Watch your neighbour : കേരളത്തെ പോലീസ് സ്‌റ്റേറ്റാക്കുന്നു

നാസി ജര്‍മ്മനിയിലെ ഭരണകൂടത്തിന്റെ കണ്ണുകളും കാതുകളും ഗെസ്റ്റപ്പോ എന്ന രഹസ്യപ്പോലീസ് മാത്രമായിരുന്നില്ല. നാസി ഭരണകൂടത്തിനുവേണ്ടി ഒറ്റുകാരായി പ്രവര്‍ത്തിച്ച ആയിരക്കണക്കിന് സാധാരണ ജര്‍മ്മന്‍കാരായിരുന്നു. 1944-ല്‍ അതിന്റെ ഏറ്റവും ശക്തമായ കാലത്തുപോലും ഗെസ്റ്റപ്പൊയില്‍ 16000 ജീവനക്കാരാണുണ്ടായിരുന്നത്. ജര്‍മ്മനിയില്‍ 66 ദശലക്ഷം മനുഷ്യരുണ്ടായിരുന്നു. നിങ്ങളുടെ വീട്ടില്‍ വരെ രഹസ്യപ്പോലീസിന്റെ കണ്ണും കാതുമായി ഒരൊറ്റുകാരന്‍/ ഒറ്റുകാരി ഉണ്ടാകാം എന്ന ഏറ്റവും അടുത്ത സാധ്യതയിലാണ് നാസികള്‍ ജര്‍മ്മനിയെ കയ്യിലൊതുക്കിനിര്‍ത്തിയത്.

സദാസമയവും നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന തോന്നല്‍ മതി മഹാഭൂരിപക്ഷം മനുഷ്യരെയും ഭയം നിറഞ്ഞ വിധേയത്വത്തിന്റെ ജീവിതത്തിലേക്ക് കടത്തിയിരുത്താനെന്ന് ഭരണകൂടത്തോളം അറിയുന്ന മറ്റെന്തുണ്ട്! അതുകൊണ്ടുതന്നെ അയല്‍ക്കാരനെ നിരീക്ഷിക്കുക (Watch your neighbour ) എന്ന കേരള പോലീസിന്റെ/ കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ (ആ വകുപ്പ് പിണറായി വിജയന്‍ എന്നൊരു മന്ത്രിയാണ് ഭരിക്കുന്നതെന്ന് പറഞ്ഞറിയുന്നു) ജനമൈത്രി പൊലീസ് പദ്ധതി കേരളത്തിനെ ഒരു Police state ആക്കി മാറ്റാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമങ്ങളിലെ ഏറ്റവും പുതിയ നീക്കമാണെന്ന് കാണാം.

സമൂഹത്തെ പരമാവധി ഹിംസാത്മകമാക്കുക എന്നതൊരു ഫാഷിസ്റ്റ് രാഷ്ട്രീയതന്ത്രമാണ്. ഓരോ മനുഷ്യനിലും പരമാവധി ക്രൗര്യം നിറയ്ക്കുകയും ഓരോരുത്തരേയും താനൊരു കുഞ്ഞു ഹിറ്റ്‌ലറാണെന്നോ കുഞ്ഞു മോദിയാണെന്നോ ഇരട്ടച്ചങ്കില്ലെങ്കിലും ഒന്നരച്ചങ്കെങ്കിലുമുണ്ടെന്നോ തോന്നിപ്പിക്കുന്നതോടെ തന്റെ വേട്ടപ്പല്ലുകളാഴ്ത്താന്‍ പാകത്തിലുള്ള ഇരകളെത്തേടി അവര്‍ അക്ഷമരാകും. അത്തരത്തില്‍ പാകപ്പെടുത്തിയ മനുഷ്യര്‍ക്ക് മുന്നിലേക്കാണ് ‘ശത്രുക്കളുടെ’ പട്ടിക ഭരണകൂടം ഇട്ടുകൊടുക്കുന്നത്. അത് ജൂതനാകാം, കമ്മ്യൂണിസ്റ്റുകാരനാകാം, മുസ്ലീമാകാം. ഇരയെ കടിച്ചുകുടഞ്ഞുകീറുന്ന രസം പിടിക്കുന്ന മനുഷ്യര്‍ പുല്ലിലും പുഴുവിലും പുല്‍ച്ചാടിയിലും മുതല്‍ അഭിപ്രായഭിന്നതകളിലും പ്രതിപക്ഷത്തിലും പ്രതിഷേധങ്ങളിലും അയല്‍ക്കാരിലും സുഹൃത്തിലും പങ്കാളിയിലും വരെ ശത്രുവിന്റെ ഛായാമുഖങ്ങള്‍ തേടിക്കൊണ്ടിരിക്കും. പരസ്പരസന്ദേഹത്തിലും അവിശ്വാസത്തിലും തൊട്ടുമുട്ടാതെയും കണ്ണില്‍നോക്കാതെയും നടക്കുന്നൊരു ജനസമൂഹം സമഗ്രാധിപത്യഭരണകൂടങ്ങളുടെ ആദര്‍ശലോകമാണ്. അയല്‍ക്കാരന്റെ വീട്ടിലേക്ക് ഒളിഞ്ഞുനോക്കാനല്ല കേരളത്തിലെ ആഭ്യന്തര വകുപ്പ് ജനങ്ങളോടാവശ്യപ്പെടുന്നത്, പൗരാവകാശങ്ങളുടെ രക്തം നുണയാനാണ്. ഞങ്ങള്‍ക്കൊപ്പം ചേരൂ, ഈ വേട്ടയില്‍ പങ്കാളിയാകൂ എന്നാണ്. അധികാരത്തിന്റെ പെറുക്കിത്തീനികളായ നൂറുകണക്കിന് വാഴ്ത്തുപാട്ടുകാരും കടന്നല്‍സംഘങ്ങളും ഉണ്ടായിവന്നെങ്കില്‍ കേരളമാകെ പരന്നുകിടക്കുന്ന അദൃശ്യരായ ‘informer’/ ഒറ്റുകാര്‍ ഞങ്ങളിതാ എന്നുപറഞ്ഞു ചുരമാന്തുമെന്ന് ഭരണകൂടത്തിനറിയാം.

State surveillance എന്നത് എക്കാലത്തും ഭരണകൂടവും ജനസമൂഹവും തമ്മിലുള്ള വിട്ടുവീഴ്ചയില്ലാത്ത തര്‍ക്കമാണ്. സ്വതന്ത്രരായ മനുഷ്യരെ ഭരണകൂടത്തിന് ഭയമാണ്. ഇവിടെ ആരെന്തുചെയ്യുന്നു എന്നറിഞ്ഞില്ലെങ്കില്‍ അതിന് നിലനില്‍പ്പില്ല. ‘Macbeth shall never vanquished be until / Great Birnam Wood to high Dunsinane Hill / Shall come against him’ എന്ന പ്രവചനത്തിന്റെ അസംഭാവ്യതയില്‍ വിശ്വസിച്ച് ‘I will not be afraid of death and bane,/ Till Birnam forest come to Dunsinane’ എന്നും കരുതിക്കഴിയുന്ന മാക്‌ബെത്തല്ല ആധുനിക ഭരണകൂടം. അത് നിങ്ങള്‍ക്കും സുഹൃത്തിനുമിടയില്‍ നിങ്ങളുടെ പേനക്കും എഴുത്തിനുമിടയില്‍ ചിന്തയ്ക്കും വാക്കിനുമിടയില്‍ ഓര്‍മ്മയ്ക്കും മറവിക്കുമിടയിലെല്ലാം ഒരു മഷിക്കടലാസ് വെച്ചിരിക്കുന്നു. നിങ്ങളറിയാതെ നിങ്ങളെ ഒപ്പിയെടുക്കുന്നു. അതിന് ഭരണകൂടത്തിന് തൊപ്പിവെച്ച പോലീസുകാര്‍ മാത്രം പോര. ഓരോ വീടും ഭരണകൂടത്തിന്റെ checkpost -കളാകണം. ഓരോ മനുഷ്യനും ഒരൊറ്റുകാരനാകാം എന്ന സാധ്യതയില്‍ കളവുകള്‍ക്കും അര്‍ദ്ധസത്യങ്ങള്‍ക്കുമിടയില്‍ അടക്കിയ വെപ്രാളങ്ങള്‍ക്കിടയില്‍ സുരക്ഷിതനാകാനുള്ള ഏറ്റവും എളുപ്പമുള്ള വഴി ‘അവനെ/അവളെ ‘ ചൂണ്ടിക്കാണിക്കുന്നതാണ്. അല്ലെങ്കില്‍ ‘അവന്‍/അവള്‍’ നിങ്ങളെ ഒറ്റിയേക്കാം എന്ന ഭീതി നിറഞ്ഞ സാധ്യതയെക്കള്‍ എന്തുകൊണ്ടും ആകര്‍ഷകമാണത്!

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ചരിത്രത്തില്‍ ഇതൊന്നും ആദ്യമല്ല. എങ്ങനെയാണ് ഒരു ജനസമൂഹത്തെ വെറുപ്പിന്റെ കാവല്‍ക്കാരാക്കുക എന്നതിന്റെ പരീക്ഷണങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്. ‘രാഷ്ട്രീയത്തെ ഹിന്ദുത്വവത്കരിക്കുകയും ഹിന്ദുക്കളെ സൈനികവത്ക്കരിക്കുകയും’ ചെയ്യാനാണ് വി.ഡി. സവര്‍ക്കര്‍ ആവശ്യപ്പെട്ടത്. ഹിംസ കേവലമായ ശാരീരികാഭ്യാസം മാത്രമല്ല അതൊരു സാമൂഹ്യാധീശത്വമാണെന്നും അതിനു നിലനില്‍ക്കാനും വളരാനും ജനസമൂഹത്തിന്റെ സാമൂഹ്യശരീരം കൂടിയേതീരൂ എന്നതും ഫാഷിസത്തിന്റെ പ്രാഥമിക രാഷ്ട്രീയജ്ഞാനമാണ്. അയല്‍ക്കാരനിലേക്ക് ഭരണകൂടനിരീക്ഷണത്തിന്റെ കണ്ണാകാന്‍ ആവശ്യപ്പെടുന്ന കേരളത്തിലെ ആഭ്യന്തരവകുപ്പ് സമഗ്രാധിപത്യഭരണകൂടത്തിന്റെ ഹിംസയുടെ വിരുന്നിലെ എച്ചില്‍ കഴിക്കാനാണ് ജനങ്ങളെ വിളിക്കുന്നത്. ജനാധിപത്യസമൂഹത്തിന്റെ രക്തവും മാംസവുമാണത്,’He broke it, and gave it to them, and said, ‘Take it; this is My body.’

നാസി ജര്‍മ്മനിയിലെ ഭരണകൂടത്തിന്റെ കണ്ണുകളും കാതുകളും ഗെസ്റ്റപ്പോ എന്ന രഹസ്യപ്പോലീസ് മാത്രമായിരുന്നില്ല. നാസി ഭരണകൂടത്തിനുവേണ്ടി ഒറ്റുകാരായി പ്രവര്‍ത്തിച്ച ആയിരക്കണക്കിന് സാധാരണ ജര്‍മ്മന്‍കാരായിരുന്നു. 1944-ല്‍ അതിന്റെ ഏറ്റവും ശക്തമായ കാലത്തുപോലും ഗെസ്റ്റപ്പൊയില്‍ 16000 ജീവനക്കാരാണുണ്ടായിരുന്നത്. ജര്‍മ്മനിയില്‍ 66 ദശലക്ഷം മനുഷ്യരുണ്ടായിരുന്നു. നിങ്ങളുടെ വീട്ടില്‍ വരെ രഹസ്യപ്പോലീസിന്റെ കണ്ണും കാതുമായി ഒരൊറ്റുകാരന്‍/ ഒറ്റുകാരി ഉണ്ടാകാം എന്ന ഏറ്റവും അടുത്ത സാധ്യതയിലാണ് നാസികള്‍ ജര്‍മ്മനിയെ കയ്യിലൊതുക്കിനിര്‍ത്തിയത്. ഓരോ കമ്മ്യൂണിസ്റ്റുകാരനും ഓരോ ജൂതനും അയാളുടെ അയല്‍ക്കാരാല്‍, സുഹൃത്തുക്കളാല്‍, കച്ചവടപങ്കാളികളാല്‍, അസൂയ നിറഞ്ഞ എതിരാളികളാല്‍, വെറുപ്പ് തലയില്‍ക്കയറിയ മനുഷ്യരാല്‍ ഒറ്റുകൊടുക്കപ്പെട്ടു. ഒറ്റുകാര്‍ അദൃശ്യരായിരുന്നു. Hitler’s Willing Executioners: Ordinary Germans and the Holocauts

( Daniel Jonah Goldhagen) എന്ന പുസ്തകത്തില്‍ എങ്ങനെയാണ് ജര്‍മ്മന്‍കാര്‍ ഒരു സമൂഹമെന്ന നിലയില്‍ നാസി ഭീകരതയുടെ നടത്തിപ്പുകാരായത് എന്ന് പറയുന്നുണ്ട് (നാസികള്‍ക്കെതിരായ ജര്‍മ്മന്‍ ചെറുത്തുനില്പിനെ തമസ്‌കരിക്കുന്നു എന്ന ന്യായമായ വിമര്‍ശനം ഇതിനെതിരെയുണ്ട്). Ordinary Men: Reserve Police Battalion 101 and the Final Solution in Poland(Christopher Browning) എന്ന പുസ്തകവും സമാനമായ ഒന്നാണ്.

ഗെസ്റ്റപ്പോയുടെ ഒറ്റുവിവരങ്ങളുടെ 70%-വും കമ്മ്യൂണിസ്റ്റുകാരായിരുന്നു എന്നത് കേരളത്തിലെ ആഭ്യന്തര വകുപ്പിനെ ഭരിക്കുന്നു എന്ന് പറഞ്ഞുകേള്‍ക്കുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പി ബി അംഗമായ പിണറായി വിജയന് ഗൗരവത്തിനിടയിലും ഒരു മന്ദസ്മിതത്തിനുള്ള വകയുണ്ടാക്കിയെങ്കില്‍ അത്രയെങ്കിലും ചരിത്രം സഫലമാകും. 1933-ല്‍ത്തന്നെ ആറു ലക്ഷത്തോളം കമ്മ്യൂണിസ്റ്റുകാര്‍ തടവിലാക്കപ്പെട്ടു. അവരില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ഗെസ്റ്റപ്പോയുടെ സ്വന്തം അന്വേഷണങ്ങളുടെ ഫലമായി 15% ആളുകളെയാണ് പിടികൂടിയത്. ബാക്കിയെല്ലാം ജനങ്ങള്‍ക്കിടയിലെ ‘informers’ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. വ്യക്തിപരമായ വിവരം നല്കലായിരുന്നു 40%വും എന്ന ഗസ്റ്റപ്പോ രേഖകള്‍ കാണിക്കുന്നു. തനിക്ക് ലൈംഗിക രോഗം പിടികൂടാന്‍ കാരണക്കാരിയായ ഒരു ലൈംഗികത്തൊഴിലാളിയെ ഭരണകൂടവിരുദ്ധയായി ഒരുത്തന്‍ ഒറ്റുകൊടുത്തു. വിവാഹബന്ധങ്ങളിലെ ഉലച്ചിലുകളും പ്രണയബന്ധങ്ങളിലെ തകര്‍ച്ചയും വരെ കോണ്‌സെന്‌ട്രേഷന്‍ ക്യാംപിലെ അന്തേവാസികളുടെ എണ്ണം കൂട്ടി. ഒപ്പം രാഷ്ട്രീയപ്രതിഷേധത്തിന്റെ എല്ലാ സാധ്യതകളെയും അതടച്ചുകൊണ്ടിരുന്നു. മറ്റൊരാളുടെ മരണം തന്റെ ജീവിതമാണെന്ന് തിരിച്ചറിയുന്ന മനുഷ്യരുടെ സമൂഹം എത്ര ഭീകരമായ നിശ്ശബ്ദതയായിരിക്കും പേറുക എന്നതിന് നാസി ജര്‍മ്മനി ചരിത്രസാക്ഷ്യമായി.

അയല്‍വീട്ടില്‍ ചുമരിനോട് ചെവി ചേര്‍ത്താല്‍ അയല്‍ക്കാരന്‍ വിദേശ റേഡിയോ നിലയങ്ങളിലെ വാര്‍ത്ത കേള്‍ക്കുന്നത് കണ്ടെത്തിയാല്‍ നിങ്ങള്‍ക്ക് രാജ്യസ്‌നേഹിയാകാം എന്നുവന്നു. ബി ബി സി വാര്‍ത്ത കേട്ടതിനു ഹെലന്‍ സ്റ്റാഫല്‍ തന്റെ അയല്‍ക്കാരനായ പുസ്തകവില്പനക്കാരന്‍ പീറ്റര്‍ ഹോള്‍ഡന്‍ബെര്‍ഗിനെ ഒറ്റുകൊടുത്തു. മറ്റൊരയല്‍ക്കാരി ഇംഗാഡ് പിയേഴ്‌സ് കൂട്ടുമൊഴി നല്‍കി. അന്ന് വൈകീട്ട് ഗെസ്റ്റപ്പോയുടെ തടവുമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച ഹോള്‍ഡന്‍ബര്‍ഗ് അടുത്ത ദിവസം മരിച്ചു.

ആളുകള്‍ വളരെവേഗം തങ്ങള്‍ക്കുചുറ്റുമുള്ള അദൃശ്യനിരീക്ഷണവുമായി പൊരുത്തപ്പെടും. 1933-ല്‍ ജര്‍മ്മന്‍ നഗരമായ ഓഗ്‌സ്ബര്‍ഗില്‍ 75% കേസുകളും പൊതുസ്ഥലങ്ങളിലും മറ്റുമുള്ള നാസി വിരുദ്ധ പ്രസ്താവനകളുടെ പേരിലായിരുന്നുവെങ്കില്‍ 1939-ല്‍ അത് 10%-മായി കുറഞ്ഞു. ജനങ്ങളെ വേണ്ടതുമാത്രം സംസാരിക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി അവര്‍ സംസാരിക്കുന്നതെല്ലാം ഭരണകൂടം കേള്‍ക്കുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയോ തോന്നിപ്പിക്കുകയോ മാത്രമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയൊട്ടാകെ ഒരൊറ്റ പൊലീസ് മതി എന്ന ലക്ഷ്യം കേന്ദ്ര ആഭ്യന്തര മന്ത്രി ഒളിഞ്ഞും തെളിഞ്ഞും പറയുമ്പോഴാണ് കേരളീയരോട് പോലീസിന്റെ കണ്ണും കാതുമായി അയല്‍ക്കാരെ നിരീക്ഷിക്കാന്‍ പോലീസ് ആവശ്യപ്പെടുന്നത്. അയല്‍ക്കാരന്‍ മുസ്ലീമാണെങ്കില്‍, മുഖ്യധാരാ ഇടതുപക്ഷത്തിന് പുറത്തുള്ള ഇടതുപക്ഷ രാഷ്ട്രീയക്കാരനാണെങ്കില്‍ ഒരു ഭീകരവാദിയെ, രാജ്യദ്രോഹിയെ, വികസനവിരുദ്ധനെ പിടിച്ചുകൊടുത്ത് മികവ് തെളിയിക്കാനുള്ള നിങ്ങളുടെ സാധ്യത വളരെ കൂടുതലാണ്. ആര്‍ക്കറിയാം മികച്ച ‘informer’മാര്‍ക്ക് കേരള ശ്രീ നല്‍കുന്ന കാലം വരില്ലെന്ന്!

പുട്ടസ്വാമി വിധിക്ക് ശേഷം (2017) പൗരന്റെ സ്വകാര്യതയെ സംബന്ധിച്ച ഭരണഘടനാ, നിയമ സങ്കല്പങ്ങള്‍ത്തന്നെ പുരോഗമനപരമായ പൊളിച്ചെഴുത്തിന് വിധേയമാകുന്ന കാലത്താണ് ഇന്ത്യയിലെ ഏറ്റവും കടന്നുകയറുന്ന ഒരു ഭരണകൂടത്തിന് കീഴില്‍ നമ്മള്‍ ജീവിക്കുന്നത്. പെഗാസസ് എന്ന ചാര സോഫ്‌ട്വേര്‍ ഉപയോഗിച്ച് ഇന്ത്യന്‍ ഭരണകൂടം 300-ഓളം രാഷ്ട്രീയ പ്രവര്‍ത്തകര്‍, പൗരാവകാശ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ കംപ്യൂട്ടറുകളിലും വിവരവിനിമയ സംവിധാനങ്ങളിലും നുഴഞ്ഞുകയറി വിവരം ചോര്‍ത്തിയ വിഷയം മറക്കാന്‍ കാലമായില്ല. എന്തുകൊണ്ടായിരിക്കും കേന്ദ്രത്തിലെ സംഘപരിവാര്‍ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ സമാനയുക്തികള്‍ കേരളത്തിലെ പിണറായി വിജയന്റെ കീഴിലുള്ള പൊലീസിന് എന്നാലോചിക്കാനും അതിന്റെ അധികാരബന്ധങ്ങളുടെ സ്വഭാവം മനസിലാക്കും കഴിയാതെവരുന്നത് കക്ഷിരാഷ്ട്രീയത്തിന്റെ തെരഞ്ഞെടുപ്പ് യുക്തികളുടെ തുമ്പത്ത് കെട്ടിയിട്ട കേവലവാഗ്വ്യാപാരമായി രാഷ്ട്രീയത്തെ മാറ്റിയതുകൊണ്ടാണ്.

കുളമ്പടി ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ അത് മേയാന്‍ പോയ പശുക്കള്‍ തിരികെ വരുന്നതായിരിക്കും എന്നെപ്പോഴും കരുതരുത്, അത് കുതിരപ്പുറത്തുവരുന്ന പടയാളികളുമാകാം. നിങ്ങള്‍ കാടാണോ കാണുന്നത് അതോ സൈന്യത്തെയാണോ കാണുന്നത് എന്നത് മാക്‌ബെത്തിന്റെ നാടകീയ സന്ദേഹമാണ്. ഒരു ജനാധിപത്യസമൂഹം ആ നാടകീയസന്ദിഗ്ധതകള്‍ക്ക് നല്‍കുന്ന വില ഏറെ വലുതായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply