വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തമായ കയ്യെഴുത്തുപ്രതികള്‍

മൂലധന സാന്ദ്രമായ ചൂഷണ സമ്പ്രദായമാണ് അന്യവല്ക്കരണത്തിലൂടെ അസ്വാതന്ത്ര്യം തൊഴിലാളി വര്‍ഗ്ഗത്തിനും ജനതക്കും മേല്‍ കെട്ടിയേല്പിക്കുന്നത്. പരിഹാരാര്‍ത്ഥം കമ്യൂണിസ്റ്റ് സമൂഹം സാധ്യമാക്കുക എന്നതാണെന്നും കയ്യെഴുത്തു പ്രതികള്‍ പ്രഘോഷിക്കുന്നു. അവതാരികയില്‍ മുരളി പറയുമ്പോലെ മനുഷ്യരാശിയുടെ മാത്രം വിമോചനമായല്ല, കയ്യെഴുത്ത് പ്രതികള്‍ നിലപാടെടുക്കുന്നത്. മനുഷ്യരും പ്രകൃതിയും പ്രപഞ്ചവും സ്വതന്ത്രവികസിതമാക്കുന്ന വൈരുധ്യാധിഷ്ഠിതവും ചരിത്രപരവുമായ ദൗത്യമായാണ്.

അജിത് നരിക്കുനിയുടെ പരിഭാഷയില്‍ ജനവാര്‍ത്ത പ്രസിദ്ധീകരിച്ച മാര്‍ക്‌സിന്റെ ‘1844-ലെ സാമ്പത്തികവും തത്ത്വശാസ്ത്രപരവുമായ കയ്യെഴുത്ത് പ്രതികള്‍’ (‘The Economic and Philosophical Manuscripts of 1844’) വര്‍ത്തമാന ലോകസാഹചര്യത്തില്‍ നിര്‍ണ്ണായകമായ ഒരു ചുവടുവെപ്പാണ്. മാര്‍ക്‌സും മാര്‍ക്‌സിസ്റ്റുകളുമായി തത്ത്വവും പ്രയോഗവും പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നൊരു സാര്‍വ്വദേശീയ സാഹചര്യത്തിലൂടെ കടന്നുപോവുകയാണിന്ന് കാലം. മൂലധന സാന്ദ്രമായ സാമ്രാജ്യത്വാഗോളീകരണത്തിന്റെ നവകോളനി സമ്പ്രദായത്തില്‍ നിന്ന് വിമോചനത്തിനായ് മറ്റുവഴികളൊന്നും മാര്‍ക്‌സിസമൊഴികെയില്ലാത്ത സ്ഥിതിഗതികളില്‍ വിപ്ലവമാര്‍ക്‌സിസം ആവശ്യപ്പെടുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ ഈ പുസ്തകം നല്‍കുന്ന വെളിച്ചം നിര്‍വ്വചനാതീതമാണ്. അത്തരമൊന്നിന് അഭിമുഖം നില്‍ക്കുന്നുവെന്ന പ്രതീതിയോടെ, 25 പേജോളം വരുന്ന ഈ പുസ്തകത്തിന്റെ അവതാരികയില്‍ കെ.മുരളി അതിന്റെ കേന്ദ്രപ്രമേയത്തിലേക്ക് കടക്കാതെ, അതിന്റെ ഘടനാപരമായ രീതിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം തന്നെ, രാഷ്ട്രീയ സമ്പദ് ശാസ്ത്രത്തെക്കുറിച്ച് ഒരു വിമര്‍ശനപഠനം പ്രസിദ്ധീകരിക്കാന്‍ 1845 ല്‍ മാര്‍ക്‌സ് ഒരു പ്രസാധക സ്ഥാപനവുമായി കരാര്‍ ചെയ്തിരുന്നു’ എന്നും, മറ്റുതിരക്കുകളാല്‍ അത് നിറവേറ്റാന്‍ കഴിഞ്ഞില്ല’എന്നും, മാര്‍ക്‌സിന്റെ കൃതി പ്രസിദ്ധീകരിക്കുന്നത് അപകടകരമാവും എന്ന ആശങ്കയില്‍ പ്രസാധകര്‍ പിന്‍മാറുകയും ചെയ്തു’എന്നും, അന്ന് എഴുതാന്‍ ഉദ്ദേശിച്ച പുസ്തകത്തിനുള്ള കുറിപ്പുകളാണ് 1844-ലെ കയ്യെഴുത്ത് പ്രതികള്‍’എന്നടിസ്ഥാനത്തിലാണ് ഇതിന്റെ മോസ്‌കോ പതിപ്പ് യാഥാര്‍ത്ഥ്യമായത് എന്നും അദ്ദേഹം വിവരിക്കുന്നുണ്ട്. തുടര്‍ന്ന് ‘ഹെഗേലിയന്‍ വൈരുധ്യരീതി പ്രയോഗിച്ച് മാര്‍ക്‌സ് നടത്തിയ രാഷ്ട്രീയ സമ്പദ്ശാസ്ത്ര വായനയും സങ്കലനവുമാണ് കയ്യെഴുത്ത് പ്രതികളില്‍ കാണുന്നത് എന്നായിരുന്നു അമേരിക്കന്‍ ഗവേഷകയായിരുന്ന മാര്‍ഗരറ്റ് ഫേയുടെ വാദം. ഹെഗല്‍ രീതിയും ആഡംസ്മിത്ത് ഉള്ളടക്കവും നല്‍കി’എന്നും, ആ അടിസ്ഥാനത്തില്‍ 1979 ല്‍ തയാറാക്കിയ പി എച്ച് ഡി പ്രബന്ധത്തിലാണ് അത് ഉന്നയിച്ചതെന്നും അതിനെ ശരിവെക്കുകയാണ് മുരളി ഇങ്ങനെ: ‘മാര്‍ക്‌സിന്റെ ചിന്താപ്രക്രിയയെ പിന്തുടരാന്‍ സഹായകമാവേണ്ടതായിരുന്നു കയ്യെഴുത്ത് പ്രതികളുടെ പ്രസാധനം. എന്നാല്‍ മാര്‍ക്‌സിന്റെ ക്രമം അവഗണിച്ചത് മൂലം മോസ്‌കോ പതിപ്പ് ചിട്ടപ്പെടുത്തിയവരുള്‍പ്പെടെ എല്ലാവരും അതില്‍ പരാജയപ്പെട്ടു. കുറിപ്പെഴുതുമ്പോള്‍ മാര്‍ക്‌സ് പിന്തുടര്‍ന്ന വിശകലനരീതിയെ അതിന്റെ യഥാര്‍ത്ഥയുക്തിയെ, മോസ്‌കോ പതിപ്പ് നഷ്ടപ്പെടുത്തി. ഇതാണ് ഫേയുടെ വാദം. കഴമ്പുള്ള വിമര്‍ശനമാണിത്’ എന്ന നിലപാടാണ് ഇതിലദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.

‘ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും മറുപകുതി പ്രജ്ഞയില്‍ കരിപൂശിയവാവും!’ എന്ന ചങ്ങമ്പുഴക്കവിതപോലെ ! എന്നുവെച്ചാല്‍, രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തെക്കുറിച്ച് ഒരു വിമര്‍ശനപഠനം പ്രസിദ്ധീകരിക്കുന്നത് മാര്‍ക്‌സിന്റെ ഉദ്ദേശമായിരുന്നതും, അതിനുവേണ്ടി തയാറാക്കിയതാവാം ഈ കുറിപ്പുകളെന്നും പറഞ്ഞുകൊണ്ട് അതില്‍ നിന്നുമാറി, ഇപ്പറഞ്ഞ മാര്‍ഗരറ്റ്‌ഫേയുടെ വാദത്തോടൊത്തു നില്‍ക്കുക, അതിനാകട്ടെ, ;മാര്‍ക്‌സിന്റെ ക്രമം അവഗണിച്ചതുമൂലം’ എല്ലാവരും പരാജയപ്പെട്ടവരാവുക, ക്രമം അവഗണിച്ചതാണ് മാര്‍ക്‌സ് ഉദ്ദേശിച്ചത് എന്തെന്ന് കണ്ടുപിടിക്കാന്‍ കഴിയാതെ പോയത്. അതാണ് കുഴപ്പമെന്ന് സ്ഥാപിക്കാനുദ്യമിക്കുക. ക്രമം ആവശ്യമെങ്കിലും അതില്ലാതെ വന്നാലും എന്താണൊരു രചനയിലെ സുപ്രധാനാശയം എന്നറിയാന്‍ ഒരു മാര്‍ക്‌സിസ്റ്റിന് എന്താണൊരു പോരായ്മയായ് വരിക! അപ്പൊഴും, ‘മാര്‍ക്‌സും ആര്‍നോള്‍ഡ്‌റുഗും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ‘ഡോയ്ച് ഫ്രാറസോഷിഷ് മാര്‍ബുഷറില്‍’ വന്ന ബൂര്‍ഷ്വാ രാഷ്ട്രീയ-സമ്പദ്ശാസ്ത്രത്തിന്റെ അടിസ്ഥാനധാരണകളെ വിമര്‍ശിക്കുന്ന എംഗത്സിന്റെ ലേഖനം തന്റെ പഠനത്തിന് സഹായകരമായത് മാര്‍ക്‌സ് ഈ കുറിപ്പുകളില്‍ പരാമര്‍ശിക്കുന്നുണ്ട്.’ എന്ന അടിസ്ഥാന മാര്‍ക്‌സിയന്‍ സിദ്ധാന്തസ്വഭാവം എടുത്തുകാട്ടുന്നുണ്ടദ്ദേഹം. എംഗത്സിന്റെ ഈ ലേഖനം മാക്‌സിന്റെ പഠനത്തിന് സഹായകരമായി എന്ന് മാര്‍ക്‌സ് തന്നെ പറയുമ്പോള്‍, മാര്‍ക്‌സിന്റെ മനസ്സിലുള്ള ആശയം അവതരിപ്പിച്ചു കൊണ്ട് മാര്‍ക്‌സിനന്ന് നേരിട്ട് പരിചയമില്ലാതിരുന്ന എംഗത്സ് എഴുതിയ ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ സ്ഥിതി’യും ഒരുമിച്ച് കാണുമ്പോള്‍, ഇരുവരും ഒരേ സമയമൊരുപോലെ ചിന്തിച്ചുവെന്നുകാണാം. ഇത് രണ്ടും വെച്ചുതന്നെ ഇവര്‍ ഒരാശയ ഇരട്ടകള്‍ എന്ന് സ്ഥാപിക്കാനാവും വിധം, എംഗത്സ്-മാര്‍ക്‌സിസം ആണ്, ആധുനീക മാര്‍ക്‌സിസം എന്നതിനും കൂടിയുള്ള ഒരു രേഖയായിത്തീരുന്നുണ്ട് ഈ കയ്യെഴുത്ത് പ്രതികള്‍. ‘ഡ്യുറിംഗിനെതിരെ എന്ന കൃതിയും, ‘ലുഡ്‌വിംഗ് ഫൊയര്‍ ബാഹും ക്ലാസിക്കല്‍ ജര്‍മ്മന്‍ തത്ത്വശാസ്ത്രത്തിന്റെ അന്ത്യവും’, മൂലധനത്തിന്റെ 3-ാം വാല്യത്തിന്റെ എഡിറ്റിംഗും ഉള്‍പ്പെടെ ഉള്‍ക്കൊള്ളുമ്പോള്‍ ഇരുവരും ഒരുമിച്ചെഴുതിയ കൃതികളുടെയടക്കം പശ്ചാത്തലത്തില്‍ ;എംഗത്സ്-മാര്‍ക്‌സിസം’ ആയി എന്നും കരുതാവുന്നതാണ്. മാര്‍ക്‌സിനോളം ആശയാഴം എംഗത്സിനുണ്ടായിരുന്നു എന്ന അര്‍ത്ഥത്തിലല്ല, മറിച്ച് ഒരേരീതിയിലൊരേസമയം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും എഴുതുകയും ഒരേയൊരു ഭൗതിക വൈരുധ്യ വീക്ഷണം ഒരുമിച്ച് വിപ്ലവകരമായി സ്ഥാപിക്കുകയും ചെയ്തു എന്നതിനാലാണ ്! എന്നിട്ടും, ‘ഈ കയ്യെഴുത്ത് പ്രതികള്‍ പഠനത്തില്‍ വിവാദവിഷയമാണെന്ന് പ റഞ്ഞല്ലൊ. മാര്‍ക്‌സിന്റെ ധാരണകളുടെ വികാസഗതിയില്‍ അവയ്ക്ക് എന്ത് പ്രാധാന്യം കല്പിക്കണം, എങ്ങനെ അടയാളപ്പെടുത്തണം എന്ന തര്‍ക്കമാണ് ഇതിലെ കാതലായപ്രശ്‌നം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മാര്‍സല്ലൊമുസ്റ്റൊയുടെ അഭിപ്രായത്തില്‍ പരസ്പരബന്ധമില്ലാത്ത ചിതറിയ കുറെ കുറിപ്പുകള്‍ മാത്രമാണ് അതിലുള്ളത്’ എന്ന വാദവും അവതരിപ്പിക്കുന്നു. തന്നെയുമല്ല,’ലൂയി അല്‍ത്തുസറിനേപ്പോലുള്ള പലരുമാകട്ടെ മാര്‍ക്‌സിന്റെ ബാലാരിഷ്ടതയുടെ ഉല്പന്നമായിട്ടാണ് അതിനെ കണ്ടത്. മാര്‍ക്‌സിന്റെ ധൈഷണിക പശ്ചാത്തലമായ ജര്‍മ്മന്‍ തത്ത്വചിന്തയുടെ, പ്രത്യേകിച്ചും ഫൊയര്‍ ബാഹിന്റെ പ്രശ്‌നപരിസരത്തില്‍ നിന്ന് ഇനിയും പൂര്‍ണ്ണമായി വേര്‍പെടാത്ത എഴുത്തുകളാണ് അതില്‍ കാണുന്നത് എന്നവര്‍ വാദിച്ചു’ എന്നതിനുമദ്ദേഹം ഒരിടം കൊടുക്കുന്നു. ഒപ്പം അതല്ല, മാര്‍ക്‌സിന്റെ നിലപാടുകള്‍ ഏറെക്കുറെ മുഴുവനായും ഈ കയ്യെഴുത്ത് പ്രതികളില്‍ വന്നു എന്നവാദവുമുണ്ട്.’ എന്നുകൂടിയദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്. ‘കയ്യെഴുത്ത് പ്രതികളിലെ കാതലായ പരികല്പനകള്‍ പില്ക്കാലത്തെ വികസിത കൃതികളിലും കാണാം എന്നതില്‍ തര്‍ക്കമില്ല.’എന്ന് സ്വന്തസമീപനവും ഇതോട് ചേര്‍ത്തുവെക്കുന്നുണ്ട് മുരളി. ഇപ്പറഞ്ഞ നിലപാടുകളിലെല്ലാം അല്പാല്പം കാര്യമുണ്ടെന്ന് കാണും വിധം കാഴ്ചയില്‍ ഒരു കണ്ണുവെക്കുന്നുണ്ടദ്ദേഹം.

ഒരു കേന്ദ്രീകൃത സമീപനം ഈ കൃതിയെ പ്രതി അവതരിപ്പിക്കുന്നില്ല, ആശയപരമായി. പുസ്തകത്തിലെ പല വിഷയങ്ങളും പില്ക്കാല രചനകളുടെ വെളിച്ചത്തില്‍ പരിശോധിക്കുന്നുണ്ടെങ്കിലും, ഒരടിസ്ഥാനനിലപാടിന്റെ വികാസപരിണതിയായല്ല; മറിച്ച്, ഒരു ചിന്തകന്റെ ചിന്താപ്രായാനുസാരിയായ; ക്രമാനുഗത വികാസമായാണ് നിലപാട് സ്വീകരിച്ചുകാണുന്നത്. ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ മാര്‍ക്‌സ് ഇങ്ങനെ പറയുന്നുണ്ട്: രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തെ ക്കുറിച്ചുള്ള ശ്രദ്ധാപൂര്‍വ്വമായ വിമര്‍ശനാത്മകപഠനത്തെ ആസ്പദമാക്കി തികച്ചും അനുഭവാധിഷ്ഠിതമായ അപഗ്രഥനം വഴിയാണ് ഞാന്‍ നിഗമനങ്ങളിലെത്തിയത് എന്ന കാര്യം രാഷ്ട്രീയസമ്പദ്ശാസ്ത്രത്തെക്കുറിച്ച് അറിവുള്ള വായനക്കാരനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലല്ലൊ?’ ഇതാണ് ഈ കയ്യെഴുത്ത് പ്രതികള്‍ തയ്യാറാക്കുന്നതിലെ അദ്ദേഹത്തിന്റെ കറതീര്‍ന്ന സമീപനം. കെ. മുരളി കരുതുന്നപോലെ ‘ക്രമാനുഗതമായി വികസിക്കുന്ന കുട്ടിയായല്ല, അടിസ്ഥാന നിലപാടിലേക്ക് വികസിച്ച് ദൃഢീകൃതമായ, വിപ്ലവോത്മുഖമായ വൈരുധ്യ ഭൗതികബോധത്തില്‍ നിന്നാണ് മാര്‍ക്‌സ് ഈ കുറിപ്പുകള്‍ തയാറാക്കുന്നതെന്ന് കാണാം. മുഴുവന്‍ വിപ്ലവപ്രസ്ഥാനവും അതിന്റെ അനുഭവാത്മകവും സൈദ്ധാന്തികവുകമായ അടിത്തറ സ്വകാര്യസ്വത്തിന്റെ ചലനത്തില്‍ – കൂടുതല്‍ കൃത്യമായിപ്പറഞ്ഞാല്‍ സമ്പദ് വ്യവസ്ഥയുടെ ചലനത്തില്‍-അവശ്യമായും കണ്ടെത്തുന്നുണ്ട് എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം’ എന്ന് 3-ാം കയ്യെഴുത്തു പ്രതിയില്‍ അദ്ദേഹം സ്ഥാപിക്കുന്നുമുണ്ട്.

‘ക്രമാനുഗതവികാസം; എന്ന കെ. മുരളിയുടെ സമീപനം വര്‍ഗ്ഗസമര സമീപന ത്തെ നിഷേധിക്കുന്നതായി ‘നവകോളനിക്കാലത്തെ രാഷ്ട്രീയ ബ്രാഹ്മണ്യം; എന്ന മറുവാക്ക് ലേഖനത്തില്‍ ഞാന്‍ വിശദീകരിച്ചിരുന്നു. ‘മനുഷ്യരാശിയുടെ മുഴുവറ ചരിത്രവും പരിശോധിച്ചാല്‍ ബോധത്തിന്റെ ക്രമബദ്ധമായ വികാസം കാണാനാവും എന്നും ‘പൊതുവായി മനുഷ്യന്‍ എന്ന സങ്കല്പത്തില്‍ അങ്ങനെയാണ് എത്തിചേര്‍ന്നത്എന്നുമുള്ള….. വീക്ഷണം ചരിത്രപരവും വൈരുധ്യാധിഷ്ഠിതവുമായ ഭൗതിക വീക്ഷണത്തെയല്ല പിന്തുടരുന്നത്’ എന്നും എടുത്തുപറഞ്ഞിരുന്നു.

ഈ ബോധത്തെ, ഭൗതിക ജീവിതത്തിലെ വൈരുധ്യങ്ങളുടെ അടിസ്ഥാനത്തില്‍, സമൂഹത്തിലെ ഉല്പാദനശക്തികളും ഉല്പാദന ബന്ധങ്ങളും തമ്മില്‍ നിലവിലുള്ള സംഘട്ടനത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കുകയാണ് വേണ്ടത്’ എന്ന് മാര്‍ക്‌സ് രാഷ്ട്രീയ-സമ്പദ്ശാസ്ത്ര വിമര്‍ശനത്തിന് ഒരു സംഭാവനയുടെ മുഖവരയില്‍ രേഖപ്പെടുത്തിയതുമാണ്’ എന്നുമതില്‍ രേഖീകരിച്ചിരുന്നു. ഇത് തന്നെയാണ് സത്യത്തില്‍ ഈ കൃതിയിലുള്ളതും! ഈഅടിസ്ഥാനത്തില്‍ ധാരളം വിവരങ്ങള്‍ (ഇന്‍ഫര്‍മേഷറസ്) മാര്‍ക്‌സ് ശേഖരിക്കുന്നു. തന്റെ അടിസ്ഥാന വീക്ഷണത്തിലെ തെറ്റൊ, അറിവുകേടൊ പരിഹരിച്ച് വികസിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ ക്രമാനുഗത വികാസവും വിപ്ലവകരമായ വൈരുധ്യഭൗതിക വീക്ഷണത്തില്‍ ഉറച്ച് പുതിയ കാര്യങ്ങള്‍ പരിശോധിച്ച് വികസിക്കുന്നതും ഒന്നല്ല ഒരു മാര്‍ക്‌സിനെയൊ, മാര്‍ക്‌സിസ്റ്റിനെയൊ സംബന്ധിച്ചട ത്തോളം. രാഷ്ട്രീയ സമ്പദ്ഘടനയെക്കുറിച്ച് പറയുന്നത് സാമൂഹ്യവിപ്ലവത്തെ ആധാരമാക്കിയുമാണ്. അതും ഇതിലുണ്ട്.

ഒരു ചെടിയില്‍ മൊട്ടിട്ട് വിടര്‍ന്ന് പൂവായ് സുഗന്ധഗന്ധിയാവുന്നതുപോലെ, ഒരടിസ്ഥാന നിലപാടിന്റെ സ്വാഭാവിക വികാസം എന്നതാണിതില്‍, വൈരുധ്യ ഭൗതിക വീക്ഷണത്തില്‍ ദര്‍ശിക്കാനാവുക! അങ്ങനെയാവുമ്പോള്‍ പലരും പറയുമ്പോലെ കുറെ ചിന്തകളുടെ കുത്തഴിഞ്ഞ കൂട്ടമായല്ല ഉറപ്പുള്ളടിത്തറയില്‍ ഉയരുന്ന ഒരാവാസവസ്ഥയും വ്യവസ്ഥയുമായാണ് മാര്‍ക്‌സിയന്‍ പരികല്പന ഈ കൃതിയില്‍ വിഭാവന ചെയ്യപ്പെട്ടത് എന്ന് കാണാനാവും. ഒരു നിര്‍ദ്ദിഷ്ട രാഷ്ട്രീയ സമ്പദ്ഘടന ഉല്പാദിപ്പിക്കുന്ന ആശയങ്ങളെ വിപ്ലവകരമായി സമീപിക്കുകയും വൈരുധ്യങ്ങളെ-ചൂഷക താല്പര്യങ്ങളെ കണ്ടറിയുകയും ഒരു ബദലിനുള്ള സിദ്ധാന്തവും പ്രയോഗവും സാധ്യമാക്കുകയും ചെയ്യുക എന്നതു തന്നെയാണ് ഈ കൃതിയുടെ സത്ത. അത്തരമൊന്നിന്റെ ആശയമാണിതില്‍ അടിയൊഴുക്കായുള്ളത്. അതിന്റെ അടിസ്ഥാനത്തിലുള്ള അതിനനുസൃതമായ വികാസമാണ് പില്ക്കാല കൃതികളിലുള്ളതും. വൈരുധ്യാധിഷ്ഠിതവും ചരിത്രപരവുമായൊരു കൃതി സംഭാവനചെയ്യാന്‍ മാക്‌സിനെ കാലം അനുവദിച്ചതുമില്ല. എങ്കിലും ഇതിലും ഇതരകൃതികളിലുള്ളതും ഭൗതിക വൈരുധ്യധിഷ്ഠിതമായ വീക്ഷണപ്രവാഹം തന്നെയുമാണ്. എന്നിട്ടും,’ചിതറിയ ചിന്തകളും’ പരസ്പരബന്ധമില്ലാത്ത രചനകളും, ‘ബാലാരിഷ്ടതകളും’ എല്ലാമായി ഈ കയ്യെഴുത്തുപ്രതികളെ കാണുന്നവരുമടക്കം, രുപത്തില്‍ കണ്ട്, ഉള്ളടക്കം കാണാത്തവര്‍ എന്ന നിലയില്‍ മാര്‍ക്‌സിസവുമായി എന്തു സഹയാത്ര ചെയ്യുന്നുവെന്നാണ്, എന്തുതരം വക്താക്കളാവുന്നുവെന്നാണ് നമുക്ക് പറയുവാനാവുക! ചൂഷണാധിഷ്ഠിത രാഷ്ട്രീയ സമ്പദ്ഘടന നിലനില്‍ക്കുന്നതിനാലാണ് ബദല്‍ വേണമെന്ന ‘ബാഹ്യ’ ഇടപെടല്‍ വേണ്ടിവരുന്നത്. ഈ ബോധമുള്ള ഏത് സാധാരണക്കാര്‍ക്കും മാര്‍കസിസ്റ്റടിസ്ഥാനം കേട്ടറിയാതറിയും.

ഭൗതിക വൈരുധ്യവാദത്തെക്കുറിച്ചും, കമ്മ്യൂണിസ്റ്റ് ദൗത്യവുമായി ബന്ധപ്പെട്ടും, ഈ പുസ്തകത്തെ ആധാരമാക്കിയും, പില്ക്കാലപുസ്തകങ്ങളെ ഉയര്‍ത്തിക്കാട്ടിയും മുരളി പറയുന്നുണ്ടെങ്കിലും, സ്വന്തമായ കാഴ്ചയില്‍ വൈരുധ്യശാസ്ത്ര വിചിന്തനം സ്പന്ദിക്കുന്നതായി കാണാനാവുന്നില്ല. അങ്ങനെ ആയിരുന്നുവെങ്കില്‍ മാര്‍ക്‌സ് ആമുഖത്തില്‍ പറഞ്ഞ ‘രാഷ്ട്രീയ സമ്പദ് ശാസ്ത്രത്തെക്കുറിച്ചുള്ള’ നിലപാടിനെ ആധാരമായെടുത്ത് കയ്യെഴുത്ത് പ്രതികള്‍ പരിശോധിക്കുമായിരുന്നു. ‘ബ്രാഹ്മണ്യവിമര്‍ശം’ എന്ന കൃതിയിലദ്ദേഹം സ്വീകരിച്ച യാന്ത്രിക ഭൗതികവാദനിലപാടിന്റെ തുടര്‍ച്ചയാണ് ഈ കയ്യെഴുത്ത് പ്രതികളുടെ അവതാരികയിലും കാണാനാവുക. ഈ വൈരുധ്യശാസ്ത്രരാഹിത്യത്തിനെതിരെ ആമൂലാഗ്രം ഞാന്‍ വിമര്‍ശിച്ചെഴുതിയ അജിത് നരിക്കുനിയുടെ വാട്‌സ്ആപ്പിലും മറുവാക്ക് മാസികയിലുമായി വന്ന രചനകള്‍ക്ക് അദ്ദേഹം മറുപടിക്കൊരു മറുപടിയെഴുതി എന്നതിലപ്പുറം ഒന്നും ചെയ്യുകയുണ്ടായില്ല. ‘കപില’ന്റെ വൈരുധ്യവാദത്തെ സംബന്ധിച്ചുമാത്രമാണ് ഒരശാസ്ത്രീയ മറുപടിയദ്ദേഹം കുറിച്ചിട്ടത്. സാംഖ്യത്തിന്റെ സത്താപരമായ വൈരുധ്യ ഘടന ദ്വൈതവാദത്തെ (സാംഖ്യത്തില്‍ പ്രകൃതിയും പുരുഷനുമുണ്ടെന്ന സാംഖ്യകാരികാകാരന്റെയും അതിന്റെവക്താക്കളുടെയും നിലപാടിനെ) നിഷേധിക്കുന്നതാണെന്ന എന്റെ നിലപാടിനെക്കുറിച്ച് ഇങ്ങനെ പറയാന്‍ അദ്ദേഹം നിര്‍ബന്ധിതമാവുകയായിരുന്നു: ‘ചില മൂലവസ്തുക്കളുടെ പലവിധത്തിലുള്ള കൂടിച്ചേരലുവഴിയാണ് ഇന്ദ്രിയഗോചരമായ പ്രപഞ്ചം ഉത്ഭവിച്ചത് എന്ന ആശയം അവതരിപ്പിച്ചതിന്റെ മേന്മ കപിലന് അവകാശപ്പെട്ടതാണെങ്കിലും സാംഖ്യത്തിലെ പ്രകൃതിയും പരിണാമ വാദസിദ്ധാന്തത്തിലെ പ്രകൃതിയും ഒന്നല്ല’ എന്ന് പറഞ്ഞുകൊണ്ട് മുരളി തന്നെ കപിലന് കൊടുക്കുന്ന ‘മേന്മ’ തള്ളിക്കളയുകയാണ് ചെയ്യുന്നത്. അതുകൊണ്ടരിശം തീരാഞ്ഞെന്ന പോലെ ‘എല്ലാ ശാസ്ത്രവും ഇവിടെയാണുണ്ടായത് എന്ന ബ്രാഹ്മണ്യവാദ അവകാശവാദം സ്ഥാപിക്കാന്‍ അതിന്റെ വക്താക്കള്‍ എക്കാലവും നടത്താറുള്ള ഒരു തട്ടിപ്പാണ് ഇത്’ എന്ന് എന്നേപ്പോലുള്ളവരെയടക്കം പരിവാര്‍പാളയത്തിലകപ്പെടുത്താനുള്ള യത്‌നത്തിലാണദ്ദേഹം അഭിരമിക്കുന്നത്. എങ്കില്‍ പിന്നെ എന്തിനുവേണ്ടിയാണദ്ദേഹം വിപ്ലവമാര്‍ക്‌സിസത്തിനായെന്നവിധം കര്‍മ്മനിരതമാകുമ്പൊഴും വൃഥാ കപിലന് ഒരു’മേന്മ’ചാര്‍ത്തിക്കൊടുത്തത.് അദ്ദേഹത്തിന് അംഗീകരിക്കേണ്ടി വന്ന ഈ ‘മേന്മ’ മുതലാളിത്തകാല ഹെഗലിനും നൂറ്റാണ്ടുകള്‍ക്കുമുമ്പേ ‘കപില’ന് സാധ്യമായെങ്കില്‍, വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യത്തിന്റെ സത്ത (കപിലന്റെ സത് കാര്യവാദം) യുടെ പരിണാമമാണ്, പ്രകൃതിയുടെ സത്തയില്‍ എല്ലാകാര്യകാരണബന്ധങ്ങളും ഉള്ളടങ്ങിയിട്ടുണ്ട് എന്ന കപിലദര്‍ശനം തന്നെയാണ് അതിനടിസ്ഥാനമായത്! നിഗൂഡാശയത്തിന്റെ ഉല്പന്നമാണ് പ്രപഞ്ചമെന്ന ഹെഗലിന്റെ കാഴ്ചയില്‍ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമല്ലെ, കപിലന് താങ്കള്‍ ചാര്‍ത്തിക്കൊടുക്കേണ്ടി വന്ന ഈ ‘മേന്മ’ക്കാധാരം ?

എള്ളില്‍ നിന്ന് എണ്ണയുണ്ടാവുന്നതും, പാലില്‍ ഉറയൊഴിച്ച് തൈരുണ്ടാവുന്നതും കപില കാഴ്ചപ്പാടിനുദാഹരണമായി പറയുന്നതില്‍ അശാസ്ത്രീയതയുണ്ടെന്നാണ് അദ്ദേഹം (മുരളി) ശാസ്ത്രവാദം അവതരിപ്പിക്കുന്നത്. അതായത്, പാല് തൈരാക്കുന്ന പ്രക്രിയയില്‍ ‘തൈരിലെ രാസപദാര്‍ത്ഥ സമ്മിശ്രമൊ, ഭൗതിക ഘടനയൊ പോഷകാംശങ്ങളൊ ഒന്നും തന്നെ, പാലിലൊ, അതിന്റെ ഘടകങ്ങളിലൊ, പാല് തൈരാക്കുന്ന സൂക്ഷ്മ ജീവികളിലൊ ‘അപ്രകടിതമായി മുന്നേ തന്നെ നിലനിന്നിരുന്നില്ല. ഇതെല്ലാം പുതിയതായി രൂപപ്പെട്ട ഗുണങ്ങളാണ്. സാംഖ്യവും അദ്വൈതവും ഇതംഗീകരിക്കാന്‍ മടിക്കുന്നു.’ ആനുഭവികമായ ശാസ്ത്രധാരണകളെ സ്വയം ന്യായീകരണത്തിനായദ്ദേഹം കുട്ടുപിടിക്കുകയാണിവിടെ. കാച്ചിവെച്ച പാലിലല്ലാതെ, വെള്ളത്തില്‍ ഉറയൊഴിച്ചാല്‍ തൈരുണ്ടാവുമൊ? പാലും ഉറയും തമ്മിലുള്ള കൂടിച്ചേരലിന്റെ പ്രക്രിയാപരതയിലൂടെയാണ് അത് തൈരായി മാറുന്നത്. മാവോയെ ഇതിലേക്ക് ഉദാഹരിക്കുകയും ചെയ്തിരുന്നു

ഞാന്‍. അതായത് കോഴിമുട്ടയുടെ രൂപത്തിലുള്ള കല്ലില്‍ കോഴി അടയിരുന്നാല്‍ കോഴിക്കുഞ്ഞുണ്ടാവില്ല, കോഴിമുട്ടയില്‍ തന്നെ അടയിരിക്കണം. ശാസ്ത്രം എന്നതിലപ്പുറം ദര്‍ശന ശാസ്ത്രമാണിതില്‍ മാവോ സ്ഥാപിക്കുന്നത്. ഇന്നത്തെ ശാസ്ത്രസത്യം വിപരീത തെളിവുകള്‍ സൃഷ്ടിക്കാനായാല്‍ തെറ്റെന്ന് ശാസ്ത്രം തന്നെ നാളെ വിധിയെഴുതും. എള്ളില്‍ നിന്ന് എണ്ണയുണ്ടാവുന്നതായി കപിലന്‍ വിശദീകരിക്കുന്നത് ശരി യെന്ന് മുരളി അതിലെ യുക്തി ഉള്ളടക്കടിസ്ഥാനത്തില്‍ ഉറപ്പിക്കുമ്പോള്‍ പാലില്‍ ഈവിധം ഒരുള്ളടക്കവുമില്ലെന്നാണ് വൃഥാസ്ഥാപിക്കാനുദ്യമിക്കുന്നത്. ഓരോന്നിന്റെയും ഉള്ളടക്കപരമായ പ്രത്യേകത പരിഗണിക്കാതെ ബൂര്‍ഷ്വാശാസ്ത്രതത്വങ്ങളുരു വിടുകയാണദ്ദേഹം ചെയ്യുന്നത്. ശാസ്ത്രം ശാസ്ത്രീയവല്ക്കരിക്കപ്പെടുക അത് വൈരുദ്ധ്യ ഭൗതികവല്ക്കരണത്തിന് വിധേയമാകുമ്പൊഴാണ്. ബൂര്‍ഷ്വ ശാസ്ത്രവീക്ഷണം ബൂര്‍ഷ്വാഭൗതിക വാദപരമാണ്. ‘ഉറയൊഴിക്കുന്നതോടെ പാലിനെ തൈരാക്കുന്ന ബാക്ടീരിയ അതിലെ അംശമായിമാറുന്നു. അത് പിന്നെ ‘ബാഹ്യഘടകമല്ല’ എന്ന ഒരു വിചിത്രവിതണ്ഡവാദവും കൂടി അദ്ദേഹമവതരിപ്പിക്കുന്നു. ഒന്നിന്റെ അക ത്തെത്തി മറ്റൊന്ന് പിന്നെയെങ്ങനെയാണ് ‘ബാഹ്യ’ വസ്തു (ഘടകം) വാകുന്നത് ! പാലില്‍ ഉള്ളടങ്ങിയ ആഭ്യന്തര സവിശേഷതയില്‍ പ്രവര്‍ത്തിച്ച് അഥവാ പ്രതിപ്രവര്‍ത്തിച്ചാണ് തൈരുണ്ടാകുന്ന പ്രക്രിയക്ക് ഉറയൊഴിക്കല്‍ വഴി അവസരമൊരുങ്ങുന്നത്. ആഭ്യന്തര വൈരുധ്യമാണ് ബാഹ്യവൈരുധ്യങ്ങള്‍ക്കാധാരം എന്ന മാവോ നിലപാടാണിതില്‍ പ്രാവര്‍ത്തികമാകുന്നത്. എള്ളില്‍ ശരിയും പാലില്‍ തെറ്റുമാകുന്ന ഒരു പ്രക്രിയ എന്നുള്ള മുരളിക്കാഴ്ച യാന്ത്രിക ഭൗതികവാദത്തിന്റേതല്ലാതെ മറ്റെന്തി ന്റേതാണ്? സാംഖ്യത്തെയും അദ്വൈതത്തേയും വീക്ഷണപരമായി സമീകരിക്കുന്ന ബുദ്ധിക്ക് എന്ത് പേരിട്ടാണ് വിമര്‍ശിക്കുക! ‘ബാഹ്യകാരണങ്ങള്‍ മാറ്റത്തിനുള്ള ഉപാധിയും ആഭ്യന്തര കാരണങ്ങള്‍ അടിസ്ഥാനവുമാണ്’ എന്നും, ‘ബാഹ്യശക്തികളുടെ ഫലമായുണ്ടാകുന്ന യാന്ത്രികചലനം പോലും സംഭവുക്കുന്നത് ആന്തരീക ചലനാത്മകതയിലുടെയാണ്’ എന്നുമുള്ള മാവോ സമീപനവും എന്റെ വിമര്‍ശനത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഭൗതികവൈരുധ്യ വിചിന്തന രീതിശാസ്ത്രം നിഷേധിക്കുന്ന കെ.മുരളിയുടെ ഈ വിധമായ വിചിത്രാലേഖനങ്ങള്‍ വൈലോപ്പിള്ളിയുടെ ‘കുടിയൊഴിക്കല്‍’ കവിതയിലേക്ക് എന്നെക്കൊണ്ടുപോവുകയുണ്ടായി.

‘പുഞ്ചിരിഹാ കുലീനമാം കള്ളം നെഞ്ചു
കീറി ഞാന്‍ നേരിനെക്കാട്ടാം’
എന്ന് തുടങ്ങി-
‘നീയെരിച്ചതിറ ശേഷമാണല്ലോ
തീയെരിച്ചതാ സാധുവിന്‍ മാടം!’

എന്ന സ്വയം കുറ്റവിചാരണയിലേക്ക് മാര്‍ക്‌സിസ്റ്റ് എന്ന് സ്വയം അഭിമാനിക്കുന്ന കവിയെ നയിക്കുന്നു. തന്റെയുള്ളില്‍ ഇപ്പൊഴും ജന്മി-നാടുവാഴിത്ത സ്വാധീനം എത്രത്തോളം അള്ളിപ്പിടിച്ചിരിക്കുന്നു എന്ന്. അന്യവല്ക്കരണത്തിന്റെ അടിസ്ഥാനവും രാഷ്ട്രീയ-സമ്പദ്ശാസ്ത്രവുമായി ബന്ധപ്പെട്ട വര്‍ഗ്ഗചൂഷണത്തിന്റെ ഉല്പന്നം എന്ന നിലയിലാണ് മാര്‍ക്‌സ് നോക്കിക്കാണുന്നത്. ബൂഷ്വാസമ്പദ്ശാസ്ത്രത്തിന്റെയൊ ഹെഗേലിയന്‍ ആശയവാദത്തിന്റെയൊ അടിസ്ഥാനത്തിലല്ല. എല്ലാതരം ആശയവാദവീക്ഷണങ്ങള്‍ക്കും വിരുദ്ധവും ബദലും എന്ന നിലയിലുമാണ്. അതിനെല്ലാം ഈ പുസ്തകം സാക്ഷി. അന്യവല്ക്കരിക്കപ്പെട്ട അദ്ധ്വാനം രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിന്റെ പ്രാഥമിക നിലപാടില്‍ നിന്നാണ് നാം തുടങ്ങിയത്. അതിന്റെ ഭാഷയും അതിന്റെ നിയമങ്ങളും നാം അംഗീകരിച്ചിരിക്കുന്നു. സ്വകാര്യസ്വത്ത്, അദ്ധ്വാനത്തിന്റെയും മൂലധനത്തിന്റെയും ഭൂമിയുടെയും വേര്‍തിരിവ്, കൂലിയുടെയും ലാഭത്തിന്റെയും, ഭൂമിയുടെ പാട്ടത്തിന്റെയും വേര്‍തിരിവ്, അതേ പോലെ തൊഴില്‍ വിഭജനം, മത്സരം, വിനിമയ മൂല്യം എന്ന സങ്കല്പനം മുതലായവ വാസ്തവമാണെന്ന് നാം മുന്‍കൂട്ടിസങ്കല്പിച്ചു. രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിന്റെ തന്നെ അടിസ്ഥാനത്തില്‍, അതിന്റെ തന്നെ വാക്കുകളില്‍ തൊഴിലാളി ഒരു ചരക്കിന്റെ തലത്തിലേക്ക് അധ:പതിക്കുകയും തീര്‍ച്ചയായും ഏറ്റവും നികൃഷ്ടമായ ചരക്കായിമാറുകയും ചെയ്യുന്നു.’

(-ഒന്നാമത്തെ കയ്യെഴുത്തുപ്രതി) എന്ന് തുടരുന്ന നിലപാടില്‍ ഇതിന്റെ അടിസ്ഥാന ശില കാണാം. എന്നു തന്നെയല്ല ‘അദ്ധ്വാനത്തില്‍ നിന്നാണ് രാഷ്ട്രീയ സമ്പദ്ശാസ്ത്രം ആരംഭിക്കുന്നത്. എങ്കിലും അദ്ധ്വാനത്തിന് അത് ഒന്നും കൊടുക്കുന്നില്ല. സ്വകാര്യസ്വത്തിന് എല്ലാം കൊടുക്കുന്നു’. എന്നും രേഖീകരിക്കുന്നു. ‘ഹെഗേലിയറ വൈരുധ്യവാദത്തോട് ഗൗരവപൂര്‍വ്വമായ, വിമര്‍ശനാത്മക മനോഭാവമുള്ളത് ഫൊയര്‍ബാഹിന് മാത്രമാണ്… വാസ്തവത്തില്‍ പഴയതത്ത്വശാസ്ത്രത്തെ യഥാര്‍ത്ഥത്തില്‍ കീഴടക്കിയ ആള്‍ അദ്ദേഹമാണ്’ എന്നും, ‘മനസ്സുമാത്രമാണ് മനുഷ്യന്റെ ശരിയായ സത്ത, മനസ്സിന്റെ ശരിയായ രൂപം ചിന്തിക്കുന്ന മനസ്സാണ്’. എന്ന ഹെഗലിന്റെ ചിന്തയും, ‘ഹെഗല്‍ അറിയുന്നതും അംഗീകരിക്കുന്നതുമായ ഒരേയൊരദ്ധ്വാനം അമൂര്‍ത്തമായ മാനസികമായ അദ്ധ്വാനമാണ്’ എന്നും, ‘വസ്തുനിഷ്ഠമല്ലാത്ത, ആത്മീയ അസ്തിത്വമായിട്ടാണ് മനുഷ്യന്‍ പരിഗണിക്കപ്പെട്ടത്’ എന്നും ഹെഗല്‍ രീതിയെ മാക്‌സ് കടന്നാക്രമിക്കുന്നു. ‘മനുഷ്യജീവിയുടെ എല്ലാ അന്യവല്ക്കരണവും ആത്മബോധത്തിന്റെ അന്യവല്ക്കരണമല്ലാതെ മറ്റൊന്നല്ല’, അതായത് ‘മനുഷ്യന്‍ ആത്മബോധത്തിന് സമമാണ്’ എന്നതടക്കം വിമര്‍ശന വിധേയമാക്കിക്കൊണ്ട് സ്വന്തമായ സമീപനം സ്വീകരിക്കുകയാണ് മാര്‍ക്‌സ് ചെയ്യുന്നത്. ഹെഗലിന്റെ പുരോഗമനാംശങ്ങളെ ഉള്‍ക്കൊള്ളുന്നതോടൊപ്പം. ‘മാര്‍ക്‌സിസത്തിന്റെ കാതലായ നിലപാടുകള്‍ ഏറെക്കുറെ കയ്യെഴുത്തുപ്രതികളില്‍ വന്നു കഴിഞ്ഞു എന്നവാദവുമുണ്ട്’ എന്നതൊഴികെ മുരളി പറഞ്ഞ മറ്റുള്ളവരുടെ നിലപാടുകള്‍ ഈയടിസ്ഥാനത്തില്‍ അബദ്ധജഡിലമാണ്. മുതലാളിത്തം സൃഷ്ടിച്ച തൊഴിലാളിവര്‍ഗ്ഗത്തെത്തന്നെ അതിന്റെ അന്തകനാക്കിമാറ്റി അതിന്റെ വിമോചനവും അതുവഴി ലോക ജനതയുടെ വിമോചനവും സാധ്യമാക്കുക എന്ന ലക്ഷ്യവും ഇതോട് ചേര്‍ന്നു നില്ക്കുന്നു. ജനവിരുദ്ധ രാഷ്ട്രീയ – സമ്പദ്ഘടനയില്‍ നിന്ന് ജനകീയ രാഷ്ട്രീയ സമ്പദ്ഘടനയിലേക്ക് വളരുക. സര്‍വ്വ സ്വതന്ത്ര ജനകീയത സാധ്യമാക്കുക. ചൂഷകര്‍ അവരുടെ രാഷ്ട്രീയ സമ്പദ്ഘടനയിലൂടെ അവരുടെ സ്വര്‍ഗ്ഗരാജ്യത്തിനായ് ഉദ്യമിക്കുന്നു. ചൂഷിതര്‍ അതിന് ബദലിനായും!

മൂലധന സാന്ദ്രമായ ചൂഷണ സമ്പ്രദായമാണ് അന്യവല്ക്കരണത്തിലൂടെ അസ്വാതന്ത്ര്യം തൊഴിലാളി വര്‍ഗ്ഗത്തിനും ജനതക്കും മേല്‍ കെട്ടിയേല്പിക്കുന്നത്. പരിഹാരാര്‍ത്ഥം കമ്യൂണിസ്റ്റ് സമൂഹം സാധ്യമാക്കുക എന്നതാണെന്നും കയ്യെഴുത്തു പ്രതികള്‍ പ്രഘോഷിക്കുന്നു. അവതാരികയില്‍ മുരളി പറയുമ്പോലെ മനുഷ്യരാശിയുടെ മാത്രം വിമോചനമായല്ല, കയ്യെഴുത്ത് പ്രതികള്‍ നിലപാടെടുക്കുന്നത്. മനുഷ്യരും പ്രകൃതിയും പ്രപഞ്ചവും സ്വതന്ത്രവികസിതമാക്കുന്ന വൈരുധ്യാധിഷ്ഠിതവും ചരിത്രപരവുമായ ദൗത്യമായാണ്. അത് സംബന്ധിച്ച് സമഗ്രതയില്‍ മാര്‍ക്‌സ് സ്വീകരിക്കുന്ന സമീപനത്തിന്റെ സമഗ്രത ഇപ്പറഞ്ഞതില്‍ കാണാം: ‘അന്യവല്ക്കരിക്കപ്പെട്ട അദ്ധ്വാനത്തിന്റെ തൊഴിലാളിക്ക് പ്രകൃതിയോടും തന്നോടുമുള്ള ബാഹ്യ ബന്ധത്തിന്റെ, ഉല്പന്നവും ഫലവും അനിവാര്യമായ അനന്തര ഫലവുമാണ് സ്വകാര്യസ്വത്ത്. അന്യവല്ക്കരിക്കപ്പെട്ട അധ്വാനം, അതായത് അന്യവല്ക്കരിക്കപ്പെട്ട മനുഷ്യന്‍ വേര്‍പെടുത്തപ്പെട്ട അദ്ധ്വാനം വേര്‍പെടുത്തപ്പെട്ട ജീവിതം, വേര്‍പെടുത്തപ്പെട്ട മനുഷ്യന്‍ എന്ന സങ്കല്പത്തില്‍ നിന്ന്, ഇപ്രകാരം അപഗ്രഥനത്തിലൂടെ സ്വകാര്യസ്വത്ത് നിര്‍ഗമിക്കുന്നു. സ്വകാര്യസ്വത്തിന്റെ ചലനത്തിന്റെ ഫലമായിട്ടാണ് അന്യവല്ക്കരിക്കപ്പെട്ട അദ്ധ്വാനം (അഥവാ അന്യവല്ക്കരിക്കപ്പെട്ട ജീവിതം) എന്ന സങ്കല്പനം രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തില്‍ വന്നത് എന്നത് സത്യമാണ്. എന്നാല്‍ അന്യവല്ക്കരിക്കപ്പെട്ട അദ്ധാനത്തിന്റെ കാരണം, അതിന്റെ ഹേതു സ്വകാര്യസ്വത്താണ് എന്ന് തോന്നുമെങ്കിലും അങ്ങനെയല്ല, മറിച്ച് സ്വകാര്യസ്വത്ത് അതിന്റെ അനന്തരഫലമാണ് എന്ന് ഈ സങ്കല്പനത്തിന്റെ അപഗ്രഥനത്തില്‍ നിന്നും വ്യക്തമാകുന്നു (മനുഷ്യന്റെ ധൈഷണികമായ വിഭ്രമത്തിന്റെ ഹേതുവല്ല, മറിച്ച് അതിന്റെ ഫലമാണ് ദൈവങ്ങള്‍ എന്ന പോലെ!) -(ഒന്നാമത്തെ കയ്യെഴുത്ത് പ്രതി) മുതലാളിത്തം സൃഷ്ടിച്ച അന്യവല്ക്കരണത്തിന്, മുതലാളിത്തത്തിനകത്ത് തന്നെ പരിഹരം തേടുന്ന ആശയവാദ മേധാവികളായ ഹെഗലിനും, ഫൊയര്‍ ബാഹിനും എന്ന പോലെ, മുതലാളിത്തസമ്പത്ത് ശാസ്ത്ര വിശാരദന്മാര്‍ക്കും – ആഡംസ്മിത്തും റിക്കാഡോയുമുള്‍പ്പെടെ – പരിഹരിക്കാനാവാത്ത പ്രശ്‌നത്തിന് സൈദ്ധാന്തിക ബദല്‍ സൃഷ്ടിച്ചിരിക്കയാണ് മാര്‍ക്‌സ് ഇങ്ങനെ. ഇതില്‍ പ്രവര്‍ത്തിക്കുന്ന ചലന നിയമമാണ് വൈരുധ്യധിഷ്ഠിത ഭൗതികവാദവീക്ഷണം. പ്രകൃതിയിലെ ഏറ്റവും ഉയര്‍ന്ന ജീവികള്‍ എന്ന നിലയില്‍ ഇതിലെ സ്ത്രീ-പുരുഷ ബാധ്യതകള്‍, സ്ത്രീ-പുരുഷബന്ധത്തിന്റെ അടിസ്ഥാനത്തിലും മാര്‍ക്‌സ് വിഭാവനം ചെയ്യുന്നു. ഇതിലുള്ള അദ്ധാനിക്കുന്ന വര്‍ഗ്ഗ പങ്കാളിത്തം നേതൃത്വപരമായി ഉറപ്പുവരുത്തുന്നു. സാമുഹ്യ ഉള്ളടക്കം അനാവരണം ചെയ്യുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

‘കുരങ്ങില്‍ നിന്നും മനുഷ്യനിലേക്കുള്ള പരിവര്‍ത്തനത്തില്‍ അദ്ധ്വാനം വഹിച്ച പങ്ക്’ എന്ന ലഘുലേഖയിലൂടെ ഈ നിലപാടിന്റെ വികാസം എംഗത്സിലൂടെ യാഥാര്‍ത്ഥ്യവുമായി. ‘അദ്ധ്വാനം സൃഷ്ടിച്ച കൈ ആധുനീക സാമുഹ്യ മനുഷ്യന് ജന്മം നല്കി’ എന്ന് ! സ്ത്രീയും പുരുഷനും ചേരുമ്പോള്‍ ലോകം മാറുന്നതില്‍, അഥവാ മാറ്റുന്നതില്‍ പ്രണയം വഹിക്കുന്ന പങ്കും, മാര്‍ക്‌സും ജന്നിയും ചേര്‍ന്ന് സൃഷ്ടിച്ചതിലൂടെയടക്കം അതിന്റെ രാഷ്ട്രീയമാനത്തില്‍ ഒരു പരിധിവരെയെങ്കിലും യാഥാര്‍ത്ഥ്യവുമായി. എന്നാല്‍ ആ മേഖലയിലെ പ്രണയത്തിന്റെ രാഷ്ട്രീയവും സിദ്ധാന്തവും പ്രയോഗവുമെല്ലാമായി ബന്ധപ്പെട്ട പഠന പോരാട്ടങ്ങള്‍ക്കും രചനാത്മക രചനകള്‍ക്കും അദ്ദേഹത്തിന് സമയമില്ലാതെയും പോയി; മാര്‍ക്‌സിനെ സംബന്ധിച്ചും മാര്‍കസിസ്റ്റുകളെ സംബന്ധിച്ചും ഇത് ശേഷിക്കുന്ന കടമകളുമായി എന്നതും ചിന്തനീയമാണ്.

‘തൊഴില്‍ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച ഒരു ചെറുപ്പക്കാരന്റെ ചിന്ത’ യെന്ന പ്രബന്ധമെഴുതിയ 17 കാരന്‍, തൊഴിലിന്റെ രാഷ്ട്രീയ-സാമൂഹ്യ വശങ്ങളാണ്, സ്വകാര്യസാമ്പത്തിക നേട്ടങ്ങള്‍ക്കുപരി പ്രധാനമായിക്കണ്ടത് എന്നതും, തുടര്‍ന്ന് ഈ കൃതിയിലൂടെയും തുടര്‍കൃതികളിലൂടെയും ഭൗതിക വൈരുധ്യ ശാസ്ത്രപരമായി പൂര്‍ത്തീകരിക്കപ്പെടുകയുണ്ടായി. തൊഴിലെടുക്കലെന്നതൊരു രാഷ്ട്രീയ പ്രവര്‍ത്തനമായി, സാമൂഹ്യമാറ്റപ്രക്രിയയായി ,സൈദ്ധാന്തീകൃതമായി, മാര്‍ക്‌സിസമായി എന്നതും ഈ പുസ്തകത്തിലൂടെ രേഖീകൃതമായി. ജന്നിയും മാര്‍ക്‌സുമായി, മാര്‍ക്‌സും എംഗത്സുമായി ചരിത്രപരവും വൈരുധ്യാധിഷ്ഠിതവുമായൊരു ഭൗതികപ്രക്രിയയായി, പ്രപഞ്ചനം ചെയ്യപ്പെടുന്നൊരു കാഴ്ചപ്പാടിന്റെ അന്തഃസത്തയായി ഈ കയ്യെഴുത്തുപ്രതികളെ കാണാം എന്ന് സാരം.

‘മാര്‍ക്‌സ്, മാര്‍ക്‌സിസം മൂലധനം’ എന്ന സോമശേഖരന്റെ പുസ്തകത്തില്‍ മാര്‍ക്‌സിസത്തില്‍ അടിസ്ഥാനമാറ്റം ആവശ്യപ്പെടുന്നതിനെ വിമര്‍ശനപരമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ചെണ്ട’ മാസിക (ബോംബൊയില്‍ നിന്നുള്ള) യില്‍ ഞാനെഴുതിയത് മാര്‍ക്‌സിനെ മാര്‍ക്‌സിസ്റ്റുകളില്‍ നിന്നും ലെനിനെ ലെനിനിസ്റ്റുകളില്‍ നിന്നും മാവോയെ മാവോയിസ്റ്റുകളില്‍ നിന്നും വിമോചിപ്പിച്ചുകൊണ്ട് മാത്രമെ ഇതിനൊക്കെ യഥാര്‍ത്ഥ മറുപടിയാകു എന്നായിരുന്നു. മാര്‍ക്‌സിന്റെ ഈ കയ്യെഴുത്തു പ്രതികള്‍ വായിച്ചതോടെ അത്ഭുതകരമായി എനിക്കു ബോധ്യപ്പെട്ടത്, എംഗത്സിനും മാര്‍ക്‌സിനും അവരുദ്ദേശിച്ചപോലെ പില്ക്കാലികള്‍ ഉണ്ടായില്ല; തത്ത്വത്തിലും പ്രയോഗത്തിലും എന്നു തന്നെയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply