ഇന്റര്‍സെക്ഷണല്‍ രാഷ്ടീയം വര്‍ത്തമാന കേരളത്തില്‍

എല്ലാ സ്ത്രീകളുടെയും അനുഭവങ്ങള്‍ ഒരുപോലെയാണെന്ന ധാരണ ദളിത് ബഹുജന്‍ ആദിവാസി സ്ത്രീകള്‍ നിരാകരിക്കുന്നു. പകരം, ലിംഗഭേദം, വംശം, വര്‍ഗ്ഗം എന്നിങ്ങനെയുള്ള ഒന്നിലധികം ഐഡന്റിറ്റികളില്‍ നിന്ന് ഉടലെടുക്കുന്ന വ്യവസ്ഥാപിതമായ ശക്തി വ്യത്യാസങ്ങളുടെയും അതിന്റെ ഭാഗമായി ഊന്നല്‍ കൊടുക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളിലെ വ്യത്യസ്തതയെയും ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലെ തങ്ങളുടെ പങ്കിനെ പറ്റിയും അവര്‍ ഊന്നിപ്പറയുന്നു.

അനുപമയുടേയും അജിത്തിന്റേയും സമരം കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ് പല രീതിയില്‍ മനുഷ്യാവകാശ ലംഘനം നടത്തപ്പെട്ട ഈ വിഷയത്തിലെ ഇന്റര്‍സെക്ഷനാലിറ്റി യാണ് ഇവിടെ പതിപാദ്യ വിഷയമാവുന്നത്. മുഖ്യധാര ഫെമിനിസ്റ്റ് വീക്ഷണത്തില്‍ ഒരു അമ്മയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെടുവാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള ആവശ്യങ്ങളും എല്ലാം ഉയര്‍ന്നുവന്നിരിക്കുകയാണ്. അനുപമയ്ക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ കുഞ്ഞുമായി പിരിഞ്ഞിരിക്കേണ്ടി വരികയും പിന്നീട് കുഞ്ഞ് ശിശുക്ഷേമ സമിതി വഴി മറ്റൊരു മാതാപിതാക്കള്‍ക്ക് ദത്ത് എടുക്കാനായി കൊടുക്കപ്പെടുകയും ഉണ്ടായി. സുരക്ഷിതമായ ഒരു സ്ഥാനത്താണ് കുഞ്ഞ് എന്ന അറിവു മാത്രം ഉണ്ടായിരിക്കുകയും കുഞ്ഞ്‌ന് വേണ്ടി തെരച്ചില്‍ നടത്തിയതിന് ഒടുവില്‍ മാത്രം അനുപമക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും അതിനെ തുടര്‍ന്ന് ഉള്ള സമരത്തില്‍ കുഞ്ഞിനെ അവര്‍ക്ക് തിരിച്ച് ലഭിക്കുകയും ചെയ്തു. ഈ വിഷയത്തിലെ സിഡബ്ലിയുസിയുടെയും ശിശുക്ഷേമ സമിതിതിയുടെയും ഗുരുതരമായ വീഴ്ചകളും മുഖ്യമന്ത്രിയുടെ പങ്കും CPIM പാര്‍ട്ടിയിലെ അംഗങ്ങളായ അനുപമയുടെ മാതാപിതാക്കളുടെ ഇടപെടലും രൂക്ഷമായ വിമര്‍ശനത്തിനും അന്വേഷണത്തിനും വിധേയമാകുന്നുണ്ട്. ഈ വിഷയത്തിലെ ഇന്റര്‍സെക്ഷണാലിറ്റി എന്നത് മാത്രമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അനുപമക്ക് കുഞ്ഞിനെ തിരിച്ചു കിട്ടിയ സാഹചര്യത്തില്‍ അനുപമയുടെയും അജിത്തിന്റെയും സമരത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ഒരുപാട് മനുഷ്യാവകാശ വിഷയങ്ങളില്‍ പ്രാധാന്യമുള്ള ചിലതു കൂടി പറയുക എന്നതാണ് ഇതിന്റെ ഉദ്ദേശം.

അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിന്റെയും ജീവിതം ഇനിയാണ് യഥാര്‍ത്ഥസമരമായി മാറാന്‍ പോവുന്നത്. കേരളത്തിലെ കാപട്യത്തിന്റെ കടവാവല്‍ മാലാഖമാരുടെ ജീര്‍ണ്ണതകള്‍ അനുപമയേയുംഅജിത്തിനേയും കുഞ്ഞിനേയും ജീവിക്കാന്‍ സമ്മതിക്കില്ല. തുടര്‍ന്നും രാഷ്ട്രീയ ബോധമുള്ളവര്‍ അവരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. അതുകൊണ്ട് അനുപമയുടെ സമരം പൂര്‍ണ്ണമായും വിജയിച്ചു എന്ന് സമരത്തില്‍ കൂടെ നിന്നവര്‍ക്ക് തോന്നാന്‍ സാധ്യതയില്ല. കേരള സമൂഹത്തില്‍ സദാചാര വാദികളുടെ നാക്കും മൂക്കും മുറിക്കുന്ന ശക്തമായ നിലപാടെടുത്ത് ഒരു പാട് സ്ത്രീകള്‍ രംഗത്ത് വരികയുണ്ടായി. അവര്‍ പല തരത്തിലുള്ള സൈബര്‍ ലിഞ്ചിങ്ങ്‌നേയും പ്രതിരോധിച്ചു കൊണ്ടാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ക്കു വേണ്ടി നിലകൊണ്ടത്. എന്നാല്‍ ഇത് ഒരു ഫെമിനിസ്റ്റ് പ്രശ്‌നം മാത്രമല്ല. ഒരു ഇന്റര്‍സെക്ഷണല്‍ രാഷ്ട്രീയ വിഷയം കൂടിയാണ്.

ഇന്റര്‍സെക്ഷണാലിറ്റിയെ ഓക്സ്ഫോര്‍ഡ് നിഘണ്ടു ഇങ്ങനെ നിര്‍വ്വചിക്കുന്നു : നിരവധി അടിച്ചമര്‍ത്തലുകളും വിവേചനങ്ങളും ബാധിക്കുന്ന ഒരു വ്യക്തിയെയോ ആളുകളുടെ കൂട്ടത്തെയോ സാമൂഹിക പ്രശ്നങ്ങളെയോ തിരിച്ചറിയാനുള്ള ഒരു വീക്ഷണരീതിയാണ് ഇന്റര്‍സെക്ഷണാലിറ്റി. ആളുകള്‍ അഭിമുഖീകരിക്കുന്ന മുന്‍വിധികളുടെ സങ്കീര്‍ണ്ണത മനസ്സിലാക്കുന്നതിന് അവരുടെ ഓവര്‍ലാപ്പിംഗ് ഐഡന്റിറ്റികളും അനുഭവങ്ങളും ഇത് കണക്കിലെടുക്കുന്നു. ഇവിടെ രണ്ടു വ്യക്തികള്‍ ഒന്നിച്ചു വരിക വഴി അവരുള്‍പ്പെടുന്ന ജാതി-ലിംഗഭേദ അരികുവല്‍കൃത അവസ്ഥകളും ഒരുമിച്ചു വരുന്നു. ലിംഗവിവേചനവും ജാതി വിവേചനവും ചേര്‍ന്നു വരുന്ന ഒരു സാമൂഹ്യപ്രശ്‌നമെന്ന മാനം അനുപമ – അജിത് വിഷയത്തില്‍ വരുന്നുണ്ട്. അജിത്ത് ദലിത് വിഭാഗത്തില്‍പ്പെട്ട ആളായതു കൊണ്ടു തന്നെ അജിത്തിന് എതിരെയുള്ള ജാതീയ അക്രമങ്ങള്‍ പ്രത്യക്ഷവും പരോക്ഷവുമായി തുടര്‍ന്നു കൊണ്ടിരിക്കും. അതില്‍ പല താക്കോലുകളും തുടച്ചു മാറ്റാനാവാത്ത പല കറകളിലേക്കും കലവറകളിലേക്കും തുറക്കും.

‘സാമ്പത്തികവും രാഷ്ട്രീയവും സാംസ്‌കാരികവും മാനസികവും ആത്മനിഷ്ഠവും അനുഭവപരവുമായ ഒന്നിലധികം വ്യത്യസ്ത അക്ഷങ്ങള്‍ ചരിത്രപരമായി നിര്‍ദ്ദിഷ്ട സന്ദര്‍ഭങ്ങളില്‍ കൂടിച്ചേരുമ്പോള്‍’ ഉണ്ടാകുന്ന സങ്കീര്‍ണ്ണവും വ്യത്യസ്തവും പലപ്പോഴും വൈരുദ്ധ്യാത്മകവുമായ ഇഫക്റ്റുകള്‍ കണ്ടെത്തുന്നതിന് നമ്മെ അനുവദിക്കുന്നു എന്ന് ബ്രാഹ് ആന്റ് ഫീനിക്‌സ് 2004 ലെ തങ്ങളുടെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നതായി Introduction. Debating Intersectionalities: Challenges for a Methodological Framework എന്ന ലേഖനത്തില്‍ Supurna Banerjee and Nandini Ghosh വാദിക്കുന്നു. കപടസദാചാരവാദത്തിന്റെ ചളിക്കുളത്തില്‍ നിന്നും മലയാളി സമൂഹത്തെ രക്ഷപ്പെടുത്താനുള്ള ഈ യജ്ഞത്തില്‍ ദളിത് സമൂഹം കൂടെ അവരെ കണ്ടെത്തിയില്ലെങ്കില്‍ ഇന്റര്‍സെക്ഷണല്‍ വിഷയങ്ങള്‍ ഇവിടെ വേരോടാന്‍ സമയമേറെ എടുക്കും എന്നു കരുതേണ്ടിവരും. രാഷ്ടീയ ബോധമുള്ള വ്യക്തികള്‍ സമൂഹത്തിലെ എല്ലാ തിന്മകള്‍ക്കെതിരെയും ദുരാചാരങ്ങള്‍ക്കെതിരെയും സമരം ചെയ്യേണ്ടതുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അനുപമയ്‌ക്കെതിരെ ഉയര്‍ന്ന ഒരു പ്രധാന ആരോപണം ഇത്രയും കാലം അവള്‍ എവിടെയായിരുന്നു എന്നാണ്. സമൂഹത്തിന്റ എല്ലാ സംരക്ഷണവും അനുഭവിച്ചു കഴിയേണ്ട സമയമാണ് ഗര്‍ഭധാരണം തൊട്ട് പ്രസവത്തിന്റെ ആദ്യത്തെ ഒരു വര്‍ഷം .അത്തരത്തില്‍ സംരക്ഷണങ്ങളെ വേണ്ടെന്നു വച്ച് പ്രസവത്തിന്റെ ആദ്യനാളുകളില്‍ ബദല്‍ വിദ്യാഭ്യാസ സമ്പ്രദായവും ബദല്‍ ജീവിത രീതിയും അന്വേഷിച്ചു നടന്ന ഒരാളാണ് ഞാന്‍. ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാം , പ്രസവിച്ചു കഴിയുന്നതോടെ സ്ത്രീയുടെ ശാരീരികവും മാനസികവുമായ ശക്തി പകുതിയായി കുറയുന്നു. ഒരു ആണിനെ മാതൃകയാക്കിയുള്ള ‘വ്യക്തി’ എന്ന സങ്കല്പം ഒരു സ്ത്രീയില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ സാധാരണ ജീവിതത്തില്‍ സംഭവിക്കുന്നതൊക്കെയേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ. പ്രസവിച്ച ഉടനെ ഒരു സ്ത്രീ സ്വന്തം ഉടലും മനസ്സും കൂടെയില്ലാതെ മുമ്പുണ്ടായിരുന്ന ഊര്‍ജ്ജം ഇല്ലാതെ, അതുവരെ ഉള്ള ആളേ അല്ലാതായി മാറുന്നു. സ്‌നേഹപൂര്‍വം ചുറ്റും അഭിനന്ദനങ്ങളുമായി ആളുകള്‍ ഉള്ളപ്പോള്‍ ഉള്ള സ്ഥിതിയല്ല, കുടുംബക്കാര്‍ തന്നെ എതിരായ നിലപാടെടുക്കുമ്പോള്‍. പ്രസവത്തിനോടനുബന്ധിച്ച് അവളുടെ ശാരീരികമായ മാറ്റത്തിലൂടെ തളര്‍ന്നു പോവുന്നു. തളര്‍ത്തപ്പെടുമ്പോഴാണ് പലരും വളരുന്നത്.

ജാതി

ഇന്റര്‍കാസ്റ്റ് വിവാഹങ്ങളില്‍ ജാതി വളരെ പ്രധാനപ്പെട ഒരു വിഷയമായി, രക്ഷിതാക്കളുടെ എതിര്‍പ്പിനും സാമൂഹിക അവഗണനകള്‍ക്കും ഒറ്റപ്പെടുത്തലുകള്‍ക്കും സാധാരണയായി കടന്നുവരാറുണ്ട്. ഇവിടെ അനുപമക്ക് അജിത്തില്‍ നിന്നും വേര്‍പിരിഞ്ഞു നില്‍ക്കേണ്ടി വന്നതില്‍ ഒരു പ്രധാന കാരണം അജിത്ത് ന്റെ ജാതി കാരണം വീടുകാരുടെ എതിര്‍പ്പാണെന്നു പറയപ്പെടുന്നു. അതേ പോലെ അജിത്ത് അവരുടെ പ്രണയത്തിന്റെ ആദ്യകാലത്ത് വിവാഹിതനായിരുന്നു എന്നതും. തുടര്‍ന്ന് കാണാന്‍ കഴിഞ്ഞത് അജിത്ത്‌നെതിരെ വന്ന അദ്ദേഹം പല വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ടെന്നും ഒന്നിലധികം കുട്ടികള്‍ ഉണ്ടെന്നും ഉള്ള ആരോപണങ്ങളും സൈബര്‍ ആക്രമണങ്ങളും ആണ്.

സഭാബോധത്തില്‍ നിന്നും സദാചാര ബോധത്തിന്റെ കാപട്യത്തില്‍ നിന്നും ദലിത് സമൂഹം ഉണര്‍വു നേടി അജിത്തിനെ സംരക്ഷിക്കുന്നുണ്ടോ? സ്വന്തമായ തെരഞ്ഞെടുപ്പും അവകാശ ബോധവും ഉള്ള വിവാഹത്തിനു മുമ്പ് ഒരു സ്ത്രീക്ക് ദത്തെടുക്കാന്‍ അവകാശമുണ്ടെങ്കില്‍ വിവാഹത്തിനുമുമ്പ് ഒരു സ്ത്രീക്ക് അമ്മ ആവാനും കഴിയും എന്നു പ്രഖ്യാപിച്ച, അതു വഴി ലൈംഗികതയും ഒരു വ്യക്തിയുടെ അവകാശങ്ങളില്‍പ്പെട്ടതാണെന്നു ബോധ്യപ്പെടുത്തിയ, പ്രണയമുള്ള അനുപമ എന്ന സ്ത്രീയുടെ കാമുകനെ ഉള്‍ക്കൊള്ളാന്‍ ഇന്നും ദളിത് സമൂഹത്തിന് കഴിയുന്നില്ലെ? എങ്കില്‍, അവര്‍ ഫെമിനിസത്തോട് മുഖം തിരിച്ചാണ് നില്‍ക്കുന്നതെന്നു പറയേണ്ടിവരും. ദളിതനായതു കൊണ്ട് പ്രേമിക്കുന്ന പെണ്ണിനേയും കുഞ്ഞിനേയും നഷ്ടമായ ഒരു പാട് ദളിതരോടും കൂടിയുള്ളതാവും അവര്‍ അജിത്തിനോട് കാണിക്കുന്ന അവഗണന.

ജാതിയില്‍ പ്രിവിലേജില്ലാത്തവരുടെ സമ്പത്ത്, ഇന്റര്‍ കാസ്റ്റ് മാരേജുകളുടെ സാമൂഹ്യ അംഗികാരത്തില്‍ ഒരു ഘടകമായി വര്‍ത്തിക്കുന്നുണ്ട്. അംഗീകാരത്തിലുള്ള ജയപരാജയങ്ങളെ തീരുമാനിക്കുന്നതില്‍ വളരെ വലിയ ഒരു പങ്ക് വഹിക്കുന്നുണ്ടെങ്കിലും സമ്പത്തുമായി കൂട്ടിക്കുഴക്കാതെ ജാതി വേറെ തന്നെ അഭിസംമ്പോധന ചെയ്യണം. സമ്പത്തുള്ളവര്‍ intercaste marriage വഴിയും അല്ലാതെയും caste വിഷയങ്ങളുടെ ഭീകരതയില്‍ നിന്നു രക്ഷനേടുന്നുണ്ട്. അത് ഒരു strategy യും ഒരു Phase ഉം ആണ് . സമ്പത്തും ജാതിയും ചേര്‍ന്നു വരുന്ന ഇന്റര്‍സെക്ഷനല്‍ അവസ്ഥകളാണ് അത്. ഫെമിനിസ്റ്റുകളുടെ ഇടയിലും സമ്പത്തു കൊണ്ടും ഉയര്‍ന്ന ജാതി കൊണ്ടും ചില സന്ദര്‍ഭങ്ങളില്‍ ജെന്റര്‍ അസമത്വങ്ങളെ മറികടക്കാറുണ്ട്.

ഇന്റര്‍സെക്ഷണല്‍ ഫെമിനിസം.

ഫെമിനിസത്തിനുള്ളില്‍ ഒരു പാട് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ് ഇന്റര്‍സെക്ഷണല്‍ ഫെമിനിസം. ദളിത് ബഹുജന്‍ ആദിവാസി ഫെമിനിസ്റ്റുകളുടെ നിരന്തരമായ ഇടപെടല്‍ വഴി മുഖ്യധാരാ ഫെമിനിസ്റ്റ് ചിന്തകരില്‍ ആത്മപരിശോധനക്കായി ഇന്റര്‍ സെക്ഷണല്‍ ഫെമിനിസ്റ്റ് വാദങ്ങള്‍ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുഖ്യധാരാ ഫെമിനിസ്റ്റ് പ്രസഥാനത്തിന്റെ സാര്‍വത്രിക മാനം തകര്‍ക്കപ്പെട്ടിട്ടുണ്ട്. സ്ത്രീവാദത്തിലെ നേതൃത്വം ബ്രാഹ്മണര്‍ക്കും മറ്റ് മേല്‍ജാതി സ്ത്രീകള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന അവസ്ഥയില്‍ നിന്ന് വ്യത്യസ്ത അനുഭവത്തിലൂടെ തങ്ങളുടെ ഫെമിനിസ്റ്റ് പാത ഓരോ വിഭാഗത്തിലുള്ള സ്ത്രീകളും സ്വയം നിര്‍ണ്ണയത്തിലൂടെ കണ്ടെത്തുന്ന അവസ്ഥയിലേക്ക് വെളിച്ചം വീശുകയും ചെയ്യേണ്ട സാധ്യത ഇന്റര്‍സെക്ഷനല്‍ ഫെമിനിസം തുറന്നിടുന്നുണ്ട്.

എല്ലാ സ്ത്രീകളുടെയും അനുഭവങ്ങള്‍ ഒരുപോലെയാണെന്ന ധാരണ ദളിത് ബഹുജന്‍ ആദിവാസി സ്ത്രീകള്‍ നിരാകരിക്കുന്നു. പകരം, ലിംഗഭേദം, വംശം, വര്‍ഗ്ഗം എന്നിങ്ങനെയുള്ള ഒന്നിലധികം ഐഡന്റിറ്റികളില്‍ നിന്ന് ഉടലെടുക്കുന്ന വ്യവസ്ഥാപിതമായ ശക്തി വ്യത്യാസങ്ങളുടെയും അതിന്റെ ഭാഗമായി ഊന്നല്‍ കൊടുക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളിലെ വ്യത്യസ്തതയെയും ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലെ തങ്ങളുടെ പങ്കിനെ പറ്റിയും അവര്‍ ഊന്നിപ്പറയുന്നു. വിടവുകള്‍ പരിഹരിച്ച്, ഇന്റര്‍സെക്ഷണാലിറ്റിയില്‍ സ്‌കോളര്‍ഷിപ്പ്‌ലൂടെ ഒരുമിച്ച് വരാനുള്ള സാധ്യതകള്‍ വളര്‍ത്തിയെടുക്കുക എന്നത് ജാത്യധികാരമുള്ളവരും ഇല്ലാത്തവരുമായ സ്ത്രീകളുടെ പക്ഷത്ത് നിന്ന് ഉണ്ടാവേണ്ടതുണ്ട്. ജാത്യധികാരമുള്ള സ്ത്രീവാദികള്‍ ജാതിക്കെതിരെയും പോരാടേണ്ടതുണ്ട്. ഒരു ദളിത് പുരുഷന്‍ യുദ്ധം ചെയ്യേണ്ടത് ജാതീയതയ്‌ക്കെതിരെ മാത്രമല്ല പുരുഷാധിപത്യത്തിനെതിരെയും കൂടിയാണ്. ദളിത് ബഹുജന്‍ സ്ത്രീകള്‍ അവരനുഭവിക്കുന്ന സാമൂഹ്യതിന്മകളില്‍ സ്ത്രീയെന്ന രീതിയിലും ദളിത് ബഹുജന്‍ ജാതിയില്‍ വരുന്നവര്‍ എന്ന രീതിയിലും അവരെ നിര്‍ണ്ണയിക്കുന്ന പല മുന്‍വിധികളെയും അവര്‍ അനുഭവിക്കുന്ന പല വിവേചനങ്ങളേയും തിരിച്ചറിയേണ്ടതുണ്ട്. അതിനോടെല്ലാം പോരാടേണ്ടതുണ്ട്. അവിടെയാണ് ഇന്റര്‍സെക്ഷണല്‍ രാഷ്ട്രീയത്തിന് സാമൂഹികമായ പ്രസക്തി.

Intersectional വിഷയങ്ങള്‍ feminist കളുടെ burden അല്ല. Political ആയ എല്ലാവരുടേയും ഉത്തരവാദിത്തമാണ്. 1989-ല്‍ പ്രൊഫസര്‍ കിംബെര്‍ലെ ക്രെന്‍ഷോ, വംശം, വര്‍ഗം, ലിംഗഭേദം, മറ്റ് വ്യക്തിഗത സവിശേഷതകള്‍ എന്നിവ എങ്ങനെ പരസ്പരം ഒരുമിച്ചുചേരുന്നു എന്നും ഓവര്‍ലാപ്പുചെയ്യുന്നുവെന്നും വിവരിക്കുന്നതിന് ഇത് രൂപപ്പെടുത്തി എന്നും ‘ഇന്റര്‍സെക്ഷണാലിറ്റി’ ഒരര്‍ത്ഥത്തില്‍, കഴിഞ്ഞ അര പതിറ്റാണ്ടായി വ്യപകമായി പ്രചരിച്ചിട്ടുണ്ട്, എന്നും അതിന്റെ ഫലമായി വലതുപക്ഷത്ത് നിന്നുള്ള തിരിച്ചടി ഈ ആശയത്തിന് ഏല്‍ക്കുന്നുണ്ട് എന്നും ജയ്ന്‍ കോസ്റ്റണ്‍ തന്റെ ലേഖനത്തില്‍ പറയുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫെമിനിസത്തിനുള്ളില്‍ തന്നെ ജാതിയമായ വേര്‍തിരിവുകളെ തിരിച്ചറിയാനും യഥാവിധം പ്രശ്‌നങ്ങളെ സമീപിക്കാനും കഴിയുന്നു എന്നതാണ് ഇന്റര്‍സെക്ഷണല്‍ ഫെമിനിസത്തില്‍ സംഭവിച്ചിട്ടുള്ള മറ്റൊരു വഴിത്തിരിവ്. അതുവരെ സാര്‍വത്രികമായി കരുതിയിരുന്ന ഒറ്റ ഫെമിനിസത്തെ പ്രകടമായി വെല്ലുവിളിക്കുന്ന, ഇന്റര്‍സെക്ഷണാലിറ്റി നേരിലേക്ക് ഒരു പുതിയ വിശകലന സാധുത നല്‍കുന്നു, അത് .വിഭാഗീയതയല്ല, ഒരുമിച്ചു ചേരല്‍ .ഈ സമരത്തിന്റെ മറ്റൊരു സവിശേഷത ഇത് സ്ത്രീകള്‍ക്കിടയില്‍ തന്നെ വ്യത്യസ്തതകളെ അഭിസംബോധന ചെയ്യുന്നു എന്നതാണ്. ഫെമിനിസം പെണ്ണ് ആണിനോട് യുദ്ധം ചെയ്യുന്നത് മാത്രമല്ല പെണ്ണ് Patriarchal മനോഭാവമുള്ള ആണിനോടും പെണ്ണിനോടും സ്ഥാപനങ്ങളോടും യുദ്ധം ചെയ്യുന്നതാണ്. ഇതുവരെയും കുടുംബശ്രീകള്‍ ചമയുന്ന സ്ത്രീകള്‍ക്കാണ് സംരക്ഷണം ലഭിച്ചു കൊണ്ടിരുന്നത് എങ്കില്‍ ഇപ്പോള്‍ കൂടുതല്‍ ആയി പ്രണയത്തില്‍, തന്റെ ലൈംഗിക സ്വാതന്ത്ര്യത്തിനു വേണ്ടി മുന്നോട്ട് വരുന്ന സ്ത്രീകള്‍ക്ക് പ്രാധാന്യം വരുന്നു.

പ്രണയത്തിന് ഒരു രാഷ്ട്രീയമുണ്ട്. സദാചാരത്തിന്റെ വക്താക്കളും പുരുഷാധിപത്യ മൂല്യത്തെ അടിച്ചുറപ്പിക്കുന്നതുമായ സ്ത്രീകളെ മാത്രമല്ല, പ്രണയത്തിനും ലൈംഗികതയ്ക്കും പ്രാധാന്യം വരുന്ന വിഷയങ്ങളില്‍ സ്ത്രീകള്‍ സദാചാരം അനുഷ്ഠിക്കുന്ന വഴിയേ പോയില്ലെങ്കില്‍ അവരെ ആരും പിന്തുണക്കില്ല എന്ന അവസ്ഥ മാറി വരുന്നു. അതുപമയുടെ അവകാശങ്ങളെ ചോദ്യം ചെയ്യാന്‍ ഒട്ടേറെ സ്ത്രീകള്‍ തന്നെ മുന്നോട്ടു വന്നിരുന്നു. എന്നാല്‍ അനുപമയ്ക്ക് അനുകൂലമായാണ് സമരത്തിന്റെ ഫലം വന്നത്. അനുപമയ്ക്ക് കുട്ടിയെ തിരിച്ചു കിട്ടുന്നതോടെ നില്‍ക്കുന്നതല്ല സമരം. കാരണം പ്രസവശേഷം കുഞ്ഞിനെ തിരിച്ചു കിട്ടുന്നതു വരെ അനുപമയുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത്? അതിനു കാരണക്കാരായ ആളുകള്‍ വച്ചുപുലര്‍ത്തിയ സാമൂഹ്യ ബോധം, അനുപമയും കുഞ്ഞും കടന്നുപോയിട്ടുള്ള അനാവശ്യ മാനസിക സംഘര്‍ഷങ്ങള്‍, അജിത്ത് നേരിട്ടിട്ടുള്ള വിവേചനങ്ങള്‍ ഇതിനെല്ലാം പുറമേ ഇവര്‍ക്കെതിരെയുള്ള അനാവശ്യ പ്രചരണങ്ങള്‍ ഇവയെല്ലാം നമ്മുടെ സമൂഹത്തിന്റെ പല രോഗങ്ങളും അജ്ഞതകളും തുറന്നുകാട്ടുന്നു.

ദളിത് പുരുഷന്‍

ആണധികാരം ഉപേക്ഷിക്കാന്‍ തയ്യാറാവാതെ സ്‌നേഹിച്ച സ്ത്രീയെ ഉപേക്ഷിക്കുന്ന പല പുരുഷന്മാരുടെയും കരണത്തടിക്കുന്ന നിലപാടാണ് അജിത്തിന്റേത്. സമൂഹത്തില്‍ നിന്ന് പുറംതള്ളപ്പെടുമെന്ന് കരുതി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്നും ഓടി ഒളിക്കുന്ന അച്ഛന്‍മാര്‍ക്കും ഇത് മറിച്ച് ചിന്തിക്കാന്‍ ഒരു അവസരവും കരുത്തും നേടിക്കൊടുക്കും. ജാതിയുടേയും ആണഹന്തയുടേയും ചിലവില്‍ ജീവിതം പടിത്തുയര്‍ത്തിയ ഒരാള്‍ക്ക് ഇങ്ങനെ മുന്നോട്ടു വരാന്‍ കഴിയില്ലായിരുന്നു.

സാമൂഹിക ഘടനകള്‍ തരുന്ന തണലില്‍ നിന്ന് നിര്‍ബന്ധിതമായോ ബോധപൂര്‍വ്വമായോ രക്ഷപ്പെടുന്ന ഒരാള്‍ക്കു മാത്രമേ പ്രണയത്തിനു വേണ്ടി അധികാരത്തെ വെല്ലുവിളിച്ചു കൊണ്ട് നിലനില്‍ക്കാന്‍ പറ്റൂ. അധികാരം പല വിധ ഐഡന്റിറ്റിയിലും ഊന്നി നില്‍ക്കുമ്പോള്‍ പ്രണയം അധികാരങ്ങള്‍ക്കു മുകളില്‍ ഒരു ഊര്‍ജ്ജത്തിന്റെ പ്രസരിപ്പായി ജീവിതങ്ങളില്‍ സ്‌നേഹമെന്ന വലിയൊരു രാഷ്ടീയത്തെ മുന്നോട്ടു വയ്ക്കുന്നു. പരമ്പരാഗതമായ അധികാര ചളിക്കുഴിയില്‍ വീണവരേക്കാള്‍ എളുപ്പത്തില്‍ പ്രണയത്തിനു വേണ്ടി ചോര കൊടുക്കാന്‍ കഴിയുന്നത് സ്ത്രീകള്‍ക്കും ദളിതര്‍ക്കും ആണ്. അതിനു അവരുടെ സാമൂഹികാധികാരത്തോടുള്ള വിധേയത്വമില്ലായ്മയാണ് കാരണം.

ഈ സമരത്തിലെ ഒരു പ്രധാന വിഷയം സാമൂഹികഘടനയെ തള്ളിപ്പറഞ്ഞു കൊണ്ട് അത് പ്രണയത്തെ മുന്നോട്ട് വച്ചു എന്നുള്ളതാണ്. ഇത്തരത്തില്‍ കൂടുതല്‍ തെളിച്ചമുള്ള ബോധം അപകടങ്ങള്‍ കുറഞ്ഞ ഒരു ജീവിതാവസ്ഥയിലേക്ക് നമ്മുടെ അടുത്ത തലമുറയെ നയിക്കും. ഇന്റര്‍സെക്ഷണല്‍ രാഷ്ട്രീയ വീക്ഷണത്തില്‍ ഈ സമരത്തിന്റെ പ്രസക്തി ഇങ്ങനെ ഫെമിനിസത്തിലെ തന്നെ നൂതന രീതികളും , ദളിത് പുരുഷന്റെ അസമത്വത്തിലൂടെ ഉണ്ടായ പ്രശ്‌നങ്ങളും അടങ്ങിയ ഒരു വിഷയം എല്ലാ മേഖലകളിലും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

സ്ത്രീകളെയും ദളിതരെയും തളര്‍ത്താനായി ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാന രീതിയാണ് അവര്‍ക്കെതിരെ അപവാദങ്ങള്‍ പറഞ്ഞാക്ഷേപിക്കുക എന്നത്. അനുപമയുടെയും അജിത്തിന്റെയും കാര്യത്തില്‍ സദാചാര കടവാവല്‍ മാലാഖമാര്‍ക്ക് വിഷയമാക്കാന്‍ കിട്ടിയത് ഇവര്‍ രണ്ടു പേരും വിവാഹത്തിന്റെ മേല്‍ക്കൂരയില്ലാതെ പ്രണയത്തിന്റെ അടിസ്ഥാനത്തില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയുണ്ടായി എന്നതാണ്. കുഞ്ഞ്‌ന് വേണ്ടിയുള്ള തെരച്ചിലില്‍ അവരുടെ വ്യക്തി ജീവിതത്തിലെ സദാചാര വിഷയമാണ് ആളുകള്‍ കൂടുതല്‍ സംസാരിച്ചത്. അജിത്ത് ദളിത് വിഭാഗത്തില്‍ പെട്ട ആളായതിനാല്‍ പൊതുജന രോഷം വളരെയധികം വേട്ടയാടിയത് അജിത്ത് നെയാണ്. കുട്ടി / അമ്മ ചര്‍ച്ചകളില്‍ പെറ്റമ്മയുടെ അവകാശ വാദം ചിലര്‍ക്കെല്ലാം ന്യായമായി തോന്നിയെങ്കിലും അജിത്ത് നെ ശരിവയ്ക്കാന്‍ അവര്‍ക്ക് തോന്നിയില്ല. ഇതാണ് ജാതിയുടെ പരോക്ഷ ആക്രമണം. ജാതിയുടെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന ആളായിരുന്നെങ്കില്‍ ഇത്തരമൊരു വിഷയത്തില്‍ മുന്നോട്ട് വരുമായിരുന്നോ എന്നു തന്നെ സംശയമാണ്. ആണധികാരവും ജാതി ആനുകൂല്യങ്ങളും അതിനോടൊപ്പം സഭാ ബോധം നിലനിര്‍ത്തലും കൂടി ചെയ്‌തേനെ . ജാതിയുടെ ആനുകൂല്യങ്ങളില്ലാത്ത ദളിത് സമൂഹത്തില്‍ പെട്ട ആണുങ്ങളാണ് സദാചാര സംരക്ഷണത്തിന് മുതിരാതെ അവിഹിത ആക്രമണത്തെ ഭയക്കാതെ ധൈര്യമായി മുന്നോട്ട് വരുന്നത് എന്ന് കാണാം.

സ്ത്രീകളും ദളിതരും ട്രാന്‍സ് ജെന്റേഴ്‌സും ഒന്നിച്ചു വരുന്നത് ശാരീരികമായ സമത്വത്തിലല്ല . സാമൂഹികമായ അസമത്വത്തിലാണ്. അതുകൊണ്ടു തന്നെ അവര്‍ തങ്ങളുടെ അസമത്വങ്ങളിലെ സാമ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതാണ്. ജാതി മതം വര്‍ഗ്ഗം വംശം തുടങ്ങി ഒരു പാട് വിഭജനങ്ങള്‍ ഫെമിനിസത്തില്‍ വന്നുവെങ്കിലും ,പുരുഷാധിപത്യ ജാതീയ വംശീയ മൂല്യങ്ങള്‍ക്കുതകുന്ന സദാചാരത്തില്‍ വിശ്വസിക്കുന്ന സ്ത്രീ/അങ്ങനെയല്ലാത്ത സ്ത്രീ ,എന്നിങ്ങനെയുള്ള ഒരു സവിശേഷത, പല ജാതി വര്‍ഗ്ഗ മത വിശ്വാസങ്ങളില്‍ നിന്നുള്ള സ്ത്രീകളെ ഒരുമിച്ചു ചേര്‍ത്ത ഒരു ചരിത്രമുഹൂര്‍തതമാണ് അനുപമയുടെ സമരം.

മനുഷ്യന്‍ എന്നാല്‍ ‘ജാതി അധികാരമുള്ള ആണ്’ ആണെന്ന മാതൃക വച്ച് സാമൂഹിക പ്രശ്‌നങ്ങളെ സമീപിക്കുമ്പോള്‍ , സ്ത്രീയെന്ന രീതിയിലും ദളിത് എന്ന രീതിയിലും ചില ജീവിതങ്ങള്‍ വിലയില്ലാതായിപ്പോവുന്നു. അവരുടെ പ്രധാനപ്പെട്ട ജീവിതം സമൂഹത്തിന്റെ അറിവില്ലായ്മ കാരണം ചീത്ത ജീവിതമോ, വില കെട്ട ജീവിതമോ ഒക്കെയായി പുറംതള്ളപ്പെടുന്നു. ഇന്റര്‍സെക്ഷണല്‍ രാഷ്ട്രിയ വീക്ഷണത്തില്‍ സ്വാതന്ത്ര്യത്തിലും പ്രണയത്തിലും , തന്റെ ലൈംഗിക സ്വത്വം തിരിച്ചറിഞ്ഞ് സ്വന്തം ജീവിതതത്തില്‍ തീരുമാനങ്ങളെടുക്കുന്ന സ്ത്രീ ജീവിതവും ദളിത് ജീവിതവും വളരെ പ്രധാനമാണ്. അനുപമയ്ക്കും അജിത്ത് നും എതിരെയുള്ള മുറവിളി , കാലമേറെ മുന്നോട്ടു പോയതൊന്നും അറിയാതെ പുരോഗമനത്തില്‍ നിന്നും പുറകോട്ട് ടിക്കറ്റ് എടുത്ത് നില്‍ക്കുന്ന ഒരു സാമൂഹ്യ അക്രമ അജ്ഞബോധത്തില്‍ നിന്നുയരുന്നതാണ്. അത് സംഭവിക്കുന്നത് മറ്റെവിടെയുമല്ല, സദാചാരത്തിന്റെ പേരില്‍ പെണ്ണും ആണും ഒരു പോലെ കാപട്യം കാണിക്കാന്‍ മത്സരിക്കുന്ന കേരളത്തില്‍. അതുകൊണ്ടാണ് സത്യസന്ധതയുള്ള ഏതൊരു രാഷ്ടീയ പോരാളിക്കും ഈ വിഷയം പ്രധാനമാവുന്നത്.

Reference
Banerjee, Supurna and Nandini Ghosh
Introduction. Debating Intersectionalities: Challenges for a Methodological Framework
https://doi.org/10.4000/samaj.4745

(ശ്രീജിത പി.വി. സ്വതന്ത്ര ഗവേഷക .
ഗവേഷണ മേഖല :ഇംഗ്ലീഷ് സാഹിത്യം, ഫെമിനിസം, സൈക്കോഅനാലിസിസ്, തത്വചിന്ത .
ആറ്റ്വുഡിന്റെ സര്‍ഫേസിംഗ് എന്ന നോവലിലെ power and creativity എന്ന വിഷയത്തില്‍ ഇംഗ്ലീഷിലും കമലാ സുരയ്യയില്‍ traveling consciounssse and Emerging Subjectivities എന്ന വിഷയത്തില്‍ gender studies ലും ഗവേഷണം നടത്തി. മലയാളത്തിലും ഇംഗ്ലീഷിലും intersectional feminism, feminism, caste എന്നി വിഷയങ്ങളില്‍ എഴുതുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസ്സറായി ജോലി ചെയ്തിരുന്നു.)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply