു. നോമ്പുകാലത്തെ മുസ്ലിം സ്ത്രീ ജീവിതത്തെക്കുറിച്ച് അബ്ബാസ് എഴുതിയ ലേഖനം ഈ അര്‍ത്ഥത്തില്‍ തികവുറ്റ ഇസ്ലാംഭീതിയുടെ ഉല്‍പന്നമാണ്.

നോമ്പുകാലത്ത് മുസ്ലിം സ്ത്രീ അടുക്കളയില്‍ വിയര്‍ത്തൊലിക്കുകയാണെന്നും അതിനു ഉത്തരവാദി ഇസ്ലാമും ഇസ്ലാമിന്റെ ചിഹ്നങ്ങളും ആണ് എന്നാണ് ലേഖകന്‍ പറഞ്ഞുവെക്കുന്നത്. നേര്‍ക്കുനേരെ ഇസ്ലാമിനെയും ഇസ്ലാമിക ചിഹ്നങ്ങളെയും ആരാധനകളെയും തെറി പറയാന്‍ സാധ്യമാവാത്ത ഇടങ്ങളില്‍ ഇത്തരത്തിലുള്ള രക്ഷക വേഷത്തിലൂടെയാണ് ഇവര്‍ ആക്രമണം അഴിച്ചുവിടാറുള്ളത്. സംഘപരിവാര്‍ നടത്തുന്നതുപോലുള്ള പ്രത്യക്ഷ അക്രമങ്ങള്‍ നടത്താനുള്ള കഴിവില്ലായ്മ മൂലം ഇവര്‍ പരോക്ഷമായ ആക്രമണമാണ് ഇസ്ലാമിനെയും ഇസ്ലാമിക ചിഹ്നങ്ങള്‍ക്ക് നേരെയും നടത്താറുള്ളത് എന്നര്‍ത്ഥം. അടുക്കളയില്‍ ദുരിതമനുഭവിക്കുന്ന മുസ്ലിം സ്ത്രീയുടെ രക്ഷകരായി സ്വയം അവരോധിച്ച് മുസ്ലിം പുരുഷനെയും നോമ്പ് എന്ന ഇസ്ലാമിന്റെ ഏറ്റവും ഉന്നതമായ ഒരു അനുഷ്ഠാനത്തെയും പൈശാചിക വല്‍ക്കരിക്കുക എന്ന അജണ്ടയാണ് ഇതിന് പിന്നില്‍ എന്ന് തിരിച്ചറിയാന്‍ നമുക്ക് സാധിക്കും.

മുസ്ലിം സ്ത്രീകള്‍ നോമ്പുകാലത്ത് പ്രത്യേകമായി പുതിയ പ്രയാസങ്ങള്‍ അനുഭവിക്കുന്നതായി നമുക്ക് മനസ്സിലായിട്ടില്ല. മറ്റെല്ലാ മാസങ്ങളിലെയും പോലെ മറ്റെല്ലാ സ്ത്രീകളെയും പോലെ മുസ്ലിം സ്ത്രീയും അടുക്കളയില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയില്‍ കേരളീയ അടുക്കളയുടെ ഒരു ഡെമോണ്‍സ്‌ട്രേഷന്‍ വളരെ ഭംഗിയായി ആവിഷ്‌കരിച്ചിട്ടുണ്ട്.. ആ സിനിമയില്‍ കേരളീയ അടുക്കള മാത്രമല്ല കേരളീയ പുരുഷന്റെയും ഒരു മിനിയേച്ചറും വളരെ ഭംഗിയായി അവതരിപ്പിക്കപ്പെട്ടത് നാം കണ്ടതാണ്. അഥവാ അടുക്കള എന്ന ലോകത്തുനിന്ന് നടു നിവര്‍ത്താന്‍ കഴിയാതെ തുടര്‍ച്ചയായി ജോലിയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന പെണ്‍ ജീവിതങ്ങള്‍ നമുക്ക് ചുറ്റും ഇപ്പോഴും ഉണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത് മതഭേദമില്ലാതെ മാസ ഭേദമില്ലാതെ എല്ലാ അടുക്കളയിലും സംഭവിക്കുന്ന ഒരു കാര്യമാണ് എന്ന് പറയുന്നതിന് പകരം അതിശയോക്തിപരമായ ഇല്ലാ കഥകള്‍ കൊണ്ട് നോമ്പുകാലത്തെ പെണ്‍ജീവിതം ദുരിത പൂര്‍ണ്ണമാണെന്ന് വരുത്തി തീര്‍ക്കുകയാണ് ലേഖകന്‍ ചെയ്തത്. ഇത് ആരുടെ അജണ്ട ആണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു സമൂഹം ഇവിടെ വളര്‍ന്നു വന്നിട്ടുണ്ട് എന്ന് ലേഖകന്‍ മനസ്സിലാക്കേണ്ടതായിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇതിനര്‍ത്ഥം നമ്മുടെ നാട്ടിലെ മുസ്ലിം അടുക്കളകള്‍ ദുരിത പൂര്‍ണ്ണമല്ല എന്നോ എല്ലാം സുന്ദരമാണ് എന്നുമല്ല. മറിച്ച് എല്ലാ അടുക്കളയിലും സംഭവിക്കുന്ന അടിച്ചമര്‍ത്തലുകള്‍ അവഗണനകള്‍ പ്രയാസപ്പെടുത്തലുകള്‍ മുസ്ലിം സമുദായത്തിലും ഉണ്ട് എന്ന് തന്നെയാണ്. നമ്മുടെ സാമൂഹ്യ സാഹചര്യം പുരുഷാധിപത്യ ബോധം പേറുന്ന ഒരു സാമൂഹ്യ ഘടനയാണ് എന്നതിനാല്‍ അതില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഒരു പെണ്‍ജീവിതം മാത്രമേ നമുക്ക് സാധ്യമാവുകയുള്ളൂ. അഥവാ പെണ്‍ ജീവിതങ്ങള്‍ അടുക്കളയിലും ഗാര്‍ഹിക ഇടത്തിലും അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് കാരണം നോമ്പുകാലവും മുസ്ലിമും അല്ല എന്ന് തിരിച്ചറിവാണ് ലേഖകന് ഇല്ലാതെ പോയത്. നോമ്പുകാലത്ത് മുസ്ലിം സ്ത്രീക്ക് പ്രത്യേകമായി എന്ത് ദുരിതമാണ് സമ്മാനിക്കുന്നത് എന്ന് മനസ്സിലായിട്ടില്ല.

അല്ലെങ്കിലും ഇപ്പോള്‍ രംഗപ്രവേശനം ചെയ്ത പുതിയ മുസ്ലിം രക്ഷക അവതാരങ്ങള്‍ക്ക് മുസ്ലിം സ്ത്രീയെ രക്ഷപ്പെടുത്തി കളയാം എന്ന് അജണ്ടയാണ് എന്ന് മനസ്സിലാക്കുന്നിടത്താണ് നമുക്ക് തെറ്റുപറ്റിയത്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം എഴുതിയ വീ.ടി ഭട്ടതിരിപ്പാടിന്റെ സമുദായ പരിഷ്‌കരണമാണ് ഇത്തരം എഴുത്തിലൂടെ ഇവര്‍ പ്രസരിപ്പിക്കുന്നത് എന്ന് തെറ്റിദ്ധരിച്ചു പോയ ഒരു കൂട്ടരാണ് നാം. മുസ്ലിം സമുദായത്തെയും അവരുടെ ചിഹ്നങ്ങളേയും പൈശാചിക വല്‍ക്കരിക്കാനുള്ള ഒരു വടി എന്നതിനപ്പുറം ഇത്തരം എഴുത്തുകള്‍ക്ക് ഒരു സാമൂഹ്യ പ്രസക്തി പോലും ഇല്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്. അഥവാ സവര്‍ണ്ണ മതേതര ലിബര്‍ ഇടത്തില്‍ സ്വന്തം വാസസ്ഥലം ഉറപ്പിക്കാനുള്ള ഇവരുടെ അടവ് എന്നതിനപ്പുറം ഒരു സമുദായ പരിഷ്‌കരണവും ഇതിന്റെ പിന്നിലില്ല എന്നര്‍ത്ഥം. മുസ്ലിം സ്ത്രീ ജീവിതത്തെ പ്രശ്‌നവല്‍ക്കരിച്ച് എഴുതിയാല്‍ നല്ല മാര്‍ക്കറ്റ് ലഭിക്കുമെന്നും പുരോഗമനത്തിന്റെ വക്താവായി സ്ത്രീ വിമോചകനായി രംഗപ്രവേശം ചെയ്യാം എന്നുമുള്ള കാഴ്ചപ്പാടില്‍ നിന്നായിരിക്കാം ഇത്തരത്തിലുള്ള എഴുത്തുകള്‍ ഉണ്ടാകുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാലുകെട്ടിയ ഹാജിയും പച്ചബെല്‍റ്റ് ധരിച്ച മാപ്പിളയും സവര്‍ണ്ണത ഉല്‍പാദിപ്പിച്ച മുസ്ലിം ബിംബങ്ങളാണ്. രണ്ടായിരത്തി ഇരുപത്തി മുന്നില്‍ നില്‍ക്കുമ്പോള്‍ പോലും പച്ചബെല്‍റ്റ് ഇടാതെ ഒരു മാപ്പിളയെ അവതരിപ്പിക്കാന്‍ കഴിയാത്ത ഒരു സാംസ്‌കാരിക ബോധമേ മാപ്പിള മുസ്ലിമിനെ കുറിച്ച് നമുക്കുള്ളൂ എന്നത് നാം നേടിയെടുത്ത സവര്‍ണ്ണ മൂല്യബോധമാണ്. എന്ന് മാത്രമല്ല ഒരു ഭീകരവാദിയെ ചിത്രീകരിക്കുമ്പോള്‍ അത് കഫിയ്യ പുതപ്പിച്ച മുസ്ലിമായിരിക്കണം എന്ന് സ്‌കൂള്‍ കലോല്‍സവ വേദിയിലെ രംഗാവിഷ്‌കാരത്തിലൂടെ നാം തെളീച്ചതാണ്. മുസ്ലിം വിരുദ്ധത ഒരു പൊതു ബോധമായി മാറികൊണ്ടിരിക്കുന്ന ഒരു സമൂഹ്യ പരിസരം രൂപപ്പെട്ട് കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് നാം ഇവിടെ മനസ്സിലാക്കേണ്ടത്. ഇത്തരത്തില്‍ സവര്‍ണ്ണതയും മുസ്ലിം വംശവെറിയുംനിറഞ്ഞാടുന്ന ഒരു സാമൂഹ്യ പരിസരത്തുനിന്ന് മുസ്ലിം സ്ത്രീയെരക്ഷപ്പെടുത്താന്‍ ഇറങ്ങി പുറപ്പെട്ട പുതിയ അവതാരങ്ങള്‍ സത്യത്തില്‍ ചെയ്ത് കൊണ്ടിരിക്കുന്നത് ഇസ്ലാമോഫോബിയക്ക് വേണ്ടുന്ന ചേരുവകള്‍ എത്തിച്ച് കൊടുക്കുന്ന പണിയാണ്. മാര്‍ച്ച് പതിനഞ്ച് അന്താരാഷ്ട്ര ഇസ്ലാമോ ഫോബിയ വിരുദ്ധ ദിനമായി ലോകമെങ്ങും ആചരിച്ചത് കേരളത്തിലെ മീഡിയകള്‍ക്ക് വലിയ വാര്‍ത്തയായില്ല എന്നുള്ളത് നമ്മള്‍ ഇപ്പോഴും സംഘ്പരിവാര്‍ നടത്തുന്ന പ്രത്യക്ഷ അക്രമങ്ങളാണ് ഇസ്ലാമോ ഫോബിയ എന്ന് മനസ്സിലാക്കിയത് കൊണ്ടാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply