രഹ്ന ജനിക്കേണ്ടിയിരുന്നത് അരനൂറ്റാണ്ടിനുശേഷം

ഈ പോരാട്ടങ്ങള്‍ക്ക് രഹ്നക്കുണ്ടായ പ്രചോദനം ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രമോ പ്രസ്ഥാനമോ ആയിരുന്നില്ല, ഇപ്പോഴുമല്ല, സാധാരണ അര്‍ത്ഥത്തിലുപയോഗിക്കുന്ന ഒരു ആക്ടിവിസ്റ്റുമല്ല രഹ്ന. മറിച്ച് പോരാട്ടവീര്യം അവരില്‍ ഇന്‍ ബോണ്‍ ആണ്. തികച്ചും ജനുവിന്‍. ഒപ്പം ജീവിതാനുഭവങ്ങള്‍ നല്‍കിയ ഉള്‍ക്കാഴ്ചയും.

പൊതുബോധത്തെ വെല്ലുവിളിച്ച് ജീവിച്ച, ജീവിക്കാനായി പോരാടുന്ന നിരവധി പേരുടെ ജീവിതം ആത്മകഥകളും ജീവചരിത്രവുമൊക്കെയായി കഴിഞ്ഞ വര്‍ഷങ്ങളില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള കല്ലന്‍ പൊക്കുടന്റേയും സി കെ ജാനുിവന്റേയുമൊക്കെ ജീവിതകഥകള്‍ ഉദാഹരണം. പിന്നീട് പൊതുസമൂഹത്തിന്റെ സദാചാരബോധത്തെ ഞെട്ടിച്ചുകൊണ്ട് ലൈംഗികതൊഴിലാളിയും ലെസ്ബിയനും ഡ്യൂപ്പും മദ്യപനും കള്ളനും എയ്ഡ്‌സ് ബാധിതയും കന്യാസ്ത്രീയും ട്രാന്‍സ്‌ജെന്‍ഡറുമൊക്കെ തങ്ങളുടെ പച്ചയായ ജീവിതം തുറന്നു പറഞ്ഞ് രംഗത്തെത്തി. ഇപ്പോഴിതാ ആ നിരയില്‍ മറ്റൊരു ബോംബുകൂടി. ഇത്തവണ കേരളീയ സമൂഹത്തിന്റെ സദാചാര സങ്കല്‍പ്പങ്ങളെ വെല്ലുവിളിച്ച് രംഗത്തുവന്നിട്ടുള്ളത് തന്റെ ശരീരം കൊണ്ട് രാഷ്ട്രീയം പറയുകയും പോരാടുകയും ചെയ്യുന്ന രഹ്ന ഫാത്തിമയാണ്. ‘ശരീരം സമരം സാന്നിധ്യം’ എന്നു പേരിട്ട രഹ്നയുടെ ജീവിതകഥയിലൂടെ കടന്നുപോകുമ്പോള്‍ 50 വര്‍ഷമെങ്കിലും കഴിഞ്ഞ് കേരളത്തില്‍ ജനിക്കേണ്ടിയിരുന്ന, എന്നാല്‍ നേരത്തെ ജനിച്ച ഒരു പെണ്‍കുട്ടിയെയാണ് കാണാനാകുക. ശരീരം കൊണ്ട് നടത്തിയ പോരാട്ടം മൂലം കേന്ദ്ര ഗവണ്മന്റ് ജോലിപോലും നഷ്ടപ്പെട്ടിട്ടും ഇപ്പോഴുമവരാ പോരാട്ടം തുടരുകയാണ്.

പഠാണ്‍ എന്ന മുസ്ലിം വിഭാഗത്തിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച രഹ്നയുടെ ബാല്യകാലാനുഭവങ്ങള്‍ ആരേയും വേദനിപ്പിക്കും. പിതാവിന്റെ മകളല്ല എന്ന ആക്ഷേപവുമായാണ് അവര്‍ ജനിച്ചത്. ആദ്യമൂന്നുമാസങ്ങളില്‍ ബന്ധുവിന്റെ വീടിന്റെ തിണ്ണയിലായിരുന്നു ജീവിതം. പിന്നീട് അബ്ബ എന്നു വിളിക്കുന്ന പിതാവ് കൂട്ടിക്കൊണ്ടുപോയി. അന്നു മുതല്‍ ഇന്നോളം രഹ്ന നേരിട്ട നേരിട്ട പീഡനങ്ങളുടേയും അപമാനങ്ങളുടേയും കഥയാണ് ഈ പുസ്തകം. ഒപ്പം മറ്റാരെങ്കിലുമായിരുന്നെങ്കില്‍ കീഴടങ്ങുമായിരുന്ന, എന്നാലതിനു തയ്യാറല്ല എന്നു തീരുമാനിച്ച ഒരു പെണ്‍കുട്ടിയുടെ തുടരുന്ന പോരാട്ടത്തിന്റേ കഥ. ഈ പോരാട്ടങ്ങള്‍ക്ക് രഹ്നക്കുണ്ടായ പ്രചോദനം ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രമോ പ്രസ്ഥാനമോ ആയിരുന്നില്ല, ഇപ്പോഴുമല്ല, സാധാരണ അര്‍ത്ഥത്തിലുപയോഗിക്കുന്ന ഒരു ആക്ടിവിസ്റ്റുമല്ല രഹ്ന. മറിച്ച് പോരാട്ടവീര്യം അവരില്‍ ഇന്‍ ബോണ്‍ ആണ്. തികച്ചും ജനുവിന്‍. ഒപ്പം ജീവിതാനുഭവങ്ങള്‍ നല്‍കിയ ഉള്‍ക്കാഴ്ചയും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുഞ്ഞായിരുന്നപ്പോള്‍ നോക്കാനാളില്ലാത്തതിനാല്‍ പുറത്തുപോകുമ്പോള്‍ അമ്മ കെട്ടിയിട്ടിരുന്നതും ഹിന്ദുക്ഷേത്രത്തിലേക്കു കയറിയതിനാല്‍ ഓത്തുപള്ളിയില്‍ ക്രൂരമായ ശിക്ഷ കിട്ടിയതുമൊക്കെ രഹ്ന ഓര്‍ക്കുന്നു. അന്നുമുതല്‍, സമൂഹം നിഷേധിച്ച ശരീരത്തിന്റെ ചലനസ്വാതന്ത്ര്യം, പ്രത്യേകിച്ച് സ്ത്രീയുടെ, തിരിച്ചുപിടിക്കാന്‍ ശരീരം കൊണ്ടുതന്നെ പോരാടുകയായിരുന്നു രഹ്ന. ‘ദീര്‍ഘകാലം ശരീരം കെട്ടിയിടപ്പെടുക, ശരീരത്തിന്റെ ചലനം തടയപ്പെടുക. ഇതിലൂടെയൊക്കെ കടന്നുപോയ എനിക്ക് സ്വാതന്ത്ര്യം എന്ന വാക്കിന്റെ അര്‍ത്ഥം ശരീരത്തിന്റെ സ്വാതന്ത്ര്യം എന്നല്ലാതെ മറ്റൊന്നും ചിന്തയില്‍ വന്നിരുന്നില്ല. ഓര്‍മ്മവെച്ച കാലം മുതല്‍ മര്‍ദ്ദിക്കപ്പെട്ടുകൊണ്ടിരുന്ന എന്റെ ശരീരത്തെ സ്‌നേഹിക്കുകയും ലോകത്തെ കാണിക്കുകയും ചെയ്യേണ്ടത് എനിക്ക് എന്നോടുതന്നെ ചെയ്യേണ്ട നീതിയായിരുന്നു. സാന്ത്വനമായിരുന്നു. ഞാനെന്റെ ശരീരത്തെ ആഘോഷിക്കുകയായിരുന്നു.”

സത്യത്തില്‍ ഇത്തരമൊരു ആഘോഷത്തിന്റെ ഭാഗമായിരുന്നു, അന്തര്‍മുഖയായിരുന്ന, ദാരിദ്ര്യത്തിന്റെയും തിക്താനുഭവങ്ങളഉടേയും ബാല്യത്തിന്റെ ഓര്‍മ്മകള്‍ മാത്രമുണ്ടായിരുന്ന ഈ പെണ്‍കുട്ടിയെ വിലക്കപ്പെട്ടയിടങ്ങളിലേക്കെത്തിച്ചത്. സദാചാരഗുണ്ടകള്‍ക്കും പോലീസിനുമെതിരായ പോരാട്ടം, സ്റ്റീവ്‌ലെസ് ബ്ലൗസില്‍ നിന്നു തുടങ്ങി ബിക്കിനിയിലെത്തിയ ഫോട്ടോ ഷൂട്ടുകളും മോഡലിംഗും ഫാഷന്‍ പരേഡുകളും സോഷ്യല്‍ മീഡിയയിലെ പോരാട്ടങ്ങളും പുലിക്കളിയും കളരിയും ഗുസ്തിയും ഫറൂഖ് കോളേജിലെ അധ്യാപകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരായ മാറുതുറക്കല്‍ സമരവും ‘ഏക’ എന്ന സിനിമയില്‍ നഗ്നയായി അഭിനയിച്ചതും ക്വിയര്‍ പ്രൈഡ് മീറ്റിലും ചുംബനസമരത്തിലും പങ്കെടുത്തതും ഡേറ്റിംഗ് വാട്‌സ് ആപ് ഗ്രൂപ്പും കുട്ടിയെ കൊണ്ട് ശരീരത്തില്‍ ചിത്രം വരപ്പിച്ചതും സ്ത്രീകള്‍ക്കെതിരായ അയിത്തതിനെതിരെ ശബരിമല കയറലുമെല്ലാം രഹ്‌നയുടെ ബോഡി പൊളിറ്റിക്‌സിന്റെ ഭാഗമായിരുന്നു. ഈ സന്ദര്‍ഭങ്ങളിലെല്ലാം നേരിട്ട അതിരൂക്ഷമായ കടന്നാക്രമങ്ങള്‍ അവര്‍ വിശദമായി തന്നെ വിവരിക്കുന്നു. വീടടിച്ചുതകര്‍ക്കലും കുട്ടികളടക്കം ഭീഷണികള്‍ നേരിട്ടതും തൊഴിലിടത്തെ അപമാനങ്ങളുമെല്ലാം അവര്‍ വിവരിക്കുന്നു. ഒരു വശത്ത് സ്വന്തം മതവിശ്വാസികളില്‍ നിന്നും അധിക്ഷേപം നേരിട്ടപ്പോള്‍ മറുവശത്ത് മുസ്ലിം പേരായതിന്റെ പേരില്‍ നേരിട്ട അതിക്രമങ്ങളും രഹ്ന വിവരിക്കുന്നു. ഒഴിവാക്കാന്‍ ഏറെ ശ്രമിച്ചിട്ടും ജയിലില്‍ പോകേണ്ടിവരുകയും തുടര്‍ന്ന് ബി എസ് എന്‍ എല്ലിനു അപമാനമുണ്ടാക്കി എന്നാരോപിച്ച് ജോലി നഷ്ടപ്പെടുകയും ചെയ്തിട്ടും ജോലി തിരിച്ചുകിട്ടാനും ഒപ്പം നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ തന്നെ ജീവിക്കാനുമുള്ള പോരാട്ടം തുടരുക തന്നെയാണ് രഹ്ന. അതിനിടയിലാണ് ഈ പുസ്തകം പുറത്തുവന്നത്.

പ്രതീക്ഷിച്ച പലരും തനിക്കൊപ്പം നിന്നില്ല എന്നു രഹ്ന പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അവരില്‍ ഫെമിനിസ്റ്റുകളും ഉണ്ടെന്നും. കേരളത്തിലെ വലിയൊരു വിഭാഗം ഫെമിനിസ്റ്റുകളും മറ്റുള്ളവരെപോലെ കാലത്തിനൊപ്പം നീങ്ങാത്തവരാണെന്നതാണ് വസ്തുത. തുടക്കത്തില്‍ ഫെമിനിസം വര്‍ഗ്ഗസമരത്തെ തകര്‍ക്കുമെന്നു പറഞ്ഞവരാണവരില്‍ ഭൂരിഭാഗവും. പിന്നീട് ലൈംഗികത്തൊഴിലാളികള്‍, ലിംഗ – ലൈംഗിക ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ സംഘടിപ്പിച്ചപ്പോഴും ദളിത് ഫെമിനിസം, മുസ്ലിം ഫെമിനിസം, ഇന്റര്‍ സെക്ഷണല്‍ ഫെമിനിസം തുടങ്ങിയ ആശയങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും ശരീരത്തിന്റെ രാഷ്ട്രീയം ചര്‍ച്ചാവിഷയമായപ്പോഴുമൊക്കെ അവരില്‍ വലിയൊരു വിഭാഗം എതിര്‍ ഭാഗത്തായിരുന്നു. ചുംബനസമരം, ശബരിമല, ഹാദിയ, അനുപമ തുടങ്ങി പല സന്ദര്‍ഭങ്ങളിലും പല ഫെമിനിസ്റ്റുകളുടേയും നിലപാട് എന്തായിരുന്നു? ഈ ലേഖകന്‍ തയ്യാറാക്കിയ നളിനി ജമീലയുടെ ആത്മകഥ പുറത്തിറങ്ങിയപ്പോള്‍ കൂട്ടിക്കൊടുപ്പുകാരന്‍ എന്ന് ഒരു പ്രമുഖവാരികയില്‍ അവരിലൊരാള്‍ വിശേഷിപ്പിച്ചത് ഓര്‍മ്മവരുന്നു. മറ്റൊരനുഭവം കൂടി പറയാം. ഈ ലേഖകനടക്കമുള്ളവര്‍ നടത്തിയിരുന്ന ഹരിത പുസ്തകകേന്ദ്രത്തിന്റെ ആദ്യപുസ്തകം ലളിതാംബിക അന്തര്‍ജനം മുതല്‍ അന്നത്തെ പുതുതലമുറയിലുള്ളവരുടെയടക്കം 20 സ്ത്രീകളുടെ കഥകളുടെ സമാഹാരം ‘മൗനത്തിന്റെ നാനാര്‍ത്ഥങ്ങള്‍’: ആയിരുന്നു. അതിന്റെ പ്രകാശനവേളയില്‍ മാധവിക്കുട്ടി പറഞ്ഞ ചില നിലപാടുകളോട് അന്നത്തെ യുവതലമുറ ഫെമിനിസ്റ്റുകള്‍ തര്‍ക്കിക്കുകയും അവര്‍ കരഞ്ഞുകൊണ്ട് വേദിയില്‍നിന്ന് ഇറങ്ങിപോകുകയും ചെയ്തു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം അതേസ്ഥലത്ത് വെച്ച് അന്ന് മാധവിക്കുട്ടിയെ ചോദ്യം ചെയ്ത ചില ഫെമിനിസ്റ്റുകളെ ഹാദിയ വിഷയത്തിലെ നിലപാടിന്റെ പേരില്‍ പുതുതലമുറ ഫെമിനിസ്റ്റുകള്‍ വിമര്‍ശിക്കുന്നതിനും സാക്ഷിയായി. കാലത്തിനൊപ്പവും പുതുതലമുറക്കൊപ്പവും നീങ്ങുക എന്നതും ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്. അതത്ര എളുപ്പമല്ല. ചുംബനസമരത്തോട് അന്നത്തെ സിപിഎം സംസ്ഥാനസെക്രട്ടരിയായിരുന്ന പിണറായി വിജയന്റേയും ശബരിമല സമയത്ത് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റേയും നിലപാടുകളെയും രഹ്ന വിമര്‍ശിക്കുന്നു.

പുസ്തകത്തില്‍ സൂചിപ്പിക്കുന്ന ഒന്നുരണ്ടു വസ്തുതാപരമായ തെറ്റുകള്‍ ചൂണ്ടികാട്ടട്ടെ. കപട സദാചാരബോധത്തിനെതിരെ കേരളത്തില്‍ പ്രതിഷേധങ്ങളാരംഭിച്ചത് ചുംബനസമരത്തോടെയാണെന്ന് പുസ്തകത്തില്‍ പറയുന്നു. അത്രക്കൊന്നും ചര്‍ച്ചയായിട്ടില്ലെങ്കിലും അതിനുമുന്നെ ആ വിഷയത്തില്‍ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുരുവായൂരില്‍ റൂമെടുത്ത ഒരു പുരുഷനേയും സ്ത്രീയേയും പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അവിടെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത അനുഭവം ഈ ലേഖകനുതന്നെയുണ്ട്. അതുപോലെ ലിവിംങ് ടുംഗെതറും ഡേറ്റിങുമൊക്കെ ചെറിയ തോതിലാണെങ്കിലും ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ഈ വിഷയങ്ങളെല്ലാം കേരളത്തില്‍ സജീവചര്‍ച്ചാവിഷയമാക്കുന്നതില്‍ രഹ്നയുടെ പങ്കും അതിനവര്‍ക്കു നല്‍കേണ്ടിവന്ന വിലയും സമാനതകളില്ലാത്തതാണ്. പുസ്തകത്തിന്റെ പ്രസാധകരായ ഗൂസ്‌ബെറി പബ്ലിക്കേഷന്‍സിലെ പ്രസന്നന്‍ ധര്‍മ്മപാലന്‍ എഴുതിയ പോലെ ശരീരം, സ്‌ത്രൈണത, ലൈംഗികത എന്നിവയെ സ്വേച്ഛാപരമോ സ്വയം നിര്‍വാഹകമോ ആയി കണ്ടുകൊണ്ട് സ്വത്വത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ വിവിധമാനങ്ങളെ ആവിഷ്‌കരിക്കാനും സ്ഥാപിക്കാനും സഫലീകരിക്കാനുമുള്ള എഴുത്തുകാരിയുടെ ശ്രമങ്ങളാണ് ആത്മകഥയില്‍ അവര്‍ പങ്കുവെക്കുന്നത്.

ശരീരം, സമരം, സാന്നിദ്ധ്യം
രഹ്ന ഫാത്തിമ
വില 300 രൂപ
ഗൂസ്‌ബെറി പബ്ലിക്കേഷന്‍സ്

(പുസ്തകം തപാലില്‍ ലഭിക്കാന്‍ തപാല്‍ ചാര്‍ജ് ഉള്‍പ്പെടെ 340 രൂപ 6235178393 എന്ന നമ്പറിലേക്ക് Google Pay/ Phone Pay ചെയ്ത് റെസീപ്റ്റും പൂര്‍ണ്ണമായ മേല്‍വിലാസവും (പിന്‍കോഡ് ഉള്‍പ്പെടെ) ഇതേ നമ്പറില്‍ വാട്‌സാപ് ചെയ്യുക. വി പി പിക്കും ഇതേ നമ്പറില്‍ ബന്ധപ്പെടുക)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply