2024 : ജാതി സെന്‍സസും ഏകീകൃത സിവില്‍കോഡും മുഖാമുഖം

കര്‍ണ്ണാടക തെരഞ്ഞെടുപ്പും അതിനുശേഷം ഏതാനും നിയമസഭാതെരഞ്ഞെടുപ്പുകളും കഴിയുന്നതോടെ ഏറ്റവും നിര്‍ണ്ണായകമായ ലോകസഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുകയാണ്. സ്വാഭാവികമായും എല്ലാ പ്രസ്ഥാനങ്ങളും തങ്ങള്‍ ഊന്നാന്‍ പോകുന്ന വിഷയങ്ങളെ കുറിച്ചുള്ള സൂചന തന്നുകഴിഞ്ഞു. അതിലേറ്റവും പ്രധാനമായി വരുന്നത് ജാതി സെന്‍സസും ഏകീകൃത സിവില്‍ കോഡുമാണ്. പ്രതിപക്ഷം തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി ജാതി സെന്‍സസ് ഉയര്‍ത്തുമെന്നുറപ്പായി. മറുവശത്ത് ബിജെപിയുടെ പ്രധാന മുദ്രാവാക്യം ഏകീകൃത സിവില്‍ കോഡായിരിക്കും. അതാകട്ടെ മിക്കവാറും തെരഞ്ഞെടുപ്പിനുമുന്നെ നടപ്പാക്കാനും സാധ്യതയുണ്ട്.

ജാതി സെന്‍സസ് തങ്ങളുടെ അജണ്ടയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. രാഹുല്‍ ഗാന്ധി തന്നെ അടുത്തിടെ കോലാര്‍ റാലിയില്‍ 2011ലെ ജാതി സെന്‍സസ് പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി നിശ്ചയിച്ച 50 ശതമാനം സംവരണ പരിധി മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. മിക്ക പ്രതിപക്ഷകക്ഷികളും ജാതി സെന്‍സസിനെ പിന്തുണക്കുകയും ചെയ്യുന്നു. ജെ ഡി യു – ആര്‍ ജെ ഡി സഖ്യത്തിന്റെ ഏറ്റവും പ്രധാന ആവശ്യം തന്നെ അതാണ്. സുപ്രീം കോടതിയുടെ അംഗീകാരത്തോടെ ബീഹാറില്‍ ജാതി സര്‍വേ ആരംഭിച്ചു കഴിഞ്ഞു. എതിരായ വാദങ്ങളെല്ലാം സുപ്രിംകോടതി തള്ളിയിരുന്നു. വരാനിരിക്കുന്ന സെന്‍സസിനൊപ്പം ജാതി വിവരങ്ങള്‍ കൂടി ശേഖരിക്കാന്‍ മഹാരാഷ്ട്രയും ഒഡീഷയും ജാര്‍ഖണ്ഡും കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടണ്ട്. അല്ലാത്തപക്ഷം അവരും ബീഹാര്‍ മാതൃക സ്വീകരിക്കുമെന്ന സൂചന നല്‍കിയിട്ടുമുണ്ട്. അടിയന്തരാവസ്ഥക്കെതിരായും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനായുമുള്ള പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത് ബീഹാറായിരുന്നു എന്നത് ഇപ്പോള്‍ ഓര്‍ക്കാവുന്നതാണ്. വരും ദിവസങ്ങളില്‍ അത്തരമൊരു മുന്നേറ്റത്തിന്റെ സാധ്യതകളാണ് പല പ്രതിപക്ഷപാര്‍ട്ടികളും തിരയുന്നത്. അതാണ് ബിജെപി ഭയപ്പെടുന്നതും.

മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവ് അജിത് പവാര്‍ തന്നെ ബീഹാറിലെ പോലെ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. യുപിയില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ജാതി സെന്‍സസ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. യോഗിയുടെ യുപിയില്‍ ഉപമുഖ്യമന്ത്രിയും പ്രധാന ബിജെപി നേതാവുമായ കേശവ് പ്രസാദ് മൗര്യ ഈ ആവശ്യത്തെ പിന്തുണക്കുന്നുണ്ടത്രെ. ബിജെപിയില്‍ തന്നെ ഇക്കാര്യത്തില്‍ ഭിന്നതയുണ്ടെന്നര്‍ത്ഥം. കാലികമായി ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു. അത്തരം ഡാറ്റയുടെ അഭാവത്തില്‍ അര്‍ത്ഥവത്തായ സാമൂഹിക നീതിയും ശാക്തീകരണ പരിപാടികളും അപൂര്‍ണ്ണമാണെന്ന് കത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്നാല്‍ സ്വാഭാവികമായും തങ്ങളുടെ രാഷ്ട്രീയത്തെ തകര്‍ക്കുന്ന ഈ ആവശ്യത്തോട് ബിജെപി മുഖം തിരിക്കുമെന്നുറപ്പ്. അവരുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് അത് ഭീഷണിയാണല്ലോ. ദശാബ്ദത്തിലൊരിക്കലുള്ള സെന്‍സസില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ എണ്ണം കണക്കാക്കുന്നതുപോലെ വിവിധ പിന്നാക്ക ജാതികളുടെ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം ബിജെപിയുടെ കേന്ദ്ര നേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല അത്തരമൊരു ഉദ്ദേശമില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചിട്ടുമുണ്ട്. പകരം അവരുടെ മുദ്രാവാക്യം അവരുടെ രാഷ്ട്രീയത്തിന് അനുസൃതമായ ഏകീകൃത സിവില്‍ കോഡ് തന്നെ. അതിന്റെ മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിമാര്‍ക്ക് പുറമേ നിരവധി ബിജെപി നേതാക്കളും നിയമമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. വരുന്ന വര്‍ഷകാല ലോക്സഭ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നതെന്നാണ് വാര്‍ത്ത.

ജനസംഖ്യാ സെന്‍സസ് കേവലം രാജ്യത്തെ ജനങ്ങളുടെ എണ്ണം അറിയാനുള്ള ഒന്നല്ല. മറിച്ച് പൗരന്മാര്‍ അനുഭവിക്കുന്ന സാമൂഹിക സാമ്പത്തിക മാറ്റങ്ങളുടെ രൂപരേഖയാണ്. ഇന്ത്യയെപോലുള്ള രാജ്യത്ത് അതിലേറ്റവും പ്രധാനം ജാതിയല്ലാതെ മറ്റെന്താണ്? ഏതു ക്ഷേമപദ്ധതി നടപ്പാക്കാനും ജാതിയുമായി ബന്ധപ്പെട്ട കണക്കുകള്‍ ആവശ്യമാണ്. രാജ്യത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് അവസാനമായി ബ്രിട്ടീഷ് ഭരണകാലത്ത് 1931ലാണ് നടന്നത്. അതില്‍ നിന്ന് എത്രയോ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. 1953ല്‍ പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പഠിക്കാനായി രൂപീകരിച്ച കമ്മീഷന്റെ പ്രധാന നിര്‍ദ്ദേശം സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്തണമെന്നായിരുന്നു. പക്ഷെ നടപ്പായില്ല. 1951 മുതല്‍ 2011 വരെ പട്ടികജാതി പട്ടികവര്‍ഗങ്ങളുടെ ജാതി ഡാറ്റ പ്രസിദ്ധീകരിച്ചിരുന്നു. 2001ല്‍ വാജ്‌പേയ് ഗവണ്മന്റ് ജാതി സെന്‍സസ് എടുക്കുമെന്ന് പാര്‍ലിമെന്റില്‍ തന്നെ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. യുപിഎ ഭരണകാലത്ത് 2011-ല്‍ സാമൂഹ്യ-സാമ്പത്തിക-ജാതി സെന്‍സസ് (എസ്ഇസിസി) വിവരങ്ങള്‍ സമാഹരിച്ചിരുന്നു. പക്ഷെ അതിലെ ജാതി വിവരങ്ങള്‍ പ്രസിദ്ധീകരിച്ചില്ല.

മുകളില്‍ സൂചിപ്പിച്ച പോലെ തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ നെടുകെ പിളര്‍ക്കുമെന്നറിയാവുന്നതിനാലാണ് ബിജെപി, ജാതി സെന്‍സസിനെ എതിര്‍ക്കുന്നതെന്നു വ്യക്തം. പകരം സമീപകാലത്തെ തെരഞ്ഞെടുപ്പുകളിലെല്ലാം ചെയ്യുന്നപോലെ ഒരു വിഭാഗത്തെ ശത്രുക്കളായി പ്രഖ്യാപിച്ച്, മതവികാരവും ദേശീയവികാരവുമൊക്കെ കെട്ടഴിച്ചുവിടുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് അവര്‍ ഏകീകൃതസിവില്‍ കോഡിലേക്കുപോകുന്നത്. കര്‍ണ്ണാടകയില്‍ അടുത്ത ദിവസം മുസ്ലിം സംവരണം പൂര്‍ണ്ണമായി എടുത്തുകളഞ്ഞതിന്റേയും ലക്ഷ്യം മറ്റൊന്നല്ലല്ലോ. ബാബറിമസ്ജിദ്, മുംബൈ – ഗുജറാത്ത് – മുസാഫര്‍ നഗര്‍ – കാണ്ടമാല്‍ വംശീയഹത്യകള്‍, ബീഫ് – ശ്രീറാം വിളിയുടെ പേരിലുള്ള കൊലകള്‍, എഴുത്തുകാരയും ചിന്തകരേയും ആക്ടിവിസ്റ്റുകളേയും വധിക്കുകയും കള്ളകേസുകളില്‍ കുടുക്കി ഭീകരനിയമങ്ങള്‍ ചാര്‍ത്തി തുറുങ്കിലടക്കല്‍, മുത്ലാക്ക് നിയമം, കാശ്മീരിന്റെ പദവി റദ്ദാക്കല്‍, പൗരത്വ ഭേദഗതി നിയമം, സവര്‍ണ്ണ സംവരണം തുടങ്ങിയ നടപടികളെല്ലാം അതാതുകാലത്ത് ഈ ലക്ഷ്യത്തോടെ ചെയ്തായിരുന്നു.

ഇന്ത്യ മുന്നോട്ടുവെക്കുന്ന മതേതരനിലപാടിനു വിരുദ്ധമാകും ഏകീകൃത സിവില്‍ നിയമമെന്നതില്‍ സംശയമില്ല. ഇന്ത്യന്‍ മതേതരത്വം മതവിരുദ്ധമല്ല, ആര്‍ക്കും അവരവരുടെ മതവിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അവകാശവും എല്ലാ മതങ്ങള്‍ക്കും തുല്ല്യപദവിയും അതിന്റെ നട്ടെല്ലാണ്. അപ്പോള്‍ മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കുന്ന ഏകീകൃത സിവില്‍ നിയമം നമ്മുടെ മതേതരസങ്കല്‍പ്പത്തില്‍ കടക്കല്‍ തന്നെയാണ് കത്തിവെക്കുക. പ്രത്യേകിച്ച് ഹിന്ദുത്വരാഷ്ട്രം ലക്ഷ്യമാക്കിയ ഒരു പാര്‍ട്ടി ഭരിക്കുമ്പോള്‍. എം എന്‍ കാരശ്ശേരിയേയും വി പി സുഹ്‌റയേയുംപോലെ മസ്ലിം മതത്തിലെ അനാചാരങ്ങള്‍ക്കെതിരെ നിരന്തരം പോരാടുന്നവര്‍ പോലും ഇക്കാര്യത്തിലെ ആശങ്ക ചൂണ്ടികാ്ടടിയിട്ടുണ്ട്. വൈവിധ്യങ്ങളെയെല്ലാം തകര്‍ത്ത് ബഹുസ്വര ഇന്ത്യയെ ഏകീകൃത ഭാരതമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സംഘപരിവാറിന്റെ സമീപകാല നീക്കങ്ങളെല്ലാം എന്നത് പകല്‍പോലെ വ്യക്തമാണ്. ഒറ്റ നികുതി, ഒറ്റ ഭാഷ, ഒറ്റ യൂണിഫോം, ഒറ്റ സംസ്‌കാരം, ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ തിരിച്ചറിയാല്‍ കാര്‍ഡ്, ഒറ്റ ദൈവം, ഒറ്റ ഗോമാതാവ് എന്നിങ്ങനെ ഈ പട്ടിക നീളുകയാണ്. അതിന്റെ ഭാഗമല്ലാതെ മറ്റെന്താണ് ഒറ്റ സിവില്‍ നിയമമെന്ന മുദ്രാവാക്യം? ഇനിയത് ഒറ്റമതം, ഒറ്റ പാര്‍ട്ടി, ഒറ്റ നേതാവ് എന്നതിലേക്കാണ് പോകുന്നതെന്നു മനസ്സിലാക്കാന്‍ കഴിയാത്തവരെ കുറിച്ച് സഹതപിക്കാനേ കഴിയൂ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തീര്‍ച്ചയായും ഏതെങ്കിലും വിശ്വാസം വ്യക്തികളുടെ മനുഷ്യാവകാശങ്ങളുടെ നിഷേധമാണെങ്കില്‍, മനുഷ്യാവകാശങ്ങള്‍ക്കൊപ്പം നില്‍ക്കാനേ ജനാധിപത്യവാദികള്‍ക്കാവൂ. ഇവിടേയും ആ വിഷയം ഉയര്‍ന്നു വരുന്നുണ്ട്. മുസ്ലിംവ്യക്തിനിയമത്തിലും പിന്തുടര്‍ച്ചാവകാശ നിയമത്തിലുമൊക്കെ വലിയ തോതില്‍ സ്ത്രീകള്‍ക്കെതിരായ വിവേചനം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഓര്‍ക്കേണ്ടതായ ഒരു കാര്യം ഹിന്ദു – കൃസ്ത്യന്‍ വ്യക്തിനിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ഏകീകൃത സിവില്‍ കോഡ് എന്ന ആശയം അതിശക്തമായി ഉയര്‍ന്നിട്ടില്ല എന്നതാണ്. നടന്നത് വ്യക്തിനിയമ പരിഷ്‌കാരങ്ങളായിരുന്നു. അത്തരം പരിഷ്‌കാരങ്ങള്‍ മുസ്ലിം വ്യക്തിനിയമങ്ങളിലും ആവശ്യമാണ്. അതിനാണ് ശബ്ദമുയരേണ്ടത്. സംഘപരിവാര്‍ കാലത്ത്. സര്‍ക്കാര്‍ പാസാക്കിയ മുത്ലാഖ് നിയമത്തില്‍ മറ്റൊരു മതവിഭാഗത്തിലും ഇല്ലാത്തപോലെ, വിവാഹമോചനം നടത്തുന്ന മുസ്ലിം പുരുഷനുമേല്‍ ക്രിമിനല്‍ കുറ്റം അടിച്ചേല്‍പ്പിക്കുന്നത് ഈയവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

മറ്റു പല വിഷയങ്ങള്‍ക്കുമൊപ്പം ജാതി സെന്‍സസ്, ഏകീകൃത സിവില്‍ കോഡ് എന്ന രണ്ടു കടകവിരുദ്ധമായ രാഷ്ട്രീയ നിലപാടുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വേദി കൂടിയായിരിക്കും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് എന്നത് വ്യക്തം. ആദ്യത്തേത് സാമൂഹ്യനീതിയുടെ രാഷ്ട്രീയമാണെങ്കില്‍ രണ്ടാമത്തേത് ഹിന്ദുത്വ രാഷ്ട്രത്തിന്റെ രാഷ്ട്രീയമാണ്. സ്വാഭാവികമായും ജനാധിപത്യത്തിലും മതേതരത്വത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്നവര്‍ക്ക് നില്‍ക്കാനാവുക സാമൂഹ്യനീതിയിയുടെ രാഷ്ട്രീയത്തോടൊപ്പമാണ്. ഈ നിര്‍ണ്ണായക വിഷയത്തിലെങ്കിലും ഐക്യപ്പെട്ട് ഒന്നിച്ചുനില്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാകുമെന്നു തന്നെ പ്രതീക്ഷിക്കാം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply