മറ്റെവിടെയാണ് ഇതുപോലെ ജാതിയുള്ളത് യുവര്‍ ഓണര്‍….?

ഗുജറാത്ത്, ഹാമചല്‍ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തിലാണ് ഈ വിധിയെന്നത് യാദൃച്ഛികമാണെന്നു കരുതാനാവില്ല. 2019ലെ പൊതു തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോക്ക സംവരണം കൊണ്ടുവന്നത്. 2019 ജനുവരിയിലാണ് ഇതുസംബന്ധിച്ച് ഭരണഘടനയുടെ 103ാം അനുഛേദത്തില്‍ ഭേദഗതി കൊണ്ടുവന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടതിനു പിന്നാലെയായിരുന്നു അത്.

സാമൂഹ്യനീതിയില്‍ വിശ്വിക്കുന്നവരെ നിരാശരാക്കുന്ന വിധിയാണ് മുന്നോക്ക സംവരണ വിഷയത്തില്‍ സുപ്രിംകോടതിയില്‍ നിന്നു വന്നിരിക്കുന്നത്. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം (EWS) ഏര്‍പ്പെടുത്തുന്നതിനെ അഞ്ചില്‍ മൂന്നു ജഡ്ജിമാരും അനുകൂലിച്ചാണ് വിധി പ്രസ്താവം നടത്തിയത്. ചീഫ് ജസ്റ്റിസ് യു യു ലളിതിനും ജസ്റ്റീസ് രവീന്ദ്ര ഭട്ടിനുമാകട്ടെ നിലവില്‍ സംവരണം കിട്ടുന്നവരെ ഇതില്‍ നിന്ന് ഒഴിവാക്കിയതില്‍ മാത്രമാണ് വിയോജിപ്പ്. അതേസമയം, സംവരണ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് ആലോചിക്കേണ്ട സമയമായെന്നും കോടതി നിരീക്ഷണം നടത്തിയിട്ടുണ്ട്.

ഈ വിധിയുമായി ബന്ധപ്പെട്ട് ഏറ്റവും ശ്രദ്ധേയമായ കാര്യം സാമ്പത്തിക സംവരണം എന്ന പദമാണ് മിക്കവരും ഉപയോഗിക്കുന്നത് എന്നതാണ്. പക്ഷെ സംവരണ ആനുകൂല്യം ലഭിക്കാത്തവരിലെ – ഫലത്തില്‍ മുന്നോക്കക്കാരിലെ – സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കുന്ന സംവരണം എങ്ങനെയാണ് സാമ്പത്തിക സംവരണമാകുന്നത്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് നിലനില്‍ക്കുന്ന സംവരണവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കല്ലേ നല്‍കുന്നത്? ഈ യുക്തിവെച്ചാണെങ്കില്‍ അതും സാമ്പത്തിക സംവരണമാകണ്ടേ? സത്യത്തില്‍ ഇത് സാമ്പത്തികസംവരണമല്ല, മുന്നോക്കസംവരണം തന്നെയാണ്. സാമ്പത്തികസംവരണമാക്കണമെന്നാണ് ജസ്റ്റീസ് രവീന്ദ്ര ഭട്ട് പറയുന്നത്. ഒരു കാര്യം നടപ്പാക്കുമ്പോള്‍ രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യ അവസരണത്തിന് അര്‍ഹതയുണ്ട്. ഇപ്പോള്‍ മാറ്റിനിര്‍ത്തിയിരിക്കുന്നവരെ കൂടി സംവരണത്തില്‍ ഉള്‍പ്പെടുത്തണം. ‘മാറ്റിനിര്‍ത്തല്‍’എന്നത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് യോജിച്ചതല്ലെന്നു അദ്ദേഹം പറയുന്നൂ. അതായത് മുന്നോക്കസംവരണത്തെയാണ് സുപ്രിംകോടതി അംഗീകരിച്ചിരിക്കുന്നത് എന്നര്‍ത്ഥം. സംവരണം ദുര്‍ബല വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനാണ്. അതുകൊണ്ട് സാമ്പത്തികമായി ദുര്‍ബലരായവരെയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംവരണം സഹായിക്കുമെന്നാണ് ജസ്റ്റീസുമാരുടെ പൊതുവാദം. ജാതി മാത്രമല്ല അതിനുള്ള മാനദണ്ഡം എന്നും ലോകത്തെവിടേയും ജാതിയെ സംവരണത്തിന്റെ മാനദണ്ഡമാക്കുന്നില്ലെന്നും വിധിയില്‍ ചൂണ്ടികാട്ടുന്നതും ശ്രദ്ധേയമാണ്.

ഗുജറാത്ത്, ഹാമചല്‍ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തിലാണ് ഈ വിധിയെന്നത് യാദൃച്ഛികമാണെന്നു കരുതാനാവില്ല. 2019ലെ പൊതു തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോക്ക സംവരണം കൊണ്ടുവന്നത്. 2019 ജനുവരിയിലാണ് ഇതുസംബന്ധിച്ച് ഭരണഘടനയുടെ 103ാം അനുഛേദത്തില്‍ ഭേദഗതി കൊണ്ടുവന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടതിനു പിന്നാലെയായിരുന്നു അത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്തുകൊണ്ട് ഈ വിധി ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരാകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്. വിശദമായ ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷമാണ് ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണം ഉള്‍പ്പെടുത്തിയത്. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യാവകാശങ്ങള്‍ക്കും തുല്യാവസരങ്ങള്‍ക്കും എതിരാവാതെ, സാമൂഹിക നീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനയുടെ ഭരണഘടനയുടെ 15 (4), 16 (4) വകുപ്പുകളില്‍ സംവരണത്തിനുള്ള നിര്‍ദേശം പ്രതിപാദിച്ചിരിക്കുന്നത്. തലമുറകളായി അധികാരതലങ്ങളില്‍ മതിയായ പ്രാതിനിധ്യം ലഭിക്കാതെപോയ, സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കമായ വിഭാഗങ്ങളുടെ ഉന്നമനമാണ് സംവരണത്തിന്റെ ലക്ഷ്യം. സാമ്പത്തികനീതിക്കല്ല സാമൂഹ്യനീതിക്കാണ് സംവരണം എന്നര്‍ത്ഥം. അതാണിവിടെ അട്ടിമറിക്കപ്പെടുന്നത്. സമൂഹത്തിലെ പാവപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തി കൊണ്ടുവരാനുള്ള മാര്‍ഗമല്ല. നൂറ്റാണ്ടുകളായി സാമുഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌ക്കാരികമായും അടിച്ചമര്‍ത്തപെട്ട ജനസമൂഹങ്ങളെ , മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് നല്‍കുന്ന പരിരക്ഷകളില്‍ ഒന്നുമാത്രമാണ് സംവരണം. കാലങ്ങളായി അടിമകളെപോലെ മൃഗതുല്യമായ ജീവിതം നയിക്കാന്‍ വിധിക്കപെട്ട ജനവിഭാഗങ്ങങ്ങളോട് ഒരു സുപ്രഭാതത്തില്‍ എല്ലാമനുഷ്യരും തുല്യരാണ് എന്നുപറഞ്ഞുകൊണ്ട് നൂറ്റാണ്ടുകളായി മുഴുവന്‍ സൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ട് തടിച്ചുകൊഴുത്ത എണ്ണത്തില്‍ ചുരുക്കംവരുന്ന സവര്‍ണ്ണരോട് മത്സരിക്കാന്‍ പറഞ്ഞാല്‍, നീതിബോധമുള്ള ആര്‍ക്കും അതംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് നമ്മുടെ ഭരണഘടനാശില്‍പികള്‍ സംവരണതത്വം നമ്മുടെ ഭരണഘടനയില്‍ ചേര്‍ത്തത്.

തീര്‍ച്ചയായും ജനസംഖ്യാനുപാതികമായി നിലവിലെ സംവരണമനുഭവിക്കുന്ന സമൂഹങ്ങള്‍ രാഷ്ട്രീയ/സാമുഹ്യ/സാമ്പത്തിക/സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ മറ്റു ഉയര്‍ന്നവിഭാഗങ്ങളുമായി തുല്യതയില്‍ എത്തുമ്പോള്‍ സംവരണ ആനുകൂല്യങ്ങള്‍ എടുത്തുമാറ്റണമെന്ന് ഭരണഘടനശില്‍പികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം സൂചിപ്പിക്കുന്ന കോടതി പക്ഷെ അത്തരമൊരു പരിശോധന നടത്താനാവശ്യപ്പെടുന്നില്ല. എത്രയോ ദളിത് സംഘടനകള്‍ െേറകാലമായി ആവശ്യപ്പെട്ടിട്ടും ജാതി സെന്‍സസിനു സര്‍ക്കാരുകള്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? കാരണം വ്യക്തമാണ്. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എന്ന അടിസ്ഥാനതത്വത്തിന്റെ അടുത്തുപോലും നമ്മളെത്തിയിട്ടില്ല എന്ന സത്യം പുറത്തുവരുമെന്നതുതന്നെ. അതുകൊണ്ടാണ് സാമ്പത്തിക സംവരണണെന്ന ലേബലില്‍ ഭരണഘടനാവിരുദ്ധമായ മുന്നോക്കസംവരണം കൊണ്ടുവന്നതും സുപ്രിംകോടതി തന്നെ അതിന് അംഗീകാരം നല്‍കിയതും.

ലോകത്തെവിടെയും ജാതിസംവരണമില്ല എന്ന വിധിയിലെ പരാമര്‍ശം ചിരിക്കു വക നല്‍കുന്നതാണ്. പലതരം വിവേചനങ്ങള്‍ നിലവിലുണ്ടെങ്കിലും ജാതിയുടെ ശ്രേണീകൃതമായ അധികാരബന്ധങ്ങളും സാമൂഹ്യ – കുടുംബബന്ധങ്ങളും എവിടെയെങ്കിലും നിലവിലുണ്ടോ? ജാതിതന്നെയാണ് രാജ്യത്ത് സാമൂഹ്യനീതി നിഷേധിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്കു വഹിക്കുന്നത്. ജാതിശ്രേണിയില്‍ പുറംന്തള്ളപ്പെട്ടുപോയ, ഇപ്പോഴും പുറന്തളളപ്പെടുന്ന വിഭാഗങ്ങള്‍ക്ക് അധികാര-ഭരണ വ്യവസ്ഥിതിയിലും സാമൂഹിക അധികാരങ്ങളെ ഉറപ്പിക്കുന്ന ജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രാതിനിധ്യം ഉറപ്പിക്കുക എന്നതാണ് സംവരണത്തിന്റെ കാതലായ തത്വം. ഭരണഘടനയുടെ ഈ അടിസ്ഥാന തത്വത്തേയും നീതിയുക്തമായ സമൂഹ രൂപീകരണത്തേയുമാണ് മുന്നോക്ക സംവരണത്തിലൂടെ അട്ടിമറിക്കുന്നത്. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ക്ഷേമപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടത്. അതിനാണ് സമരം ചെയ്യേണ്ടത്.

ഭരണഘടനയുടെ 103 -ാം ഭേദഗതി. 15(6 ), 16 (6) എന്നീ ഉപവകുപ്പുകള്‍ കൂട്ടിച്ചേര്‍ത്താണ് മുന്നോക്ക സംവരണം നടപ്പാക്കിയത്. ഭരണഘടനയുടെ അടിസ്ഥാന സങ്കല്പങ്ങളെ തന്നെ തിരുത്തുന്ന ഇത്തരമൊരു ഭേദഗതി ഒറ്റദിവസത്തെ ചര്‍ച്ചകൊണ്ടാണ് പാര്‍ലമെന്റ് പാസാക്കിയത്. ബിജെപി, കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയവരെല്ലാം അതിനെ പിന്തുണയ്ക്കുകയും ചെയ്തു. അതിനെതിരായ ഹര്‍ജികളാണ് ഇപ്പോള്‍ സുപ്രിംകോടതി തന്നെ തള്ളിയിരിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാസ്തവത്തില്‍ ജാതിസംവരണത്തിനെതിരെ ആദ്യമായി നിലപാടെടുത്തത് സിപിഎമ്മും അതിന്റെ അനിഷേധ്യനേതാവായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടുമായിരുന്നു എന്നതും ഇവിടെ ഓര്‍ക്കേണ്ടതാണ്. ജാതിയടക്കമുള്ള എല്ലാ സാമൂഹ്യചലനങ്ങളേയും വര്‍ഗ്ഗസമരത്തിന്റേയും സാമ്പത്തിക നിലപാടുകളില്‍ മാത്രം നോക്കികാണുന്ന ഒരു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ സ്വാഭാവികമായും എത്തിചേരുന്ന നിലപാട് തന്നെയാണവരുടേത്. വര്‍ഗ്ഗരാഷ്ട്രീയ ചട്ടക്കൂടിനകത്ത് ജാതിയെ അടിസ്ഥനമാക്കിയ സംവരണം ഉള്‍ക്കൊള്ളിക്കാനാവില്ല എന്നതുതന്നെയായിരുന്നു അവര്‍ നേരിട്ട പ്രതിസന്ധി. അതിനാല്‍ തന്നെ ഒത്തുതീര്‍പ്പെന്ന രീതിയില്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് എന്ന സിദ്ധാന്തവും അവര്‍ മുന്നോട്ടുവെച്ചു. അതിനാല്‍ കേന്ദ്ര തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കള്‍ അന്നുതന്നെ സ്വാഗതം ചെയ്തിരിന്നു. തങ്ങളിതു പണ്ടേ പറഞ്ഞതല്ലേ എന്ന മട്ടിലായിരുന്നു അവരുടെ ചോദ്യം.

ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയവിഷയം ഇക്കാര്യത്തില്‍ ബിജെപിയും സിപിഎമ്മും ഒന്നിക്കുന്നതുതന്നെ. സിപിഎമ്മിന് സംവരണം വര്‍ഗ്ഗരാഷ്ട്രീയത്തെ പിളര്‍ക്കുന്നതാണെങ്കില്‍ ബിജെപിക്കത് ഹിന്ദുത്വ രാഷ്ട്രീയത്തെ പിളര്‍ക്കുന്നതാണെന്നതാണ് ഈ സമാനതക്ക് കാരണം. ഇന്ത്യയിലെ ദളിതരുടേയും പിന്നോക്കക്കാരുടേയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ശക്തി മണ്ഡല്‍ കമ്മീഷന്‍ കാലത്ത് സംഘപരിവാര്‍ ശക്തികള്‍ കണ്ടതാണ്. ബാബറി മസ്ജിദ് തകര്‍ത്ത്, മുസ്ലിംജനതയെ ശത്രുുക്കളായി ചിത്രീകരിച്ച്, വംശീയ ഉന്മൂലനങ്ങള്‍ വരെ നടത്തിയാണ് അവര്‍ അതിനെ മറികടന്നത്. തങ്ങള്‍ മൂടിവെക്കാന്‍ ശ്രമിക്കുന്ന ജാതീയവിവേചനം എന്ന ഭൂതം ഇനിയും കുടം ചാടി വരുന്നത് എങ്ങനെയും തടയുയാണ് അവരുടെ ലക്ഷ്യം. അതിനാണ് നിലവിലെ സംവരണത്തില്‍ മാറ്റമില്ലെന്നും പാവപ്പെട്ടവര്‍ക്കുകൂടി സംവരണം നല്‍കുന്നു എന്നുമാത്രമേയുള്ളു എന്നും അവകാശപ്പെട്ട് EWS നടപ്പാക്കിയതും ഇപ്പോള്‍ സുപ്രിംകോടതിയില്‍ നിന്നുപോലും അതിന് അംഗീകാരം നേടിയെടുത്തതും. പക്ഷെ ഫലത്തിലിവിടെ അട്ടിമറിക്കപ്പെട്ടത് ഭരണഘടന ഉയര്‍ത്തിപിടിക്കുന്ന സാമൂഹ്യനീതി എന്ന രാഷ്ട്രീയമാണ് എന്നു മാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply