ഹിജാബിന്റെ രാഷ്ട്രീയം – അള്ളാഹു അക്ബറിന്റേയും

ഇന്ത്യന്‍ മതേതരത്വമെന്നത് മതവിരുദ്ധമല്ല. എല്ലാ മതങ്ങളും സമഭാവനയോടെ നിലനില്‍ക്കുന്ന ഒന്നായാണ് ഇന്ത്യന്‍ മതേതരത്വം നിര്‍വ്വചിക്കപ്പെട്ടിട്ടുള്ളത്. എന്തിനേറെ, ഒരേ മതത്തിലെ തന്നെ വൈവിധ്യമാര്‍ന്ന ശാഖകളും നിലനില്‍ക്കുന്നു. ലോകത്തെവിടേയും കാണാത്തവിധം മതങ്ങളും സംസ്‌കാരങ്ങളും ജീവിതരീതികളും കൊണ്ട് സമ്പന്നമായതാണ് എന്നതാണ് ഇന്ത്യയുടെ സൗന്ദര്യം. ആ സൗന്ദര്യം തല്ലിതകര്‍ക്കാനുള്ള ശ്രമമാണ് ഏറെകാലമായി സംഘപരിവാര്‍ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്നത്. ബാബറി മസ്ജിദിനു ശേഷം അത് തീവ്രമാകുകയും ഈ ശക്തികള്‍ അധികാരത്തിലെത്തുകയും ചെയ്തു. അധികാരത്തില്‍ എന്നന്നേക്കുമായി തുടരാനും എല്ലാ വൈവിധ്യങ്ങളും തുടച്ചുമാറ്റി മതരാഷ്ട്രമാക്കാനുമുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതിന്റെ ഭാഗമാണ് ഹിജാബിനെതിരായ ഈ നീക്കവും.

ദിനം പ്രതി വര്‍ഗ്ഗീയ വിഷം തുപ്പി രാജ്യത്തിന്റെ രാഷ്ട്രീയ – സാമൂഹ്യ അന്തരീക്ഷം കലുഷിതവും അരക്ഷിതവുമാക്കി നിലനിര്‍ത്തുക എന്ന തന്ത്രത്തിലാണ് സംഘപരിവാര്‍ ശക്തികള്‍ എന്നു വ്യക്തം. അതിന്റെ ഇപ്പോഴത്തെ രൂപമാണ് കര്‍ണ്ണാടകയില്‍ നിന്നാരംഭിച്ചതും രാജ്യമാകെ പടര്‍ത്താന്‍ ശ്രമിക്കുന്നതുമായ ഹിജാബ് വിരുദ്ധ പ്രക്ഷോഭം. വടക്കെയിന്ത്യയില്‍ വര്‍ഗ്ഗീയകലാപങ്ങള്‍ ുമ്ടാകുമ്പോഴും താരതമേന്യ ശാന്തമായ ദക്ഷിണേന്ത്യയിലേക്കും അതിന്റെ വിത്തുവിതറാനാണ് ശ്രമം. എത്രയോ കാലമായി വിദ്യാര്‍ത്ഥിനികള്‍ ധരിക്കുന്ന ഹിജാബ് മതചിഹ്നമായതിനാല്‍ തടയണം എന്ന ആവശ്യമുന്നയിച്ചാണ് ലഹള നടക്കുന്നത്. ലഹളക്ക് കരുത്തേകാന്‍ കാവിഷാളും വേഷവുമായി നിരവധി വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികളും കാമ്പസുകളിലെത്തുന്നു.

ഹിജാബ് മതചിഹ്നമാണെന്നതില്‍ ആരും തര്‍ക്കിക്കില്ല. അതുപോലെതന്നെ ഇന്ത്യയൊരു മതേതരരാഷ്ട്രമാണെന്നതിലും തര്‍ക്കമില്ലല്ലോ. ഇന്ത്യന്‍ മതേതരത്വമെന്നത് മതവിരുദ്ധമല്ല. എല്ലാ മതങ്ങളും സമഭാവനയോടെ നിലനില്‍ക്കുന്ന ഒന്നായാണ് ഇന്ത്യന്‍ മതേതരത്വം നിര്‍വ്വചിക്കപ്പെട്ടിട്ടുള്ളത്. എന്തിനേറെ, ഒരേ മതത്തിലെ തന്നെ വൈവിധ്യമാര്‍ന്ന ശാഖകളും നിലനില്‍ക്കുന്നു. അതാണല്ലോ ഒരേസമയം രാമനെ ആരാധിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ക്കെന്നപോലെ ഗാന്ധിക്കും കഴിയുന്നത്. ഹിന്ദു, കൃസ്ത്യന്‍ തുടങ്ങി മറ്റെല്ലാം മതങ്ങളിലും വൈവിധ്യമാര്‍ന്ന ധാരകള്‍ നിലവിലുണ്ട്. ലോകത്തെവിടേയും കാണാത്തവിധം മതങ്ങളും സംസ്‌കാരങ്ങളും ജീവിതരീതികളും കൊണ്ട് സമ്പന്നമായതാണ് എന്നതാണ് ഇന്ത്യയുടെ സൗന്ദര്യം. ആ സൗന്ദര്യം തല്ലിതകര്‍ക്കാനുള്ള ശ്രമമാണ് ഏറെകാലമായി സംഘപരിവാര്‍ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്നത്. ബാബറി മസ്ജിദിനു ശേഷം അത് തീവ്രമാകുകയും ഈ ശക്തികള്‍ അധികാരത്തിലെത്തുകയും ചെയ്തു. അധികാരത്തില്‍ എന്നന്നേക്കുമായി തുടരാനും എല്ലാ വൈവിധ്യങ്ങളും തുടച്ചുമാറ്റി മതരാഷ്ട്രമാക്കാനുമുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതിന്റെ ഭാഗമാണ് ഹിജാബിനെതിരായ ഈ നീക്കം. തങ്ങളുടെ നമ്പര്‍ വണ്‍ ശത്രുവെന്നവര്‍ പ്രഖ്യാപിച്ചിട്ടുള്ള മുസ്ലിം വിഭാഗത്തിന്റെ ഉടമസ്ഥതയുലുള്ള ഏറ്റവും വലിയ മാധ്യമ സ്ഥാപനം തകര്‍ക്കാനുള്ള നീക്കവും ഇതുമായി കൂട്ടി വായിക്കാവുന്നതാണ്. സ്മൃതികളും വേദങ്ങളുമൊക്കെ ഉദ്ധരിച്ചാണ് ഈ വിഷയത്തില്‍ കോടതി വിധി പ്രഖ്യാപിച്ചതെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇന്ത്യന്‍ ഭരണഘടനക്കുപകരം മനുസ്മൃതി പുനസ്ഥാപിക്കാനുള്ള നീക്കമല്ലാതെ മറ്റെന്താണത്? ഹിജാബ് വിഷയത്തിലും കോടതി ഉരുളുകയാണ്.

സംഘപരിവാര്‍ ലക്ഷ്യമിടുന്നത് എന്താണെന്ന് അവരുടെ തന്നെ വാക്കുകളില്‍ ഇടക്കിടെ പുറത്തുവരാറുണ്ട്. കഴിഞ്ഞ ദിവസം കര്‍ണ്ണാടക മന്ത്രി കെ എസ് ഈശ്വരപ്പ തങ്ങളുടെ ലക്ഷ്യം എന്താണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. ചെങ്കോട്ടയില്‍ കാവിക്കൊടി ഉയര്‍ത്തുമെന്നു തന്നെയാണ് അദ്ദേഹം പറഞ്ഞത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശ്രീരാമന്റേയും മാരുതിയുടേയും രഥങ്ങളില്‍ കാവിക്കൊടി ഉണ്ടായിരുന്നു എന്നും അന്ന് ഇന്ത്യയില്‍ ത്രിവര്‍ണ്ണക്കൊടി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന പോലെ ഇതും യാഥാര്‍ത്ഥ്യമാകും. ഹിജാബ് വിരുദ്ധ സമരത്തിന്റെ ഭാഗമായി കര്‍ണ്ണടകയിലെ ഒരു കോളേജില്‍ ത്രിവര്‍ണ്ണപതാക മാറ്റി കാവിക്കൊടി ഉയര്‍ത്തിയ സംഭവത്തെ പരാമര്‍ശിച്ചാണ് മന്ത്രി ഇതു പറഞ്ഞത്. ഇത്രയും വ്യക്തമായി തങ്ങളുടെ ലക്ഷ്യം അവര്‍ പറഞ്ഞിട്ടും ഇപ്പോഴും ഹിജാബ് ധരിക്കുന്നതും അള്ളാഹു അക്ബര്‍ എന്നു പറയുന്നതും മീഡിയാ വണ്‍ നിരോധിച്ചതും ശരിയാണോ തെറ്റാണോ, എന്നു ചര്‍ച്ച ചെയ്യുന്ന, മതേതരവാദികള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്നവരുടെ രാഷ്ട്രീയ അശ്ലീല ചിത്രവും നാം കാണുന്നു, പ്രത്യേകിച്ച് കേരളത്തില്‍.

യൂണിഫോമിന്റേയും മതേതരത്വത്തിന്റേയും പേരു പറഞ്ഞാണ് സംഘപരിവാര്‍ വിരുദ്ധരെന്ന് സ്വയം അവകാശപ്പെടുന്ന ഒരു വിഭാഗം ഹിജാബിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. പതിവുപോലെ ഇന്ത്യയില്‍ ഹിന്ദുവര്‍ഗ്ഗീയതയും മുസ്ലിം വര്‍ഗ്ഗീയതയും ഒരുപോലെയാണ്, രണ്ടും ഒരുപോലെ അപകടകരമാണ്, ഹിജാബ് ഉപയോഗിക്കാമെങ്കില്‍ കാവിഷാളുമാകാം തുടങ്ങിയ സമീകരണങ്ങളുമായാണ്, ഫലത്തില്‍ വേട്ടക്കാരേയും ഇരയേയും സമീകരിച്ചാണ് ഇവര്‍ തന്ത്രപൂര്‍വ്വം സംഘപരിവാറിനെ പിന്തുണക്കുന്നത്. യൂണിഫോമുകള്‍ നിലനില്‍ക്കുമ്പോഴും അതോടൊപ്പം പലവിധ മതചിഹ്നങ്ങള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ടെന്നാണ് ഇവര്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നത്. സിക്കുകാരുടെ തലപ്പാവും കൃപാണവും ഹിന്ദുസ്ത്രീകളുടെ സിന്ദൂരവും അയ്യപ്പഭക്തരുടെ വേഷവും പഠിക്കാന്‍ പോകുന്ന കന്യാസ്ത്രീകളുടേയും അച്ചന്മാരുടേയും വേഷങ്ങളും മറ്റും മറ്റും ഉദാഹരണങ്ങള്‍. പട്ടാളത്തില്‍ പോലും മതചിഹ്നങ്ങള്‍ അനുവദനീയമായ രാജ്യത്താണ്, കാവി വേഷം ധരിച്ച ഒരു മുഖ്യമന്ത്രിയുള്ള രാജ്യത്താണ് ഒരു സുപ്രഭാതം മുതല്‍ കലാലയങ്ങളില്‍ അതുപാടില്ല എന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുവരുന്നതും അതിനെ പരോക്ഷമായി പിന്തുണക്കാന്‍ മറ്റുചില വിഭാഗങ്ങള്‍ മത്സരിക്കുന്നതും. ഈ പറഞ്ഞ മതചിഹ്നങ്ങളെ പോലെ ഒന്നു മാത്രമാണ് ഹിജാബും. അതും യൂണിഫോമുകള്‍ക്കൊപ്പം ഉപയോഗിക്കുന്നതാണ്. എന്നിട്ടും അതിനെ ഇപ്പോള്‍ വിവാദമാക്കുന്നത് കൃത്യമായ ലക്ഷ്യത്തോടെയാണെന്ന് തിരിച്ചറിയാത്തവരോട് എന്തു പറയാന്‍?

തങ്ങളുടെ നിലപാടിന് ശക്തിയേകാന്‍ വാസ്തവവിരുദ്ധമായ മറ്റൊന്നു കൂടി പല മതേതര, ഇടതുപക്ഷ, യുക്തിവാദികളും പ്രചരിപ്പിക്കുന്നതും കണ്ടു. മുഖം മറക്കുന്ന ഒന്നാണ് ഹിജാബ് എന്നതാണത്. അതുവഴി ഹിജാബ് സ്ത്രീകളെ സമൂഹത്തില്‍ അദൃശ്യരാക്കുന്നു എന്നും. മുഖം മറക്കുന്ന വസ്ത്രധാരണരീതികള്‍ മുസ്ലിം സമൂഹത്തില്‍ ഉണ്ടെന്നത് ശരി. എന്നാലിപ്പോള്‍ നടക്കുന്ന കലാപം മുഖം മറക്കാത്ത ഹിജാബിനെ ചൊല്ലിയാണ്. സിക്കുകാരുടെ തലക്കെട്ടുപോലെ തല മാത്രമാണ് ഹിജാബ് മറക്കുന്നത്. തീര്‍ച്ചയായും മുഖം മറക്കുന്ന വസ്ത്രധാരണരീതി ആധുനിക കാല ജനാധിപത്യത്തിന് അംഗീകരിക്കാനാവാത്തതാണ്. ആര്‍ക്കും ഏതു വേഷവും ധരിക്കാമെന്നു പറയുന്നത് പൊതുവില്‍ ശരിയാണെങ്കിലും മുഖം മറക്കുന്ന ഒന്നിനെ വസ്ത്രമായി തന്നെ കണക്കാക്കാനാകില്ല. മനുഷ്യന്‍ വ്യക്തിയായിരിക്കുമ്പോഴും വ്യക്തിപരമായ ഇഷ്ടങ്ങളും സ്വാതന്ത്ര്യവുമെല്ലാം ഉണ്ടെങ്കിലും സാമൂഹ്യജീവിയുമാണ്. ഒരാള്‍ സമൂഹത്തില്‍ തിരിച്ചറിയപ്പെടുന്നതും സാമൂഹ്യജീവിയാകുന്നതും മുഖത്തില്‍ കൂടിയാമല്ലോ. ഒരാളുടെ ഐഡന്റിറ്റി വെളിവാക്കുന്ന മുഖം മറച്ച് എങ്ങനെയാണ് സാമൂഹ്യജീവിതം സാധ്യമാകുന്നത്. അതിനാല്‍ തന്നെ മുഖം മറക്കുകവഴി, ്അതിനു നിര്‍ബന്ധിക്കുക വഴി ചെയ്യുന്നത് ഒരാളുടെ സാമൂഹ്യജീവിതം നിഷേധിക്കലാണ്. സ്ത്രീകളെ മനുഷ്യരായി അംഗീകരിക്കാത്തവരാണ് മുഖം മറക്കുന്ന വസ്ത്രരീതിയുടെ വക്താക്കളാകുക. അതേസമയം ഇപ്പോഴത്തെ വിഷയം അതൊന്നുമല്ല. കൃത്യമായ ആസൂത്രണത്തോടെ, ലക്ഷ്യത്തോടെ വര്‍ഗ്ഗീയവിദ്വേഷം തുപ്പലാണ്. ബീഫിന്റെ പേരില്‍ ഭക്ഷണസ്വാതന്ത്ര്യത്തിനെതിരെ നടന്ന അതിക്രമങ്ങള്‍ക്ക് സമാനമാണ് ഹിജാബിന്റെ പേരില്‍ വസ്ത്രധാരണത്തിനെതിരെ ഇപ്പോള്‍ നടക്കുന്നത്. ഇതാകട്ടെ ഫലത്തില്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഇന്ത്യന്‍ ഭരണഘടനക്കും എതിരാണ്.

സമാനമാണ് കാവി ധരിച്ച ഒരു കൂട്ടം നേരില്‍ വന്നപ്പോള്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടി അള്ളാഹു അക്ബര്‍ എന്നുറക്കെ വിളിട്ടതും. അതൊരുപക്ഷെ കൃഷ്ണാ, ഗുരുവായൂരപ്പാ, കര്‍ത്താവേ എന്നൊക്കെ വിളിക്കുന്നതുപോലെ ആ കുട്ടി വിളിച്ചതാകാം. അങ്ങനെയായാലും അല്ലെങ്കിലും സമകാലികാവസ്ഥയില്‍ അള്ളാഹു അക്ബര്‍ വിളി രാഷ്ട്രീയ പ്രതിരോധമാണ്. അക്രമിക്കാന്‍ കൂട്ടമായെത്തിയവരുടെ കാവിവേഷവും ജയ് ശ്രീറാം വിളിയും ഒറ്റക്ക് പ്രതിരോധിക്കുന്ന പെണ്‍കുട്ടിയുടെ ഹിജാബും അള്ളാഹു അക്ബര്‍ വിളിയും ഒരുപോലെയെന്നു പറയുന്നവര്‍ സത്യത്തില്‍ സംഘപരിവാറിനേക്കാള്‍ അപകടകാരികളാണ്. ഇവര്‍ക്ക് വേട്ടക്കാരും ഇരകളും തുല്ല്യരാണ്. ഇവരെല്ലാം തന്നെ നാനാത്വത്തില്‍ ഏകത്വമെന്ന കൊട്ടിഘോഷിക്കുന്ന ആശയത്തിനെതിരാണ്. നടക്കുന്നത് ഇന്ത്യയിലെ മനോഹരമായ വൈവിധ്യങ്ങളെ കുഴിച്ചുമൂടാനുള്ള ശ്രമമാണ്. ഭരണഘടനക്കുപകരം മനുസ്മൃതി സ്ഥാപിക്കാനുള്ള നീക്കമാണ്. മതേതരത്വത്തിനുപകരം മതരാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമമാണ്. അതിനാല്‍ തന്നെ അതിനെ ചെറുത്തുതോല്‍പ്പിക്കലാണ് ജനാധിപത്യ – മതേതരവാദികളുടെ സമകാലിക രാഷ്ട്രീയ ഉത്തരവാദിത്തം.

വാല്‍ക്കഷ്ണം

യിപിയെ കാശ്മീരോ ബംഗാളോ കേരളമോ ആക്കരുതെന്ന യു പി മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഇതോടൊപ്പം തന്നെയാണ് വായിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതിനോട് അര്‍ഹിക്കുന്ന രീതിയില്‍ പ്രതികരിക്കാന്‍ നമ്മുടെ നേതാക്കള്‍ക്കായില്ല. യുപി മുഖ്യമന്ത്രിക്കുള്ള മറുപടിയില്‍ രാഹുല്‍ പറഞ്ഞത് രാജ്യമാകെ സുന്ദരമാണെന്നും നാടിന്റെ ആത്മാവിനെ അപമാനിക്കരുതെന്നും. ശശി തരൂര്‍ പറഞ്ഞത് നാടാകെ കാശ്മീരിനെപോലെ സുന്ദരമാകണമെന്നും ബംഗാളിനെ പോലെ സംസ്‌കാരസമ്പന്നമാകണമെന്നും കേരളത്തെപോലെ വിദ്യാഭ്യാസം നേടണമെന്നും… മുഖ്യമന്ത്രി പിണറായി പറഞ്ഞത് കേരളത്തിന്റെ മൊത്തത്തിലുള്ള വികസനത്തെ കുറിച്ച്.. എന്നാല്‍ ഇതൊന്നുമല്ല തന്റെ പരാമര്‍ശത്തില്‍ യോഗി ഉദ്ദേശിച്ചത്. തെരഞ്ഞെടുപ്പുദിവസം ഹിന്ദുവോട്ടര്‍മാരോട് യുപിയെ കാശ്മീരും ബംഗാളും കേരളവും ആകുന്ന രീതിയില്‍ വോട്ടുചെയ്യരുതെന്നാണ് യോഗി പറഞ്ഞതെന്ന് പകല്‍പോലെ വ്യക്തമാണ്. ഈ സംസ്ഥാനങ്ങളിലെ മുസ്ലിം ആധിപത്യ (യോഗിയുടെ വീക്ഷണത്തില്‍) ത്തെയായിരുന്നു അദ്ദേഹം അക്രമിച്ചതും അത് യുപിയില്‍ ഉണ്ടാകരുതെന്നു പറഞ്ഞതും. അതിനായിരുന്നു മറുപടി നല്‍കേണ്ടിയിരുന്നത്. ഈ വിഷയം നേരിട്ടു പറഞ്ഞില്ലെങ്കിലും ഈ സംസ്ഥാനങ്ങളെപോലെ യുപിയിലും ബിജെപിയെ തോല്‍പ്പിക്കണമെന്നു പറഞ്ഞത് യെച്ചൂരിയും വി ഡി സതീശനുമാണ്. കേരളത്തില്‍ മതത്തിന്റേയോ ജാതിയുടേയോ പേരില്‍ കൊലകളില്ലെന്ന് പിണറായി കൂട്ടിചേര്‍ത്തത് ഉചിതമായി. (പൂര്‍ണ്ണമായും ശരിയല്ലെങ്കിലും) അപ്പോഴും യോഗി ഉദ്ദേശിച്ച വിഷയത്തിന് അര്‍ഹിക്കുന്ന മറുപടി ആരും നല്‍കിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply